വഴിമുടക്കുന്ന വെറും വിരോധങ്ങൾ
14-09-2024
Web Design
15 Comments
വെള്ളിപ്രഭാതം
മുഹമ്മദ് തയ്യിൽ
ഇസ്ലാമിക യുക്തിവാദികൾക്ക് ഒട്ടും പിടി തരാത്ത വിഷയമായി മാറിയിരിക്കുകയാണ് നബിദിനാഘോഷം. നബിദിന വിരോധത്തിന്റെ പേരിൽ എന്തു പറഞ്ഞാലും അതു തിരിഞ്ഞുകൊത്തുന്ന ഒരു സാഹചര്യം പണ്ടേയുണ്ട്. വിശദീകരിക്കുന്തോറും കൈവിട്ടു പോകുന്ന ഒരു അനുഭവം അവർ നേരിടുന്നുണ്ട്. അച്ചടി മലയാളത്തിൽ പറഞ്ഞാലും എഴുതിയാലും മൗലിദും മദ്ഹുമെല്ലാം പ്രവാചകനിലേക്ക് വലിച്ചടുപ്പിക്കുന്ന വലിയ വികാരങ്ങളാണ് എന്ന് സാധാരണക്കാർ പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണക്കാരെ വല വീശിപ്പിടിക്കുവാൻ വിവിധ നമ്പറുകൾ ഇറക്കുന്നതാണ് ഇത്തരം കാര്യങ്ങളിൽ അവരുടെ പ്രധാന രീതി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'നബി (സ)യോ നാലു ഖലീഫമാരോ ചെയ്യാത്തതും പറയാത്തതും നാം ചെയ്യാമോ' എന്ന ഒറ്റവരി ചോദ്യം. അതുകൊണ്ട് സാധാരണക്കാരെ എറിഞ്ഞു വീഴ്ത്താമെന്നാണ് അവരുടെ വിചാരം. അതു നടക്കില്ല, കാരണം, ഓരോ കാര്യങ്ങളെയും നിശ്ചയിക്കുന്നത് അതിൻ്റെ പേരോ ഗുണഗണങ്ങളോ കണ്ടോ ഉൾക്കൊണ്ടോ അല്ല. മറിച്ച് അതു ചെയ്യുമ്പോൾ ചെയ്യുന്നവർ മനസ്സിൽ വെക്കുന്ന ലക്ഷ്യവും നിയ്യത്തും പ്രതീക്ഷയും അനുസരിച്ചാണ്. നിയ്യത്തുകൾക്കനുസരിച്ച് ആണ് എല്ലാ കർമ്മങ്ങളും എന്ന് നബി(സ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. പാടില്ലാത്തത് എന്നോ പാടുള്ളത് എന്നോ വ്യക്തമായി വന്നിട്ടില്ലാത്തതും പ്രമാണങ്ങൾ സിദ്ധാന്തിച്ചിട്ടില്ലാത്തതുമായ കാര്യങ്ങൾ അപൂർവമായെങ്കിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ അതിനെ സമീപിക്കേണ്ട രീതിയുടെ മാനദണ്ഡമാണ് നബി തിരുമേനി(സ) ഈ ഹദീസിലൂടെ പഠിപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ആഘോഷിക്കുന്നവരുടെ മനോഗതിയുടെ വിശുദ്ധിയും നിഷ്കളങ്കതയും അവർ അതിനു വേണ്ടി മുന്നോട്ടുവെക്കുന്ന ന്യായങ്ങളും തന്നെ നോക്കി അത് തീരുമാനിക്കാവുന്നതാണ്. അതിനു പുറമേ ഉപോൽബലകമായ നിരവധി തെളിവുകൾ ഉണ്ട് താനും. അതുകൊണ്ടെല്ലാമാണ് അവരുടെ പ്രതീക്ഷകൾ അകന്നു പോകുന്നത്.
ഒരു സംഗതിയുടെ ഉദ്ദേശം, ഫലം, പ്രതിഫലനം, അർത്ഥത്തിന്റെ ആഴം തുടങ്ങിയവയൊക്കെ നോക്കി അതിന്റെ കാര്യത്തിൽ തീരുമാനം പറയുക എന്ന എന്നത് നബി(സ) തിരുമേനി തന്നെ പഠിപ്പിച്ച കാര്യമാണ്. അതിന് അവർ തന്നെ അംഗീകരിക്കേണ്ടിവരുന്ന ധാരാളം തെളിവുകൾ ഉണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിൽ ഒരു സംഭവം ഉദാഹരണമായി എടുക്കാം. ഒരു ദിനം ഫജ്ർ നിസ്കാരം കഴിഞ്ഞ് നബി(സ) ബിലാൽ(റ)വിനെ കണ്ടു ചോദിക്കുകയാണ്: 'ബിലാൽ, താങ്കൾ ഇസ്ലാമിൽ ചെയ്ത ഏറ്റവും പ്രതീക്ഷാത്മകമായ കർമ്മം ഏതാണ്? കാരണം, എൻ്റെ മുന്നിലായി സ്വർഗ്ഗത്തിൽ താങ്കളുടെ ചവിട്ടടി ശബ്ദം ഞാൻ കേൾക്കുകയുണ്ടായി'. ഇതുകേട്ട് ബിലാൽ (റ) പറഞ്ഞു: രാത്രിയായാലും പകലായാലും ഞാൻ വുദു ചെയ്യുമ്പോളെല്ലാം രണ്ടു റക്അത്ത് സുന്നത്തും നിസ്കരിക്കാതെയിരിക്കാറില്ല എന്നതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല' ഇവിടെ നബി(സ) ബിലാൽ(റ)വിനെ പ്രശംസിക്കുകയും ശ്ലാഖിക്കുകയുമാണ് ചെയ്യുന്നത്. ഞാൻ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത, അല്ലെങ്കിൽ വിവരിച്ചു തന്നിട്ടില്ലാത്ത ഒരു കാര്യം താങ്കൾ എന്തുകൊണ്ട് ചെയ്തു എന്ന് നബി(സ) ഇവിടെ കുറ്റപ്പെടുത്തുന്നില്ല. നേരെചൊവ്വേ പഠിപ്പിച്ചുകൊടുത്ത ഒരു കാര്യം ചെയ്തതിന്റെ പേരിലായിരുന്നു ഈ സ്വർഗ്ഗ പ്രവേശനം എന്നുണ്ടെങ്കിൽ അത് നബിക്ക് ആരായേണ്ട കാര്യം ഉണ്ടായിരുന്നില്ല. അപ്പോൾ ബിലാൽ(റ) നബിയോടുള്ള സഹവാസത്തിൽ നിന്ന് സ്വന്തം മനസ്സുകൊണ്ട് കണ്ടെത്തുകയും ഉരിത്തിരിച്ചെടുക്കുകയും ചെയ്ത ഒരു കാര്യം ചെയ്യുന്നതും അത് നന്മയായതിനാൽ അതിനെ നബി(സ) തിരുമേനി സന്തോഷത്തോടെ അംഗീകരിക്കുന്നതുമായി ഈ സംഭവത്തിൽ നിന്ന് വായിക്കാം. എന്നുവെച്ച്, തോന്നിയതെല്ലാം ചെയ്ത് അതിനെ നല്ലതാണ് എന്ന് വ്യാഖ്യാനിക്കാം എന്നല്ല. മതത്തിൻ്റെ അടിസ്ഥാനങ്ങളോട് യോജിച്ച് പോകുന്ന വിഷയങ്ങളിൽ അത്തരം നിലപാടുകൾ സ്വീകരിക്കാം എന്നാണ്.
ഈ ആശയം വ്യാപകമാണ് എന്നത് ഹദീസുകൾ വേണ്ടവിധം പഠിക്കുന്ന ആർക്കും മനസ്സിലാക്കാം മറ്റൊരു ഉദാഹരണം രിഫാഅ ബിൻ റാഫിഅ്(റ) വിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസാണ്. അദ്ദേഹം പറയുന്നു ഞങ്ങൾ ഒരു നാൾ നബി(സ)യുടെ പിന്നിൽ നിസ്കരിച്ചുകൊണ്ടിരിക്കവേ റുകൂഇൽ നിന്ന് എല്ലാവരും തല ഉയർത്തുമ്പോൾ നബി(സ) പതിവുപോലെ ('സമിഅല്ലാഹു') ചൊല്ലി. പിന്നിൽ തുടർന്ന് നിസ്കരിക്കുകയായിരുന്ന ഒരാൾ അൽപം ഉറക്കെ (റബ്ബനാ ലക്കൽ ഹംദു, ഹംദൻ കതീറൻ..) എന്ന തെല്ലു നീണ്ട പ്രാർഥന ചൊല്ലി. നിസ്കാരം കഴിഞ്ഞിറങ്ങുമ്പോൾ നബി(സ) തിരിഞ്ഞുനിന്ന് ആരാണ് ആ ചൊല്ലിയ ആൾ എന്ന് ചോദിച്ചു. കാരണം, അയാൾ നബി(സ) അതുവരെ പഠിപ്പിച്ചിട്ടില്ലാത്തതോ പൊതുവേ നടപടിക്രമത്തിൽ വന്നിട്ടില്ലാത്തതോ ആയ ഒരു കാര്യം ചെയ്തിരിക്കുകയാണ്. ചൊല്ലിയ ആൾ എഴുന്നേറ്റുനിന്ന് ഞാനാണ് എന്ന് പറഞ്ഞു. താൻ പഠിപ്പിച്ചതല്ലാത്ത കാര്യം ചെയ്ത ആ സഹാബിയോട് നബി(സ) തങ്ങൾ പറഞ്ഞു: 'മുപ്പതിലധികം മലക്കുകൾ അത് ആരാണ് രേഖപ്പെടുത്തുക എന്നതിൽ തർക്കിക്കുന്നതായി ഞാൻ കാണുകയുണ്ടായി'. ഇവിടെയും മേൽപ്പറഞ്ഞ അതേ ആശയമാണ് നമുക്ക് ലഭിക്കുന്നത്. നബി(സ) തങ്ങൾ പറഞ്ഞും പഠിപ്പിച്ചും തന്ന നന്മകളും പുണ്യങ്ങളും കളത്തിൽ നിന്ന് പുറത്തു പോകാത്ത വിധത്തിൽ വേറെ രൂപങ്ങളിലും ഭാവങ്ങളിലും ചെയ്യുന്നത് നബി അനുവദിച്ച കാര്യമാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇത് യുക്തിഭദ്രമായ ഒരാശയം തന്നെയാണ്. കാരണം അതുകൊണ്ടാണല്ലോ നബി(സ) തിരുമേനി കയറിയിട്ടില്ലാത്ത കാറിലും വിമാനത്തിലും എല്ലാം കയറി നാം യാത്ര ചെയ്യുന്നതും നമ്മുടെ സാഹചര്യത്തിനനുസൃതമായ ജീവിതശൈലികൾ സ്വീകരിക്കുന്നതുമെല്ലാം.
വിശ്വാസം എന്ന മനോവ്യാപാരത്തെക്കുറിച്ച് വ്യക്തമായി ചിന്തയും ധാരണയുമുള്ള ഒരാൾക്കും ഇത് തള്ളിക്കളയാൻ കഴിയില്ല. കാരണം വിശ്വാസം എന്ന മാനസിക നില ഉടലെടുക്കുന്നത് വികാരത്തിൽ നിന്നാണ്. വികാരമാവട്ടെ സ്നേഹത്തിൽ നിന്നാണ് വരുന്നത്. സ്നേഹത്തിലേക്ക് കടക്കുന്നത് പരിഗണനയിൽ നിന്നാണ്. അതായത് ഒരു കാര്യത്തെ അല്ലെങ്കിൽ ഒരു വ്യക്തിയെ നാം ചിന്തക്ക് പരിഗണനയിലെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ആ ചിന്തക്ക് ആഴം കൂടുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന അനുകൂലതകളുടെ ആധിക്യം സ്നേഹമായി പരിണമിക്കുന്നു. ആ സ്നേഹത്തിന് ആഴവും പരപ്പും കൂടുമ്പോൾ അതൊരു വികാരമായി പരിവർത്തിതമാകുന്നു. ആ വികാരത്തിൽ നിന്നാണ് ശക്തിയുള്ള വിശ്വാസം ഉടലെടുക്കുന്നത്. അപ്പോൾ നബി (സ) തിരുമേനിയിലുള്ള വിശ്വാസത്തിൽ നാം എത്തിച്ചേരണമെന്നുണ്ടെങ്കിൽ അതിന് ആ നബിയെ കുറിച്ച് ചിന്തിക്കുന്ന ഒരു സാഹചര്യം നാം ആദ്യം സൃഷ്ടിക്കണം. ആ സാഹചര്യത്തെ ഉപയോഗപ്പെടുത്തി അതിനെ നാം സ്നേഹമാക്കി മാറ്റാവുന്ന വിധത്തിൽ ആഴത്തിൽ ഉൾക്കൊള്ളണം. അപ്പോൾ ഉണ്ടാകുന്ന വൈകാരികത ഒരിക്കലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും വേണം. അപ്പോഴാണ് ഒരു വിശ്വാസി ഉണ്ടാവുക. ഇതെല്ലാം ഉണ്ടാകണമെന്നുണ്ടെങ്കിൽ പ്രവാചകൻ എന്ന വിഷയം ഇവിടെ അലയടിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്. പ്രവാചകൻ എന്ന വികാരം ഉടലെടുക്കുവാനും അലയടിക്കുവാനും നിലനിർത്തുവാനും വേണ്ടിയാണ് ആത്യന്തികമായി ഈ ആഘോഷങ്ങൾ. അതിന് ഓരോ മുട്ടാപോക്കുകൾ പറഞ്ഞു തടയിടുന്നവരുടെ യഥാർത്ഥ ഉദ്ദേശം പരിശോധിക്കപ്പെടേണ്ടത്. ഇതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നതിൽ ഒരർത്ഥവുമില്ല. കാരണം, അതിൻ്റെ തെളിവ് തന്നെയാണ് എല്ലാമെല്ലാം. ഈ പ്രവാചകന് ഇത്രമേൽ സമൃദ്ധമായ ഒരു ജീവിതം പ്രദാനം ചെയ്തതും ആ പ്രവാചകനെ ലോകാവസാനം വരെയുള്ള സത്യവിശ്വാസത്തിന്റെ മാനദണ്ഡങ്ങളിൽ ഒന്നാക്കി വെച്ചതും എല്ലാ എതിർപ്പുകളെയും വകഞ്ഞു മാറ്റാൻ കഴിയുന്ന വിധത്തിലുള്ള ഒരു വ്യക്തിത്വം നൽകപ്പെട്ടതുമെല്ലാം അവയെയൊക്കെ മൂടിവെക്കുവാൻ വേണ്ടിയല്ല, മറിച്ച് അവയെല്ലാം ആഘോഷിക്കുവാൻ വേണ്ടിയാണ്. വേണ്ടവിധത്തിൽ അടിസ്ഥാനവികാരം നിലനിർത്തുവാൻ കഴിയാത്തതുകൊണ്ട് രംഗം വിടേണ്ടി വന്ന ഒരുപാട് മതങ്ങളും പ്രസ്ഥാനങ്ങളും ഇസങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് നാം മറക്കേണ്ട.
ഏറ്റവും കുറഞ്ഞത് രണ്ടു ശഹാദത്തുകളുടെ ആശയം ലോകത്ത് സദാ പ്രഘോഷണം ചെയ്തു കൊണ്ടിരിക്കുവാൻ നമുക്ക് ബാധ്യതയില്ലേ. അത് എങ്ങനെയാണ് സാധിക്കുക എന്നതൊന്ന് ആലോചിച്ചു നോക്കുക. അല്ലാഹുവല്ലാതെ ഇലാഹില്ല എന്ന് നാം പറഞ്ഞതുകൊണ്ടോ എവിടെയെങ്കിലും എഴുതിവെച്ചത് കൊണ്ടോ ലോകം അതിലേക്ക് ആകർഷിക്കപ്പെടുകയോ കടന്നുവരികയോ ചെയ്യുകയില്ല. അതിന് പ്രപഞ്ചത്തിന്റെ ഇലാഹും സൃഷ്ടാവും ആകുവാൻ മാത്രം കഴിവുള്ള ഒരു ശക്തിയുണ്ട് എന്ന് നാം പറഞ്ഞും വിശദീകരിച്ചും വിവരിച്ചും ശാസ്ത്രീയമായി സ്ഥാപിച്ചും ശ്രമിക്കുക തന്നെ വേണം. അപ്രകാരം തന്നെയാണ് മുഹമ്മദ് നബി(സ) യുടെ കാര്യവും. അവരെക്കുറിച്ച് പറഞ്ഞും പുകഴ്ത്തിയും ലോകത്ത് നാം നിറഞ്ഞാലേ ലോകം അത് ശ്രദ്ധിക്കുകയും ചിന്തിക്കാൻ താല്പര്യപ്പെടുകയും ചെയ്യൂ. ഇങ്ങനെയൊക്കെ പറയുമ്പോൾ പിന്നെ നബിദിന വിരോധികൾ പറയുക, അത് ഇങ്ങനെ ഒരു പ്രത്യേക സമയത്ത് മാത്രം മതിയോ, എപ്പോഴും വേണ്ടതല്ലേ എന്നൊക്കെയാണ്. എപ്പോഴും വേണ്ടതാണ് എന്നത് ശരിയാണ്. പക്ഷേ സാഹചര്യങ്ങളുടെ സ്വാധീനം മനുഷ്യൻ്റെ ജീവിതത്തിൻ്റെ സകല ചലനങ്ങളിലും ഉണ്ടാകുന്നതും ഉണ്ടാകേണ്ടതുമാണ്. അതു പക്ഷേ ഓരോ അധ്യായങ്ങൾ ആയിരിക്കും. ഉദാഹരണമായി അധ്യാപക ദിനത്തിൽ നബി(സ) ഓർമ്മയിൽ വരും. പക്ഷേ നബിയുടെ അധ്യാപനം മാത്രമായിരിക്കും പ്രധാനമായും അപ്പോൾ വിഷയം. ജനനം അങ്ങനെയല്ല. അത് ജീവിതത്തെ മുഴുവൻ അനാവരണം ചെയ്യുന്നു അതുകൊണ്ടാണ് അത് ആഘോഷിക്കാൻ വിശ്വാസികൾ പണ്ടേ താല്പര്യപ്പെട്ടുവരുന്നത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso