ഇരകൾക്കിടയിൽ ഇര പിടിക്കാൻ വന്നവർ
13-08-2024
Web Design
15 Comments
ടി മുഹമ്മദ്
സുബൈദ റസാക്ക്. ഭാഗ്യവശാൽ സുബൈദയുടെ വീട് ഉരുൾപൊട്ടി ഭീമൻ കല്ലുകളും മരങ്ങളും ഒന്നാകെ കടപുഴകി വന്ന് താഴേക്ക് പതിച്ച ചരിവിന്റെ മേലേ ഭാഗത്തായിരുന്നു. ഭീമാകാരമായ ശബ്ദത്തോടു കൂടി പുതിയ ഭൂമി ഒലിച്ചിറങ്ങി വരുന്നത് അറിയാൻ പക്ഷെ സുബൈദക്ക് ഭാഗ്യമുണ്ടായി. ദുരന്തത്തിന്റെ മുൻപിലേക്ക് ചാടി ഇറങ്ങിയ സുബൈദ തന്നെയും കണ്ണിൽ കണ്ടവരെയുമെല്ലാം ഉയരത്തിലുള്ള സ്ഥലങ്ങളിലേക്കും മദ്രസയിലേക്കും വേഗം വേഗം മാറ്റുകയായിരുന്നു. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടയാള്‍ കൂടിയാണ് അവൾ. അവളുടെ ബന്ധുമിത്രാദികളില്‍ പലരും ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടിരുന്നു. അതിന്റെയൊക്കെ വെപ്രാളത്തിലും പക്ഷേ സുബൈദ പരിസരം മറന്നു രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിക്കാൻ ആണിനോളം പോന്ന ഒരു പെണ്ണായി മാറി. ചടുലമായി രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തുന്നതിനിടെയാണ് താഴെ കല്ലുകള്‍ക്കും ചെളിക്കുമിടയില്‍ അവൾ എന്തോ അനങ്ങുന്നത് കണ്ടത്. ഓടിച്ചെന്ന് നോക്കുമ്പോൾ ശരീരം ഏതാണ്ട് നിശ്ചലമായ പെണ്‍കുഞ്ഞ്. ഉടലും മുഖവും അവളേക്കാൾ ഉയരത്തിൽ കൂടിക്കിടക്കുന്ന ചെളിയിൽ മുങ്ങിയിരിക്കുകയാണ്. അതിനിടയിൽ നിന്ന് അവസാന ശ്വാസങ്ങൾ വലിച്ചെടുക്കാൻ ആ കുരുന്ന് സാഹസപ്പെടുന്ന കാഴ്ചയാണ് സുബൈദ കണ്ടത്. വെറും ഒരു ആശാവർക്കർ ആയ സുബൈദ അവിടെ എമർജൻസി മെഡിസിനിൽ ബിരുദവും അനന്തര ബിരുദവും നേടിയ ഒരാളെപ്പോലെ ആ പെൺകുട്ടിയുടെ വായില്‍നിന്നും ശ്വാസകോശത്തില്‍നിന്നും ചെളി വലിച്ചെടുത്ത് കളഞ്ഞ് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ആ മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സുബൈദ പൊരുതി വിജയിപ്പിച്ചെടുത്തു. ദുരന്തം വിതച്ച വയനാട്ടിലെ ദുരന്ത ഭൂമിയിലെ ഒരൊറ്റ ക്ലിക്ക് ആണ് ഇത്. മറ്റൊരു ഫ്രെയിമിൽ ഇസ്ഹാക്ക് എന്ന ബാലനാണ്. അവൻ സേവന സന്നദ്ധ പ്രവർത്തകന്മാർക്കിടയിൽ രണ്ടുപേരുടെ പോലെ ഒറ്റക്കുള്ള തിരച്ചിലിലാണ്. ബാല്യം കടന്നിട്ടില്ലാത്ത അവൻ തിരയുന്നത് ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ട സ്വന്തം പിതാവിനെയും സ്വന്തം ചോരകളെയുമാണ്. അവൻ ഏതെങ്കിലും ഒരു മൂലയിൽ ഇരുന്ന് ഏങ്ങിക്കരയും എന്നാണ് നാം കണക്ക് കൂട്ടിയത്. പക്ഷേ ആ കുട്ടിയുടെ മനസ്സിനെ പോലും വലിച്ച് എഴുന്നേൽപ്പിച്ച് സന്നദ്ധ സേവകൻ ആക്കാൻ മാത്രം വലിയ ദുരന്തത്തിന്റെ തേർവാഴ്ചയായിരുന്നു വയനാട്ടിൽ ഉണ്ടായത്.
വയനാട് ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തത് 18,000 വോളണ്ടിയർമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞത്.750 മുതല്‍ 1000 വരെ വോളണ്ടിയര്‍മാരാണ് ഒരു ദിവസം തെരച്ചിലിന് ഇറങ്ങുന്നത്. ഇത് ഗവൺമെന്റിന്റെ രേഖകളിൽ ഉള്ള കണക്ക് ശരിക്കും ദുരന്ത ഭൂമിയിലുള്ള സേവക സാന്നിധ്യത്തിന് കണക്ക് ഇതിൻ്റെ ഇരട്ടിയെങ്കിലും വരും എന്ന് അവിടം കണ്ടവർക്കെല്ലാം അറിയാം. അത്രയും വലിയ സഹായഹസ്തങ്ങളാണ് ഈ ദുരന്തത്തിന്റെ ഇരകൾക്ക് നേരെ കാരുണ്യത്തോടെ നീണ്ടുവന്നത് അവരിൽ പലരും ഇപ്പോഴും അതിസാഹസികമായി മനുഷ്യൻറെ ജഡങ്ങൾ തൂങ്ങിക്കിടക്കുന്ന ഇടങ്ങളിലൂടെ മുങ്ങിത്തപ്പി കൊണ്ടേയിരിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെ ഇത്രമേൽ വികാര വിവശവും ജാഗ്രവത്തും ആകുവാൻ ഉള്ള കാരണം ഈ ദുരന്തത്തിൻ്റെ ആഘാതം തന്നെയാണ്. ഒന്നു ഇളകുവാനോ ഓടുവാനോ ഉറക്കെ കരയുവാൻ പോലുമോ കഴിയാത്ത വിധത്തിൽ ഉറങ്ങിക്കിടക്കവെ മണ്ണിന്റെയും കല്ലിന്റെയും മരങ്ങളുടെയും പുതിയ ഒരു ഭൂപ്പാളി ജീവനുകൾക്കുമേൽ കടന്നു കയറുകയായിരുന്നു. ഈ ദുരന്തത്തിൽ ഇതിനകം നാനൂറിലധികം പേരെ തിരിച്ചറിഞ്ഞു മറവു ചെയ്തു കഴിഞ്ഞു. അത്രയും കുടുംബങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ആശകളും അതോടൊപ്പം മണ്ണിനടിയിലായി. അതിനേക്കാൾ വലിയ സങ്കടമാണ് തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 159 ശാരീരിക അവശിഷ്ടങ്ങളും ഇതിനകം നാം മറവ് ചെയ്തു എന്നത്. ഇപ്പോഴും ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുകയാണ്. ഡി എൻ എ പരിശോധനകൾക്കായി ശേഖരിച്ച സാമ്പിളുകളിലും അവർക്കായി അവസാനം നൽകിയ പ്രാർഥനകളിലും ചെയ്യാവുന്നതെല്ലാം നാം ചെയ്തു എന്ന് ഉത്തമവിശ്വാസത്തിലും മാത്രം ആശ്വാസം കണ്ടെത്തുകയാണ് നാം. വേദനിപ്പിക്കുന്ന ഈ ഓർമ്മകൾ ഒരിക്കലും നമ്മെ അടുത്തെങ്ങും വിട്ടു പോകില്ല എന്ന് ചുരുക്കം. ഇതു ദുരന്തത്തിന്റെ കാര്യം. ഖേദകരമെന്നു പറയട്ടെ, ദുരന്തത്തിന്റെ ഉള്ളിൽ വേറെയും കുറെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അവയും നമ്മെ വേദനിപ്പിക്കുന്നു എന്നു മാത്രമല്ല അവയും നമ്മെ പെട്ടന്ന് വിട്ടുപോകുമെന്ന് തോന്നുന്നില്ല.
അവയിൽ ഏതാണ് കൂടുതൽ വേദനിപ്പിച്ചത് എന്ന് ചോദിച്ചാൽ അതങ്ങനെ കൃത്യമായ പറയാൻ കഴിയില്ല. കാരണം അവ കുറെയധികം ഉണ്ട്. സോഷ്യൽ മീഡിയയുടെ കമൻ്റ് ബോക്സുകളിലാണ് പ്രധാനമായും ഇവ വിസർജ്ജിച്ചു തുടങ്ങിയത്. പിന്നെ അത് ചിലപ്പോഴൊക്കെ മറനീക്കി പുറത്തുവരികയും ചെയ്തു. അതും സോഷ്യൽ മീഡിയയിലൂടെയായിരുന്നു. അവിടെ ആർക്കും നിയന്ത്രണങ്ങൾ ഒന്നും ഇല്ലല്ലോ. എന്നിരുന്നാലും ഏറ്റവും കൂടുതൽ നമ്മെ വേദനിപ്പിക്കുന്നത് നമ്മുടെ കേരളം ഇതിനകം ഉണ്ടാക്കിയെടുത്ത നവ്യവും മാന്യവുമായ ഒരു സംസ്കാരത്തെ കടന്നാക്രമിച്ചത് തന്നെയാണ്. നാളിതുവരെ നമ്മുടെ നാട് കണ്ട എല്ലാ ദുരന്തങ്ങളുടെയും മുമ്പിൽ മതവും രാഷ്ട്രീയവും വർണ്ണവും വർഗ്ഗവും എല്ലാം അഴിച്ചുവെച്ച് മനുഷ്യത്വം എന്ന ജാക്കറ്റ് അണിഞ്ഞ് ദുരന്തഭൂമികളിൽ എല്ലാം മറന്ന് സ്വയം സമർപ്പിക്കുന്ന നമ്മുടെ സ്വന്തം സംസ്കാരത്തിനെതിരെ ചൂണ്ടിയ വിരലുകളും കോട്ടിപ്പിടിച്ച ചിരികളും നമ്മെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. അവരെ എത്ര പ്രാകിയാലും ശപിച്ചാലും നമ്മുടെ മനസ്സിന് സംതൃപ്തി വരില്ല. കാരണം, നൂറ്റാണ്ടുകളായി എന്നു പറയാം നാം പടുത്തുയർത്തിക്കൊണ്ടുവന്ന മഹത്തായ മാനുഷികതയാണ് അത്. കേരളം കണ്ട ഒരു ദുരന്തത്തിന്റെ മുമ്പിലും പ്രളയത്തിന്റെ മുമ്പിലും അപകടത്തിന്റെ മുമ്പിലും മറ്റൊന്ന് ചിന്തിച്ചു നിന്നിട്ടില്ല നമ്മുടെ കേരളം. കരിപ്പൂരിൽ വിമാന ദുരന്തം ഉണ്ടായത് കോവിഡ് പ്രോട്ടോകോൾ ശക്തമായി നിലനിൽക്കുന്ന സമയത്തായിരുന്നു. ഒരാൾക്ക് മറ്റൊരാളുടെ അടുത്തേക്ക് അടുക്കുവാനുള്ള പരമാവധി അകലം ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടിരുന്ന കാലം. അത് ലംഘിച്ചാൽ ശിക്ഷയും പിഴയും വാങ്ങേണ്ടി വരുമായിരുന്ന കാലം. പക്ഷേ വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് മനുഷ്യന്റെ ആർത്തനാതങ്ങൾ ഉയർന്നപ്പോൾ മതം, ലിംഗം, രാഷ്ട്രീയം, മാത്രമല്ല കൊറോണ വൈറസ് എന്നിവയെയെല്ലാം എടുത്തെറിഞ്ഞ് അവിടെ സജീവമായ കേരളത്തിൻ്റെ മഹിതമായ സംസ്കാരം അവയിൽ ഒന്നാണ്. അങ്ങനെ നമുക്ക് പറയാനും അഭിമാനിക്കുവാനും ധാരാളമുണ്ട്. അത് ഇങ്ങനെ വളർന്ന് ഇപ്പോൾ ഒരു ശരാശരി കേരളീയന്റെ ശീലവും സംസ്കാരവുമായി മാറിയിരിക്കുന്നു. ഇങ്ങനെ നാം വളർത്തിക്കൊണ്ടുവന്ന ശീലത്തെയും സംസ്കാരത്തെയും യാതൊരു തത്വതീക്ഷയുമില്ലാതെ കടന്നാക്രമിച്ചതിനെ എത്ര ആണ്ട് കഴിഞ്ഞാലും നമുക്ക് ക്ഷമിക്കാൻ കഴിയില്ല.
ഈ സാമൂഹ്യ ദുരന്തങ്ങൾ ഉണ്ടാക്കിയ ദുരന്തങ്ങൾ ലക്ഷ്യത്തിലും ഉള്ളടക്കത്തിലും പൊതുവെ സാമ്യതയുള്ളതാണ്. അതിനാൽ നമുക്ക് വിഷയം പഠിക്കാനും പറയാനും മനസ്സിൽ വെക്കാനും എളുപ്പമായി. പ്രധാനമായും രണ്ട് വിധം ധ്വനികളിലാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഒന്ന് വർഗ്ഗീയതയുടെയും മറ്റൊന്ന് നാസ്തികതയുടെയും. ദുരന്തത്തിനിടയിൽ വർഗീയത കളിച്ചവരിൽ പച്ചയിൽ പറഞ്ഞവരും വളച്ചുകെട്ടി പറഞ്ഞവരും ഉണ്ട്. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചില ചാനലുകളും വലിയ സൈദ്ധാന്തികനായി ഏതോ സിംഹാസനത്തിൽ അവരോധിച്ച ഒരു അന്ധവിരോധിയായ ഒരാളാണ് കാര്യമായി പച്ചയ്ക്ക് പറഞ്ഞത്. വലിയ സൈദ്ധാന്തികനായി പലരും കൊണ്ടാടുന്ന ടി ജി മോഹൻദാസ് എന്ന ഈ കക്ഷി ഇന്നുവരെ പറയുകയോ ഉന്നയിക്കുകയോ സമർഥിക്കുകയോ സ്ഥാപിക്കുകയോ ചെയ്ത ഏതെങ്കിലും ഒരു വിഷയത്തിൽ ബുദ്ധിപരമായ എന്തെങ്കിലും കാമ്പോ കഴമ്പോ ഉണ്ട് എന്ന് ആർക്കും തോന്നിയിട്ടില്ല. അന്ധമായ ഇസ്ലാമിക-മുസ്ലിം വിരോധം മാത്രമാണ് അദ്ദേഹത്തിൻ്റെ ജീവശ്വാസവും. അദ്ദേഹം പേരെടുത്ത് പരാമർശിക്കുകയും പരിഹസിക്കുകയും ചെയ്തതെല്ലാം വെറും ഇസ്ലാമിക ബാനറിൽ സാമൂഹ്യപ്രവർത്തനം ചെയ്യുന്നവരെ മാത്രമായിരുന്നു. സേവന പ്രവർത്തനം ആവശ്യമാണ് എങ്കിലും ഇവരുടെ സേവനം ഒരു മൂല്യവും ഇല്ലാത്തതാണ് എന്നു വരുത്താനുള്ള ഒരു ചൊറിച്ചിൽ മാത്രമായിരുന്നു കക്ഷിയുടെ വിറയുള്ള ഇടപെടലിൻ്റെ ആകെത്തുക. ഇയാളെക്കുറിച്ച് നാം പറഞ്ഞ കാര്യങ്ങൾ സ്ഥാപിക്കുവാൻ ഉദാഹരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ഏറ്റവും അവസാനത്തെ ഒരു ഉദാഹരണം എടുക്കാം. ബംഗ്ലാദേശിൽ ഒരു രാഷ്ട്രീയ പ്രക്ഷോഭം ഉണ്ടായി. ആ പ്രക്ഷോഭത്തിനെ തുടർന്ന് അവിടത്തെ പ്രധാനമന്ത്രി രാജിവെക്കുകയും നാട് വിടുകയും ചെയ്തു. രാജ്യത്തിൻ്റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. പട്ടാളം എത്രയും പെട്ടെന്ന് തന്നെ സ്ഥിതികൾ നിയന്ത്രണ വിധേയമാക്കി. എന്ന് മാത്രമല്ല നൊബേൽ ജേതാവ് ഡോക്ടർ മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെൻറ് സ്ഥാപിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏതൊരു രാജ്യവും ചെയ്യുന്ന കാര്യങ്ങളാണ് ചടുലമായി ബംഗ്ലാദേശിലും നടന്നത്. അവിടത്തെ രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും ഒരിക്കലും നീണ്ടു നിന്നില്ല. അതിവേഗം ആ രാജ്യം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. ഇത് ആ രാജ്യത്തിൻ്റെ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതിയുടെയും ശക്തി വിളിച്ചോതുന്നു.
അയൽവക്കത്തെ സംഭവങ്ങൾ സൗഹാർദമായി സമാപിച്ചതിൽ നമ്മുടെ ഇന്ത്യ രാജ്യം തന്നെ സന്തോഷം രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിൽ പക്ഷേ, കലിപ്പ് മാറാത്ത ഒരേ ഒരു മനുഷ്യനേ ഉള്ളൂ. അത് ടി ജി മോഹൻദാസ് എന്ന നാം പറഞ്ഞു വരുന്ന കക്ഷിയാണ്. അദ്ദേഹം വലിയ വായിൽ ഏതോ മീഡിയക്കാരോട് വിളിച്ചുപറഞ്ഞത് ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുവാൻ പ്രധാനമന്ത്രി ഇടപെടണം എന്നായിരുന്നു. അത് അദ്ദേഹം പറയുമ്പോൾ തന്നെ സോഷ്യൽ മീഡിയയിലും ജനറൽ മീഡിയയിലും ഒന്നാകെ ബംഗ്ലാദേശിലെ മുസ്‌ലിംകൾ കലാപം തുടങ്ങിയതോടുകൂടെ അത് കത്തിക്കയറുന്നു എന്ന് കണ്ടപ്പോൾ സമീപങ്ങളിലുള്ള അമ്പലങ്ങൾക്ക് സുരക്ഷ നൽകി എന്നതായിരുന്നു. പക്ഷേ ഈ കക്ഷി താൻ വിസർജിക്കുന്ന ഇടമല്ലാത്ത മറ്റൊരു ഇടത്തെ വർത്തമാനങ്ങളോ വാർത്തകളോ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല. താൻ പറയുന്നതും അറിയിക്കുന്നതും അല്ലാതെ മറ്റൊരു സത്യം ഉണ്ട് എന്ന് വിശ്വസിക്കാൻ കഴിവുള്ള ഒരാളുമല്ല. അതുകൊണ്ട് അവിടെ ഹിന്ദുക്കൾ എത്രമാത്രം സംരക്ഷിതരാണ് എന്നത് കക്ഷി അറിഞ്ഞില്ല. വേണ്ടവിധം ഗ്രഹിക്കാൻ മാത്രമുള്ള അക്കാദമിക നിലവാരം അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നുമില്ല. അവിടെ അവസാനിച്ചില്ല കക്ഷിയുടെ കലിപ്പ്. ഡോക്ടർ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ താൽക്കാലിക ഗവൺമെൻ്റ് വന്നു എന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ പേരിലെ മുഹമ്മദ് എന്ന പേരിനോടും യൂനുസ് എന്ന പേരിനോടും എല്ലാമുള്ള പക പതഞ്ഞു പൊങ്ങി. അദ്ദേഹം പറഞ്ഞു: ഒരു രാജ്യം ഭരിക്കുവാൻ കഴിവുള്ള ആളല്ല മുഹമ്മദ് യൂനുസ്, അദ്ദേഹം വെറുമൊരു ചിട്ടി കമ്പനി ഉടമയാണ്, സത്യത്തിൽ അയാൾക്ക് നോബേൽ നൽകിയത് നോബേൽ സമിതിയുടെ വലിയ തെറ്റാണ് എന്നെല്ലാം. മുസ്ലിംകളെ ഉത്തരവാദിത്തപ്പെട്ട സ്ഥലങ്ങളിൽ നിന്നെല്ലാം ഒഴിവാക്കുവാൻ ലോകാടിസ്ഥാനത്തിൽ തന്നെ ഒരു ലോബി പ്രവർത്തിക്കുന്നതിനിടയിൽ ഒരു മുസ്ലിമിന് നോബേൽ ലഭിച്ചാൽ അത് അയാൾ അർഹിക്കുന്നത് തന്നെയാണ് എന്നത് ഇന്നത്തെ കാലത്തെ വിലയിരുത്തുന്ന ആർക്കും ബോധ്യപ്പെടും. പക്ഷേ ഈ കക്ഷി അങ്ങനെയൊന്നും ബോധ്യപ്പെടുന്ന തരക്കാരൻ അല്ല. അന്ധമായ മുസ്ലിം വിരോധം മാത്രമാണ് അയാളുടെ അസ്ഥിത്വം. അത് അയാൾ ഇങ്ങനെ ചവച്ചുകൊണ്ടേയിരിക്കുന്നത് ആരുടെയോ ഔദാര്യത്തിന്റെ തണലിൽ ജീവിക്കാൻ വേണ്ടി മാത്രമാണ്.
സന്നദ്ധ പ്രവർത്തകരുടെ ചടുലതയും കാര്യക്ഷമതയും കണ്ട് എന്തൊക്കെയോ ക്രെഡിറ്റുകൾ ഇവരെല്ലാം വാരിക്കൂട്ടുമോ എന്ന വിറളിപൂണ്ട ചില ഔദ്യോഗിക ദുരന്തങ്ങൾ സമാന മനസ്ഥിതിയിൽ ചെയ്തുനോക്കാവുന്ന അത്ര ചെയ്തു. പക്ഷേ പ്രബുദ്ധ കേരളം അതിനെ വിചാരണ ചെയ്തു തള്ളിക്കളഞ്ഞു.നമ്മൾ ഇതുവരെയും അങ്ങനെ ചിന്തിക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ഈ രോഗികൾ അങ്ങനെയാണ് കാര്യങ്ങളെ കാണുന്നത്. അവർ ദുരന്തത്തിനിടയിൽ ഏറ്റവും ഭയപ്പെട്ടത് തങ്ങൾക്കിഷ്ടമില്ലാത്ത മതക്കാരോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ ക്രെഡിറ്റ് സ്വന്തമാക്കുമോ എന്നതാണ്. മനുഷ്യത്വം കയ്യിൽ തന്നെയുള്ള സന്നദ്ധ പ്രവർത്തകർ പക്ഷേ തങ്ങളുടെ സേവനത്തിന്റെ ഒരു അണുവിലും അത്തരം ഒരു ചിന്തയിലേക്ക് പോയില്ല. തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളിൽ നിന്ന് പരസ്പരം പോരടിക്കുന്നവർ, പ്രസ്ഥാനങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് അങ്കം വെട്ടുന്നവർ, ഒരിക്കലും ഒന്നിച്ചു പോകുകയില്ല എന്ന് നാം കരുതുന്ന മറ്റുചിലർ.. അവരൊന്നും ഇതാരുണ്ടാക്കിയ ഭക്ഷണമാണ് എന്നോ ആരുടെ പണം കൊണ്ടുണ്ടാക്കിയതാണ് എന്നോ കഴിഞ്ഞ 9 ദിവസമായിട്ട് നോക്കുന്നേയില്ല.
അവർ ജാഗ്രത പുലർത്തുന്നത് ഇനി ഏതെങ്കിലും മനുഷ്യശരീരത്തെയോ അവയവത്തെയോ ബഹുമാനപൂർവ്വം സംസ്കരിക്കാൻ കഴിയുമോ എന്നതു മാത്രമാണ്. അത്രയും നിഷ്കളങ്കമായ ഒരു സാംസ്കാരികതയെയാണ് ഈ ചെറിയ മനസ്സും ബുദ്ധിയും ഉള്ളവർ കടന്നാക്രമിച്ചിരിക്കുന്നത്. ഇങ്ങനെ നിരൂപണം ചെയ്യുമ്പോൾ അവർ പറയുക ഞങ്ങളും കളത്തിൽ ഉണ്ടായിരുന്നു എന്നാണ്. ഉണ്ടായിരുന്നിരിക്കാം. പക്ഷേ അവരുടെ ഉള്ളിലുള്ളതും പുറത്തുള്ളതും രണ്ടായിരുന്നു. ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും അല്ലെങ്കിൽ പുറത്ത് ഒന്നും ഉള്ളിൽ മറ്റൊന്നും വെച്ച് നടക്കുന്ന ഇവരെയാണ് മനുഷ്യക്കുലം ഏറ്റവും അധികം ഭയപ്പെടേണ്ടത്. ഈ വിഷയം താത്വികമായി വിശകലനം ചെയ്തു മനുഷ്യനെ തര്യപ്പെടുത്തിയ പ്രമാണമാണ് പരിശുദ്ധ ഖുർആൻ.
ഇസ്ലാമിക സംഹിതക്കുള്ളിൽ ഇവർ മുനാഫിഖുകൾ - കപടൻമാർ - എന്നാണ് വ്യവഹരിക്കപ്പെടുന്നത്. അവിടെ അതിന് വിശാലമായ അർത്ഥവും മേഖലയും എല്ലാം ഉണ്ട്. പക്ഷേ, ഖുർആൻ ഇവരെ പരിചയപ്പെടുത്തുന്നിടത്ത് മതേതരമായ ചില അടയാളങ്ങൾ പറയുന്നത് നമ്മുടെ ഈ ചർച്ചയിൽ പ്രസക്തമാണ്. ഒരിടത്ത് അള്ളാഹു ഇത്തരം സ്വഭാവത്തെ രോഗം എന്നാണ് വിളിക്കുന്നത് (അൽ ബഖറ: 10, അഹ്സാബ്: 32). ഈ രോഗം നേരിട്ട് ബാധിക്കുക മനുഷ്യത്വത്തെയാണ്. കാരണം മനുഷ്യൻ എന്നത് ശരീരവും മനസ്സും സമജ്ജസമായി ചേർന്നു നിൽക്കുന്നതാണ്. കപടന്മാർക്ക് ഈ ചേർച്ച ഇല്ല. അതുകൊണ്ട് അവരുടെ അസ്ഥിത്വവും വ്യക്തിത്വവും എപ്പോഴും അപകടപ്പെട്ടുകൊണ്ടേയിരിക്കും. അതു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെ വിസർജിക്കുന്നവരാരും സമൂഹത്തിലെ ഒരു മാന്യമായ സ്ഥാനത്തും എത്തിച്ചേരാത്തത്. ഈച്ചകളെ പോലെ വ്രണങ്ങളിൽ നിന്ന് വ്രണങ്ങളിലേക്ക് പറന്നും തിരിച്ചു പറന്നും അവസാനിക്കാനാണ് അവരുടെ വിധി. ഖുർആൻ പറയുന്ന രണ്ടാമത്തെ അവരുടെ പ്രത്യേകത അസഹനീയമായ അഹങ്കാരമാണ് (അൽ മുനാഫിഖൂൻ: 5). ക്ഷിപ്രകോപിക്കും അഹങ്കാരിക്കും ബുദ്ധിപരമായ വികാസം ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി തന്നെ സ്ഥാപിക്കപ്പെട്ട വസ്തുതയാണ്. കാരണം കോപത്തിലേക്കും അഹങ്കാരത്തിലേക്കും അവരെ നയിക്കുന്നത് അവരുടെ ചിലരോടുള്ള വെറുപ്പിന്റെയും ചിലരോടുള്ള രണ്ടാം കണ്ണിൻ്റെയും വികാരങ്ങളാണ്. വികാരങ്ങൾ മുന്നിൽ കടന്നാൽ അഥവാ തികട്ടി വന്ന് മേൽകൈ നേടിയാൽ ബുദ്ധി ഉപയോഗശൂന്യമായി തീരുന്നു എന്നതാണ് അതിൻ്റെ കാരണമായി വിശദീകരിക്കപ്പെടുന്നത്. ഇത്തരം മനസ്സുമായി നടക്കുന്നവർ പ്രബുദ്ധരുള്ള ഒരു നാട്ടിൽ പച്ചപിടിക്കാത്തതും വളരാത്തതും എന്തുകൊണ്ടാണ് എന്നതിന് കൂടി നമുക്കിവിടെ ഉത്തരം കണ്ടെത്താൻ കഴിയും.
രണ്ടാമത്തവർക്ക് ദൈവത്തോടുള്ള കലിപ്പാണ്. ദുരന്തത്തിൽ ദൈവം ഒന്നും ചെയ്യാതെ നോക്കി നിന്നു എന്നതാണ് അവരുടെ പരാതി. അത് പറഞ്ഞ് ദൈവം എന്ന ഒന്നില്ല എന്ന് സ്ഥാപിക്കാനുള്ള പെടാപ്പാടിലാണ് അവർ. പക്ഷേ അവരെ അതേ ആവനാഴിയിൽ നിന്നുള്ള അമ്പുകൾ തന്നെ വേട്ടയാടുകയാണ്. ദുരന്തത്തിൽ പെട്ടവരെ ദുരന്തത്തിന് വിട്ടു കൊടുത്തത് ക്രൂരനായ ദൈവമാണ് എന്ന് അവർ വാദിച്ച് ഉരുട്ടി കയറ്റുമ്പോഴേക്കും, എങ്കിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ആരാണ് രക്ഷപ്പെടുത്തിയത് എന്നോ, എന്തുകൊണ്ട് അവിടെ അല്ലാതെ മറ്റ് എവിടെയും ദുരന്തം ഉണ്ടായില്ല എന്നോ ചോദിക്കുമ്പോൾ അവർ താത്വികമായി പിറുപിറുത്ത് പിൻമാറേണ്ടി വരികയാണ്. ഇവർക്ക് ഇനിയും ദൈവം എന്ന ആശയം മനസ്സിലായില്ല എന്നതാണ് നമ്മെ ഏറെ സങ്കടപ്പെടുത്തുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി കർത്താവ് അല്ലാഹുവാണ്. അവനാണ് എല്ലാം പടച്ചതും എല്ലാം നിയന്ത്രിക്കുന്നതും. അവന്റെ അറിവോടുകൂടിയാണ് എല്ലാം ഉണ്ടാകുന്നതും. പക്ഷേ അവൻ ഈ പ്രപഞ്ചത്തിലെ ഭൂമി എന്ന ഗ്രഹത്തിലെ മനുഷ്യൻ എന്ന ജീവിയുടെ കാര്യത്തിൽ ഒരു പ്രത്യേക നയമാണ് പിന്തുടരുന്നത്. അത് അവനെ അവന്റെ സ്വാതന്ത്ര്യത്തിന് വിട്ടിരിക്കുന്നു എന്നതാണ്. അങ്ങനെ വിടുമ്പോഴും അവനോട് നല്ലതും അല്ലാത്തതും അവൻ പറഞ്ഞു കൊടുക്കുന്നുണ്ട്. അത് അവൻ്റെ ഒരു കാരുണ്യമാണ്. എന്നിട്ട് പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളെയും വിവിധ കാര്യകാരണങ്ങളുമായി അവൻ കൂട്ടിക്കെട്ടിയിരിക്കുകയാണ്. ഒന്നുണ്ടായാൽ മറ്റൊന്നുണ്ടാകും, അതുണ്ടായില്ലെങ്കിൽ ഇതുമുണ്ടാവില്ല എന്ന ക്രമത്തിൽ. അങ്ങനെ ക്രമീകരിച്ച് സൃഷ്ടാവ് മാറിയിരിക്കുകയാണ് എന്ന് ഇതിന് അർത്ഥമില്ല. മറിച്ച് അങ്ങനെയൊക്കെയാണെങ്കിൽ തന്നെയും അതോടൊപ്പം അവൻ്റെ പരമാധികാരം, വിവേചനാധികാരം തുടങ്ങിയ അധികാര പരധികൾ നിലനിൽക്കുന്നുമുണ്ട്. അവയുടെ മുമ്പിൽ അടിമകൾ വിശ്വാസപൂർവ്വം ഓച്ഛാനിച്ചു നിൽക്കേണ്ടിവരും. അതാണ് വിശ്വാസവും കർമ്മവുമെല്ലാം. ചുരുക്കത്തിൽ ഉരുൾപൊട്ടാതിരിക്കാൻ വേണ്ട കാര്യകാരണങ്ങൾ അല്ലാഹു പ്രകൃത്യാ ചെയ്തുവെച്ചിട്ടുണ്ട്. അതുകൊണ്ട് പക്ഷെ പൊട്ടണമെന്നോ പൊട്ടില്ല എന്നോ പറയാനാവില്ല. കാരണം അതിനെല്ലാം ഉപരിയായി അല്ലാഹുവിൻ്റെ പരമാധികാരം, വിവേചനാധികാരം എന്നിവ നിലനിൽക്കുന്നുണ്ട്. അതിനനുസരിച്ചാണ് എല്ലാം ഉണ്ടാകുന്നതും ഉണ്ടാവാതിരിക്കുന്നതും എന്ന് വിശ്വസിക്കാൻ കഴിഞ്ഞാൽ ഈ തലവേദന മാറും.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso