ഒരു സംഭവമല്ല, സന്ദേശമാണ് ഹിജ്റ
12-07-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ലോകത്ത് വിവിധ കലണ്ടറുകൾ നിലനിൽക്കുന്നുണ്ട്. അടിസ്ഥാന പ്രകൃതത്തിന്റെ കാര്യത്തിൽ എല്ലാ കലണ്ടറുകൾക്കും സമാന സ്വഭാവം ആണ് ഉള്ളത്. ഒന്നുകിൽ സൂര്യൻ്റെ ചലനത്തെ അല്ലെങ്കിൽ ചന്ദ്രൻ്റെ ചലനത്തെ കലണ്ടർ വലംവയ്ക്കുന്നു എന്നതാണ് അത്. പക്ഷേ പേരിന്റെയും പേര് വരാനുണ്ടായ കാരണത്തിന്റെയും കാര്യത്തിൽ ഓരോ കലണ്ടറുകൾക്കും ഓരോ ചരിത്രമാണ് ഉള്ളത്. ഓരോ കലണ്ടറും ഓരോ സംസ്കാരത്തിൻ്റെ ഭാഗമാണ്. അവയുടെ കൂട്ടത്തിൽ സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒരു കലണ്ടർ ആണ് ഹിജ്റ കലണ്ടർ. കാരണം അത് ഹിജ്റ എന്ന വലിയ ഒരു ആശയത്തെ ലോക സംസ്കൃതിയിൽ നിരന്തരമായി അടയാളപ്പെടുത്തി നിലനിൽക്കുന്നു. ഹിജ്റ എന്നാൽ എന്താണ് എന്ന കേവല ചോദ്യത്തിന് ഇസ്ലാമിക ലോകം പറയുന്ന ഉത്തരം, മഹാനായ പ്രവാചകൻ തൻ്റെ 53-ാം വയസ്സിൽ ജന്മനാടായ മക്കയിൽ നിന്നും 400 മൈൽ അകലെ വടക്ക് യത് രിബ് എന്ന, പിന്നീട് മദീനത്തുന്നബി - നബിയുടെ നഗരം - എന്ന് വിളിക്കപ്പെട്ട നാട്ടിലേക്ക് പലായനം ചെയ്ത സംഭവമാണ് ഹിജ്റ എന്നായിരിക്കും. അതോടെ അത് ഒരൊറ്റ സംഭവത്തിലേക്ക് ചുരുങ്ങുകയാണ്. കേവലം ഒരു യാത്രയിലേക്ക്. എന്നാൽ സത്യത്തിൽ അങ്ങനെ ഒരൊറ്റ സംഭവത്തെയല്ല ഒരു വലിയ സന്ദേശത്തെയാണ് ഹിജ്റ പ്രതിനിധാനം ചെയ്യുന്നത്. കാരണം ഇസ്ലാമിക സംഹിതയനുസരിച്ച് ആദർശത്തിന്റെ പ്രബോധനം പലപ്പോഴും ആശ്രയിച്ചു നിന്നിട്ടുള്ളത് പലായനത്തെയാണ്. ഈ ഭൂമിയിലേക്കുള്ള മനുഷ്യൻ്റെ വരവിനെ തന്നെ ഒരു പലായനം ആയി കാണുന്നതിൽ തെറ്റൊന്നുമില്ല. തുടർന്ന് കാലാകാലങ്ങളിൽ വന്ന പ്രവാചകന്മാർ ഓരോരുത്തർക്കും സ്വന്തം നാട് വിട്ടു മറ്റ് നാടുകളിൽ അഭയം പ്രാപിച്ച് തങ്ങളുടെ ആദർശത്തെ സ്ഥാപിച്ചെടുക്കേണ്ടിവന്നു. ഇറാഖിൽ ജനിച്ച ഇബ്രാഹിം നബിയുടെ പലായന കഥകൾ വിശുദ്ധ ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ അനുസ്മരിക്കുന്നുണ്ട്. ഇസ്രയേൽ സന്തതികളുടെ വിമോചനത്തിനായി നിയുക്തനായ മൂസാ പ്രവാചകന്‍ പലായനത്തിന്റെ കടലുകൾ നീന്തിക്കടന്ന ചരിത്രം വിശുദ്ധ ഖുർആൻ ആവർത്തിച്ചുപറയുന്നുണ്ട്. അല്ലാഹുവിൻ്റെ സന്മാർഗ ദർശനം എന്ന ദൗത്യം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത് മുഹമ്മദ് നബി(സ)യിലൂടെയാണ്. അതുകൊണ്ടുതന്നെ മുഹമ്മദ് നബിയുടെ ജീവിതത്തിലും ഹിജ്റ ഒരു അധ്യായവും സന്ദേശവുമായി കടന്നുവരുന്നുണ്ട്. പക്ഷേ, അതും നേരത്തെ പറഞ്ഞത് പോലെ മക്കയിൽ നിന്നു മദീനയിലേക്കുള്ള കുടിമാറ്റം മാത്രമല്ല. അതിനേക്കാൾ ആഴമുള്ള ഒരു ചിന്തയാണ്.
ഹിജ്റ കലണ്ടർ ആവിഷ്കരിക്കപ്പെട്ട സാഹചര്യത്തിൽ നിന്ന് തന്നെ അത് വായിച്ചെടുക്കാം. ഹിജ്റ 17ൽ ആയിരുന്നു സംഭവം. ഖാളി കൂടിയായിരുന്ന അബൂ മൂസ അൽ അശ്അരി(റ) ഭരണാധികാരിയായിരുന്ന ഖലീഫ ഉമർ (റ) മുമ്പിൽ ഒരു സാങ്കേതിക ക്രമപ്രശ്നം ഉന്നയിക്കുകയായിരുന്നു. കോടതിയുടെ പരിധിയിൽ വരുന്ന രേഖകളിൽ വരുന്ന തീയതികൾ കൃത്യമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതായിരുന്നു അത്. മാസങ്ങൾ പണ്ടുമുതലേ അവിടെ പ്രയോഗത്തിൽ ഉണ്ടായിരുന്നതാണ്. എന്നാൽ വർഷങ്ങൾ ഗണിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഏതെങ്കിലും പ്രധാന സംഭവത്തെ ചാരി ആയിരുന്നു പലപ്പോഴും അവർ വർഷങ്ങളെ വ്യവഹരിച്ചിരുന്നത്. നബി തിരുമേനി(സ)യുടെ ജനനം തന്നെ ഒരു ഉദാഹരണം. ഇപ്പോൾ നമുക്ക് ഏത് കലണ്ടർ അടിസ്ഥാനപ്പെടുത്തിയും തിരുജനനം എന്നായിരുന്നു എന്ന് ഗണിക്കാം. പക്ഷേ, അന്നത്തെ കാലത്ത് അത് പറഞ്ഞിരുന്നത് ആനക്കലഹ സംഭവം കഴിഞ്ഞ് 51 -ാം ദിവസം എന്നായിരുന്നു. അങ്ങനെ ഏതെങ്കിലും സംഭവത്തെ മാത്രം ആശ്രയിക്കുമ്പോൾ ആ സംഭവം മായുന്നതിനും മങ്ങുന്നതിനും അനുസൃതമായി അതിൻ്റെ പ്രസക്തിയും ഇല്ലാതെയാവും. രണ്ടാം ഖലീഫയുടെ ഭരണകാലം ആയപ്പോഴേക്കും ഇതായിരുന്നു അവസ്ഥ. തീയതിയും മാസവും പറയുമ്പോൾ അത് ഏതു വർഷത്തെ എന്ന് പറയാനോ സൂചിപ്പിക്കാനോ മാർഗം ഇല്ലാത്ത ഒരു അവസ്ഥ. ഇത്തരം ഒരു സാഹചര്യത്തിലാണ് ഖലീഫ പ്രധാന സ്വഹാബിമാരുടെ മുമ്പിൽ വിഷയം അവതരിപ്പിച്ചതും ചർച്ച ആരംഭിച്ചതും. നമുക്ക് സ്വന്തമായി ഒരു കലണ്ടർ ആവിഷ്കരിക്കുക എന്നത് ഏകകണ്ഠമായ അഭിപ്രായമായി ആ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നു. അതിന് എന്തിനെ ആധാരമാക്കണം, പേര് എന്തായിരിക്കണം തുടങ്ങിയ ചർച്ചകൾ വന്നപ്പോൾ പലരുടെയും അഭിപ്രായങ്ങൾ പലവഴിക്ക് പിരിയുകയായിരുന്നു. ചർച്ചയുടെ അവസാന ലാപ്പിൽ രണ്ട് നിർദ്ദേശങ്ങൾ പ്രധാനമായി വന്നു ഒന്ന് ആധാരം നബിയുടെ ജനനമായിരിക്കണം എന്നതായിരുന്നു. മറ്റൊന്ന് നബിയുടെ ഹിജ്റ ആയിരിക്കണമെന്നും. ഇവ രണ്ടിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള അന്തിമമായ അധികാരവും അവകാശവും അനുവാദവും ഖലീഫക്ക് സഭ നൽകിയപ്പോൾ അദ്ദേഹം ഹിജ്റ തെരഞ്ഞെടുക്കുകയായിരുന്നു. എന്തുകൊണ്ട് ഹിജ്റ എന്ന് ആരും ചോദിച്ചില്ല. പക്ഷേ, പിൽക്കാലത്തു നടന്ന പഠനങ്ങൾ അതിന് ഉത്തരം നൽകുക തന്നെ ചെയ്തിട്ടുണ്ട്.
നബി തിരുമേനി(സ)യുടെ ജനനം പ്രപഞ്ചത്തിന്റെ വലിയ അനുഗ്രഹം തന്നെയാണ്. അത് അല്ലാഹുവിൻ്റെ മഹാ ദാനവുമാണ്. അതേസമയം ഹിജ്റ എന്നത് വിശ്വാസികളുടെ സമർപ്പണവുമാണ്. സ്വന്തം നാടും വീടും വസ്തു വകകളും ബന്ധങ്ങളുമെല്ലാം ആദർശത്തിനു വേണ്ടി ത്യജിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുകയാണ് ഇവിടെ വിശ്വാസി. എല്ലാ ഭൗതിക താൽപര്യങ്ങളേക്കാളും എനിക്ക് പ്രധാനം എന്റെ ആദർശമാണ്, എൻ്റെ ആനന്ദം എൻ്റെ ആദർശം ലോകത്തിൻ്റെ ആദർശമായി മാറുന്നതിലാണ് തുടങ്ങിയ മൂല്യവത്തായ നിശ്ചയദാർഢ്യങ്ങളാണ് ഹിജ്റയുടെ പിൻബലം. ഇങ്ങനെ പറയുമ്പോൾ രണ്ട് ആശയങ്ങളാണ് നേർക്ക്നേർ വരുന്നത്. ഒന്ന്, അല്ലാഹു ഇങ്ങോട്ട് ചെയ്ത ദാനം. രണ്ടാമത്തേത്, അടിമകൾ അങ്ങോട്ട് ചെയ്യുന്ന സമർപ്പണം. ഇവയിൽ അടിമകൾ അങ്ങോട്ട് ചെയ്ത സമർപ്പണമാണ് ഒരു പണത്തൂക്കം മുൻപിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെയാണ് ഖലീഫ അതിനെ തെരഞ്ഞെടുത്തത്. ആ ആ സമർപ്പണം സമുദായത്തിൽ എപ്പോഴും ഒരു ചിന്തയായി അവശേഷിക്കേണ്ടതുമാണ്. കാരണം ഹിജ്റ എന്ന വാക്കിന് രണ്ട് ആശയങ്ങളുണ്ട്. ഒന്ന് അതിൻ്റെ അർത്ഥത്തിൽ നിന്ന് ഉയരുന്നതാണ്. ഈ വാക്കിൻ്റെ അർഥം ത്യാഗം എന്നാണ്. ത്യജിക്കൽ എന്നാണല്ലോ ഹിജ്റ എന്ന അറബീ വാക്കിൻ്റെ അർഥം. രണ്ടാമത്തേത് ഈ വാക്കിൻ്റെ ആശയത്തിൽ നിന്ന് ഉയരുന്നതാണ്. അത് ദീനിന് വേണ്ടിയുള്ള പലായനം എന്ന ആശയമാണ്. ഇതും അർഥത്തിൽ തൃാഗം തന്നെയാണ്. പുലരും എന്നോ സന്ധ്യയാകും എന്നോ ഉറപ്പിക്കാൻ പാടില്ലാത്ത വിധം ഏതു നിമിഷവും മടക്കം ഉണ്ടാവാം എന്ന ബോധത്തിലും ബോധ്യത്തിലും ജീവിക്കുന്ന വിശ്വാസിക്ക് തന്റെ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റാൻ കഴിയാത്ത രണ്ട് വികാരങ്ങൾ ആയി ഈ അർത്ഥവും ആശയവും മാറുന്നു അതിനാൽ ഈ സംഗതി എപ്പോഴും മനസ്സിനെ ഓർമ്മപ്പെടുത്തുവാൻ ഹിജ്റ എന്ന ആശയം അനിവാര്യമാണ്.
സത്യത്തിൽ ഈ പേരിട്ടത് കലണ്ടറിലെ ഒന്നാം മാസമായ മുഹറം ഒന്നാം തീയതി ആയിരുന്നില്ല. മറുവശത്ത് നബി തിരുമേനി(സ)യുടെ ഹിജ്റ നടന്നതും മുഹറം ഒന്നാം തീയതി ആയിരുന്നില്ല. എന്നിട്ടും ഈ കലണ്ടറിനെ ഹിജ്റ എന്നാണ് വിളിച്ചത്. അത് നേരത്തെ പറഞ്ഞ ആ പ്രാധാന്യങ്ങൾ കണ്ടു കൊണ്ട് തന്നെയാണ് അതോടൊപ്പം തന്നെ വിശ്വാസി ഹിജ്റ എന്ന വാക്ക് പ്രകടിപ്പിക്കുന്ന ആശയത്തോടൊപ്പം മനസ്സുകൊണ്ട് കാണേണ്ട ഒരു സംഭവം കൂടിയാണ് നബി തിരുമേനി(സ)യുടെ ഹിജ്റ. വലിയ അർത്ഥതലങ്ങൾ തുറന്നുവച്ച ഒരു സഞ്ചാരം ആയിരുന്നു അത്. ഗതിമുട്ടിയും ശ്വാസം മുട്ടിയും ഒരു ഇറങ്ങിപ്പോക്ക് എന്ന അർത്ഥത്തിലാരുന്നില്ല നബി തിരുമേനി മക്കയിൽ നിന്ന് പുറപ്പെട്ടത്. വർഷങ്ങളായി നടന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായിട്ടായിരുന്നു ഈ പലായനം. അൻപതാം വയസ്സിൽ നബി (സ) തായിഫിലേക്ക് പോകുന്നുണ്ട്. സത്യത്തിൽ അങ്ങോട്ട് പോകുന്നതിന്റെ പിന്നിലെ ഉദ്ദേശം തൻ്റെ ദൗത്യം മുളപ്പിച്ചെടുക്കുവാൻ അനുകൂലമായ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. അത്തരം ഒരു സ്ഥലത്തിന് ചില പ്രത്യേകതകൾ നബിയുടെ താൽപര്യത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തെത് മിതശീതോഷ്ണ അന്തരീക്ഷമുള്ള പ്രദേശമായിരിക്കണം. മറ്റൊന്ന് ജല ലഭ്യത ഉറപ്പുള്ള നാടായിരിക്കണം. മറ്റൊന്ന് അറേബ്യൻ ഉപദ്വീപിൽ നിന്ന് എല്ലാവർക്കും വരാനും പോകാനും കഴിയുന്ന സ്ഥലമായിരിക്കണം. നാലാമത്തേത് അവിടത്തുകാർക്ക് ഒരു സത്യത്തെ സ്വീകരിക്കാനുള്ള മാനസിക വിശാലത ഉണ്ടായിരിക്കണം. ഈ മാനദണ്ഡങ്ങൾ ഉണ്ടോ എന്ന പരീക്ഷണം കൂടി നബിയുടെ തായിഫ് യാത്രയിൽ ഉണ്ടായിരുന്നു. ഇവയിൽ ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങളും മക്കയിൽ നിന്ന് വെറും 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയവും അനുകൂല കാലാവസ്ഥയുള്ള പ്രദേശവും ആയ ത്വായിഫിന് ഉണ്ട് എന്നത് നബിക്ക് അറിയാമായിരുന്നു. ഇനി നാലാമത് പറഞ്ഞ അവിടെത്തുകാരുടെ മാനസികമായ വിശാലത മാത്രമേ അറിയാൻ ഉണ്ടായിരുന്നുള്ളൂ. ആ യാത്രയിൽ അവിടെയെത്തിയതും അതിൻ്റെ ഉത്തരം ലഭ്യമായി. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് നബി തിരുമേനി(സ) മടങ്ങിയതായിരുന്നു. പിന്നെ അത്തരം ഒരു സ്ഥലം നബിയുടെ മനസ്സിൽ പതിഞ്ഞത് യഥ് രിബ് ആയിരുന്നു. ആദ്യത്തെ മൂന്നു ഘടകങ്ങളും അനുകൂലമായിരുന്നു അവിടെയും. പക്ഷേ നാലാമത്തെ ഘടകം അനുകൂലം തന്നെയാണോ എന്ന് ഉറപ്പുവരുത്താതെ പുറപ്പെടുകയില്ല എന്ന നിലപാടിലായിരുന്നു ഇക്കുറി നബി. അങ്ങനെയിരിക്കയാണ് തീർത്ഥാടനത്തിനു വന്ന അന്നാട്ടുകാരുമായി പരിചയപ്പെടുന്നതും ആ പരിചയം അഖബ ഉടമ്പടികളായി മാറുന്നതും നബിയെയും ആദർശത്തെയും അനുയായികളെയും അവർ അങ്ങോട്ട് ക്ഷണിക്കുന്നതും. ഇതിനെല്ലാം കൂടി ഏതാണ്ട് മൂന്നു വർഷമെടുത്തു. അതോടെയാണ് ഹിജ്റയുടെ വഴി ഒരുങ്ങുന്നത്.
ബൗദ്ധികമായ ഒരു പഠനം ഈ യാത്രയുടെ നട്ടെല്ലായിരുന്നു എന്ന് പറയുമ്പോൾ തന്നെ കൂട്ടി വായിക്കേണ്ട ഒരു കാര്യമാണ് ഈ യാത്ര പരമമായ ലക്ഷ്യത്തിലേക്ക് എത്തിക്കും എന്ന നബി തിരുമേനിയുടെ ശുഭപ്രതീക്ഷയും. അത് നബി തിരുമേനി(സ) ഈ യാത്രയിൽ രണ്ടു ഘട്ടങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്നാമത്തേത് ഗുഹയിൽ ഒളിച്ചിരിക്കുമ്പോൾ ആയിരുന്നു. നമ്മെ ഒരിക്കലും ശത്രുക്കൾക്ക് കണ്ടുപിടിക്കാൻ കഴിയില്ല എന്ന് നബി തിരുമേനി(സ) അബൂബക്കർ(റ)യോട് പറയുകയുണ്ടായി. രണ്ടാമത്തേത് അവരെ പിടികൂടുവാൻ സുറാഖത്ത് ബിനു മാലിക് തൊട്ടടുത്ത് എത്തിയപ്പോൾ ആയിരുന്നു. ഖുറൈശികളുടെ ഇനാമിൽ കൊതി മൂത്ത് വിടർന്ന സുറാഖയുടെ കണ്ണുകളിലേക്ക് നോക്കി നബി തിരുമേനി പറഞ്ഞു: 'അല്ലാഹുവാണ്, ഈ ദൗത്യം പൂർത്തീകരിക്കുക തന്നെ ചെയ്യും, താങ്കളുടെ ഈ കരങ്ങളിൽ കിസ്രായുടെ അംഗച്ചമയങ്ങൾ അണിയിക്കപ്പെടുക തന്നെ ചെയ്യും'. ഐതിഹാസികമായ ഈ യാത്ര തന്നെയായിരുന്നു എല്ലാ വിജയങ്ങളിലേക്കും ഉള്ള യാത്ര. ഇതിനെ തുടർന്ന് ബദറും ഉഹദും മുതൽ മക്കാവിജയം വരെ നേടിയതും അറേബ്യൻ ഉപദ്വീപിന്റെ ഓരോ മുക്കിലും മൂലയിലും മണ്ണിന്റെയും ഓലയുടെയും കുടിലുകളിലും ഇസ്ലാം എന്ന വെളിച്ചം എത്തിച്ചേരുകയും അക്കാലത്തെ ഒന്നേകാൽ ലക്ഷം സ്വന്തം അനുയായികളെ വിളിച്ച് യാത്ര ചോദിക്കാനുള്ള അവസരം വരെ ഉണ്ടായതുമെല്ലാം ഇതേ യാത്രയിലൂടെയാണ്. അതിനാൽ ഇത് എപ്പോഴും ഓർമ്മിക്കപ്പെടേണ്ട ഒരു സന്ദേശം തന്നെയാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso