Thoughts & Arts
Image

ബഹുമാനമാണ് എല്ലാം..

24-08-2024

Web Design

15 Comments

വെള്ളി പ്രഭാതം



മുഹമ്മദ് തയ്യിൽ




പരിശുദ്ധ കഅ്ബാലയത്തിന്റെ തെക്കു കിഴക്കേ മൂലയിൽ ഒരു ശില സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഹജറുൽ അസ്‌വദ് എന്നാണ് അത് വിളിക്കപ്പെടുന്നത്. ഹജറുൽ അസ്‌വദ് എന്ന അറബി ശബ്ദത്തിന്റെ അർത്ഥം കറുത്ത കല്ല്, കരിങ്കല്ല് എന്നെല്ലാമാണ്. കണ്ടാലും തൊട്ടാലും അത് അങ്ങനെ തന്നെയാണ് എന്ന് ആരും പറഞ്ഞുപോകും. പക്ഷേ സത്യവിശ്വാസികൾ അതിനെ അങ്ങനെ കാണുകയോ കരുതുകയോ ചെയ്യുന്നില്ല. അതിനെ തൊടാനും നേരിട്ട് ചുംബിക്കാനും ഇല്ലെങ്കിൽ തൊട്ടതിനെ ചുംബിക്കാനും അതും അല്ലെങ്കിൽ ബഹുമാനപുരസരം കൈ ഉയർത്തി ആദരവ് പ്രകടിപ്പിക്കുവാനും അവർ തിരക്ക് കൂട്ടുകയാണ്. അനുഭവപ്പെടാൻ പ്രത്യക്ഷത്തിൽ വ്യത്യസ്തതകൾ ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മനോഭാവം എന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേ മുസ്ലിം ലോകത്തിന് ഉള്ളൂ. അല്ലാഹു അതിന് ഒരു പ്രത്യേക ബഹുമാനം കൽപ്പിച്ചിരിക്കുന്നു എന്ന ഉത്തരം. അത് സ്വർഗ്ഗത്തിൽ നിന്നു വന്ന വിശുദ്ധ ശിലയാണ് എന്നും അതിനെ ബഹുമാനിക്കണം എന്നും അല്ലാഹുവിൻ്റെ ദൂതൻ ആവശ്യപ്പെട്ടത് ആ അടിസ്ഥാനത്തിലാണ്. അല്ലാഹു ഒന്നിന് ബഹുമാനം കൽപ്പിച്ചാൽ പിന്നെ അതിനെ ബഹുമാനിക്കുക എന്നത് അവന്റെ അടിമകളുടെ കടമയായി മാറുന്നു എന്ന് ചുരുക്കം. ഈ പറഞ്ഞത് ചിലർക്ക് അത്ര പെട്ടെന്ന് ബോധ്യമാകില്ല. ആയതിനാൽ വിഷയത്തിലൂടെ കുറച്ചുകൂടി മുന്നോട്ടു നടക്കാം. അവിടെ കഅ്ബയുടെ കിഴക്കുവശത്തു തന്നെ ഏതാണ്ട് 21 മീറ്റർ അകലെ സംസം കിണർ സ്ഥിതി ചെയ്യുന്നു. അതിലെ വെള്ളത്തിന് സാധാരണ കിണറുകളുടെ വെള്ളത്തിൽ നിന്ന് കാഴ്ചയിലോ നിറത്തിലോ രുചിയിലോ ഒരു വ്യത്യാസവുമില്ല എന്ന് ആരും സമ്മതിച്ചു തരും. ഒരുപക്ഷേ ഈ ജലവും സാധാരണ ജലവും തൊട്ടടുത്തായി വെച്ചാൽ തിരിച്ചറിയുക പോലും പ്രയാസമായിരിക്കും. വ്യത്യാസവും ഇല്ലെങ്കിലും വിശ്വാസികൾക്ക് ഈ ജലത്തെ സാധാരണ ജലമായി കാണാനും കരുതാനും കഴിയില്ല. അവർക്ക് അത് ഔഷധവും അനുഗ്രഹവുമാണ്. എന്താണ് ഈ വ്യത്യാസത്തിന് കാരണം എന്ന് ചോദിച്ചാൽ അള്ളാഹു അതിന് ഒരു ബഹുമാനം കൽപ്പിച്ചിരിക്കുന്നു എന്നതു മാത്രമാണ് മറുപടി. അല്ലാഹു ബഹുമാനിച്ചതിനാൽ സത്യവിശ്വാസികളും അതിനെ ബഹുമാനിക്കുവാനും പുണ്യമായി കരുതുവാനും കടമപ്പെട്ടവരാണ്.



ഇതു ഹിജ്റ കലണ്ടറിലെ രണ്ടാമത്തെ മാസമായ സ്വഫർ മാസമാണ്. സത്യത്തിൽ ഈ മാസത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ മുഹറം മാസത്തിൽ നിന്ന് ഈ മാസത്തിന് ദിവസങ്ങളുടെ എണ്ണത്തിലോ ദൈർഘ്യത്തിലോ ചൂടിലോ തണുപ്പിലോ ഒന്നും പ്രത്യേക വ്യതിരിക്തതയില്ല. പ്രത്യക്ഷത്തിൽ കാണാവുന്നതും പരിഗണിക്കാവുന്നതുമായ വ്യത്യാസങ്ങൾ ഈ രണ്ടു മാസങ്ങൾക്കിടയിലും ഇല്ല എങ്കിലും സത്യവിശ്വാസികൾക്ക് ഈ രണ്ട് മാസങ്ങളും ഒരുപോലെയല്ല. മുഹറം അല്ലാഹു പവിത്രത കൽപ്പിച്ച നാലു മാസങ്ങളിൽ ഒന്നാണ്. അവയിൽ സ്വന്തത്തോട് പോലും ഒരക്രമവും കാണിച്ചുകൂടാ എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിനാൽ സത്യവിശ്വാസികൾ സ്വഫറിനോട് ഇല്ലാത്ത ബഹുമാനം മുഹറം മാസത്തോട് കാണിക്കുന്നു. പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവുമില്ല എന്നിട്ടും എന്തുകൊണ്ടാണ് ഈ മാറ്റം എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരവും അല്ലാഹു ആ മാസത്തിന് പ്രത്യേക ബഹുമാനം കൽപ്പിച്ചു എന്നത് മാത്രമാണ്. ഈ പറഞ്ഞുവരുന്നത് ഏതെങ്കിലും അപൂർവ്വമായതോ ഇതര സാധാരണമായതോ ആയ വിഷയത്തെക്കുറിച്ച് മാത്രമല്ല. മറിച്ച് വിശ്വാസികളുടെ ലോകത്തിൻ്റെ ഓരോ ഘടകത്തിലും ഇതുണ്ട്. ഇന്നു വെള്ളിയാഴ്ചയാണ്. ഈ ദിവസത്തിന് വ്യാഴാഴ്ചയിൽ നിന്നോ ശനിയാഴ്ചയിൽ നിന്നും ബാഹ്യമായ വ്യത്യാസങ്ങൾ ഒന്നുമില്ല. മണിക്കൂറുകളുടെയും മിനിറ്റുകളുടെയും സെക്കന്റുകളുടെയും കാര്യത്തിലും ദൈർഘ്യം കാലാവസ്ഥ തുടങ്ങിയ പ്രത്യക്ഷത്തിൽ കാണുന്ന എല്ലാ കാര്യങ്ങളിലും ഈ ദിവസങ്ങൾ തുല്യമാണ്. പക്ഷേ വിശ്വാസികൾക്ക് അത് അങ്ങനെയല്ല. അവർക്ക് വെള്ളിയാഴ്ച സൂര്യ വെളിച്ചം വീണ ഈ പ്രപഞ്ചത്തിലെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ്. അന്ന് അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നു. അന്ന് അവരുടെ മനസ്സും ശരീരവും ആത്മീയതയിൽ ലയിച്ചമരുന്നു. എന്തുകൊണ്ട് എന്ന് വീണ്ടും നാം ചോദിച്ചാൽ സൃഷ്ടാവായ അല്ലാഹു ഈ ദിവസത്തിന് പ്രത്യേക ബഹുമാനം കൽപ്പിച്ചു എന്നതു മാത്രമാണ് അതിനുമുത്തരം.



കല്ലിനും വെള്ളത്തിനും മാസത്തിനും ദിവസത്തിനും എല്ലാം ഇത്തരം ഒരു പ്രത്യേകത ഉണ്ട് എങ്കിൽ അത് മനുഷ്യനു മാത്രം ഉണ്ടാവില്ല എന്ന് പറയുന്നതും വാദിക്കുന്നതും തികച്ചും ബാലിശമാണ്. അല്ലാഹുവിൻ്റെ പ്രതിനിധിയാണ് മനുഷ്യൻ. അവനു വേണ്ടിയാണ് എല്ലാം പടച്ചത് എന്ന് അള്ളാഹു തന്നെ വ്യക്തമാക്കിയതാണ്. അപ്പോൾ മനുഷ്യൻ അല്ലാഹുവിനോട് മറ്റെന്തിനേക്കാളും ഏറെ അടുത്തവനാണ്. അതിനാൽ മനുഷ്യനും അതുണ്ട്. അഥവാ അള്ളാഹു പ്രത്യേകതയും ബഹുമാനവും കൽപ്പിച്ച മനുഷ്യന്മാർ അവൻ്റെ അടിമകളിൽ ഉണ്ട്. അവർ പക്ഷേ ആരാണ് എന്നത് വിശ്വാസികൾ തിരിച്ചറിയണം. നേരത്തെ പറഞ്ഞ കാര്യങ്ങളിലൊക്കെ യുള്ള ബഹുമാനങ്ങൾ അല്ലാഹു പറഞ്ഞതോ പ്രവാചകൻ പഠിപ്പിച്ചതോ ആണ്. മനുഷ്യരിൽ ആർക്കാണ് ആ ബഹുമാനം കൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് കണ്ടെത്തുവാൻ അതിൻ്റെ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. അവ പ്രധാനമായും രണ്ടാണ്. ഒന്ന് മുഅ്ജിസത്താണ്. പ്രവാചകത്വം അവകാശപ്പെടുന്ന ആൾ അത് സ്ഥാപിക്കാൻ വേണ്ടി ആവശ്യമായി വരുന്ന സമയത്ത് കാണിക്കുന്ന അമാനുഷികമായ ശക്തികളും ശേഷികളുമാണ് മുഅ്ജിസത്ത്. അത് ഒരാളിൽ നിന്ന് പ്രകടമായാൽ ആ ആൾ അള്ളാഹു ബഹുമാനിക്കപ്പെട്ട വ്യക്തിയാണ് എന്നും അതിനാൽ നാം ബഹുമാനിക്കുവാൻ കടമപ്പെട്ടവരാണ് എന്നും മനസ്സിലാക്കാം. രണ്ടാമത്തേത് കറാമത്ത് എന്നറിയപ്പെടുന്നു. പ്രവാചകന്മാർ അല്ലെങ്കിലും അല്ലാഹുവുമായി ഏറെ സമീപസ്ഥമായ വിശുദ്ധ ജീവിതം നയിക്കുന്ന ഔലിയാക്കൾക്ക് അവരോടുള്ള അല്ലാഹുവിൻ്റെ ബന്ധം സ്ഥാപിക്കുവാൻ വേണ്ടി എന്നോണം അല്ലാഹു നൽകുന്ന അസാധാരണമായ ചില കഴിവുകളാണ് കറാമത്തുകൾ. ഒരാളിൽ പ്രകടമായ കറാമത്തുകൾ കണ്ടാൽ അതിനർത്ഥം അല്ലാഹുവിൻ്റെ ബഹുമാനത്തിന് അദ്ദേഹം അർഹനായിരിക്കുന്നു എന്നും അതിനാൽ നമ്മളും ആ ബഹുമാനം പുലർത്തണം എന്നുമാണ്.



മനുഷ്യൻ്റെ പ്രപഞ്ചത്തിലെ ഏതാണ്ട് എല്ലാ ഘടകങ്ങളിലും ഇപ്രകാരമുള്ള ദൈവീക ബഹുമാനങ്ങൾ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നത് പരിശോധിച്ചാൽ മനസ്സിലാക്കാം. ഇതിനെ അല്ലാഹുവിൻ്റെ ഒരു മഹാസംവിധാനമായി നമുക്ക് പരിഗണിക്കാം. ജീവിതം കടന്നുപോകുന്ന വഴികളിലെല്ലാം ഇത്തരത്തിൽ ബഹുമാനത്തെ ഉണർത്തുക വഴി മനുഷ്യനെ തന്നെത്തന്നെ ഈ ബഹുമാനത്തിനു വേണ്ടി സമർപ്പിക്കുവാൻ പ്രാപ്തനാക്കുകയാണ് അല്ലാഹു ചെയ്യുന്നത് എന്നു മനസ്സിലാക്കാം. അത് സമ്പൂർണ്ണമായ അർത്ഥത്തിൽ ഇസ്ലാമിലേക്ക് പ്രവേശിക്കുവാൻ വേണ്ടിയാണ്. അത് അല്ലാഹു ആവശ്യപ്പെട്ട കാര്യവുമാണ് ( ). കാരണം ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ബഹുമാനത്തിന്റെ സ്പർശം ഉണ്ട്. മറ്റുള്ളവരുമായും മറ്റുള്ളവയുമായും പുലർത്തേണ്ട, ഇസ്ലാം പറയുന്ന ബന്ധങ്ങളും കടമകളും കടപ്പാടുകളും പരിശോധിച്ചാൽ ഇത് മനസ്സിലാകും. മാതാപിതാക്കളെയും മുതിർന്നവരെയും അറിവുള്ളവരെയും അധികാരമുള്ളവരെയും തുടങ്ങി മൂല്യവത്തായ ഉള്ളടക്കങ്ങൾ ഉള്ളവരോട് എല്ലാം എല്ലാ സമീപനങ്ങളിലും ബഹുമാനം പുലർത്തുവാൻ ഇസ്ലാം ആവശ്യപ്പെടുന്നു. ഈ അർത്ഥത്തിലുള്ള മൂല്യം ഉള്ളടങ്ങിയ വസ്തുക്കൾ, ആരാധനാലയങ്ങൾ, ഗ്രന്ഥങ്ങൾ, മതപരമായ ചിഹ്നങ്ങൾ, ശ്രേഷ്ഠതയുള്ള സ്ഥലങ്ങൾ, ശ്രേഷ്ഠമായ സമയങ്ങൾ തുടങ്ങിയവയെല്ലാം ബഹുമാനിക്കുവാൻ ഇസ്ലാം ആവശ്യപ്പെടുന്നു. ഇതുതന്നെയാണ് മനുഷ്യകുലത്തിൻ്റെ സമാധാനഭദ്രമായ നിലനിൽപ്പിന് വേണ്ടിയുള്ള അല്ലാഹുവിൻ്റെ നയ നിയമങ്ങളുടെ അടിസ്ഥാനവും. ഉദാഹരണമായി അക്രമം, കൊലപാതകം തുടങ്ങിയവ എടുക്കാം. അവ അരുത് എന്ന് ഇസ്ലാം പറയുമ്പോൾ അതിൻ്റെ ഉള്ളിൽ സംരക്ഷിക്കുന്നത് മനുഷ്യനോടുള്ള ബഹുമാനത്തെയാണ്. ഏഷണിയും ഭീഷണിയും കളവും ചതിയും എല്ലാം നിരോധിച്ചിരിക്കുന്നതും മനുഷ്യൻ്റെ ഉണ്മയോടുള്ള ബഹുമാനത്തിന് ഉലച്ചിൽ തട്ടരുത് എന്ന ത്വരയിലാണ്. നീതിയുടെ കാര്യത്തിലും നിയമപാലനത്തിന്റെ കാര്യത്തിലും ഇസ്ലാം ശക്തമായ ഊന്നൽ നൽകുന്നുണ്ട്. നീതിപീഠത്തിനു മുമ്പിൽ വരുന്ന ഒരാൾക്ക് നീതി നൽകുമ്പോൾ അത് അയാളോടുള്ള ബഹുമാനവും പരിഗണനയും ആയിത്തീരുന്നു. ഭരണാധികാരികളെയും കൈകാര്യകർത്താക്കളെയും അംഗീകരിച്ചു ജീവിക്കുവാൻ ഇസ്ലാം ആവശ്യപ്പെടുമ്പോൾ അത് സ്ഥാനങ്ങളോടും പദവികളോടും ഉള്ള ബഹുമാനമായി മാറുന്നു. വിനയം സ്നേഹം തുടങ്ങിയവയെല്ലാം തൊട്ടു മുമ്പിൽ നിൽക്കുന്ന വ്യക്തിയോട് കാണിക്കുന്ന ബഹുമാനത്തിന്റെ മറ്റു പേരുകളാണ്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പരിചരണം സത്യത്തിൽ ബഹുമാനം കൂടിയാണ്. അവിടെ ബഹുമാനിക്കുന്നത് ഇത്രയും യുക്തിഭദ്രവും ശക്തവുമായ വിധത്തിൽ ഭൂമിയെയും പ്രകൃതിയെയും വിധാനിച്ച വിധാതാവായ അല്ലാഹുവിനെ തന്നെയാണ്. ഇങ്ങനെ ഈ ചിന്ത നീണ്ടു നീണ്ടു പോകുന്നു.



ബഹുമാനം സാമൂഹ്യ നിലനിൽപ്പിന്റെ ആധാരമായി മാറുന്നത് അത് മനുഷ്യകുലത്തെ ഒരു ശ്രേണിയാക്കി മാറ്റുന്നതുകൊണ്ടാണ്. മനുഷ്യരെ എല്ലാവരെയും ഒരേ നിലയിലും നിരയിലും നിരത്തുന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. കാരണം ഓരോ വ്യക്തിക്കും ജൈവപരമായി ലഭിച്ചതും വന്നുചേർന്നതും ദാനമായി കിട്ടിയതുമായ വൈജാത്യങ്ങൾ ഉണ്ട്. ആ വൈജാത്യങ്ങൾക്ക് വിധേയമായി ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ദൗത്യങ്ങളും ചുമതലകളും ഉണ്ട്. ഈ ദൗത്യങ്ങളും ചുമതലകളും ഒരേ നിരയിലും വരിയിലും നിരത്തുവാനും നിർത്തുവാനും കഴിയുന്നവയല്ല. അതിനാൽ തന്നെ മനുഷ്യരുടെ ഇടയിലുള്ള ഏറ്റ വ്യത്യാസങ്ങൾ അപകടകരമല്ലാത്ത വിധത്തിൽ നിലനിൽക്കേണ്ടതുണ്ട്. അതാണ് ഒരർത്ഥത്തിൽ പറഞ്ഞാൽ അവരുടെ ലോകത്തിന് നിറപ്പകിട്ട് നൽകുന്നതും. അവിടെയാണ് നേരത്തെ പറഞ്ഞ സാമൂഹ്യ ശ്രേണിയുടെ പ്രസക്തി കുടികൊള്ളുന്നത്. ഈ ശ്രേണി രൂപപ്പെടുവാനും രൂപപ്പെടുത്തുവാനും ഉള്ള പ്രധാന മാനദണ്ഡം ബഹുമാനമാണ്. ബഹുമാനം എന്ന മാധ്യമത്തിൽ സമൂഹത്തിൻ്റെ ഘടകങ്ങളെ മനോഹരമായും ശക്തിമത്തായും അടുക്കി വെക്കാൻ കഴിയും. അപ്പോൾ ഉണ്ടാവുക ഒരു നല്ല സമൂഹമായിരിക്കും. ഓരോരുത്തരെയും അവരവരുടെ സ്ഥാനങ്ങളിൽ അവരോധിക്കുക എന്ന് നബി തിരുമേനി ഞങ്ങളോട് കൽപ്പിച്ചു എന്ന് ആയിഷ(റ) (-ഹാകിം).






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso