നബിദിനവും സന്തോഷ പ്രകടനവും
14-09-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
അന്ന് അഥവാ ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ ഒരു തരം നിയമവും വ്യവസ്ഥയും ഉണ്ടായിരുന്നില്ല. നന്മയും നിയന്ത്രണവും ഉള്ള നല്ല നിയമവും ഉണ്ടായിരുന്നില്ല, അരാചകത്വം വിതക്കുന്ന ചീത്ത നിയമവും ഉണ്ടായിരുന്നില്ല. അക്രമിയാണെങ്കിൽ പോലും ഒരു ഭരണാധികാരി ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന പേർഷ്യൻ-റോമാ സാമ്രാജ്യങ്ങൾ രണ്ടിനും അറേബ്യയിൽ അധികാരമോ നയതന്ത്രമോ ഉണ്ടായിരുന്നില്ല. ഒരാൾക്കു മേൽ മറ്റൊരാളുടെ നിയന്ത്രണം ഉണ്ടായിരുന്ന ഏക സംവിധാനം കുടുംബം ആയിരുന്നു. കുടുംബത്തിൻ്റെ നയമാകട്ടെ 'ശരിയാണെങ്കിലും തെറ്റാണെങ്കിലും എൻ്റെ കുടുംബത്തോടൊപ്പം' എന്നതായിരുന്നു. നല്ലതോ ചീത്തയോ ആയ ഒരു ഏകീകൃത നയവും നിയമവും ഇല്ലെങ്കിൽ പിന്നെ ഓരോരുത്തരും താന്താങ്ങളുടെ താൽപര്യത്തിനനുസരിച്ച് എല്ലാം ചെയ്യുകയാണ് ഉണ്ടാവുക. അപ്പോൾ കുടുംബങ്ങൾക്കിടയിൽ പെട്ടെന്ന് വിരോധവും പകയും കത്തിപ്പടരും. അതുകൊണ്ട് ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അവർ കണ്ടിരുന്ന ആദ്യ പരിഹാരം തന്നെ യുദ്ധമായിരുന്നു. അവരെല്ലാവരും ആദരിക്കുന്ന കഅ്ബാ ദേവാലയം പുതുക്കിപ്പണിയുമ്പോൾ വിശുദ്ധ ശില എടുത്തുവെക്കാനുള്ള അവകാശത്തിന്റെ പേരിൽ തർക്കം ഉണ്ടായത് ഒരു ഉദാഹരണമാണ്. വിഗ്രഹങ്ങളെയും മറ്റും അവർ ദൈവങ്ങളായി കരുതുകമായിരുന്നു എന്നത് ശരിയാണ്. പക്ഷേ ഈ ശിലയെ അങ്ങനെ ഒരു പ്രത്യേകതയോടെ കാണുന്നവരോ മതപരമായ പരിവേഷം അതിന് നൽകുന്നവരോ ഒന്നുമായിരുന്നില്ല അവർ. എന്നിട്ടും അവർക്കിടയിൽ തർക്കമുണ്ടായി. ഒരു പ്രത്യേകത മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നതിലുള്ള അസഹ്യതയായിരുന്നു അടിസ്ഥാനം. തർക്കം മൂത്ത് അബ്ദുദ്ദാർ കുടുംബം ചോര ത്തളികയിൽ കൈ മുക്കി, ഈ അവകാശം ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ഞങ്ങൾ മരണം വരെ ഇതിനു വേണ്ടി പോരാടും എന്ന് പറയുന്ന അത്രത്തോളം എത്തി ആ വിഷയങ്ങൾ. എന്നാൽ അവിടെ ദാറുന്നദ് വ എന്ന ഒരു പാർലമെൻ്റൊക്കെ ഉണ്ടായിരുന്നില്ലേ എന്ന് ചിലർ ചിന്തിച്ചേക്കാം. അങ്ങനെയൊന്ന് അവിടെയുണ്ടായിരുന്നു. അത് പക്ഷേ അവിടത്തെ പ്രഭുക്കന്മാർക്ക് വെടി പറഞ്ഞിരിക്കാനുള്ള ഒരു സ്ഥലം മാത്രമായിരുന്നു. സജീവവും സങ്കീർണവുമായ രാഷ്ട്രീയത്തിന് അത് വേദിയായത് നബി തിരുമേനി(സ)യോടുള്ള വിദ്വേഷത്തെ ജ്വലിപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മാത്രമായിരുന്നു. അവിടെ നീതിയുടെ സ്വരം ഉയർന്ന ആദ്യ രംഗം ഹിൽഫുൽ ഫുളൂൽ ആയിരുന്നു. സബീദിൽ നിന്ന് വന്ന ഒരു കച്ചവടക്കാരനിൽ വാങ്ങിയ ചരക്കിന് വില തരില്ല എന്ന് മക്കയിലെ പ്രമാണി ആസ്വ് ബിൻ വാഇൽ പറയുകയും വലിയ ഖുറൈശി കുടുംബങ്ങൾ അയാൾക്കൊപ്പം നിൽക്കുകയും ചെയ്തപ്പോഴായിരുന്നു മക്കയുടെ മണ്ണിൽ ഇത്തരം ഒരു അനീതി അനുവദിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഈ സന്ധി ഉണ്ടായത്. അതും നബി(സ) മുന്നിൽ നിന്നു കൊണ്ട്. ഇങ്ങനെയുള്ള ഒരു ജനതയെ ഒരു ചരടിലെ മണികൾ പോലെ ഏതാനും വർഷങ്ങൾ കൊണ്ട് കോർത്തെടുത്തു എന്ന് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു ശരാശരി വിശ്വാസിയുടെ മനസ്സിൽ സന്തോഷം ഉണരുകയും ഉയരുകയും ചെയ്യില്ലേ..
ആ കാലഘട്ടത്തിലെ സ്ത്രീ സമൂഹത്തിൻ്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. അവർക്ക് സാമ്പത്തിക അവകാശങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് ആ കൂട്ടത്തിൽ ഏറ്റവും വേദനാജനകം. അത് പണ്ടേയുള്ള പുരുഷലോകത്തിന്റെ നയമാണ് എന്ന് കരുതാം. കാരണം സ്ത്രീകളുടെ സ്വത്താവകാശം വലിയ സമൂഹങ്ങളിൽ പോലും ഒരുപാട് വൈകിയാണ് വന്നത്. 1718 ലാണ് പാശ്ചാത്യലോകത്ത് ആദ്യമായി (അമേരിക്കന്‍ സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍) സ്ത്രീക്ക് സ്വന്തമായി സ്വത്ത് കൈവശം വെക്കാമെന്ന നിയമം വരുന്നത്. ബ്രിട്ടനില്‍ 1870ലും. നമ്മുടെ ഇന്ത്യയിൽ അത് പിന്നെയും വൈകി. അംബേദ്കറുടെയും നെഹ്‌റുവിന്റെയും ശ്രമഫലമായി 1950ല്‍ വന്ന ഹിന്ദുകോഡാണ് ഹൈന്ദവ സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നത്. അരുന്ധതി റോയിയുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അവകാശം ലഭ്യമാകുന്നത്. എന്നാൽ അറേബ്യയിൽ അത് നിഷേധിക്കപ്പെട്ടത് തികച്ചും ധിക്കാരപരമായിട്ടായിരുന്നു. അതാണ് ഏറെ അസഹ്യം. അവർ അതിനു പറഞ്ഞിരുന്ന ന്യായം, അവർ പടത്തൊപ്പി അണിയുകയും പടവാളെടുത്ത് കളത്തിൽ ഇറങ്ങുകയും ചെയ്യുന്നില്ല എന്നതായിരുന്നു. ഇതാണ് സങ്കടം. അവർ യുദ്ധത്തിന് ഇറങ്ങാത്തത് അവരുടെ ശാരീരിക മാനസിക ഘടനകൾ അതിന് ജൈവികമായി പറ്റാത്തതുകൊണ്ടാണ് അല്ലാതെ അവരുടെ കുറ്റമോ വിസമ്മതമോ കൊണ്ടല്ല. മറ്റൊന്ന്, അവിടെ ആ സ്ത്രീജനത അനുഭവിച്ചിരുന്ന മനഃസംഘർഷങ്ങളായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം അനിയന്ത്രിതമായ വിവാഹങ്ങൾ ആയിരുന്നു. പുരുഷന്മാർ ഒരുപാട് സ്ത്രീകളെ മാറിമാറി വിവാഹം ചെയ്യുമായിരുന്നു. ഇതിൻ്റെ മറ്റു വശങ്ങളല്ല നാം ഇവിടെ നോക്കുന്നത്. ഇതുണ്ടാക്കുന്ന മാനസികമായ വ്യഥകളാണ്. ഒരു പുരുഷൻ മറ്റൊരു സ്ത്രീയെ ആഗ്രഹിക്കുന്നതും കാമിക്കുന്നതും നിലവിലുള്ള ഭാര്യ ലൈംഗിക സംതൃപ്തിക്ക് പോരാ എന്ന് കാണുന്നതുകൊണ്ടാണ്. അതിനാൽ ആ മനസ്ഥിതിയിലുള്ള ഒരു കാഴ്ചപ്പാടാണ് നിലവിലുള്ള ഭാര്യയോട് ഭർത്താവിന് പിന്നീട് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അർഹമായ പരിഗണന ലഭിക്കാതെ, സാമ്പത്തികമടക്കമുള്ള പിന്തുണകൾ കിട്ടാതെ, എന്നാൽ മറ്റൊരു ഇണയെ തേടി പോകാൻ വേണ്ടത്ര സ്ത്രീത്വത്തിന് ചാരുത ഇല്ലാതെ സ്ത്രീകൾ വലിയ കഷ്ടപ്പാടിനാണ് വിധേയമായിരുന്നത്. അവിടെ അവർക്ക് ശബ്ദിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് വേണ്ടി ആരും ശ്രദ്ധിക്കാൻ വരുമായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ അവർ സമൂഹത്തിന്റെ അർദ്ധാംശമാണെന്നും അവൾക്കും അവകാശങ്ങളും അധികാരങ്ങളും ഉണ്ടെന്നും പ്രഖ്യാപിച്ച് അവരുടെ കരം പിടിച്ചുയർത്തിയത് ഈ പ്രവാചകൻ ആയിരുന്നു. ഇസ്ലാമിൽ എത്തിയപ്പോഴാണ് അവൾ രാജകുമാരിയും രാജ്ഞിയും എല്ലാമായത്. അവരുടെ കാൽച്ചുവട്ടിൽ സ്വർഗം വന്നത്. ഇത് മൊത്തത്തിൽ വീക്ഷിക്കുമ്പോൾ നമ്മുടെ അന്തരംഗങ്ങളിലേക്ക് ഒരു അഭിമാന വികാരം അടിച്ചു കയറുന്നില്ലേ..
അന്നത്തെ ഏറ്റവും വലിയ ശാപം അടിമത്തമായിരുന്നു. അടിമത്വം പക്ഷേ വാതിൽ അടക്കുന്ന ലാഘവത്തിൽ നിരോധിക്കാൻ കഴിയുന്ന അത്ര ചെറുതായിരുന്നില്ല. അന്നത്തെ എല്ലാ പ്രഭുക്കന്മാരുടെയും അവരുടെ സമ്പത്തിന്റെയും സാമ്രാജ്യ ശക്തികളുടെയും അവരുടെ അധികാരത്തിന്റെയും അടിസ്ഥാനം അടിമകളായിരുന്നു. പ്രതിഫലം നൽകാതെ മാനുഷിക വിഭവം എമ്പാടും ചൂഷണം ചെയ്തെടുക്കുവാൻ എല്ലാവരും മത്സരിച്ചു നടക്കുകയായിരുന്നു. അറേബ്യയിൽ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും. അറേബ്യയിൽ പക്ഷേ ഒരു നിയമമോ വ്യവസ്ഥയോ ഉണ്ടായിരുന്നില്ലാത്തതിനാൽ ഓരോരുത്തരും ചെയ്യുന്ന ക്രൂരതകൾ എല്ലാം അവരരുടെ ശരികൾ ആയിരുന്നു. നിരോധിക്കാൻ മാർഗ്ഗമില്ല എന്നും പറഞ്ഞ് പക്ഷേ ഇസ്ലാമും പ്രവാചകനും മാറി നിന്നില്ല. നിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഘാതം കുറക്കുവാൻ വേണ്ടി ചില നിയന്ത്രണങ്ങൾ സ്വീകരിക്കാം എന്ന് ലോക ചരിത്രത്തിൽ ഏറ്റവും ആദ്യമായി ചിന്തിച്ചത് നബി തിരുമേനി(സ) ആയിരുന്നു. മഹാനായ നബി(സ) അടിമകളെ കുറിച്ച് 'അവർ നിങ്ങളുടെ സഹോദരങ്ങളാണ്' എന്ന് വെട്ടിത്തുറന്ന് പ്രഖ്യാപിച്ചു. അവരോട് ചെയ്യുന്ന ഓരോ അനീതികളും ദൈവത്താൽ വിചാരണ ചെയ്യപ്പെടും എന്ന് താക്കീത് ചെയ്തു. അവരെ നിസ്കാരത്തിൽ ഒരേ വരിയിൽ തോളോട് തോൾ ചേർത്ത് അണിയായി നിറുത്തി. മതപരമായ കൃത്യവിലോപങ്ങൾ സംഭവിച്ചു പോയവർക്ക് അതിനുള്ള പ്രായശ്ചിത്തമായി അടിമകളെ സ്വതന്ത്രരാക്കുന്നത് മത നിയമമാക്കി. ഒരു അടിമയെ ഒരാൾ അല്ലാഹുവിനു വേണ്ടി മോചിപ്പിക്കുകയാണ് എങ്കിൽ അത് വലിയ പ്രതിഫലത്തിന് അവനെ അർഹനാക്കും എന്ന് നബി തിരുമേനി(സ) പ്രഖ്യാപിച്ചു. ലോകം എന്നും വലിയ വികാരത്തോടു കൂടെ മാത്രം പറയുകയും കേൾക്കുകയും ചെയ്യുന്ന ഇതെല്ലാം അനുഭവിക്കുമ്പോൾ നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് ചൂടുള്ള ഒരു വികാരം പുറത്തേക്ക് വമിക്കുന്നില്ലേ..
വിവിധ ജനവിഭാഗങ്ങളെ പൊതു താൽപര്യത്തിനുവേണ്ടി ഒന്നിച്ചു നിറുത്തുവാൻ സന്ധിയും വ്യവസ്ഥയും ഉണ്ടാക്കിയ പ്രവാചകനായിരുന്നു മനവർകൾ. മദീനാ ചാർട്ടറിൽ നാം അത് കണ്ടതും അനുഭവിച്ചതുമാണ്. മദ്യം ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കുവാൻ പോലും അശക്തരായിരുന്ന ആ ജനതയുടെ കരങ്ങളിൽ നിന്ന് പിടിച്ചുവാങ്ങാതെ അവരെ കൊണ്ട് തന്നെ ചഷകങ്ങൾ പുറത്തേക്കൊഴുക്കിയ നബിയാണിത്. യുദ്ധവും സന്ധിയും ഒരേ രേഖയിൽ വന്നപ്പോൾ അന്ന് ഹുദൈബിയ്യ സന്ധിക്കു വേണ്ടി അനുയായികളുടെ മുറിമുറുപ്പിനെ പോലും അവഗണിച്ച പ്രവാചകനാണിത്. കന്നുമേക്കലും കച്ചവടവും അല്ലാതെ മറ്റൊരു സാമ്പത്തിക രീതിയും അറിയാത്ത നാടോടികളും മരുഭൂവാസികളുമായവർക്കിടയിൽ കൃഷി എന്ന സംസ്കാരം ഫലപ്രദമായി സ്ഥാപിച്ച കർഷകനായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രാർത്ഥനാ സമയമായപ്പോൾ പരുങ്ങി നിൽക്കുന്ന ക്രൈസ്തവരുടെ മുഖത്ത് നോക്കി 'എൻ്റെ പള്ളിയുടെ ആ ഭാഗത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചോളൂ' എന്നു പറയാൻ മാത്രം വലിയ മനസ്സിൻ്റെ ഉടമയായിരുന്നു ഈ പ്രവാചകൻ. ഉന്നതരായ സ്വഹാബിമാർ നിരനിരയായി നിൽക്കുമ്പോഴും ബിലാൽ എന്ന അടിമയ്ക്ക് കഅ്ബയുടെ മുകളിൽ കയറുവാനും ആദ്യത്തെ വാങ്കൊലി മുഴക്കുവാനും അവസരം നൽകിയ വിശാലഹൃദയനായിരുന്നു നബിതങ്ങൾ. അബൂബക്കർ(റ) അടക്കം ഉന്നത ശീർഷരായ പ്രധാനികൾ നിരയായി നിൽക്കുമ്പോഴും ഇരുപതുകാരനായിരുന്ന ഇതാബ് ബിൻ ഉസൈദിനെ മക്കായുടെ പ്രഥമ ഗവർണർ ആക്കാൻ മാത്രം വിശാലതയും സത്യസന്ധതയും ഉള്ള മഹാമനീഷിയായിരുന്നു അവർ. തന്നെ കാണുമ്പോൾ ബഹുമാനപൂർവ്വം ചാടി എഴുന്നേൽക്കുന്നതിനെ പുഞ്ചിരിയോടെ നിരാകരിച്ച് നിരുത്സാഹപ്പെടുത്തിയ മഹാനായിരുന്നു അവർ. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവനെ എൻ്റെ ആദർശത്തിന് വേണ്ട എന്ന് പറയാൻ മാത്രം നിഷ്കളങ്കനും ധൈര്യവാനുമായിരുന്നു മഹാനവർകൾ. മരിക്കുന്നതിന്റെ തലേന്നാൾ സ്വന്തം മുതലെല്ലാം ധർമ്മം ചെയ്തു ഇത്രയേ ദുനിയാവ് വേണ്ടു എന്നു കാണിച്ച മഹാചാര്യൻ ആയിരുന്നു നബി തങ്ങൾ. ഇതെല്ലാം കേൾക്കുമ്പോഴും മനസ്സിനുള്ളിൽ വലിയൊരു സന്തോഷം അങ്കുരിക്കുന്നില്ലേ..
ഇതെല്ലാം പറയുമ്പോഴും എഴുതുമ്പോഴും കേൾക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ആ സന്തോഷത്തെ നാം പ്രകടിപ്പിക്കുകയാണ്. ആ പ്രകടനം തന്നെയാണ് ഈ ആഘോഷത്തിന്റെ അർത്ഥവും. അല്ലാതെ പിന്നെ എങ്ങനെയാണ് ഈ സന്തോഷത്തെ പുറത്ത് എടുക്കുകയും കാണിക്കുകയും ചെയ്യുക?. പുറത്തെടുത്താലും കാണിച്ചാലുമല്ലേ ഈ പ്രവാചകനെ നമുക്ക് നമ്മുടെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുവാൻ കഴിയൂ..
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso