Thoughts & Arts
Image

വിശ്വാസം തന്നെയാണ് എല്ലാം

29-06-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







പലപ്പോഴും, പ്രത്യേകിച്ച് പരിഷ്കരണ ചിന്ത തലയിൽ ചുമന്ന് നടക്കുന്നവരിൽ നിന്ന് കേൾക്കുന്ന ഒരു വാചകമാണ്, 'ആദ്യം നമ്മൾ മനുഷ്യരാകണം, പിന്നെയാവാം മതങ്ങൾ' എന്നത്. മറ്റു ചിലർ ഇത്തിരി ഗർവ്വോടെ തന്നെ പറയാറുണ്ട്, 'ഞാൻ ഒന്നാമതായും രണ്ടാമതായും മനുഷ്യനാണ്, പിന്നെയാണ് എനിക്ക് മറ്റെല്ലാം' എന്ന്. ഇതൊക്കെ പറയുന്നവരുടെ അതേ ചിന്ത തലക്കുപിടിച്ച ചിലർ വലിയ ഫിലോസഫറായി ചമഞ്ഞുകൊണ്ട് എഴുതുകയും പറയുകയും ചെയ്യാറുണ്ട്, ഏറ്റവും വലിയ മതവും ഏറ്റവും ശരിയായ മതവും മനുഷ്യനാവുക എന്നതാണ് എന്ന്. ഒറ്റവാക്കിൽ കേൾക്കുമ്പോൾ ശരി തന്നെയല്ലേ എന്ന് തോന്നിപ്പോകും. ഈ തോന്നൽ ഒരു തെറ്റിദ്ധാരണയാണ്. മനുഷ്യത്വം എന്ന് പറയുമ്പോൾ അത് അർഥമാക്കുന്നത് മനുഷ്യനിലെ നല്ല ഗുണങ്ങൾ എന്നാണ് എന്ന ഒരു തെറ്റായ ധാരണയിൽ നിന്നാണ് ഈ പിശക് പറ്റുന്നത്. പറയുന്നതിലും പ്രയോഗിക്കുന്നതിലും എല്ലാം അമിതമായ വൈകാരികത കലരുകയും എന്താണ് അർത്ഥം എന്ന് ആലോചിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ തിരക്കുകൾക്കിടയിൽ നിന്ന് ഉണ്ടായതാണ് ഇത്തരം പിശകുകൾ. സത്യത്തിൽ അത് അർത്ഥമാക്കുന്നത് മനുഷ്യനിലെ വെറും ഭാവങ്ങളും ഗുണങ്ങളും എന്നിവ മാത്രമാണ്. അത് ചിലപ്പോൾ നന്മയാവാം ചിലപ്പോൾ തിന്മയും ആവാം. ഒന്നുകൂടി വിശദമായി പറഞ്ഞാൽ മനുഷ്യജീവിതം അഭിമുഖീകരിക്കുന്ന ഏതു നന്മയെയും ഏതു തിന്മയെയും സ്വീകരിക്കാനുള്ള ഒരു കാലിയായ മൂശ മാത്രമാണ് സത്യത്തിൽ മനുഷ്യത്വം. ഇത് ധൈര്യത്തോടെ പറയുവാനും തെളിയിക്കുവാനും ഇതപര്യന്തമുള്ള മനുഷ്യൻ്റെ ചെയ്തികൾ മാത്രം മതി. കാരണം അവൻ പ്രപഞ്ചത്തിൽ വന്നു കാലുറക്കുന്നതിന് മുമ്പ് സ്വന്തം സഹോദരനെ നിഷ്കരുണം വധിച്ചവനാണ്. തന്നെപ്പോലുള്ള സഹജീവിയെ തൻ്റെ ഒരു താൽപര്യ നിവർത്തിക്കുവേണ്ടി ആരെയും കൊല്ലാനും കൊള്ളയടിക്കാനും അപമാനിക്കാനും ഒന്നും അവൻ മടിക്കില്ല. ലോകത്തെ ഏറ്റവും വലിയ വംശ നാശങ്ങൾ അവൻ വരുത്തിയിട്ടുണ്ട്. ഇനിയിപ്പോൾ അവന് ദീർഘായുസ്സോ നിത്യ ജീവിതമോ സാമ്പത്തിക നേട്ടമോ ജീവിതസൗകര്യമോ കിട്ടുമെന്ന് വെച്ചാൽ അവൻ ഏലിയൻസിനോട് വരെ യുദ്ധം ചെയ്യാൻ തയ്യാറാണ്. അതിൽ ഒരുപക്ഷേ അവൻ തന്നെ ഇല്ലാതെയാകും എന്നവൻ അറിയാമെങ്കിൽ പോലും അവൻ മുന്നോട്ടു പോകാൻ ശങ്കിച്ചു നിൽക്കില്ല. ഇതു മാത്രമാണ് അവൻ്റെ പ്രകൃതം എന്ന് പറയുന്നില്ല മറിച്ചുള്ള അനുഭവങ്ങളും ധാരാളം ഉണ്ട്.



ഇതുകൊണ്ടുതന്നെയാവണം വിശുദ്ധ ഖുർആൻ മനുഷ്യൻ എന്ന് വാക്ക് പ്രയോഗിക്കുന്നിടത്തൊന്നും അത്രതന്നെ ശ്ലാഘനീയമോ ഔന്നത്യപൂർണ്ണമോ ആയ ആശയങ്ങൾ ഒപ്പം പറയാത്തത്. ഏതാനും ഉദാഹരണങ്ങൾ നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യന്ന് മഹാനാശം എന്തൊരു കൃതഘ്‌നനാണവന്‍!' (അബസ: 17). ഈ ആയത്തിൽ ഇൻസാൻ അഥവാ മനുഷ്യൻ എന്ന പദം കൃത്യമായി അല്ലാഹു പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ അതിൽ അവനെ വിശേഷിപ്പിച്ചിരിക്കുന്നത് നിഷേധി അഥവാ നന്ദി കെട്ടവൻ എന്നെല്ലാമാണ്. ഇത് ഇവിടെ മാത്രമല്ല ഇൻസാൻ എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്ന പല ആയത്തുകളിലും ഇതു കാണാം. ഉദാഹരണമായി മറ്റൊരിടത്ത് അല്ലാഹു പറയുന്നു: 'നിശ്ചയം മനുഷ്യന്‍ തന്റെ നാഥനോട് നന്ദികെട്ടവന്‍ തന്നെ'. (ആദിയാത്ത്: 6) ഇവിടെയും മനുഷ്യൻ പുകഴ്ത്തപ്പെടുകയല്ല ഈ ഇകഴ്ത്തപ്പെടുകയാണ്. ഇനി മറ്റൊരു ഉദാഹരണം നോക്കാം. അല്ലാഹു പറയുന്നു: 'ഗുണത്തിനു വേണ്ടി എന്നതുപോലെ ദോഷത്തിനുവേണ്ടി പ്രാര്‍ഥിക്കുകയാണു മനുഷ്യര്‍. ഏറെ തത്രപ്പാട് കാണിക്കുന്നവനത്രേ അവന്‍.' (ഇസ്‌റാഅ്: 11) ഇവിടെ അനാവശ്യമായ വെപ്രാളവും തത്രപ്പാടും കാണിക്കുന്നവനാണ് മനുഷ്യൻ. ഇനിയുമുണ്ട് ഉദാഹരണങ്ങൾ മറ്റൊരിടത്ത് ഇങ്ങനെ കാണാം:
'ഈ ഖുര്‍ആനില്‍ മാനവതക്കായി സര്‍വവിധ ഉപമകളും നാം പ്രതിപാദിച്ചിരിക്കുന്നു. എന്നാല്‍ വലിയ താര്‍ക്കികനത്രേ മനുഷ്യന്‍. (അൽ കഹ്ഫ് : 54) ഈ ആയത്തിൽ പറയപ്പെടുന്ന ഇൻസാൻ എന്ന മനുഷ്യൻ താർക്കികനാണ്. ഇനി മറ്റൊരു ഉദാഹരണം: 'അതല്ല താന്‍ സ്വയം പര്യാപ്തനാണെന്നുകണ്ട് ആ മനുഷ്യന്‍ അഹങ്കാരിയായിരിക്കയാണ്' (അൽ അലഖ്: 6). ഈ വ്യത്യാസം വളരെ പ്രകടമായി കാണാവുന്ന ഒരു സ്ഥലമാണ് സൂറത്തുത്തീൻ. അതിൽ ഇൻസാൻ എന്ന മനുഷ്യനെ പ്രതി രണ്ടു കാര്യങ്ങൾ പറഞ്ഞിരിക്കുന്നു ഒന്നാമത്തേത്
ഇങ്ങനെയാണ്: 'നിശ്ചയം മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു' (അത്തീൻ: 5). ഇങ്ങനെ അവനെ പുകഴ്ത്തി പറഞ്ഞതിനുശേഷം തൊട്ടുടനെ അതിൻ്റെ തൂക്കം ഒപ്പിക്കാൻ എന്ന രൂപത്തിൽ അല്ലാഹു പറയുന്നു: അനന്തരം അവനെ നാം ഏറ്റം അധഃപതിച്ചവനാക്കി' (അത്തീൻ: 6).



ചുരുക്കത്തിൽ, മതമേതായാലും മനുഷ്യനായാൽ മാത്രം മതി എന്ന നിലപാട് തികച്ചും മാന്യമായി മാത്രം വ്യാഖ്യാനിക്കുവാൻ പ്രയാസമുണ്ട്. നന്മയിലേക്കും തിന്മയിലേക്കും അവനെ തിരിച്ചു വിടാനുള്ള കാര്യകാരണങ്ങളെ പുൽക്കുകയും അവയെ അവലംബിച്ചും പിന്തുടർന്നും ജീവിക്കുമ്പോഴാണ് മനുഷ്യൻ എന്ന മൂശയിൽ നൻമയും തിൻമയും നിറയുക. ഈ രണ്ടിനെയും സ്വീകരിക്കാൻ പാകപ്പെട്ടുകൊണ്ടാണ് മനുഷ്യൻ ജന്മം കൊള്ളുന്നത്. അവൻ്റെ മനസ്സിനെ വിവിധ ചിന്തകളിലേക്ക് തിരിച്ചുവിട്ടുകൊണ്ടാണ് പിന്നീട് അവൻ്റെ ഗതി നിശ്ചയിക്കപ്പെടുന്നത്. ഈ കാര്യം വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'നിശ്ചയം മാനവനെ നാം സൃഷ്ടിച്ചുണ്ടാക്കി; അവന്റെ മാനസമന്ത്രങ്ങള്‍ നാമറിയുന്നുണ്ട്; കണ്ഠനാഡിയെക്കാള്‍ അവനുമായി സമീപസ്ഥനാണ് നാം. രണ്ട് സ്വീകര്‍ത്താക്കള്‍ അവന്റെ ഇടത്തും വലത്തുമിരുന്ന് എല്ലാം ഏറ്റുവാങ്ങുന്നത് സ്മരണീയമത്രേ' (ഖാഫ് 16-18). ഈ ആയത്തിൽ പറയുന്ന മാനസമന്ത്രങ്ങൾ സത്യത്തിൽ അവൻ്റെ മനസ്സിലേക്ക് സന്നിവേശിക്കുന്ന നന്മയുടെയോ തിന്മയുടെയോ പ്രേരകങ്ങളാണ്. ഇങ്ങനെ പ്രേരകങ്ങളെ ഇട്ടുകൊടുക്കുകയും മനുഷ്യൻ അതിൽ ഏതിനെ പുണരുന്നു എന്ന് നോക്കുകയും ചെയ്യുക എന്നതാണ് ഐഹിക ജീവിതത്തിൽ ദൈവം നടത്തുന്ന പരീക്ഷയും പരീക്ഷണവും. നമുക്കിടയിൽ എപ്പോഴും ഉയർന്നു കേൾക്കുന്ന ഒരു മൊഴിയാണ് ശ്രീ നാരായണഗുരുവിന്റെത്. അദ്ദേഹം പറയുന്നത് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ്. ഇവിടെ ഗുരു മതത്തെ നിരാകരിക്കുന്നു എന്ന് ചിലർ വ്യാഖ്യാനിക്കാറുണ്ട്. അത് ഒരിക്കലും ശരിയല്ല. നാം പറഞ്ഞുവരുന്ന ആശയത്തെ പിന്തുണയ്ക്കുകയാണ് ഈ ഗുരുവചനം. കാരണം അദ്ദേഹം പറയുന്നത് മനുഷ്യനായാൽ മതി എന്നല്ല മനുഷ്യൻ നന്നായാൽ മതി എന്നാണ്. അഥവാ നന്മയിലേക്ക് അവനെ തിരിച്ചു വിട്ടാൽ മതി എന്നർത്ഥം. അത് തന്നെയാണ് നാം പറഞ്ഞു വരുന്നത്. വെറും മനുഷ്യനായത് കൊണ്ട് കാര്യമില്ല, മറിച്ച് അവനെ നന്മയിലേക്ക് തിരിച്ചുവിടാൻ ഉള്ള വഴി ഉണ്ടാവണം. അതിന് ഇനിയും മറ്റൊരു കടമ്പ കടക്കേണ്ടതുണ്ട്. അഥവാ നന്മ, തിന്മ എന്നിവ രണ്ടും ഏറെക്കുറെ ആപേക്ഷികമാണ്. അതായത് ചിലർ നന്മയെ നന്മയായി കാണുന്നത് ചില അടിസ്ഥാനങ്ങളുടെ വെളിച്ചത്തിലോ ചില വാദങ്ങളുടെ പിൻബലത്തിലോ ആണ്. തിന്മയുടെ കാര്യവും അപ്രകാരം തന്നെ. അപ്പോൾ നമ്മുടെ മുമ്പിൽ ഇപ്പോൾ കാണുന്ന ഓരോ സംഗതിയെയും നമ്മുടെ മനോഗതത്തിനനുസരിച്ച് നന്മയോ തിന്മയോ ആക്കി വേർതിരിക്കാൻ കഴിയില്ല. അങ്ങനെ വേർതിരിച്ചാൽ അത് പരിപൂർണ്ണമാവുകയുമില്ല. കാരണം വേർതിരിക്കുന്നത് മനുഷ്യൻ തന്നെയാകുമ്പോൾ അവന്റെ താൽപര്യങ്ങൾ അതിൽ പ്രതിഫലിക്കും. അത് ശരിയായിക്കൊള്ളണമെന്നില്ല. അതിനാൽ നന്മയെയും തിന്മയെയും പുൽകുവാൻ ആദ്യം നന്മയെ നന്മയായി വിശ്വസിക്കാനും തിന്മയെ തിന്മയായി വിശ്വസിക്കാനും മനുഷ്യൻ്റെ മനസ്സ് തയ്യാറാവണം. ആ വിശ്വാസം ഉറപ്പുള്ളത് തന്നെയാണ് എന്ന് ഉറപ്പിക്കാൻ പര്യാപ്തമായിരിക്കുകയും വേണം.



ഇതുകൊണ്ടാണ് ഇസ്ലാം ഏറ്റവും ആദ്യം വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത്. കർമ്മങ്ങൾ, നിലപാടുകൾ, വ്യവഹാരങ്ങൾ തുടങ്ങിയവയെല്ലാം പിന്നെ മാത്രമാണ് കടന്നുവരുന്നത്. വിശുദ്ധ ഖുർആനിന്റെയും ഇസ്ലാമിക സംഹിതയുടെയും അവതരണവും സംസ്ഥാപനവും ഈ പ്രാധാന്യം പരിഗണിച്ചതായി കാണാൻ കഴിയും. വിശുദ്ധ ഖുർആനിൽ ആദ്യമായി അവതരിച്ച അല്‍ അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളും സർവ്വശക്തനായ ഒരു സൃഷ്ടാവിനെ പരിചയപ്പെടുത്തുകയാണ്. ഭ്രൂണത്തിൽ നിന്നും അവിശ്വസനീയമായ കഴിവുകളുള്ള ഒരു മനുഷ്യനായി മനുഷ്യനെ പടച്ചടുത്ത കാര്യമാണ് ആദ്യം പറയുന്നത്. ഇത് ഒരു മനുഷ്യനും നിഷേധിക്കാനാവാത്ത ഒരു കാര്യമാണ്. കാരണം അത് അവൻ സ്വയം അനുഭവിച്ചുകൊണ്ടിരിക്കുന്ന സത്യമാണ്. ഇസ്ലാമിക സംഹിതയിലും ആരാധനാകർമങ്ങളും നിയമങ്ങളും പിന്നീടാണ് വരുന്നത്. പ്രവാചകൻ തിരുമേനി(സ)യുടെ ജീവിതത്തിലെ ഏതാണ്ട് മക്ക ഘട്ടം മുഴുവനും വിശ്വാസം എന്ന കേന്ദ്ര ബിന്ദുവിനെ വലയം ചെയ്യുന്നതായിരുന്നു. അതിൽ നിന്നെല്ലാം മനുഷ്യത്വം ലഭിക്കുമ്പോൾ അതിനെ നന്മയിലേക്ക് തിരിച്ചുവിടാൻ പര്യാപ്തമായ ഒരു വിശ്വാസത്തെ സ്വാംശീകരിക്കുകയാണ് ആദ്യം വേണ്ടത് എന്ന് മനസ്സിലാക്കാം.



ഈ ആശയം കാരണമായിരിക്കാം നേരത്തെ മനുഷ്യൻ എന്ന ഇൻസാനിനെ കുറിച്ച് പറഞ്ഞിടത്തെല്ലാം ശ്ലാഘനീയമോ ഔന്നത്യ പരമോ ആയ കാര്യങ്ങൾ ഒന്നും പരാമർശിക്കുന്നില്ലാത്ത അല്ലാഹു അവൻ വിശ്വാസിയായി തീരുന്നതോടെ അവനെ നിരന്തരമായി പുകഴ്ത്തുകയും ശ്ലാഘിക്കുകയും ചെയ്യുന്നത് കാണാം. ഉദാഹരണമായി അല്ലാഹു പറയുന്നു: 'സത്യവിശ്വാസികള്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു' (അൽ മുഅ്മിനൂൻ: 1) മറ്റൊരിടത്ത് അല്ലാഹു പറയുന്നു: 'നിങ്ങളില്‍ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവുനല്‍കപ്പെട്ടവരെയും അല്ലാഹു ഏറെ പദവികള്‍ ഉയര്‍ത്തുന്നതാണ് '. (മുജാദില: 11). ഇത്തരം സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ ധാരാളമായി കാണാം ഈ ആയത്തിൽ അല്ലാഹു വിശ്വാസം കൊണ്ട് ജീവിതത്തെ നന്മയിലേക്ക് തിരിച്ചുവിട്ട വിശ്വാസികൾക്ക് സന്തോഷവാർത്ത നൽകുന്നു: 'സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് മഹത്തായ ഔദാര്യമുണ്ട് എന്ന് ശുഭവാര്‍ത്ത നല്‍കുക'. (അഹ്സാബ്: 47). ഈ ആശയം വളരെ പ്രകടമായി വേർതിരിച്ച് കാണാവുന്ന ഒരു സ്ഥലമാണ് സൂറത്തുൽ അസർ അതിൽ മനുഷ്യൻ നഷ്ടത്തിലും കഷ്ടത്തിലുമാണ് എന്ന് ആദ്യത്തെ സൂക്തത്തിൽ ഇങ്ങനെ പറയുന്നു: 'കാലം തന്നെ ശപഥം, നിശ്ചയം മനുഷ്യരാശി മഹാനഷ്ടത്തില്‍ തന്നെയാകുന്നു' അസ്വർ: 1). എന്നാൽ തുടർന്നുള്ള സൂക്തത്തിൽ പറയുന്നത് വിശ്വാസവും അതനുസൃതമായ സുകൃതവും ചെയ്യുന്നവൻ ആ കഷ്ട നഷ്ടങ്ങളിൽ നിന്ന് മുക്തനും മോചിതനുമാണ് എന്നാണ്. അല്ലാഹു പറയുന്നു: കാലം തന്നെ ശപഥം നിശ്ചയം മനുഷ്യരാശി മഹാനഷ്ടത്തില്‍ തന്നെയാകുന്നു-സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ (അസ്വർ : 1- 3). മാത്രമല്ല, പരിശുദ്ധ ഖുർആൻ മുഴുവനും ആ വിശ്വാസത്തിലേക്ക് മനുഷ്യനെ പ്രചോദിപ്പിക്കുവാനും അതിൽ തന്നെ നിലനിൽക്കുവാൻ അവനെ സഹായിക്കുവാനും വേണ്ടി ഉള്ളതാണ്. ചുരുക്കത്തിൽ മതമേതായാലും മനുഷ്യനായാൽ മതി എന്നത് അബദ്ധവും വിഡ്ഢിത്തവും ആണ്. വേണ്ടത് മനുഷ്യൻ നന്നാവുകയാണ്. അതിന് നന്മ ചെയ്യണം. നന്മയെ ഈ ലോകം പട്ടികവൽക്കരിച്ചു വെച്ചിട്ടില്ല. മനുഷ്യൻ വ്യത്യസ്ത അഭിരുചിക്കാരനായതിനാൽ അത് സാധ്യവുമല്ല. അതിനാൽ അത് നന്മയെ നിശ്ചയിക്കുന്ന സൃഷ്ടാവിൽ നിന്ന് വരണം, ലഭിക്കണം. അതിനാൽ സൃഷ്ടാവിൽ ഉള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. അപ്പോൾ വിശ്വാസം തന്നെയാണ് എല്ലാം.
o




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso