Thoughts & Arts
Image

കുടുംബ വൃക്ഷത്തിൻ്റെ വലിയ തണൽ

14-09-2024

Web Design

15 Comments





ടി എച്ച് ദാരിമി



മനുഷ്യരെ കുടുംബങ്ങളും വംശങ്ങളും ആക്കി എന്നത് അല്ലാഹു തൻ്റെ അനുഗ്രഹമായി വിശുദ്ധ ഖുർആനിൽ എടുത്തു പറയുന്നുണ്ട്. അതിൻ്റെ വിശദമായ ആശയം വലിയ സാമൂഹ്യപാഠങ്ങളിലേക്ക് കടന്നു പോകുന്നതാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒരു കുടുംബമായി ഒരു കൂട്ടം ആൾക്കാർ ജീവിക്കുമ്പോൾ അവരുടെ പുകളുകൾ ചരിത്രമായി മാറുന്നു എന്നത്. അതായത് കുടുംബം എന്ന സംവിധാനത്തിന് വിധേയമായി ജീവിക്കുമ്പോൾ അതിനുള്ളിലെ ഓരോ ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളും രേഖയും പ്രമാണവും ചരിത്രവും എല്ലാം ആയി മാറുന്നു. കുടുംബ ബന്ധങ്ങൾ ഇല്ലാതിരിക്കുന്ന ഒരു കാലത്തെക്കുറിച്ച് ആലോചിച്ചു നോക്കിയാൽ നമുക്ക് ഇത് വേഗം മനസ്സിലാവും. കാരണം കുടുംബങ്ങൾ, വംശങ്ങൾ എന്നൊക്കെയുള്ള അതിർവേദികളും വരമ്പുകളും ഇല്ലെങ്കിൽ പിന്നെ മുമ്പിൽ ഉണ്ടാവുക വിശാലമായ ഒരു മനുഷ്യക്കടലാണ്. ആ കടലിൽ ഒന്നിനും പ്രത്യേകതയും പ്രാധാന്യവും ലഭിക്കുകയില്ല. ഏതെങ്കിലും ഒരാൾ ഏതെങ്കിലും നന്മയോ ശ്രദ്ധിക്കപ്പെടേണ്ട കാര്യമോ ചെയ്തിട്ടുണ്ട് എങ്കിൽ തന്നെ അത് അപ്പോൾ ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ കുറച്ചു സമയം ആരെങ്കിലും ഒക്കെ ഓർത്തു എന്ന് വരാം. പക്ഷേ, ഇതിനെ ഒരു ഓർമ്മയായി സൂക്ഷിക്കണമെന്നും അതിനുവേണ്ടി അതിനെ ചരിത്രവൽക്കരിക്കേണ്ടത് ഉണ്ട് എന്നും ഒന്നും ആരും ചിന്തിച്ചു കൊള്ളണമെന്നില്ല. അതിനാൽ കുടുംബം എന്ന ആശയം മനുഷ്യന് നൽകിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ദാനമാണ് മനുഷ്യൻ്റെ ചരിത്രം എന്നത്. അതിൻ്റെ ഇടയിൽ മനുഷ്യൻ്റെ വിവിധ ജീവിത മേഖലകളെ കൈകാര്യം ചെയ്യുന്ന അധ്യായങ്ങളും ഉണ്ട്. മനുഷ്യൻ്റെ രാഷ്ട്രീയം, മനുഷ്യൻ്റെ വ്യാപാരം, മനുഷ്യൻ്റെ ഇടപാടുകൾ തുടങ്ങിയ നീണ്ട പട്ടികയാണത്. അതൊക്കെയും അവിടങ്ങളിൽ ചരിത്രമാകുന്നത് ആ പേരിൽ കുറച്ച് ആൾക്കാർ വേറിട്ട അടയാളപ്പെടുത്തിയത് കൊണ്ടാണ്. നമ്മുടെ ചർച്ചയിലും ചിന്തയിലും കുടുംബം എന്ന പേരിൽ കുറെ ആൾക്കാരെ വേറിട്ട് അടയാളപ്പെടുത്തുകയാണ്. അങ്ങനെ വരുമ്പോൾ ആ ശീർഷകത്തിന്റെ ചുവട്ടിൽ വരുന്ന ആൾക്കാരുടെ വിഷയങ്ങളും വിശേഷങ്ങളും അവർ ചെയ്ത പ്രത്യേക കാര്യങ്ങളും സംരക്ഷിക്കപ്പെടും. അതാണ് സത്യത്തിൽ ഇത്തരം ശ്രമങ്ങളുടെ ഏറ്റവും മഹത്തായ നല്ല വശം. നമ്മുടെ തയ്യിൽ കുടുംബത്തിൽ പ്രത്യേകത കൽപ്പിക്കപ്പെടുന്ന രൂപത്തിലും രീതിയിലും ജീവിക്കുകയോ ശ്രദ്ധ നേടുകയോ ചെയ്യുന്ന ആൾക്കാരുടെ ചരിത്രങ്ങൾ നാം സൂക്ഷിക്കുമ്പോൾ നമുക്ക് തന്നെ ചരിത്രപരമായ ഒരു സമ്പന്നത ഉണ്ടാകുന്നു. അത്തരം ഏറെ പ്രതീക്ഷ പുലർത്തുന്ന ഒരു കുടുംബമാണ് തയ്യിൽ കുടുംബം. കാരണം അതിൻ്റെ വേരുകൾ ഒരുപാട് ഒരുപാട് താഴേക്ക് ഇറങ്ങി അകലുന്നുണ്ട്.



നമുക്ക് മുമ്പിൽ പ്രത്യക്ഷവും പ്രകടവുമായ ഒരുപാട് തെളിവുകൾ ഉണ്ട്. അവയിൽ ഒന്നാണ്, കേരളത്തിൽ അങ്ങോളം ഇങ്ങോളം ചിതറി കിടക്കുന്ന തയ്യൽ കുടുംബങ്ങൾ. കേരളത്തിൻ്റെ ഏതാണ്ട് എല്ലാ ഭാഗത്തും തയ്യിൽ കുടുംബങ്ങൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. ഇവരെല്ലാം അറേബ്യയിൽ നിന്ന് വന്നവരാണ് എന്നോ ഹാത്തിമുത്തായി എന്ന അറബ് ഉദാരതന്റെ പിൻതലമുറക്കാരാണ് എന്നൊന്നും ആധികാരിക ചരിത്രത്തിന്റെ വെളിച്ചത്തിൽ സ്ഥാപിക്കാൻ കഴിയില്ല. അങ്ങനെ പലതും നമുക്ക് അവകാശപ്പെടാം എന്ന് മാത്രം. നിലവിൽ കേരളത്തിലെ തയ്യിൽ കുടുംബങ്ങളുടെ ആവാസം പരിശോധിച്ച് നോക്കുമ്പോൾ മനസ്സിലാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തയ്യിൽ കുടുംബത്തിലെ മഹാഭൂരിഭാഗം വരുന്ന ജനങ്ങളും മുസ്ലിംകൾ ആണെങ്കിലും മുസ്ലിംകൾ അല്ലാത്തവരും അവരുടെ കൂട്ടത്തിൽ കാണുന്നുണ്ട് എന്നതാണ്. ഇത് ഞാൻ പറഞ്ഞു വരുന്ന വിഷയത്തിന് ഒരിക്കലും പ്രതികൂലമല്ല. തികച്ചും അനുകൂലം തന്നെയാണ്. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ഉത്സവത്തിന് നാന്ദി കുറിക്കപ്പെടുന്നത് തയ്യിൽ കുടുംബത്തിൻ്റെ വീട്ടിൽ നിന്നാണ് എന്ന് ആധികാരികമായ ചരിത്രങ്ങളിൽ ഉണ്ട്. ഇങ്ങനെ മുസ്ലീങ്ങളും അല്ലാത്തവരും കുടുംബത്തിൽ ഉണ്ട് എന്ന് പറയുമ്പോൾ അത് വിരൽ ചൂണ്ടുന്നത് കുടുംബത്തിൻ്റെ പഴമയിലേക്കാണ്. അതായത് ഇസ്ലാമിക സന്ദേശം കേരളത്തിൽ വരുന്നതിന് മുമ്പ് തന്നെ തയ്യിൽ എന്ന താഴ്വഴി ഇവിടെ ഉണ്ടായിരുന്നു എന്നർത്ഥം. ഒരുപക്ഷേ ഏതെങ്കിലും ഒരു കണ്ണി തുടക്കത്തിൽ കേരളത്തിലോ മലബാറിലോ എത്തുകയും അയാളിലൂടെ ഇസ്ലാം മത പ്രചരണം നടക്കുകയും അയാളിലൂടെ ഇസ്ലാമിലെ ത്തിച്ചേർന്ന കുടുംബങ്ങൾ അയാളെ സംരക്ഷിക്കുകയും സ്വന്തം കുടുംബാംഗമായി കരുതുകയും ചെയ്തിരിക്കാം. അങ്ങനെയായിരിക്കാം മുസ്ലിം കുടുംബങ്ങളിലേക്ക് തയ്യിൽ കുടുംബത്തിൻ്റെ വേരുകൾ നീണ്ടു വരുന്നത്. അത്തരം സാധ്യതകൾ ഒക്കെ ഉള്ള ഒരു കാലമായിരുന്നു അത് മാത്രമല്ല ഒരാൾ സ്വന്തം ഇഷ്ടപ്രകാരം സന്തോഷത്തോടു കൂടെ ഏതെങ്കിലും ഒരു മതത്തിലേക്ക് ചേരുന്നതിനെ ആരും ഒരു കുറ്റമായി കാണുമായിരുന്നില്ല. അവിടെ നിന്നിങ്ങോട്ട് പിന്നീട് ഇസ്ലാം ലയിച്ച കുടുംബം, ലയിക്കാത്ത കുടുംബം എന്നിങ്ങനെ രണ്ട് കൈവഴികൾ ഉണ്ടായിയിരിക്കാം. ഇപ്പോൾ നാം കാണുന്ന അവസ്ഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് ഇസ്ലാമിക ആഗമനത്തിന്റെയും മുമ്പ് കുടുംബം എന്ന വികാരത്തോടു കൂടെ ജീവിച്ചിരുന്ന തയ്യിൽ കുടുംബക്കാർ ഇവിടെ ഉണ്ടായിരുന്നു എന്നതാണ്. അവരിൽ ചിലരൊക്കെ മുസ്ലിംകളായി മാറി. മറ്റു ചിലരാവട്ടെ മതം മാറാൻ ഒന്നും തയ്യാറായില്ല. അങ്ങനെയാണ് രണ്ടുതരം കയ്യിൽ ഇവിടെ ഉണ്ടായത്.



ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അന്നൊക്കെയും അവരുടെ പേരുകൾ തയ്യിൽ എന്നായിരുന്നു എന്നതാണ്. പിന്നീട് ചില പ്രദേശങ്ങളിൽ താമസിക്കുന്ന സ്ഥലത്തെ പ്രത്യേകം സൂചിപ്പിക്കുവാൻ വേണ്ടി തയ്യിൽ എന്നതിന് മറ്റു ചില പ്രാദേശിക വാലറ്റങ്ങൾ വന്നതായും കാണുന്നുണ്ട്. ഇതിൽനിന്ന് ചരിത്രകാരന്മാർക്ക് മനസ്സിലാക്കാനുള്ള മറ്റൊരു സത്യം, പുതിയ പ്രദേശങ്ങളിൽ എത്തുകയും പുതിയ സെറ്റിൽമെന്റുകൾ സ്ഥാപിതമാവുകയും ചെയ്തപ്പോഴും അവർ തങ്ങളുടെ തയ്യിൽ എന്ന അടിസ്ഥാന ഐഡൻറിറ്റി കൈവിടാൻ തയ്യാറായില്ല എന്നതാണ്. അത് അവർക്ക് അവരുടെ സ്വന്തങ്ങളോടും ബന്ധങ്ങളോടുമുള്ള സ്നേഹം, വിധേയത്വം, പരിഗണന തുടങ്ങിയവ അടയാളപെടുത്തുന്നു. അതോടെ വളരെ പഴയ കാലം തൊട്ട് തന്നെ തയ്യിൽ കുടുംബം ഇവിടെ ഉണ്ട് എന്നും അവർ കുടുംബം എന്ന വികാരത്തെ വേണ്ടവിധം ഓമനിക്കുന്നവരും പരിലാളിക്കുന്നവരും എല്ലാമായിരുന്നു എന്നും വ്യക്തമാകും. ഇത്തരം പരിഗണനകളും പരിലാളനകളും തയ്യിൽ കുടുംബത്തിൻ്റെ വളർച്ചയെ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തികമായ നിലവാരത്തിലും തയ്യിൽ കുടുംബാംഗങ്ങൾക്കിടയിൽ രണ്ടുതരം അവസ്ഥയുണ്ട്. അവരിൽ പാവപ്പെട്ടവരും പണക്കാരും ഉണ്ട്. പാവപ്പെട്ടവർക്ക് പറ്റിയതെന്താണ് എന്നതിനെക്കുറിച്ച് നമുക്ക് ആലോചിച്ച് ഒരു നിഗമനത്തിൽ എത്താൻ കഴിയുകയില്ല. അതേസമയം പണക്കാർ എന്തുകൊണ്ട് പണക്കാരായി എന്നതിനെക്കുറിച്ച് ചില ധാരണകൾ എങ്കിലും മെനഞ്ഞടുക്കാൻ നമുക്ക് കഴിഞ്ഞേക്കും. അത് അവർ സ്ഥിരോൽസാഹികളും ഊർജ്ജസ്വലരും ആയിരുന്നു എന്നതാണ്. പണമുണ്ടാകുക അപ്പോഴാണ്. അതേസമയം ഉണ്ടായ പണം നഷ്ടപ്പെടുന്നതും അനുഗ്രഹീതമല്ലാതെയായി പോകുന്നതും മറ്റു കാരണങ്ങളാൽ ആയിരിക്കാം. ചുരുക്കത്തിൽ നമ്മുടെ പൂർവികർ അധ്വാനികളും സമർഥരുമായിരുന്നു. അധ്വാനികളും സ്ഥിരോൽസാഹികളുമായിരുന്ന ഒരു തലമുറയുടെ അനന്തരാവകാശികളാണ് നാം എന്നത് നമ്മുടെ അഭിമാനമാണ്.



എന്നുവെച്ച് ഇന്നത്തേത് പോലെ കുടുംബസംഗമം കമ്മിറ്റികളോ സംവിധാനങ്ങളോ എല്ലാ കാലത്തും തയ്യിൽ കുടുംബത്തിനുണ്ടായിരുന്നു എന്ന് ഇതിനർത്ഥമില്ല. കുടുംബ സംഗമം എന്ന ആശയം വളരെ അടുത്ത കാലത്താണ് നമ്മുടെ സമൂഹത്തിൽ എത്തിച്ചേരുന്നത് തന്നെ. അക്കാലത്ത് പരസ്പരം ബന്ധപ്പെടാൻ ഇന്നു പ്രചാരത്തിലുള്ള ഒരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. പക്ഷെ, ബന്ധങ്ങൾ സജീവവും ഊഷ്മളവും ആയിരുന്നു. ഇത്രതന്നെ ജനപ്പെരുപ്പം ഉണ്ടായിരുന്നില്ല എന്നതാണ് അതിൻ്റെ മറ്റൊരു കാരണം. മറ്റൊരു കാരണം കുടുംബം എന്ന വികാരം അവർ ജീവിതത്തിൽ കണിശമായി പുലർത്തിയിരുന്നു എന്നതാണ്. എന്തെങ്കിലും ഒരു പരിപാടിയോ ആണ്ടറുതിയോ ആഘോഷമോ ഉണ്ടായാൽ തൻ്റെ കുടുംബത്തിലെ എല്ലാവരെയും അറിയിക്കുക എന്നതും എല്ലാവരും ആ ക്ഷണം സ്വീകരിച്ച് ഒരുമിച്ചു കൂടുക എന്നതും അക്കാലത്ത് നിലനിന്നിരുന്നു. എന്നാൽ പുതിയകാലത്ത് ഒരു വശത്ത് ജനസാന്ദ്രത വർദ്ധിക്കുകയും മറുവശത്ത് മനുഷ്യൻ്റെ ആഗ്രഹങ്ങളും ആർത്തികളും പ്രത്യേക രൂപം പ്രാപിക്കുകയും ചെയ്തതോടെ എല്ലാകാര്യത്തിലും മാറ്റങ്ങൾ വന്നു. കുടുംബ ബന്ധങ്ങൾ പുലർത്തുന്നതിൽ നിഷ്കളങ്കത പരിഷ്കാരത്തിന് വഴിമാറിയിരിക്കുകയാണ്. ഇപ്പോൾ കുടുംബ ബന്ധങ്ങൾ പുലർത്തുന്നത് ഓരോ കുടുംബത്തിന്റെയും കഴിവും ഫാഷനും ഭൗതിക സൗകര്യങ്ങളും എല്ലാം കാണിക്കുവാൻ വേണ്ടി മാത്രമായി മാറിയിരിക്കുന്നു. അതിനിടയിലാണ് സോഷ്യൽ മീഡിയ വളരെ സജീവമായത്. അതോടെ ബന്ധങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. ഇപ്പോൾ ഏതാണ്ട് എല്ലാ കുടുംബങ്ങൾക്കും കൂട്ടായ്മകളും അതിൻ്റെ ആണ്ടറുതികളും ആഘോഷങ്ങളും എല്ലാം സജീവമാണ്. ഏതായാലും പുതിയ കാലം ഇങ്ങനെ ഒരു വേദി തുറന്നിട്ടതുകൊണ്ട് വിശാലമായ അർത്ഥത്തിൽ കുടുംബങ്ങളെ സംഘടിപ്പിക്കാൻ കഴിയുന്നു എന്നത് വലിയൊരു ഭാഗ്യമാണ്. ആ കാര്യത്തിൽ ഏറ്റവും വലിയ ഭാഗ്യം ചെയ്ത ഒരു കുടുംബമാണ് തയ്യിൽ കുടുംബം. ഇപ്പോൾ എത്ര അകലത്ത് ആണെങ്കിലും നമ്മുടെ ബന്ധങ്ങൾ സജീവമാണ്. അതിലൂടെ നാം അറിയുന്ന ഒരു വലിയ വ്യക്തിത്വമാണ് മർഹൂം തയ്യിൽ സെയ്താലി മുസ്ലിയാർ (ന. മ).



വ്യക്തിപരമായി എനിക്ക് അദ്ദേഹവുമായി അടുത്ത പരിചയം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഞങ്ങളുടെ പ്രദേശങ്ങൾ പരസ്പരം അത്ര അകന്നാണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ, ഈ ഓർമ്മകൾ വീണ്ടും പൊടിതട്ടിയെടുത്ത് കുടുംബത്തിൻ്റെ മനസ്സുകളിലേക്ക് എത്തിക്കുവാൻ നമ്മുടെ സഹോദരങ്ങൾ നടത്തുന്ന ഈ ശ്രമം വഴി എനിക്ക് അദ്ദേഹത്തെ കുറിച്ചു വായിച്ചറിയുവാൻ കഴിഞ്ഞു. എല്ലാവർക്കും ഉണ്ടാകുന്നതുപോലെ വലിയ അത്ഭുതമാണ് എനിക്കും ഉണ്ടായത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി ജീവിച്ചു കടന്നുപോയ അദ്ദേഹത്തിൻ്റെ പല ചരിത്ര കാഴ്ചകളും എന്നിൽ വലിയ കൗതുകം ജനിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ഞാൻ അതിലൂടെ കാണുന്നത് അദ്ദേഹം തൻ്റെ കാലഘട്ടത്തോട് പരിപൂർണ്ണമായ നീതി കാണിച്ചു എന്നതാണ്. നാം എപ്പോഴും അങ്ങനെയായിരിക്കണം എന്ന പാഠം അതിലുണ്ട്. അതായത് നമ്മൾ ഒരു നാട്ടിൽ ഒരു കാലഘട്ടത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യണം എന്നത് അല്ലാഹുവിൻ്റെ നിശ്ചയമാണ്. അവൻ അങ്ങനെ നിശ്ചയിക്കുന്നത് ആ കാലത്തും ആ സ്ഥലത്തും നമ്മെക്കൊണ്ട് ചില ദൗത്യങ്ങൾ നിർവഹിപ്പിക്കുവാൻ വേണ്ടിയാണ്. എന്നിരിക്കെ നാം ഒന്നും ചെയ്യാതെ ഒന്നിലും ഇടപെടാതെ അങ്ങനെ ജീവിച്ചു പോകുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല. മർഹൂം സെയ്താലി മുസ്ലിയാർ നാം വായിച്ചത് അനുസരിച്ച് തൻ്റെ ബാല്യകാലം പഠനത്തിനു വേണ്ടി നിയോഗിച്ചു. ബാല്യ-കൗമാര കാലങ്ങൾ പഠനത്തിനുള്ളതാണ്. അത് അതിലേക്ക് തന്നെ തിരിച്ചു വിടണം. കുറെക്കാലം നമ്മുടെ ജനത തന്നെ 'പഠിച്ചിട്ടൊക്കെ എന്താ' എന്ന് ചോദിച്ചിരുന്നു. അതിന്റെ തിക്തഫലം നാം ഇപ്പോൾ കാണുന്നുണ്ട്. ഗൾഫ് നാടുകളിൽ പോയി വിവിധ ജോലികൾ ചെയ്തോ സ്വന്തം മണ്ണിൽ തന്നെ കൃഷി ചെയ്തോ ഒക്കെ പണക്കാരായവർ ഉണ്ടാവാം. പക്ഷേ, അതൊക്കെ ചില ഭാഗ്യങ്ങൾ മാത്രമാണ്. കാലികമായി മനുഷ്യത്വത്തിനും സമ്പത്തിനും ഒരേ അനുപാതത്തിലുള്ള വളർച്ചയുണ്ടാവണമെന്നുണ്ടെങ്കിൽ അതിന് കൃത്യമായ കാലത്ത് തന്നെ കൃത്യമായ വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ആ കാലത്തെ സാഹചര്യമനുസരിച്ച് മതപരമായ വിദ്യാഭ്യാസമാണ് പ്രധാനമായും കൈനീട്ടി എത്തിപിടിക്കാൻ കഴിയുന്ന ദൂരത്ത് ഉണ്ടായിരുന്നത്. അത് അദ്ദേഹം നേടി. അത് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ എങ്കിലും അദ്ദേഹം നേടിയതിൽ നിന്ന് തൻ്റെ ലോകത്തിൻ്റെ വളർച്ചയിലേക്ക് പകരുവാനും പടരുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്ന കൗതുകം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നാം കാണുന്നുണ്ട്. അദ്ദേഹം ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി പ്രചോദനം നൽകുകയും ചെയ്തു എന്നതാണ് അടിവര ഇടേണ്ടത്. ഒരുപക്ഷേ അദ്ദേഹത്തെ പോലുള്ള മതപണ്ഡിതന്മാർ എല്ലാവരും ഒത്തുപിടിച്ച് ലഭ്യമായ എല്ലാ വിദ്യാഭ്യാസങ്ങളിലേക്കും സമൂഹത്തെയും സമുദായത്തെയും അന്ന് വളർത്തിയിരുന്നുവെങ്കിൽ ഇന്നത്തെ സാമൂഹ്യവും സാമുദായികവുമായ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.



പലപ്പോഴും ചരിത്രകാരന്മാർ പറയാറുണ്ട്, ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം നിന്നവരാണ് മുസ്ലീംങ്ങൾ എന്ന്. അതിൻ്റെ വിശദീകരണം ഇതാണ്. അതാത് കാലങ്ങളിൽ പറയേണ്ടവരും പ്രോത്സാഹിപ്പിക്കേണ്ടവരും ഭൗതിക ലോകത്തിൻ്റെ വളർച്ചയിലേക്ക് സമുദായത്തെ വളർത്തുന്നത് തീരെ പണി പരിഗണിച്ചതേയില്ല. അതുകൊണ്ട് നാം ഏറെ പിന്നിലായി. ഈ പിന്നോക്കാവസ്ഥയിൽ ചെറുതെങ്കിലും ആയി പിടിച്ചുനിൽക്കാൻ കഴിഞ്ഞത് മർഹും സൈതാലി മുസ്ലിയാരെപ്പോലെയുള്ള മഹാമനീഷികളുടെ സേവനങ്ങൾ കാരണമാണ്. ഇത് പറയുമ്പോൾ നാം ചേർത്തു വായിക്കേണ്ട പല പ്രമുഖരും നമ്മുടെ കുടുംബത്തിൽ ഉണ്ടായിട്ടുണ്ട്. ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും ഓരോ തലമുറയിലും നമ്മളിൽ പ്രതിഭകൾ ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ്. ഇത്തരം ഏറ്റവും കുറഞ്ഞത് പത്തു മഹാപ്രതിഭകളെ എങ്കിലും എനിക്ക് ഓർമ്മയുണ്ട്. അവരുടെ എല്ലാം മേഖലകൾ പലപ്പോഴും വ്യത്യസ്തമാണ്. ചിലർ മതപണ്ഡിതന്മാർ ആണ്. ചിലർ ഭൗതിക പണ്ഡിതന്മാരാണ്. ചിലർ പ്രൊഫഷനലുകളാണ്. മറ്റു ചിലരാവട്ടെ സാമൂഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വരാണ്. ഇങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു രീതിയിലേക്ക് വളരുവാൻ കുടുംബത്തിന് കഴിഞ്ഞത് ഞാൻ മനസ്സിലാക്കുന്നത് ആമുഖത്തിൽ പറഞ്ഞ സ്ഥിരോൽസാഹവും മറ്റും കാരണത്താലാണ്. ഇപ്പോൾ കാലവും രീതിയും എല്ലാം മാറി വന്നിരിക്കുന്നു. അതിനാൽ നമുക്ക് സ്വയം വളരുവാനും നമ്മുടെ അടുത്ത തലമുറയെ വളർത്തിയെടുക്കുവാനും നാം തീർച്ചയായും പുതിയ രീതിശാസ്ത്രങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അത് ഇനി ചെയ്യേണ്ടത് നമ്മുടെ കൂട്ടായ്മയാണ്. ഇങ്ങനെയെല്ലാം അടുത്ത തലമുറയെ പ്രചോദിപ്പിക്കുക എന്നതാണ്, അല്ലെങ്കിൽ അവേണ്ടതാണ് നമ്മുടെ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. അത് നിർവഹിക്കേണ്ടത് നമ്മളൊക്കെ തന്നെയാണ്. അതിനുവേണ്ടി നമ്മളെല്ലാം തയ്യാറാവണം എന്ന ഉൽബോധനം കൂടി നമുക്ക് പകരുന്നുണ്ട് മർഹൂം സെയ്താലി മുസ്ലിയാർ അവർകളുടെ ഓർമ്മകൾ.



o





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso