Thoughts & Arts
Image

ജമാഅത്തിൻ്റെ ഒളിസേവകൾ

29-06-2024

Web Design

15 Comments

മുഹമ്മദ് തയ്യിൽ




പണ്ട് നാട്ടിക ഉസ്താദ് പറയുമായിരുന്ന ആ കഥ വീണ്ടും ഓർമ്മയിൽ തെളിയുന്നു. കഥ ഇതാണ്. രണ്ടു അന്ധന്മാർ ജീവിത സന്ധാരണത്തിനു വേണ്ടി എന്തെങ്കിലും കയ്യിൽ തടയുമോ എന്ന് കരുതി രാവിലെ ഇറങ്ങിയതായിരുന്നു. രണ്ടുപേരും തോളോട് തോൾ ചേർന്ന് പരസ്പരം തമാശകളൊക്കെ പറഞ്ഞു ഉല്ലാസത്തോട് കൂടെയാണ് പോകുന്നത്. അവരുടെ ആ സന്തോഷവും ആത്മാർത്ഥമായ ബന്ധവും കണ്ട് അസ്വസ്ഥനും അസൂയാലുവും ആയി തീർന്ന ഒരു വിദ്വാൻ അവരെ സമീപിക്കുകയാണ്. കുശലാന്വേഷണങ്ങൾ ഒക്കെ നടത്തി അവരിലേക്ക് കടന്നു കയറിയ ടിയാൻ ഇങ്ങനെ പറഞ്ഞു: 'ഏതായാലും ഇന്ന് രാവിലെ തന്നെ നിങ്ങളെ കണ്ടുമുട്ടിയത് വലിയ ഭാഗ്യവും സന്തോഷവുമാണ്. പക്ഷേ എൻ്റെ കയ്യിൽ ചില്ലറ ഇല്ലല്ലോ, ആയതുകൊണ്ട് ഇതാ ഇത് രണ്ടുപേരും കൂടി ഭാഗിച്ചെടുത്തോളൂ'. രണ്ടുപേരും ഒപ്പം ശരി എന്നു പറഞ്ഞു. അവർ മുന്നോട്ടും വിരുതൻ കക്ഷി തന്റെ വഴിയിലേക്കും തിരിഞ്ഞു. അന്ധന്മാരിൽ ഒരാൾ വിചാരിച്ചത് മറ്റേയാളുടെ കയ്യിൽ അയാൾ തുക കൊടുത്തു എന്നാണ്. ഇയാളും അങ്ങനെ തന്നെയാണ് വിചാരിച്ചത്. കുറച്ചു കഴിഞ്ഞ് കൂട്ടത്തിൽ ഒരാൾ അപരനോട് ചോദിച്ചു: 'എത്രയാ അയാൾ തന്നത്?' ചോദ്യം കേട്ട് അന്ധാളിപ്പോടെ അയാൾ തിരിച്ചു ചോദിച്ചു: 'നിൻ്റെ കയ്യിലല്ലേ തന്നത്, പിന്നെ എന്താ എന്നോട് ചോദിക്കുന്നത്?' അയാളും അന്ധാളിച്ചു: 'എൻ്റെ കയ്യിലോ, താൻ അങ്ങനെ നമ്പറൊന്നും ഇറക്കേണ്ട, കിട്ടിയത് സ്വന്തമായി തട്ടിയെടുക്കാൻ എന്നൊന്നും താൻ സ്വപ്നം കാണേണ്ട' അത് പറയുമ്പോൾ അയാളുടെ സ്വരം ഉയർന്നിരുന്നു. അത് സഹിക്കാൻ മറ്റേയാൾക്കും കഴിയുമായിരുന്നില്ല. അതിനാൽ അയാൾ ഇങ്ങോട്ടും തട്ടിക്കയറി. ചുരുക്കിപ്പറഞ്ഞാൽ 100 അടി വെക്കുന്നതിന് മുമ്പ് രണ്ടു പേരും തമ്മിൽ തല്ലിപ്പിരിഞ്ഞു. ഇതാണ് കഥ ഈ കഥ അദ്ദേഹം പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം വിശദീകരിക്കുന്നിടത്താണ് എന്നത് കൊണ്ടാണ് ഈ കഥ നാം കടമെടുക്കുന്നത്. ഈയിടെ കഴിഞ്ഞ ഒരു ലക്കം പ്രബോധനം വാരികയിൽ കവർസ്റ്റോറിൽ എന്ന മട്ടിൽ വെണ്ടക്ക നിരത്തിയ ആ വാചകങ്ങൾ കാണുമ്പോൾ ഈ കഥ ഓർമ്മ വരാതിരിക്കില്ല. അതിൽ അവരുടെ ഒരു പ്രധാനപ്പെട്ട എഴുത്തുകാരൻ തലക്കെട്ടായി എഴുതിയിരിക്കുന്നത് 'സമസ്തയിൽ വീണ്ടും രാഷ്ട്രീയ മോഹം തളിരിടുമ്പോൾ' എന്നാണ്. ആ ഹെഡ്ഡിംഗ് മാത്രം മതി അവരുടെ യഥാർത്ഥ ഉള്ളിലിരുപ്പ് മനസ്സിലാക്കുവാൻ.



ഇതു പ്രസിദ്ധീകരിച്ച സമയത്തെ പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴാണ് നമുക്ക് ഇങ്ങനെയൊക്കെ അതിനെ വ്യാഖ്യാനിക്കാൻ കഴിയുക. കാരണം അത് ലോകസഭ തെരഞ്ഞെടുപ്പിന്റെ ഏതാണ്ട് തൊട്ടുമുമ്പുള്ള ആഴ്ചയിലായിരുന്നു. അപ്പോൾ തങ്ങളുടെ ചൂണ്ടയിൽ എത്രപേർ കൊത്തും എന്നൊന്നും അവർക്ക് ധാരണ ഉണ്ടായിരുന്നില്ല. കയ്യും കണക്കും ഇല്ലാതെ ഒരുപാട് പേർ കൊത്തും എന്ന് അല്ലെങ്കിലും അവർക്ക് ധൈര്യപ്പെടാനും കഴിയില്ല. കാരണം അത് കേരളത്തിലെ സുന്നി സമൂഹം നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്. എന്നാലും വല്ലതും ഒത്തെങ്കിൽ ഒക്കട്ടെ എന്ന നിലയിലാണ് ചൂണ്ട എറിഞ്ഞത്. പക്ഷേ അതൊന്നും നടന്നില്ല. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത അത് ഒരുപാട് വ്യക്തികൾക്കും സമൂഹങ്ങൾക്കും അത് വ്യക്തമായ മറുപടി കൊടുക്കുന്നു എന്നതാണ്. കൂട്ടത്തിൽ അവർക്കും അത് കിട്ടി. അഥവാ അവരുടെ വെണ്ടക്ക ഏശിയതേയില്ല. ഏശിയില്ല എന്നത് അവർക്ക് തന്നെ ബോധ്യപ്പെട്ടു എന്നത് നമ്മുടെ സമാധാനം. അതുകൊണ്ടാണല്ലോ അമീർ തന്നെ സംഗതിയിൽ പശ്ചാത്തപിച്ചത്. ആലങ്കാരികമായി സമസ്തയെ പൊക്കി പറഞ്ഞു കൊണ്ടാണ് കെ ടി ഹുസൈൻ തൻ്റെ എഴുത്ത് തുടങ്ങുന്നത്. അതിനു വേണ്ടി കേരളത്തിലെ ഏറ്റവും വലിയ മതസംഘടന സമസ്തയാണ് എന്നതിൽ സംശയമില്ല എന്ന് അല്പം സഹിച്ചുകൊണ്ടുതന്നെ കക്ഷി പറയുകയാണ്. തുടർന്ന് വിഷയത്തിന്റെ റെയിലിലേക്ക് കയറുവാൻ പണ്ടത്തെ പരിഷ്കരണ കഥ പറയുന്നുണ്ട്. അത് കേരളം കണ്ട അവാന്തര വിഭാഗങ്ങളൊക്കെ തന്നെയും പാടുന്ന ഒരു പാട്ടാണ്. മുജാഹിദുകളും ഇതേ പാട്ടു തന്നെയാണ് പറയാറുള്ളത്. സമുദായത്തിലെ പരിഷ്കരണ ചിന്തയെ അല്ലെങ്കിൽ നവോത്ഥാന ശ്രമങ്ങളെ തടയിടുക എന്നതായിരുന്നു സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്നതാണത്. അത്ര മാത്രം പറഞ്ഞു നിറുത്തുവാനാണ് അവർക്ക് ആഗ്രഹം എങ്കിലും കാര്യങ്ങൾ അതിനനുവദിക്കാത്ത വിധം പ്രകടമാണല്ലോ. അതിനാൽ അവർ പറയുന്നത് എങ്കിലും അതിൻ്റെ പ്രവർത്തനങ്ങളുമായി സമസ്ത മുന്നോട്ടു പോയപ്പോൾ അടിസ്ഥാന ലക്ഷ്യം കൈയൊഴിഞ്ഞു എങ്കിലും മുസ്ലിം സമുദായത്തിന് പ്രയോജനം ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് കുമ്പസരിക്കുകയാണ് പിന്നെ. മഹല്ലുകളുടെ സംസ്കരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പ്രാഥമിക മതമദ്രസകൾ, വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ പരിഷ്കരണങ്ങൾ തുടങ്ങിയതെല്ലാം കക്ഷിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ്. അവയെല്ലാം ചെറിയ നിലയിൽ ഒരുപാട് സാഹസപ്പെട്ട് ആണെങ്കിലും കക്ഷി സമ്മതിച്ചു തരുന്നുണ്ട്. തുടർന്നാണ് തൻ്റെ പുതിയ നമ്പർ ഇറക്കാൻ ശ്രമിക്കുന്നത്. സത്യത്തിൽ ജമാഅത്തുകാർക്കും മുജാഹിദുകൾക്കും ഇങ്ങനെ മാത്രമേ അവരുടെ ഇടപെടലുകൾക്ക് ആമുഖം പറയാൻ കഴിയൂ. കാരണം കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി കേരളീയ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന സമസ്തയെ നിരൂപണം ചെയ്യുവാൻ മറ്റൊരു രീതിയും ഫലപ്പെടുകയില്ല. അപ്പോൾ പിന്നെ ഇത്തരക്കാർ പറയുക നവോത്ഥാനത്തിനും പരിഷ്കാരത്തിനും എല്ലാം സമസ്ത എതിരാണ് എന്ന് തന്നെയാണ്. അങ്ങനെ എതിരാണ് എന്ന് പറയുന്നത് സത്യത്തിൽ എതിരായത് കൊണ്ടല്ല, മറിച്ച് തങ്ങളാണ് അല്ലെങ്കിൽ തങ്ങൾ അതിനു വേണ്ടി വന്നതാണ് എന്ന് വരുത്താൻ വേണ്ടി മാത്രമാണ്.



ഒരുപാട് കാലമായി ഇതേ പാട്ടുപാടി നടക്കുന്ന ഇവർ പക്ഷേ തൊട്ടടുത്ത പാരഗ്രാഫിൽ തന്നെ 'എങ്കിലും' എന്നു പറഞ്ഞുകൊണ്ട് സമസ്ത നടപ്പിൽ വരുത്തിയ മഹല്ല് സംസ്കരണം മുതൽ വിദ്യാഭ്യാസ വിപ്ലവങ്ങൾ വരെയുള്ളതിനെ ശ്ലാഖിക്കാതിരിക്കാൻ കഴിയില്ല. കാരണം അത് കണ്ണിനോ മനസ്സിനോ അന്ധത ബാധിച്ചിട്ടുള്ള വർക്ക് പോലും കാണാൻ കഴിയുന്ന പച്ച പരമാർത്ഥമാണ്. കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആത്മീയ മേഖലയിൽ സമസ്ത നിറഞ്ഞു നിൽക്കുന്നുണ്ട് എന്നത് ഒരു അവകാശവാദമല്ല, ആരും സമ്മതിച്ചു തരുന്ന, തരേണ്ടിവരുന്ന ഒരു വസ്തുതയാണ്. സത്യത്തിൽ അവർ പറയുന്ന ഈ കാര്യങ്ങൾ തന്നെ മതി ആദ്യ ആമുഖത്തിൽ അവർ സമസ്തയെ തള്ളിപ്പറയുന്നതിന് മറുപടിയായി. കാരണം ശരിയായ പരിഷ്കരണം, നവോത്ഥാനം എന്നൊക്കെ പറയുന്നത് ഒറ്റയടിക്ക് ഒരു പ്രസംഗമോ ഒരു ലേഖനമോ തട്ടിവിടലാണ് എന്നും നിലവിലുള്ളതിനെ പഴഞ്ചൻ എന്ന് വിളിക്കലാണ് എന്നുമൊക്കെ കരുതിവശായി പോയിരിക്കുകയാണ് ഇവരെല്ലാം. നിലവിലുള്ള സാമൂഹ്യ സംവിധാനങ്ങളെ മറ്റു പല താൽപര്യക്കാരോടും ചേർന്ന് നിന്നുകൊണ്ട് പരിഹസിക്കുന്നു എന്നതല്ലാതെ അവർ ഈ സമുദായത്തിന് വേണ്ടി എന്തു ചെയ്തു എന്നത് അവർക്ക് പോലും ചൂണ്ടിക്കാണിച്ചു തരാൻ കഴിയില്ല. സത്യത്തിൽ പരിഷ്കരണം, നവോത്ഥാനം എന്നൊക്കെ പറഞ്ഞാൽ എന്താണ് എന്ന് ഈ കൂട്ടത്തിൽ ആർക്കും അറിയില്ല എന്നതാണ് വസ്തുത. നവോത്ഥാനം എന്ന് പറഞ്ഞാലും പരിഷ്കരണം എന്ന് പറഞ്ഞാലും അപ്പം മറിച്ചിടുന്ന പോലെ ഒറ്റയടിക്ക് എല്ലാം കീഴ് മേൽ മറിച്ചിട്ട് മേനി നടിക്കലല്ല. മറിച്ച് അത് ശരിയായി ചിന്തിച്ചും ആവിഷ്കരിച്ചും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയും പരമമായി പ്രാർത്ഥിച്ചും മാത്രം ചെയ്യുന്ന ഒരു കാര്യമാണ്. സമസ്ത ചെയ്തതും അതുതന്നെയാണ്. ഒറ്റയടിക്ക് ധൃതിപിടിച്ച് സമസ്ത ഒന്നും നടത്തിയിട്ടില്ല, ഒന്നും നടത്താറില്ല. അങ്ങനെ നടത്തിയാൽ അത് ഈ കൂട്ടരെല്ലാം ഉണ്ടാക്കി വിട്ട സംഗതികൾ പോലെ പെട്ടെന്ന് കെട്ടടങ്ങും. അതിനാൽ ഓരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിനു വേണ്ട എല്ലാ ശ്രദ്ധയും പഠനവും നടത്തിയാണ് സമസ്ത മുന്നോട്ട് പോയിട്ടുള്ളത്. സമസ്തയുടെ മുന്നേറ്റ രേഖ മാത്രം ഒറ്റനോട്ടത്തിൽ കണ്ടാൽ അത് ആർക്കും ബോധ്യമാകുന്നതേയുള്ളൂ. സമസ്ത ജനിക്കുന്നത് ഇസ്ലാമിക സമുദായത്തിനുള്ളിൽ തന്നെ പരിഷ്കാരത്തിന്റെ പൊങ്ങച്ചവും പറഞ്ഞ് പല ഏമാൻമാരും കസേരയിൽ കയറിയിരിക്കുന്ന സമയത്തായിരുന്നു. അവരുടെ ലക്ഷ്യം പതിമൂന്നര നൂറ്റാണ്ടുകളായി സമുദായം പഠിച്ചും ശീലിച്ചും തലമുറകളിലേക്ക് കൈമാറിയും കാത്തുസൂക്ഷിക്കുന്ന വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയെയെല്ലാം പഴഞ്ചനായി കാണുകയും തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാരണത്താൽ അതൊക്കെ ബിദ്അത്തും ളലാലത്തും ആണ് എന്ന് പറയുകയും ചെയ്യുക എന്നതായിരുന്നു.



അതങ്ങനെ പോയാൽ, അല്ലെങ്കിൽ അവരെ അതിനു വിട്ടാൽ ഫലം കെട്ടുറപ്പുള്ള ഒരു സമുദായത്തിന്റെ അടിത്തറകളുടെ തകർച്ചയായിരിക്കും എന്ന് മനസ്സിലാക്കിയ അല്ലെങ്കിൽ മനസ്സിലാക്കാനുള്ള ദിവ്യമായ തൗഫീക്ക് ലഭിച്ച പണ്ഡിതന്മാരും സാദാത്തുക്കളും രൂപീകരിച്ച ഒരു ആദർശ പ്രസ്ഥാനമാണ് സമസ്ത. അത് രംഗത്ത് വന്നതോടു കൂടെ ആദ്യം നേരിട്ടത് ഉൽപതിഷ്ണുക്കളുടെ ഇത്തരം നീക്കങ്ങളെ ആയിരുന്നു. ഏതാനും വർഷങ്ങൾക്കകം അക്കാലം ഏറ്റവും അധികം കൊട്ടിഘോഷിച്ച ഐക്യ സംഘത്തെ വരെ പിടിച്ചു കെട്ടി സമുദായത്തിന്റെ നേതൃസ്ഥാനത്ത് സമസ്ത അവരോധിതമാവുകയായിരുന്നു. അതായത് ആ കാലഘട്ടത്തിൽ സമസ്ത ചെയ്യേണ്ടത് ചെയ്യുകയും അത് വിജയിപ്പിക്കുകയും ചെയ്തു എന്ന് ചുരുക്കം. അതിനിടയിൽ സ്വാതന്ത്ര്യ സമരം ഒരു ഭാഗത്തുണ്ടായിരുന്നു. സ്വാതന്ത്ര്യസമരം ആകട്ടെ ഒരു രാജ്യത്തിലെ ജനതയുടെ മൊത്തം വികാരമായിരുന്നു. അതുകൊണ്ടുതന്നെ സമസ്ത ആ മഹാപ്രവാഹത്തിൽ ചേർന്ന് തങ്ങളുടെ പങ്ക് നിർവഹിക്കുകയായിരുന്നു. അവിടെ സമസ്ത സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, അവിടെ ചെയ്യേണ്ട ശരി നേതൃത്വം നൽകുക എന്നതായിരുന്നില്ല മറിച്ച് രാജ്യത്തിൻ്റെ താൽപര്യത്തോടെ ഒപ്പം നിൽക്കുക എന്നതായിരുന്നു. ആ താൽപര്യങ്ങളിൽ തന്നെ സമസ്ത തന്നെ വഹിക്കേണ്ട താല്പര്യങ്ങൾ കൂടിയുണ്ടായിരുന്നു. അതിൽ മാത്രം സമസ്ത അച്ചടക്കത്തോടെ ഒതുങ്ങി നിൽക്കുകയായിരുന്നു. അതോടൊപ്പം പള്ളികളും ഓത്തുപള്ളികളും ദറസുകളും സ്ഥാപിച്ച തങ്ങളുടെ സ്വന്തം ഇടത്തിൽ സമസ്ത സജീവവുമായിരുന്നു. മറ്റു പലരെയും പോലെ രഹസ്യമായ മത രാഷ്ട്രീയ പ്രവർത്തനത്തിലേക്കൊന്നും സമസ്ത പോയിട്ടില്ല. സമസ്തക്ക് സമസ്തയുടെ പരിഷ്കരണവും നവോത്ഥാനവും ലോകത്തെ എല്ലാ മേഖലയിലും വരുത്താനുള്ളതാരുന്നില്ല. മറിച്ച് സമസ്തയുടെ പരിധിയിലും പരിമിതിയിലും ഒതുങ്ങി നിൽക്കുന്ന വിഷയങ്ങളിൽ കേന്ദ്രീകരിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ഒച്ചയുടെയും ഒപ്പം പോകാതെ തങ്ങളുടെ താൽപര്യങ്ങളിലും കടമകളിലും സമസ്ത ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതുകൊണ്ട് രാജ്യം സ്വാതന്ത്ര്യം നേടി ആദ്യ ദശകം പിന്നിടുമ്പോഴേക്കും സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമുള്ള സംഘടനയായി സമസ്ത മാറി. ഇതെല്ലാം കാണിക്കുന്നതും വരയ്ക്കുന്നതും സമസ്തയുടെ മുന്നേറ്റത്തിൻ്റെ ശരിയും ശാസ്ത്രീയതയും ആണ്.



സമസ്തക്ക് പിന്നീട് സ്വന്തം ദൗത്യമായി വലിയ ഒരു ഉത്തരവാദിത്വം വന്നുചേർന്നത് സ്കൂളുകളിൽ മതപഠനം നിരോധിക്കപ്പെട്ടപ്പോഴായിരുന്നു. അത് സമസ്തക്കാരുടെ മക്കൾക്ക് മാത്രമല്ല നിരോധിക്കപ്പെട്ടിരുന്നത്. എന്നാൽ വിദ്യാഭ്യാസം സംസ്കാരത്തിന്റെയും നവോത്ഥാനത്തിന്റെയും അടിത്തറയാണ് എന്ന് കരുതപ്പെടുന്ന ഒരു ലോകത്ത് ഒരു മദ്രസ പ്രസ്ഥാനത്തിന് രൂപം നൽകുവാൻ ഈ ആൾക്കാർ ഒന്നും ഉണ്ടായിരുന്നില്ല. അതിന് സമസ്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരും മദ്റസകളും മറ്റും സ്ഥാപിച്ചിട്ടുണ്ടല്ലോ എന്നാണ് പറയുന്നത് എങ്കിൽ അതൊക്കെ സമസ്ത രംഗത്ത് വരികയും കാലുറപ്പിക്കുകയും ചെയ്തപ്പോൾ അതിനെ എതിർക്കുക എന്ന അർത്ഥത്തിൽ അസൂയാവഹമായി ഉണ്ടായത് മാത്രമാണ് എന്നാണ് മറുപടി. പ്രാഥമിക മത വിദ്യാഭ്യാസ പദ്ധതിക്ക് സമസ്ത തുടക്കം കുറിച്ചു എന്ന് മാത്രമല്ല പിൽക്കാലത്ത് ഇതേ വഴിയിൽ വന്ന ഓരോരുത്തരെയും പിന്തള്ളി ഇപ്പോഴും സമസ്ത ഈ വേദിയിൽ മുന്നോട്ടു പോവുകയാണ്. അതുകൊണ്ടുതന്നെ കേരളവും കേരളത്തിൻ്റെ സാന്നിധ്യമുള്ള ലോകവും ഇക്കാര്യത്തിൽ സമസ്തയോടൊപ്പം നിൽക്കുന്നു. 1950 കളിൽ ഇതായിരുന്നു സമുദായത്തിന് വേണ്ടിയിരുന്നത്. അതുതന്നെയാണ് സമസ്ത നൽകിയതും. അതേസമയം നിലവിൽ സമസ്ത നേതൃത്വം നൽകിവന്നിരുന്ന മതസ്ഥാപനങ്ങളുടെ ഘടനാപരമായ പരിഷ്കരണം, ദർസുകളെ അറബിക്കോളേജുകൾ ആക്കി ഉയർത്തുക എന്ന ദൗത്യം, ഈ സ്ഥാപനങ്ങളിൽ കാലികവും കാര്യക്ഷമവും ആയ വിദ്യാഭ്യാസം മതപരമായി ഉറപ്പുവരുത്തുക എന്ന ദൗത്യം തുടങ്ങിയതെല്ലാം കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമസ്ത കാലങ്ങളായി നടത്തിവരികയും ചെയ്തു. പിന്നീടാണ് കൃത്യമായി പറഞ്ഞാൽ, 90 കൾക്ക് ശേഷമാണ് ഭൗതിക വിദ്യാഭ്യാസം ഒരു ഭാഗത്ത് അവകാശമായി അംഗീകരിക്കപ്പെടുകയും മറുഭാഗത്ത് സമൂഹത്തിന്റെ ഏറ്റവും അവശ്യമായ ഒരാവശ്യമായി മാറുകയും ചെയ്തത്. ഈ സന്ദർഭത്തിൽ നിലവിലുള്ള വിദ്യാഭ്യാസ ക്രമങ്ങളിൽ പലതിലും മാറ്റം വരുത്തേണ്ടിവന്നു. അതിനെക്കുറിച്ച് ശുചിന്തിതമായി സമസ്ത ആലോചിക്കുകയും ചെയ്തു. ആലോചിച്ചുകൊണ്ട് വളരെ കൃത്യമായ ചുവടുകളിലൂടെ സമസ്ത മുന്നോട്ട് പോവുകയും മത ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സമന്വയ വിദ്യാഭ്യാസ സംരംഭങ്ങൾ നിങ്ങളെക്കാൾ മുൻപേ ഞങ്ങളല്ലേ തുടങ്ങിയത് എന്നൊന്നും വെറുതെ ചോദിച്ച് സമയം കളയണ്ട. നിങ്ങൾ കുറെ അറബി കോളേജുകൾ നടത്തിയിരുന്നു എന്നത് ശരിയാണ്. അത് നിങ്ങൾക്ക് സമൂഹത്തെയും സമുദായത്തെയും അഭിമുഖീകരിക്കുവാൻ കുറച്ചെങ്കിലും ആൾക്കാരെ വേണ്ടേ, മതം ബാഹ്യമായിട്ടെങ്കിലും അറിയുന്നവർ വേണ്ടേ എന്നൊക്കെയുള്ള ചിന്തയിൽ നിന്ന് മാത്രം ഉണ്ടായതായിരുന്നു. അല്ലാഹുവിൻ്റെ ദീനിനെ നിലനിർത്തുക എന്ന നിയ്യത്തോടു കൂടെയോ അല്ലെങ്കിൽ വിവിധ സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ വേണ്ടുന്ന പഠനങ്ങളോ കാഴ്ചപ്പാടുകളോ അടിസ്ഥാനമാക്കിയോ ഉണ്ടായതായിരുന്നില്ല. അതുകൊണ്ടാണ് അതൊന്നും ഇപ്പോഴും വലുതാവാതെ അങ്ങനെ തന്നെ മുരടിച്ചു നിൽക്കുന്നുണ്ട്



അതേസമയം സമസ്ത ഉണ്ടാക്കിയ സംവിധാനങ്ങൾ വളർന്നു പന്തലിച്ചു. ഏതൊരു ഇസ്ലാമിക സമൂഹത്തിനു മുമ്പിലും ഹാജർ പറയാൻ കഴിയുന്ന ശക്തിയും ശേഷിയും ഈ സ്ഥാപനങ്ങൾ നേടുകയും ചെയ്തു. അതിൻ്റെ ദാനങ്ങളിൽ ലോകം മുഴുവനും അഭിമാനിക്കുന്നുണ്ട് എന്നതാണ് വസ്തുത. ലോകത്തിൻ്റെ എല്ലാ വേദികളിലും മീഡിയകളിലും ഇന്ന് സമസ്തയുടെ സ്വന്തം മക്കൾ ഉണ്ട് എന്നത് ആരും കണ്ണടച്ച് ഇരുട്ടാക്കേണ്ട. നൂറാം വാർഷികം ആഘോഷിക്കാൻ വേണ്ടി നിൽക്കുന്ന ഈ സമയത്ത് ഇത്തരത്തിൽ സുചിന്തിതവും പുരോഗമനാത്മകവും ആയ ഒരു ഗ്രാഫ് വരയ്ക്കുവാൻ സമസ്തക്കല്ലാതെ മറ്റാർക്കും കഴിയില്ല. ഗ്രാഫിക്കലായി തകരാത്ത വളർച്ച രേഖപ്പെടുത്തുക എന്നത് ഒരു സംവിധാനത്തിന്റെ കാര്യക്ഷമതയുടെ നിദർശനമാണ്. അതായത് ഒന്നുകൂടി അവരുടെ ഭാഷയിൽ പറഞ്ഞാൽ ശരിയായതും യുക്തിഭദ്രമായതുമായ പുരോഗമനവും പരിഷ്കരണവും നവോത്ഥാനവും എല്ലാം ഇതുതന്നെയാണ്. കുറെ രാഷ്ട്രീയ നേതാക്കൾക്കോ കുറേ പൊതു നേതാക്കൾക്കോ, നിങ്ങളെക്കുറിച്ച് നവോത്ഥാനത്തിന്റെ ആൾക്കാർ എന്ന് ചൊല്ലി പഠിപ്പിച്ച് അവരെ രംഗത്തിറക്കിയത് കൊണ്ട് മാത്രം കാര്യമായില്ല. അതിന് ആവശ്യമായ കോള് കയ്യിൽ ഉണ്ടായിരിക്കണം. അല്ലാതെ ഇങ്ങനെ ഓരോന്ന് പറയുന്നത് കൊണ്ടാണ് അത് പലപ്പോഴും തിരുത്തേണ്ടിവരുന്നത്. ഉപരി സൂചിത ലേഖനം പ്രസിദ്ധീകരിച്ച പ്രബോധനവും അതിൻ്റെ പിന്നണിയായ ജമാഅത്തെ ഇസ്ലാമിയും ഇക്കാര്യത്തിൽ യാതൊരു മാനസികമായ വൈക്ലബ്യവും നേരിടുന്നില്ല എന്നതാണ് വസ്തുത. കാരണം, അത് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ഓരോന്ന് പറയുകയും പിന്നെ മാറ്റി പറയുകയും ചെയ്യുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതിന് എത്രയോ ഉദാഹരണം കൊച്ചു കുട്ടികൾക്ക് പോലും അറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനോടുള്ള അവരുടെ മനോഭാവം ഒരു ഉദാഹരണം. അടിസ്ഥാനപരമായി ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നതിനോട് അവർക്ക് വിയോചിപ്പാണ് ഉണ്ടായിരുന്നത്. അവർ പറയുന്നത് ഇങ്ങനെയാണ്. 'ജനാധിപത്യ പ്രക്രിയയില്‍ വോട്ടുചെയ്യുന്നതും ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതും തൗഹീദിന് (ഏകദൈവ വിശ്വാസത്തിന്) എതിരാകുന്നു'. (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇരുപത്തേഴ് വര്‍ഷം, ഇലക്ഷന്‍ പ്രശ്നം). 'ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ട് നല്‍കുകയോ ചെയ്യുന്നത് അനുവദനീയമല്ല' (പ്രബോധനം, 1970, ജൂലൈ, പു: 31, ലക്കം: 3) 'നമ്മുടെ അഭിപ്രായത്തില്‍ ഇന്ന് മുസ്ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരഞ്ഞെടുപ്പില്‍നിന്ന് തികച്ചും വിട്ടുനില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുകയോ അരുത്. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണത്.' (പ്രബോധനം, പു:4, ലക്കം: 2, ജൂലൈ, 1956, പേജ്: 35). ഇതൊക്കെ കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം എന്ന് മാറ്റി പറയുകയും പിന്നെ ഓരോ തെരഞ്ഞെടുപ്പ് വേളകളിലും മൂല്യ മാപിനി ഉപയോഗിച്ച് അളന്ന് ആർക്കാണ് വോട്ട് എന്ന് പ്രഖ്യാപിക്കുകയും ഒക്കെ ചെയ്തു സ്വന്തം നയത്തിൽ വെള്ളം ചേർത്ത അവർ ഇപ്പോൾ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുകയാണ്.



നാം ചർച്ച തുടങ്ങിയ ലേഖനത്തിൽ അന്യത്ര പറയുന്നത് സമസ്തയെയും മുസ്ലിംലീഗിനെയും കൂട്ടിക്കൊട്ടികൊണ്ടുള്ള ചില കഥകളാണ്. സമസ്തയിൽ ഏറിയ പങ്കും അനുയായികൾ രാഷ്ട്രീയ സാഹചര്യങ്ങളിൽ മുസ്ലിം ലീഗിനോട് ചേർന്നു നിൽക്കുന്നവരാണ്. മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷവും പരമ്പരാഗത സുന്നി വിശ്വാസികളും സമസ്തയുടെ അനുയായികളും ആണ്. ഇത് ഇപ്പോൾ ഉണ്ടായ ഏതെങ്കിലും ഒരു ലയനത്തിന്റെയോ സന്ധിയുടെയോ ചർച്ചയുടെയോ ഭാഗമായി വന്നതല്ല, മറിച്ച് കുറേ കാലം മുതൽ അത് അങ്ങനെ നടന്നുവരുന്നതാണ്. അങ്ങനെ നടന്നു വരുന്നതിൽ കാര്യമായ എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു സംഘങ്ങളും ഏതാണ്ട് ഒപ്പം നടക്കുന്നു എന്നു പറയുമ്പോഴും രണ്ടും രണ്ടു തന്നെയാണ് എന്ന് വസ്തുത വിസ്മരിക്കാവുന്നതല്ല. ആയതിനാൽ ഒന്ന് മറ്റൊന്നുമായി ചിലപ്പോൾ എതിർപ്പോ വിയോജിപ്പോ ഒക്കെ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. വിയോജിപ്പ് ചെറിയ ഒരു ശതമാനത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുണ്ടാകൂ എന്നതാണ് വാസ്തവം. അതിനാൽ വിയോജിപ്പില്ലാത്ത വലിയ വിശാലമായ അർത്ഥങ്ങളും വിഷയങ്ങളും വെച്ച് എന്തുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള മാർഗങ്ങളും ഉണ്ട്. ആ മാർഗങ്ങളിൽ രണ്ട് ഭാഗത്തെയും പ്രവർത്തകന്മാർക്ക് നല്ല വിശ്വാസവും ഉണ്ട്. രണ്ട് ഭാഗത്തും ഉള്ള പരമോന്നത നേതാക്കന്മാർ അതിനെല്ലാം കഴിവും മാനസികമായ വിശാലതയും ഉള്ളവരാണ്. എന്നിരിക്കെ ആണ് ജമാഅത്തെ ഇസ്ലാമി ഈ രണ്ടു സംഘടനകളെയും ഉപദേശിക്കുവാനോ നിരൂപിക്കുവാനോ വിചാരണ ചെയ്യുവാനോ രംഗത്തിറങ്ങി വിയർക്കേണ്ട ഒരു ആവശ്യവുമില്ല. പ്രസ്തുത ലേഖനം മുഴുവനും വായിച്ചാൽ രണ്ടിൽ ഏതെങ്കിലും ഒരു പക്ഷത്തെ പിന്താങ്ങുന്നു എന്നോ നിരാകരിക്കുന്നു എന്നോ ഒന്നും കണ്ടെത്തുക സാധ്യമല്ല. അങ്ങനെ പരക്കെ പരത്തി പറഞ്ഞു ഉപദേശി ചമഞ്ഞു കൊണ്ടാണ് ലേഖനം തട്ടിക്കൂട്ടിയിരിക്കുന്നത്. സത്യത്തിൽ അവർ രണ്ട് ഭാഗത്തെയും താത്വികമായി അംഗീകരിക്കുന്നില്ല. സമസ്തയെ അവർ ആദർശപരമായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് സമസ്ത അഭിമാനപൂർവ്വം തല ഉയർത്തിപ്പിടിച്ച് നൂറാം വാർഷികത്തിലേക്ക് നടന്നടുക്കുമ്പോൾ ആ സന്തോഷത്തിലേക്കും അഭിമാന ബോധത്തിലേക്കും ഒരിത്തിരി മണ്ണെണ്ണ ഒഴിക്കുക സമസ്തയിൽ ഒക്കെ ഒരുപാട് കലാപങ്ങളും കുഴപ്പങ്ങളും നടന്നുകൊണ്ടിരിക്കുകയാണ് എന്ന് വരുത്തുക തുടങ്ങിയ ചെറിയ ചെറിയവരുടെ ലക്ഷ്യങ്ങളാണ് സത്യത്തിൽ ഇവർക്ക് ഉള്ളത്. സമസ്തയുടെ ആൾക്കാർക്കാണെങ്കിലോ ജമാഅത്തെ ഇസ്ലാമിയുടെ ഒന്നിനെയും പേടിയില്ല. ആ പേടി ജമാഅത്ത് ഇവിടെ കുടികെട്ടാൻ തുടങ്ങിയ 1950 ൽ കഴിഞ്ഞതാണ്. അന്ന് വളാഞ്ചേരിയിൽ ആയിരുന്നു അവരുടെ കേരളത്തിലെ ആസ്ഥാനം. അവിടെ നടന്ന സമസ്തയുടെ 18-ാം വാർഷിക സമ്മേളനത്തിൽ മൗദൂദിയുടെ ഉറുദു പുസ്തകങ്ങൾ മുഴുവൻ വായിച്ച് കുടഞ്ഞിട്ട് ശംസുൽ ഉലമ അടക്കം വെച്ചതാണ് അവർക്ക്. അതിൽ നിന്ന് ഉയർന്ന് എഴുനേൽക്കാൻ കഴിഞ്ഞു എന്ന് അവർ കരുതുന്നുണ്ടെങ്കിലും സത്യത്തിൽ അവർക്ക് അതിന് കഴിഞ്ഞിട്ടില്ല. അതിനാൽ എല്ലാം അവർക്ക് സമസ്തയോട് അരിശം സ്വാഭാവികമാണ് അത് അവർ അങ്ങനെ പ്രകടിപ്പിക്കുന്നു എന്ന് മാത്രം.



പിന്നെ മുസ്ലിം ലീഗിനോടാണ്. അവരോടും വലിയ അരിശം ജമാഅത്തിന് ഉണ്ട്. കാരണം രാഷ്ട്രീയമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയം മുസ്ലിങ്ങളുടെ രാഷ്ട്രീയ കാര്യത്തെ മാത്രം പ്രതിനിധാനം ചെയ്യുകയാണ്. മതപരമായി, പക്ഷപരമായി, അനുയായികൾക്കൊക്കെ തങ്ങൾക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ നിൽക്കാമെന്ന് പൊതുവേ ലീഗ് പറയുന്നുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രീയം ജമാഅത്തിന് ദഹിക്കുകയില്ല. കാരണം, ജമാഅത്തിന് രാഷ്ട്രീയം എന്നാൽ മതവും രാജ്യവും വിശ്വാസവും ആരാധനകളും എല്ലാം ചേർന്നതാണ്. വേറിട്ട ഒരു അസ്തിത്വമായി രാഷ്ട്രീയത്തെ കാണുന്നു എന്നതുകൊണ്ട് അടിസ്ഥാനപരമായി അവർക്ക് മുസ്ലിം ലീഗിനെ ഉൾക്കൊള്ളാൻ കഴിയില്ല. അവരുടെ രാഷ്ട്രീയ നയം നമ്മൾ കരുതുന്നതിനേക്കാൾ ഏറെ വിശാലമാണ്. ആ വിശാലത കൊണ്ടു തന്നെയാണ് അത് അപകടകരമാകുന്നത്. അതിൻ്റെ പേരിൽ തന്നെയാണ് വോട്ട് ചെയ്യൽ പാടില്ല എന്ന് അവർ പറഞ്ഞിരുന്നത്. ഇപ്പോൾ അത് അവർ തിരുത്തുകയും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുകയും ചെയ്തു. ആ രാഷ്ട്രീയ പാർട്ടിയാകട്ടെ മതവും മതേതരത്വവും രാഷ്ട്രീയവും അധികാരവും വിശ്വാസവും ആരാധനയും എല്ലാം ചേർന്നതാവണം എന്നാണ് അവരുടെ പ്രമാണങ്ങൾ പറയുന്നത്. ഉദാഹരണമായി മൗദൂദി തൻ്റെ ഖുത്തുബാത്തിൽ പറയുന്നു: “മതം എന്നതിന്‍റെ ശരിയായ അര്‍ഥം സ്റ്റേറ്റ് എന്നാണ്. ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് അഥവാ ആരാധന എന്ന് പറയുന്നത്.” (പേജ്: 395) ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭാഗികമായെങ്കിലും നടപ്പില്‍ വരുത്തലാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്നത് അവരുടെ കൃതികൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാവും. ഉദാഹരണമായി പ്രബോധനം വാരികയുടെ 2018 ഡിസംബര്‍ 7-ല്‍ പ്രസിദ്ധീകരിച്ച ‘സംക്രമണ ഘട്ടത്തിലെ ദീനിന്‍റെ സംസ്ഥാപനം’ എന്ന ലേഖനത്തില്‍ ഒരു മറയുമില്ലാതെ സയ്യിദ് സആദത്തുല്ലാ ഹുസൈനി എഴുതി: 'സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ സാഹചര്യം വലിയ രീതിയില്‍ മാറി. ഇന്ത്യ വിഭജിക്കപ്പെട്ടു. മുസ്ലിംകള്‍ പതിനൊന്നോ പന്ത്രണ്ടോ ശതമാനമായി ചുരുങ്ങി. മതനിരപേക്ഷ ജനാധിപത്യ സംവിധാനം ജനങ്ങള്‍ സര്‍വാത്മനാ ഭരണരീതിയായി സ്വീകരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈവിധം മാറിയതിനാല്‍ രാജ്യം ഏത് ഭരണരീതി സ്വീകരിക്കണം എന്ന ചോദ്യം അവശേഷിക്കുന്നില്ല. സ്വാഭാവികമായും ഇസ്ലാമിക പ്രസ്ഥാനത്തിന് നൂതനമായ ഒരു ചിന്താവ്യവഹാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടിവരും. വ്യവസ്ഥാ മാറ്റമെന്നത് എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. ദീര്‍ഘകാലത്തെ യത്നങ്ങള്‍ അതിനാവശ്യമുണ്ട്.' മതത്തിൻ്റെ ഉള്ളിൽ ഒരു വെള്ളക്കോളർ സംസ്കാരം സ്ഥാപിക്കുകയും നിലനിർത്തി കൊണ്ടുപോവുകയും ചെയ്യുക എന്നതാണ് സത്യത്തിൽ ജമാഅത്തിന്റെ ആഗ്രഹം. അത് ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കുവാനോ ചോദിക്കുവാനോ ഉള്ള വിശാലത അവർക്കില്ല. അതെല്ലാം അവരുടെ കാര്യങ്ങളാണ്. അവരുടെ കാര്യങ്ങളെ അവർക്ക് എങ്ങനെ വേണമെങ്കിലും ചെയ്യാം, ചെയ്യാതിരിക്കാം. പക്ഷെ, പക്ഷേ ബാക്കിയുള്ളവരുടെ മേൽ മേസ്തിരിപ്പണി എടുക്കാൻ മാത്രം അവർ പോന്നിട്ടില്ല എന്ന് ഒന്നുകൂടി നാം ഉണർത്തേണ്ടി വന്നിരിക്കുകയാണ്.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso