Thoughts & Arts
Image

കിടങ്ങയം കെ ടി ഇബ്രാഹിം മുസ്ലിയാ൪.

02-08-2021

Web Design

15 Comments





ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു തികഞ്ഞ മത പണ്ഡിതനും സൂഫി വര്യനുമായിരുന്നു കിടങ്ങയം കെ ടി ഇബ്രാഹിം മുസ്ലിയാ൪. ബ്രിട്ടീഷ് വിരുദ്ധപ്രവർത്തനങ്ങൾ കാരണം മലബാർ കലാപ കാലത്ത് ബ്രിട്ടീഷുകാരുടെ പ്രധാന നോട്ടപുള്ളിയായിരുന്നു അദ്ദേഹം. സമര നായകൻ നെല്ലിക്കുത്ത് ആലിമുസ്ലിയാരുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു എന്നത് ഈ ശത്രുതയുടെ ഒരു പ്രധാന കാരണമാണ്. ബ്രിട്ടീഷുകാർക്കെതിരെ പ്രസംഗിക്കുകയും എഴുതുകയും വഴി സമൂഹത്തെ സജ്ജമാക്കുന്നതിൽ ഏറ്റവും അധികം സ്വാധീനശക്തി പ്രകടിപ്പിച്ച ആളായിരുന്നത് ഈ മനോഭാവത്തെ ഊതിക്കത്തിച്ചു. 1896-ൽ പട്ടിക്കാട് മുഹ്‌യുദ്ദീ൯ - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ചു. നെല്ലിക്കുത്ത് ആലി മുസ്ലിയാ൪, അമാനത്ത്‌ ഹസന്കുട്ടി മുസ്ലിയാ൪, കരിമ്പനക്കല്‍ അഹമ്മദ് മുസ്ലിയാ൪, താഴെക്കോട് കുഞ്ഞലവി മുസ്ലിയാ൪,എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാ൪.ഖുർആൻ, ഹദീസ്, കർമ്മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഗോള ശാസ്ത്രം, തസ്സവുഫ് എന്നിവയിൽ അവരിൽ നിന്നും പ്രാവീണ്യം കരസ്ഥമാക്കി. അലനല്ലൂര്‍ മുണ്ടത്ത്പള്ളി, പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ളിയാകു൪ശി, കിടങ്ങയം മേല്മുറി, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍സേവനമനുഷ്ഠിച്ചിട്ടുണ്ട്.



ആലിപ്പറമ്പ് പാലോളി കുഞ്ഞീദു മുസ്ലിയാ൪, അമാനത്ത്‌ കോയണ്ണി മുസ്ലിയാ൪,ഓമച്ചപ്പുഴ അബൂബക്൪ക്കുട്ടി മുസ്ലിയാ൪, തഴവ മുഹമ്മദ്കുഞ്ഞ് മൌലവി എന്നിവ൪ മഹാനവർകളുടെ ശിഷ്യ൯മാരില്‍ ചിലരാണ്.
ഒന്നാംതരം പ്രസംഗകനായിരുന്നു. പ്രസംഗം കാരണം ഇദ്ദേഹത്തിനെതിരെ അറസ്റ്റു ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിരവധി ഗ്രന്ഥങ്ങളും അറബി കവിതകളും എഴുതിയിട്ടുണ്ട്. ഖവാഇദെ ഉര്‍ദു, മുഅജമുല്ലുഗത്ത്, മഖ്സനുല്‍ മുഫ്‌റദാത്തിഫിത്തിബ്ബ്, അല്ലഫല്‍ അലിഫിന്റെ വ്യാഖ്യാനം, കെ എം മൌലവിയുടെ അല്‍ വിലായത്തു വൽ കറാമയുടെ ഖണ്ഡനം, മ൯ഖൂസ്‌ മൌലുദിന്റെ വ്യാഖ്യാനം തുടങ്ങി ഒട്ടനവധി രചനകള്‍ അദ്ദേഹത്തിന്റെതായുണ്ട്. സമരാനന്തരം കുറേ കാലം ബോംബെയിലായിരുന്നു താമസം. 1951ല്‍ മരണപ്പെട്ടു. കിടങ്ങയം പള്ളിക്കുസമീപമാണ് ഖബ൪.



മലബാർ പ്രക്ഷോഭത്തിൽ ആലി മുസ്ലിയാർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ അറസ്ററ് ചെയ്യപ്പെടുന്നതിനു മുൻപ് അധ്യാപകവൃത്തി മറ്റൊരാൾക്ക് കൈമാറി ഖിലാഫത്ത് പ്രവർത്തകരോടൊപ്പം ഒളിവുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ചെമ്പ്രശ്ശേരി തങ്ങൾ പിടിക്കപ്പെട്ടതോടെ പോലീസ് വലയത്തിലായ മുസ്ലിയാരെ ബെല്ലാരി, ആന്തമാൻ ദ്വീപിലേക്കോ മറ്റോ നാട് കടത്താനുള്ള നീക്കം നടന്നെങ്കിലും പോലീസുകാരുടെ കണ്ണ് വെട്ടിച്ചു മുസ്ലിയാർ കാളവണ്ടിയിലെ വൈക്കോലിനുള്ളിൽ കയറി കൂടി രക്ഷപ്പെട്ടു.



പന്ത്രണ്ട് കൊല്ലത്തെ അജ്ഞാത വാസത്തിനു ശേഷം 1933 ഇൽ തിരിച്ചെത്തി. അപ്പോഴേക്കും സൂഫിസത്തിലെ നിരവധി ഘട്ടങ്ങൾ താണ്ടി അദ്ധ്യാത്മ ജീവിതത്തിൽ ഗുരുതുല്യ സ്ഥാനം ആർജ്ജിച്ചിരുന്നു. ദേശാടന -പ്രവാസ ജീവിതത്തിൽ പല സ്ഥലങ്ങൾ സന്ദർശിക്കുകയും നിരവധി സൂഫി വര്യൻമാരുടെ ശിഷ്വത്വം നേടുകയും , വൈദ്യശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ,ഭാഷാശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിൽ അവഗാഹം നേടുകയും, 18 ഓളം ഭാഷകളിൽ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവ് ആർജ്ജിക്കുകയും ചെയ്തു. പൂന്താവനം അബ്ദുള്ള മുസ്ലിയാ൪ ,പാലോളി കുഞ്ഞീദു മുസ്ലിയാ൪, അമാനത്ത് കോയണ്ണി മുസ്ലിയാ൪, ഓമച്ചപ്പുഴ അബൂബക്൪ക്കുട്ടി മുസ്ലിയാ൪, തഴവ മുഹമ്മദ്കുഞ്ഞ് മൌലവി, കിടങ്ങയം പുഴക്കൽ വലിയ ഇബ്രാഹിം മുസ്ലിയാർ എന്നിവ൪ ശിഷ്യ൯മാരിൽ പ്രമുഖരാണ്. 1951ൽ കായംകുളത്തു വെച്ചായിരുന്നു മരണം. അവിടെ പ്രസിദ്ധമായ ജാമിഅ ഹസനിയ്യയിൽ പ്രധാന ഉസ്താറായിരുന്നു. അറബി മലയാളത്തിൽ അദ്ദേഹം രചിച്ച മലബാർ ചരിത്രം എന്ന ഗ്രന്ഥം സമര ചരിത്ര പഠനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു റഫറൻസായി ഗവേഷകർ പരിഗണിക്കുന്നു.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso