'ഇന്ത്യ' തന്നെയാണ് ജയിച്ചത്
13-06-2024
Web Design
15 Comments
മുഹമ്മദ് തയ്യിൽ
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയില്ല എന്നു മാത്രം കണ്ട് ഇന്ത്യാ മുന്നണി 2024ലെ തെരഞ്ഞെടുപ്പിൽ തോറ്റു എന്ന് കരുതിയിരിക്കുന്ന പലരുമുണ്ട്. പക്ഷേ, ശരിയായ രാഷ്ട്രീയ ചിന്ത ഉള്ളവരും രാഹുൽ ഗാന്ധി പോലും ഇന്ത്യ മുന്നണി വിജയിച്ചു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ വ്യാഖ്യാനിക്കുക. എന്തുവന്നാലും ശരി അധികാരം ലഭിക്കണം, അതിൻ്റെ സൗകര്യങ്ങൾ അനുഭവിക്കണം, താൻ കരുതുന്ന ആൾ മന്ത്രി പദം നേടണം, എതിരാളി തെണ്ടുന്നത് കാണണം, എല്ലാവരുടെയും മുമ്പിൽ വീമ്പിളക്കാൻ കഴിയണം എന്നൊക്കെയുള്ള മനസ്ഥിതികൾ പുലർത്തുന്നവർ ആഴമുള്ള വിചാരത്തിനു പകരം ആർത്തിയുള്ള വികാരം മാത്രം ഉള്ളവരാണ്. ഇത്തരം കേവല ചിന്തകൾ രാഷ്ട്രീയ പ്രബുദ്ധതക്ക് വിഘാതമാണ്. അങ്ങനെയുള്ള നേട്ടമാകട്ടെ അത് നീണ്ടു നിന്നു കൊള്ളണമെന്നില്ല. ഇന്ത്യയിൽ ഇനി വേണ്ടത് താൽക്കാലിക നേട്ടങ്ങൾ അല്ല. പരമാവധി ദീർഘകാലഘട്ടത്തിന് ഇന്ത്യയുടെ മതേതരത്വം എന്ന ആശയത്തെ സംരക്ഷിച്ചു നിലനിർത്തുവാൻ കഴിയുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ്. അത് ലഭിക്കുവാൻ കുറച്ചുകൂടി ക്ഷമിക്കേണ്ടിവരും. ഇവിടെയാകട്ടെ, സത്യത്തിൽ നാം ഒന്നുകൂടി തോറ്റിരിക്കുന്നു, അതിനാൽ ഒന്നുകൂടി നമുക്ക് കാത്തിരിക്കാം, നമ്മുടെ നാൾ വരാതിരിക്കില്ല തുടങ്ങിയ ആശ്വാസവചനങ്ങൾ ഒന്നും പറയേണ്ട കാര്യമൊന്നുമില്ല. കാരണം, ഈ പെട്ടിപ്പിടിച്ച കസേരകളെ മാറ്റി നിർത്തിയാൽ അതിൻ്റെ പിന്നിൽ മിന്നുന്ന വിജയം തന്നെയാണ് ഇന്ത്യാ മുന്നണി നേടിയിട്ടുള്ളത്. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം മനസ്സിലാക്കുമ്പോൾ മാത്രമാണ് ഈ വിജയത്തെ പൊതുസമൂഹത്തിന് ശരിക്ക് ഉൾക്കൊള്ളാൻ കഴിയുക. അതിന് രണ്ട് കാര്യങ്ങൾ കണക്കിലേക്ക് നോക്കിയോ സങ്കല്പത്തിലേക്ക് നോക്കിയോ കാണേണ്ടതുണ്ട്. ഒന്നാമതായി, ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അല്ലെങ്കിൽ ഇന്ത്യൻ മതേതരത്വം നേടിയ പ്രത്യേകം അടിവരയിടേണ്ട വിജയങ്ങളാണ്. രണ്ടാമത്തേത്, സ്വന്തം കക്ഷിയുടെ കേവല ഭൂരിപക്ഷത്തോടെ കൂടെ ഭരിക്കുന്ന മോദിയും അത് ഇല്ലാതെ മറ്റുള്ളവരുടെ ഔദാര്യത്തിൽ ഭരിക്കുന്ന മോദിയും തമ്മിലുള്ള വ്യത്യാസവുമാണ്. ഇതു രണ്ടും കണ്ടു കഴിയുമ്പോൾ ഇന്ത്യ മുന്നണി തന്നെയാണ് വിജയിച്ചത് എന്ന് പറയും, സമ്മതിക്കും നമ്മുടെ അന്തരംഗങ്ങൾ.
ആദ്യം നമുക്ക് ഒന്നാമത്തേത് നോക്കാം. എല്ലാ കണ്ണുകളും ഉറ്റു നോക്കിയ ഉത്തർപ്രദേശിലെ ഫലങ്ങൾ അത് സൂചിപ്പിക്കുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റുകളിൽ 62 സീറ്റുകൾ നേടിയ സ്ഥാനത്ത് ഈ തെരഞ്ഞെടുപ്പിൽ വെറും 35 സീറ്റുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. മാത്രമല്ല, ബീഹാറിലും രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലും ഏതാണ്ട് എല്ലാസീറ്റും കൈവെച്ചിരുന്ന എൻഡിഎക്ക് അവരുടെ നിലവിലുള്ള നില നിലനിർത്താൻ കഴിഞ്ഞില്ല. ഈ പറഞ്ഞത് പശുവിൻ്റെ സ്വാധീനമാണ്. അതായത് മാംസം കൈവശം വെച്ചവരെയൊക്കെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്ന വിധത്തിൽ എൻഡിഎ അതിൻ്റെ ഹൈന്ദവ ഏകാധിപത്യം ശരിക്കും നടപ്പിൽ വരുത്തിയ പശു ബെൽറ്റിലാണ് ഈ ഇടിവ് പറ്റിയത്. ദക്ഷിണേന്ത്യയിൽ കേരളത്തിൽ ഒരു സീറ്റ് അവർ നേടിയെടുത്തു എന്നത് പറയുമ്പോഴും അത് ശരിക്കും എൻഡിഎയുടെ രാഷ്ട്രീയ വിജയം തന്നെയാണ് എന്ന് തീർത്തു പറയുവാൻ അവർക്ക് പോലും കഴിയുന്നില്ല എന്ന അവസ്ഥയാണ്. കാരണം, പാർട്ടിയോടുള്ള വിധേയത്വത്തിന്റെ കാര്യത്തിലും പഴുതടച്ച പ്രചരണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുകയും പ്രതീക്ഷ പുലർത്തുകയും ചെയ്തിരുന്ന ശോഭാസുരേന്ദ്രൻ, വി മുരളീധരൻ തുടങ്ങിയവർക്കൊന്നും വിജയിക്കാൻ കഴിഞ്ഞില്ല. പണവും പ്രതാപവും എല്ലാം ഉണ്ടായിട്ടും രാജീവ് ചന്ദ്രശേഖരനും വിജയിക്കാൻ കഴിഞ്ഞില്ല. എന്ന് മാത്രമല്ല, ഇവർക്കൊന്നും ഭേദപ്പെട്ട രണ്ടാം സ്ഥാനത്ത് പോലും എത്തിച്ചേരാനും കഴിഞ്ഞില്ല. അപ്പോൾ പിന്നെ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയത്തെ എൻഡിഎയുടെ വിജയം എന്നോ ബിജെപിയുടെ വിജയമെന്നോ വിളിക്കുന്നതിനപ്പുറം ഒരു നടൻ്റെ വൈയക്തിക സമീപനത്തിന്റെ വിജയം എന്നു മാത്രമേ അതിനെ കരുതാൻ കഴിയൂ. ദക്ഷിണേന്ത്യയിൽ പിന്നെ പ്രതീക്ഷ ഉണ്ടായിരുന്നത് കർണാടകയിൽ ആയിരുന്നു. അവർ സ്വന്തം ഭരണം സ്ഥാപിക്കുക പോലും ചെയ്തിട്ടുള്ള കർണാടകയിൽ അവരുടെ 28 സീറ്റുകളിൽ 10 സീറ്റുകൾ ആണ് കോൺഗ്രസ് നേടിയത്. മറ്റൊരു ദക്ഷിണേന്ത്യൻ കാഴ്ച തമിഴ്നാട്ടിൽ നിന്നാണ്. അവിടെ അവരുടെ എഐഡിഎംകെ ചിത്രത്തിൽ പോലുമില്ലാതെയായി. 39 സീറ്റുകളിലും ഇന്ത്യാ മുന്നണിയാണ് വിജയിച്ചത്. മഹാരാഷ്ട്രയിൽ പ്രമുഖ രാഷ്ട്രീയ കക്ഷികളായ ശിവസേന, കോൺഗ്രസ്, എൻസിപി എന്നിവരുടെ സഖ്യത്തിൽ വലിയ വിള്ളൽ ഉണ്ടായിരുന്നു. ബുദ്ധിമാനായ ഒരാളുടെ നേതൃത്വത്തിൽ ബുദ്ധിപരമായ ഒരു നീക്കം നടത്തിയാൽ ഒരുപക്ഷേ നില മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു. അതൊക്കെ അവർ പരമാവധി നടത്തി നോക്കി എങ്കിലും പക്ഷേ അതിനനുസരിച്ച നേട്ടം അവിടെ നിന്നും ഉണ്ടായിട്ടില്ല. ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ഇന്ത്യാ മുന്നണിക്ക് നേരിയതോതിൽ മാത്രമേ നില മെച്ചപ്പെടുത്താൻ കഴിഞ്ഞുള്ളു എങ്കിലും രാജസ്ഥാനിലും ഹരിയാനയിലും പകുതിയോളം സീറ്റുകൾ ഇന്ത്യാ സഖ്യം പിടിച്ചടക്കി. പഞ്ചാബിലാവട്ടെ ബിജെപി വട്ടപ്പൂജ്യമായി. ബംഗാളിൽ 30 സീറ്റ് വരെ കിട്ടും എന്ന് സ്വപ്നം കണ്ട ബിജെപിക്ക് സ്വന്തം സ്വപ്നം പൊയ് കിനാവായിരുന്നു എന്ന് തിരിച്ചറിയേണ്ട സാഹചര്യം വന്നു. 30 സീറ്റുകൾ കിട്ടിയത് അവരുടെ എതിരാളികൾക്കായിരുന്നു. ബീഹാറിൽ ബിജെപിയുടെ സഹയാത്രികനായ നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡിന് മെച്ചമുണ്ടായി എങ്കിലും വ്യക്തിഗതമായി ബിജെപിക്ക് അടി പറ്റി. ആസാമിൽ കോൺഗ്രസ് മൂന്നു സീറ്റുകൾ തിരിച്ചുപിടിച്ചു. മണിപ്പൂരിലാണെങ്കിൽ 6 സീറ്റുകൾ തിരിച്ചുവാങ്ങി തങ്ങളോട് തങ്ങളുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ ഭരണകൂടവും കാണിച്ച ക്രൂരതയ്ക്ക് പകരം വീട്ടി.
പിന്നെ ഒറ്റപ്പെട്ട പല കാര്യങ്ങളും ഉണ്ട്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ നിരന്തരം ശ്രമിച്ചിട്ടും അവർക്ക് അതിൻ്റെ ഗുണഫലം അനുഭവിക്കാൻ കഴിഞ്ഞില്ല. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നു എന്നത് ഒരു പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ രണ്ട് അവസരങ്ങളും അവർക്ക് നേടിക്കൊടുത്തതിൽ ഈ കൃത്രിമത്തിന് പങ്കുണ്ട് എന്നത് സാങ്കേതിക വിദഗ്ധർ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുള്ളതാണ്. ഇപ്രാവശ്യം അത്തരമൊരു പരാതി കൊടുത്തപ്പോൾ ഇലക്ഷൻ കമ്മീഷൻ ഇങ്ങനെ പരാതിപ്പെടാൻ വലിയ ഫീസ് നൽകണമെന്ന് പറഞ്ഞുകൊണ്ട് വിരട്ടി തടയുകയായിരുന്നു. അതിനാൽ അധികാരത്തിൽ ഇരിക്കുന്നവരുടെ കയ്യിലിരിക്കുന്ന കളിപ്പാവകൾക്ക് മുമ്പിൽ പൊതുജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് സാഹചര്യം സംജാതമായിരുന്നു. എന്നിട്ടും അവർക്ക് അവരുടെ ആശയത്തിനും ആദർശത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ല. കൃത്രിമങ്ങൾ ഒരുപക്ഷേ കാണിച്ചിട്ടുണ്ടാകും. ഈ കൃത്രിമങ്ങളെ തടയുക കൂടി ചെയ്തിരുന്നുവെങ്കിൽ ഇന്ത്യാ മുന്നണി ഇതിനേക്കാൾ വലിയ നേട്ടം കൊയ്യുമായിരുന്നു. അത്രയും വലിയ വികാരമായി അത് മാറിയിരുന്നു എന്നത് ശരിയാണ്. മറ്റൊന്നാണ് രാമക്ഷേത്രത്തിന്റെ കഥയും കള്ളിയും. രാമക്ഷേത്ര നിർമ്മാണം വലിയ വോട്ട് ബാങ്ക് ആയി മാറും എന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അതു നടപ്പിലാക്കിയ രീതിയും സമയവും എല്ലാം വെച്ച് നോക്കുമ്പോൾ ഇന്ത്യയിലെ മൊത്തം ഹിന്ദുക്കളുടെ വോട്ടുകൾ ഒറ്റപ്പെട്ടിയിൽ വീഴ്ത്താൻ അത് മതിയാകും എന്ന് എല്ലാവരും കരുതിയിരുന്നതാണ്. കാരണം അതിൻ്റെ പേരിൽ എല്ലാ ഹിന്ദുക്കളുടെയും വോട്ടും പിന്തുണയും ഉറപ്പാക്കുവാൻ വേണ്ടി രാഷ്ട്രപതിയെ പോലും - അവർ അവർണ്ണയായതിനാൽ - അതിൻ്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. ഹിന്ദുധർമ്മത്തിനോടുള്ള വർണ്ണാശ്രമ തീവ്രത കാണിക്കുക എന്നത് മാത്രമായിരുന്നു ആ നീക്കത്തിന്റെ പിന്നിൽ. മാത്രമല്ല പ്രധാനമന്ത്രി തന്നെ സന്യാസിമാരെ പോലും മാറ്റി നിർത്തി ഇതിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഈ രാമക്ഷേത്ര നിർമ്മാണം പക്ഷെ, അത് നിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിൽ പോലും രാഷ്ട്രീയമായി സ്വാധീനമുണ്ടാക്കിയില്ല. മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ പോലും അപ്രതീക്ഷിതമായി കോൺഗ്രസിന് ഒരു സീറ്റിൽ ജയിക്കാനായി. കാര്യം പറഞ്ഞതിൻ്റെ പേരിൽ പാർലമെന്റിൽ നിന്ന് പിരിച്ചുവിട്ട മഹുവ മൊയ്ത്ര ഉജ്ജ്വലമായി ജയിച്ചു തിരിച്ചുവന്നു. സ്വന്തം മണ്ഡലമായ വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം അക്കത്തിലെങ്കിലും കുറയുകയാണ് ഉണ്ടായത്. അഹങ്കാരത്തിൻ്റെ ആൾരൂപമായി എപ്പോഴും വ്യവഹരിക്കപ്പെടുന്ന സ്മൃതി ഇറാനി തൻ്റെ ഉറച്ച മണ്ഡലം എന്ന് പറഞ്ഞിരുന്ന അമേഠിയിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് തോറ്റു. എല്ലാ പ്രസംഗത്തിലും തൻ്റെ എതിരാളികളെയെല്ലാവരെയും പരിഹസിക്കുന്ന, താൻ വലിയ എന്തൊക്കെയോ ആണെന്ന് സ്വയം കരുതുന്ന വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ തേരാളിയായിരുന്നു സ്മൃതി ഇറാനി അമേഠിയിൽ ഒരു ലക്ഷത്തിലേറെ വോട്ടിന് തോൽക്കേണ്ടി വന്നു. റായിബറേലിയിൽ 3.8 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി വയനാടിനു പുറമെ വിജയിച്ചു. കർഷകർക്കെതിരെ അവരുടെ സമരത്തിനെതിരെ പ്രവർത്തിച്ച അജയ് മിശ്രയും സഞ്ജയ് ബാലിയനും സ്വന്തം തട്ടകങ്ങളിൽ മുഖം കുത്തി വീണു.
ഇന്ത്യാ സഖ്യം സത്യത്തിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ അല്ലെങ്കിൽ നോമിനേഷൻ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ വിജയിച്ചു തുടങ്ങിയിരുന്നു എന്ന് വേണം വിലയിരുത്തുവാൻ. കാരണം എന്തോ വരാനിരിക്കുന്നുണ്ട് എന്ന് ഭീതി എൻഡിഎ ക്യാമ്പുകളിൽ പ്രകടമായിരുന്നു. ബിജെപിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ മോദി അല്ലാത്ത ഒരു നേതാവ് ഗവൺമെൻറ് രൂപീകരിക്കേണ്ടിവരുമോ എന്ന ആശങ്ക വരെ നിലനിന്നിരുന്നു. മാത്രമല്ല ഷെയർ മാർക്കറ്റിൽ വലിയ ഇടിവുകളാണ് സംഭവിച്ചത്. പൊതുജനങ്ങളുടെ ലോകത്തിൽ നിന്ന് ഇതു മറച്ചു പിടിക്കുവാൻ വിഫലമായ ശ്രമം മോദിയും ടീമും പുറത്തെടുക്കുകയുണ്ടായി. അത് പക്ഷേ ഇന്ത്യാ സഖ്യം കണ്ടുപിടിക്കുകയും അതിൻ്റെ കണക്കുകൾ വ്യക്തമായി പുറത്തുകൊണ്ടുവരികയും ചെയ്തു. പുറംലോകം അത് അപ്പോഴാണ് അറിഞ്ഞത് എങ്കിലും രാജ്യത്തെ വലിയ പണക്കാരായ ബിസിനസ് സമൂഹം അത് ഓരോ ദിവസവും അറിയുന്നുണ്ടായിരുന്നു. പരിഹരിക്കാൻ പെട്ടെന്ന് കഴിയാത്ത വിധം നമ്മുടെ സാമ്പത്തികനില അവതാളത്തിലായി വരുന്നു എന്നത് അവർ മനസ്സിലാക്കി. അതോടൊപ്പം അവർ മനസ്സിലാക്കിയ സത്യങ്ങൾ ഇന്ത്യാസഖ്യം പുറത്തുവിടുക കൂടി ചെയ്തതോടൊപ്പം ഈ പ്രധാനമന്ത്രിയുടെ പിന്നാലെ നിൽക്കുന്നതിനെ കുറിച്ച് ഒരു പുനരാലോചന വേണ്ടേ എന്ന് അടക്കിപ്പിടിച്ച വർത്തമാനങ്ങൾ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടക്കുമ്പോൾ തന്നെ ഉണ്ടായിരുന്നു. അത് ബിജെപി നേതൃത്വം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പിലൂടനീളം അവരുടെ ശരീരഭാഷയും സമീപന രീതിയും മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു. വികസനം, താൻ ചെയ്ത വികസനങ്ങൾ, തനിക്ക് നൽകാനുള്ള വാഗ്ദാനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മാത്രമാണ് ആദ്യ ലാപ്പിൽ മോദി എടുത്തിട്ടത്. പക്ഷേ അതൊന്നും ക്ലച്ച് പിടിക്കുന്നില്ല എന്ന് കണ്ടതോടെ കൂടിയാണ് അവർ പിന്നീട് വിഷയം മാറ്റി തുടങ്ങിയത്. അവരുടെ തുരുപ്പ്ചീട്ടായ വർഗീയത തന്നെയായിരുന്നു അവർക്ക് പുൽകാൻ ഉണ്ടായിരുന്നത്. വർഗീയത പച്ചക്ക് പറഞ്ഞു കൊണ്ടാണ് മോദി അവസാന ലാപ്പുകളിൽ ജനങ്ങളെ അഭിമുഖീകരിച്ചത്. വികസനത്തിന്റെ പേരും പറഞ്ഞ് നടന്നാൽ പൊതു വോട്ടുകൾ കിട്ടുകയില്ല എന്ന് ഉറപ്പായപ്പോൾ പിന്നെ ഇനി ഏറ്റവും നല്ലത് നമ്മുടെ തീവ്ര ഹിന്ദു വോട്ട് ബാങ്കിനെ ഉറപ്പിച്ചു നിർത്തുകയാണ് എന്ന് ആരോ ഉപദേശിച്ചത് കൊണ്ടായിരിക്കാം, പണ്ടൊരിക്കലും പറഞ്ഞിട്ടില്ലാത്ത വിധം അല്ലെങ്കിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും അഭിപ്രായപ്പെടാത്ത വിധം മോദി വർഗീയത പച്ചയ്ക്ക് പറഞ്ഞു. പറഞ്ഞതെല്ലാം മുസ്ലിങ്ങൾക്കെതിരെ മാത്രമായിരുന്നു. അവർ മാത്രമാണല്ലോ ദേശദ്രോഹികൾ. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ജനങ്ങൾ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന സാഹചര്യം വരെ ഉണ്ടായി. പക്ഷേ അത് മോദിയെ ശിക്ഷിക്കുക ഇല്ലല്ലോ. അതിനാൽ സുപ്രീംകോടതി വിഷയത്തെ പൊതുവൽക്കരിച്ചുകൊണ്ട് മോദിയെ വെള്ള പൂശി. എല്ലാ രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാരും സമചിത്തത പാലിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ഒക്കെ പറഞ്ഞ് കോടതി ചമയുകയും അഭിനയിക്കുകയും ചെയ്തു. എന്നിട്ടൊന്നും അവർ പ്രതീക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത 400 സീറ്റുകൾ അവർക്ക് നേടാനായില്ല. അതുകൊണ്ടാണ് ഇന്ത്യ മുന്നണി തന്നെയാണ് വിജയിച്ചിരിക്കുന്നത് എന്ന് പറയുന്നത്.
എല്ലാം കഴിഞ്ഞപ്പോൾ മോദി കളത്തിൽ തീർത്തും ഒറ്റപ്പെട്ടതുപോലെയായി. സ്വയം ഭരിക്കുവാൻ ഭൂരിപക്ഷം ഇല്ല. എന്നാൽ ഭരണം ഒഴിവാക്കുവാൻ കഴിയില്ല. മറ്റാരെയെങ്കിലും കൂട്ടുകൂടാതെ മാന്ത്രിക സംഖ്യയിൽ എത്തിച്ചേരാൻ കഴിയില്ല. കൂട്ടുകൂടാൻ ആളുകൾ ഉണ്ട്, പക്ഷേ അവരൊന്നും തങ്ങളുടെ മനസ്ഥിതി ക്കാരല്ല. ഇത്തരം സാഹചര്യത്തിൽ അവരെ കൂട്ടിയാൽ പിന്നെ നമുക്ക് മുസ്ലിംകളോടുള്ള വിദ്വേഷം പറയാനും കാണിക്കാനും നിശ്ചയിക്കാനും ഒന്നും കഴിയില്ല. കാരണം അവരുടെയൊക്കെ പ്രധാന കോട്ട് ബാങ്കുകൾ മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷങ്ങളും ആണ്. ഈ ഘടകകക്ഷികളുടെ സഹായത്തോടെ ഭരണം നടത്തുക എന്നത് ഒട്ടും എളുപ്പമായിരിക്കില്ല, പ്രത്യേകിച്ചും അഹങ്കാരത്തിന്റെയും അനന്തയുടെയും പ്രതീകമായ മോദിക്കും മോദിയുടെ ടീമിനും. 2019 ല്‍ ബിജെപി തനിച്ച് നേടിയ ഭൂരിപക്ഷത്തോടെ രൂപീകരിച്ച സര്‍ക്കാരില്‍ ഘടക കക്ഷികള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. അവർക്കൊന്നും ഒരു അഭിപ്രായം പറയുവാനോ പ്രതിഷേധം രേഖപ്പെടുത്തുവാനോ ഒന്നും ഒരിക്കലും അവസരം ഉണ്ടായിരുന്നില്ല. വേണമെങ്കിൽ കിട്ടിയതു വാങ്ങി ഒപ്പം കൂടിക്കോളൂ എന്ന മനസ്ഥിതിയായിരുന്നു അവരോട് ഉണ്ടായിരുന്നത്. ഇത്തവണ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിജെപിക്ക് 240 ഡിഡിപിക്ക് 16 ജെഡിയുവിന് 12 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു, ടിഡിപി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഇത്തവണ മോദി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന്. നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നീ നേതാക്കളുടെ പിൻബലത്തിലാണ് ഇനി ഭരിക്കേണ്ടത് എന്നർത്ഥം. ഇതിന് ഇവർ രണ്ടുപേരും തയ്യാറാണ്. പക്ഷേ അവർ കഴിഞ്ഞ പ്രാവശ്യത്തേതുപോലെ വെറുതെ ഇരുന്നു കൊടുത്തുകൊള്ളണമെന്നില്ല. കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടു കൊള്ളണമെന്നുമില്ല. കാരണം അവരുടെ അംഗങ്ങളുടെ എണ്ണം ഇപ്പോൾ നിർണായകമായി തീർന്നിരിക്കുന്നു. ഇനി അവരുടെ സ്വരം അവകാശവാദത്തിന്റേത് ആയിരിക്കും. അത് വകുപ്പ് വിഭജനത്തിൽ തന്നെ മറ നീക്കി പുറത്തുവന്നു. അവർ ആവശ്യപ്പെട്ട അത്രതന്നെ മന്ത്രിസ്ഥാനങ്ങൾ നൽകിയില്ല. നൽകിയതാവട്ടെ ഒന്നും പ്രധാനപ്പെട്ട വകുപ്പുകൾ ആയിരുന്നതും ഇല്ല. മാത്രമല്ല, ഘടകകക്ഷികളുടെ സമ്മര്‍ദം അതിജീവിച്ച് സുപ്രധാന വകുപ്പുകള്‍ ബിജെപി തന്നെ കൈവശം വച്ചിട്ടുണ്ട്. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കിയില്ല. ഈ അനിഷ്ടം പക്ഷേ ഘടകകക്ഷികൾ കാര്യമായി പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, അവരുടെ മനസ്സുകളിൽ അതവർ കുറിച്ചു വച്ചിട്ടുണ്ടായിരിക്കും എന്നത് ഉറപ്പാണ്. ഇനി തൊട്ടുമുമ്പിൽ തന്നെ മറ്റൊരു കടമ്പ വരാനിരിക്കുകയാണ്. അത് സ്പീക്കർ തെരഞ്ഞെടുപ്പാണ്. അതിനുവേണ്ടി ഘടകകക്ഷികൾ ഇതിനകം തന്നെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനത്തേക്കാൾ വലിയ സ്ഥാനമാണ് സ്പീക്കർ സ്ഥാനം. കാരണം പല കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അവകാശവും അധികാരവും ഭരണഘടനാ ദത്തമായി സ്പീക്കർക്കാണ്. സാധാരണഗതിയിൽ വലിയ ഒറ്റക്കക്ഷിയിലെ പ്രതിനിധിയാണ് സ്പീക്കർ ആയി വരാറുള്ളത്. അതിനൊരു കാരണമുണ്ട്. പ്രധാന ഒറ്റക്കക്ഷിയുടെ താൽപര്യങ്ങൾ സഭയിൽ നടപ്പിലാക്കുവാൻ അത് അനിവാര്യമാണ്. ഘടകകക്ഷികൾക്ക് ഈ സ്ഥാനം നൽകിയാൽ ചിലപ്പോഴെങ്കിലും പ്രധാന കക്ഷി വിയർക്കുകയോ പ്രതിസന്ധിയിൽ അകപ്പെടുകയോ ഒക്കെ ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ബി ജെ പി അത് കൊടുക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ അത് കിട്ടാതിരുന്നാൽ തങ്ങളോടുള്ള വിവേചനം രണ്ടാമതും കാണിച്ചു എന്ന് വരും. ഒരുപക്ഷേ ടിഡിപിയോ ജെഡിയുവോ ഇതിൻ്റെ പേരിൽ തെറ്റിപ്പിരിഞ്ഞു കൊള്ളണമെന്നില്ല. പക്ഷേ പിന്നീട് ഗുരുതരമായ ഒരു വിള്ളൽ വരുമ്പോൾ ഇത് അടക്കം അതിലേക്ക് ചേർത്ത് വായിക്കുമെന്നത് സംശയമില്ലാതെ കാര്യമാണ്. അങ്ങനെ വരുമ്പോൾ കേന്ദ്രസർക്കാർ ഇടക്കിടെയെങ്കിലും ആടി ഉലയുക തന്നെ ചെയ്യും.
അല്ലെങ്കിലും ഈ ബന്ധം നീണ്ട കാലം നിലനിൽക്കുവാനുള്ള സാധ്യത പൊതുവേ രാഷ്ട്രീയ ലോകം പ്രതീക്ഷിക്കുന്നില്ല. കാരണം നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ന്യൂനപക്ഷങ്ങളുടെ പിൻബലം ഉള്ളവരാണ്. അവരുടെ വോട്ട് ബാങ്കിൽ വലിയൊരു ശതമാനം മുസ്ലിംകളാണ്. മുസ്ലിംകൾക്കെതിരെ എന്തെങ്കിലും ഒരു നീക്കം നടത്താതിരിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അചിന്തനീയമായ കാര്യമാണ്. കാരണം അത് അവരുടെ നിലനിൽപ്പിന്റെ ആധാരമാണ്. മുസ്ലിങ്ങളെ വേട്ടയാടുന്നു എന്ന് പറയുന്നത് കൊണ്ടാണ് മതപരമായ ഒരു ധ്രുവീകരണം ഉണ്ടാക്കിയെടുക്കുവാൻ ബിജെപിക്ക് കഴിഞ്ഞത്. എന്നാൽ ന്യൂനപക്ഷങ്ങൾക്കോ പ്രത്യേകിച്ച് അവരിലെ മുസ്ലിങ്ങൾക്കോ എതിരെ എന്തെങ്കിലും ഒരു നീക്കം നടത്തുമ്പോൾ തങ്ങൾ അതിൻ്റെ കൂടെ നിൽക്കുകയില്ല എന്ന് ഇതിനകം തന്നെ ഈ രണ്ടു നേതാക്കന്മാരും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ അങ്ങനെ ഒരു സാഹചര്യം വന്നാൽ ആ സാഹചര്യത്തെ മറികടക്കുവാൻ ബിജെപി വിയർക്കേണ്ടി വരും. ഇതൊക്കെ അവർക്കറിയാം. പ്രത്യേകിച്ചും ചടുലമായ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങൾക്ക് പേരുകേട്ട അമിത് ഷാക്ക്. അതിനാൽ അവരുടെ വരും നാളുകളിൽ ഉള്ള ശ്രദ്ധ പതിവുപോലെ ഘടകകക്ഷികൾ എന്ന മാറാപ്പ് ഇറക്കിവെക്കാൻ തന്നെയായിരിക്കും. അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്ന് അവർക്കറിയാം. അത് ഇതിനകം ഇന്ത്യക്കാർക്ക് സുപരിചിതങ്ങളാണ്. അവർക്ക് ആകെ ഇനി വേണ്ടത് 32 പേരെയാണ്. ഈ 32 പേരെ പല പാർട്ടികളിൽ നിന്നായി ചാടിച്ചു കൊണ്ടുവരുവാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. ഒന്നുകിൽ വ്യക്തികളായി, അല്ലെങ്കിൽ സംഘടനാ ഗ്രൂപ്പുകളായി അവർ അവരെ തങ്ങളുടെ താവളത്തിൽ എത്തിക്കും. വ്യക്തികളായി എത്തിക്കുക എന്നു പറയുന്നത് ശ്രമകരം തന്നെയാണ് ഈ സംഖ്യയെ സംബന്ധിച്ചിടത്തോളം. അതിനാൽ അവർ ശ്രമിക്കുക സംഘടനകളെ പിളർത്താനും ക്ഷയിപ്പിക്കാനുമെല്ലാം ആയിരിക്കും. അതിനാവട്ടെ പല വഴികളും അവർക്കുണ്ട്. പ്രാദേശികമായ ഏജൻറുമാരെ ഉപയോഗപ്പെടുത്തി അവർ ഇതിനു ശ്രമിക്കാറുണ്ട്. പണം വാഗ്ദാനം ചെയ്ത് അംഗങ്ങളെ അടർത്തിയെടുക്കുന്നതും അവരുടെ രീതികളിൽ കാണാറുണ്ട്. അതിനേക്കാളെല്ലാം ഉപരി അവർ വിജയിപ്പിച്ചെടുത്ത ഏറ്റവും നല്ല മാർഗമാണ് ഇ ഡി യും സി ബി ഐയുമെല്ലാം.
അടുത്ത അഞ്ചുവർഷക്കാലം പേടിച്ചു പേടിച്ചു മാത്രമേ ഭരിക്കാൻ കഴിയൂ എന്നത് എല്ലാവരും സമ്മതിക്കും. ഇതിനിടയിൽ ഇന്ത്യാ മുന്നണി നൽകിയ പ്രതീക്ഷ വളരെ നിർണായകമാണ്. ഇന്ത്യാ മുന്നണിയിൽ പ്രതീക്ഷ വളർന്നതിനാൽ അമിത് ഷായുടെയും നദ്ദയുടെയും എല്ലാം പദ്ധതികൾ അത്ര പെട്ടെന്ന് വിജയിച്ചു കൊള്ളണമെന്നില്ല. മുസ്ലീങ്ങളെ നിരന്തരം വേട്ടയാടാതെ ഇരിക്കുകയും ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ വാക്കിൽ മാത്രമല്ല പ്രവർത്തി പഥത്തിലും വളർത്തിയെടുക്കുവാൻ കഴിയാതെ വരികയും ഇന്ത്യയിലെ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ മനസ്സിൽ ഇതിനകം ഉറച്ചുനിന്നു കഴിഞ്ഞിരിക്കുന്നു വിദ്വേഷവും വെറുപ്പും മാറ്റിയെടുക്കുകയുമെല്ലാം ചെയ്യാൻ ഒത്തില്ലെങ്കിൽ അടുത്തൊരു തെരഞ്ഞെടുപ്പിനെ ഇന്ദ്രപ്രസ്ഥം സ്വപ്നം കണ്ട് നേരിടുവാൻ കഴിയില്ല എന്നത് ഉറപ്പാണ്. അഖിലേഷ് യാദവ് രാഹുൽ ഗാന്ധി സോണിയ ഗാന്ധി തുടങ്ങിയ ഒരു യുവനിര ഏതു വലിയ യുദ്ധത്തിനും തയ്യാറായി നിൽക്കുകയും അവരെ ഉൾക്കൊള്ളുവാൻ ജനങ്ങൾക്ക് കഴിയുമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ സൂചന നൽകുകയും ശക്തമായ ഒരു പ്രതിപക്ഷം ആയി അവരുടെ സാന്നിധ്യം പാർലമെൻറിൽ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ മാറ്റം വിദൂരമല്ല. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്ത്യാ മുന്നണി സത്യത്തിൽ വിജയിച്ചിരിക്കുക തന്നെയാണ് എന്ന് പറയുന്നത്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso