Thoughts & Arts
Image

അരങ്ങത്തും അണിയറയിലും സുരക്ഷിതയായിരിക്കട്ടെ, അവൾ.

24-08-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







സ്ത്രീയുടെയും സ്ത്രീത്വത്തിന്റെയും സുരക്ഷ വീണ്ടും വീണ്ടും ഇങ്ങനെ വാർത്തയാവുകയാണ്. നാഗരികതയുടെയും സാംസ്കാരികതയുടെയും ആസ്ഥാനങ്ങൾ എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ പോലും സ്ത്രീത്വം ക്രൂരമായി ചതിക്കപ്പെടുന്നു. കൊൽക്കത്തയിൽ ഒരു വനിതാ ഡോക്ടർ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും അസ്വസ്ഥതയിൽ നിന്നും നമ്മുടെ രാജ്യം ഇനിയും മുക്തി നേടിയിട്ടില്ല. കൊൽക്കത്തയിലെ ഒരു തെരുവിൽ വച്ചോ ചേരിയിൽ വച്ചോ റോഡിലോ ലോഡ്ജിലോ വെച്ചോ പോലുമല്ല ഒരു യുവ വനിതാ ഡോക്ടർ മൃഗീയമായി കൊല്ലപ്പെട്ടത്. ആരോഗ്യ സേവനം പഠിപ്പിക്കുകയും ഒപ്പം പ്രയോഗിക്കുകയും ചെയ്യുന്ന പ്രശസ്തമായ ആർ ജി കർ മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം നടന്നത്. പ്രാഥമികമായി തന്നെ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ തെരുവു ഗുണ്ടകളോ പാതിരാ കൂട്ടങ്ങളോ അല്ല, പകൽ വെളിച്ചത്തിൽ സമൂഹത്തിൻ്റെ മുന്നിൽ സർവാദരങ്ങളും ഏറ്റുവാങ്ങി നിൽക്കുന്ന ഏതോ പ്രധാനികളോ നേതാക്കന്മാരോ ആണ് ഉള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടുകൂടെ സംഭവം കത്തിയുയരുകയായിരുന്നു. ജനേന്ദ്രിയത്തിൽ മാത്രം ആഴമുള്ള 14 മുറിവുകൾ ഉണ്ടായിരുന്നു എന്നു പറയുമ്പോൾ ശരീരമാസകലം കുത്തിക്കീറിയാണ് കാമഭ്രാന്തന്മാർ തങ്ങളുടെ കൂത്ത് നടത്തിയത് എന്ന് വ്യക്തമായി. ഈ വാർത്തയിൽ വിജ്രംബിച്ചു നിൽക്കുമ്പോഴാണ് ഇങ്ങ് തെക്ക് ഒരു കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നത്. സാംസ്കാരിക ലോകത്തിൻ്റെ ഒരു പ്രധാനപ്പെട്ട കൂടാരമായ സിനിമ മേഖലയിൽ നിന്നാണ് അത്. അവിടെ സ്ത്രീകളുടെ അടക്കിപ്പിടിച്ച പരിഭവങ്ങളും പരാതികളും തേങ്ങലുകളും ഉണ്ടെന്ന് ഒരു ജസ്റ്റിസ് നേതൃത്വം നൽകിയ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നു. ആമുഖത്തിന് വേണ്ടി ഓർത്തെടുത്ത സംഭവങ്ങൾ മാത്രമാണ് മുകളിൽ പറഞ്ഞ രണ്ടും. സ്ത്രീ സുരക്ഷ ഭീതിയുടെ നിഴലിലാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാകുമ്പോൾ അത് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടുള്ള ഇസ്ലാമിക സാമൂഹ്യ കാഴ്ചപ്പാടുകൾ ഒരിക്കൽ കൂടി ഓർക്കാനും ഓർമിപ്പിക്കുവാനും ഇതൊരു അവസരമാവുകയാണ്.



ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട് എങ്കിലും സ്ത്രീകളുടെ ജൈവപരവും മാനസികവുമായ നിലകൾ വെച്ച് നോക്കുമ്പോൾ ജീവിതത്തിൻ്റെ പല പ്രധാന മേഖലകളിലും അവർ പുരുഷൻ്റെ താഴെയാണ് എന്നത് മുൻധാരണകൾ ഇല്ലാതെ ചിന്തിക്കുന്നവർക്ക് ബോധ്യമാകും. അതേസമയം അവർക്ക് പുരുഷന്മാരെക്കാൾ മേൽകൈ ഉള്ള പല സുപ്രധാന ജീവിത മേഖലകളും ഉണ്ട് എന്നത് ഒരു സത്യമാണ്. പുരുഷന്മാർക്ക് മേൽക്കൈ ഉള്ള മേഖലകൾ താരതമ്യേന ഭാരമുള്ളതും ഉത്തരവാദിത്വം കൂടുതൽ ഉള്ളതുമാണ്. പൊതു നിയന്ത്രണം, ഭരണം, വിഭവസമാഹരണം, ജീവിത സന്ധാരണം തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങൾ പ്രധാനമായും പുരുഷൻ്റെ ചുമലിലാണ്. ഇവ വഹിക്കുവാൻ ആവശ്യമായ മെയ് കരുത്തും മനക്കരുത്തും എല്ലാം പുരുഷന് നൽകപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ കിട്ടിയിട്ടുള്ള ശേഷികൾ ഉപയോഗപ്പെടുത്തി തന്റെ കീഴിലുള്ള സ്ത്രീകളെയും ദുർബലരെയും സംരക്ഷിക്കുക എന്നത് പുരുഷൻ്റെ ബാധ്യതയാണ്. വിശുദ്ധ ഖുർആൻ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്ന തിനാലുമാണത്' (അന്നിസാഅ്: 34). ആണിന് പെണ്ണിനേക്കാൾ നിയന്ത്രണാധികാരമുണ്ട് എന്നും അവനാണ് പെണ്ണുങ്ങളുടെ കാര്യങ്ങൾ നിവൃത്തിചെയ്തു കൊടുക്കേണ്ടത് എന്നും പറയുന്നത് അവന് ലഭിച്ചിട്ടുള്ള ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രത്യേകതകൾ കാരണമാണ്. അല്ലാതെ അവൻ ബലപ്രയോഗത്തിലൂടെ നേടിയെടുക്കുന്ന ഒന്നല്ല അത്. സ്ത്രീകളോടുള്ള പുരുഷൻ്റെ ഈ ബാധ്യതയുടെ പരിധിയിൽ അവൾക്കു വേണ്ട അന്നം, വസ്ത്രം, പാർപ്പിടം, മാനസിക പിന്തുണ, സ്നേഹം, ലൈംഗിക സംതൃപ്തി, സ്ത്രീത്വത്തിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്. അതിനാൽ ഇവയിൽ ഏതെങ്കിലും ഒരു കാര്യത്തിൽ ലോകത്ത് ഒരു പെണ്ണ് പ്രയാസം നേരിടുന്നുണ്ട് എങ്കിൽ അതിൻ്റെ കാര്യകാരണങ്ങളിൽ ഏതെങ്കിലും ഒരു പുരുഷൻ്റെ അവഗണന ഉണ്ടാകും എന്നത് ഉറപ്പാണ്. ആ അർത്ഥത്തിലാണ് രണ്ടു ലിംഗങ്ങളെയും സൃഷ്ടാവ് ചേർത്തുവെച്ചിരിക്കുന്നത്. സ്ത്രീത്വം പറിച്ചുചീന്തപ്പെടുന്ന സാഹചര്യങ്ങളിൽ ബാഹ്യമായി ന്യായങ്ങൾ ഉണ്ടെങ്കിൽ പോലും പ്രതിയും കുറ്റവാളിയും പുരുഷനാണ് എന്നു ചുരുക്കം.



ഇസ്ലാം ഇക്കാര്യം ഈ വിധത്തിലാണ് ചർച്ച ചെയ്യുന്നത്. മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ഒരു സമൂഹത്തിൻ്റെ മാന്യതയുടെയും കെട്ടുറപ്പിൻ്റെയും നിദർശനമാണ് എന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നുണ്ട്. നബി തിരുമേനിയുടെ ക്ഷേമ രാഷ്ട്രത്തെ കുറിച്ചുള്ള സങ്കല്പങ്ങളിൽ സ്ത്രീയുടെ സുരക്ഷിതത്വം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്. സന്‍ആ മുതല്‍ ഹദ്‌റമൗത്ത് വരെ ഒരു സ്ത്രീ നിര്‍ഭയത്വത്തോടു കൂടി സഞ്ചരിക്കുന്ന നാടാണ് തന്റെ ലക്ഷ്യമെന്ന് നബി പലപ്പോഴും പറഞ്ഞിട്ടുണ്ട്. നബി(സ)യുടെയും ഖുലഫാഉ റാശിദുകളെയും ഭരണകാലത്ത് സ്ത്രീകള്‍ക്ക് ലഭിച്ച സുരക്ഷിതത്വവും ശ്രേഷ്ഠതയും ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. ഇവിടെ നടക്കുന്ന പീഡനങ്ങൾക്കും മറ്റുമെല്ലാം സ്ത്രീകൾ മാത്രമാണ് ഉത്തരവാദി എന്ന് ന്യായീകരിച്ചും വ്യാഖ്യാനിച്ചും പുരുഷൻമാർക്ക് കൈ കഴുകാൻ കഴിയില്ല. കാരണം അപകടത്തിൽപ്പെട്ട സ്ത്രീ ഇപ്പോൾ വലിയ ഫെമിനിസത്തിന്റെ വാക്താവായിരിക്കാം. സാമ്പത്തിക സ്വയം പര്യാപ്തത നേടിയിട്ടുള്ള ആളായിരിക്കാം. പക്ഷേ ഈ സ്ത്രീ ഒരുകാലത്ത് ഒരു പിതാവിൻ്റെയും മാതാവിൻ്റെയും കരങ്ങളിൽ കിടന്നു വളരുന്ന ഒരു കുഞ്ഞായിരുന്നു. അവരുടെ ശ്രദ്ധയിലും നിയന്ത്രണത്തിലും മാത്രമായി അവരെ അശ്രയിച്ചു ജീവിക്കുന്ന ഒരു കാലം അവൾക്കുണ്ടായിരുന്നു. ആ കാലത്താണ് അവളുടെ വ്യക്തിത്വം തന്നെ രൂപപ്പെട്ടത്. അങ്ങനെ രൂപപ്പെടുമ്പോൾ തന്നെ ചില അച്ചടക്കങ്ങൾ അവളെ പഠിപ്പിക്കുവാനും അവളെ അവളുടെ സുരക്ഷയെ ബോധ്യപ്പെടുത്തുവാനും അന്ന് ആ രക്ഷിതാക്കൾക്ക് കഴിയാതെ വന്നതായിരിക്കും പിന്നീടുണ്ടായ അപകടങ്ങളുടെ മൂല കാരണം. ആ അർത്ഥത്തിലാണ് പുരുഷൻ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ലോകത്ത് എല്ലാ സ്ത്രീയും പീഡിപ്പിക്കപ്പെടുന്നില്ല. എല്ലാ സ്ത്രീയും എല്ലാവിധ ധൈര്യവും പ്രകടിപ്പിക്കുന്നില്ല. അപ്രകാരം തന്നെ ഇരയാക്കുന്ന എല്ലാ സ്ത്രീയും ഏറ്റവും സൗന്ദര്യമുള്ളവരാണ് എന്നൊന്നും പറയാൻ കഴിയില്ല. എന്നിട്ടും കണ്ണു തെറ്റിയാൽ പീഡനം ഉണ്ടാകുന്നത് അടിസ്ഥാനപരമായി നേരത്തെ വരുത്തി വെച്ചിട്ടുള്ള വിപത്തുകളുടെ സ്വാധീനം കൊണ്ട് തന്നെയാണ്. ആ വിപത്തിന് ആ ഘട്ടത്തിലെങ്കിലും പുരുഷൻ ഉത്തരവാദിയുമാണ്. ഇത്തരം ഒരു ചിന്തയിലെ പ്രധാന കാര്യങ്ങളാണ് ഇതെല്ലാം.



ഇസ്ലാം ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന നയങ്ങളും നിയമങ്ങളും ഒരു പട്ടികയാണ്. അങ്ങനെയുണ്ടായാലേ ഇത്തരം സാധ്യതകളെ തടയാൻ കഴിയൂ. അവയിൽ ഒന്ന് ഹിജാബ് തന്നെയാണ്. സ്ത്രീ ഈ പ്രപഞ്ചത്തിലെ ഏറ്റവും നയനാനന്ദകരമായ ഒരു ആസ്വാദനമാണ് എന്നത് ഒരു സത്യമാണ്. അത് അനിയന്ത്രിതമായി തുറന്നിട്ടാൽ അതിനു നേരെ പല കൈകളും നീണ്ടു വന്നേക്കും. അതുകൊണ്ടാണ് ഇസ്ലാം ഹിജാബ് നിർബന്ധമാക്കിയത്. സ്ത്രീയുടെ സ്ത്രീത്വം കണ്ടും അനുഭവിച്ചും ആസ്വദിക്കുവാൻ അവളുടെ ജീവിത പങ്കാളിക്ക് മാത്രമേ ഇസ്ലാം അനുവാദം കൊടുക്കുന്നുള്ളൂ. ഈ ന്യായം ഒപ്പം പറഞ്ഞുകൊണ്ട് തന്നെയാണ് ഹിജാബ് ഖുർആൻ അവതരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: 'നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' (33:59). ആവശ്യത്തിനല്ലാതെ അവൾ പുറത്തിറങ്ങരുത് എന്നു പറയുന്നതും അവളുടെ സുരക്ഷ പരിഗണിച്ചാണ്. അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്' (33:33). എന്നിരുന്നാലും ഒരു മനുഷ്യ സ്ത്രീ എന്ന നിലക്ക് അവൾക്ക് ചിലരോടെങ്കിലും സംസാരിക്കേണ്ട സാഹചര്യം വരും. അങ്ങനെ വരുമ്പോൾ സംസാരിക്കരുത് എന്നല്ല ഇസ്ലാം പറയുന്നത് അനുനയസ്വരത്തില്‍ സംസാരിക്കരുത് എന്നാണ്. ഒരൊറ്റ ഫോൺ കോളിൽ നിന്നും തുടങ്ങുകയും വലിയ അപകടങ്ങളിൽ ഒടുങ്ങുകയും ചെയ്യുന്ന ബന്ധങ്ങൾ ധാരാളമായി ഉദാഹരിക്കാൻ കഴിയുന്ന ഈ കാലത്ത് ഇതിനെക്കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. കൊഞ്ചിയും കുഴഞ്ഞുമുള്ള സംസാരം അവളുടെ സുരക്ഷയെ പ്രതികൂലമായ ബാധിക്കും എന്ന് ഖുർആൻ തന്നെ പറഞ്ഞു തരുന്നു.
അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക'(33:32).



മറ്റൊന്ന് പരപുരുഷന്മാരോടൊപ്പം ഒഴിഞ്ഞിരിക്കരുത് എന്നതാണ്. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു: ''ഒരു പുരുഷനും വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട വ്യക്തിയോടൊപ്പമല്ലാതെ ഒരു സ്ത്രീയോടൊപ്പം ഒഴിഞ്ഞിരിക്കരുത്.' ഇതേ അർത്ഥത്തിലുള്ളതാണ് പരപുരുഷന്മാരുമായുള്ള കൂടിക്കലരലുകളും. അതും അവളുടെ സുരക്ഷയ്ക്ക് വിഘാതമാണ്. അന്യരായ സ്ത്രീപുരുഷന്മാര്‍ കൂടിക്കലരുന്നതിലുള്ള അപകടങ്ങള്‍ അനവധിയാണ്. അതുണ്ടാക്കുന്ന വിനകളാകട്ടെ അസംഖ്യവുമാണ്. മറ്റൊരു സാഹചര്യമാണ് യാത്രകൾ. സ്വന്തങ്ങളുടെയും ബന്ധങ്ങളുടെയും വേദികളിൽ നിന്ന് അവൾ താൽക്കാലികമായി എങ്കിലും അകലുകയാണ്. ഈ അകൽച്ചയിൽ എന്തെങ്കിലും അപകടങ്ങൾ വന്നാൽ അവൾക്കതിനെ പ്രതിരോധിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. അതിനാൽ മഹ്‌റമിനോടൊപ്പമല്ലാതെ യാത്ര പാടില്ല എന്ന് ഇസ്ലാം പറഞ്ഞു. ഇതൊക്കെ പറയുമ്പോൾ സ്വാഭാവികമായും പുതിയ ലോകം കുറെ എതിർ ചോദ്യങ്ങൾ ചോദിക്കുകയായിരിക്കും ചെയ്യുക. ഈ പറഞ്ഞ ഓരോന്നും ഫലപ്രദമാണോ അല്ലയോ എന്ന് ചിന്തിക്കുവാനുള്ള സന്മനസ്സ് പൊതുവേ കാണിക്കില്ല. അതൊക്കെ പുതിയ ലോകത്തിൻറെ കാപട്യങ്ങളായി മാത്രം കാണാം. പക്ഷേ, മേൽപ്പറഞ്ഞ നിയന്ത്രണങ്ങളിൽ 50% എങ്കിലും പാലിക്കുന്നവർക്കാർക്കും സ്ത്രീത്വം കൊണ്ട് അപകടവും മാനക്കേടും ഉണ്ടായിട്ടില്ല എന്നത് ആരോടും പറയാവുന്ന സത്യം തന്നെയാണ്.
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso