Thoughts & Arts
Image

ചിന്തകൾ പെയ്യുന്ന ഖുര്‍ആനിലെ മഴസൂക്തങ്ങൾ

12-07-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഭൂമിയിലെ കടലിലെയും ജലാശയങ്ങളിലെയും വെള്ളം നീരാവിയായി ആകാശത്തേക്ക് ഉയരുന്നു. ക്രമേണ അത് മേഘമായി മാറുന്നു. കാറ്റ് ഈ ചിതറിക്കിടക്കുന്ന മേഘക്കീറുകളെ തട്ടിക്കൂട്ടി ഒരിടത്ത് എത്തിക്കുന്നു. പിന്നെ അത് മഴയായി ഭൂമിയിലേക്കു തന്നെ വര്‍ഷിക്കുകയും ചെയ്യുന്നു. വീണ്ടും ജലാശയങ്ങളിൽ വെള്ളം നിറയുന്നു. വീണ്ടും ഈ ഉണ്ടായതൊക്കെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇതാണ് മഴയും മഴയുടെ ശാസ്ത്രവും. ഇതിനിടയിൽ ജലാശയങ്ങളിലെ വെള്ളം ചൂടാകുന്നതും നീരാവിയായി മാറി മേലേക്ക് ഉയരുന്നതും അത് മേഘമായി രൂപപ്പെടുന്നതും പിന്നെ കാറ്റു വന്നു അവയെ നിശ്ചിത സ്ഥലത്തേക്ക് തട്ടിക്കൂട്ടുന്നതും തുടങ്ങി ഓരോ പ്രക്രിയയും മനസ്സിരുത്തി ആലോചിച്ചു നോക്കിയാൽ എല്ലാം ഏതൊക്കെയോ കണിശത പുലർത്തുന്നുണ്ട് എന്ന് ആരും പറഞ്ഞുപോകും. ഏതോ ഒരു നിയമത്തിന് വഴങ്ങി ചെയ്യുന്നതുപോലെ. ആരോ വരച്ച വരയിലൂടെ മാത്രം നീങ്ങുന്നത് പോലെ. ഒന്നുകൂടി പറഞ്ഞാൽ ഏതോ കർത്താവ് ഉള്ളതുപോലെ. പക്ഷേ ശാസ്ത്രം അങ്ങനെ ചിന്തിക്കുന്നില്ല. തലച്ചോറ് മാത്രമാണ് ശാസ്ത്രത്തിൻ്റെ ലക്ഷ്യം. തലച്ചോറിനെ ബോധിപ്പിക്കുവാനുള്ള കാര്യങ്ങളായിരിക്കും ശാസ്ത്രം പറയുക. ശാസ്ത്രം പറയുന്നതിനെ ബുദ്ധിയും യുക്തിയും അംഗീകരിക്കും. പക്ഷേ മതങ്ങൾക്ക് അത്ര പറഞ്ഞാൽ പോരാ. ഇത്രയും കണിശമായി കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആളെ കുറിച്ച് ആലോചിച്ചില്ലെന്നോ കണ്ടില്ലെന്നോ നടിക്കുവാൻ മതത്തിനു കഴിയില്ല. കാരണം തലച്ചോറിനോടൊപ്പം ഹൃദയത്തോടും മതങ്ങൾക്ക് സംവദിക്കേണ്ടതുണ്ട്. അതിനാൽ ഇതിനുള്ളിലെ ഹൃദയത്തിന്റെ ഭാഗം കൂടി മതം പരിശോധിക്കുക തന്നെ ചെയ്യും. ഉദാഹരണമായി വെള്ളം ഹൈഡ്രജനും ഓക്സിജനും നിശ്ചിത അനുപാതത്തിൽ ചേർന്നുണ്ടായതാണ്, ഉണ്ടാകുന്നതാണ് എന്നൊക്കെ വരെ മാത്രമേ ശാസ്ത്രം പറയൂ. ബുദ്ധിയെ ബോധിപ്പിക്കുവാൻ അതു മാത്രം മതിയാകും. പക്ഷേ മതം അത്രമാത്രം പറഞ്ഞോ ചിന്തിച്ചോ അവസാനിപ്പിക്കുകയില്ല പ്രപഞ്ചത്തിലെ വെള്ളം എല്ലാം ഇങ്ങനെ നിശ്ചിത അനുപാതത്തിൽ ആരാണ് ചേർത്തത് എന്ന് ചോദിക്കുക തന്നെ ചെയ്യും. മഴയുടെ കാര്യവും അങ്ങനെ തന്നെയാണ്. ജലചക്രം എന്ന ഈ അത്ഭുത പ്രവർത്തനങ്ങൾ ആരുടെ താൽപര്യമാണ് എന്ന് മതം അന്വേഷിക്കുന്നുണ്ട്. അതിന് ഉത്തരം പറയുന്നുമുണ്ട്. അങ്ങനെ ബുദ്ധിയും ഹൃദയവും ചേർത്തുവെച്ച് ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെ വിധാതാവും സൃഷ്ടാവുമായ അല്ലാഹുവിൻ്റെ അപാരമായ മറ്റൊരു അനുഗ്രഹത്തിലേക്ക് മഴയും വിശുദ്ധ ഖുർആനിൽ പറഞ്ഞ മഴ സൂക്തങ്ങളും നമ്മെ കൂട്ടിക്കൊണ്ടുപോകും.



മേഘങ്ങൾ മഴയായി പരിവർത്തിപ്പിക്കപ്പെടുന്ന അസാമാന്യമായ പ്രക്രിയ അല്ലാഹു വിശുദ്ധ ഖുർആനിൽ പലയിടത്തും അവതരിപ്പിക്കുന്നുണ്ട്. ഒരു ഉദാഹരണം ഇങ്ങനെയാണ്: ”അല്ലാഹു മേഘത്തെ മന്ദംമന്ദം ചലിപ്പിക്കുന്നതും പിന്നെ അതിന്റെ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ അതിനിടയില്‍നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നത് കാണാം. ആകാശത്തുനിന്നും പര്‍വതസമാനമായ മേഘങ്ങള്‍ക്കിടയിലൂടെ ആലിപ്പഴവും വര്‍ഷിക്കുന്നു. അവന്‍ ഇഛിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനിഛിക്കുന്നവരില്‍നിന്ന് അത് തടയുകയും ചെയ്യുന്നു. മിന്നല്‍പിണറാകട്ടെ, കണ്ണുകള്‍ റാഞ്ചി എടുക്കുമാറാകുന്നു” (അന്നൂര്‍ 43). അത്ഭുതകരവും ആശ്ചര്യ ജനകവുമായ ഈ പ്രക്രിയ അവതരിപ്പിക്കുക മാത്രമല്ല മേൽപ്പറഞ്ഞ സൂക്തത്തിന്റെ ലക്ഷ്യം. മറിച്ച് ഇങ്ങനെയെല്ലാം അല്ലാഹു ചെയ്യുന്നത് നീ കാണുന്നില്ലേ എന്ന് ചോദിക്കുകയാണ്. കേവലം മഴ തരുന്നവൻ എന്ന രൂപത്തിൽ അല്ലാഹുവിനെ അവതരിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ ചെയ്യുകയല്ല ഖുർആൻ ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ മനുഷ്യന് വേണ്ട വെള്ളം ലഭ്യമാക്കുവാനുള്ള ഒറ്റ മാർഗ്ഗം നൽകിയാൽ മതിയായിരുന്നു. ഇവിടെ പക്ഷേ ഒരുപാട് കാര്യങ്ങൾ ഒന്നൊന്നായി തുടരെത്തുടരെ ഉണ്ടായതിനുശേഷം ആണ് മഴ പെയ്യുന്നത്. ഈ ഉണ്ടാകുന്ന കാര്യങ്ങളാവട്ടെ ഒന്നും മനുഷ്യൻ്റെ കഴിവിൽ വരുന്ന കാര്യങ്ങളുമല്ല. ഉദാഹരണമായി, വെള്ളത്തെ നീരാവിയാക്കി മാറ്റുവാൻ വേണ്ടി ജലശയങ്ങളെ അവന് ചൂടാക്കാൻ കഴിയില്ല. ആകാശത്തിലേക്ക് ഉയരുന്ന നീരാവിയെ മേഘമാക്കി മാറ്റുവാൻ മനുഷ്യനോ മനുഷ്യന്റെ സംവിധാനങ്ങൾക്കോ കഴിയില്ല. ആകാശത്ത് ചിതറിക്കിടക്കുന്ന മേഘ കീറുകളെ അവന് ഒരുമിച്ചു കൂട്ടുവാൻ കഴിയില്ല. അപ്പോൾ മഴ പെയ്യുന്നത് മാത്രമല്ല മഴ പെയ്യുവാൻ പ്രപഞ്ചത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും മനുഷ്യൻ്റെ കഴിവിലോ പരിധിയിലോ ഒതുങ്ങുന്നതല്ല. അതിനാൽ മഴയിൽ പെയ്തു വീഴുന്നത് സത്യത്തിൽ വെള്ളം മാത്രമല്ല, സൃഷ്ടാവ് എന്ന ചിന്ത കൂടിയാണ്.



മഴയുടെ ദാനമായ വെള്ളത്തെയും അല്ലാഹു ചിന്തയിലേക്ക് തിരിച്ചുവിടുന്നുണ്ട്. വെള്ളം ജീവന്റെ തുടിപ്പാണ്, വെള്ളമില്ലെങ്കില്‍ ഒരു ജീവജാലത്തിനും നിലനില്‍പ്പില്ല എന്ന ഭാഷ്യത്തിലാണത്. ”ജീവനുള്ള എല്ലാറ്റിനെയും വെള്ളത്തില്‍നിന്നാകുന്നു നാം സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ വിശ്വസിക്കുന്നില്ലേ” (അല്‍അമ്പിയാഅ്: 30). എല്ലാ ജീവജാലങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. അതോടൊപ്പം മനുഷ്യൻ എന്ന അത്ഭുത ജീവി വെള്ളത്തിൻ്റെ കണികയിൽ നിന്നാണ് ജന്മം പ്രാപിച്ചിരിക്കുന്നത് എന്ന് വ്യക്തമായി അല്ലാഹു മറ്റൊരു ഇടത്ത് പറയുന്നുണ്ട്. അള്ളാഹു പറയുന്നു: ”അവന്‍ (അല്ലാഹു)വത്രെ വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന്‍. എന്നിട്ട് അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനുമാക്കി. നിന്റെ രക്ഷിതാവ് എല്ലാത്തിനും കഴിവുറ്റവനാകുന്നു” (അല്‍ ഫുര്‍ഖാന്‍: 54). ജീവന്‍ തുടങ്ങിയതും ജീവന്‍ നിലനില്‍ക്കുന്നതും വെള്ളം കൊണ്ടാണ്. വെള്ളമില്ലാതെ മനുഷ്യജീവന്‍ എന്നല്ല, ഒരു ജീവിവര്‍ഗത്തിനും നിലനില്‍പ്പില്ല. മനോഹരമായ ആകാരവും ബുദ്ധിപരമായ ശേഷികളും ഇന്ദ്രിയപരമായ പ്രത്യേകതകളും എല്ലാം നിറഞ്ഞ മനുഷ്യനെ പടച്ചിരിക്കുന്നത് വെറും വെള്ളം കൊണ്ടാണ് എന്ന് പറയുമ്പോൾ അത് ഒരു സൃഷ്ടി വൈഭവത്തിലേക്ക് ചിന്തയെ തെളിക്കുകയാണ്. മാത്രമല്ല, അതിലൂടെ മനുഷ്യനെ പോലും ഒരു വലിയ ശാസ്ത്രവും സത്യവും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് അല്ലാഹു. അതായത് വെള്ളം വഴി ജീവൻ്റെ കണികകൾ കണ്ടെത്താമെന്ന സത്യവും ശാസ്ത്രവും. അതുകൊണ്ടാണല്ലോ ജീവന്റെ കണിക കണ്ടെത്തുന്നതിന് ഇതര ഗ്രഹങ്ങളില്‍ ജലാംശം ഉണ്ടോ എന്ന് ശാസ്ത്രം അന്വേഷിക്കുന്നത്.



മഴയെയും വെള്ളത്തെയും ഏറ്റവും വലിയ അനുഗ്രഹമായി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആയേക്കാം. അവനാണ് ഭൂമിയെ ഒരു വിരിപ്പായും, ആകാശത്തെ ഒരു എടുപ്പായും സൃഷ്ടിച്ചവന്‍. ആകാശത്തുനിന്നും വെള്ളം ഇറക്കുകയും, അതുവഴി നിങ്ങള്‍ക്ക് വിഭവമായി ഫലവര്‍ഗങ്ങളെ മുളപ്പിക്കുകയും ചെയ്തു. അതിനാല്‍ അറിഞ്ഞുകൊണ്ട് അവന് പങ്കുകാരെ സങ്കല്‍പ്പിക്കരുത് നിങ്ങള്‍” (അല്‍ബഖറ 21,22). ഭൂമിയില്‍ സസ്യങ്ങള്‍ തളിര്‍ക്കുമ്പോഴാണ് ഭൂമി സജീവമാകുന്നത് എന്ന അല്ലാഹു മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ”അല്ലാഹു ആകാശത്തു നിന്നു ജലമിറക്കി. നിര്‍ജീവമായിക്കിടന്ന ഭൂമിയെ അതുവഴി പെട്ടെന്ന് സജീവമാക്കി. കേള്‍വിയുള്ള ജനതക്ക് ഇവയില്‍ സൃഷ്ടാന്തമുണ്ട്” (അന്നഹൽ: 65). മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ”ഭൂമി വരണ്ടു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു; കൗതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുകയും ചെയ്യുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു, അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു. (അല്‍ ഹജ്ജ് 5-6). മഴ ഒരു ചിന്തയാണ് എന്നത് ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ സൂക്തങ്ങൾ. ആ ചിന്തയിൽ നിന്ന് ഒരിക്കലും മനുഷ്യൻ അകലരുത് എന്നാണ് അല്ലാഹുവിൻ്റെ താൽപര്യം. അതുകൊണ്ടാണ് മനുഷ്യൻ്റെ ശരീരത്തിലും വിശാലമായ അവൻ്റെ ജീവീയ ലോകത്തിലും സസ്യലതാദികളിലുമെല്ലാം വെള്ളത്തിൻ്റെ തുടിപ്പ് കാണുന്നത്. വെള്ളമില്ലാതെ ജീവിതം സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത അത്ര ദുർബലനാണ് മനുഷ്യൻ എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകുമ്പോൾ എന്നിട്ടും അല്ലാഹുവിനോട് നന്ദി കാണിക്കുന്നതിൽ വീഴ്ച വരുന്നതും വരുത്തുന്നതും എത്ര വലിയ ദൈവ നിന്ദയാണ്. അല്ലാഹു അത് അങ്ങനെ തന്നെ പറയുന്നുമുണ്ട്. അവൻ പറയുന്നു: ‘ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ചു നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്നും ഇറക്കിയത്, അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ദുഃസ്വാദുള്ള ഉപ്പ് വെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തത് എന്താണ്?’ (വാഖിഅ: 68-69)



മഴയടക്കമുള്ള ഏത് അനുഗ്രഹത്തെയും നന്ദി കൊണ്ടാണ് നേരിടേണ്ടത്. അതിൽ വീഴ്ചയും വിഘ്നവും വന്നാൽ അത് അപരിഹാര്യമായ വേദന ഉണ്ടാക്കും. ഇപ്പോൾ അതുകൂടി പറയേണ്ടി വന്നിരിക്കുകയാണ് പുതിയ മഴ വർത്തമാനത്തിൽ. മനുഷ്യന്റെ അമിതമായ ആര്‍ത്തി കാരണം ഈ മഹാനുഗ്രഹത്തിന്റെ ഉറവ വറ്റിത്തുടങ്ങിയിരിക്കുന്നു. വൃക്ഷത്തലപ്പുകളെല്ലാം വെട്ടിനശിപ്പിച്ചും ഉയര്‍ന്ന കുന്നുകളെല്ലാം ഇടിച്ചുനിരത്തിയും തണ്ണീര്‍ത്തടങ്ങളും ജലസംഭരണികളുമെല്ലാം മണ്ണിട്ട് നികത്തിയും അത്യാര്‍ത്തിയുടെ കോണ്‍ക്രീറ്റ് വനങ്ങള്‍ മാനംമുട്ടെ ഉയര്‍ത്തിക്കൊണ്ടുമിരിക്കുകയാണ് ആധുനിക മനുഷ്യൻ. മനുഷ്യന്റെ കൈകടത്തലുകളും ആര്‍ത്തിയും പ്രകൃതിയെ ആകെ താളം തെറ്റിച്ചിരിക്കുന്നു. അത് കാലാവസ്ഥയെയും ബാധിച്ചിരിക്കുന്നു. നിനച്ചിരിക്കാതെ കടന്നു വരുന്ന പ്രളയവും, ദാഹജലം കിനിയാതെ ഊഷരമായി കൊണ്ടിരിക്കുന്ന ഭൂമിയും ഈ ദുരയുടെ ഫലങ്ങളാണ്. സൃഷ്ടികള്‍ക്ക് ആകമാനം അനുഗ്രഹമായി പെയ്തിറങ്ങുന്ന വെള്ളത്തെ അതിരുകളും അതിര്‍ത്തികളും നിര്‍ണയിച്ചു തടഞ്ഞുവെക്കുന്ന അധികാരികള്‍, ജീവജാലങ്ങള്‍ക്ക് ദാഹമകറ്റാന്‍ സ്രഷ്ടാവ് നല്‍കിയ നീരുറവയെ കുപ്പിയിലടച്ചു സമ്പത്ത് കൊയ്യുന്ന കോര്‍പ്പറേറ്റു കച്ചവട ഭീകരന്മാര്‍, അനന്തമായ ജലജീവികള്‍ക്ക് നിര്‍ഭയമായി വിഹരിക്കാന്‍ നാഥന്‍ നല്‍കിയ നദീതടങ്ങള്‍ വിഷമൊഴുക്കി മലീമസമാക്കുന്ന വ്യവസായ ലോബികള്‍, മരങ്ങൾ മുറിച്ചുകൂട്ടി അവ കൊണ്ട് സ്വപ്നങ്ങൾക്ക് സൗധങ്ങൾ പണിയുന്ന മുതലാളിമാർ.. എല്ലാമെല്ലാം കൂടി ജീവിതം ദുഃസ്സഹമാക്കിയിരിക്കുന്നു. അതിൻ്റെ തിക്ത ഫലമാണെങ്കിലോ ഓരോ വർഷവും മാറിമാറി തല കാണിക്കുന്നുമുണ്ട്. വേനൽ എപ്പോഴും കനത്തു നിൽക്കുകയാണ്. ഭൂമിയിലെ ആവാസ വ്യവസ്ഥ എന്നോ തകരാറിലായിക്കഴിഞ്ഞു. ജീവികൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവർക്കെല്ലാം ജീവതാളം തെറ്റിത്തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന ശതകങ്ങളിൽ ലോകം വെള്ളത്തിനു വേണ്ടിയുള്ള യുദ്ധക്കളമായിരിക്കും എന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതെല്ലാം ഈ നന്ദികേടിന്റെ ദുരന്ത ഫലങ്ങളാണ്. ‘പറയുക; നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ, നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവ വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നു തരിക?’ (അല്‍മുല്‍ക്ക്: 30)


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso