Thoughts & Arts
Image

ദുരന്തത്തിലെ ദുരന്തങ്ങൾ

07-08-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി




ഈ ദുരന്തത്തെയും നാം അതിജയിക്കും എന്ന് നമ്മളടക്കം പലരും അന്ന് പറഞ്ഞിരുന്നു എന്നത് നേരാണ്. അത്തരം ഒരു ഘട്ടത്തിൽ പറയാവുന്നതും പകരാവുന്നതുമായ ഏറ്റവും നല്ല ഒരു സാന്ത്വന വാചകം ആണ് അത്. പക്ഷേ അത് പുലരുക പ്രയാസമാണ്. ഒന്നു ഇളകുവാനോ ഓടുവാനോ ഉറക്കെ കരയുവാൻ പോലുമോ കഴിയാത്ത വിധത്തിൽ ഉറങ്ങിക്കിടക്കവെ മണ്ണിന്റെയും കല്ലിന്റെയും മരങ്ങളുടെയും പുതിയ ഒരു ഭൂപ്പാളി ജീവനുകൾക്കുമേൽ കടന്നു കയറിയ വയനാട് ദുരന്തത്തിൽ നാനൂറോളം പേരെ നാം തിരിച്ചറിഞ്ഞു മറവു ചെയ്തു കഴിഞ്ഞു. 400 കുടുംബങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ആശകളും അതോടൊപ്പം മണ്ണിനടിയിലായി. അതിനേക്കാൾ വലിയ സങ്കടമാണ് തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 159 ശാരീരിക അവശിഷ്ടങ്ങളും ഇതിനകം നാം മറവ് ചെയ്തു എന്നത്. ഇനിയും അത് തുടരുകയും ചെയ്യും. ഡി എൻ എ പരിശോധനകൾക്കായി ശേഖരിച്ച സാമ്പിളുകളിലും അവർക്കായി അവസാനം നൽകിയ പ്രാർഥനകളിലും ചെയ്യാവുന്നതെല്ലാം നാം ചെയ്തു എന്ന് ഉത്തമവിശ്വാസത്തിലും മാത്രം ആശ്വാസം കണ്ടെത്തുകയാണ് നാം. വേദനിപ്പിക്കുന്ന ഈ ഓർമ്മകൾ ഒരിക്കലും നമ്മെ അടുത്തെങ്ങും വിട്ടു പോകില്ല എന്ന് ചുരുക്കം. ഇതു ദുരന്തത്തിന്റെ കാര്യം. ഖേദകരമെന്നു പറയട്ടെ, ദുരന്തത്തിന്റെ ഉള്ളിൽ വേറെയും കുറെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അവയും നമ്മെ വേദനിപ്പിക്കുന്നു എന്നു മാത്രമല്ല അവയും നമ്മെ പെട്ടന്ന് വിട്ടുപോകുമെന്ന് തോന്നുന്നില്ല. അവയിൽ ഏതാണ് കൂടുതൽ വേദനിപ്പിച്ചത് എന്ന് ചോദിച്ചാൽ അതങ്ങനെ കൃത്യമായ പറയാൻ കഴിയില്ല. കാരണം അവ കുറെയധികം ഉണ്ട്. സോഷ്യൽ മീഡിയയുടെ കമൻ്റ് ബോക്സുകളിലാണ് പ്രധാനമായും ഇവ വിസർജ്ജിച്ചു തുടങ്ങിയത്. പിന്നെ അത് ചിലപ്പോഴൊക്കെ മറനീക്കി പുറത്തുവരികയും ചെയ്തു. അതും സോഷ്യൽ മീഡിയയിലൂടെയായിരുന്നു. അവിടെ ആർക്കും നിയന്ത്രണങ്ങൾ ഒന്നും ഇല്ലല്ലോ. എന്നിരുന്നാലും ഏറ്റവും കൂടുതൽ നമ്മെ വേദനിപ്പിക്കുന്നത് നമ്മുടെ കേരളം ഇതിനകം ഉണ്ടാക്കിയെടുത്ത നവ്യവും മാന്യവുമായ ഒരു സംസ്കാരത്തെ കടന്നാക്രമിക്കുന്നത് തന്നെയാണ്. നാളിതുവരെ നമ്മുടെ നാട് കണ്ട എല്ലാ ദുരന്തങ്ങളുടെയും മുമ്പിൽ മതവും രാഷ്ട്രീയവും വർണ്ണവും വർഗ്ഗവും എല്ലാം അഴിച്ചുവെച്ച് മനുഷ്യത്വം എന്ന ജാക്കറ്റ് അണിഞ്ഞ് ദുരന്തഭൂമികളിൽ എല്ലാം മറന്ന് സ്വയം സമർപ്പിക്കുന്ന നമ്മുടെ സ്വന്തം സംസ്കാരത്തിനെതിരെ ചൂണ്ടിയ വിരലുകളും കോട്ടിപ്പിടിച്ച ചിരികളും നമ്മെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്.



ഈ സാമൂഹ്യ ദുരന്തങ്ങൾ ഉണ്ടാക്കിയ ദുരന്തങ്ങൾ ലക്ഷ്യത്തിലും ഉള്ളടക്കത്തിലും പൊതുവെ സാമ്യതയുള്ളതാണ്. അതിനാൽ നമുക്ക് വിഷയം പഠിക്കാനും പറയാനും മനസ്സിൽ വെക്കാനും എളുപ്പമായി. പ്രധാനമായും രണ്ട് വിധം ധ്വനികളിലാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഒന്ന് വർഗ്ഗീയതയുടെയും മറ്റൊന്ന് നാസ്തികതയുടെയും. ദുരന്തത്തിനിടയിൽ വർഗീയത കളിച്ചവരിൽ പച്ചയിൽ പറഞ്ഞവരും വളച്ചുകെട്ടി പറഞ്ഞവരും ഉണ്ട്. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചില ചാനലുകളും വലിയ സൈദ്ധാന്തികനായി ഏതോ സിംഹാസനത്തിൽ അവരോധിച്ച ഒരു അന്ധവിരോധിയായ ഒരാളാണ് കാര്യമായി പച്ചയ്ക്ക് പറഞ്ഞത്. സന്നദ്ധപ്രവർത്തകരുടെ ചടുലതയും കാര്യക്ഷമതയും കണ്ട് എന്തൊക്കെയോ ക്രെഡിറ്റുകൾ ഇവരെല്ലാം വാരിക്കൂട്ടുമോ എന്ന വിറളിപൂണ്ട ചില ഔദ്യോഗിക ദുരന്തങ്ങൾ സമാന മനസ്ഥിതിയിൽ ചെയ്തുനോക്കാവുന്ന അത്ര ചെയ്തു. പക്ഷേ പ്രബുദ്ധ കേരളം അതിനെ വിചാരണ ചെയ്തു തള്ളിക്കളഞ്ഞു. നമ്മൾ ഇതുവരെയും അങ്ങനെ ചിന്തിക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ഈ രോഗികൾ അങ്ങനെയാണ് കാര്യങ്ങളെ കാണുന്നത്. അവർ ദുരന്തത്തിനിടയിൽ ഏറ്റവും ഭയപ്പെട്ടത് തങ്ങൾക്കിഷ്ടമില്ലാത്ത മതക്കാരോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ ക്രെഡിറ്റ് സ്വന്തമാക്കുമോ എന്നതാണ്. മനുഷ്യത്വം കയ്യിൽ തന്നെയുള്ള സന്നദ്ധ പ്രവർത്തകർ പക്ഷേ തങ്ങളുടെ സേവനത്തിന്റെ ഒരു അണുവിലും അത്തരം ഒരു ചിന്തയിലേക്ക് പോയില്ല. തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളിൽ നിന്ന് പരസ്പരം പോരടിക്കുന്നവർ, പ്രസ്ഥാനങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് അങ്കം വെട്ടുന്നവർ, ഒരിക്കലും ഒന്നിച്ചു പോകുകയില്ല എന്ന് നാം കരുതുന്ന മറ്റുചിലർ.. അവരൊന്നും ഇതാരുണ്ടാക്കിയ ഭക്ഷണമാണ് എന്നോ ആരുടെ പണം കൊണ്ടുണ്ടാക്കിയതാണ് എന്നോ കഴിഞ്ഞ 9 ദിവസമായിട്ട് നോക്കുന്നേയില്ല. അവർ ജാഗ്രത പുലർത്തുന്നത് ഇനി ഏതെങ്കിലും മനുഷ്യശരീരത്തെയോ അവയവത്തെയോ ബഹുമാനപൂർവ്വം സംസ്കരിക്കാൻ കഴിയുമോ എന്നതു മാത്രമാണ്. അത്രയും നിഷ്കളങ്കമായ ഒരു സാംസ്കാരികതയെയാണ് ഈ ചെറിയ മനസ്സും ബുദ്ധിയും ഉള്ളവർ കടന്നാക്രമിച്ചിരിക്കുന്നത്. ഇങ്ങനെ നിരൂപണം ചെയ്യുമ്പോൾ അവർ പറയുക ഞങ്ങളും കളത്തിൽ ഉണ്ടായിരുന്നു എന്നാണ്. ഉണ്ടായിരുന്നിരിക്കാം. പക്ഷേ അവരുടെ ഉള്ളിലുള്ളതും പുറത്തുള്ളതും രണ്ടായിരുന്നു. ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും അല്ലെങ്കിൽ പുറത്ത് ഒന്നും ഉള്ളിൽ മറ്റൊന്നും വെച്ച് നടക്കുന്ന ഇവരെയാണ് മനുഷ്യക്കുലം ഏറ്റവും അധികം ഭയപ്പെടേണ്ടത്. ഈ വിഷയം താത്വികമായി വിശകലനം ചെയ്തു മനുഷ്യനെ തര്യപ്പെടുത്തിയ പ്രമാണമാണ് പരിശുദ്ധ ഖുർആൻ.



ഇസ്ലാമിക സംഹിതക്കുള്ളിൽ ഇവർ മുനാഫിഖുകൾ - കപടൻമാർ - എന്നാണ് വ്യവഹരിക്കപ്പെടുന്നത്. അവിടെ അതിന് വിശാലമായ അർത്ഥവും മേഖലയും എല്ലാം ഉണ്ട്. പക്ഷേ, ഖുർആൻ ഇവരെ പരിചയപ്പെടുത്തുന്നിടത്ത് മതേതരമായ ചില അടയാളങ്ങൾ പറയുന്നത് നമ്മുടെ ഈ ചർച്ചയിൽ പ്രസക്തമാണ്. ഒരിടത്ത് അള്ളാഹു ഇത്തരം സ്വഭാവത്തെ രോഗം എന്നാണ് വിളിക്കുന്നത് (അൽ ബഖറ: 10, അഹ്സാബ്: 32). ഈ രോഗം നേരിട്ട് ബാധിക്കുക മനുഷ്യത്വത്തെയാണ്. കാരണം മനുഷ്യൻ എന്നത് ശരീരവും മനസ്സും സമജ്ജസമായി ചേർന്നു നിൽക്കുന്നതാണ്. കപടന്മാർക്ക് ഈ ചേർച്ച ഇല്ല. അതുകൊണ്ട് അവരുടെ അസ്ഥിത്വവും വ്യക്തിത്വവും എപ്പോഴും അപകടപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെ വിസർജിക്കുന്നവരാരും സമൂഹത്തിലെ ഒരു മാന്യമായ സ്ഥാനത്തും എത്തിച്ചേരാത്തത്. ഈച്ചകളെ പോലെ വ്രണങ്ങളിൽ നിന്ന് വ്രണങ്ങളിലേക്ക് പറന്നും തിരിച്ചു പറന്നും അവസാനിക്കാനാണ് അവരുടെ വിധി. ഖുർആൻ പറയുന്ന രണ്ടാമത്തെ അവരുടെ പ്രത്യേകത അസഹനീയമായ അഹങ്കാരമാണ് (അൽ മുനാഫിഖൂൻ: 5). ക്ഷിപ്രകോപിക്കും അഹങ്കാരിക്കും ബുദ്ധിപരമായ വികാസം ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി തന്നെ സ്ഥാപിക്കപ്പെട്ട വസ്തുതയാണ്. കാരണം കോപത്തിലേക്കും അഹങ്കാരത്തിലേക്കും അവരെ നയിക്കുന്നത് അവരുടെ ചിലരോടുള്ള വെറുപ്പിന്റെയും ചിലരോടുള്ള രണ്ടാം കണ്ണിൻ്റെയും വികാരങ്ങളാണ്. വികാരങ്ങൾ മുന്നിൽ കടന്നാൽ അഥവാ തികട്ടി വന്ന് മേൽകൈ നേടിയാൽ ബുദ്ധി ഉപയോഗശൂന്യമായി തീരുന്നു എന്നതാണ് അതിൻ്റെ കാരണമായി വിശദീകരിക്കപ്പെടുന്നത്. ഇത്തരം മനസ്സുമായി നടക്കുന്നവർ പ്രബുദ്ധരുള്ള ഒരു നാട്ടിൽ പച്ചപിടിക്കാത്തതും വളരാത്തതും എന്തുകൊണ്ടാണ് എന്നതിന് കൂടി നമുക്കിവിടെ ഉത്തരം കണ്ടെത്താൻ കഴിയും.



രണ്ടാമത്തവർക്ക് ദൈവത്തോടുള്ള കലിപ്പാണ്. ദുരന്തത്തിൽ ദൈവം ഒന്നും ചെയ്യാതെ നോക്കി നിന്നു എന്നതാണ് അവരുടെ പരാതി. അത് പറഞ്ഞ് ദൈവം എന്ന ഒന്നില്ല എന്ന് സ്ഥാപിക്കാനുള്ള പെടാപ്പാടിലാണ് അവർ. പക്ഷേ അവരെ അതേ ആവനാഴിയിൽ നിന്നുള്ള അമ്പുകൾ തന്നെ വേട്ടയാടുകയാണ്. ദുരന്തത്തിൽ പെട്ടവരെ ദുരന്തത്തിന് വിട്ടു കൊടുത്തത് ക്രൂരനായ ദൈവമാണ് എന്ന് അവർ വാദിച്ച് ഉരുട്ടി കയറ്റുമ്പോഴേക്കും, എങ്കിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ആരാണ് രക്ഷപ്പെടുത്തിയത് എന്നോ, എന്തുകൊണ്ട് അവിടെ അല്ലാതെ മറ്റ് എവിടെയും ദുരന്തം ഉണ്ടായില്ല എന്നോ ചോദിക്കുമ്പോൾ അവർ താത്വികമായി പിറുപിറുത്ത് പിൻമാറേണ്ടി വരികയാണ്. ഇവർക്ക് ഇനിയും ദൈവം എന്ന ആശയം മനസ്സിലായില്ല എന്നതാണ് നമ്മെ ഏറെ സങ്കടപ്പെടുത്തുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി കർത്താവ് അല്ലാഹുവാണ്. അവനാണ് എല്ലാം പടച്ചതും എല്ലാം നിയന്ത്രിക്കുന്നതും. അവന്റെ അറിവോടുകൂടിയാണ് എല്ലാം ഉണ്ടാകുന്നതും. പക്ഷേ അവൻ ഈ പ്രപഞ്ചത്തിലെ ഭൂമി എന്ന ഗ്രഹത്തിലെ മനുഷ്യൻ എന്ന ജീവിയുടെ കാര്യത്തിൽ ഒരു പ്രത്യേക നയമാണ് പിന്തുടരുന്നത്. അത് അവനെ അവന്റെ സ്വാതന്ത്ര്യത്തിന് വിട്ടിരിക്കുന്നു എന്നതാണ്. അങ്ങനെ വിടുമ്പോഴും അവനോട് നല്ലതും അല്ലാത്തതും അവൻ പറഞ്ഞു കൊടുക്കുന്നുണ്ട്. അത് അവൻ്റെ ഒരു കാരുണ്യമാണ്. എന്നിട്ട് പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളെയും വിവിധ കാര്യകാരണങ്ങളുമായി അവൻ കൂട്ടിക്കെട്ടിയിരിക്കുകയാണ്. ഒന്നുണ്ടായാൽ മറ്റൊന്നുണ്ടാകും, അതുണ്ടായില്ലെങ്കിൽ ഇതുമുണ്ടാവില്ല എന്ന ക്രമത്തിൽ. അങ്ങനെ ക്രമീകരിച്ച് സൃഷ്ടാവ് മാറിയിരിക്കുകയാണ് എന്ന് ഇതിന് അർത്ഥമില്ല. മറിച്ച് അങ്ങനെയൊക്കെയാണെങ്കിൽ തന്നെയും അതോടൊപ്പം അവൻ്റെ പരമാധികാരം, വിവേചനാധികാരം തുടങ്ങിയ അധികാര പരധികൾ നിലനിൽക്കുന്നുമുണ്ട്. അവയുടെ മുമ്പിൽ അടിമകൾ വിശ്വാസപൂർവ്വം ഓച്ഛാനിച്ചു നിൽക്കേണ്ടിവരും. അതാണ് വിശ്വാസവും കർമ്മവുമെല്ലാം. ചുരുക്കത്തിൽ ഉരുൾപൊട്ടാതിരിക്കാൻ വേണ്ട കാര്യകാരണങ്ങൾ അല്ലാഹു പ്രകൃത്യാ ചെയ്തുവെച്ചിട്ടുണ്ട്. അതുകൊണ്ട് പക്ഷെ പൊട്ടണമെന്നോ പൊട്ടില്ല എന്നോ പറയാനാവില്ല. കാരണം അതിനെല്ലാം ഉപരിയായി അല്ലാഹുവിൻ്റെ പരമാധികാരം, വിവേചനാധികാരം എന്നിവ നിലനിൽക്കുന്നുണ്ട്. അതിനനുസരിച്ചാണ് എല്ലാം ഉണ്ടാകുന്നതും ഉണ്ടാവാതിരിക്കുന്നതും എന്ന് വിശ്വസിക്കാൻ കഴിഞ്ഞാൽ ഈ തലവേദന മാറും.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso