Thoughts & Arts
Image

അനന്യനായ അധ്യാപകനാണ് അങ്ങ്..

24-08-2024

Web Design

15 Comments

മുഹമ്മദ് തയ്യിൽ







നബിയേ!, മനുഷ്യരെ മുഴുവനും സന്മാർഗത്തിലേക്ക് നയിക്കുവാൻ നിയുക്തനായ അന്ത്യപ്രവാചകനാണല്ലോ അങ്ങ്. അതിനാൽ തന്നെ അങ്ങേക്ക് മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരെ ഓരോരുത്തരെയും അവരവരുടെ സവിശേഷതകളിൽ സ്വാധീനിക്കുവാനും ഫലപ്രദമായി ഇടപെടുവാനും കഴിയേണ്ടതുണ്ടല്ലോ. അല്ലാതെ വന്നാൽ അങ്ങേക്കും അങ്ങയുടെ ദൗത്യത്തിനും ഒരു അർഥവുമുണ്ടാവില്ല. ഉദാഹരണമായി, കച്ചവടത്തെ കുറിച്ച് ഒന്നും അങ്ങേക്ക് അറിയില്ല എങ്കിൽ പിന്നെ എങ്ങനെയാണ് പ്രപഞ്ചത്തിലെ ഒരു പ്രധാന വിഭാഗമായ കച്ചവടക്കാരെ സന്മാർഗത്തിലേക്ക് എത്തിക്കുവാൻ കഴിയുക. അങ്ങനെ വന്നാൽ പിന്നെ മനുഷ്യകുലത്തെ നന്നാക്കുവാൻ, ലോകത്തിനു മുഴുവനും കാരുണ്യമായി വന്ന എന്നൊക്കെ ഞങ്ങൾക്ക് അങ്ങയെ വിശേഷിപ്പിക്കാൻ കഴിയാതെ വരുമല്ലോ. ഇങ്ങനെ പറഞ്ഞു വരുമ്പോൾ ചില മനസ്സുകളിൽ എങ്കിലും ഒരു സന്ദേഹം ഉയരും എന്ന് ഞങ്ങൾക്കറിയാം. അപ്രകാരം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ജീവിതം കൊണ്ട് കടന്നുചെല്ലുവാൻ നബി തിരുമേനി(സ)യുടെ ജീവിതത്തിന് എങ്ങനെയാണ് കഴിയുക എന്ന സന്ദേഹം. അതിന് കുറച്ചുകാലം കച്ചവടക്കാരനായും കുറച്ചുകാലം അധ്യാപകനായും കുറച്ചുകാലം കർഷകനായും തുടങ്ങി എല്ലാ മേഖലകളിലും ജീവിക്കേണ്ടതായി വരില്ലേ, അത് എളുപ്പമുള്ള കാര്യമാണോ? തുടങ്ങിയ സന്ദേഹങ്ങൾ. ഇതിൻ്റെ മറുപടി അങ്ങ് അല്ലാഹുവിൻ്റെ ദൂതനാണ് എന്നതു മാത്രം മതി. അങ്ങ് അവൻ്റെ ദൂതനായതിനാൽ അങ്ങയുടെ വാക്കും പ്രവർത്തിയും എല്ലാം അവൻ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. നബി സ്വേഷ്ഠപ്രകാരം ഒന്നും സംസാരിക്കുകയില്ല, അദ്ദേഹം സംസാരിക്കുന്നത് എന്തും വെളിപാട് തന്നെയായിരിക്കും എന്ന്. ഈ ഒരു പ്രത്യേക പരിഗണന അങ്ങേക്ക് അല്ലാഹു തരുന്നതിൻ്റെ പിന്നിലുള്ള യുക്തിയും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ അങ്ങേക്ക് എന്തിനെക്കുറിച്ചും സംസാരിക്കാം. ആ സംസാരം അല്ലാഹുവിൽ നിന്നുള്ളതാണ് എന്നത് ഉറപ്പാണ്. ഇങ്ങനെ മനുഷ്യജീവിതത്തിൽ നിറയുന്ന മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അധ്യാപനം. അങ്ങ് നടത്തിയിട്ടുള്ള അധ്യാപനങ്ങളുടെ മട്ടും മാതിരിയും കാണുമ്പോൾ ഞങ്ങളുടെ ഉള്ളകങ്ങൾ പറയുകയാണ്, മനുഷ്യർ കണ്ട ഏറ്റവും മഹാനായ അധ്യാപകൻ കൂടിയായിരുന്നു നബിയേ അങ്ങ് എന്ന്..



സത്യത്തിൽ പ്രവാചകൻ എന്ന നിലക്കുള്ള ദൗത്യം നിർവഹിക്കുവാൻ തന്നെ നബി അങ്ങേക്ക് വേണ്ടിയിരുന്നത് നല്ലൊരു അധ്യാപകൻ ആയിരിക്കുക എന്നതാണല്ലോ. കാരണം പ്രവാചകത്വം പ്രബോധനത്തിനുള്ള ഉത്തരവാദിത്വമാണ്. പ്രബോധനം ചെയ്യുവാൻ ഒരു അധ്യാപകന്റെ കയ്യടക്കത്തോടെ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. അത് എല്ലാ അർത്ഥത്തിലും അങ്ങ് ഉൾക്കൊണ്ടിട്ടുണ്ട് എന്നു ഞങ്ങൾക്കുറപ്പുണ്ട്. കാരണം അന്ന് പറഞ്ഞിട്ടുണ്ടല്ലോ, ‘ഞാനൊരു അധ്യാപകനായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്’ (ഇബ്‌നുമാജ) എന്ന്. അധ്യാപനം രണ്ടു തരത്തിലുണ്ട്. ഒന്ന്, പറഞ്ഞു കൊടുക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നത്. അവിടെ ഗ്രാഹ്യത ഒരു വിഷയമാവില്ല. ഒരർത്ഥത്തിൽ അതൊരു അനുഷ്ഠാനമോ അഭിനയമോ മാത്രമായിരിക്കുകയും ചെയ്യും. മറ്റൊന്ന് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ പഠിതാവിന്റെ ജീവിതത്തിലേക്ക് പകർത്തി ക്കൊടുക്കുക എന്നതാണ്. അറിവിൻ്റെ കൂടെ ധർമ്മ ചിന്തയും സനാതന ബോധവും എല്ലാം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണിത്. ഈ രണ്ടാമത്തേത് ആയിരുന്നു അങ്ങയുടെ അദ്ധ്യാപനം. അങ്ങയുടെ അധ്യയന ഉത്തരവാദിത്വം ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന ധാരാളം സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ ഉണ്ട്. 'അക്ഷര ജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌ക്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍’ (62:02), ”നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിക്കുന്നു. (2:151) തുടങ്ങി ഈ ആശയത്തിലുള്ള നിരവധി സൂക്തങ്ങൾ. ആദ്യത്തെ സൂക്തത്തിൽ 'അവരെ സംസ്കരിക്കുകയും' എന്നുപറഞ്ഞേടത്ത് അങ്ങയുടെ അധ്യാപനത്തിന്റെ മൂല്യവത്തായ സവിശേഷത ഉള്ളടങ്ങിയിരിക്കുന്നു.



ആധുനിക വിദ്യാഭ്യാസ പെഡഗോകികൾക്ക് പോലും കൗതുകമായി തോന്നുന്ന രീതികൾ ആയിരുന്നു ആ അധ്യാപനത്തിൽ ഉണ്ടായിരുന്നത്. അധ്യാപക മനഃശാസ്ത്രം പഠിക്കാനുള്ള സാധ്യതകൾ പോയിട്ട് അത്തരം ഒന്ന് നടപ്പിലുള്ള ഏതെങ്കിലും ഒരു സാഹചര്യത്തിലൂടെ കടന്നു പോവുക പോലും ചെയ്തിട്ടില്ലാത്ത ഒരു അധ്യാപകനാണ് ഈ രീതികൾ അവലംബിച്ചത് എന്ന് പറയുമ്പോൾ ആണ് ഞങ്ങളുടെ ഉള്ളിൽ ഈ അധ്യാപകന് തിളക്കം കൂടുന്നത്. അങ്ങ് ചിലപ്പോൾ ഒരു പ്രധാന വിഷയം പഠിപ്പിക്കുക ചെറിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടായിരിക്കും. ആ ചോദ്യങ്ങളൊന്നും കഴിഞ്ഞ പാഠത്തെ കുറിച്ചുള്ളതല്ല. മറിച്ച് കേൾക്കുന്നവരുടെ ശ്രദ്ധയെ ആകർഷിക്കാൻ വേണ്ടി മാത്രമുള്ളതാണ്. ഹജ്ജിനു പോയപ്പോൾ അറഫയിൽ വെച്ച് അന്ന് അന്ന് അനുയായികളിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് അവരോട് പറയുന്നുണ്ടല്ലോ, ഇത് ഏതാണ് ദിവസം എന്ന് നിങ്ങൾക്കറിയാമോ, ഇത് ഏതാണ് മാസം എന്ന് നിങ്ങൾക്കറിയാമോ? ഇത് ഏതാണ് സ്ഥലം എന്ന് നിങ്ങൾക്കറിയാമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ. ദുൽഹിജ്ജ പത്തിന് അറഫയിൽ എത്തിയ ഹാജിമാരായ അവർക്ക് തീർച്ചയായും ഉത്തരം അറിയുന്ന ചോദ്യങ്ങൾ ആയിരുന്നു അവ ഓരോന്നും. അതിനാൽ അവരുടെ ഉത്തരത്തിന് കാത്തുനിൽക്കാതെ എന്തായിരിക്കും പറയാൻ പോകുന്നത് എന്ന ജിജ്ഞാസയിൽ അവരെ നിർത്തുകയായിരുന്നു അവിടെ അങ്ങ്. എന്നിട്ടാണ് തനിക്ക് പഠിപ്പിക്കാനുള്ള കാര്യം അവരെ പഠിപ്പിച്ചത് പഠിപ്പിച്ചത്. അതിമനോഹരം ആയിരുന്നു ഈ നീക്കം. ആധുനിക വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ഇത്തരം ശ്രദ്ധ ക്ഷണിക്കലുകളെ ഞങ്ങൾ വൈസ് സ്റ്റൈൽ എന്നു പറയുന്നു.



പഠനഭാരം വർദ്ധിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് എക്കാലവും അശാസ്ത്രീയമായി കണക്കാക്കപ്പെടുന്നതാണ്. പോർഷൻ തീർക്കാനുള്ള തത്രപ്പാടിൽ കുട്ടികളുടെ പരിമിതി പരിഗണിക്കാതെ പാഠം ഓടിച്ചു തീർക്കുന്ന രീതി പ്രവാചകാധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി കുറച്ച് കുറച്ച് പഠിപ്പിക്കുക എന്നതാണ് ശരിയായ രീതി. അങ്ങനെ അത് വിദ്യാർഥികൾ നന്നായി മനസ്സിലാക്കുകയും അവരുടെ ഹൃദയത്തിൽ അവ ഉറക്കുകയും ചെയ്തതിന് ശേഷം മാത്രം പുതിയ പാഠഭാഗമെടുക്കുക എന്നതായിരുന്നു ആ കാലത്ത് തന്നെ അങ്ങ് അവലംബിച്ച രീതി. ഇബ്‌നു മസ്ഊദ്(റ) പറയുന്നുണ്ട്: “നമ്മിൽ ഒരാൾ പത്ത് ആയത്തുകൾ പഠിച്ചാൽ, അവയുടെ അർത്ഥം അറിയുകയും അവ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് വരെ അവയെ മറികടക്കാറുണ്ടായിരുന്നില്ല.” അങ്ങയുടെ അധ്യാപനത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു വളരെ പ്രാധാന്യമർഹിക്കുന്ന തത്വങ്ങൾ ബോധന സഹായികൾ ഉപയോഗപ്പെടുത്തി പഠിപ്പിക്കുന്ന രീതി. അതൊന്നും 14 നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ ഒട്ടും ഉണ്ടായിരുന്നില്ല എന്നുകൂടി ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. അത്തരമൊരു രംഗം ജാബിർ (റ) ഞങ്ങളോട് ഇങ്ങനെ പറയുന്നുണ്ട്: “ഞങ്ങൾ പ്രവാചകനോ(സ)ടൊപ്പം ഇരിക്കുകയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മുന്നിൽ ഭൂമിയിൽ ഇതുപോലെ ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇത് സർവ്വശക്തനായ റബ്ബിന്റെ പാതയാണ്. തുടർന്ന് തന്റെ വലതുവശത്ത് രണ്ട് വരകളും ഇടതുവശത്ത് രണ്ട് വരകളും വരച്ചു. എന്നിട്ട് പറഞ്ഞു: ഇത് ശൈത്വാന്റെ പാതകളാണ്. എന്നിട്ട് മധ്യരേഖയിൽ കൈ വെച്ചു കൊണ്ട് ഖുർആനിലെ ഈ വാക്യം പാരായണം ചെയ്തു: “ഇത് എന്റെ നേരായ പാതയാണ്, ഇത് പിന്തുടരുക.മറ്റു പാതകളെ പിന്തുടരരുത് . അവ നിങ്ങളെ അവന്റെ പാതയിൽ നിന്ന് വേർപെടുത്തും.” (6:153) ഒരു സർവ്വകലാശാലയിലെ പ്രൊഫസർ ഗഹനമായ ടെക്നിക്കുകൾ ഗ്രാഫുകൾ വരച്ച് വിരൽ ചൂണ്ടി വിവരിച്ചു കൊടുക്കുന്നതിന്റെ ഒരു രീതിയാണിത്. 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് ഇങ്ങനെ അങ്ങ് മാത്രമേ ചെയ്തിട്ടുള്ളൂ.



ഈ ബോധന സഹായികളിൽ പലപ്പോഴും മനോഹരങ്ങളായ കഥകൾ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ ഓർക്കുന്നു. കഥകളിലേക്ക് ആകൃഷ്ടരാവുകയും അതിൽ ലയിക്കുകയും ചെയ്യുമ്പോൾ ഒരുങ്ങുന്ന പശ്ചാത്തലത്തെ ഉപയോഗപ്പെടുത്തി അങ്ങ് വലിയ വലിയ തത്വങ്ങൾ പഠിപ്പിക്കുമായിരുന്നു. ദാഹിക്കുന്ന നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ വ്യഭിചാരിയായ ഒരു സ്ത്രീ സ്വർഗ്ഗത്തിൽ കടന്ന കഥയും പൂച്ചയെ കെട്ടിയിട്ടതിന്റെ പേരിൽ നരകത്തിൽ കടക്കേണ്ടി വന്ന മറ്റൊരാളുടെ കഥയും എല്ലാം അതിൻ്റെ ഉദാഹരണങ്ങളാണ്. പഠിതാവിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഏതൊരു വിദ്യാഭ്യാസ പ്രക്രിയയുടെയും വിജയത്തിൻ്റെ രഹസ്യമാണ് എന്ന് ഞങ്ങളുടെ പുതിയ ഗവേഷണങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇപ്പോൾ ഞങ്ങളുടെ കാലത്ത് ഈ തത്വം പരിഗണിക്കപ്പെടുന്നത് വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്. പക്ഷേ അങ്ങ് ആത്മാർത്ഥതയോടെ അത്തരത്തിലുള്ള രീതികൾ തന്റെ അധ്യാപനത്തിൽ അവലംബിക്കുമായിരുന്നു. ഈമാനും ഇസ്ലാമും ഇഹ്സാനുമെല്ലാം പഠിപ്പിക്കാൻ വേണ്ടി വന്ന ജിബിരീലിന്റെ അധ്യാപന അനുഭവത്തിൽ ജനങ്ങളുടെ മുമ്പിൽ വച്ച് ഉത്തരങ്ങൾക്ക് 'ശരിയാണ്' എന്ന് പറയുന്ന ആ രീതി മാത്രം മതിയല്ലോ അതിനു മതിയായ ഉദാഹരണമായിട്ട്. ഈ പ്രോത്സാഹനങ്ങളുടെ ഗണത്തിൽപ്പെട്ട മറ്റൊരു കാര്യമാണ്
പഠിതാവിന്റെ പേര് വിളിക്കുക എന്നത്.
വിദ്യാര്‍ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അധ്യാപകന്റെ മനസ്സില്‍ അവന് സ്ഥാനമുണ്ടെന്ന് അവനെ ധരിപ്പിക്കാനും, അതുവഴി നല്ല ആത്മബന്ധം നിലനിര്‍ത്താനും ഇത് അനിവാര്യമാണ്. പത്‌നി ആഇശാ(റ)യെയും പിതൃ സഹോദരന്‍ അബ്ബാസി(റ)നെയും ചില കാര്യങ്ങൾ പഠിപ്പിക്കുന്നതിന്റെ ആമുഖമായി അങ്ങ് അകലെ പേരെടുത്തു വിളിച്ചിരുന്നു. ഉബയ്യുബ്‌നു കഅ്ബി(റ)നെ അബൂമുന്‍ദിര്‍ എന്നാണ് അവിടുന്ന് വിളിച്ചത്. ‘അബൂദര്‍റ്! നീ കറി പാകം ചെയ്താല്‍ അതില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍ക്കാരനുമായി ബന്ധം ചേര്‍ക്കുക’ എന്ന് പറഞ്ഞ സംഭവം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ ഉണ്ട്. ഇബ്നു അബ്ബാസ്(റ)വിനെപ്പോലെ വളരെ അടുത്ത വരെ സ്നേഹ മസൃണമായി 'മോനേ' എന്ന് വിളിച്ച് പഠിപ്പിക്കുന്ന പതിവും ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.



ആംഗ്യങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതും ആ അധ്യാപനത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്.
ഭാഷേതര ആശയവിനിമയത്തില്‍ പെട്ടതാണ് ശരീരഭാഷകള്‍. ശരീരഭാഷകള്‍ അധ്യാപനത്തിന് സഹായകമേകുന്നു. ആംഗ്യങ്ങള്‍, കണ്ണിന്റെ നോട്ടം, മുഖഭാവ പ്രകടനം, ശരീരചലനം, നില്പിന്റെ രീതി, കൈകാലുകളുടെ ചലനം മുതലായവ ആശയവിനിമയത്തിന്റെ ശക്തമായ ഭാഷകളാണ്.വിഷയങ്ങള്‍ അനുചരര്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ അങ്ങ് കൈവിരല്‍കൊണ്ട് ആംഗ്യം കാണിക്കുമായിരുന്നു. തിരു ചൂണ്ടുവിരലും നടുവിരലും കൂട്ടിവെച്ച് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ‘ഞാനും അനാഥസംരക്ഷകനും സ്വര്‍ഗത്തില്‍ തൊട്ടടുത്തായിരിക്കും’ എന്ന് പറഞ്ഞത് ഞങ്ങളുടെ മനോമുകരങ്ങളിൽ മായാതെ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് കൈവിരല്‍ അടുത്ത് ചേര്‍ത്തുവെച്ചുകൊണ്ട് ”ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് അന്ത്യനാളിനോട് ഇത്ര അടുത്താണ്”
(ബുഖാരി) എന്ന് പറയുമ്പോൾ ആ ആംഗ്യം ഞങ്ങളെ വലിയൊരു തത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
കൈവിരലുകള്‍ പരസ്പരം കോര്‍ത്തുകാണിച്ചുകൊണ്ട് ”ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്. അത് അന്യോന്യം ശക്തിപകരുന്നു” (ബുഖാരി) എന്ന് പറയുമ്പോൾ ആ ആംഗ്യവും ഭാവവും മാത്രം ആശയ കൈമാറ്റത്തിന് മതിയാവാൻ പോന്നതാകുമായിരുന്നു. പുതിയ കാലത്തിൻ്റെ മാറ്റത്തിൽ പരിമിതി ഉണ്ടെങ്കിലും അങ്ങ് പഠിതാക്കളുടെ കയ്യില്‍പിടിച്ചും ചുമലില്‍തൊട്ടും ശിരസ്സ് തടവിയും ശിക്ഷണം നല്‍കിയിരുന്നു. അതു പക്ഷേ തെറ്റായ അർത്ഥങ്ങളിലേക്ക് ഒരിക്കലും കടക്കുമായിരുന്നില്ല എന്ന് ഞങ്ങൾക്കറിയാം. അബൂഹുറയ്‌റ(റ)യുടെ കൈ പിടിച്ചുകൊണ്ട് അന്ന് തബുക്കിൽ വെച്ച് അഞ്ച് കാര്യങ്ങള്‍ എണ്ണി പഠിപ്പിച്ചുകൊടുത്തതായി തിര്‍മിദിയുടെ ഹദീസിലുണ്ടല്ലോ. മറ്റൊരിക്കല്‍ അബ്ദുല്ലാഹിബ്ന്‍ ഉമറിന്റെ(റ) ചുമലില്‍ കയ്യിട്ട് കൊണ്ട് സ്‌നേഹത്തോടെ വലിയ പല തത്വങ്ങളും പഠിപ്പിച്ചത് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമസ്‌കാര വിഷയത്തില്‍ മാത്രമാണ് കുട്ടികളെ അടിക്കന്‍ അങ്ങ് നിര്‍ദേശിച്ചിട്ടുള്ളത്. പഠിപ്പിക്കാൻ വേണ്ടി ശിക്ഷാ മുറകൾ കൈക്കൊള്ളുന്നതിനെ താങ്കൾ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി കാണുക വിരളമാണ്.



പഠിതാക്കളെ അനുമോദിക്കുക എന്നതും ശ്ലാഘിക്കുക എന്നതും ഏറ്റവും അങ്ങയുടെ അദ്ധ്യായന രീതികളിൽ ശ്രദ്ധേയമായ രീതികളാണ്. അതുവഴി അധ്യാപകൻ വിദ്യാർത്ഥിയുടെ മനസ്സിലും വിദ്യാർത്ഥി അധ്യാപകന്റെ മനസ്സിലും സ്ഥാനം നേടുന്നു എന്നാണ്. ഇക്കാര്യത്തിൽ അവിടുന്ന് ഒരു പിശുക്കും കാണിക്കുമായിരുന്നില്ല. തൻ്റെ മുമ്പിൽ വെച്ച് ഖുര്‍ആന്‍ നല്ല രീതിയില്‍ ഓതിയ സ്വഹാബിമാരെ പ്രശംസിച്ചതായി എത്രയോ ഹദീസുകളിലുണ്ട്. അന്നിസാഅ് അധ്യായത്തിന്റെ ഭംഗിയായ ഓത്ത് കേട്ട നബി അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)നെ അന്ന് അങ്ങ് പ്രോത്സാഹിപ്പിച്ചതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഹദീസിൽ ഉണ്ടല്ലോ. അബൂമൂസല്‍ അശ്അരി(റ)യുടെ ഖുര്‍ആന്‍ പാരായണം ശ്രദ്ധാപൂര്‍വം കേട്ട് അതിന്റെ ഭംഗി ആസ്വദിക്കവെ അദ്ദേഹത്തെ ”നിന്റെ പാരായണത്തിന് ദാവൂദ് കുലത്തിന്റെ സങ്കീര്‍ത്തന ഗീതത്തിന്റെ ഈണം നല്‍കപ്പെട്ടിരിക്കുന്നു” (ബുഖാരി, മുസ്‌ലിം) എന്നു പറഞ്ഞു അഭിനന്ദിച്ചത് ഞങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. യമനില്‍ നിന്ന് വന്ന സംഘത്തോടൊപ്പം അബൂ ഉബൈദ(റ)യെ അയച്ചപ്പോള്‍ അദ്ദേഹത്തിന്റെ കരം പിടിച്ച് അങ്ങ് പറഞ്ഞിരുന്നുവല്ലോ: ”ഇദ്ദേഹം ഈ സമുദായത്തിന്റെ വിശ്വസ്തനാണ്” എന്ന് മറ്റൊരിക്കല്‍ ഉബയ്യ്ബ്ന്‍ കഅ്ബി(റ)നോട് അങ്ങ് പറഞ്ഞു: ”വിജ്ഞാനം താങ്കള്‍ക്ക് സന്തോഷം പ്രദാനം ചെയ്യട്ടെ!” ഉഹ്ദ് യുദ്ധവേളയില്‍ സൈദ് ബിൻ അബീ വഖാസി(റ)നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു: ”താങ്കള്‍ ശരമെയ്യൂ! എന്റെ മാതാപിതാക്കള്‍ക്ക് ദണ്ഡമാണ്” എന്ന്. ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല” (3:92) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെയടിസ്ഥാനത്തില്‍ അബൂത്വല്‍ഹാ(റ) അന്ന് തന്റെ ഈത്തപ്പനത്തോട്ടമായ ‘ബയ്‌റുഹാ’ ദാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അങ്ങ് 'മതി, മതി' എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.



ഇങ്ങനെയെല്ലാം ലോകം കണ്ട ഏറ്റവും നല്ല മാതൃകാ അധ്യാപകൻ കൂടിയായിരുന്ന അങ്ങേക്ക് അനന്തമായ സ്വലാത്തുകളും സലാമുകളും പെയ്തുകൊണ്ടേയിരിക്കുമാറാകട്ടെ.
o





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso