Thoughts & Arts
Image

ഇങ്ങനെയായിരിക്കട്ടെ, പെരുന്നാളും നാൾവഴികളും

13-06-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി



..



2024 ജൂൺ 16 ഞായറാഴ്ച: ഈ ദിനം നമുക്ക് ദുൽഹജ്ജ് ഒമ്പതാം തീയതിയാണ്. അതിനാൽ ഈ ദിവസത്തിൽ നാം ചെയ്യേണ്ട പ്രധാന കർമ്മം അറഫാ സുന്നത്ത് നോമ്പ് അനുഷ്ടിക്കലാണ്. കഴിഞ്ഞുപോയ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും മുഴുവൻ പാപങ്ങളെയും പൊറുത്തു കിട്ടുവാൻ ഈ നോമ്പ് കാരണമാകും എന്ന് നബി(സ) തിരുമേനി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇസ്ലാമിക സംഹിതയിൽ ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നോമ്പും ഈ ദിവസത്തേതാണ്. അതിന് ഇന്നല്ലല്ലോ, ഇന്നലെയല്ലേ ഹാജിമാർ അറഫയിൽ നിന്നത് എന്ന് ചോദിക്കേണ്ട. ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതിന് ചെവി കൊടുക്കുകയും വേണ്ട. കാരണം നാം താമസിക്കുന്നത് ഉരുണ്ട ഭൂമിയിലാണ്. ഭൂമിയിൽ എല്ലായിടത്തും ഒരേസമയവും സെക്കൻഡും ആയിരിക്കില്ല. അതുകൊണ്ടാണ് മക്കയിൽ ബാങ്ക് കൊടുക്കുമ്പോൾ ഇവിടെയും ഇവിടെ ബാങ്കു കൊടുക്കുമ്പോൾ അവിടെയും നിസ്കരിക്കാത്തത്. സാധാരണ ഏത് സുന്നത്ത് നോമ്പ് പോലെയും പ്രത്യേകം പറഞ്ഞു നിയ്യത്ത് കരുതുകയാണ് വേണ്ടത്. സുന്നത്ത് നോമ്പ് ആയതിനാൽ നോമ്പ് മുറിയുന്ന കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഉച്ചയ്ക്ക് മുമ്പായി നിയ്യത്ത് കരുതിയാലും മതിയാകും. ഈ ദിനം ഏറെ പ്രാധാന്യമുള്ളതാണ്. അതിനാൽ ഈ ദിനത്തിൻ്റെ അധിക സമയവും പ്രാർത്ഥനയിൽ തന്നെയായി ചെലവഴിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തിലെ പ്രാർത്ഥനകൾ തീർച്ചയായും സ്വീകരിക്കപ്പെടുന്ന പ്രാർത്ഥനകളിൽ പെട്ടതാണ് എന്നാണ് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത്. ഈ ദിവസം അസ്തമിക്കുന്ന രാത്രി ശ്രേഷ്ഠമായ ഒരു രാത്രിയാണ്. പെരുന്നാളിന്റെ രാത്രിയാണിത്. മഗ്‌രിബ് വാങ്ക് കേട്ടത് മുതൽ പിന്നെ എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ബലി മൃഗങ്ങളെ കാണുമ്പോഴും നഗരങ്ങളിലോ പ്രത്യേക അനുഗ്രഹക്കാഴ്ചകളിലോ എത്തിപ്പെടുമ്പോഴും എല്ലാം തക്ബീർ ചൊല്ലൽ സുന്നത്താണ്. അടുത്ത വ്യാഴാഴ്ച അഥവാ ജൂൺ ഇരുപതാം തീയതി സൂര്യൻ അസ്തമിക്കുന്നത് വരേക്കും ഇത് തുടരണം. പെരുന്നാളിന്റെ ആശയമാണ് അല്ലാഹു അക്ബർ എന്നത്. അതിനാൽ അത് ചൊല്ലുമ്പോൾ എല്ലാം മനസ്സിൽ അത് ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കണം. ഈ രാത്രിയെ പല മഹാന്മാരും നിദ്രാവിഹീനങ്ങളായി ആരാധനയ്ക്ക് വേണ്ടി മാറ്റിവെക്കുമായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം. അതോടൊപ്പം നാളത്തെ പകലിന്റെ ആരംഭത്തിൽ തന്നെ നിർവഹിക്കേണ്ട പെരുന്നാൾ നിസ്കാരം, തുടർന്ന് നടത്തേണ്ട അനുബന്ധ കർമ്മങ്ങൾ, അതിനെയും തുടർന്ന് നടത്തേണ്ട ബന്ധു സന്ദർശനങ്ങൾ തുടങ്ങിയവക്കെല്ലാം വേണ്ട ഒരുക്കങ്ങൾ കൂടി ഈ രാത്രിയിൽ തന്നെ ചെയ്തു വെക്കുന്നതാണ് നല്ലത്. സൽകർമ്മങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുക എന്നത് സൽകർമങ്ങൾ ചെയ്യുന്നതുപോലെ തന്നെ പ്രതിഫലാർഹമാണ്. മാത്രമല്ല, നാളത്തെ കർമ്മങ്ങൾ നല്ല മാനസിക ഒരുക്കത്തോട് കൂടെ തന്നെ ചെയ്യുവാൻ ഈ ഒരുക്കങ്ങൾ സഹായകമാവുകയും ചെയ്യും.



2024 ജൂൺ 17 തിങ്കളാഴ്ച: ഈ വർഷത്തെ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയാണ്. രാവിലെ നേരത്തെ ഉണർന്ന് എഴുന്നേറ്റ് ശരീരത്തിലെ അമിതമായ നഖം മുടി തുടങ്ങിയവയെല്ലാം നീക്കം ചെയ്ത് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി എന്ന നിയ്യത്തോട് കൂടെ കുളിച്ച് വൃത്തിയാവുകയാണ് ആദ്യം വേണ്ടത്. അത് കഴിഞ്ഞാൽ പിന്നെ ഒട്ടും വൈകാതെ നേരെ പള്ളിയിലേക്ക് പുറപ്പെടാം. ഉള്ളതിൽ വെച്ച് ഏറ്റവും നല്ല വസ്ത്രം ആയിരിക്കാൻ ശ്രദ്ധിക്കണം. നല്ല വസ്ത്രം എന്നാൽ നമ്മുടെയോ നമ്മുടെ കാലത്തിന്റെയോ പ്രശംസ നേടുന്ന വസ്ത്രം എന്നല്ല മറിച്ച്, അല്ലാഹുവിന് ഇഷ്ടമുള്ള വസ്ത്രം എന്നതാണ്. നിസ്കാരം നടക്കുന്നത് ജനങ്ങൾ ഒരുമിച്ചു കൂടുന്ന സ്ഥലത്താണ് എന്നതിനാൽ പ്രത്യേകിച്ചും ലഭ്യമായ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് സുന്നത്താണ്. നബി(സ) തിരുമേനി അങ്ങനെയായിരുന്നു നിസ്കരിക്കാൻ പോകുമായിരുന്നത്. ഈ സമയം വീട്ടിലെ സ്ത്രീകളെ അടുക്കളയിലേക്ക് തള്ളിവിടാൻ ഒരിക്കലും പാടില്ല. അവരും അല്ലാഹുവിൻ്റെ അടിമകളാണ്. അവരോട് പെരുന്നാൾ നിസ്കാരം നിർവഹിക്കുവാൻ പ്രത്യേകം പറയണം. അവർ പലരും പെരുന്നാൾ നിസ്കാരം നിർവഹിക്കാറുണ്ട് എങ്കിലും ചിലരെങ്കിലും വല്ലാതെ വൈകിക്കാറുണ്ട്. ആരാധനകൾ ഒക്കെ തന്നെയും അതിൻ്റെ ആദ്യത്തെ സമയത്ത് തന്നെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ബലിപെരുന്നാളിന്റെ നിസ്കാരം അധികം വൈകാതെ ഇരിക്കുന്നതാണ് നല്ലത് എന്നാണ് കർമശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നത്. ചെറിയ പെരുന്നാളിനാകുമ്പോൾ എന്തെങ്കിലും ചെറുതായി ഭക്ഷണം കഴിച്ചുകൊണ്ട് നിസ്കാരത്തിന് പോകുന്നതാണ് സുന്നത്ത്. എന്നാൽ ബലിപെരുന്നാളിന് അതില്ല. മാത്രമല്ല ഉള്ഹിയ്യത്ത് തുടങ്ങിയ കാര്യങ്ങൾ നേരത്തെ തന്നെ ചെയ്യേണ്ടിവരുമ്പോൾ അതിനു സൗകര്യപ്പെടാൻ വേണ്ടി കൂടി നിസ്കാരം നേരത്തെ ആക്കലാണ് നല്ലത്. രണ്ട് റക്അത്താണ് പെരുന്നാൾ നിസ്കാരം സാധാരണ നിസ്കാരം പോലെ നിയ്യത്തുകരുതി നിസ്കരിക്കുകയാണ് വേണ്ടത്. ആദ്യ റക്അത്തിൽ ഏഴും രണ്ടാമത്തെ റക്അത്തിൽ അഞ്ചും തക്ബീറുകൾ ആദ്യം തന്നെ ചൊല്ലൽ സുന്നത്താണ്. നഷ്ടപ്പെടാതിരിക്കുവാൻ ജാഗ്രത പുലർത്തണം എങ്കിലും നഷ്ടപ്പെട്ടു പോയാൽ അത് നിസ്കാരത്തെ ബാധിക്കുകയൊന്നുമില്ല. പെരുന്നാളുകൾക്ക് നിസ്കാരത്തിനു ശേഷമാണ് ഖുതുബ നിർവഹിക്കുക. ഖുതുബ ശ്രദ്ധിക്കൽ പ്രത്യേകം സുന്നത്താണ്. എന്നാൽ തനിച്ചു നിസ്കരിക്കുന്നവർക്ക് ഖുതുബ വേണ്ടതില്ല. പള്ളിയിൽ എത്താൻ വൈകിയവരും നിസ്കാരം മേൽപ്പറഞ്ഞ ക്രമത്തിൽ നിസ്കരിച്ചാൽ മാത്രം മതിയാകും. അതിപ്രധാനമായ ഒരു ദിനമായതിനാലും വലിയ ത്യാഗങ്ങളുടെ ഓർമ്മകൾ ഈ ദിനത്തിന് പ്രചോദനമാകുന്നതിനാലും തിരക്കുകൾ ഒഴിവാക്കി ആരാധനകളിലും കർമ്മങ്ങളിലും മനസ്സാന്നിധ്യത്തോടെ കൂടെ അലിഞ്ഞുചേരുവാൻ ശ്രമിക്കേണ്ടതാണ്.



ഇനി ഇന്ന് ചെയ്യാനുള്ള കർമ്മം ഉദ്ഹിയ്യത്താണ്. അതിനുള്ള സമയം പെരുന്നാൾ നിസ്കാരം കഴിയുന്നതോടുകൂടി ആരംഭിക്കുന്നു. അടുത്ത വ്യാഴാഴ്ച (ജൂൺ 20) അസ്തമയം വരെ ഈ സമയം നീണ്ടുനിൽക്കുന്നുണ്ട് എങ്കിലും ആദ്യം തന്നെ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ബലിദാനം എന്ന നിയ്യത്തോടെ ആടുകളെയോ മാടുകളെയോ അറത്ത് അവയുടെ മാംസത്തിൽ നിന്ന് അധികവും ദരിദ്രർക്കും അഗതികൾക്കും നൽകുന്നതിനെയാണ് ഉദ്ഹിയ്യത്ത് എന്ന് ഇസ്ലാമിൽ വ്യവഹരിക്കപ്പെടുന്നത്. സാമ്പത്തികമായ ശേഷിയുള്ളവർക്ക് ഇത് ശക്തമായ സുന്നത്താണ്. ഇബ്രാഹിം നബി (അ) അല്ലാഹുവിൻ്റെ കല്പനപ്രകാരം സ്വന്തം പുത്രനെ ബലി നൽകുവാൻ തയ്യാറായതിന്റെയും ആ സന്നദ്ധതയെ സ്വീകരിച്ച് അല്ലാഹു നൽകിയ ആടിനെ ബലി നൽകിയതിൻ്റെയും ഓർമ്മയാണ് ഈ കർമ്മം ഉൾക്കൊള്ളുന്നത്. അതിനെ കേവലം ഒരു ചടങ്ങായോ ഒരു ദാനമായോ അല്ല കാണുന്നത്. മറിച്ച് അത് ഇസ്ലാമിൽ വലിയ പ്രതിഫലമുള്ള ഒരു ആരാധനയാണ്. ബലി മൃഗത്തിൻ്റെ രക്തം ഭൂമിയിൽ വീഴുന്നതിനു മുമ്പായി ബലിയർപ്പിക്കുന്ന വ്യക്തിയോട് അവൻ്റെ സകല പാപങ്ങളും അല്ലാഹു പൊറുക്കുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു. അതിനാൽ ആ മൃഗത്തിൻ്റെ കാര്യത്തിലും അറവിന്റെ കാര്യത്തിലും വിതരണത്തിന്റെ കാര്യത്തിലും എല്ലാം ഏറെ ഉപാധികൾ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അവ ഓരോന്നും പാലിച്ചിരിക്കുവാൻ കർശനമായി ശ്രദ്ധിച്ചിരിക്കേണ്ടതാണ്. നമ്മുടെ സാഹചര്യത്തിൽ ആടിനെയോ മാടിനെയോ ആണ് മറക്കേണ്ടത്. രണ്ടിൽ ഏതാണെങ്കിലും അതിനു രണ്ടു വയസ്സ് പ്രായമായിരിക്കണം. പ്രത്യക്ഷത്തിൽ വൈകല്യങ്ങൾ ഒന്നുമില്ലാത്ത മൃഗമായിരിക്കണം. മാടാണെങ്കിൽ അതിൽ ഏഴു പേർക്ക് വരെ കൂടാം. ആട് ആണെങ്കിൽ അതിൽ വേറെ ഒരാൾക്ക് കൂടാൻ കഴിയുകയില്ല. ഒന്നിലധികം പേർ ഒരു മൃഗത്തിൽ പങ്കാളിത്തം കൂട്ടുമ്പോൾ പരമാവധി ഏഴ് പേർക്ക് വരെ അങ്ങനെ കൂട്ടാം. അവരെല്ലാവരുടെയും ഉദ്ദേശങ്ങൾ ആദ്യമേ നിശ്ചയിച്ചിരിക്കണം. അതായത് പലരും ഇന്നുകാലത്ത് കുട്ടിയുടെ പേരിലുള്ള അഖീഖയും ഉള്ഹിയ്യത്തും ചിലപ്പോൾ ഉളുഹിയത്ത് അറക്കുവാൻ നേർച്ച ആക്കിയതും എല്ലാം ഒപ്പം കരുതി അറക്കുകയോ അറവിൽ കൂടുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ഷെയറിൽ ഒന്നിലധികം കാര്യങ്ങൾ ഉണ്ടാവാൻ പാടില്ല എന്നത് കണിശമാണ്. അതായത് ഒരു മൃഗത്തിന്റെ ഏഴിലൊന്ന് ഷെയർ വാങ്ങി അത് തന്റെ മകൻ്റെ അഖീഖയും തന്റെ ഉളുഹിയ്യത്തുമാണ് എന്ന് കരുതാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഇനങ്ങൾ നിശ്ചയിക്കുക എന്നത്. കാരണം അവയിൽ ചിലത് സുന്നത്തും ചിലത് ഫർളും ആണ്. നേർച്ചയിട്ടാൽ അത് ഫർളായി മാറുന്നുണ്ട്. അപ്പോൾ അതിൻ്റെ മാംസം ഉടമസ്ഥൻ കഴിക്കാൻ പാടില്ല, ഉടമസ്ഥന്റെ നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകുവാൻ പാടില്ല, സക്കാത്ത് സ്വീകരിക്കാൻ അർഹതയില്ലാത്ത ആർക്കും അത് കൊടുക്കാൻ പാടില്ല തുടങ്ങിയതൊക്കെ പരിഗണിക്കേണ്ടതുണ്ട്. അപ്പോൾ മൊത്തത്തിൽ ഒന്നിച്ച് കൂട്ടിക്കലർത്തി അറുത്ത് വിതരണം ചെയ്താൽ അത് സാങ്കേതികമായ ഫിഖ്ഹ് പ്രശ്നങ്ങൾക്ക് വഴിവെക്കും.



ഇപ്പോൾ പല സ്ഥലങ്ങളിലും കണ്ടുവരുന്ന ഒരു കാര്യമാണ് സംഘടിത ഉളുഹിയത്ത്. ഇത് നല്ലതാണ്. സ്വന്തമായി അറുക്കാൻ കഴിയാത്തവർക്ക് ഇതൊരു അവസരമാണ്. മാത്രമല്ല, സംഘടിതമായി ബലിദാനം നടക്കുമ്പോൾ അത് ഉയർത്തുന്ന വികാരം സമൂഹത്തിലെ എല്ലാവരിലും എത്തിച്ചേരും. അതേസമയം മതപരമായ ശ്രദ്ധയും സൂക്ഷ്മതയും നന്നായി പുലർത്തുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മൊത്തത്തിൽ കുറേ തുകകൾ കുറെ ആൾക്കാരിൽ നിന്ന് പിരിച്ചെടുക്കുകയും അവരിൽ ഏഴു പേർക്ക് ഒന്ന് എന്ന് തോതിലുള്ള മൃഗങ്ങളെ വാങ്ങിച്ച് കൊണ്ടുവന്ന് അറവ് നടത്തുകയും ഇടപാടിനും അറവിനും വന്ന ചെലവടക്കമുള്ള തുക പിന്നീട് ഓഹരി വെച്ച് ഓരോരുത്തരിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന പതിവ് ചിലയിടത്തെങ്കിലും ഉണ്ട്. അങ്ങനെ ചെയ്യുമ്പോൾ അവിടെ സൂക്ഷ്മത കുറവ് സംഭവിക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് അറക്കുന്നതിന് മുമ്പ് തന്നെ മൃഗമോ ഷെയറോ വ്യക്തിയുടെ ഉടമസ്ഥതയിൽ എത്തിയിരിക്കണം എന്നാണ്. അപ്പോൾ കൃത്യമായ തുക കണക്കുകൂട്ടി നേരത്തെ തന്നെ വില പറഞ്ഞ് മുറിഞ്ഞ് കൊടുക്കുകയും വാങ്ങുകയും ചെയ്തു വേണം നിയ്യത്ത് വയ്ക്കുവാൻ. മരണപ്പെട്ടവർക്ക് വേണ്ടിയത് അറുക്കേണ്ടത് അവർ അങ്ങനെ വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ്. അല്ലെങ്കിൽ നമ്മുടെ പ്രതിഫലത്തിൽ അവരെ കൂടി പങ്കാളികളാക്കുവാനുള്ള പ്രാർത്ഥന മാത്രമേ വേണ്ടതുള്ളൂ. ഒരാൾക്ക് കടം ഉണ്ടെങ്കിലും മൃഗത്തെ വാങ്ങിച്ച് മതപരമായ മര്യാദകളോട് കൂടെ അറവ് നടത്തുവാൻ അയാൾക്ക് കഴിയുമെങ്കിൽ ഇത് സുന്നത്ത് തന്നെയാണ് എന്നാണ് ഇബ്നു ഹജർ(റ)യുടെ പക്ഷം. ഉളുഹിയ്യത്തിൻ്റെ മാംസത്തിൽ പകുതി എങ്കിലും പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയാണ് വേണ്ടത്. ബലി നൽകുന്ന മൃഗത്തിന്റെ മാംസം പോലെ തോല്, എല്ല് തുടങ്ങിയവയിൽ ഏതെങ്കിലും വിൽപ്പന നടത്തുകയോ കൂലിയായി നൽകുകയോ ചെയ്യാൻ പാടില്ല. അത് വിറ്റ് പാവപ്പെട്ടവർക്ക് പണമായി നൽകാനും പാടില്ല. അത് അതേപടി പാവപ്പെട്ടവർക്ക് നൽകുകയാണ് വേണ്ടത്. അവർക്ക് അത് വിൽപ്പന നടത്തുവാൻ കഴിയില്ല എന്നുണ്ടെങ്കിൽ അവരെ ആ വിഷയത്തിൽ നാം സഹായിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇതൊരു ആരാധനയാണ് എന്ന് ആദ്യം പറഞ്ഞു. ആയതിനാൽ ഇതിൽനിന്നുള്ള മാംസം മുസ്ലിം വിശ്വാസികൾക്ക് മാത്രമേ നൽകാൻ പാടുള്ളൂ. അത് മതപരമായ ഒരു ആരാധനായത് കൊണ്ടാണ്. അതേ സമയം ദാനധർമ്മങ്ങൾ, സഹായങ്ങൾ, സൗഹൃദങ്ങൾ തുടങ്ങിയവയുടെ കാര്യങ്ങളിലൊന്നും ഇസ്ലാം മതപരമോ ജാതീയമോ ആയ വേർതിരിവുകൾ ഒന്നും കൽപ്പിച്ചിട്ടില്ല. സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഉള്ഹിയ്യത്ത് സ്ത്രീകൾക്കും പുരുഷൻമാരെ പോലെ തന്നെ സുന്നത്താണ്. ബലിയറക്കുമ്പോൾ സമീപത്ത് ഉള്ള എല്ലാവരും ചേർന്ന് മാന്യമായ ഉച്ചത്തിൽ തക്ബീർ ചൊല്ലൽ ശക്തമായ സുന്നത്താണ്.



ബലിപെരുന്നാൾ മൊത്തത്തിൽ നാല് ദിവസമാണ്. ജൂൺ 17 തിങ്കൾ ആണ് ഈ വർഷത്തെ പ്രധാന പെരുന്നാൾ. തുടർന്ന് 18, 19, 20 (ചൊവ്വ, ബുധൻ, വ്യാഴം) എന്നീ ദിനങ്ങളും പെരുന്നാൾ തന്നെയാണ്. ഈ നാലു ദിവസങ്ങളിലും നോമ്പ് നോൽക്കാൻ വരെ പാടില്ല. അതിനർത്ഥം നോമ്പുകാലത്ത് ഒരു വിശ്വാസിയുടെ ജീവിത താളം എങ്ങനെയായിരിക്കുമോ അങ്ങനെ തന്നെയായിരിക്കണം ഈ ദിവസങ്ങളിലും എന്നു കൂടിയാണ്. ഹാജിമാർ മിനാ താഴ്വരയിൽ തങ്ങുന്ന ദിനങ്ങൾ ആണിത്. അയ്യാമുത്തശ്രീഖ് എന്നാണ് ഈ ദിനങ്ങൾ അറിയപ്പെടുന്നത്. ഈ ദിനങ്ങളും ആരാധനാ നിമഗ്നങ്ങളായിരിക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞത് പോലെ എപ്പോഴും തക്ബീറിൽ അലിഞ്ഞു ചേർന്നിരിക്കേണ്ടതാണ്. ബന്ധു ജനങ്ങളെ സന്ദർശിക്കൽ, രോഗികളെ സന്ദർശിക്കൽ, സ്വന്തം വീട്ടുകാർക്ക് തന്നെക്കൊണ്ട് കഴിയുന്ന സുഭിക്ഷമായ ഭക്ഷണം നൽകൽ, എല്ലാവരോടും സന്തോഷവും സൗഹൃദവും പങ്കിടൽ, എല്ലാവരെയും പ്രാർത്ഥനാപൂർവ്വം ആശംസിക്കൽ തുടങ്ങിയതെല്ലാം പെരുന്നാളിന്റെ പൊതു സുന്നത്തുകളിൽ പെട്ടതാണ്. ഇതെല്ലാം ചേർന്ന് നിൽക്കുന്നതോടുകൂടെ പെരുന്നാൾ എന്ന ആഘോഷത്തിന്റെ അർത്ഥം അല്ലാഹു അക്ബർ എന്നായി മാറുന്നു. കാരണം, നമ്മുടെ ജീവിതത്തിലെ കർമ്മങ്ങളും വികാരങ്ങളും നാം അല്ലാഹുവിനെ പ്രകീർത്തിക്കുവാൻ വേണ്ടി തിരിച്ചുവിടുകയാണ്. ഓരോന്ന് ചെയ്യുമ്പോഴും നാം മഹത്വപ്പെടുത്തുന്നത് അല്ലാഹുവിനെയാണ്. അപ്പോൾ അവയുടെയെല്ലാം അർത്ഥം അല്ലാഹു വലിയവനാണ് എന്നായി മാറുന്നു.
o





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso