Thoughts & Arts
Image

പുഞ്ചിരി ദാനമാണ്

29-06-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ജീവികളിൽ മനുഷ്യനു മാത്രമേ ചിരിക്കാൻ കഴിയൂ എന്നാണ്. മനുഷ്യനോട് ഏറെ സാദൃശ്യം പുലർത്തുന്ന ചില ജീവികളും ചിരിക്കുന്നുണ്ട് എന്ന് നരവംശ ശാസ്ത്രത്തിൽ തന്നെ വാദവും ചർച്ചയും എല്ലാം ഉണ്ട് എന്നത് ശരിയാണ്. അവ ചിരിക്കുന്നതായി നമുക്ക് തോന്നുന്നുണ്ട് എന്ന വാദം അംഗീകരിച്ചാൽ തന്നെ മനുഷ്യൻ്റെ ചിരിയും ചിരിയിൽ മനുഷ്യനെ ആവാഹിക്കാൻ കഴിയുന്ന ഭാവങ്ങളും എല്ലാം തികച്ചും അനന്യവും വ്യത്യസ്തവുമാണ്. സന്തോഷം, സന്താപം, പരിഹാസം, സ്നേഹം, പരിഹാസം തുടങ്ങി മനുഷ്യ ജീവിതത്തിന് ആവശ്യം ആവശ്യമായ സ്വഭാവ ഭാവങ്ങളെ പുഞ്ചിരിയിൽ ആവാഹിക്കുവാൻ മനുഷ്യന് കഴിയും. ഇത്തരം ഒരു ശേഷി മനുഷ്യന് സൃഷ്ടാവ് നൽകിയിരിക്കുന്നത് ഒരു സാമൂഹ്യ ജീവിയായി ജീവിക്കാൻ ബാധ്യസ്ഥനായതുകൊണ്ട് ആയിരിക്കാം എന്ന് നമുക്ക് മനസ്സിലാക്കാം. ഈ പ്രപഞ്ചത്തിന്റെ സകല ചലനങ്ങളെയും അറിയുകയും അവയിൽ ഇടപെടുകയും ചെയ്യാനുള്ള ബാധ്യത സൃഷ്ടാവ് അവനെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനെ അമാനത്ത് എന്നാണ് വ്യവഹരിക്കപ്പെടുന്നത്. ഈ ചുമതലകൾ നിർവഹിക്കുവാൻ അവൻ സ്വാർത്ഥനായി ഒറ്റയ്ക്ക് ജീവിക്കുന്നത് കൊണ്ട് കഴിയില്ല. മറിച്ച് മറ്റുള്ളവരിലേക്ക് പകരുകയും പടരുകയും വേണ്ടിവരും. മുഖത്ത് വിരിയുന്ന പുഞ്ചിരിയിലൂടെ മറ്റൊരാളിലേക്ക് കടക്കുവാനും അയാളെ സ്വന്തം മനസ്സിലേക്ക് കടത്തുവാനും കഴിയുമ്പോൾ പുഞ്ചിരി മനുഷ്യൻ്റെ ഏറ്റവും വലിയ സാമൂഹ്യ ശക്തിയായി മാറുന്നു. ചിരിയുടെ ശക്തി അതിൽ വിവിധങ്ങളായ ഭാവങ്ങളെ ആവാഹിക്കുവാൻ കഴിയുന്നു എന്നാണ്. മുഖത്ത് പ്രകടമാകുന്ന ചിരിയിലെ ഭാവവൈവിധ്യങ്ങളിലൂടെ സംബോധിതന്റെ മാനസികനില മാറ്റിമറിക്കാന്‍ തന്നെ മനുഷ്യന് സാധിക്കുന്നു. തന്നെ തന്നെ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ സ്വന്തം വ്യക്തിപ്രഭാവം പകര്‍ന്നു നല്‍കുന്ന ഹൃദ്യമായ മന്ദസ്മിതമാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. ആലങ്കാരികമായി പുഞ്ചിരി നല്ല മനസ്സിൻ്റെ അഥവാ ഹൃദയത്തിൻ്റെ ബാഹ്യചിത്രമാണ്. അതായത് സന്മനസ്സുള്ളവർക്ക് മാത്രമാണ് നിഷ്കളങ്കമായി പുഞ്ചിരിക്കുവാൻ കഴിയുക.
'പൂക്കള്‍ക്ക് സൂര്യപ്രകാശമേല്‍ക്കും പോലെയാണ് മനുഷ്യരാശിക്ക് ചിരി’യെന്നാണ് പ്രസിദ്ധ ചിന്തകന്‍ ജോസഫ് ആഡിസണ്‍ പറഞ്ഞത്.



ശാസ്ത്രീയമായ വിശകലനങ്ങൾ മനുഷ്യന് പുഞ്ചിരിയിലൂടെ നിരവധി നേട്ടങ്ങള്‍ കൊയ്യാനാകുമെന്ന് വ്യക്തമാക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പുഞ്ചിരി ഒരു ഔഷധമാണ് എന്നതാണ്. ശരീരത്തിന് ക്ലേശരഹിതമായ അവസ്ഥ പ്രദാനം ചെയ്യുന്ന രാസവസ്തുക്കളായ 'എന്‍ഡോസര്‍ഫിനു’കള്‍ പുഞ്ചിരിയിലൂടെ വര്‍ധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. തന്നെയുമല്ല, മാനസിക പിരിമുറുക്കത്തിന് ഹേതുവാകുന്ന 'ഹെപ്പിനെഫ്രിന്‍, ഡോപ്പമൈന്‍’ പോലുള്ള ഹോര്‍മോണുകളുടെ അളവ് ചിരിയിലൂടെ കുറക്കുകയും ചെയ്യുന്നു. പ്രതിരോധ കോശങ്ങളുടെ എണ്ണത്തിലും പ്രവര്‍ത്തനക്ഷമതയിലും വര്‍ധനവ് വരുത്തുവാന്‍ പുഞ്ചിരിക്ക് സാധിക്കും എന്നാണ്. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിലും ശരീരത്തിലെ വിവിധ പേശികള്‍ക്ക് ആരോഗ്യമേകുന്നതിലും പുഞ്ചിരി മുഖ്യമായ പങ്കുവഹിക്കുന്നു. രോഷം, അമര്‍ഷം, നൈരാശ്യം, ഉത്കണ്ഠ, ദുഷിച്ച ചിന്തകള്‍ എന്നിവയില്‍ നിന്നൊക്കെ മനുഷ്യനെ തിരിച്ചുവിടാനും മന്ദഹാസത്തിനാകുമെന്നതാണ് ശാസ്ത്രീയ അവകാശവാദം. ഹൃദ്യമായൊന്ന് ചിരിക്കാന്‍ 22 പേശികള്‍ മാത്രമേ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. എന്നാല്‍ മുഖം വീര്‍പ്പിച്ചിരിക്കാന്‍ 43 പേശികള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണമത്രെ. ഇത്തരം വസ്തുതകൾക്ക് മുമ്പിലാണ് 'നിന്റെ സഹോദരന്റെ നേര്‍ക്കുള്ള മന്ദഹാസം ധര്‍മമാണെ'ന്ന നബിവചനം പ്രസക്തമാകുന്നത്. പുഞ്ചിരിയിലൂടെ സ്വശരീരത്തിനും സമൂഹത്തിനും നമുക്ക് ധര്‍മം ചെയ്യാനാകും. ഒപ്പം അന്യന്റെ സ്നേഹം നേടുവാനുമാകും. പുഞ്ചിരിയെ മനുഷ്യ ദാനങ്ങളുടെ പട്ടികയിലാണ് നബി തിരുമേനി ഉൾപ്പെടുത്തിയത്. 'നന്മയില്‍ നിന്ന് ഒന്നും നീ നിസ്സാരമാക്കരുത്. അത് സുസ്മേര വദനനായി നിന്റെ സഹോദരനെ അഭിമുഖീകരിക്കുക എന്നതാണെങ്കിലും ശരി' എന്ന് നബി(സ) പഠിപ്പിച്ചു. തൂമന്ദഹാസത്തിന്റെ ഇസ്‌ലാമിക വായനക്ക് നബി(സ)യുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരന്വേഷണം മാത്രം മതിയാകും. നബി തിരുമേനിയുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരിക്കുമെന്ന് ആയിഷാ ബീവി പറയുന്നുണ്ട്. ഒരർത്ഥത്തിൽ പറഞ്ഞാൽ തന്റെ ദൗത്യം വിജയിപ്പിക്കുന്നതിലും നീക്കങ്ങൾ ഫലപ്രദമാക്കുന്നതിലും ആ പുഞ്ചിരിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. ഒരു ചെറുപുഞ്ചിരികൊണ്ട് അവിടുന്ന് വിപ്ലവം തീര്‍ത്തു. ജാരവൃത്തിക്ക് അനുമതി തേടി തിരുസവിധത്തിലെത്തിയ അപരിഷ്കൃതനെ മന്ദഹാസം തൂകി സ്വീകരിച്ച് ആലിംഗനം ചെയ്ത് സാരോപദേശം ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ മാറ്റം മാത്രം മതി പുഞ്ചിരിയുടെ മാനസിക വിപ്ലവം മനസ്സിലാക്കാന്‍. തബൂക്ക് യുദ്ധത്തിൽ കാരണമൊന്നുമില്ലാതെ പങ്കെടുക്കാതിരുന്ന വിഷയത്തിൽ തൽക്കാലം ചെറിയൊരു കളവ് പറഞ്ഞുകൊണ്ട് രക്ഷപ്പെടാം എന്നു കരുതിയ കഅ്ബ് ബിനു മാലിക്കിന്റെ ചരിത്രം മറ്റൊരുദാഹരണമാണ്. പുഞ്ചിരി നിറഞ്ഞ് ജാജ്വല്യമാനമായ ആ മുഖകമലത്തേക്ക് നോക്കിയപ്പോൾ മനസ്സിൽ തട്ടിക്കൂട്ടിയ കള്ളം പോലും കൈവിട്ടുപോയി എന്ന് അദ്ദേഹം പറയുന്നു. നേരത്തെ ഈ കേസിൽ ഉള്ള തൻ്റെ അനിഷ്ടം നബി തിരുമേനി വ്യക്തമാക്കിയതും ചിരിയിലൂടെയായിരുന്നു. കോപം കലർന്ന ഒരു പുഞ്ചിരിയിലൂടെ.



റസൂലിൻറെ സ്വഭാവ വൈശിഷ്ട്യത്തിന്റെ അടിസ്ഥാനം തന്നെ പുഞ്ചിരിക്കാൻ ഉള്ള ഈ ശേഷിയായിരുന്നു. റസൂല്‍(സ) ക്രോധത്തോടെയാണ് പെരുമാറിയിരുന്നതെങ്കില്‍ കാര്യമെന്താകുമായിരുന്നു. വിശുദ്ധഖുര്‍ആന്‍ അക്കാര്യം ഇങ്ങനെ പറയുന്നത് കാണാം: 'താങ്കള്‍ പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ സവിധത്തില്‍ നിന്നും ഓടിയകലുമായിരുന്നു’ (ആലുഇംറാന്‍/159).
പ്രവാചകര്‍(സ്വ)ക്ക് മുഖപ്രസന്നതയില്ലാത്ത നേരമില്ലായിരുന്നു. അതോടൊപ്പം ചിരിയുടെ കാര്യത്തിലും അവിടുത്തേക്ക് ചിട്ടയും ചട്ടങ്ങളുമുണ്ടായിരുന്നു. അത് ഏത് അനുഗ്രഹത്തിന്റെ കാര്യത്തിലും അനിവാര്യമാണ്. അല്ലാഹു തന്ന അനുഗ്രഹങ്ങളെ വാരി വലിച്ചിടുകയും അവസരത്തിലും അനവസരത്തിലും പ്രയോഗിക്കുകയും ചെയ്യുന്നത് അതിൻ്റെ വില കളയും. ആവശ്യത്തിനല്ലാതെ റസൂല്‍(സ) ചിരിക്കാറില്ലായിരുന്നു. ഒരിക്കലും അവിടന്ന് പൊട്ടിച്ചിരിച്ചിരുന്നില്ല.



പുഞ്ചിരിക്ക് ഒരുപാട് സ്വാധീനങ്ങൾ ഉണ്ട് അത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ തിളക്കമുള്ളതും ആകർഷകമൂം ആക്കി തീർക്കുന്നു. അവയിൽ ഒന്നാണ് ആകര്‍ഷകത്വം.
സദാ പുഞ്ചിരിതൂകുന്ന വ്യക്തികളിലേക്ക് ഏവരും ആകര്‍ഷിക്കപ്പെടുന്നു എന്നത് നമ്മുടെ അനുഭവമാണ്. മുഖത്ത് പുഞ്ചിരി വിരിഞ്ഞ് നില്‍ക്കുന്ന ആളുകളെ കൂടുതല്‍ അറിയാന്‍ നമുക്ക് താല്‍പര്യമുണ്ടാവാറുണ്ടല്ലോ. പുഞ്ചിരിക്കാത്ത കൂനി കൂടിയ മുഖം നമ്മെ ജനങ്ങളില്‍ നിന്ന് അകറ്റുകയേ ഉള്ളൂ. മറ്റൊന്ന് അത് നമ്മുടെ മനോഭാവത്തിൽ ഉണ്ടാക്കുന്ന അനുകൂലമായ മാറ്റമാണ്. ഏത് സമയവും കടന്ന് വരുന്ന ദുഷ്ടനാണ് കോപവും മനോവ്യഥയും. അത്തരം ദുശിച്ച മനോഭാവങ്ങളെ ഇല്ലാതാക്കാന്‍ പുഞ്ചിരിക്ക് കഴിയും. ഒരുപക്ഷെ ചിലപ്പോള്‍ നമുക്ക് പ്രകൃത്യാതന്നെ പുഞ്ചിരിക്കാന്‍ സാധിക്കുന്നില്ലന്ന് കരുതുക. എങ്കില്‍ പോലും കൃത്രിമമായ പുഞ്ചിരി സൃഷ്ടിക്കുന്നത് നമ്മുടെ മനോനിലയില്‍ മാറ്റം വരുന്നതാണ്. അതിലൂടെ മാനസികമായ പിരിമുറുക്കവും മ്ലാനതയും ഇല്ലാതാക്കാനും മുഖത്തിൻെറ പ്രസന്ന ഭാവം കൈവരിക്കാനും കഴിയും. മറ്റൊരു നേട്ടം വ്യക്തി ബന്ധങ്ങളെ നന്നാക്കുന്നു എന്നതാണ്.
ആകര്‍ഷണീയ വ്യക്തിത്വത്തിൻെറ ഉടമകളാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പുഞ്ചിരി. സദാ പുഞ്ചിരിച്ചവരിലേക്ക് തേനീച്ചകള്‍ പുഷ്പത്തിലേക്ക് എന്ന പോലെ ആഘര്‍ഷിക്കുന്നു. ഒരാള്‍ പുഞ്ചിരിക്കുമ്പേള്‍ അയാളുടെ ചുറ്റുവട്ടം ഒരു പ്രകാശം തെളിയുന്നു. അത് മറ്റുള്ളവരുടെ മനോഭാവത്തെ മാറ്റിമറിക്കുന്നു. ദേഷ്യം പിടിച്ച് വരുന്ന ഒരാളോട് ഒന്ന് പുഞ്ചിരിച്ച് സംസാരിച്ചാൽ അയാളുടെ കോപം കെട്ടടങ്ങുന്നതു കാണാം. സ്വന്തം മനക്ലേശങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഒരു മാർഗ്ഗമാണ് പുഞ്ചിരി. ഒപ്പം തന്നെ ക്ഷീണം, അവശത, പരവശത എന്നിവയില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ പുഞ്ചിരി നമ്മെ സഹായിക്കുന്നു. പുഞ്ചിരി വെറും ചുണ്ടിന്റെയോ മുഖത്തിന്റെയോ പ്രവർത്തനമല്ല. മറിച്ച് അത് മനസ്സിൻ്റെ കൂടി പങ്കാളിത്തമുള്ള കാര്യമാണ്. പുഞ്ചിരിക്കുമ്പോൾ അതിന് കാരണമാകുന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ചിന്ത മനസ്സിലും ഒപ്പം തന്നെ ഉടലെടുക്കുന്നുണ്ട്. അതുകൊണ്ട് ചിരിയിൽ ആവാഹിക്കുന്ന അതേ സന്തോഷവും പുളകവും ബുദ്ധിയെയും സ്പർശിക്കുന്നു. അതുകൊണ്ടാണ് പുഞ്ചിരിക്കുമ്പോൾ മനോവിഷമങ്ങൾ പടിയിറങ്ങിപ്പോകും എന്നു പറയുന്നത്.



പുഞ്ചിരിയുടെ മറ്റൊരു നേട്ടമാണ് രോഗപ്രതിരോധം. ചാർലി ചാപ്ലിന്റെ ചടുലമായ ഫലിതങ്ങൾ കാണിച്ചുകൊടുത്തു കഠിനമായ മനോവിഷമം അനുഭവിക്കുന്ന ഒരു രോഗിയെ ചികിത്സിച്ചു ഭേതപ്പെടുത്തിയ കഥ യൂറോപ്പിൽ നിന്ന് വന്നിരുന്നു. പുഞ്ചിരിക്കുമ്പോൾ ശരീരം ഉല്പാദിപ്പിക്കുന്ന വ്യത്യസ്ത ഹോർമോണുകളുടെ സാന്നിധ്യമാണ് അതിൻ്റെ കാരണം എന്നാണ് ശാസ്ത്രീയമായ വിശദീകരണം. പുഞ്ചിരി ഏറ്റവും വേഗതയിൽ ചികിത്സിക്കുന്ന രോഗം രക്തസമ്മർദ്ദം ആണ് കഠിനമായ രക്തസമ്മർദ്ദത്തിന് നിഷ്കളങ്കമായി പുഞ്ചിരിക്കുവാൻ കഴിയുന്നവർ വിധേയരാകുന്നില്ല എന്ന് ശരീര ശാസ്ത്രത്തിൽ നിരീക്ഷണം ഉണ്ട്. ഒപ്പം തന്നെ പുഞ്ചിരി ഒരു ഒന്നാം തരം വേദനസംഹാരിയുമാണ്. അല്‍പ നേരത്തേക്കെങ്കിലും നമ്മുടെ വേദനകളെ ഇല്ലാതാക്കുവാനും ആശ്വാസം നേടാനും പുഞ്ചിരിക്ക് കഴിയുന്നു. മറ്റൊരു നിരീക്ഷണം
യുവത്വം നിലനിര്‍ത്തുന്നു എന്നതാണ്.
പുഞ്ചിരിക്കുമ്പോള്‍ ശരീരത്തിലെ അനേകം പേശികള്‍ പ്രവര്‍ത്തനനിരതമാവുന്നു. അത് നമ്മുടെ യുവത്വത്തിൻെറ പ്രസരിപ്പ് എന്നുമെന്നും നിലനിര്‍ത്താന്‍ സഹായകമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരം ഗുണങ്ങളും ഫലങ്ങളുമെല്ലാം പുഞ്ചിരിയിലൂടെ മനുഷ്യൻ സ്വായത്തമാക്കുന്നതിനാൽ അവർക്ക് രണ്ട് നേട്ടങ്ങൾ കൂടി ഉണ്ടാകും. ഒന്ന്, അവർക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നു എന്നതാണ്. പുഞ്ചിരിക്കുന്ന മുഖഭാവമുള്ള ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരാൻ കഴിയുന്നവരും ആയിരിക്കും. മറ്റൊന്ന് അവർക്ക് ഏതു കാര്യത്തെയും പോസിറ്റീവ് ആയി എടുക്കുവാൻ കഴിയും. മുഖത്തെ പുഞ്ചിരിഭാവം നിലനിര്‍ത്തികെണ്ട് നെഗറ്റീവായ കാര്യങ്ങള്‍ ചിന്തിക്കുക സാധ്യമല്ല. നമ്മുടെ എല്ലാ വിജയത്തിൻെറയും അടിസ്ഥാനം ഈ പോസിറ്റിവ് മനോഭാവമാണ്. അതിനാല്‍ പുഞ്ചിരിക്കുക. ആരോഗ്യം നിലനിര്‍ത്തുക. ഇതുകൊണ്ടെല്ലാമാണ് നബി (സ) ഒരു മഹത്തായ ദാനമാണ് പുഞ്ചിരി എന്നു പറഞ്ഞത്.
o









0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso