അവളെ കല്ലെറിയരുത്..
29-06-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
പ്രശ്നം അല്പം സങ്കീർണമാണ്. മറ്റൊന്നുമല്ല, വിവാഹം കഴിഞ്ഞ് ആറാം മാസത്തിൽ ഒരു സ്ത്രീ പ്രസവിച്ചിരിക്കുന്നു. പ്രസവത്തിന്റെ വേദനയെക്കാൾ വലിയ വേദനയാണ് അവൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് എന്നാൽ തന്നോട് ആരും ഒന്നും പറയുന്നില്ല. ഒന്നും ചോദിക്കുന്നില്ല. എല്ലാവരും അർത്ഥമുള്ള മുന വെച്ച ഒരു നോട്ടത്തിൽ കാര്യങ്ങൾ ഒതുക്കുകയാണ്. പക്ഷേ ആറുമാസങ്ങൾക്ക് മുമ്പ് അവളെ ജീവിതപങ്കാളിയായി ഒപ്പം കൂട്ടിയ ആൾക്കും അയാളുടെ ബന്ധുക്കൾക്കും അത് അങ്ങനെ വിട്ടുകൊടുക്കാൻ കഴിയില്ല. ഒരർത്ഥത്തിൽ അവരുടെ അഭിമാനത്തിന് ക്ഷതം ഏറ്റിരിക്കുകയാണ്. പ്രസവം സാധാരണ പ്രസവം ആയിരുന്നു. പക്ഷേ കുട്ടി ജീവിച്ചിരിപ്പുണ്ട്. നല്ല ആരോഗ്യമുള്ള കുട്ടി. കുട്ടിക്ക് കുഴപ്പമൊന്നുമില്ല എന്ന് കണ്ടപ്പോൾ എല്ലാവരും അടക്കം പറഞ്ഞു. അവൾ വേലി ചാടിയതാണ് എന്ന്. അഥവാ വിവാഹേതര ലൈംഗികബന്ധത്തിന് അവൾ വിധേയ ആയിരുന്നു, അതിൽ ഉണ്ടായതാണ് ഈ കുട്ടി എന്ന്. പക്ഷേ അങ്ങനെ പറയുന്നവർക്ക് ഒന്നും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. കാരണം തീരുമാനം എടുക്കേണ്ടത് നിയമസംവിധാനമാണ്. നിയമസംവിധാനത്തിന്റെ നേതൃത്വം വഹിക്കുന്നതാകട്ടെ ഭരണാധികാരി തന്നെയാണ്. പിന്നെ ആകെയുള്ള ഒരാശ്വാസം ഈ ഭരണാധികാരി നീതിമാനാണ് എന്നതാണ്. അതുകൊണ്ട് കേസ് ഭരണാധികാരിയുടെ സമക്ഷം സമർപ്പിക്കപ്പെട്ടു. ഖലീഫ ഉമർ ബിൻ അൽ ഖത്താബ് (റ) കേസ് വിചാരണക്കെടുത്തു. പ്രഥമ ദൃഷ്ട്യാ അദ്ദേഹം കുഴഞ്ഞു പോയി. വിചാരണയിൽ വ്യക്തമായത് അവൾ അങ്ങനെ അസാന്മാർഗികമായി ജീവിക്കുന്ന ആളല്ല എന്നതാണ്. അങ്ങനെ ഒന്നു ഉണ്ടായിട്ടില്ല എന്ന് അവൾ തീർത്തു പറയുന്നുമുണ്ട്. അവളെ അവിശ്വസിക്കുവാൻ ന്യായമൊന്നുമില്ല താനും. സങ്കീർണമായ വിഷയങ്ങൾ വരുമ്പോൾ ഖലീഫ അങ്ങനെയാണ്. മുതിർന്ന സഹാബികളുമായി കൂടിയാലോചന നടത്തും. പലരുമായും കൂടിയാലോചന നടത്തിയെങ്കിലും തുടക്കത്തിൽ ആർക്കും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. അവസാനം ഇബ്നു അബ്ബാസ്(റ)യുടെ മുമ്പിൽ എത്തി വിഷയം. അദ്ദേഹം വിശുദ്ധ ഖുർആനിൽ ഏറ്റവും വലിയ പാണ്ഡിത്യം ഉള്ള ആളായിരുന്നു. വിശുദ്ധ ഖുർആനിൽ നോക്കി എൻ്റെ കളഞ്ഞുപോയ ഒട്ടകത്തെ ഞാൻ കണ്ടുപിടിക്കും എന്ന് പോലും പറഞ്ഞിട്ടുള്ള ജ്ഞാന സാഗരം. അദ്ദേഹം പറഞ്ഞു: അവളെ തെറ്റിദ്ധരിക്കേണ്ട യാതൊരു ന്യായവുമില്ല വിവാഹം കഴിഞ്ഞ് ആറുമാസം ആയതിനുശേഷം ആണ് അവൾ പ്രസവിച്ചിരിക്കുന്നത് അതുകൊണ്ട് അവളെ വിവാഹം ചെയ്ത ആളുടെ ഗർഭവും കുട്ടിയും തന്നെയാണ് അത് കാരണം ഗർഭത്തിൻറെ ഏറ്റവും കുറഞ്ഞ പ്രായം ആറുമാസമാണ്. അതായത്, നിയമപ്രകാരം ഗർഭം ധരിച്ചതിനുശേഷം ആറുമാസം തികഞ്ഞ് ജീവനും ആരോഗ്യവും ഉള്ള ഒരു കുട്ടിയെ പ്രസവിക്കുക എന്നത് സാദ്ധ്യം തന്നെയാണ് എന്ന് ചുരുക്കം. അത് അദ്ദേഹം തെളിയിച്ചത് വിശുദ്ധ ഖുർആനിൻറെ സൂക്തങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. അദ്ദേഹം അതിനെ ആശ്രയിച്ച വഴി ഇങ്ങനെയാണ്.
അഥവാ സൂറത്തുല്‍ ബഖറയിലെ 233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുൽ ബഖറയിൽ അല്ലാഹു പറയുന്നു: ഉമ്മമാര്‍ ശിശുക്കള്‍ക്ക് രണ്ടു പൂര്‍ണ വര്‍ഷം മുലപ്പാല്‍ നല്‍കണം. മുലകുടി പൂര്‍ത്തീകരിക്കണമെന്നുദ്ദേശിക്കുന്നവര്‍ക്കാണിത്. ഈ സൂക്തത്തിൽ നിന്നും കുട്ടിക്ക് പൂർണ്ണമായ മുലപ്പാൽ നൽകേണ്ട കാലം രണ്ടു വയസ്സാണ് എന്ന് വ്യക്തമാകുന്നു. ഇനി സൂറത്തുൽ അഹ്ഖാഫിൻ്റെ പതിനഞ്ചാം സൂക്തത്തിൽ അല്ലാഹു ഇങ്ങനെ പറയുന്നു: മാതാപിതാക്കളോട് ഉദാത്തസമീപനം പുലര്‍ത്തണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചു. പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നതും പ്രസവിച്ചതും. അവന്റെ ഗര്‍ഭധാരണവും മുലയൂട്ടല്‍ വിരാമവും മുപ്പതു മാസമാണ്. അപ്പോൾ ആദ്യത്തെ സൂക്തത്തിൽ പറഞ്ഞ രണ്ടു വർഷം എന്നത് മൊത്തത്തിൽ 24 മാസമായി തീരുന്നു. രണ്ടാമത് പറഞ്ഞ ആയത്തിൽ ഗർഭധാരണവും മുലയൂട്ടൽ കാലവും 30 മാസമാണ് എന്ന് പറയുമ്പോൾ ആ 30 ൽ നേരത്തെ പറഞ്ഞ 24 മാസം കിഴിച്ചാൽ കിട്ടുന്ന 6 മാസമാണ് ഗർഭകാലം എന്ന് വ്യക്തമാകുന്നു. അപ്പോൾ ജീവനും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറുമാസമാണ്. ഇങ്ങനെയാണ് ഇബ്നു അബ്ബാസ് ഈ പ്രശ്നത്തിന് തീർപ്പ് കൽപ്പിച്ചത് അനുസരിച്ച് ഖലീഫ വിധിക്കുകയും ചെയ്തു. ഭരണാധികാരിയായ ഉമര്‍(റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ കല്‍പിക്കുകയും ചെയ്തു. (ഇമാം സുയൂത്തി തന്റെ ദുര്‍റുല്‍ മന്‍സൂറിൽ നിവേദനം ചെയ്തത്.) മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ (റ) യുടെ കാലത്തും ഇതിനു സമാനമായ ഒരു പ്രശ്നമുണ്ടായി. അന്ന് ഖലീഫ വ്യഭിചാര കുറ്റത്തിന് ആ സ്ത്രീക്കെതിരെ ശിക്ഷ വിധിക്കുക പോലും ചെയ്തിരുന്നു. വിഷയം അറിഞ്ഞ് അതിൽ ഇടപെട്ടത് അലി(റ) ആയിരുന്നു നേരത്തെ പറഞ്ഞ അതേ ആയത്തുകൾ വച്ചുതന്നെയായിരുന്നു അലി ബിൻ അബീത്വാലിബ്(റ) പ്രശ്നത്തിൽ ഇടപെട്ടത്. ഇമാം മാലികിന്റെ മുവത്വയിൽ ഈ സംഭവം പറയുന്നുണ്ട്.
ശാസ്ത്രത്തിൻ്റെയും സാങ്കേതികതയുടെയും ഒരു സഹായവും ഉണ്ടായിരുന്നില്ലാത്ത കാലത്ത് വിശുദ്ധ ഖുർആനിലെ സൂചനകൾ മാത്രം ആധാരമാക്കി ആണ് സഹാബിമാർ ഇത്രയും വലിയ ഒരു ശാസ്ത്ര സത്യം കണ്ടെത്തിയത്. ആ കാലഘട്ടത്തിൽ പക്ഷേ ശാസ്ത്രം, നാട്ടറിവുകൾ, പൊതു അറിവുകൾ തുടങ്ങിയവയെക്കാൾ എല്ലാം അവർക്കിടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നത് വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾക്കു തന്നെയായിരുന്നു. ആ പ്രാധാന്യം കൽപ്പിക്കാൻ മാത്രം വലിയ വിശ്വാസികൾ ആയിരുന്നു അവർ. അതുകൊണ്ടുതന്നെ പിൽക്കാലത്ത് മത നിയമങ്ങൾ ഗ്രന്ഥങ്ങളായി മാറിയപ്പോഴും അവയിലെ കർമ്മ ശാസ്ത്ര ഭാഗങ്ങൾ മദ്ഹബുകൾ ആയി മാറിയപ്പോഴും എല്ലാം ഈ കണക്ക് നിലനിൽക്കുകയും ചെയ്തു. കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും വിധികളിലും കുറഞ്ഞ ഗർഭകാലം ആറുമാസമാണ് എന്ന് നമുക്ക് കാണാം. ഈ വിഷയത്തിൽ വിവിധ മദ്ഹബുകൾക്കിടയിൽ പോലും അഭിപ്രായ വ്യത്യാസമില്ല. ഇങ്ങനെ മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഈ വിഷയത്തിലുള്ള ആധുനിക ശാസ്ത്രത്തിൻറെ വിവരണങ്ങൾ താഴെപ്പറയുന്ന രൂപത്തിലാണ്. ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ വിവരിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുവിൻ്റെ ജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. ഇൻക്യൂബേറ്റർ തുടങ്ങിയ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.
ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതു മുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ആ നിഗമനത്തോട് മഹാഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും ഇനിയും യോജിച്ചിട്ടില്ല. പരീക്ഷണ നിരീക്ഷണങ്ങൾ വേണ്ടവിധത്തിൽ നടത്തി ഉറപ്പാക്കുന്നതിന് മുമ്പ് അവർക്ക് അതിനോട് അങ്ങനെ യോജിക്കാൻ പ്രയാസമുണ്ട്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമായി ഉയരുകയാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയിലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇതും ഖുർആൻ പറഞ്ഞതിനെ സത്യവൽക്കരിക്കുന്നു. രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്.
ഇനി നമുക്ക് അടുത്ത ചുവട് വെക്കാം. അതായത് ഈ ഭ്രൂണം എങ്ങനെയാണ് അല്ലാഹു സുരക്ഷിതമായി വളർത്തുന്നത് എന്നത്. അവിടെയും ഖുർആനിൽ ഒരു അത്ഭുതം ഉണ്ട്. എന്തെന്നാൽ നിങ്ങളുടെ ഭ്രൂണങ്ങൾ വളർത്തപ്പെടുന്നത് മൂന്ന് ഇരുട്ടുകളിലാണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നു. അല്ലാഹു പറയുന്നു:
'അവൻ നിങ്ങളെ, നിങ്ങളുടെ മതാവിൻ്റെ ഉദരങ്ങളിൽ, ഘട്ടങ്ങളായി,
ഒന്നിനുപുറകെ ഒന്നായി, മൂന്ന് അന്ധകാരങ്ങളിൽ സൃഷ്ടിക്കുന്നു' (39:6). ഖുർആൻ അവതരണമാകുന്ന കാലത്ത് ഗർഭാശയത്തിന് ഉള്ളിൽ ഉള്ള പ്രവർത്തനങ്ങളോ അവയവങ്ങളോ ഒന്നും കാണാനോ അറിയാനോ പഠിക്കുവാനോ പഠിപ്പിക്കുവാനോ മാർഗം ഉണ്ടായിരുന്നില്ല. അത്തരം ഒരു കാലത്താണ് അല്ലാഹു വളരെ സുരക്ഷിതമായ ഒരു സ്ഥലത്ത് മൂന്ന് അറകൾക്കുള്ളിൽ ഭ്രൂണത്തെ സംരക്ഷിച്ചു വളർത്തുന്നു എന്ന് പറയുന്നത്. അത് അങ്ങനെ സംരക്ഷിക്കേണ്ടത് അനിവാര്യം തന്നെയാണ്. കാരണം, മാതാവിൻ്റെ ഉദരത്തിലെ ഗര്ഭപിണ്ഡം ദുർബലമായ ഒരു വസ്തുവാണ്. ഇത് നന്നായി സംരക്ഷിച്ചില്ലെങ്കിൽ, ചൂട്, തണുപ്പ്, താപനില വ്യതിയാനങ്ങൾ, ആഘാതങ്ങൾ അല്ലെങ്കിൽ മാതാവിൻ്റെ പെട്ടെന്നുള്ള ചലനം തുടങ്ങിയവ അതിനെ അപകടപ്പെടുത്തുകയോ മറ്റോ ചെയ്തേക്കാം. ആ അപകടം ഉണ്ടാകാതിരിക്കുവാൻ അല്ലാഹു ചെയ്തു വെച്ചിരിക്കുന്ന ഒരു സംവിധാനമാണ് ഗർഭപാത്രത്തിനുള്ളിലെ മൂന്ന് സോണുകൾ. അവ ഗർഭപിണ്ഡത്തെ എല്ലാത്തരം അപകടങ്ങളില് നിന്നും സംരക്ഷിക്കുന്നു. അവ ഇവയാണ്: 1- ഉദരഭിത്തി, 2- ഗർഭാശയഭിത്തി, 3- അമ്നിയോട്ടിക് സഞ്ചി. അന്നത്തെ അറിവിൻ്റെ നിലവാരം അനുസരിച്ച്, ഈ വിവരങ്ങൾ ലഭ്യമാകില്ലായിരുന്നു. ഈ മൂന്ന് മേഖലകളിലെയും ഇരുട്ടിലാണ് ഗർഭപിണ്ഡം വികസിക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്നാമത് പറഞ്ഞ അമ്നിയോട്ടിക്ക് സഞ്ചിയാണ്. അത് നിർവഹിക്കുന്ന ദൗത്യം അറിയുമ്പോൾ സൃഷ്ടാവിന്റെ സൃഷ്ടി മഹാത്മ്യവും അവനോട് നാം എത്രമാത്രം അതിനെ നന്ദി കാണിക്കേണ്ടവരാണ് എന്ന വസ്തുതയും എല്ലാം നമുക്ക് ബോധ്യമാകും. അമ്നിയോട്ടിക് സഞ്ചിയിൽ അമ്നിയോൺ നിറയ്ക്കുന്ന ഒരു ദ്രാവകം അടങ്ങിയിട്ടുണ്ട്, ഇത് ഭ്രൂണത്തെ നിർജ്ജലീകരണത്തിൽ നിന്നും ഞെട്ടലിൽ നിന്നും സംരക്ഷിക്കുന്നു. ഈ പദാർത്ഥം ഒരു തരം തലയണയാണ്, അത് ആഘാതങ്ങളെ ആഗിരണം ചെയ്യുകയും സമ്മർദ്ദത്തെ സന്തുലിതമാക്കുകയും അമ്നിയോട്ടിക് മെംബ്രൺ ഭ്രൂണത്തോട് ചേർന്നുനിൽക്കുന്നത് തടയുകയും ഗർഭാശയത്തിലെ സ്ഥാനം മാറ്റാൻ ഗർഭപിണ്ഡത്തെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രസ്തുത ദ്രാവകത്തിൽ ഗർഭപിണ്ഡത്തിന് എളുപ്പത്തിൽ ചലിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ഒരു മാംസപിണ്ഡമായി നിഷ്ക്രിയമായി തുടരുകയും വിവിധ സങ്കീർണതകളിലേക്ക് നയിക്കുന്ന പരിക്കുകൾ ഉണ്ടാകുകയും ചെയ്യും. താപത്തിൻ്റെ തുല്യ വിതരണം ഗർഭപിണ്ഡത്തെ സ്ഥിരമായ ഊഷ്മാവില് നിലനിറുത്തുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. റിഥം ഗുപ്ത / ഗർഭപാത്രത്തിനുള്ളിൽ മാസംതോറും കുഞ്ഞിൻ്റെ വളർച്ച / https://excelivf.com/growth-of-baby-month-by-month-inside-the-womb/
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso