പ്രവാചകൻ(സ): പ്രകൃതവും പ്രഭാവവും
14-09-2024
Web Design
15 Comments
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്
പ്രവാചകപ്പിറന്നാളിൻ്റെ ഓർമ്മകളിലേക്ക് മുസ്ലിം ലോകം വീണ്ടും കടക്കുകയാണ്. പ്രവാചകൻ എപ്പോഴുമെപ്പോഴും വിശ്വാസികളുടെ ഓർമ്മ തന്നെയാണ്. വിശ്വാസി തൻ്റെ ജീവിതവുമായി സഞ്ചരിക്കുമ്പോൾ സ്പർശിക്കുന്ന ഓരോ ബിന്ദുവിലും അവന് നബി തിരുമേനിയുടെ ഓർമ്മ കിട്ടുന്നുണ്ട്. കാരണം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും പറ്റിക്കിടക്കുന്ന അത്ര സമ്പന്നമായിരുന്നു ആ ജീവിതം. അധ്യാപനം, കുടുംബ ജീവിതം, സന്താന പരിപാലനം, കച്ചവടം, രാഷ്ട്രീയ നയതന്ത്രം, ഭരണം, പൊതുജീവിതം തുടങ്ങി മനുഷ്യ ജീവിതത്തിൻ്റെ ഓരോ ഭാഗങ്ങളിലും നബിയുടെ മാതൃകാപരമായ സാന്നിധ്യമുണ്ട്. എന്നിട്ടും പ്രവാചകപ്പിറന്നാൾ മുസ്ലിം ലോകം പ്രത്യേകമായി ആഘോഷിക്കുന്നതിൻ്റെ സാംഗത്യം, മേൽപ്പറഞ്ഞതെല്ലാം ജീവിതത്തിൻ്റെ ഓരോ രംഗങ്ങളെ മാത്രം അനാവരണം ചെയ്യുമ്പോൾ ആഘോഷത്തിനും ആചരണത്തിനും ജനനം ആധാരമാകുമ്പോൾ അത് ആ ജീവിതത്തെ മുഴുവനും അനാവരണം ചെയ്യുന്നു എന്നതാണ്. വിശ്വാസികൾക്ക് വേണ്ടത് ആ ജീവിതം മൊത്തത്തിൽ നൽകുന്ന അവബോധങ്ങളാണ്. കാരണം അതിൽ നിന്നാണ് സ്നേഹം ഉടലെടുക്കുന്നത്. ആ സ്നേഹത്തിൽ നിന്നാണ് വിശ്വാസം ഉടലെടുക്കുന്നത്. അതുകൊണ്ടാണ് 'എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങൾ ആരും സമ്പൂർണ്ണ വിശ്വാസികളാവില്ല' എന്ന് നബി തിരുമേനി(സ) തന്നെ പറഞ്ഞത്. ചുരുക്കത്തിൽ, നബി(സ)യെ സമ്പൂർണ്ണമായി അറിയുകയും അത് വഴി വിശ്വാസത്തെ തെളിയിച്ചെടുക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ ചുമതല. അതിലേക്കുള്ള വഴിയാണ് നബിദിനാഘോഷങ്ങൾ തുറക്കുന്നത്. ഈ അർത്ഥത്തിൽ നബി(സ)യെ കുറിച്ച് സമ്പൂർണ്ണമായ ഒരു സംഗൃഹിത ഗ്രാഹ്യത ലഭിക്കുവാൻ ഏറ്റവും ഫലപ്രദമായ ഒരു ശീർഷകമാണ് പ്രവാചകൻ(സ): പ്രകൃതവും പ്രഭാവവും എന്നത്. നബിയുടെ പ്രകൃതവും പ്രഭാവവും പഠിച്ചു മനസ്സിലാക്കി ഉൾക്കൊണ്ടാൽ മനസ്സുകൾ ആ വ്യക്തിത്വത്തിൽ അനുരക്തരാവുക തന്നെചെയ്യും. മഹാനായ പ്രവാചകന്‍, വിശ്വവിമോചകൻ എന്നീ മഹാ ആശയങ്ങൾ നമ്മുടെ മനസ്സുകളിൽ അവ വരച്ചുവയ്ക്കും.
പ്രകൃതം എന്നാൽ സ്വഭാവമാണ്. ബാഹ്യ ശരീരത്തിന്റെ ഭംഗിയും മനസ്സിൻ്റെ ഭാവവും സമം ചേർന്നു നിൽക്കുന്നതാണ് പ്രകൃതം. ബാഹ്യമായ സൗന്ദര്യം ആരെയും ആകർഷിക്കുന്ന ഒരു ഘടകമാണ്. അതീവ സുന്ദരനായിരുന്നു നബിതങ്ങൾ. ആ സൗന്ദര്യത്തെക്കുറിച്ച് നമുക്ക് ലഭിച്ചതിൽ ഏറ്റവും കൗതുകകരമായ വിവരണം, ഹിജ്റ യാത്രയിൽ നബി(സ)യെ കണ്ട ഉമ്മു മഅ്ബദ് എന്ന ഗ്രാമീണ സ്ത്രീയുടേതാണ് അവർ അത് ഇങ്ങനെ വിവരിക്കുന്നു: ‘തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കണ്‍പീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടു വളഞ്ഞ് പരസ്പരം ചേര്‍ന്ന പുരികങ്ങളുള്ള ഒരാള്‍. അദ്ദേഹം മൗനം പാലിക്കുമ്പോള്‍ ഒരു ഗാംഭീരം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രൗഢി പ്രകടമാവുന്നു. ദൂരെ നിന്ന് കാണുമ്പോഴേ അതിസുന്ദരന്‍. അടുത്തെത്തുമ്പോള്‍ സുഗുണനും സുമുഖനും.മുത്തുമണികളുതിര്‍ന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ട ആളല്ല. എന്നാല്‍ കുറിയ ആളുമല്ല. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏററവും സുന്ദരന്‍. അദ്ദേഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയും അദ്ദേഹം കല്‍പ്പിക്കുമ്പോള്‍ ധൃതിയില്‍ അനുസരിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരര്‍ഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം.’ (ത്വബറാനി) ഇപ്രകാരം തന്നെയായിരുന്നു നബി തിരുമേനി(സ)യുടെ മനസ്സിന്റെ സൗന്ദര്യവും. ഏറ്റവും അടുത്ത് ഇടപഴകുന്നവർക്കാണല്ലോ അത് ഏറെ ബോദ്ധ്യപ്പെടുക. അത്തരം ഒരാളായിരുന്നു അനസ് ബിനു മാലിക്(റ). അദ്ദേഹം പറയുന്നു: ഞാൻ നബി(സ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ, അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടിതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം).
കരുണയും സ്നേഹവുമുള്ള മനസ്സും അലിവും കനിവുമുള്ള ഹൃദയവുമായിരുന്നു നബി(സ) തങ്ങളുടേത്. ഒരു വേദനയോ ദുരന്തമോ കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സ്വന്തം അനുഭവമായി മനസ്സുകൊണ്ട് സ്വീകരിക്കുന്നത് നബിയുടെ പ്രകൃതമായിരുന്നു. മൗനവും പുഞ്ചിരിയും നബി(സ)യുടെ പ്രത്യേകതയായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുമായിരുന്നില്ല. അപമര്യാദയോടെ പെരുമാറിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാനും പൊറുക്കാനും നന്മയിൽ വർത്തിക്കാനും മാപ്പേകാനും അവിടുന്ന് സന്നദ്ധരായി. തന്നെ കൊല്ലാൻ വാടക കൊലയാളിയെ നിയോഗിച്ച സ്വഫ്‌വാനുബ്‌നു ഉമയ്യക്കും വിഷം പുരട്ടിയ വാളുമായി വധിക്കാൻ വന്ന ഉമൈറുബ്‌നു വഹബിനും തന്നെ ജീവിതകാലം മുഴുവനും വേട്ടയാടിയ മക്കക്കാർക്കും നബി(സ) മാപ്പ് നൽകിയത് മതിയായ ഉദാഹരണങ്ങളാണ്. ഒരു അനാഗരികൻ വന്ന് ആ കഴുത്തിലെ ഷാൾ ബലമായി വലിച്ച് 'നിന്റെ കയ്യിലുള്ളത് എനിക്കും തരാൻ പറയൂ' എന്ന് അമാന്യമായി ആക്രോശിക്കുമ്പോൾ അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വേണ്ടത് കൊടുക്കാൻ നിർദേശിക്കുന്നത് മറ്റൊരു ഉദാഹരണം. ഇങ്ങനെ പ്രതിയോഗികളോട് പോലും വിട്ടുവീഴ്ച കാണിക്കുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ മനുഷ്യ ചരിത്രത്തിൽ കാണുക സാധ്യമല്ല. മറ്റുള്ളവരെ ശപിക്കുന്നത് നബിയുടെ രീതി ആയിരുന്നില്ല. ആഇശ(റ) പറയുന്നു: നബി(സ)യോടു ആരോ പറഞ്ഞു: ബഹുദൈവ വിശ്വാസികൾക്കെതിരെ താങ്കൾ പ്രാർത്ഥിക്കുക എന്ന്. നബി(സ) പറഞ്ഞു: ഞാൻ ശപിക്കുവാനായിട്ടല്ല, കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത് (മുസ്‌ലിം). ഈ സ്വഭാവ വൈശിഷ്ട്യത്തിന്റെ കാരണം അവരുടെ മനസ്സിൻ്റെ വിശാലതയായിരുന്നു. ഒരു മനുഷ്യൻ്റെ മനസ്സിന് വിശാലതയുണ്ടെങ്കിൽ അവൻ ഏറ്റവും നല്ല മനുഷ്യനായി തീരും എന്ന് സ്വന്തം ജീവിതം കൊണ്ട് നബി(സ) നമ്മെ പഠിപ്പിച്ചു. ഇത് അല്ലാഹു നബിക്ക് നൽകിയ ഒരു അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: നബിയേ, അങ്ങയുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ! (94:1).
ശത്രുക്കൾ പോലും അവിടുത്തെ സത്യസന്ധതയിലും വിശ്വസ്തതയിലും തർക്കമില്ലാത്തവരായിരുന്നു. അബൂജഹൽ ഒരിക്കൽ നബി(സ)യോടു പറഞ്ഞു: ‘മുഹമ്മദേ, താങ്കൾ സത്യസന്ധനും വിശ്വസ്തനുമാണെന്ന് എനിക്കറിയാം. പക്ഷേ, താങ്കൾ കൊണ്ടുവന്ന മതം ഞാൻ അവിശ്വസിക്കുന്നു.’ തികഞ്ഞ ജർമ്മൻ ഓറിയന്റലിസ്റ്റായ ഡോക്ടർ ഗുസ്താവ് വീൽ തൻ്റെ 'ഹിസ്റ്ററി ഓഫ് ഇസ്ലാമിക് പീപ്പിൾ' എന്ന ഗ്രന്ഥത്തിൽ തുറന്നെഴുതുന്നു: 'തന്റെ ജനങ്ങൾക്ക് തിളങ്ങുന്ന ഒരു മാതൃകയായിരുന്നു മുഹമ്മദ്. അദ്ദേഹത്തിൻ്റെ സ്വഭാവം വിശുദ്ധവും കറ പുരളാത്തതുമായിരുന്നു. അദ്ദേഹത്തിൻ്റെ വീടും വസ്ത്രവും ഭക്ഷണവും ലളിതമായിരുന്നു. യാതൊരുവിധ ജാഡകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അനുയായികളിൽ നിന്ന് ആദരവിൻ്റെ പ്രത്യേക ഔദാര്യങ്ങൾ ഒന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല' ആ സ്നേഹം മനുഷ്യകുലത്തിന്റെ അതിരുകൾ കടന്ന് പലപ്പോഴും ജീവലോകത്തിലേക്ക് പകരുകയും പടരുകയും ചെയ്യുകയുണ്ടായി. പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ) വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. ഉറുമ്പിൽ കൂട്ടത്തിൽ ആരോ തീയിട്ടപ്പോൾ അതിൽ ആത്മാർത്ഥമായി നബിമനസ്സ് ഖേദിച്ചു. മതിയായ ഭക്ഷണമോ മറ്റോ നൽകാതെ കെട്ടിയിട്ടിരിക്കുന്ന ഒട്ടകത്തെ ചൂണ്ടിക്കാണിച്ച് ഉടമയോട് 'നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ' എന്ന് നബി ചോദിക്കുമ്പോൾ ആ മനസ്സിലെ ജീവികളോടുള്ള കാരുണ്യം വീണ്ടും മറ നീക്കി പുറത്തുവരികയാണ്.
പ്രഭാവം എന്നാൽ ശോഭയും തിളക്കവുമാണ്. അത്, നബിയുടെ ആദർശത്തിന്റെ സ്വാധീനത്തെയാണ് കുറിക്കുന്നത്. മുൻധാരണകളോ അന്ധമായ വൈരാഗ്യങ്ങളോ ഇല്ലാതെ സ്വന്തം ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന അത്രയ്ക്കും യുക്തിഭദ്രവും ശാസ്ത്രീയവും ആണ് നബി ഈ ലോകത്തിൻ്റെ മുമ്പിൽവെച്ച് എല്ലാ കാര്യങ്ങളും. മറിച്ചായിരുന്നുവെങ്കിൽ ഈ ലോകത്തിൻ്റെ ഏറ്റവും വലിയ പരിഹാസവും ആഘോഷവും അതായിരിക്കേണ്ടതായിരുന്നു എന്നത് മാത്രം മതി അതിനു തെളിവായി. അത്രമാത്രം എതിരാളികൾ പ്രവാചകനും പ്രവാചകൻറെ ആദർശത്തിനും എക്കാലവും ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഏറ്റവും വലിയ സവിശേഷത ആകെ ലഭിച്ച 23 വർഷത്തിൽ നിന്ന് അവസാനത്തെ പത്തുവർഷംകൊണ്ട് അറേബ്യൻ ഉപദ്വീപ് ദ്വീപിനെ മുഴുവൻ ആശയം കൊണ്ടും ആദർശം കൊണ്ടും കീഴ്‌പ്പെടുത്തുകയും അവരെ എല്ലാവരെയും അറഫാമലയുടെ താഴ്‌വാരത്ത് വിളിച്ചുചേർത്ത് 'നിങ്ങൾക്ക് എല്ലാം തന്നില്ലേ, നിങ്ങൾ അതിൽ സംതൃപ്തരല്ലേ..' എന്ന് പരസ്യമായി ചോദിക്കുകയും അതെ എന്ന് അവരിൽ നിന്ന് ലോകം കേൾക്കുകയും ചെയ്യുകയുണ്ടായി എന്നതാണ്. അത് ഈ പ്രഭാവത്തിനുള്ള ലോകത്തിൻ്റെ സാക്ഷ്യമാണ്. ആ സാക്ഷ്യം തിരുത്തേണ്ട സാഹചര്യം ഇതുവരെയും ലോകത്തിനു വന്നിട്ടില്ല. ഇപ്പോഴും, മൈക്കിൾ എച്ച് ഹാർട്ട് പറഞ്ഞതുപോലെ മതപരവും മതേതരവുമായ രംഗങ്ങളിൽ രണ്ടിലും ഒരുപോലെ വിജയിച്ച ലോകം കണ്ട ഒന്നാമനായി മഹാനായ പ്രവാചകൻ (സ) നമ്മുടെ മനസ്സുകൾക്ക് മുമ്പിൽ നിൽക്കുന്നതും ആ പ്രകൃതവും പ്രഭാവവും കൊണ്ടു തന്നെയാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso