Thoughts & Arts
Image

ആപത്തുകളെ നാം ആചരിക്കാറില്ല.

17-07-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







വീണ്ടും ഒരു മുഹറം പത്ത് പിന്നിട്ടു. ലോക മുസ്ലിംകൾ പതിവുപോലെ രണ്ടു രീതിയിൽ അതിനെ അനുഷ്ഠിച്ചു. ഒന്ന്, ഈ ദിനം അല്ലാഹു അവൻ്റെ മഹാ കടാക്ഷങ്ങളും സഹായങ്ങളും നൽകുന്ന ദിനമാണ് എന്ന വിശ്വാസത്തിൽ വ്രതം അനുഷ്ഠിച്ചും പ്രാർത്ഥനകളും സൽകർമ്മങ്ങളിലും ലയിച്ചലിഞ്ഞു ചേർന്നും. അത് നബി തിരുമേനി(സ) നേരെ പഠിപ്പിച്ചു തന്നതാണ്. രണ്ടു നിലക്കാണ് അതു പഠിപ്പിച്ചത്. ഒന്നാമതായി, തൻ്റെ സ്വന്തം ജീവിതത്തിൽ പുലർത്തിക്കൊണ്ട്. ഈ ദിനത്തെ നബി തിരുമേനി ജാഗ്രതയോടെ കാത്തിരിക്കുകയും ആവേശത്തോടെ ആരാധനാ നിമഗ്നമാക്കി മാറ്റുകയും ചെയ്യുമായിരുന്നു എന്ന് സ്വഹീഹായ ഹദീസിൽ വന്നതാണ്. രണ്ടാമതായി, മൂസാ നബിയുടെ ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ട്. മദീനയിലെ ജൂത ജനത ഈ ദിവസത്തെ വ്രതം അനുഷ്ടിച്ച് ആദരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നബി(സ) അതിന്റെ കാരണമാരായുകയും അത് മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയതിനുള്ള ഉപകാരസ്മരണയാണ് എന്ന് അവർ പറയുകയും ചെയ്യുകയുണ്ടായി. അത് കേട്ടപ്പോൾ ഞങ്ങളാണ് ശരിക്കും അതിന് ബാധ്യസ്ഥർ എന്ന് നബി(സ) പറയുകയായിരുന്നു. പ്രവാചകന്മാരിൽ നിന്ന് നാം കേട്ട ചരിത്രങ്ങളിൽ ഏറെ ഉൾകിടിലം നിറഞ്ഞ ദൗത്യ ശ്രമമായിരുന്നു മൂസാനബിയുടേത്. നാല് തലമുറകളായി ഈജിപ്തിൽ അടിമകളായി ജീവിക്കുകയായിരുന്ന ഇസ്രായേൽ എന്ന യഅ്ക്കൂബ് നബിയുടെ സന്തതി പരമ്പരയെ ചെങ്കടൽ കടത്തി തങ്ങളുടെ നാടായ കൻആൻ എന്ന ഫലസ്തീനിലേക്ക് കൊണ്ടുവരാനുള്ളതായിരുന്നു ആ ദൗത്യം. തങ്ങളുടെ അടിമകളായ അവരെ അങ്ങനെ വിടാൻ ഈജിപ്തിലെ തദ്ദേശീയർക്ക് ഒട്ടും സമ്മതമല്ലായിരുന്നു. അവർ അതിനെ എന്തുവിലകൊടുത്തും തടയും എന്നതും ഉറപ്പായിരുന്നു. പക്ഷേ മൂസാനബി അവരുടെ രാജാവായ ഫറോവയുടെ മുമ്പിൽനിന്ന് തൻ്റെ ജനതയുമായി രായ്ക്കുരാമാനം ധൈര്യസമേതം പുറത്തിറങ്ങി. അതോടെ അവരെ തടയുവാൻ ഫറോവയും തൻ്റെ രാജ്യവും ഒന്നിച്ച് ഇറങ്ങി. അവസാനം മുൻപിൽ ചെങ്കടൽ പിന്നിൽ ഫറോവയുടെ സൈന്യക്കടൽ എന്ന അവസ്ഥയിലാണ് മൂസാ നബിയും ജനതയും എത്തിപ്പെട്ടത്. അവിടെ എല്ലാവരും ഭയവിഹ്വലതയോടെ ആശങ്കപ്പെട്ടു നിൽക്കുമ്പോൾ മൂസാനബി സാകൂതം അവരോട് പറഞ്ഞു: 'ഒരിക്കലുമില്ല, എന്നോടൊപ്പം എന്റെ നാഥൻ ഉണ്ട്, അവൻ എന്നെ മാർഗദർശനം ചെയ്യാതിരിക്കില്ല'. ഈ ഉള്ളുറപ്പിൽ നിന്ന് ഒരു ശക്തി ഉയർത്തെഴുന്നേറ്റു. ആ ശക്തിയിൽ അവർ ചെങ്കടൽ കടന്നു. അവരെ പിന്തുടർന്നവർ നാമാവശേഷമായി. മൂസാനബി പഠിപ്പിക്കുന്നത് ഈ ഉള്ളുറപ്പിന്റെ ബലമാണ്. അല്ലാഹുവിൽ ഭരമേല്പിച്ചാൽ പിന്നെ എല്ലാം അവൻ നോക്കും എന്ന ഉള്ളുറപ്പ്.



മുസ്ലിം ലോകം ആശൂറാഇനെ ആചരിച്ചതിന്റെ മറ്റൊരു രീതി വിലാപങ്ങളുടെയും ശാപവാക്കുകളുടെയും മാറത്തടികളുടെയും ആയിരുന്നു. ഹിജ്റ 61 ൽ ഇറാഖിലെ കർബലയിൽ വെച്ച് മഹാനായ പ്രവാചക പ്രൗത്രൻ ഹുസൈൻ(റ) കൊല്ലപ്പെട്ടതിന്റെ പ്രതിഷേധവും വിലാപവും ആയിരുന്നു അത്. ഇതിനെ കുറിച്ചുള്ള ചർച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു സത്യവും തത്വവുമാണ് നമ്മുടെ ശീർഷകം. അതായത് നാം പരാജയങ്ങളെയും അപകടങ്ങളെയും ഒന്നും ആചരിച്ചോ ആഘോഷിച്ചോ കൊണ്ടാടാറില്ല എന്നത്. ഉദാഹരണമായി ഹിജ്റ രണ്ടിൽ നടന്ന ബദർ യുദ്ധം എടുക്കാം. അത് നാം പാടിയും പറഞ്ഞും വൈകാരികമായി അവതരിപ്പിച്ചും അതിൽ പങ്കെടുത്തവരുടെ അപദാനങ്ങളെ പ്രകീർത്തിച്ചും ആചരിക്കുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത് ആ സംഭവത്തിൽ 14 പേർ രക്തസാക്ഷികൾ ആയതിന്റെ പേരിലല്ല. മറിച്ച് ആൾബലവും ആയുധബലവും ആയോധനപാഠവവും എല്ലാം കുറവായിരുന്ന തന്റെ ജനതയെ അല്ലാഹു അത്ഭുതകരമായി വിജയിപ്പിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ്. അവിടെ പുകഴ്ത്തപ്പെടുന്നത് വിജയമാണ്. തൊട്ടടുത്ത വർഷം നടന്ന ഉഹദ് യുദ്ധം പക്ഷേ പലതുകൊണ്ടും അങ്ങനെ ആചരിക്കുവാനോ മറ്റോ കഴിയാത്ത രംഗങ്ങൾ നിറഞ്ഞതായിരുന്നു. അതിനാലാണ് അങ്ങനെ ഉഹദ് കൊണ്ടാടാത്തതും. എതിർ സ്വരങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മുൻപിൽ പലപ്പോഴും ഉത്തരം മുട്ടി നിൽക്കേണ്ടിവരുന്നു എങ്കിലും സംഭവം ഏറെ വേദനാജനകം തന്നെയാണ്. പ്രവാചകൻ്റെ പ്രിയപ്പെട്ട പൗത്രൻ ഹുസൈൻ(റ) സ്വന്തം കുടുംബത്തിൻ്റെ മുമ്പിൽ വച്ചും കുടുംബത്തോടൊപ്പവും ദയനീയമായി കൊലചെയ്യപ്പെട്ട അതിദാരുണ സംഭവമാണ് കർബല യുദ്ധം. ആ സംഭവത്തിന്റെ അകത്തും പുറത്തും വ്യക്തമായ രാഷ്ട്രീയം കലർന്നിട്ടുണ്ട്. എന്നിട്ടുപോലും ആ സങ്കടം ഒതുക്കി പിടിക്കുവാനോ അതൊരു രാഷ്ട്രീയ കാര്യമായിരുന്നില്ലേ എന്നു പറഞ്ഞ് സമാധാനിക്കുവാനോ ഒന്നും വിശ്വാസികൾക്ക് കഴിയുന്നില്ല.



ഖലീഫ മുആവിയൊക്കു ശേഷം മകൻ യസീദ് ഇസ്ലാമിക രാജ്യത്തിൻ്റെ ഖലീഫ പദവിയിലേക്ക് ആനയിക്കപ്പെട്ടതോടെ കൂടെയായിരുന്നു രാഷ്ട്രീയ പ്രതിസന്ധി ഉരുണ്ടുകൂടാൻ തുടങ്ങിയത്. സ്വന്തം മകനെ പിൻഗാമിയാക്കിയത് അന്നുവരെ മുസ്ലിം ലോകം പിന്തുടർന്നുവന്ന കീഴ്വഴക്കത്തിന് എതിരായിരുന്നു. മാത്രമല്ല അത് ഹസൻ(റ)യുമായി ഹിജ്റ 40 ൽ ചെയ്തിട്ടുള്ള കരാറിന് വിരുദ്ധവുമായിരുന്നു. അതിനും പുറമേ ഇസ്ലാമിക രാജ്യത്തെ നയിക്കാൻ മാത്രമുള്ള ജീവിത വിശുദ്ധി യസീദിന് ഉണ്ടായിരുന്നതുമില്ല. അതിനാൽ പ്രമുഖരായ പല ധീര സഹാബിമാരും ഇതിനെ അംഗീകരിച്ചില്ല അവരുടെ മുൻപന്തിയിൽ ഉള്ള ആളായിരുന്നു അലി(റ)യുടെ മകൻ ഹുസൈൻ(റ). ബലപ്രയോഗം ആയിരുന്നു ഭരണകൂടത്തിന്റെ പ്രധാന ആയുധം. ബലപ്രയോഗവും സമ്മർദ്ദവും കൂടി വന്നപ്പോൾ മദീനയിൽ നിന്ന് ഹുസൈൻ(റ) മക്കായിലേക്ക് താമസം മാറിയതായിരുന്നു. അപ്പോഴാണ് ഇറാഖിലെ കൂഫയിൽനിന്ന് അദ്ദേഹത്തെ തേടി തദ്ദേശീയ പ്രമുഖരുടെ കത്തുകൾ വന്നത്. തങ്ങളെ നയിക്കുവാൻ ഇങ്ങോട്ട് വരണമെന്നാ യിരുന്നു കത്തുകളുടെ ഉള്ളടക്കം. നിരന്തരമായി കത്തുകൾ വന്നുകൊണ്ടിരുന്നു. അവസാനം നിജസ്ഥിതി അറിയുവാൻ അദ്ദേഹം തൻറെ പിതൃവ്യപുത്രൻ മുസ്ലിം ബിൻ ഉഖൈലിനെ കൂഫയിലേക്ക് പറഞ്ഞയച്ചു. അവിടെ അദ്ദേഹത്തിന് സ്വീകരണം തന്നെയാണ് ലഭിച്ചത്. ആ വിവരം കിട്ടിയതോടെ ഹുസൈൻ(റ) കൂഫയിലേക്ക് പുറപ്പെടാൻ തന്നെ തീരുമാനിച്ചു. സ്വന്തം സഹോദരൻ അടക്കമുള്ള പ്രമുഖരെല്ലാം ആ ഉദ്യമത്തിൽ നിന്ന് അദ്ദേഹത്തെ പരമാവധി തടയുവാൻ ശ്രമിച്ചു. കൂഫക്കാർ വാക്ക് മാറിയേക്കാം, ഇതു രാഷ്ട്രീയമാണ് വിശ്വസിക്കാൻ കൊള്ളില്ല, തുടങ്ങി പലതും അവർ ഉപദേശിച്ചു നോക്കി. പക്ഷേ അതൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. ആരും അദ്ദേഹത്തെ പിന്തുണച്ച് ഒപ്പം കൂടിയതുമില്ല. അതിനാൽ മുറിച്ചുമാറ്റാൻ ആവാത്ത 72 സ്വന്തങ്ങളുമായി അദ്ദേഹം കൂഫയിലേക്ക് പുറപ്പെട്ടു. വഴിയിൽ തഅ്ലബിയ്യയിൽ വെച്ചാണ് അദ്ദേഹം അറിഞ്ഞത്, കൂഫ നിറം മാറിയിരിക്കുന്നു എന്ന്. മുസ്ലിം ബിൻ ഉഖൈലിന് അഭയം നൽകിയതിന്റെ പേരിൽ ഹാനി ബിൻ ഉര്‍വയെ ഗവർണർ അറസ്റ്റ് ചെയ്തു എന്നും അത് ചോദിക്കാൻ വേണ്ടി മുസ്ലിം ബിൻ ഉഖൈലിന്റെ നേതൃത്വത്തിൽ വന്നവരെ അറസ്റ്റ് ചെയ്തു എന്നും അവരുടെ കൂട്ടത്തിൽ മുസ്ലിം ബിൻ ഉക്കയിലിനെ വകവരുത്തി എന്നുമെല്ലാം.



കാര്യങ്ങൾ മാറി മറിഞ്ഞത് കണ്ട് ഹുസൈൻ(റ) തിരിച്ചുപോകുവാൻ ഉദ്യമിച്ചു. പക്ഷേ മുസ്ലിം ബിൻ ഉഖൈലിന്റെ മക്കൾ അതിനു സമ്മതിച്ചില്ല. തങ്ങളുടെ പിതാവിൻ്റെ ഘാതകരോട് പ്രതികാരം ചെയ്യാതെ മടങ്ങാൻ പാടില്ല എന്ന് കൂട്ടത്തിലുണ്ടായിരുന്ന അവർ ശഠിച്ചു. അങ്ങനെ ശക്തമായ സമ്മർദ്ദത്തിൽ അദ്ദേഹത്തിന് മുന്നോട്ടു പോകേണ്ടിവന്നു അപ്പോഴേക്കും ഭരണകൂടം അബ്ദുല്ലാഹിബ്നു സിയാദിന്റെ നേതൃത്വത്തിൽ ഒരു സേനയെ നിയോഗിച്ചു കഴിഞ്ഞിരുന്നു. ഹുസൈന്റെ നീക്കങ്ങൾ നോക്കുകയായിരുന്നു അവരുടെ ചുമതല. അവർ കർബലയിലെത്തിയതും ഉമര്‍ ബിന്‍ സഅദു ബിന്‍ അബീവഖാസ് 4000 പേരടങ്ങുന്ന സൈന്യവുമായി അവിടെയെത്തി. കൂഫക്കാർ തന്നെ കത്തയച്ചു വരുത്തിയിട്ടാണ് താൻ വന്നത് എന്ന് ഹുസൈൻ(റ) പറഞ്ഞു. മാത്രമല്ല, കാര്യങ്ങൾ പ്രതികൂലമാണ് എന്ന് വ്യക്തമായ സ്ഥിതിക്ക് താൻ തിരിച്ചു പോകാം എന്നദ്ദേഹം അറിയിക്കുകയും ചെയ്തു. ഹുസൈൻ(റ)വും ഉമറും രാത്രിയില്‍ ഒരു സ്വകാര്യ ചര്‍ച്ച നടത്തി. ആ സംസാരത്തിൽ അവർ ഒരു തീരുമാനത്തിലെത്തി. ഒന്നുകിൽ തന്നെ മടങ്ങിപ്പോകാന്‍ അനുവദിക്കുക അല്ലെങ്കിൽ യസീദിനെ നേരില്‍ കണ്ട് പ്രശ്‌നം തീര്‍ക്കാന്‍ അനുവദിക്കുക അതുമല്ലെങ്കിൽ ഇസ്ലാമിക മുന്നണിയിൽ യോദ്ധാവായി ഭാവികാലം വിനിയോഗിക്കാന്‍ വിടുക എന്നിവയായിരുന്നു അവ. വിവരം ഉമർ ഇബ്നു സിയാദിനെ അറിയിച്ചു. നിർദ്ദേശങ്ങൾ ഗവര്‍ണര്‍ക്ക് ബോധിച്ചു. അങ്ങനെ എല്ലാം കൊണ്ടും പ്രശ്നം രമ്യതയോടടുത്തതാണ്. പക്ഷെ, പിന്നെ ഞൊടിയിടയിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഏതോ ഒരു കറുത്ത കരമായിരുന്നു പിന്നിൽ എന്നതു വ്യക്തമായിരുന്നു. ഉമറിൻ്റെ നേതൃത്വത്തിലായിരുന്നു സൈന്യമെങ്കിലും ഒരു കറുത്ത കരമായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ശമിര്‍ ബിന്‍ ദില്‍ ജൌശന്‍ എന്ന ഒരാളാണ് സംശയത്തിൻ്റെ നിഴലിൽ. കൂഫക്കാരുടെ ചതിയും ഇയാളുടെ ദുഷ്ടലാക്കും ചേർന്നു നിന്നപ്പോൾ ഹുസൈൻ(റ) ദയനീയമായി കൊല്ലപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് വിലാപങ്ങളുടെ ഈ ചേഷ്ടകളും കൊണ്ടാടലുകളും. ഇത് പക്ഷെ, തുടക്കത്തിൽ ഉണ്ടായിരുന്നില്ല. പിന്നെ ഈ വിപ്ലവം രാഷ്ട്രീയമായി വളർന്നപ്പോഴാണ് ഷിയാക്കൾക്ക് മാറത്തടിച്ച് ശ്രദ്ധ നേടേണ്ടിവന്നത്.
0







0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso