Thoughts & Arts
Image

'ഇന്ത്യ' ദ ഫീനിക്സ്

16-07-2024

Web Design

15 Comments


ടി മുഹമ്മദ്



സത്യപ്രതിജ്ഞ കഴിഞ്ഞ് രാഹുൽ ഗാന്ധി സ്പീക്കറെ ഔദ്യോഗികമായി ഹസ്തദാനം ചെയ്യുന്നു. തിരിച്ചു സഭയിലേക്ക് ഇറങ്ങുവാൻ തിരിയുമ്പോൾ എന്തോ ഓർത്തിട്ട് എന്ന പോലെ വീണ്ടും ചെയറിലേക്ക് തിരിയുന്നു. അത് സ്പീക്കറുടെ തൊട്ടുപിന്നിൽ ചേർന്നുനിൽക്കുന്ന അംഗരക്ഷകനെ ഹസ്തദാനം ചെയ്യാൻ വേണ്ടിയായിരുന്നു. ആ കാഴ്ച ഏറെ നയനാനന്ദകരവും ഹൃദ്യയുമായി. ഇന്ത്യ പുലർത്തുന്ന പ്രതീക്ഷയുടെ വർണ്ണ രാജികൾ അവിടെ മിന്നി തെളിയുകയായിരുന്നു. ഇത് ഒരു തുടക്കം. ഇനി നമുക്ക് ഏറ്റവും അവസാനം കണ്ട കാഴ്ച പറയാം. അത് നമ്മുടെ കാലം കണ്ട ഏറ്റവും വലിയ ഒരു കല്യാണ മാമാങ്കമാണ്. ആഡംബരത്തിന്‍റെയും താരപ്പകിട്ടിന്‍റെയും മേളമായി അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍റെ കല്യാണം. മുംബൈയിലെ ആഘോഷ രാവില്‍ അനന്ത് അംബാനി, രാധിക മെർച്ചെന്‍റിനെ ജീവിതസഖിയാക്കുന്ന കല്യാണം. ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ വിവാഹചടങ്ങില്‍ പ്രമുഖരുടെ നിര സാക്ഷിയായി ഉണ്ടായി. ഒരിക്കലും സാധാരണക്കാർക്ക് സ്വപ്‌നം പോലും കാണാനാവാത്ത തുകയാണ് മകന്റെ വിവാഹത്തിനായി മുകേഷ് അംബാനി പൊടിക്കുന്നത്. 5000 കോടി വരും ഈ തുക എന്നാണ് പരസ്യം. ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം പങ്കെടുത്ത ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള ഈ വിവാഹ ചടങ്ങിൽ പക്ഷേ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രം ഇല്ല. അതാണ് ഏറ്റവും അവസാനത്തെ വാർത്തയുടെ വിരാമ ബിന്ദു. താനേറെ ബഹുമാനിക്കുന്ന വലിയ ലോക നേതാക്കന്മാർ, ഇന്ത്യാസഖ്യത്തിൽ തന്നോടൊപ്പം തന്നെയുള്ള ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കന്മാർ തുടങ്ങിയവരെല്ലാം വിവാഹ മാമാങ്കത്തിൽ വന്ന് തല കാണിച്ചപ്പോഴും ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി മുതൽ രാഷ്ട്രീയ സിനിമാ ബിസിനസ് മേഖലകളിലെ പ്രമുഖർ അണിനിരന്നപ്പോൾ, കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ പോലും കല്യാണത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തൻ്റെ രാജ്യത്തെ തീറെഴുതി കൊടുത്തവരോടുള്ള വിദ്വേഷവും വെറുപ്പും തീറെഴുതി വാങ്ങിച്ചവരോടും ഉണ്ടായിരിക്കുമല്ലോ എന്നു മാത്രമാണ് ഇതിന് പറയാനുള്ള വ്യാഖ്യാനം. കല്യാണത്തിലെ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യ എന്നത് ഒരു മഹാ ആശയമാണ് എന്ന് രാഹുൽ ഗാന്ധി തൻറെ ജീവിതം കൊണ്ട് തെളിയിക്കുകയാണ്.



ഈ രണ്ടു ബിന്ദുക്കൾക്കിടയിൽ ഉണ്ടായ ഏറ്റവും വലിയ സംഭവങ്ങൾ രണ്ടാണ്. ഒന്ന്, രാഹുൽ ഗാന്ധിയുടെ അരങ്ങേറ്റ പ്രസംഗം പ്രകടിപ്പിച്ച വികാരങ്ങൾ ആണ്. ശക്തമായ എതിർപ്പുകളെയും ഇടപെടലുകളെയും ചെയറിന്റെ ഏകപക്ഷീയമായ റൂളിംഗിനെ പോലും നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു രാഹുൽ ഗാന്ധി പത്തുവർഷം അടക്കിപ്പിടിച്ച വികാരങ്ങൾ ഓരോന്നായി തൊടുത്തുവിട്ടത്. സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം വരെ ഉയർത്തിക്കാട്ടിയും അദ്ദേഹം തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് നൽകിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും പറഞ്ഞ് ‌ഗുരു നാനാക്കിന്റെ ചിത്രവും ഇസ്‌ലാം മത ചിഹ്നവും വരെ രാഹുൽ സഭയിൽ പരസ്യമായി പ്രദർശിപ്പിച്ചു. ഭരണപക്ഷത്ത് മാത്രമല്ല സ്പീക്കറുടെ ചെയറിൽ പോലും വിവിധ പ്രക്ഷുബ്ധതകൾ പൊട്ടിത്തെറികളായി പൊട്ടിപ്പുറപ്പട്ട സാഹചര്യമായിരുന്നു അപ്പോൾ ഉണ്ടായത്. ഗുരു നാനാക്കിന്റെയും ഇസ്ലാമിന്റെയും ചിത്രങ്ങളും സൂചകങ്ങളും കാണുമ്പോൾ വിറളി പിടിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. ബുദ്ധി പ്രവർത്തിപ്പിക്കുവാൻ ഒട്ടും കഴിയാത്ത വിധത്തിൽ രാഷ്ട്രീയവും ജാതീയവും വർഗീയവുമായ അന്ധതകൾ ബാധിച്ച ബിജെപിയെയും സഹയാത്രികരെയും സംബന്ധിച്ചിടത്തോളം അതൊന്നും താങ്ങാൻ ആകുന്നതല്ല. പക്ഷേ വിഷയം അതിൻ്റെയെല്ലാം ബൗണ്ടറികൾ കടന്നത്, രാഹുൽ ഗാന്ധി പരമശിവന്റെ ചിത്രം ഉയർത്തി കാണിക്കുകയും ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നു തുറന്നു വിളിച്ചു പറയുകയും ചെയ്തപ്പോഴാണ്. മതപരമായ ഏകാധിപത്യം തങ്ങൾക്കും രാമഭക്തർക്കും മാത്രമുള്ളതാണ് എന്ന് പറഞ്ഞാണ് പത്തുവർഷത്തോളമായി അധികാരത്തിൽ അവർ അള്ളി പിടിച്ചിരിക്കുന്നത്. ഇക്കാലമത്രയും രാമൻ എന്ന മന്ത്രം മാത്രമായിരുന്നു അവർ ഉയർത്തിയതും ഉയർത്താൻ അനുവദിച്ചതും. മറ്റു ദൈവ സിദ്ധാന്തങ്ങൾ പോലും ഒരളവോളം അപ്രസക്തമായി കഴിഞ്ഞിരുന്നു. അതിനെ ഒരു വികാരമാക്കി മാറ്റി ഒരുപാട് കാലം ഇന്ദ്രപ്രസ്ഥത്തിൽ ചടഞ്ഞുകൂടാനുള്ള വക രാമൻ ഒരുക്കി തരും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അതേ ധർമ്മത്തിലെ മറ്റൊരു ദൈവം രംഗത്ത് വരുന്നത്. ശിവൻ ഹൈന്ദവ ധർമ്മത്തിലെ മറ്റൊരു ദൈവമാണ്. മറ്റൊരു എന്ന വാക്കിൽ രണ്ടും രണ്ടും രണ്ടാണ് എന്ന ഒരാശയമുണ്ട്. അതുകൊണ്ടുതന്നെ രാമനെ എന്തിനെല്ലാം ഉപയോഗിക്കുന്നു അതിനൊന്നും ശിവനെ ഉപയോഗിക്കാൻ കഴിയില്ല. പ്രത്യേകിച്ചും ശിവൻ്റെ അഭയമുദ്ര എന്ന ഭാവത്തിലാണ് രാഹുൽ കയറിപ്പിടിച്ചിരിക്കുന്നത്. മഹാത്മജിയുടെ പിന്നിൽ ഉറച്ചുനിന്നു മതേതരത്വത്തിന് വേണ്ടി നിലനിൽക്കുന്നു എന്നു പറയുന്ന പാർട്ടിയും സഖ്യവും അതിനു വേണ്ടി മഹാശിവനെ ഉയർത്തി കാണിക്കുന്നതിൽ സത്യത്തിൽ വലിയ അപകടങ്ങൾ കുടിയിരിക്കുന്നുണ്ട്. അത് അവർ കെട്ടിപ്പൊക്കി ഉയർത്തിയ ഹൈന്ദവ പിന്തുണയുടെ ഗോപുരങ്ങൾ തല്ലി തകർക്കുക തന്നെ ചെയ്യും എന്ന് അവർക്ക് നന്നായി അറിയാം. ആശയതലത്തിൽ മഹാശിവനെയോ രാമഭഗവാനെയോ വേറെ കളികളിൽ മാറ്റി കെട്ടേണ്ട ആവശ്യമൊന്നുമില്ല എന്നത് ശരിയാണ്. പക്ഷേ, ഇതിലൂടെ ഒരു കുത്തക തകരുന്നു എന്നത് ഒരു സത്യമാണ്. ആ കുത്തകയാണെങ്കിലോ നരേന്ദ്രമോദിയുടെയും സംഘത്തിന്റെയും പ്രതീക്ഷയുടെ നട്ടെല്ലുമാണ്.



പറഞ്ഞുപറഞ്ഞ് ദൈവം ചമഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നരേന്ദ്ര മോദി കയ്യാളിയത്. താൻ ദൈവത്തിൻ്റെ പ്രതിപുരുഷനാണ്, താൻ അമാനുഷിതനാണ് എന്നൊക്കെ കിട്ടിയേടത്തും പറ്റിയേടത്തും വിളിച്ചുപറയുന്നതോടൊപ്പം ബാക്കിപ്പെട്ടികളെങ്കിലും കാത്തോളണേ എന്ന പ്രാർത്ഥനയുമായി കന്യാകുമാരിയിൽ വന്ന് ധ്യാനം ഇരിക്കുക പോലും ചെയ്യുകയുണ്ടായി അദ്ദേഹം. ഇതിൻ്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ദൈവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ട് ബന്ധമുണ്ടെന്നു പരിഹസിച്ചത് തമാശയായി സ്വീകരിക്കപ്പെടും എന്ന് കരുതിയത് തെറ്റി. അതിനെ കാര്യമായി തന്നെ എല്ലാവരും എടുത്തു. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ, അഗ്നിപഥ്, നീറ്റ്, മണിപ്പുർ, കർഷക സമരം തുടങ്ങി ഓരോ വിഷയങ്ങളും എടുത്തിട്ട് പ്രധാനമന്ത്രിയെയും കൂട്ടാളികളെയും രാഹുൽ ശരിക്കും കുടയുക തന്നെ ചെയ്തു. ഇന്ത്യയിൽ ഏറ്റവും അപകടം നേരിടുന്നത് ഇന്ത്യയുടെ ആത്മാവായ ഭരണഘടനയാണ് എന്ന് ഗുരുതരമായി രാഹുൽ ഓർമ്മപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടെ ഒറ്റവാക്കിൽ ആക്രമിക്കപ്പെട്ടത് ഇന്ത്യയുടെ ഭരണഘടനയായിരുന്നു. എല്ലാവർക്കും സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കി രാജ്യത്തെ
ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയുണ്ടായി. രാഹുൽ ഏറെ വൈകാരികമായി കടന്നാക്രമിച്ചത് നരേന്ദ്രമോദി ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നു പറഞ്ഞതിനെയാണ്. രാഷ്ട്രപിതാവിനെയും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ഓരോ ബോർഡിൽ നിന്നും പാഠങ്ങളിൽ നിന്നും മായിച്ചു കളയാൻ വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന മോദി ഭരണകൂടത്തിന്റെ ആ അജണ്ട ഇനി അങ്ങനെ സരളമായി നടക്കില്ല എന്ന കൃത്യമായ മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവുപ്രകാരം 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യം ചെയ്യൽ താൻ അനുഭവിച്ചതും പ്രമുഖ പ്രതിപക്ഷ നേതാക്കന്മാരെ ഇ ഡി യെ വിട്ട് നിരന്തരമായി വേട്ടയാടി കൊണ്ടിരിക്കുന്നതും പൊട്ടിത്തെറിയുടെ സ്വരത്തിൽ രാഹുൽ പറഞ്ഞു.



ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമായി രാഹുൽ ഗാന്ധി ഉയർത്തി കാണിച്ചത് അയോധ്യയെ തന്നെയായിരുന്നു. അവിടെ താൻ ക്ഷേത്രം ഉദ്ഘാടനം ചെയ്തു കൊടുത്തതുകൊണ്ട് അനായാസം ജയിച്ചു കയറാം എന്നായിരുന്നു നരേന്ദ്രമോദിയുടെ പദ്ധതി. പക്ഷേ അവിടെ വിജയിക്കാൻ ഒരു സാധ്യതയുമില്ല എന്ന റിപ്പോർട്ട് കിട്ടിയപ്പോൾ അദ്ദേഹം പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരും പറഞ്ഞ് കാണിച്ച മാമാങ്കങ്ങളുടെ ഓരോ മുഖംമൂടിയും അദ്ദേഹം വലിച്ചു കീറി താഴെയിട്ടു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ ഹിന്ദുക്കളായ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. അങ്ങനെ ഓരോ കണക്കുകളും നിരത്തി സത്യത്തിൽ ഹിന്ദുക്കളെ ബിജെപി പ്രതിനിധാനം ചെയ്യുന്നില്ല എന്ന് അദ്ദേഹം സ്ഥാപിച്ചു. മണിപ്പൂർ സത്യത്തിൽ നരേന്ദ്രമോദിയെയും സംഘത്തെയും വേട്ടയാടി കൊണ്ടേയിരിക്കുകയാണ് ഇപ്പോഴും. അവിടെ പക്ഷംപിടിച്ചതിൽ അവർക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല അങ്ങനെയൊന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. മണിപ്പൂരിലെ ജനങ്ങൾ രണ്ടു ഭാഗങ്ങളിലായി പരസ്പരം കൊമ്പ് കോർക്കുന്നത് അവരുടേതായ ചില പ്രശ്നങ്ങളുടെ പേരിൽ മാത്രമാണ്. അതിൽ വെറുതെ കക്ഷി ചേർന്നിട്ട് ഈ വർഗീയ കോമരങ്ങൾക്ക് ഒന്നും കിട്ടാനില്ല. പക്ഷേ ഇതൊന്നും ചിന്തിക്കാതെ മണിപ്പൂരിൽ ആർക്കോവേണ്ടി മൗനം പാലിച്ച് നിന്നു കൊടുക്കുകയായിരുന്നു കേന്ദ്ര ഭരണകൂടം. അതിന് ഇന്നും അവർ അനുഭവിച്ചു കൊണ്ടേയിരിക്കുകയാണ് എന്ന് വേണം പറയാൻ. കാരണം രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ ആ വിഷയം അത്രമാത്രം വൈകാരികമായാണ് എടുത്തിട്ടത്. ഓരോ വാക്കുകളും അവരുടെ നെഞ്ചിൽ കൊള്ളുന്ന തരത്തിൽ ആയിരുന്നു. മണിപ്പുരിൽ വലിയ കലാപമുണ്ടായിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയില്ല, മണിപ്പുർ ഇന്ത്യയിലല്ലേ ? എന്നെല്ലാം അദ്ദേഹം ചോദിച്ചു. പ്രസംഗത്തിനിടെ സ്പീക്കറെയും രാഹുൽ വിമർശിച്ചത് പുതിയ അങ്കങ്ങളുടെ ന്യായവും വീര്യവും കുറിക്കുന്നതായിരുന്നു. തനിക്കും പ്രധാനമന്ത്രിക്കും ഹസ്തദാനം നൽകിയപ്പോൾ രണ്ട് രീതിയിലായിരുന്നു സ്പീക്കറുടെ ശരീരഭാഷയെന്നും തനിക്ക് നേരെനിന്നു കൈ തന്ന സ്പീക്കർ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കുമ്പിട്ടുനിന്ന് കൈപിടിച്ചെന്നും രാഹുൽ തുറന്നടിച്ചു. ഈ ആരോപണത്തിന്റെ മുൻപിൽ ബിർള വിറക്കുന്നതും നാണംകെടുന്നതും സൻസദ് ടിവി കാണുകയും എല്ലാവർക്കും കാണിച്ചു കൊടുക്കുകയും ചെയ്തു. എന്തെങ്കിലുമൊക്കെ കുഴമ്പ് പുരട്ടാതെ വയ്യ എന്ന സമ്മർദ്ദത്തിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി സഭയുടെ നേതാവാണെന്ന് തട്ടിവിട്ടു. പക്ഷെ, സഭയിൽ സ്പീക്കറാണ് ഏറ്റവും വലുതെന്നും ‍ബാക്കിയെല്ലാവരും സ്പീക്കറുടെ താഴെയാണെന്നും രാഹുൽ തിരിച്ചടിച്ചു. വരാനിരിക്കുന്ന നാളുകൾ അത്ര സുഖകരമാവില്ല എന്നത് പ്രധാനമന്ത്രിക്കും സ്പീക്കർക്കും പകൽവെളിച്ചം പോലെ മനസ്സിലായി. പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട് എന്നു പ്രഖ്യാപിച്ചായിരുന്നു 18-ാം ലോക്‌സഭയിൽ രാഹുൽ അങ്കം കുറിച്ചത്. ഈ പ്രസംഗം ഇന്ത്യ മുന്നണിയിലെ യുവനിരയെ പ്രത്യേകിച്ചും ആവേശഭരിതരാക്കിയിട്ടുണ്ട്. അതിൻ്റെ ഫലം തൊട്ടടുത്ത ദിനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എല്ലാം കാണാനും കഴിഞ്ഞു. ഈ വികാരത്തെ ഇനി വാടാതെ ഉയർത്തി നിർത്തുവാൻ രാഹുൽ ഗാന്ധിക്ക് കഴിയും എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ട്. കാരണം ഒരുപാട് അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ പഠിച്ച് പക്വത നേടിയ ഒരു നേതാവായി തീർന്നിരിക്കുന്നു അദ്ദേഹം എന്ന് ഓരോ ചലനവും വിളിച്ചുപറയുന്നുണ്ട്.



രണ്ടാമത്തെ കാര്യം രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവ് എന്ന പദവി ലഭിച്ചതാണ്. 99 സീറ്റിൽ കോൺഗ്രസ് വിജയിച്ചതോടെയാണ് അവർക്ക് ഈ പദവി ലഭിച്ചത്. ഇന്ത്യൻ ഭരണസംവിധാനത്തിൽ കേവലം ഒരു പ്രതിപക്ഷ നേതാവിന്റെ റോളും പ്രസംഗിക്കുന്ന ആളുടെ പേരും എന്നതിൽ ഒതുങ്ങുന്ന പദവി അല്ല ഇത്. ഒരു കാബിനറ്റ് പദവിയോടൊപ്പം രാജ്യത്തിൻറെ സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുവാനും നയരൂപീകരണത്തിൽ പങ്കാളിത്തം വഹിക്കാനും എല്ലാം ഇതുവഴി അർഹത ലഭിക്കും. സി.ബി.ഐ ഡയറക്ടർ, സെൻട്രൽ വിജിലൻസ് കമീഷണർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ലോകയുക്ത ചെയർപേഴ്സൻ. മനുഷ്യാവകാശ കമീഷണൻ അംഗങ്ങൾ, തെരഞ്ഞെടുപ്പ് കമീഷണർ തുടങ്ങിയവരെയെല്ലാം തെരഞ്ഞെടുക്കുന്ന സമിതികളിൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടാവും. ഈ നിയമനങ്ങളിലെല്ലാം പ്രധാനമന്ത്രിക്ക് രാഹുലിന്റെ കൂടി അഭിപ്രായം തേടേണ്ടി വരുന്ന സാഹചര്യവും ഉണ്ടാവും. ഏകഛത്രാധിപതിയായി ഒറ്റക്ക് തന്റെ താൽപര്യങ്ങൾക്ക് വിധേയമായി മാത്രം ഭരിക്കുവാൻ ഇനി പണ്ടത്തേതുപോലെ മോഡിക്ക് കഴിയില്ല. പ്രതിപക്ഷത്തിനാവട്ടെ ഇനി പണ്ടത്തേതുപോലെ ഭയപ്പെട്ട് ഒന്നും പറയാൻ കഴിയാതെ ഒന്നിലും പങ്കെടുക്കാൻ ആവാതെ വെറുതെ ഇരിക്കേണ്ട ദുരവസ്ഥയിൽ നിന്ന് ഒരു മോചനവുമായി. ഇത് പ്രതിപക്ഷത്തെ സംബന്ധിച്ചടുത്തോളം വലിയ നേട്ടമാണ്. പാർലമെന്റിന്റെ പ്രധാനപ്പെട്ട സമിതികളിലും ഇനി രാഹുൽ അംഗമാവും. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും രാഹുലിന് കൂടുതൽ അധികാരങ്ങൾ ഉണ്ടാവും. അതുകൊണ്ടെല്ലാം രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും സത്യത്തിൽ വിജയിച്ചിരിക്കുക തന്നെയാണ്. ഈ വിജയത്തെ പൂർണ്ണാർത്ഥത്തിലേക്ക് എത്തിക്കുവാൻ ചിലപ്പോൾ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും എന്നുമാത്രം.
o


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso