മഴക്കുമുണ്ട് ചില കയ്യും കണക്കും
16-07-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
മഴയെ അല്ലാഹു ഖുർആനിൽ പരാമർശിക്കുന്നതെല്ലാം അവൻ്റെ വലിയ അനുഗ്രഹമായിക്കൊണ്ടാണ്. അനുഗ്രഹം എന്നാൽ മനുഷ്യൻ്റെ അധിവാസത്തിനും അതിജീവനത്തിനും അനിവാര്യമായ ഒരു ഘടകം എന്ന അർത്ഥത്തിൽ. മനുഷ്യന് സ്വന്തമായി ഉണ്ടാക്കുവാനോ നേടിയെടുക്കുവാനോ കഴിയാത്ത ഒരു ദൈവ സഹായം. അതില്ലാതെ അവനു ജീവിക്കാൻ കഴിയില്ല. പ്രപഞ്ചത്തിന്റെ ജീവൻ, ഭൂമിയുടെ നിലനിൽപ്പ്, കാലാവസ്ഥയുടെ സന്തുലിതത്വം, ഋതുക്കളുടെ അനുകൂലത തുടങ്ങിയ ഒരുപാട് പ്രാപഞ്ചിക അടിസ്ഥാനങ്ങളെ മഴയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇവയെല്ലാം നിലനിൽക്കുവാൻ വേണ്ടിയാണ് നാം മഴ വർഷിപ്പിക്കുന്നത് എന്ന് ഒന്നിലധികം സ്ഥലത്ത് അല്ലാഹു പറയുന്നുണ്ട്. മനുഷ്യൻ്റെ നിലനിൽപ്പിനെ സ്വാധീനിക്കുന്ന ഒരു ഘടകം എന്ന നിലക്ക് മഴ എന്ന പ്രതിഭാസത്തിനുള്ളിൽ അല്ലാഹു ധാരാളം ചിന്തകൾ അവനുവേണ്ടി അടുക്കി വെച്ചിട്ടുണ്ട്. ഓരോ ചിന്തകളും അവനെ പരമമായ ദൈവീക തിരിച്ചറിവുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ളതാണ്. അത്തരം ചിന്തകളിൽ ഒന്നാണ് ചിലയിടങ്ങളിൽ അല്ലാഹു മഴയുടെ അളവിനെ സൂചിപ്പിക്കുന്നത്. ഉദാഹരണമായി സൂറത്ത് അസ്-സുഖ്‌റുഫിലെ പതിനൊന്നാം ആയത്തിൽ മഴയെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത് 'ശരിയായ അളവിലുള്ള വെള്ളം' എന്നാണ്. അല്ലാഹു പറയുന്നു: "ആകാശത്ത് നിന്ന് നിശ്ചിത അളവിൽ വെള്ളം ഇറക്കുകയും, നിർജീവമായ ഒരു ഭൂമിയെ അത് മുഖേന നാം ജീവിപ്പിക്കുകയും ചെയ്യുന്നവൻ. അങ്ങനെ തന്നെ നിങ്ങൾ (മരിച്ചവരിൽ നിന്ന്) ഉയിർപ്പിക്കപ്പെടും" (43:11). അല്‍ മുഅ്മിനൂന്‍ അധ്യായത്തിൽ എങ്ങനെ കാണാം: ”ആകാശത്തു നിന്ന് നാം കണിശമായ കണക്കുപ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ കഴിവുള്ളവനത്രെ നാം” (അല്‍ മുഅ്മിനൂന്‍ : 18). ഒന്നാമത്തെ സൂക്തത്തിൽ നിശ്ചിത അളവിൽ എന്നും രണ്ടാമത്തെ സൂക്തത്തിൽ കണിശമായ കണക്കുപ്രകാരം എന്നും പറയുന്ന പരാമർശത്തിൽ ആണ് നമ്മുടെ ഇന്നത്തെ ഖുർആനിക ചിന്ത ഉടക്കി നിൽക്കുന്നത്. ഈ കണക്കുകളിൽ ചില അത്ഭുതങ്ങൾ തന്നെ ഉണ്ട് എന്ന് പിൽക്കാലത്ത് ശാസ്ത്രീയ ലോകം കണ്ടെത്തുകയുണ്ടായി. ഒരു പ്രദേശത്ത്, ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം അളവ് മഴ ലഭിച്ചു എന്നത് കണ്ടെത്തുവാൻ നമുക്ക് കഴിയും. ഇതു അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ് മഴ മാപിനി (Standard Rain Gauge). ഒരു നിശ്ചിത വായ് വട്ടമുള്ള ഒരു ഫണലും അതിനടിയിൽ മഴവെള്ളം ശേഖരിക്കാനായി ഘടിപ്പിക്കുന്ന ഒരു സിലിണ്ടറും മാത്രം ചേർന്ന ഒരു സാധാരണ മാർഗ്ഗമാണ് ഇത് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇത് ഉപയോഗത്തിലെത്തിയത്.
മേൽ ആയത്തുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ അളവ് രണ്ടു നിലക്ക് മഴയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒന്നാമത്തെത് ഭൂമിയിൽ മൊത്തത്തിൽ പെയ്യുന്ന മഴയുടെ അളവുമായിട്ടാണ്. സത്യത്തിൽ ഭൂമിയിൽ എല്ലായിടത്തും ഒരേപോലെ അല്ല മഴ പെയ്യുന്നത്. എന്തുകൊണ്ട് ലോകത്ത് എല്ലായിടത്തും ഒരേ പോലെ മഴ പെയ്യുന്നില്ല, മഴ പെയ്യേണ്ടി വരുന്നില്ല തുടങ്ങിയതെല്ലാം മറ്റൊരു ചിന്താ ജാലകമാണ്. നാം അനുഭവിക്കുന്നത് പോലെ കൃത്യമായി വിരുന്നുവരുന്ന മഴക്കാലം അനുഭവപ്പെടുന്നത് ഭൂമിയിലെ വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ്. നമ്മുടെ രാജ്യമായ ഇന്ത്യ, ദക്ഷിണപൂര്‍വേഷ്യ, ദക്ഷിണ ചൈന, ജപ്പാന്‍, പശ്ചിമാഫ്രിക്കയുടെയും മധ്യാഫ്രിക്കയുടെയും ചില ഭാഗങ്ങള്‍ ഇത്രയുമിടങ്ങളില്‍ മാത്രമാണ് കാലവര്‍ഷം അഥവാ മണ്‍സൂണ്‍ കൃത്യമായി വിരുന്നു വരുന്നത്. ഭൂലോകത്തിലെ ബാക്കിയുള്ള ദേശങ്ങളിലെല്ലാം അവിചാരിതമായി വരുന്ന അതിഥി മാത്രമാണ് മഴ. വിശുദ്ധ ഖുർആൻ പെയ്തിറങ്ങിയ അറേബ്യ മഴ അപൂർവ്വമായി മാത്രം ലഭിക്കുന്ന സ്ഥലമായിരുന്നു. പക്ഷേ, എന്നിട്ടും മഴയുടെ എല്ലാ ശാസ്ത്രങ്ങളും അവിടെയുണ്ടായിരുന്ന ആദിമ പ്രബോധിതരോട് ഖുർആൻ സമഗ്രമായി പറഞ്ഞു എന്നത് ഈ ചിന്തകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഒരു ചിന്ത തന്നെയാണ്. നാം മഴയുടെ കണക്കുകളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോൾ നാം ലോകത്ത് മൊത്തത്തിൽ പെയ്യുന്ന മഴയുടെ അളവിനെയാണ് എടുക്കുന്നത്. മഴക്ക് നിമിത്തമാകുന്നത് ഭൂമിയിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന നീരാവിയാണ് എന്നത് നമുക്കറിയാം. അപ്പോൾ അവിടെ ഒരു കൊടുക്കലും വാങ്ങലും രൂപപ്പെടുന്നുണ്ട്. അതായത് ഭൂമിയിൽ നിന്ന് നീരാവി ആകാശത്തേക്ക് ഉയരുന്നു. ആകാശത്തു നിന്ന് വെള്ളം മഴയായി ഭൂമിയിലേക്ക് വരികയും ചെയ്യുന്നു. അതിലെ ഏറ്റവും കൗതുകകരമായ കാര്യം ഇവ രണ്ടും വളരെ കൃത്യമാണ് എന്നതാണ്.
ഒരു സെക്കൻ്റിൽ 16 ദശലക്ഷം ടൺ ജലം ഭൂമിയിൽ നിന്ന് ബാഷ്പീകരിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നത്. ഒരു സെക്കൻ്റിൽ ഭൂമിയിൽ പതിക്കുന്ന വെള്ളത്തിൻ്റെ അളവും ഇതു തന്നെയാണ്. ഇതിനർത്ഥം ജലം ഒരു ചക്രമായി വർത്തിക്കുന്നു എന്നാണോ കൃത്യമായ സന്തുലിതത്വം പാലിക്കുന്ന ഒരു ചക്രം. ഇങ്ങനെ ഒരു ചാക്രികത പുലർത്തുമ്പോഴാണ് സത്യത്തിൽ മഴ പ്രപഞ്ചത്തിന്റെ നിലനിൽപ്പായി മാറുന്നു. പ്രപഞ്ചത്തിലൂടെ ജലചക്രത്തെ കറക്കി കൊണ്ടേയിരിക്കുമ്പോൾ അതിൻറെ ഗുണഫലം പ്രപഞ്ചത്തിന്റെ ഓരോ ഘടകങ്ങളിലും എത്തിച്ചേരുകയാണ്.
രണ്ടാമത്തേത് മഴ പെയ്തുവീഴുന്ന വേഗതയുടെ അളവാണ്. മഴമേഘങ്ങളിൽ നിന്നാണ് മഴ പെയ്തു തുടങ്ങുന്നത് എന്നാണല്ലോ ശാസ്ത്രത്തിൻ്റെ നിഗമനം. ഈ നിഗമനത്തെ പരിപൂർണ്ണമായും ഖുർആൻ സ്വീകരിക്കുന്നു എന്ന് പറയാൻ വയ്യ. കാരണം, പലപ്പോഴും ആകാശത്തു നിന്ന് മഴ പെയ്യുന്നു എന്നാണ് ഖുർആൻ പ്രയോഗിക്കുന്നത്. അതേ സമയം മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നു എന്ന പ്രയോഗവും ഖുർആനിൽ വന്നിട്ടുണ്ട്. മഴമേഘങ്ങളുടെ ഏറ്റവും കുറഞ്ഞ ഉയരം 1,200 മീറ്ററാണ് എന്നാണ് കണക്ക്. ഈ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുമ്പോൾ, മഴത്തുള്ളിയുടെ അതേ ഭാരവും വലിപ്പവുമുള്ള ഒരു വസ്തു തുടർച്ചയായി ത്വരിതഗതിയിലാവുകയും മണിക്കൂറിൽ 558 കി.മീ എന്ന വേഗതയിൽ ഭൂമിയിൽ പതിക്കുകയും ചെയ്യും. തീർച്ചയായും, ആ വേഗതയിൽ ഭൂമിയിൽ പതിക്കുന്ന ഏതൊരു വസ്തുവും വലിയ ആഘാതവും നാശവുമുണ്ടാക്കും. അത്ര വേഗതിയിലും ഭാരത്തിലും മഴത്തുള്ളികൾ വീഴാൻ തുടങ്ങിയാൽ ഭൂമിയിൽ പല നാശങ്ങളും ഉണ്ടാകും. കൃഷികൾ നശിക്കും. ജനവാസ കേന്ദ്രങ്ങളും വീടുകളും തകരും. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കും. മാത്രമല്ല ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ മനുഷ്യന് തലയും തുറന്നു പുറത്തിറങ്ങാൻ പോലും മഴക്കാലത്ത് കഴിയാതെ വരും. ഇതെല്ലാം നാം കാണുന്നത് 1,200 മീറ്റർ ഉയരമുള്ള മേഘങ്ങളിൽ നിന്ന് വരുന്ന മഴത്തുള്ളികൾക്ക് വേണ്ടി മാത്രമാണ്. അതേസമയം ഈ ഉയരം മഴമേഘങ്ങളുടെ ഏറ്റവും കുറഞ്ഞ ഉയരം മാത്രമാണ്. പതിനായിരം മീറ്റർ വരെ ഉയരത്തിൽ മഴമേഘങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ. അപ്പോൾ ആ ഉയരങ്ങളിൽ നിന്ന് നിപതിക്കുന്ന തുള്ളികൾ എത്രമാത്രം വലിയ ഭീഷണിയാകും ഭൂമിലോകത്തിന് എന്ന് നമുക്ക് സങ്കൽപ്പിക്കാവുന്നതാണ്. ഇത്രയും ഉയരത്തിൽ നിന്ന് വീഴുന്ന ഒരു മഴത്തുള്ളി സാധാരണയായി വളരെ വിനാശകരമായ വേഗതയിൽ വീഴും. അനുഗ്രഹം എന്ന അർത്ഥത്തിൽ അല്ലാഹു നൽകുന്ന മഴ ഇങ്ങനെ മനുഷ്യന് ഭീഷണി ആവാതിരിക്കുവാൻ കാരുണ്യവാനായ അല്ലാഹുവിൻ്റെ മുൻകരുതൽ ഉണ്ട്. ആ മുൻകരുതൽ അല്ലാഹു സ്വീകരിച്ചിരിക്കുന്നത് മഴത്തുള്ളിയുടെ ഉയരം കുറച്ചു കൊണ്ടല്ല മറിച്ച് എത്ര ഉയരത്തിൽ നിന്ന് വീണാലും അത് അപകടമുണ്ടാക്കാതിരിക്കാൻ ഉള്ള ഒരു രൂപത്തിലാണ്. മഴത്തുള്ളിയുടെ വലിപ്പം, വായു പ്രതിരോധം, കാറ്റിൻ്റെ വേഗത, മറ്റ് അന്തരീക്ഷ സാഹചര്യങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് മഴത്തുള്ളികളുടെ വേഗത വ്യത്യാസപ്പെടാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശരാശരി, നിശ്ചലമായ വായുവിൽ സെക്കൻഡിൽ 8 മുതൽ 10 മീറ്റർ വരെ (മണിക്കൂറിൽ 18 മുതൽ 22 മൈൽ വരെ) വേഗതയിൽ മഴത്തുള്ളികൾ വീഴുന്നു. ചെറിയ മഴത്തുള്ളികൾ കൂടുതൽ സാവധാനത്തിൽ വീഴുന്നു, അതേസമയം വലിയ മഴത്തുള്ളികൾ വേഗത്തിൽ വീഴാം. അതിനാൽ മഴത്തുള്ളികളുടെ ശരാശരി വേഗത മണിക്കൂറിൽ 8-10 കിലോമീറ്റർ മാത്രമാണ്. അവർ സ്വീകരിക്കുന്ന പ്രത്യേക രൂപമാണ് ഇതിന് കാരണം. ഈ പ്രത്യേക രൂപം അന്തരീക്ഷത്തിൻ്റെ ഘർഷണ പ്രഭാവം വർദ്ധിപ്പിക്കുകയും മഴത്തുള്ളികൾ ഒരു നിശ്ചിത വേഗത പരിധിയിൽ എത്തുമ്പോൾ ത്വരണം തടയുകയും ചെയ്യുന്നു എന്നാണ് ശാസ്ത്രത്തിൻ്റെ വിശദീകരണം. ഇപ്രകാരം തന്നെ മറ്റൊരു അത്ഭുതം ഉണ്ട്. ഈ മഴത്തുള്ളികൾ താപനില താഴുന്നതിനനുസരിച്ച് താഴ്ന്ന് ഐസ് കണങ്ങളായി മാറുന്നില്ല എന്നതാണത്. ചിലപ്പോൾ അന്തരീക്ഷ പാളികളിൽ താപനില മൈനസ് 400 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം. ഇതൊക്കെയാണെങ്കിലും, മഴത്തുള്ളികൾ ഒരിക്കലും ഐസ് കണങ്ങളായി മാറുന്നില്ല. അങ്ങനെ വന്നാൽ അതും വലിയ ഭീഷണിയായി മാറും. അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി സംരക്ഷിക്കുവാൻ വേണ്ടതെല്ലാം ഒരുക്കി വെച്ചു എന്നതാണ് അല്ലാഹുവിൻ്റെ സൃഷ്ടിവൈഭവം എന്ന് ഇത്തരം ചിന്തകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
അനുഗ്രഹങ്ങളെ തന്നെ നിഗ്രഹങ്ങൾക്കായി ഉപയോഗപ്പെടുത്തുക എന്നത് അല്ലാഹുവിൻ്റെ മഹായുക്തിയിൽ പെട്ടതാണ്. അള്ളാഹു നൽകുന്ന ഏത് അനുഗ്രഹങ്ങളെയും സംരക്ഷിച്ചു നിലനിർത്തി ഉപയോഗപ്പെടുത്തുവാൻ വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും ഉദ്ബോധനങ്ങളും അവൻ ഒപ്പം നൽകുന്നുണ്ട്. അത് പാലിക്കുന്നതിൽ വീഴ്ച വന്നാൽ അതുകൊണ്ട് തന്നെ ശിക്ഷിക്കുക എന്നതാണ് അല്ലാഹുവിൻ്റെ ഒരു രീതി. ഭൗതികമായ ശിക്ഷകളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആരോഗ്യത്തെ ഉദാഹരണമായി എടുക്കാം. ജീവിതത്തെയും ശരീരത്തെയും സക്രിയവും സജീവവും ആക്കി നിലനിർത്തുന്നത് ആരോഗ്യമാണ്. ആ ആരോഗ്യത്തെ പരിരക്ഷിക്കാനും കാത്തുസൂക്ഷിക്കുവാനും ഒരുപാട് ഉപദേശങ്ങൾ അല്ലാഹു നൽകുന്നുണ്ട്. കൃത്യമായി വിശ്രമിക്കുക, കൃത്യമായി ആഹാരം കഴിക്കുക, ആരോഗ്യത്തിന് ഹാനികരമായ സ്വഭാവങ്ങളിൽ നിന്നും ശീലങ്ങളിൽ നിന്നും വിട്ടുനിൽക്കുക തുടങ്ങിയതെല്ലാം അതിൽ പെടുന്നു. ഈ കാര്യങ്ങളിൽ വീഴ്ച വന്നാൽ അല്ലാഹു അതേ ആരോഗ്യത്തെ താളഭംഗപ്പെടുത്തി തന്നെ മനുഷ്യനെ ശിക്ഷിക്കുകയാണ് പതിവ്. അത്തരം വലിയ പല ഉദാഹരണങ്ങളും പ്രപഞ്ചത്തിൽ അല്ലാഹു അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ സംസ്കാരങ്ങളും പരിചയപ്പെട്ടിട്ടുള്ള നൂഹ് നബിയുടെ കാലത്ത് ഉണ്ടായ മഹാപ്രളയം ഒരു ഉദാഹരണമാണ്. ഭൂലോകമിന്നോളം ദര്‍ശിച്ച വലിയ പ്രളയദുരന്തങ്ങളിലൊന്നായ നൂഹ് നബിയുടെ കാലത്തെ വെള്ളപ്പൊക്കത്തെ അതിന്റെ സകല തീവ്രതയോടെയും ഖുര്‍ആന്‍ പലയിടങ്ങളിലായി ചിത്രീകരിക്കുന്നുണ്ട്. അതിൻ്റെ ഉത്ഭവം നേരത്തെ പറഞ്ഞ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ ഒരു മഴ രൗദ്രഭാവം പൂണ്ടത്തോട് കൂടെയായിരുന്നു. അള്ളാഹു അത് എങ്ങനെ ഓർമ്മപ്പെടുത്തുന്നു: ”അപ്പോള്‍ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം ആകാശകവാടങ്ങള്‍ തുറന്നു. ഭൂമിയെ പിളര്‍ന്ന് പുഴകളാക്കി. അങ്ങനെ വിധിക്കപ്പെട്ടിരുന്ന കാര്യം നിവര്‍ത്തിക്കുന്നതിനുവേണ്ടി ഈ ജലമൊക്കെയും കൂടിച്ചേര്‍ന്നു. നൂഹിനെ നാം പലകകളും ആണികളും മൂടിയതില്‍ (കപ്പൽ) വഹിപ്പിച്ചു. അത് നമ്മുടെ മേല്‍ നോട്ടത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇത് നിഷേധിക്കപ്പെട്ടവനുള്ള പ്രതിഫലമാകുന്നു. ആ കപ്പലിനെ നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിട്ടുണ്ട്. ഉദ്‌ബോധനം സ്വീകരിക്കുന്ന വല്ലവരുമുണ്ടോ?. നോക്കൂ എന്റെ ശിക്ഷ എങ്ങനെയായിരുന്നു? എന്റെ മുന്നറിയിപ്പുകള്‍ എപ്രകാരമായിരുന്നു” (അല്‍ ഖമര്‍ : 12-16).
ബൈബിൾ കുറച്ചുകൂടി വിശദീകരണങ്ങൾ ഈ കഥയിൽ ചേർക്കുന്നുണ്ട്. നൂറ്റിയമ്പതു ദിവസം നീണ്ടു നിന്ന ആ പ്രളയത്തെകുറിച്ച വിശദമായ ചിത്രം ബൈബിളില്‍ കാണാം. ”നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടാന്‍ നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. ദൈവം കല്‍പ്പിച്ചതുപോലെ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈരണ്ടു വീതം, നോഹയുടെ കൂടെ പെട്ടകത്തില്‍ കയറി. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു. ഭൂമുഖത്തു നിന്നു ജീവനുള്ളവയെല്ലാം അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടു നിന്നു.നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു. അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലക്കുകയും ചെയ്തു. ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതുദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു. ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറത്തു പര്‍വ്വതത്തില്‍ ഉറച്ചു. (ഉല്‍പത്തി പുസ്തകം)
വെള്ളത്തെ ശക്തമായ ഒരു പ്രബോധന ബാധകമായി തന്നെ ഖുർആൻ സ്വീകരിക്കുന്നുണ്ട്. ഖുർആൻ ചോദിക്കുന്നു: 'ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?'
(56:68-70). മഴ പലപ്പോഴും ശിക്ഷിക്കാൻ വരും എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. നേരെചൊവ്വേ ശിക്ഷ എന്ന് പറയാൻ കഴിയില്ലെങ്കിൽ പോലും പലപ്പോഴും വ്യക്തമായ ദൈവീക സന്ദേശങ്ങൾ ആയി മഴ പെയ്തിറങ്ങാറുണ്ട്. നബി തിരുമേനി(സ)യുടെ കാലത്തും അങ്ങനെ ഉണ്ടായത് ഹദീസിൽ കാണാം. അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട്, അല്ലാഹുവിന്റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, തിരുമേനി(സ) തന്റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ തിരുമേനി(സ) തന്റെ കൈ രണ്ടും ഉയര്‍ത്തിയിട്ടു അല്ലാഹുവേ! ഞങ്ങളുടെ ചുറ്റുഭാഗവും മഴ വര്‍ഷിക്കേണമേ, ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് നിറുത്തേണമേ! എന്നു പ്രാര്‍ത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. (ബുഖാരി. 2. 13. 55)
ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) ഞങ്ങളോട് പ്രസംഗിച്ചുകൊണ്ടു പറഞ്ഞു: 'മനുഷ്യര്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തിയാല്‍ വരള്‍ച്ച കൊണ്ട് അല്ലാഹു അവരെ പിടികൂടുന്നതാണ്. അവര്‍ സകാത്തിനെ തടഞ്ഞുവെച്ചാല്‍ അല്ലാഹു മഴയെ അവരില്‍ നിന്നും തടഞ്ഞുവെക്കുന്നതുമാണ്' (ഇബ്‌നുമാജ). ബുര്‍ദ(റ) പറയുന്നു: നബി(സ) പറഞ്ഞു: ``വല്ല സമുദായവും സകാത്ത് തടഞ്ഞുവെച്ചാല്‍ അല്ലാഹു അവരില്‍ നിന്നും മഴത്തുള്ളികളെ തടഞ്ഞുവെക്കുന്നതാണ്.'' (ഹാകിം, ബൈഹഖി) കണക്കും കൈയും അടക്കമുള്ള ചിന്തകൾക്ക് എല്ലാം അപ്പുറത്ത് മഴ മനുഷ്യനെ അനുഗ്രഹവും ചിന്തയും താക്കീതും സുവിശേഷവും എല്ലാമെല്ലാമാണ് .
അധിക വായനക്ക്:
ScienceDirect.com
https://www.sciencedirect.com › rai...
മഴത്തുള്ളി - ഒരു അവലോകനം | സയൻസ് ഡയറക്ട് വിഷയങ്ങൾ
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso