Thoughts & Arts
Image

കാവനൂരിലെ സമരസ്മൃതികൾ

02-08-2021

Web Design

15 Comments






മലബാര്‍ കലാപവുമായി ബന്ധപ്പെട്ട്‌ കാവനൂരിലും സമീപ പ്രദേശങ്ങളിലും നടന്ന സംഭവങ്ങള്‍ ചരിത്രരേഖകളില്‍ വേണ്ടത്ര ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയപ്പെടുന്നവയേക്കാള്‍ എത്രയോ അധികമാണ്‌ അറിയപ്പെടാത്തവ. അത്തരമൊരു സംഭവ പരമ്പരയാണ്‌ കാവനൂരില്‍ നടന്നത്‌. സമരവുമായി ബന്ധപെട്ട്‌ ഏറനാടിന്‍റെ പലഭാഗത്തും ബ്രിട്ടീഷ്‌ പട്ടാളം അതിക്രമങ്ങള്‍ നടത്തി. കാവനൂരിന്‍റെ അയല്‍പ്രദേശമായ പുളിയക്കോടും ചെമ്രക്കോട്ടൂരിലും വെങ്ങരയിലും ബ്രിട്ടീഷ്‌ പട്ടാളം അക്രമം അഴിച്ചു വിട്ടു. ബ്രിട്ടീഷ്‌ വിരോധികളുണ്ടെന്ന കിംവദന്തി മാത്രമായിരുന്നു പട്ടാളം നടത്തിയ നരനായാട്ടിനു കാരണം. കാവനൂരിലെ മുക്കിലും മൂലയിലും പട്ടാളം കേമ്പ്‌ ചെയ്തു. ജനങ്ങള്‍ക്ക്‌ സ്വൈര്യമായി പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ ജനങ്ങള്‍ കാവനൂര്‍ മേപ്പുറപ്പാട്‌ പ്രദേശത്തെ കോട്ടത്തടായി കുന്നിന്‍ താഴ്‌വരയില്‍ തടിച്ചു കൂടി. കാവനൂരിന്‍റെ പരിസര പ്രദേശമായ പുളിയക്കോട്‌ മേല്‍മുറിക്ക്‌ തെക്കും വടക്കും സ്ഥിതി ചെയ്യുന്ന ചെനിയാംകുന്ന്‌, മുണ്ടക്കല എന്നിവിടങ്ങളിലായിരുന്നു പട്ടാളക്കാരുടെ കേന്ദ്രം. പുളിയക്കോട്‌ താഴെ മുക്കിലെ മാണിക്കത്തടത്തിനടുത്തുള്ള ചേറ്റുകണ്ണന്‍ കുണ്ടിലെ നടപ്പാലത്തിലൂടെയാണു പട്ടാളം കാവനൂരിലെത്തിയത്‌.
പട്ടാളം വന്നപ്പോള്‍ നടപ്പാലം പൊട്ടിവീണു. കുറേ പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌ പറ്റി. ഇതിനുള്ള പ്രതികാരമായി വഴിയോരത്തെ വീടുകള്‍ക്ക്‌ പട്ടാളം തീ വെച്ചു. ആശാരി വേലുക്കുട്ടി, തലശ്ശേരിയന്‍ ആശാരി, കോരു ആശാരി, ആശാരി ചേക്കുണ്ണി, വേലു ആശാരി തുടങ്ങിയവരുടെ വീടുകളാണ്‌ പട്ടാളക്കാര്‍ കത്തിച്ചത്‌. കോട്ടത്തായി കുന്നിന്‍ താഴ്‌വരയില്‍ ജനങ്ങള്‍ തടിച്ചു കൂടിയത്‌ പട്ടാളക്കാര്‍ കണ്ടു. അവര്‍ ജനങ്ങള്‍ക്ക്‌ നേരെ നിറയൊഴിച്ചു.



പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ കൊണ്ടോട്ടിയില്‍ നിന്ന് നസറുദ്ദീന്‍ ‌ തങ്ങളുടെ സന്ദേശമെത്തി.  എല്ലാവരും കൊണ്ടോട്ടിയിലെത്തുക എന്നായിരുന്നു സന്ദേശം. രക്ഷയില്ലെന്നു തോന്നിയപ്പോള്‍ സ്ത്രീകളെയും കുട്ടികളേയും കൂട്ടി കാല്‍നടയായി പുളിയക്കോട്‌, കുഴിമണ്ണ, ഒഴുകൂര്‍ വഴി കൊണ്ടോട്ടിയിലേക്ക്‌ യാത്രയായി. മൂന്നാം ദിവസമാണ്‌ യാത്രാ സംഘം കൊണ്ടോട്ടിയിലെത്തിയത്‌. ജനാവലി കൊണ്ടോട്ടി തങ്ങളുടെ നേതൃത്വത്തില്‍ കൊട്ടപ്പുറത്ത്‌ കേമ്പ്‌ ചെയ്തിരുന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനെ കാണാന്‍ പുറപ്പെട്ടു. കൊണ്ടോട്ടി തങ്ങള്‍ സായിപ്പിനെ സന്ദര്‍ശിച്ച്‌ നിരപരാധികളായ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ധരിപ്പിച്ചു. ഉടനെ പരിഹാരമുണ്ടാക്കാമെന്നും ജനങ്ങള്‍ അവരുടെ നാട്ടിലേക്ക്‌ തന്നെ പോകട്ടെയെന്നും ബ്രിട്ടീഷ്‌ അധികാരി പറഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ദീര്‍ഘയാത്ര കാരണം വിഷമിച്ചു. ഗര്‍ഭിണികള്‍ വഴിയോരത്ത്‌ പ്രസവിക്കാനിടയായ സംഭവങ്ങള്‍ വരെ ഉണ്ടായി. കാവനൂരിലെ പട്ടാളാതിക്രമം അവസാനിപ്പിക്കണമെന്ന ആവശ്യം അടങ്ങുന്ന കൊണ്ടോട്ടി തങ്ങളുടെ കത്തുമായാണ്‌ ജനക്കൂട്ടം യാത്ര തിരിച്ചത്‌.



മേപ്പുറപ്പാട്ടെ കൊളപ്പറ്റ ഇസ്മായില്‍ സാഹിബും കുടുംബവും ഏതാനും അനുയായികളും തവരാപറമ്പിലെ അക്കാലത്ത്‌ വനപ്രദേശമായിരുന്ന മാമ്പുഴയിലേക്ക്‌ പോയി. അവർ മുണ്ടക്കാപറമ്പന്‍ വീരാന്‍കുട്ടിയുടെ വീട്ടിലെത്തി. അക്കാലത്ത്‌ മാമ്പുഴ, കാട്‌ നിറഞ്ഞ പ്രദേശമായിരുന്നതിനാല്‍ ഇസ്മായീല്‍ സാഹിബും സംഘവും എത്തിയത്‌ അധികമാരും അറിഞ്ഞില്ല. ഒളിവില്‍ താമസിക്കുന്നതിനിടയില്‍ താഴത്തുവീടന്‍ മരക്കാരും സുഹൃത്തും തവരാപറമ്പിലൂടെ വരുന്നത്‌ കണ്ട്‌ സംശയം തോന്നിയ പട്ടാളക്കാര്‍ പിന്‍തുടര്‍ന്നു. താഴത്തുവീടന്‍ മരക്കാരും സുഹൃത്തും അഭയം തേടിയത്‌ മുണ്ടക്കാപറമ്പില്‍ വീരാന്‍ കുട്ടിയുടെ വീടിനടുത്ത്‌ ഒരു മരക്കൊമ്പിലായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ പട്ടാളക്കാര്‍ മുന്നറിയിപ്പോ ചോദ്യമോ ഇല്ലാതെ നിറയൊഴിച്ചു. വീരാന്‍ കുട്ടി ജനല്‍ തുറന്ന്‌ കൊണ്ടോട്ടി തങ്ങളുടെ എഴുത്ത്‌ ഉയര്‍ത്തിക്കാട്ടി. പട്ടാളക്കാരെ വിശ്വസിച്ച്‌ വീരന്‍ കുട്ടി വാതില്‍ തുറന്നപ്പോള്‍ പട്ടാളക്കാര്‍ വെടിവെച്ചു. വെള്ള പട്ടാളം വീടിനകത്ത്‌ കടന്നു മുറിയില്‍ വാതം പിടിച്ച്‌ അവശനായി കിടക്കുകയായിരുന്ന കൊളപ്പറ്റ മമ്മത്ക്കയെ താങ്ങിയെടുത്ത്‌ പുറത്തെ തിണ്ണയിലിരുത്തി വെടിവെച്ച്‌ കൊന്നു. വീടിന്‍റെ വാതിലുകളും ജനലുകളും കൊട്ടിയടച്ച്‌ പിന്നീട്‌ വീടിനു തീവെച്ചു. കത്തിക്കൊണ്ടിരിക്കുന്ന വീടിനുള്ളില്‍ നിന്ന്‌ സ്ത്രീകളുടെയും പിഞ്ചു കുട്ടികളുടേയും ആര്‍ത്തനാദങ്ങള്‍ പട്ടാളക്കാരുടെ മനസ്സലിയിച്ചില്ല.



നൂറുകണക്കിനാളുകളാണ്‌ അന്ന് അവിടെ വെന്തു മരിച്ചത്‌.
താഴത്തുവീടന്‍ മരക്കാരുടെ സാന്ദര്‍ഭിക ഇടപെടല്‍ കുറച്ച്‌ പേരെ രക്ഷപ്പെടുത്തി. ജനല്‍ കുത്തിത്തുറന്ന്‌ അതു വഴിയാണ്‌ പലരേയും രക്ഷപ്പെടുത്തിയത്‌. മണ്ണില്‍തൊടി മുഹമ്മദ്‌ മൊല്ല, തൊട്ടിയന്‍ ചേക്കുമോയി, ഒന്നരവയസുള്ള പോക്കര്‍, പോക്കറിന്‍റെ സഹോദരി നാലു വയസുള്ള ബിയ്യക്കുട്ടി തുടങ്ങിയവര്‍ രക്ഷപ്പെട്ടവരില്‍ പെടും. അന്ന്‌ വെന്ത്‌ മരിച്ചവരില്‍ മണ്ണില്‍ തൊടിക അഹമ്മദ്കുട്ടി മുസ്‌ല്യാരുടെ മാതാവും ഉള്‍പ്പെടുന്നു. എരിതീയില്‍ വെന്തെരിഞ്ഞ സ്ത്രീകളേയും കുട്ടികളേയും പുരുഷന്‍മാരേയും തൊട്ടടുത്ത കല്ലുവെട്ട്‌ കുഴിയില്‍ കൂട്ടത്തോടെ മറവ്‌ ചെയ്യുകയായിരുന്നു. ആ ഖബറിടം കാവനൂര്‍ മാമ്പുഴയില്‍ ഇപ്പോഴും നിലകൊള്ളുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ വെണ്ണീറാണ്‌ കല്ലുവെട്ട്‌ കുഴിയിലിട്ട്‌ മൂടിയത്‌. മുണ്ടക്കാപറമ്പന്‍ വീരാന്‍ കുട്ടിയുടെ മകന്‍ മരക്കാരാണ്‌ മഖ്ബറക്ക്‌ ചുറ്റും മതിൽ കെട്ടിച്ചത്‌. മീസാന്‍ കല്ല്‌ കാണുന്ന ഖബര്‍ ഗൃഹനാഥന്‍ വീരാന്‍ കുട്ടിയുടേതാണ്‌. ഈ ദാരുണമായ സംഭവത്തിനു ശേഷം നാട്ടില്‍ ചെറിയ ചെറിയ ഒളിപ്പോര്‌ സംഘങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുത്തു‌നില്‍പ്‌ ആരംഭിച്ചിരുന്നു. ഒളിപ്പോര്‌ സംഘത്തെ നേരിടാന്‍ കഴിയാതെ പട്ടാളം അതി നീചമായ പല തന്ത്രങ്ങളും പ്രയോഗിച്ചു തുടങ്ങി.



കൊണ്ടോട്ടിയിലെ നസറുദ്ദീന്‍ തങ്ങളും അനുചരന്‍മാരും സമാധാന ദൗത്യവുമായി വരുന്നുണ്ടെന്നും എല്ലാവരും സമാധാനത്തോടെ പുറത്ത്‌ വരണമെന്നുള്ള അഭ്യര്‍ത്ഥന ബ്രിട്ടീഷ് പട്ടാളം നടത്തി. ഒളിവില്‍ പോയിരുന്ന വിപ്ലവ സംഘങ്ങള്‍ പുറത്ത്‌ വന്നു. ഈ അഭ്യര്‍ത്ഥന ചതിയായിരുന്നു. ഈ തക്കം നോക്കി നിരായുധരായ ജനങ്ങള്‍ക്ക്‌ നേരെ പട്ടാളം നിറയൊഴിച്ചു. ഇതിനെതിരെ അടങ്ങാന്‍ പുറവന്‍ മോയിന്‍ കുട്ടി ജനങ്ങളെ സംഘടിപ്പിച്ചു.. മോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിച്ച ജനം പട്ടാളക്കാരുമായി ഏറ്റുമുട്ടി. പലയിടത്തും തുറന്ന സംഘട്ടനം നടന്നു. മോയിന്‍ കുട്ടിയെ വക വരുത്തിയാലല്ലാതെ രക്ഷയില്ലെന്ന്‌ കണ്ട ബ്രിട്ടീഷ്‌ പട്ടാളം അദ്ദേഹത്തെ സൂത്രത്തില്‍ പിടിച്ചു. “രണ്ട്‌ ഹിന്ദുക്കളെ വെട്ടിക്കൊന്നു” എന്ന കള്ളപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്‌ മോയിന്‍ കുട്ടിയെ അറസ്റ്റ്‌ ചെയ്തത്‌. നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍
ചുമത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്തുക്കള്‍ കണ്ട്‌ കെട്ടി.



മോയിന്‍ കുട്ടിയെ കോയമ്പത്തൂര്‍ , വെല്ലൂര്‍ ജയിലുകളില്‍ മാറി മാറി താമസിപ്പിച്ചു. ബ്രിട്ടിഷ്‌ പട്ടാളം തന്നെ കൊല്ലുമെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. 1923 ജൂലൈ 26 നു ആ ധീരദേശാഭിമാനിയെ തൂക്കികൊല്ലാന്‍ ബ്രിട്ടീഷ്‌ കോടതി ഉത്തരവിട്ടു. സെപ്തംബര്‍ പതിനാലം തീയതി കോയമ്പത്തൂര്‍ ജയിലില്‍ മോയിന്‍ കുട്ടി തൂക്കി കൊല്ലപ്പെട്ടു.
തൂക്കിലേറ്റുന്നതിന്‍റെ തലേദിവസം അദ്ദേഹം ഭാര്യക്കെഴുതി. എന്‍റെ ഭാര്യ അറിയേണ്ടതിന്‌, അന്യായമായാണ്‌ എന്നെ തൂക്കികൊല്ലുന്നത്‌. നീ ദുഖിക്കരുത്‌. ഈ മരണം നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്‌. രാജ്യത്തിനുവേണ്ടി ആയിരം വട്ടം തൂക്കിലേറ്റുന്നത്‌ എനിക്ക്‌ സന്തോഷമേയുള്ളൂ. അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനൊരു മാപ്പിള പോരാളിയാവാന്‍ പ്രാര്‍ത്ഥിക്കുക.
(കടപ്പാട്: ഡോ. അലി അസ്ഗര്‍ ബാഖവി, കാവനൂര്‍)



------
പൂച്ചോലമാടിനു പറയാനുള്ളത്



വേങ്ങരയ്ക്കടുത്തുള്ള പൂച്ചോലമാടിനു തുല്യമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധികം ഇടങ്ങളില്ല.  ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി മരിച്ച 81 പേരെ ഒന്നിച്ച് അടക്കം ചെയ്ത മണ്ണാണിത്. പക്ഷേ, ചരിത്രപുസ്തകങ്ങളില്‍ ഇങ്ങനെയൊരു സ്ഥലത്തെകുറിച്ച് കാണാന്‍പോലും കഴിയില്ല. 81 പേര്‍ ധീരചരമം പ്രാപിച്ച പൂച്ചോലമാട് ഏറ്റുമുട്ടല്‍ ഒരിടത്തും സ്ഥാനം പിടിച്ചിട്ടില്ല. രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ക്കു മുകളില്‍ വളര്‍ന്നുനില്‍ക്കുന്ന പാഴ്മരങ്ങളല്ലാതെ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മറ്റൊന്നും കാണാനാവില്ല. 



1921ലാണ് 81 പേരുടെ മരണത്തിനിടയാക്കിയ പൂച്ചോലമാട് ഏറ്റുമുട്ടല്‍ നടന്നത്. വേങ്ങര പനമ്പുഴ കടവില്‍ കുളിക്കാനെത്തിയ ബ്രിട്ടിഷ് പട്ടാളക്കാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ പട്ടാളക്കാരനെ വധിച്ച് തോക്ക് കൈവശപ്പെടുത്തിയിരുന്നു. ഇത് തിരിച്ചെടുക്കാനും ചേറൂര്‍, പൂച്ചോലമാട് പ്രദേശങ്ങളിലെ ഖിലാഫത്ത് പ്രവര്‍ത്തകരെ പിടികൂടാനുമാണ് 1921ല്‍ അറബിമാസം റബിഉല്‍ അവ്വല്‍ ഒമ്പതിന് ബ്രിട്ടിഷ് സൈന്യം പൂച്ചോലമാട് എത്തിയത്. മലബാര്‍ കലാപം കത്തിനിന്ന നാളുകളായതിനാല്‍ ഏതുസമയത്തും ബ്രിട്ടിഷ് സൈന്യത്തിന്റെ ആക്രമണമുണ്ടാവുമെന്നു മനസ്സിലാക്കിയ മാപ്പിളമാര്‍ ഹിന്ദുകുടുംബങ്ങളുടെ രക്ഷയ്ക്കുവേണ്ടിയും മുന്‍കരുതലെടുത്തു.



നാട്ടിലെ പ്രമുഖ നായര്‍ തറവാടായ തോന്നിയില്‍ കുടുംബത്തെ സുരക്ഷിതമായി അവരുടെ സ്വദേശമായ കടലുണ്ടിയില്‍ എത്തിച്ചതായി കുടുംബാംഗവും റിട്ട. ബാങ്ക് ഉദ്യോഗസ്ഥനുമായ തോന്നിയില്‍ വിജയന്‍ പറയുന്നു. വിജയന്റെ മുത്തച്ഛന്‍ തോന്നിയില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ കാലത്തായിരുന്നു പൂച്ചോലമാട് ഏറ്റുമുട്ടലുണ്ടായത്. തോന്നിയില്‍ കുടുംബാംഗങ്ങളെ എല്ലാവരെയും സുരക്ഷിത സ്ഥലത്തെത്തിച്ച മാപ്പിളമാര്‍ അവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തോന്നിപ്പുറായ മഹാദേവ ക്ഷേത്രത്തിന്റെ സംരക്ഷണവും ഏറ്റെടുത്തു. ഉയര്‍ന്ന മതിലും ചുറ്റും ആഴമേറിയ കിടങ്ങുകളുമുണ്ടായിരുന്ന ക്ഷേത്രവളപ്പിനകത്ത് കാപ്പന്‍ അലിക്കുട്ടി, പടകാല്‍ ലവക്കുട്ടി, പടകാല്‍ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം മാപ്പിളപ്പോരാളികള്‍ ഒത്തുകൂടി. ബ്രിട്ടിഷ് പട്ടാളം ക്ഷേത്രം വളഞ്ഞ് വെടിവയ്പ്പ് തുടങ്ങിയെങ്കിലും നേരത്തേ ബ്രിട്ടിഷ് സൈനികനില്‍നിന്നും കൈവശപ്പെടുത്തിയ തോക്കും കല്ലുകളുമുപയോഗിച്ച് ഏറെ നേരം ചെറുത്തുനിന്നു. ഇതോടെ തന്ത്രപൂര്‍വം ബ്രിട്ടിഷ് സൈന്യം പിന്‍വാങ്ങി. പക്ഷേ, അവര്‍ സ്ഥലം വിടാതെ കുറച്ചകലെ ഒളിച്ചിരുന്നു. ഏറ്റുമുട്ടല്‍ അവസാനിച്ചെന്നു കരുതിയ പോരാളികള്‍ ക്ഷേത്രവളപ്പിനു പുറത്തിറങ്ങിയതോടെ ബ്രിട്ടിഷ് സൈന്യം അവര്‍ക്കിടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. വാരിക്കുന്തവും വാളുമായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 81 പേരുടെ ജീവന്‍ നഷ്ടമായി. 



കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ക്ഷേത്രത്തിനടുത്ത് പലയിടങ്ങളിലായി ചിതറിക്കിടന്നു. പ്രദേശത്തുനിന്നും വിട്ടുപോവാതെ നിലയുറപ്പിച്ച ബ്രിട്ടിഷ് സൈന്യം കൊല്ലപ്പെട്ടവരുടെ മൃതദേഹം എടുത്തുമാറ്റാനും അനുവദിച്ചില്ല. ബ്രിട്ടിഷ് പട്ടാളം സ്ഥലംവിട്ടതിനു ശേഷമാണ് അനാഥമായി വഴിയില്‍ ചിതറിക്കിടന്ന നാട്ടുകാരുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ അവിടെനിന്നു നീക്കിയത്. പൂച്ചോലമാട് നിന്നുള്ളവര്‍ക്കു പുറമെ മറ്റത്തൂര്‍, പാക്കടപ്പുറായി പ്രദേശങ്ങളില്‍നിന്നുള്ള നിരവധിപേരും വല്യുപ്പയോടൊപ്പം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കാപ്പന്‍ അലിക്കുട്ടിയുടെ പേരമകന്‍ അലിക്കുട്ടി (കാപ്പന്‍ ആലി ഹാജി) പറഞ്ഞു. 



കാപ്പന്‍ അലിക്കുട്ടിയുടെ വീട്ടുവളപ്പിലെ കല്ലുവെട്ടുകുഴിയിലാണ് 81 മൃതദേഹങ്ങളും ഒന്നിച്ചു സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ കുഴിയിലിട്ട് അതിനുമുകളില്‍ 15 പറ നെല്ലുണക്കുന്ന വലിയ പനമ്പ് വിരിച്ച്് അതിനു ശേഷം മണ്ണിട്ടാണ് 81 രക്തസാക്ഷികളെയും സംസ്‌കരിച്ചത്. ഇതിനു ചുറ്റും മതില്‍ കെട്ടിയെങ്കിലും പിന്നീട് ബ്രിട്ടിഷ് പട്ടാളം ഇത് തകര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട അലിക്കുട്ടിയുടെ മകന്‍ മുഹമ്മദ് മുസ്‌ല്യാരുടെ മകനായ അലിക്കുട്ടിയുടെ വീടിനോടു ചേര്‍ന്നാണ് രക്തസാക്ഷികളെ അടക്കം ചെയ്ത കല്ലുവെട്ടുകുഴിയുള്ളത്. ചരിത്രം കാവല്‍ നില്‍ക്കുന്ന ഇവിടം അപരിചിതര്‍ക്ക് തിരിച്ചറിയാന്‍ ഒരു അടയാളവുമില്ല. പ്രദേശവാസികള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഇങ്ങനെയൊരു കൂട്ടക്കുഴിമാടത്തെ കുറിച്ച് യാതൊരു വിവരവുമില്ല. സാമ്രാജ്യത്വശക്തികളെ ചെറുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച 81 പേരുടെ ഓര്‍മകള്‍ പോലും അന്യംനിന്നുപോവുന്നതിന്റെ വേദനാജനകമായ അടയാളമാണ് ഈ കല്ലുവെട്ടുകുഴി.



പിലാക്കലിലെ കുഴിമാടങ്ങള്‍



പൂക്കോട്ടൂര്‍ പിലാക്കലില്‍ അഞ്ചിടങ്ങളിലാണ് പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷികളെ ഒന്നിച്ചടക്കിയ കൂട്ടക്കുഴിമാടങ്ങളുള്ളത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയോടു ചേര്‍ന്ന് പൂക്കോട്ടൂരിലുള്ള കൂട്ടക്കുഴിമാടമാണ് പേരിനെങ്കിലും സംരക്ഷിച്ചിട്ടുള്ളത്. ബാക്കിയുള്ളവ തെങ്ങിന്‍കുഴിയായും കാടുപിടിച്ചും കിടക്കുകയാണ്. പൂക്കോട്ടൂര്‍ പിലാക്കലിലെ പരി അലവിക്കുട്ടിഹാജിയുടെ വീട്ടുവളപ്പിലുള്ള കുഴിയില്‍ നാല്‍പ്പതിലധികം രക്തസാക്ഷികളെയാണ് ഒന്നിച്ചു സംസ്‌കരിച്ചത്. അലവിക്കുട്ടി ഹാജിയുടെ 13 ബന്ധുക്കളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരിലുണ്ട്. പാലക്കല്‍ മായിന്‍കുട്ടിഹാജിയുടെ വീട്ടുവളപ്പിലെ കുഴിമാടത്തിലും നിരവധിപേരെ ഒന്നിച്ചു സംസ്‌കരിച്ചിട്ടുണ്ട്. പി.എം. കുഞ്ഞാലന്‍ ഹാജിയുടെ വീടിനോടു ചേര്‍ന്നുള്ള ഖബറിടത്തില്‍ നാല്‍പ്പതിലധികം പേരെ ഒന്നിച്ചു സംസ്‌കരിച്ചതായി അദ്ദേഹം പറഞ്ഞു. കുഞ്ഞാലന്‍ഹാജിയുടെ വല്യുപ്പ കുഞ്ഞാലന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതാണ്. പൂക്കോട്ടൂര്‍ പിലാക്കലിലെ അഞ്ചു കൂട്ടക്കുഴിമാടങ്ങളിലായി 350തോളം രക്തസാക്ഷികളെയാണ് ഖബറടക്കിയത്. പൂക്കോട്ടൂരുള്ളവര്‍ക്കു പുറമെ മലപ്പുറം, ആനക്കയം, മഞ്ചേരി, പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും രക്തസാക്ഷികളിലുണ്ട്.  (കടപ്പാട്: തേജസ് ദിനപ്പത്രം, ആഴ്ചവട്ടം Sun, 19 Oct 2014 )

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso