Thoughts & Arts
Image

സൂറത്തുൽ ജുമുഅ 5 - 7

14-09-2024

Web Design

15 Comments

ഖുർആൻ പഠനം




ഭീരുക്കളാണ് ജൂതൻമാർ



5 തൗറാത്ത് വഹിക്കാനുള്ള ചുമതലയേല്‍പിക്കപ്പെടുകയും പിന്നീടത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉപമ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയെ പോലെയാണ്. അല്ലാഹുവിന്റെ സൂക്തങ്ങള്‍ വ്യാജമാക്കിയവരുടെ ഉപമ എത്ര ഹീനം! അതിക്രമികള്‍ക്ക് അല്ലാഹു നേര്‍മാര്‍ഗദര്‍ശനം ചെയ്യില്ല.



ഹിബ്രു ഭാഷയിൽ ‘തോറ’ എന്നറിയപ്പെടുന്ന സന്മാർഗം, മത നിയമം എന്നീ അർത്ഥങ്ങളുള്ള പദമാണ് തൗറാത്ത് എന്നത്. ഈ പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മുഖ്യമായും, മൂസാ നബിക്ക് ഇറക്കപ്പെട്ട വേദം ആണെങ്കിലും വേദക്കാർ വായിക്കുന്ന ദാവൂദ് നബിക്ക് നൽകപ്പെട്ട സബൂറിനെ കൂടി ഇതിൻ്റെ ഭാഗമായി ചേർത്തു പറയാറുണ്ട്. മൂസാ നബിക്ക് ശേഷം ഇസ്രയേൽ സന്തതികളിൽ വന്ന പ്രവാചകനാണ് ദാവൂദ് നബി. സബൂർ എന്ന ഗ്രന്ഥത്തിൽ പൊതുവേ സ്തോത്രങ്ങളും ശ്ലോകങ്ങളും മാത്രമാണ് ഉള്ളത് അതിൽ നിയമങ്ങളോ വ്യവസ്ഥകളോ പറയുന്നില്ല. അതുകൊണ്ടാവാം അതിനെ തൗറാത്തിന്റെ ഭാഗമായി ഗണിച്ചു വരുന്നത്. ദാവീദിന്റെ സങ്കീർത്തനങ്ങൾ എന്ന പേരിൽ ഇപ്പോൾ ബൈബിളുകളിൽ സബൂർ എന്ന അർത്ഥത്തിൽ ഇത് അച്ചടിച്ചു വരുന്നുണ്ട്. മൂസ നബിക്ക് ഈ ഗ്രന്ഥം അല്ലാഹു കൊടുക്കുന്നത് അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചു നൽകിയ മീഖാത്ത് എന്ന നിശ്ചിത സമയത്താണ്. അല്ലാഹുവുമായുള്ള രണ്ടാമത്തെ സംസാര സമാഗമത്തിൽ ആയിരുന്നു ഇത്. മൂസാനബി അല്ലാഹുവുമായി ആദ്യം സംസാരിച്ചത് മദ് യനിൽ നിന്ന് ഈജിപ്തിലേക്ക് കുടുംബവുമായി മടങ്ങുന്ന വഴിയിൽ വച്ചായിരുന്നു. ഈ അവസരത്തിൽ സംസാരവും പ്രവാചകത്വ നിയോഗവും മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആ നിയോഗം അനുസരിച്ച് ഈജിപ്തിലെ ഇസ്രയേൽ സന്തതികളെ രക്ഷപ്പെടുത്തി സീനാ മരുഭൂമി വഴി തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് പോകുമ്പോഴായിരുന്നു രണ്ടാമത്തെ സംഭവം. ഈ അവസരത്തിലാണ് നൽകപ്പെട്ടിട്ടുള്ളത്. കല്ലുകളുടെയോ മരത്തിന്റെയോ പലകകളിൽ എഴുതപ്പെട്ട രൂപത്തിൽ മൊത്തത്തിൽ ആയിരുന്നു കിതാബ് കൈമാറിയത്.



മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും ഈജിപ്തിൽ നിന്ന് പുറപ്പെടുന്നതുവരെയും അവർക്ക് ഒരു വേദഗ്രന്ഥം അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടില്ല. അനുസരിച്ച് ജീവിക്കാനുള്ള ഒരു നിയമത്തിന്റെ ആവശ്യം അപ്പോൾ മാത്രമാണ് അവർക്ക് ഉണ്ടാകുന്നതും. ഈ യാത്രയിൽ അല്ലാഹു മൂസാനബി(അ)ക്ക് തൗറാത്ത് നല്‍കാന്‍ തീരുമാനിക്കുകയും അത് നല്‍കുന്നതിനായി അദ്ദേഹത്തെ അല്ലാഹു സീനാ പര്‍വതത്തിലേക്ക് വിളിക്കുകയുമായിരുന്നു. അതിനുവേണ്ടി മനസ്സും ശരീരവും പാകപ്പെടുവാൻ അദ്ദേഹത്തോട് നാല്‍പത് ദിവസം നോമ്പും ധ്യാനവുമായി കഴിയാനായി അല്ലാഹു കല്‍പിക്കുകയും ചെയ്തു. ആദ്യം അത് മുപ്പത് ദിവസമായിരുന്നു. പിന്നീട് അത് നാല്‍പത് ആക്കുകയാണ് ചെയ്തത്. വിശുദ്ധ ഖുർആൻ അതു പറയുന്നുണ്ട് (7:142). അത് പൂര്‍ത്തിയായതിന് ശേഷം തൗറാത്ത് സ്വീകരിക്കുന്നതിനായി അദ്ദേഹം പുറപ്പെടാന്‍ ഒരുങ്ങി. പുറപ്പെടുമ്പോൾ മൂസാ നബിയുടെ മനസ്സിലെ ഏറ്റവും വലിയ ആധി തന്റെ ജനതയെ കുറിച്ചായിരുന്നു. എന്തുപറഞ്ഞാലും അനുസരിക്കുകയും കണ്ണ് തെറ്റിയാൽ അതിനെ ലംഘിക്കുകയും ചെയ്യുക എന്നത് അവരുടെ സ്വഭാവമാണ് എന്ന് അപ്പോഴേക്കും നന്നായി മനസ്സിലായിരുന്നു. അതിനുമാത്രം ഉദാഹരണങ്ങൾ അപ്പോഴേക്കും സംഭവിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ജനങ്ങളുടെ കാര്യങ്ങൾ സശ്രദ്ധം നോക്കുവാൻ തൻ്റെ സഹോദരനും പ്രവാചകനുമായ ഹാറൂൻ നബിയേ ചുമതലപ്പെടുത്തി. തുടർന്നാണ് അദ്ദേഹം പോയതും അല്ലാഹുവിൽ നിന്ന് തൗറാത്ത് കൈപ്പറ്റിയതും. അദ്ദേഹം അതുമായി തിരിച്ചു വന്നപ്പോഴേക്കും ഭയപ്പെട്ടിരുന്നതെല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. സാമിരി എന്ന ഒരു വിദ്വാൻ ഉണ്ടാക്കിയ സ്വർണ്ണ പശുവിനെ ആരാധിക്കുവാൻ തുടങ്ങിയിരുന്നു ഇസ്രയേൽ ജനത. ഇങ്ങനെയാണ് തൗറാത്ത് ഇസ്രയേൽ ജനതയിൽ വന്നുചേർന്നത്.



ബനൂ ഇസ്രയേൽ എന്ന ജനതയുടെ മൊത്തത്തിലുള്ള പ്രത്യേകത അവർ സ്വന്തം താല്പര്യങ്ങളെയും ഇച്ഛകളെയും മാത്രം ദൈവമായും പരമസത്യമായും കാണുന്നു എന്നതാണ്. താൽക്കാലികമായിട്ടാണെങ്കിൽ പോലും ഒരു പ്രയാസം സഹിക്കുവാനോ മറ്റൊരാളുടെ നിയമത്തിന് വിധേയരാകുവാനോ അവർക്ക് അടിസ്ഥാനപരമായി താല്പര്യം ഇല്ല. അവരുടെ ഈ താല്പര്യത്തിന് വിഘാതമായിരുന്നു തൗറാത്തും അതിൻ്റെ ഉള്ളടക്കവും. ദൈവീക ഗ്രന്ഥം എന്ന നിലക്ക് പരമമായ സത്യത്തിലേക്കും പരിശുദ്ധമായ ജീവിത വഴിയിലേക്കും തൗറാത്ത് അവരെ നയിക്കുന്നുണ്ടായിരുന്നു. സംശുദ്ധമായ ആ മാർഗ്ഗം പ്രഥമദൃഷ്ട്യാ എങ്കിലും ഭൗതികതയിൽ അഭിരമിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. അതിനാൽ അവർ അതിനെ സ്വീകരിച്ചുവെങ്കിലും പിന്നീട് അതിനോട് അവർ രണ്ടു തരത്തിലുള്ള അമാന്യതകൾ കാണിക്കുകയായിരുന്നു. ഒന്നാമതായി, അവർ അതിന്റെ പല ഭാഗങ്ങളും തങ്ങളുടെ താൽപര്യങ്ങൾക്കു വേണ്ടി മാറ്റിയെഴുതുകയോ മുറിച്ചു കളയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയുണ്ടായി. അത് പഴയ നിയമം എന്ന പേരിൽ ഇപ്പോഴും അച്ചടിക്കപ്പെട്ടുവരുന്ന പുസ്തകം മറിച്ചു നോക്കിയാൽ തന്നെ മനസ്സിലാകുന്ന കാര്യമാണ്. അത്രയ്ക്കും പച്ചയ്ക്കാണ് അവർ അതിൽ കൈകടത്തിയിട്ടുള്ളത്. ജൂതന്മാര്‍ തങ്ങളുടെ നിയമ പുസ്തകത്തിൽ അഞ്ച് പുസ്തകങ്ങളെയാണ് മൂസാനബിയിലേക്ക് ചേര്‍ത്തി പറയുന്നത്. ഉല്‍പ്പത്തി'യാണ് ഒന്നാമത്തെ പുസ്തകം. മനുഷ്യൻ്റെ സൃഷ്ടിപ്പിന്റെ കഥയും അതിൻ്റെ വികാസവുമാണ് ഇതിലെ പ്രമേയം. രണ്ടാമത്തേത് 'പുറപ്പാട്' ആണ്. ഈജിപ്തില്‍ നിന്നുള്ള അവരുടെ പുറപ്പാടാണ് ഇതിലെ പ്രമേയം. മൂന്നാമത്തേത് ആണ് 'നിയമം'. പ്രധാനമായും അവരോട് കൽപ്പിക്കപ്പെട്ട പത്തു കൽപ്പനകൾ അടക്കമുള്ള ജീവിതക്രമങ്ങൾ ഈ അധ്യായത്തിലാണ് പറയുന്നത്. നാലാമത്തേത് 'സംഖ്യകള്‍' എന്ന പുസ്തകമാണ്. ഇതിൽ വിവിധ ജൂതഗോത്രങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ മൂസാ നബി ഉത്തരവിട്ടിരുന്നത് കൊണ്ടാണ് നാലാമത്തെ പുസ്തകത്തിന് ഈ പേര് വന്നത്. അഞ്ചാമത്തെ പുസ്തകമാണ് 'ആവര്‍ത്തനം'. പഴയ തത്ത്വങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത് കൊണ്ടാണ് ഈ പേര് വന്നത് എന്നാണ് വിശദീകരണം. മുമ്പ് പറഞ്ഞ ചില വിവരങ്ങള്‍ പുതുക്കുകയും ചിലതിന് ചില വിശദീകരണങ്ങള്‍ കൂടി നല്‍കുകയും ചെയ്യുന്നുണ്ട് ഈ അഞ്ചാം പുസ്തകത്തില്‍. തുടക്കത്തില്‍ അഞ്ചാം പുസ്തകമായ 'ആവര്‍ത്തനം' ജൂതന്മാരുടെ കൈവശം ഉണ്ടായിരുന്നില്ല. മൂസാ നബി മരിച്ച് 600 വര്‍ഷം കഴിഞ്ഞ ശേഷം, ഒരാള്‍ അന്നത്തെ ജൂതഭരണാധികാരിയെ ഒരേടുമായി സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''എനിക്ക് ഒരു ഗുഹയില്‍ നിന്ന് കിട്ടിയതാണ് ഈ ഗ്രന്ഥം. ഇതെന്താണെന്ന് എനിക്ക് അറിയില്ല. കുറെ മതകല്‍പനകളാണെന്ന് മാത്രം മനസ്സിലായി.'' പുസ്തകത്തിന്റെ ഈ കൈയെഴുത്ത് പ്രതി രാജാവ് അക്കാലത്ത് പ്രവാചകയായി അവകാശപ്പെട്ടിരുന്ന ഹുൽദ എന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് കൊടുത്തുവിട്ടു. ആ പ്രവാചക, ഈ കൈയെഴുത്ത് പ്രതി മൂസായുടെ പുസ്തകമാണെന്ന് സാക്ഷ്യപ്പെടുത്തി. അങ്ങനെ മൂസാ നബിയുടെ വിയോഗത്തിന് 600 വര്‍ഷം കഴിഞ്ഞാണ് ഈ പുസ്തകം തൗറാത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. ഇതിൽ മൂസാ നബിക്ക് ശേഷം വന്ന പ്രവാചകന്മാരുടെ കാലത്ത് ജൂതന്മാര്‍ ഫലസ്ത്വീന്റെ ഒരു ഭാഗം കീഴടക്കിയതിനെക്കുറിച്ചും അവിടെ ഭരണം സ്ഥാപിച്ചതിനെ പ്രതിപാദിക്കുന്നുണ്ട് എന്നു പറയുമ്പോൾ തന്നെ മൂസാ നബിയുടെ കയ്യിൽ എഴുതി തയ്യാറാക്കി നൽകിയ കിതാബ് അല്ല ഇപ്പോൾ അവരുടെ കയ്യിലുള്ളത് എന്നത് സുതരാം വ്യക്തമാണല്ലോ. അതിനേക്കാൾ കൗതുകകരം മൂസാ നബിക്ക് തന്റെ ജീവിതകാലത്തെ അള്ളാഹു നൽകിയ ആ കിതാബ് എന്ന അവകാശവാദത്തിൽ ഇപ്പോൾ കൊണ്ടുനടക്കുന്ന അവരുടെ പുസ്തകത്തിൽ മൂസാ നബി രോഗിയാകുന്നതും മരണപ്പെടുന്നതും എല്ലാം പറയുന്നുണ്ട് എന്നതാണ് (ആവര്‍ത്തനം: 34:5-10).



രണ്ടാമത്തേത് അവർ ഈ കിത്താബ് കൊണ്ടുനടക്കുമ്പോഴും അതിലുള്ള ആശയങ്ങളെ അവരുടെ ജീവിതം കൊണ്ട് സ്വാംശീകരിക്കുന്നില്ല എന്നതാണ്. അതാണ് ഈ സൂക്തത്തിൽ സൂചിപ്പിക്കപ്പെടുന്നത്. ആദ്യത്തിൽ ഈ കിതാബിന്റെ ചുമതല നൽകപ്പെടുകയും പിന്നെ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തതിനാൽ അവർ ഏട് ചുമക്കുന്ന കഴുതകളെ പോലെയാണ് എന്നാണ് ഈ ആയത്ത് പറയുന്നത്. കിത്താബിനകത്തുള്ളത് അവർ അംഗീകരിക്കുകയോ പിൻപറ്റുകയോ ചെയ്യുന്നില്ല എങ്കിലും അവർ അത് കയ്യൊഴിക്കുന്നില്ല. കാരണം അവരുടെ വാദമനുസരിച്ച് അവർ ദൈവത്തിൻ്റെ സ്വന്തം മക്കളാണ് എന്നും ദൈവത്തിൻ്റെ സ്വന്തം ജനതയാണ് എന്നും സ്വർഗ്ഗം പൂകുന്ന ഏക ജനതയാണ് എന്നുമെല്ലാം തെളിയിക്കാൻ ബഹുമാനം നടിച്ച് കൊണ്ട് നടക്കുന്ന ഒരു കിത്താബ് അവർക്ക് കയ്യിൽ ആവശ്യമാണ്. അത്ര മാത്രമേ തൗറാത്ത് അവർക്കുള്ളൂ.



6 നബിയേ, പറയുക: ജൂതരേ, മറ്റു ജനങ്ങളില്ലാതെ നിങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ മിത്രങ്ങളെന്നാണ് നിങ്ങളുടെ വാദം സത്യവാന്മാരാണെങ്കില്‍ നിങ്ങള്‍ മരണം ആഗ്രഹിക്കുക.



ജൂതന്മാരുടെ എക്കാലവും ഉള്ള സ്വഭാവമാണ് തങ്ങൾ മാത്രമാണ് ദൈവത്തിൻറെ സമീപസ്ഥർ എന്ന അഹങ്കാരവും വാദവും. മറ്റുള്ളവരെ തങ്ങളെക്കാൾ വളരെ താഴെയുള്ളവർ മാത്രമായി പരിഗണിക്കുന്നത് കൊണ്ടാണ് അവർ എല്ലാവരോടും കഠിനമായ ശത്രുത പുലർത്തുന്നത്. തങ്ങളുടെ ഈ വാദം പലപ്പോഴും തങ്ങളുടെ വിശുദ്ധി രക്തത്തിന്റെ വിശുദ്ധിയാണ് എന്ന രൂപത്തിൽ ഉന്നയിക്കപ്പെടാറുണ്ട്. കഠിനമായ വർഗീയതയും ജാതീയതയും ഇത്തരം നിലപാടുകളിൽ നിന്നാണ് പൊട്ടിപ്പുറപ്പെടാറുള്ളത്. അവരുടെ ജീവിതത്തിൽ ഉടനീളം ഇതു കാണാൻ കഴിയും. ഈ സൂക്തത്തിൽ അല്ലാഹു അവരെ കഠിനമായ ഒരു ചോദ്യത്തിലിട്ട് കുടുക്കിക്കളയുകയാണ്. നിങ്ങൾ ദൈവത്തിൻ്റെ സ്വന്തക്കാരാണ് എന്നത് വിശ്വാസത്തോടുകൂടി തന്നെയാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങൾ മരണത്തെ കൊതിക്കുക (മരിച്ചേക്കാവുന്ന ഏതെങ്കിലും കാര്യം ധൈര്യമുണ്ടെങ്കിൽ ചെയ്യുക) എന്നാണ് അല്ലാഹു പറയുന്നത്. നിങ്ങൾ അങ്ങനെ ചെയ്താലും അല്ലാഹു നിങ്ങൾ അവൻ്റെ സമീപസ്ഥരായതിനാൽ നിങ്ങളെ രക്ഷപ്പെടുത്തുമല്ലോ എന്നാണ് അതിലെ സൂചന. ഈ ചോദ്യം സത്യത്തിൽ അവരുടെ ചങ്കിൽ കൊള്ളുന്ന ചോദ്യമാണ്. അത് അവരുടെ വായ അടപ്പിച്ചു കളയുന്ന ചോദ്യമാണ്. അല്ലാഹുവിൻ്റെ സ്വന്തക്കാരൻ ആണ് എന്ന് സത്യസന്ധമായി പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നീ ഈ കിണറ്റിലേക്ക് ഒന്ന് എടുത്തുചാടുക എന്ന് നാം ഒരാളോട് പറയുന്നതിന് സമാനമാണ് ഇത്. അങ്ങനെ സങ്കൽപ്പിച്ചു നോക്കുമ്പോഴാണ് ഈ ചോദ്യം അവരെ എത്രമാത്രം ഹീനമായി മാനഭംഗപ്പെടുത്തി എന്ന് മനസ്സിലാവുക. ഇത് സത്യത്തിൽ ജൂത സമൂഹത്തിന്റെ ധൈര്യത്തിന്റെ അളവുകോൽ കൂടിയാണ്. അവർ അതിന് തയ്യാറായില്ല എന്നാണ് ചരിത്രം അതിനുമാത്രം അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. അവരുടെ ധൈര്യത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ തന്നെ പലയിടങ്ങളിലായി സൂചിപ്പിച്ചിട്ടുള്ളതാണ്. ഉദാഹരണമായി അൽ ബഖറ സൂറത്ത് പറയുന്നു: സകല മനുഷ്യരെക്കാളും ഭൗതിക ജീവിതതല്‍പരരാണ് ജൂതരെന്ന് താങ്കള്‍ക്കു കാണാം; ബഹുദൈവ വിശ്വാസികളെക്കാള്‍ വരെ. ആയിരം കൊല്ലം ജീവിച്ചിരുന്നുവെങ്കില്‍ എന്നാണ് ഓരോരുത്തരുടെയും അഭിലാഷം. എന്നാല്‍ ദീര്‍ഘായുഷ്മാനാകുന്നതുകൊണ്ട് ശിക്ഷയില്‍ നിന്നു അവന്‍ ദൂരീകരിക്കപ്പെടില്ല. അവരുടെ ചെയ്തികളെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മ ദൃഷ്ടിയുള്ളവനത്രേ. (2: 96) സത്യവിശ്വാസികളോട് നേരിട്ട് യുദ്ധം ചെയ്യാന്‍ ജൂതന്മാര്‍ തയ്യാറാവില്ല. കാരണം, വിശ്വാസികള്‍ രക്തസാക്ഷ്യം സ്വാഗതം ചെയ്യുന്നവരാണ്. ജൂതരാകട്ടെ മരണമാഗ്രഹിക്കാത്തവരുമാണ്. ഇനി ഏറ്റുമുട്ടലിനു നിര്‍ബന്ധമായാല്‍ തന്നെ കോട്ടകെട്ടി ഭദ്രമാക്കിയ സ്ഥലത്തോ ഒരു മറക്കോ മതിലിനോ പിന്നിലോ വെച്ച് മാത്രമേ അവരത് ചെയ്യൂ. നേരിട്ടുള്ള ഒരു യുദ്ധത്തിന് അവർക്ക് ധൈര്യം ഉണ്ടാവില്ല. ബൈബറിലെ ജൂതൻമാരുടെ ചരിത്രം നമുക്കറിയാവുന്നതാണ്. ബലിഷ്ഠമായ കോട്ടകളിൽ കയറി വാതിലടച്ചാണ് അവർ യുദ്ധം ചെയ്തിരുന്നത്. ജൂതൻമാർ ഇപ്പോഴും മുമ്പിൽ വന്നും നിന്നുമല്ല യുദ്ധം ചെയ്യുന്നത്, പാശ്ചാത്യ ശക്തികളെയും മറ്റും മുന്നിൽ നിറുത്തി പിന്നിൽ നിന്ന് മാത്രമാണ്.



7 എന്നാല്‍ നേരത്തെ അനുവര്‍ത്തിച്ച ദുഷ്‌കര്‍മങ്ങള്‍ മൂലം ഒരിക്കലും അവരത് ആഗ്രഹിക്കുകയേയില്ല. അതിക്രമകാരികളെ അല്ലാഹുവിന്ന് നന്നായറിയാം.



ഈ വാക്യത്തിന്റെ പശ്ചാത്തലത്തിൽ നബി(സ) പറഞ്ഞു: അവര്‍ ആവശ്യപ്പെട്ടതുപോലെ മരണം ആഗ്രഹിച്ചിരുന്നുവെങ്കില്‍ മരിക്കുകയും നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുമായിരുന്നു (ബുഖാരി). എന്നാൽ വാദത്തിനു വേണ്ടിയെങ്കിലും ഖുര്‍ആനെ ഉത്തരം മുട്ടിക്കാനെങ്കിലും അവരതിന് തയ്യാറാക്കുക ഉണ്ടായില്ല എന്നത് ഖുർആനിന്റെ മറ്റൊരു അമാനുഷികത തന്നെയാകുന്നു.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso