Thoughts & Arts
Image

അല്ലാഹുവിനു വേണ്ടി സമർപ്പിതരാവുക !

12-07-2024

Web Design

15 Comments

ഖുർആൻ പഠനം
ടി എച്ച് ദാരിമി



സൂറത്തു സ്വഫ്ഫ് - 7
ആയത്തുകൾ 12-14







12: 'എങ്കില്‍ നിങ്ങള്‍ക്കവന്‍ ദോഷങ്ങള്‍ പൊറുക്കുകയും അടിയിലൂടെ ആറുകളൊഴുകുന്ന ഉദ്യാനങ്ങളിലും സ്ഥിരതാമസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ ഉത്തമസദനങ്ങളിലും നിങ്ങളെയവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. മഹാ സൗഭാഗ്യമാണത്'.



പതിനൊന്നാം സൂക്തത്തിൽ അല്ലാഹു പറഞ്ഞു വെച്ചത്, നിങ്ങൾ അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും സമ്പത്തുകളും ശരീരങ്ങളും കൊണ്ട് അവന്റെ വഴിയില്‍ പുണ്യസമരമനുഷ്ഠിക്കുകയും ചെയ്യണം എന്നാണ്. ഈ സൂക്തം അതിൻ്റെ പ്രതിഫലം വാഗ്ദാനം ചെയ്യുകയാണ്. പാപമോചനവും സ്വർഗ്ഗ പ്രവേശനവുമാണ് ആ പ്രതിഫലം. ഇതുതന്നെയാണ് ഒരു വിശ്വാസിക്കു വേണ്ട പരമമായ പ്രതിഫലവും. ഇവിടെ പ്രതിഫലമായി രണ്ടെണ്ണം പറയുന്നുണ്ട് എങ്കിലും സത്യത്തിൽ ഒന്ന് മറ്റൊന്നിൻ്റെ അനുബന്ധമോ കാരണമോ ആണ്. തത്വത്തിൽ പ്രതിഫലം സ്വർഗ്ഗ പ്രവേശനമാണ്. ഒരിക്കൽ ഇറങ്ങിപ്പോരേണ്ടി വന്ന സ്വർഗ്ഗം തിരിച്ചു പിടിക്കുക എന്നതാണ് മനുഷ്യൻ്റെ ദൗത്യം. അതിനാൽ അതു തന്നെയാണ് പ്രധാന പ്രതിഫലം. എന്നാൽ അതിലേക്ക് എത്തിച്ചേരേണ്ടത് ദുനിയാവ് എന്ന വഴിയിലൂടെയാണ്. ഈ വഴിയിൽ വഴിതെറ്റാതെ വീഴാതെ നടന്ന് പോകുക എന്ന ശ്രമകരമായ ഒരു കടമ്പയാണ് മനുഷ്യനു മുമ്പിലുള്ളത്. അതിനൊക്കെ ധാരാളം സാധ്യതയുള്ള കെണികൾ അവൻ്റെ ഐഹിക വഴിയിൽ ഒരു പരീക്ഷണം എന്ന നിലയിൽ വെക്കപ്പെട്ടിരിക്കുന്നു. അത്തരം കെണികളിൽ വീഴാതെയും വീഴാനുള്ള ത്വരകളിൽ പോലും പെടാതെ അല്ലാഹു തന്ന ശരീരം, മനസ്സ്, ഇന്ദ്രിയങ്ങൾ, അവയവങ്ങൾ, വികാരങ്ങൾ, വിചാരങ്ങൾ തുടങ്ങിയ എല്ലാറ്റിനേയും കാത്തും കരുതിയും മുന്നോട്ടു പോയിട്ടാണ് ആ സ്വർഗ്ഗത്തിൽ ചെന്നു കയറേണ്ടത്. അതിനിടയിൽ അല്ലാഹുവിൻ്റെ പ്രത്യേക അകമ്പടിയും കാവലും ഇല്ലാത്തവരിൽ നിന്ന് സ്വാഭാവികമായും ചില സ്ഖലിതങ്ങളൊക്കെ ഉണ്ടാകും എന്നത് ഉറപ്പാണ്. അവയെ ആണ് പാപങ്ങൾ എന്നു വ്യവഹരിക്കപ്പെടുന്നത്. ഈ പാപങ്ങൾ ഒരു വലിയ പാതകവും ഭാരവും സ്വർഗ്ഗ പ്രവേശനത്തിന് വിഖാതവുമാണ്. കാരണം അതിനെ അല്ലാഹു വലിയ ഗൗരവത്തോടെയാണ് കാണുന്നത്. അവൻ അതിൽ വിട്ടുവീഴ്ച ചെയ്യണമെന്നില്ല. കാരണം മനുഷ്യൻ ചെയ്യുന്ന മനപ്പൂർവ്വമായുള്ള തെറ്റുകളാണ് പാപങ്ങൾ. അവൻ അറിയാതെയോ മറന്നോ ചെയ്യുന്ന പാപങ്ങളെ അല്ലാഹു പാപമായി കാണുന്നില്ല. പാപങ്ങൾ മനപ്പൂർവ്വം തന്നെയാണ് എന്നു പറയുന്നതിനു പിന്നിൽ മറ്റൊരു ന്യായമുണ്ട്. കാരണം ഏതൊക്കെയാണ് പാടുള്ളതും പാടില്ലാത്തതും എന്ന സന്ദേശം അല്ലാഹു ലോകത്തിനു മുഴുവൻ വ്യക്തമായും സർവകാലങ്ങളിലും നൽകിയിട്ടുണ്ട്. അതിനായി ഒന്നേ കാൽ ലക്ഷം പ്രവാചകരെയും നാലു വലിയ പ്രമാണങ്ങളെയും നൂറ് ലഘുഗ്രന്ഥങ്ങളെയും ലോകത്തിന് നൽകിയിട്ടുണ്ട്. മാത്രമല്ല, ഏറ്റവും അവസാനം വന്ന പ്രവാചകനും ഗ്രന്ഥത്തിനും സവിശേഷമായ സർവ്വകാലികത നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും മനുഷ്യൻ പാപം ചെയ്യുന്നു എങ്കിൽ അത് അല്ലാഹു വിട്ടുവീഴ്ച ചെയ്യില്ല.



അതേ സമയം അവൻ ഇക്കാര്യത്തിൽ മാപ്പു ചെയ്തേക്കും. സർവ്വ ശക്തനായ ഒരു ഇലാഹിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് കാരുണ്യം. ആ കാരുണ്യം നേടിയാൽ പാപങ്ങളുടെ ഭാരം ഇറക്കിവെക്കാം. ഈ കാരുണ്യം ലഭിക്കുവാൻ പല വഴികളുമുണ്ട്. അവനെ വിശ്വസിക്കുക, അവൻ്റെ താൽപര്യങ്ങളെ ജീവിതം കൊണ്ട് പരിഗണിക്കുക, അവന് ഇഷ്ടവും താൽപര്യവുമുള്ള മാർഗ്ഗങ്ങൾക്കു വേണ്ടി ജീവനും സമ്പത്തും സമ്പാദ്യവും സമർപ്പിക്കുക തുടങ്ങിയവയെല്ലാം ആ മാർഗ്ഗങ്ങളിൽ പെടുന്ന കാര്യങ്ങളാണ്. അവ അവലംബിച്ചാൽ അല്ലാഹു ആ അടിമയുടെ ഉദ്ദേശശുദ്ധിയും പ്രാർഥനയും സ്വീകരിക്കുകയും അവനോട് മാപ്പ് ചെയ്യുകയും ചെയ്യും. അപ്പോൾ പിന്നെ സ്വർഗ്ഗ പ്രവേശനം സുസാദ്ധ്യമായിത്തീരുകയും ചെയ്യും. അതാണ് ഈ രണ്ട് സൂക്തങ്ങളുടെ മൊത്തത്തിലുള്ള സാദ്ധ്യം.



13: 'നിങ്ങള്‍ അഭിലഷിക്കുന്ന മറ്റൊന്നും തരും-അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും സമീപസ്ഥമായ ഒരു വിജയവും! സത്യവിശ്വാസികള്‍ക്ക് താങ്കള്‍ ശുഭവൃത്താന്തം നല്‍കുക'.



നൽകുമ്പോൾ വാരിക്കോരി നൽകുക എന്നതും ഈ ഇലാഹിൻ്റെ സവിശേതയാണ്. സത്യവിശ്വാസികളുടെ വലിയ പ്രതീക്ഷയും സൗഭാഗ്യവുമാണിത്. ഒരു മനസ്സിനും സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത അത്ര പ്രഫുല്ലമാണ് അല്ലാഹുവിൻ്റെ ദാനങ്ങൾ. അതാണ് ഈ സൂക്തത്തിൻ്റെ ആശയം. അതോടൊപ്പം മറ്റൊരു ആശയം കൂടി ഇത് ഉൾക്കൊള്ളുന്നുണ്ട്. അഥവാ പാരത്രികമോ പാരത്രിക ബന്ധിയോ ആയ പ്രതിഫലം മാത്രമല്ല അല്ലാഹുവിൻ്റേത്. മറിച്ച് അത്തരം പ്രതിഫലങ്ങൾ നേടാൻ ഭാഗ്യമുള്ളവർക്ക് ദുനിയാവിലും ചില പ്രതിഫലങ്ങൾ ലഭിക്കുന്നുണ്ട്. അത് അത്തരക്കാർ കൈവെക്കുന്ന മേഖലകളുടെ വിജയമാണ്. ഇവിടെ ഈ വിഭാഗത്തിന് നൽകുന്ന പ്രതിഫലം അല്ലാഹുവിൻ്റെ പ്രത്യേക സഹായമാണ്. ഇവിടെ പറയുന്ന അല്ലാഹുവിന്റെ സഹായം ബദ്‌റിലും മറ്റുമായി ഉണ്ടായ പോരാട്ടവിജയമാണ്. ഇതിനെ സഹായം എന്ന് പറയുന്നു. അല്ലാഹുവിൻ്റെ സഹായത്താലാണ് ഈ സാഹചര്യങ്ങളിൽ വിജയം നേടാനായത്. പ്രത്യക്ഷത്തിൽ ഓരോ യുദ്ധ രംഗത്തും ഫലം മുസ്ലിംകൾക്ക് അപ്രതീക്ഷിതമായിരുന്നു. വിജയിക്കും എന്നു കരുതുവാൻ പോലും കഴിയാത്ത ഈ സാഹചര്യങ്ങളിൽ വിജയം ഉണ്ടായത് അല്ലാഹുവിൻ്റെ സഹായം തന്നെയായിരുന്നു. ചിലപ്പോൾ അത് മലക്കുകളെ ഇറക്കിയായിരുന്നു. മറ്റു ചിലപ്പോൾ മുസ്ലിംകളെ അസാമാന്യ ധൈര്യപ്പെടുത്തിയായിരുന്നു. മറ്റു ചിലപ്പോഴാവട്ടെ ശത്രുക്കളുടെ മനസ്സിൽ ഭീതി നിക്ഷേപിച്ചുമായിരുന്നു. ഈ വിജയങ്ങൾ അറേബ്യയിൽ മുസ്ലിംകൾക്ക് മേൽക്കൈ നേടിക്കൊടുത്തു. അവഗണിക്കാനാവാത്ത ഒരു ശക്തിയായി അവർ വളർന്നപ്പോൾ ഉണ്ടായ മറ്റൊര ഐതിഹാസിക വിജയമായിരുന്നു മക്കാ വിജയം. ഇതാണ് സമീപസ്ഥമായ വിജയവും എന്ന ആയത്തിലെ പ്രയോഗത്തിൻ്റെ അർഥം. ഹിജ്റ എട്ടാം വർഷം റമളാൻ മാസത്തിലായിരുന്നു മക്കാ വിജയം.



ഹിജ്‌റ കഴിഞ്ഞ് എട്ടു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെങ്കിലും വ്യത്യസ്തമായ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ മുസ്‌ലിം സമൂഹം കടന്നുപോയി. നേരത്തെ സൂചിപ്പിച്ച യുദ്ധങ്ങളും കലഹങ്ങളും ആയിരുന്നു അവ. ആത്മാര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു അല്ലാഹു ഈ പരീക്ഷണങ്ങളിലൂടെ എന്നു കരുതാം. അങ്ങനെയിരിക്കെയായിരുന്നു ഹിജ്റ ആറാം വർഷം ഹുദൈബിയ സന്ധി ഉണ്ടായത്. അതിനു ശേഷം ശത്രുക്കളുടെ ആക്രമണങ്ങള്‍ അല്പം കുറഞ്ഞുവെങ്കിലും പിന്നീട് ചെറിയ തോതിൽ അതു അവർ പുനരാരംഭിക്കുകയായിരുന്നു. പരസ്പരം അടുത്ത പത്തു വർഷത്തേക്ക് നേരിട്ടോ അല്ലാതെയോ യുദ്ധം ഉണ്ടാവരുത് എന്ന ഹുദൈബിയ സന്ധിയിലെ വ്യവസ്ഥ അവർ ലംഘിക്കുകയായിരുന്നു. കരാർ നിലവിൽ വന്ന് മൂന്ന് വർഷത്തിന് ശേഷമായിരുന്നു ഈ ലംഘനം. സഖ്യ കക്ഷികളായ ഗോത്രങ്ങളെ ഇരു കക്ഷികളോ കക്ഷികളുടെ സഖ്യ ഗോത്രങ്ങളോ ആക്രമിക്കരുത് എന്ന വ്യക്തമായ ധാരണ കരാറിൽ ഉണ്ടായിരുന്നതാണ്. ഖുറൈശികളുമായി സഖ്യത്തിലുണ്ടായിരുന്ന ബനൂ ബകർ ഗോത്രം മുസ്‌ലിംകളുടെ സഖ്യ ഗോത്രമായ ബനൂ ഖുസാഅ ഗോത്രത്തെ ആക്രമിക്കുകയായിരുന്നു. ഇതിന് ഖുറൈശികളിൽ ചിലരുടെ സഹായവും മൗന പിന്തുണയുമുണ്ടായിരുന്നു. അതോടെ ഹുദൈബിയ കരാർ ലംഘിക്കപ്പെട്ട അവസ്ഥയുണ്ടായി. വിവരം അറിഞ്ഞ പ്രവാചകൻ(സ) സന്ധി ലംഘിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. തങ്ങളുടെ അപരാധം മറച്ചുപിടിക്കാനോ മറികടക്കാനോ മക്കയുടെ നേതാവായിരുന്ന അബൂ സുഫ്യാൻ നടത്തിയ നീക്കങ്ങൾ വിജയിച്ചതുമില്ല.



അതോടെ ഹിജ്‌റ എട്ടാംവര്‍ഷം റമദാന്‍ മാസത്തില്‍ നബി(സ) അനുയായികളോടുകൂടി മക്കയിലേക്കു പുറപ്പെട്ടു. പതിനായിരം പേരടങ്ങുന്ന ആ വലിയ സംഘത്തെ അച്ചടക്കത്തിന്റെ ഇസ്ലാമികമര്യാദകള്‍ പരിശീലിപ്പിച്ചുകൊണ്ടാണ് നബി നയിച്ചത്. യുദ്ധവും രക്തച്ചൊരിച്ചിലും ഒഴിവാക്കുവാൻ നബി (സ) ജാഗ്രത പുലർത്തി. അതു വിജയിച്ചു. മക്കാനിവാസികള്‍ ഒരെതിര്‍പ്പുമില്ലാതെ മഹാഭൂരിപക്ഷവും കീഴടങ്ങി. നേതാക്കളില്‍ മിക്കവരും ഇസ്ലാം സ്വീകരിച്ചു. മക്കയില്‍ പ്രവേശിച്ച നബി(സ) നേരിട്ടെതിര്‍ക്കുന്നവരല്ലാതെ അന്യായമായി ഒരാളുടെയും മേല്‍ ആയുധം പ്രയോഗിക്കരുതെന്ന് സൈനത്തിനു നിര്‍ദേശം നല്‍കിയിരുന്നു. മക്കക്കാരുടെ സമ്പത്തുകളിലും സ്വത്തുവകകളിലും കൈകടത്തുന്നതിനെ കണിശമായി തടയുകയും ചെയ്തിരുന്നു. സ്വന്തം വീടിന്റെ വാതിലടച്ചു കഴിയുന്നവര്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നു നബി(സ) പ്രഖ്യാപിക്കുകയും ചെയ്തു. വിജയശ്രീലാളിതനായി നബി(സ) കഅ്ബാലയത്തിനടുത്ത് ഇറങ്ങി. കഅ്ബ ത്വവാഫ് ചെയ്തു. കഅ്ബയെ അവിടെ വേണ്ടാത്തതിൽ നിന്നെല്ലാം ശുദ്ധീകരിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അൽഭുതകരമായ നീക്കങ്ങളായിരുന്നു എല്ലാം. ഒരു നിലക്കും ചെറുക്കാനാവാത്തതും കഴിയുമെങ്കിൽ തന്നെ അതിനു ന്യായമില്ലാത്തതുമായ നീക്കങ്ങളായിരുന്നു മക്കക്കാർ കണ്ടത്. അതിനാൽ മക്കാനിവാസികള്‍ പേടിച്ചുവിറച്ചിരുന്നു. ഒരു കാലത്ത് മക്കക്കാരുടെ മര്‍ദനം സഹിക്കവയ്യാതെ പലായനം ചെയ്തവരാണ് തങ്ങളുടെ മുമ്പിലേക്ക് നിസ്സാരമായി വിജയികളായി തിരിച്ചെത്തിയിരിക്കുന്നത്. ചത്ത ഒട്ടകത്തിന്റെ കുടല്‍മാല ഒരിക്കൽ നബി(സ)യുടെ കഴുത്തിലിട്ടിട്ടുണ്ട് അവര്‍. നബി നടക്കുന്ന വഴിയില്‍ മുള്ളും ചപ്പുചവറുകളുമിട്ടിട്ടുണ്ട്. നബിയുടെ അനുചരന്മാരെ ചുട്ടുപഴുത്ത മണലില്‍ കിടത്തി കരിങ്കല്ല് നെഞ്ചത്തിട്ട് വലിച്ചുകൊണ്ടുപോയിട്ടുണ്ട്, കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്, വിവസ്ത്രരാക്കി ഗുഹ്യാവയവത്തില്‍ കുന്തം കയറ്റിയിട്ടുണ്ട്, കുരിശിലേറ്റിയിട്ടുണ്ട്. പ്രതികാരത്തിന്റെ സുവര്‍ണാവസരമാണ് നബിക്കും കൂട്ടര്‍ക്കും അല്ലാഹു നല്‍കിയിരിക്കുന്നത് .



എല്ലാവരും ഇതിനുള്ള മറുപടി കാത്ത് ശ്വാസമടക്കിപ്പിടിച്ച് നിൽക്കവെ, നബി(സ) എല്ലാവരെയും വിളിച്ചുകൂട്ടി. ”ഞാന്‍ ഏതു നിലയില്‍ നിങ്ങളോട് വര്‍ത്തിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം” എന്ന് അവരോട് ചോദിച്ചു. നല്ലതു മാത്രം പ്രതീക്ഷിക്കുന്നു എന്ന് അവര്‍ മറുപടി പറഞ്ഞു. അവര്‍ക്കങ്ങനെയേ മറുപടി പറയാനാവുമായിരുന്നുള്ളൂ. കാരണം, അത്ര മാത്രം ക്രൂരതകളാണ് അവര്‍ നബിയോടും സംഘത്തോടും ചെയ്തിട്ടുള്ളത്. അതിനാൽ അവരുടെ ആ പ്രതികരണത്തിൻ്റെ അർഥം ഞങ്ങളോട് ദയ കാണിക്കണേ എന്നു കൂടിയായിരുന്നു. വിറച്ചുനിന്നിരുന്നു അവരെ നോക്കി കാരുണ്യത്തിന്റെ നബി(സ) പ്രഖ്യാപിച്ചു: ”നിങ്ങളുടെ മേല്‍ യാതൊരു പ്രതികാര നടപടിയുമില്ല. പൊയ്‌ക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.” അവിശ്വസനീയമായ പ്രഖ്യാപനം. ജനങ്ങള്‍ ഇളകി മറിഞ്ഞു. ആളുകള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്കൊഴുകി. ഖുറൈശികളുടെ വരവോടെ മറ്റു അറബികളും ഇസ്‌ലാമിന്റെ തീരത്തേക്കണഞ്ഞു. കാരണം, മക്കാവിജയത്തില്‍ നടന്നത് മക്കയെന്ന നാട് പിടിച്ചടക്കലായിരുന്നില്ല, മക്കക്കാരുടെ ഹൃദയം കീഴടക്കലായിരുന്നു. മറ്റൊരർഥത്തിൽ അതോടെ മക്ക മാത്രമല്ല, അറേബ്യൻ ഉപഭൂഖണ്ഡം തന്നെയായിരുന്നു കീഴടങ്ങിയത്. അതുകൊണ്ടെല്ലാം ഈ വിജയത്തെ വ്യക്തമായ വിജയം എന്നു വിശേഷിപ്പിക്കപ്പെടുന്നു.



14. 'സത്യവിശ്വാസികളേ, ഹവാരികള്‍ ഈസാനബിയുടെ സഹായികളായതുപോലെ നിങ്ങളും അല്ലാഹുവിന്റെ സഹായികളാകണം. അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എനിക്ക് പിന്തുണനല്‍കാന്‍ ആരുണ്ട് എന്ന് ഈസാനബി ചോദിച്ചു. അവര്‍ മറുപടി നല്‍കി: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. തത്സമയം ഇസ്രയേല്യരില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുകയും മറ്റൊരു കൂട്ടര്‍ നിഷേധികളാവുകയും ചെയ്തു. എന്നിട്ട് സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് തങ്ങളുടെ പ്രതിലോമകാരികള്‍ക്കെതിരെ നാം പിന്‍ബലമേകുകയും അങ്ങനെയവര്‍ ജേതാക്കളാവുകയുമുണ്ടായി.'



ഈ സൂക്തം സത്യവിശ്വാസികളെ മുഴുവനും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ജാഗരൂഗരാകുവാൻ ഉപദേശിക്കുകയാണ്. ഈസാ നബിക്ക് ഹവാരികൾ എന്ന പോലെ ആകുവാനാണ് ഉദ്ബോധിപ്പിക്കുന്നത്. ഈസാ നബി(അ) ജനങ്ങളെ ശുദ്ധമായ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ എല്ലാ പ്രവാചകന്മാര്‍ക്കും ഉണ്ടായത് പോലെ അദ്ദേഹത്തിനും സ്വന്തം സമൂഹത്തില്‍ നിന്ന് ശത്രുക്കള്‍ ഉണ്ടായി. അദ്ദേഹത്തെ അവര്‍ കൊല്ലാന്‍ തയ്യാറായി. അവര്‍ക്ക് അതിന് സാധിച്ചില്ല എന്നു മാത്രം. ശത്രുക്കളുടെ നിഷേധം നാള്‍ക്കുനാള്‍ വര്‍ധിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ സമൂഹത്തോട് ചോദിച്ചു: ആരുണ്ട് എന്റെ കൂടെ ഉറച്ച് നില്‍ക്കാന്‍? ഈ ചോദ്യത്തിന് അവരില്‍ കുറച്ച് പേര്‍ ഉത്തരം നല്‍കി. അവരാണ് ഹവാരികള്‍. 'ഹവാരിയ്യ്' എന്നതിന് സഹായി എന്നാണ് അര്‍ഥം അഥവാ, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നവര്‍. ഇവരാണ് ഈസാനബി(അ)യുടെ ശിഷ്യന്മാരായി അറിയപ്പെട്ടത്. ഇവര്‍ 'അപ്പോസ്തലന്മാര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്, ഈ അപ്പോസ്തലന്മാര്‍ പന്ത്രണ്ട് പേരായിരുന്നു, എന്നെല്ലാമാണ് ബൈബിൾ വായനകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെ ഇസ്രയേല്യര്‍ രണ്ടു ഭിന്നവിഭാഗങ്ങളായി. ഈസാ നബി(അ)യെ അംഗീകരിച്ച സത്യക്രിസ്ത്യാനികള്‍, അവഗണിച്ച ജൂതന്മാര്‍ എന്നിങ്ങനെ. അല്ലാഹുവിന്റെ സഹായം കൊണ്ട് വിശ്വാസികള്‍ ജേതാക്കളായിത്തീര്‍ന്നു.
o



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso