മനസ്സേ! അടങ്ങുക..
05-08-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
അമ്മ ഷീല, അച്ഛൻ പ്രേമൻ, ഭാര്യ കൃഷ്ണപ്രിയ, മകൻ അയാൻ കൃഷ്ണ സഹോദരി അഞ്ജു, അളിയൻ ജിതിന്‍ എന്നിവരോടൊക്കെ എന്താണ് പറയുക, എങ്ങനെയാണ് അവരെ ആശ്വസിപ്പിക്കുക എന്നു കരുതിയിരിക്കുമ്പോഴാണ് അങ്ങനെ ഒന്നിനുള്ള അവസരം പോലും നിഷേധിച്ചു കൊണ്ടെന്നോണം അർജുൻ എന്ന ദുഃഖത്തിന്റെ മുകളിലേക്ക് വയനാട്ടിൽ ഉരുളുകൾ വന്നടിഞ്ഞത്. ഉരുളുകൾ എന്ന മണ്ണിൻ്റെ തടയണകൾ തകർന്നതോടെ നിയന്ത്രണം വിട്ടു ഒഴുകിവന്ന ഭീമാകാരങ്ങളായ കല്ലുകളും മരങ്ങളും വഴിയിൽ കണ്ട കെട്ടിടങ്ങളെയും വീടുകളെയും മാത്രമല്ല, ഉറങ്ങിക്കിടന്ന നമ്മുടെ കുറെ കൂടപ്പിറപ്പുകളെയും കൊണ്ടുപോയത്. രണ്ടു സംസ്ഥാനങ്ങൾക്കും അതിലെ ഭരണ സംവിധാനങ്ങൾക്കും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും അതിനും പുറമേ നാവികസേനക്കും ഈശ്വർ മൽപ്പയെ പോലെ അതിസാഹസിക മുങ്ങൽ വിദഗ്ധന്മാർക്കും അത്യന്താധുനിക മാപ്പിംഗ് സംവിധാനങ്ങൾക്കും ഒന്നും നീണ്ട 13 ദിവസങ്ങളായി ഒരു പ്രതീക്ഷയുടെ തുമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ പോലും കഴിയാതെ വന്നതിന്റെ സങ്കടം എങ്ങനെയാണ് ഈ അക്ഷരങ്ങളിലേക്ക് ആവാഹിക്കുക എന്നത് ഓർത്ത് തലതാഴ്ത്തിയിരിക്കുമ്പോഴാണ് ഒട്ടും ഒരിക്കലും അക്ഷരങ്ങളിലേക്ക് പകർത്താൻ കഴിയാത്ത വിധം വയനാട്ടിലെ ഉരുൾ ദുരന്തം വന്നു വീണിരിക്കുന്നത്. സങ്കടത്തിനു മേൽ മഹാ സങ്കടക്കയത്തിൽ മുങ്ങിത്താഴുകയാണ് ദൈവത്തിൻ്റെ സ്വന്തം നാടെന്ന മുദ്ര വീണ കേരളത്തിലെ 35.97 മില്യൺ കൂടപ്പിറപ്പുകൾ. പക്ഷെ അവർ ഇപ്പോൾ വീണ്ടും ഭീതിയുടെ ചൂളം വെളിച്ചത്തിയ നിപ്പാ വൈറസിനെയും ആത്മാഭിമാനത്തിന്റെ വാനിൽ ത്രിവർണം പൂശാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനെയും എന്നല്ല സ്വന്തം ജാതിയെയും വർഗ്ഗത്തെയും മതത്തെയും രാഷ്ട്രീയത്തെയും എല്ലാം മറന്നു നിൽക്കുകയാണ്. മുങ്ങിത്താഴുന്നവനു നേരെ ഒന്നും പരിഗണിക്കാതെ കൈ നീട്ടി കൊടുക്കാനുള്ള അവൻ്റെ മനസ്ഥിതി വീണ്ടും ഓരോ കേരളീയനേയും പുളകമണിയിക്കുകയാണ്. വലിയ വേദനകൾ കടിച്ചും കുടിച്ചും ഇറക്കുമ്പോഴും സ്വന്തം സംസ്കാരം അവന് കൈമോശം വരുന്നില്ലല്ലോ എന്ന് കാണുമ്പോൾ നാം ഓരോരുത്തരും അഭിമാനിക്കുകയാണ്. ഇതിനെയും നാം നേരിടും എന്ന് പറയുന്നത് ഈ ഉള്ളുറപ്പിന്റെ ബലത്തിലാണ്.
ഏത് ഏതിനേക്കാൾ വലുതാണ് എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ദുരന്തഭൂമികളിൽ ഇല്ല. എല്ലാം താങ്ങാനാവാത്തത് തന്നെയാണ്. അർജുൻ സ്വന്തം കുടുംബത്തിൻ്റെ വയറുകൾക്ക് വേണ്ടി വളയം പിടിക്കുകയായിരുന്നു. അതിനിടയിൽ അതുകാരണമായി ഉണ്ടായ ഒരു ക്ഷീണം മാറ്റാൻ പതിവുപോലെ ബെൻസ് ലോറിയുടെ അത്യന്താധുനിക സൗകര്യങ്ങൾ ഉള്ള ക്യാബിനിൽ ഒന്നു ചാരിക്കിടന്ന് മയങ്ങിയത് ആയിരിക്കാം. ആ ഉറക്കിൽ നിന്ന് കണ്ണുതുറക്കുമ്പോൾ അല്ലെങ്കിൽ അവസാനമായി കണ്ണു തുറന്നപ്പോൾ അതുമല്ലെങ്കിൽ -കിംവദന്തികളെ എല്ലാം കണ്ണടച്ച് വിശ്വസിക്കുകയാണ് എങ്കിൽ- കാണാമറയത്ത് എവിടെയോ ഇപ്പോഴും വലിയ ഭീതിയുടെ മുമ്പിലേക്കായിരിക്കും അർജുൻ കണ്ണു തുറന്നിരിക്കുക. തൻ്റെ വേട്ടപ്പെട്ടവർക്ക് ഒരു സൂചനയെങ്കിലും കൊടുക്കാൻ, ഒന്ന് ആരെങ്കിലും കേൾക്കും വിധം കരയാൻ പോലും കഴിയാതെ കണ്ണികൾ പുറത്തേക്ക് തള്ളി ഒരു നിൽപ്പ്. ക്രൂരമായ വിധിക്കു മുമ്പിൽ നിന്നു കൊടുക്കുന്ന ഒരു നിൽപ്പ്. ഉയരമുള്ള ലോറിയുടെ കാബിനിന്റെ മുകളിലേക്ക് ഗംഗാവാലി പുഴയുടെ എതിർവശത്തെ ഉയർന്നു നിൽക്കുന്ന അങ്കോള-ഗുംട്ട റോഡിലെ ഷിരൂർ എന്ന കൊച്ചു പ്രദേശത്തെ മല അപ്പാടെ വന്ന് ഇരിക്കുകയാണ് ചെയ്തത്. 13 ദിവസം തുടർച്ചയായി മാന്തി നോക്കിയിട്ടും ഒരു തുമ്പും കിട്ടാത്ത അത്ര ആഴത്തിലും നിഗൂഢതയിലും പെട്ടിരിക്കുകയാണ് അർജുനും ലോറിയും. ഇങ്ങനെ അടുത്ത് നിന്ന് സങ്കൽപ്പിക്കുമ്പോൾ സംഭവത്തിന്റെ യഥാർത്ഥ രൗദ്രത മനസ്സിൽ തെളിയും. അതും കൂട്ടിപ്പിടിച്ച് സങ്കടത്തിന്റെ മുമ്പിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ നമ്മുടെ ചിന്തകൾ വീണ്ടും അടിയൊഴുക്കിൽ പെടുകയാണ്. വയനാട്ടിലെ മുണ്ടക്കൈ ഉരുൾ ദുരന്തത്തിനും ഇതിനോട് സമാനതകൾ ഉണ്ട്. അവിടെയും ഇരകൾ അർജുനെ പോലെ ഒന്നുറക്കെ കരയാൻ പോലും ഭാഗ്യം ഇല്ലാത്തവരായിപ്പോയി. അവരെല്ലാം രാത്രിയുടെ രണ്ടാം യാമത്തിലേക്ക് മനോഹര സ്വപ്നങ്ങളുടെ തീരങ്ങളിലേക്ക് നടന്ന് മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. രാത്രി ഒന്നരക്കായിരുന്നു ആദ്യ ദുരന്തം. അപ്പോഴായിരുന്നു വെള്ളരിമലയുടെയും ചൂരൽ മലയുടെയും ഇടയിൽ അടക്കിപ്പിടിച്ചത് പോലെ നിന്നിരുന്ന ഉരുൾ പൊട്ടി തകർന്നതും പിന്നെ നേരെ താഴേക്ക് ഭൂമിയുടെ ഒരു വലിയ കീറു തന്നെ ഒഴുകി അവരുടെ മുകളിലൂടെ പോയതും. രണ്ടായിരം മീറ്റർ ഉയരത്തിലാണ് പ്രഭവകേന്ദ്രം എന്ന് കണക്കാക്കപ്പെട്ട സാഹചര്യത്തിൽ അതിൻ്റെ വേഗത എത്രയായിരിക്കും എന്നത് സങ്കൽപ്പിക്കാവുന്നതേയുള്ളൂ. മുണ്ടക്കൈ എന്ന ഒരു പ്രദേശത്തെ നക്കി തുടച്ച് കടന്നുപോയ മണ്ണും കല്ലും മരങ്ങളും ആ പ്രദേശത്ത് സ്കൂളിൻ്റെ ഒരു കെട്ടിടത്തെ മാത്രമാണ് കാര്യമായി ബാക്കിവെച്ചത് എന്നതും 100 കിലോമീറ്റർ എങ്കിലും അപ്പുറത്തുള്ള ചാലിയാർ പുഴയിൽ നിന്നും അതിനും അപ്പുറത്ത് പോത്തുകല്ലിൽ നിന്നുമെല്ലാം ദുരന്തത്തിലെ മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തുകയുണ്ടായി എന്നതിൽ നിന്നുമെല്ലാം മലവെള്ളപ്പാച്ചിലിൻ്റെ വേഗതയും തീവ്രതയും അളക്കാം.
കെട്ടിപ്പിടിച്ച് മരിച്ചു കിടക്കുന്നവർ, കസേരയിൽ ഇരിക്കുന്ന രൂപത്തിലുള്ള മൃതദേഹങ്ങൾ, മഹാഭാഗ്യം കൊണ്ട് തല മാത്രം പുറത്തേക്ക് കാട്ടി ഉറക്കെ ഒന്ന് കരയുവാൻ ഭാഗ്യം കിട്ടിയവർ, മരിച്ചു കിടക്കുന്ന അമ്മയുടെയും അച്ഛനെയും മുമ്പിൽ വലിയ കല്ലിനു കീഴെ കാലു കുടുങ്ങി ഇളകാൻ കഴിയാത്ത നിസ്സഹായത അനുഭവിക്കുന്ന മകൻ, സ്വന്തം മക്കളുടെ ആർത്തനാതങ്ങൾ കേട്ട് ഒന്നും ചെയ്യാനാവാതെ നിൽക്കേണ്ടിവരുന്ന രക്ഷാകർത്താക്കൾ, തലനാരിഴ കൊണ്ട് രക്ഷപ്പെട്ട് വീണ്ടും ശ്വാസം ആഞ്ഞു വലിച്ചെടുത്തിട്ടും പലകാല ബോധത്തിലേക്ക് ബുദ്ധിയുമായി തിരിച്ചെത്തുവാൻ പ്രയാസപ്പെടുന്നവർ, കിലോമീറ്റർ പാറക്കെട്ടുകൾക്കിടയിലൂടെ തട്ടിയും മുട്ടിയും തിരിച്ചറിയാൻ കഴിയാത്ത വിധം മാറിപ്പോയ മൃതദേഹങ്ങൾ.. ഇങ്ങനെ ഹൃദയഭേതകമായ കുറേ ചിത്രങ്ങൾ ചേർത്തുവെച്ച ഭൂമിത്തുരുത്തായി മാറിയിരിക്കുന്നു വയനാട്. എവിടെയായിരുന്നു വീടുകളും അവയിലുള്ള വരും എന്നറിയാൻ ഒരു അടയാളവും ബാക്കിയില്ലാത്ത അവസ്ഥ, പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക പാലം ഒലിച്ചു പോയതിൻ്റെ പ്രയാസം, രക്ഷാദൗത്യത്തിൽ ഏർപ്പെടുന്ന സൈനികർ പോലും ഒലിച്ചുപോകുന്ന കുത്തൊഴുക്ക്, നിലക്കാത്ത മഴ, നാലുമണിക്ക് തന്നെ കോടമഞ്ഞു മൂടി പരസ്പരം കാണാനാവാത്ത അന്തരീക്ഷം, എന്തുചെയ്യണമെന്ന് നിശ്ചയിക്കാനാവാതെ രക്ഷാപ്രവർത്തകർ പോലും തരിച്ചും വിറങ്ങലിച്ചും നിൽക്കുന്ന അവസ്ഥ... വയനാട്ടിൽ നിന്ന് വരുന്ന വാർത്തകളുടെയൊക്കെ ഉള്ളടക്കം ഇതായി മാറിയിരിക്കുന്നു. ദുരന്ത ഭൂമി പങ്കുവെക്കുന്ന മറ്റൊരു വലിയ വികാരം ആത്മാഭിമാനത്തിന്റേതാണ്. ദുരന്തഭൂമികളിൽ സാഹസികതയോടെ കർമ്മനിരതരായ പോലീസുകാർ, സേനാ വിഭാഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ, കലക്ടർമാരും റവന്യൂ ഉദ്യോഗസ്ഥരും, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, മനുഷ്യപ്പറ്റുള്ള വളണ്ടിയർമാർ... അങ്ങനെ കേരളത്തിൻ്റെ വികാരങ്ങളെ മുഴുവനും ആവാഹിച്ചെടുത്ത് രാവും പകലും മഞ്ഞും മഴയും ചൂടും തണുപ്പും ഇല്ലാതെ സേവന നിരതരായ ഒരുപാട് പേർ. അവരെ കുറിച്ച് പറയുമ്പോൾ നമ്മുടെ അന്തരംഗങ്ങൾ ആത്മാഭിമാനത്തിൽ തുടിക്കേണ്ടതാണ്. എന്നിട്ടും സോഷ്യൽ മീഡിയയിലും ചാനലുകളിലും ഷിരൂരിലും വയനാട്ടിലും ചില മുറിപ്പുകളും മറ്റും കേട്ടു. അതൊക്കെയും ആത്മാർത്ഥമാണ് പക്ഷേ വികാരത്തിന് ഇടയിൽ പ്രായോഗികതകൾ പരിഗണിക്കാത്തതിനാൽ ആണ് അവ ഉയരുന്നത്. അതു നമുക്ക് സസന്തോഷം സഹിക്കാം. ഒപ്പം സോഷ്യൽ മീഡിയ കമൻറ് ബോക്സുകളിൽ പതിവ് പോലെ വേണ്ടാത്തവ വിസർജിച്ചവരെയും കണ്ടു. അത് അസുഖമാണ്. മാറില്ല.
വേദനിപ്പിക്കുന്നതാണെങ്കിലും മനുഷ്യൻ്റെ പരിസരത്ത് നടക്കുന്നതെല്ലാം അവനോടുള്ള ദൈവത്തിൻ്റെ സംസാരങ്ങളാണ് എന്നാണ് വിശ്വാസികളുടെ പക്ഷം. അതിനാൽ അത്തരത്തിൽ കൂടി ഒന്നു ഇറങ്ങി ചിന്തിക്കുവാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അവരെ ചിന്തിപ്പിക്കേണ്ട വിഷയം ഈ സംഹാര രൗദ്രവം നടത്തിയിരിക്കുന്നത് വെള്ളമാണ് എന്ന വസ്തുതയാണ്. നാം കുടിക്കുകയും കുളിക്കുകയും കഴുകുകയും നമ്മെ തലോടി ഒഴുകുകയും ചെയ്യുന്ന വെറും പച്ചവെള്ളം. പക്ഷേ, അതും സൃഷ്ടാവിന്റെ സൃഷ്ടിയാണ്. സൃഷ്ടാവിന് അതിനെയും എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഇവിടെ അവൻ ജനജീവിതം രക്ഷിക്കാനുള്ള പ്രധാന ഉപാധിയായ വെള്ളത്തെ അതേ ജന ജീവിതങ്ങളെ പരീക്ഷിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു. ഇത് അവൻ്റെ പരമാധികാരവും തീരുമാനവും ആണ്. അതു വരുമ്പോൾ ആർക്കും ഒന്നിനും തടയാനാവില്ല. അവൻ്റെ തീരുമാനത്തിന്റെ മുൻപിൽ ശാസ്ത്രവും സാങ്കേതികതയും ഉപയോഗിച്ച് നാം കണ്ടെത്തുന്ന എല്ലാ സംവിധാനങ്ങളും ഏറെ അനിവാര്യമായ സമയത്തെങ്കിലും നിഷ്ഫലമായി പോകുന്നതു നാം കാണുന്നുണ്ടല്ലോ. ഇത്തരത്തിലുള്ള രൗദ്ര സന്ദേശങ്ങൾ അവൻ ജനപദങ്ങൾക്ക് ഇടയ്ക്കിടെ നൽകുന്നത് തന്നെയാണ്. ആദ്യമായിട്ടല്ല ഇതൊന്നും സംഭവിക്കുന്നത്. സ്വവർഗ രതിക്കാരായിരുന്ന സദൂമിയൻ ജനതയെ അല്ലാഹു നശിപ്പിച്ചത് അവരുടെ നാടിനെ കീഴ്മേൽ മറിച്ചിട്ട് ആയിരുന്നു. അത് അല്ലാഹു ഇങ്ങനെ ഓർമിപ്പിക്കുന്നു: 'അങ്ങനെ നമ്മുടെ ഉന്‍മൂലനോത്തരവ് വന്നപ്പോള്‍ ആ നാട് നാം കീഴ്‌മേല്‍ മറിച്ചിടുകയും, അഗ്നിയില്‍ ചുട്ടെടുത്തതും രക്ഷിതാവിങ്കല്‍ അടയാളപ്പെടുത്തപ്പെട്ടതുമായ നിരനിരയായ കല്ലുകള്‍ അവര്‍ക്കുമീതെ വര്‍ഷിക്കുകയുമുണ്ടായി' (ഹൂദ്: 82). അത് കല്ലുമഴ പെയ്യിച്ചു കൊണ്ടായിരുന്നു. ഇവിടെയും ഭൂമി കീഴ്മേൽമറിച്ചിട്ടിരിക്കുക തന്നെയാണല്ലോ. പ്രകൃതിദുരന്തങ്ങളെല്ലാം ദൈവീക ശിക്ഷകളാണ് എന്നു പറയുകയല്ല ചെയ്യുന്നത്. മറിച്ച് അവ ദൈവീക സന്ദേശങ്ങളാണ്. അവൻ അവ വഴി സന്ദേശം നൽകുന്നത് ജനങ്ങളെ കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ അല്ല. മറിച്ച്, അവർക്ക് വഴി തെറ്റിയിട്ടുണ്ടെങ്കിൽ തിരിച്ചുവരാനുള്ള അവസരം ഒരുക്കുവാൻ വേണ്ടിയാണ്. അവൻ അളവറ്റ ദയാപരനും കരുണാവാരിധിയുമാണ്.
വെള്ളത്തിൻ്റെ രൗദ്രത ചരിത്രത്തിൽ ഏറെ കാണപ്പെട്ട രംഗം മഹാപ്രളയം തന്നെയാണ്. എല്ലാ വിശ്വാസങ്ങളിലും സ്ഥാനം പിടിച്ച ഒരു മഹാ ചരിത്രമാണ് പ്രളയത്തിന്റേത്. അന്ന് ആ പ്രളയത്തിനു കാരണമായ വെള്ളം കാണിച്ച രൗദ്രത വിശുദ്ധ ഖുർആനിൽ അല്ലാഹു എല്ലാ കാലത്തിനും ചിന്തിക്കുവാൻ വേണ്ടി കുറിച്ചുവെച്ചിട്ടുണ്ട്. ഖുർആൻ പറയുന്നു: 'തത്സമയമദ്ധേഹം (നൂഹ് നബി) തന്റെ നാഥനെ വിളിച്ച് ഞാന്‍ കീഴ്‌പെടുത്തപ്പെട്ടതിനാല്‍ എന്നെ സഹായിക്കേണമേ എന്നു കേണപേക്ഷിക്കുകയും, കുത്തിച്ചൊരിയുന്ന വെള്ളവുമായി വാനകവാടങ്ങള്‍ നാം തുറക്കുകയും ഭൂമിയില്‍ ഉറവകളൊഴുക്കുകയുമുണ്ടായി. അങ്ങനെ നിശ്ചയിക്കപ്പെട്ട ഒരു ഗുരുതര വിഷയത്തിനായി ആ ജലം സംഗമിക്കുകയും നമ്മുടെ ദൃഷ്ടിപഥത്തില്‍ സഞ്ചരിക്കുന്നതും പലകകളും ആണികളുമുള്ളതുമായ ഒരു ജലയാനത്തില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. ആ പ്രളയമഹാസംഭവം ഒരു ദൃഷ്ടാന്തമായി നാമവശേഷിപ്പിച്ചു; എന്നാല്‍ ചിന്തിച്ചു ഗ്രഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ? (അൽ ഖമർ:11-15). ഈ പ്രളയത്തിനു വേണ്ടി ജലം സംഗമിച്ച രീതി ഇപ്പോൾ നമ്മുടെ ചർച്ചയിലും പ്രസക്തമാണ്. ആകാശത്തിൽ നിന്ന് മഴയായി വെള്ളത്തിൻ്റെ ഷട്ടറുകൾ അല്ലാഹു തുറന്നിട്ടു. ഭൂമിയിൽ നിന്ന് തിളച്ചു വരുന്ന ഉറവകളുടെ ധാരകളും തുറന്നുവിട്ടു. മുകളിൽ നിന്നും താഴെ നിന്നും ഉള്ള രണ്ടു ജലവും ആ ജനതയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പരസ്പരം സംഗമിച്ചു. ഈ മൂന്ന് കാര്യങ്ങളാണ് മഹാപ്രളയമായി പരിണമിച്ചത്. ഈ വിധം തന്നെയാണ് ഇപ്പോഴും പ്രളയങ്ങൾ ഉണ്ടാകുന്നത്. ആകാശത്തുനിന്നുള്ള മഴ അനിയന്ത്രിതമാകുമ്പോൾ ഭൂമിയിൽ നിന്നുള്ള ഉറവ ഉണരുന്നു. രണ്ടും കൂടി ഒരേ ബിന്ദുവിൽ കണ്ടുമുട്ടുമ്പോൾ അതു പ്രളയമായി ഭവിക്കുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നും അല്ലാഹു തന്നെ വിശദീകരിക്കുന്നു: 'ഭൂമീ! നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു' (11:44). എല്ലാം സൃഷ്ടാവിന്റെ പരീക്ഷണ രീതികൾ ആണ് എന്നു പറഞ്ഞു വന്ന നാം, അതിനെ അതിജീവിക്കുവാനും അതിജയിക്കുവാനും എന്താണ് മാർഗം എന്നതുകൂടി ഈ സൂക്തത്തിൽ നിന്നും മനസ്സിലാക്കുന്നു. അത് അല്ലാഹുവിലേക്ക് തന്നെ ഖേദപൂർവ്വം മടങ്ങുകയും അതു ബോധിച്ചു അവൻ രക്ഷപ്പെടുത്തുകയും ചെയ്യുകയല്ലാതെ ആത്യന്തികമായി മറ്റൊരു മാർഗ്ഗവുമില്ല. അതിനാൽ ദുരന്തങ്ങൾക്കു മുമ്പിൽ നാം വെറും അടിമകൾ മാത്രമാണ് എന്ന് തിരിച്ചറിയുകയും സൃഷ്ടാവിന്റെ മുൻപിൽ വിനയപൂർവ്വം അത് ബോധിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുകയാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത് എന്ന് വിശ്വാസികൾ കരുതുന്നു.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso