Thoughts & Arts
Image

മൂന്നു നേതൃഗുണങ്ങൾ

14-09-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഈജിപ്തിൽ നിന്ന് ഇസ്രയേൽ സന്തതികളുമായി യാത്ര തിരിച്ച് ചെങ്കടൽ കടന്ന് സീനാ മരുഭൂമിയിലേക്ക് എത്തിച്ചേർന്നപ്പോഴാണ് തൗറാത്ത് എന്ന വേദഗ്രന്ഥം നൽകുവാൻ വേണ്ടി അല്ലാഹു മൂസാനബിയെ ത്വൂരിസീനാ പർവതത്തിലേക്ക് വിളിക്കുന്നത്. അപ്പോഴേക്കും തൻ്റെ ജനതയുടെ നിലവാരവും നിലപാടും മൂസാനബി മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. കണ്ണുതെറ്റിയാൽ അവർ ഏതു ദൈവ നിർദ്ദേശവും താല്പര്യവും ലംഘിക്കും. തൗറാത്ത് കൈപ്പറ്റുവാൻ ആണെങ്കിൽ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് മൊത്തം നാൽപ്പതു ദിവസമാണ്. ഇത്രയും ദിവസം താൻ ഇല്ലാതെവന്നാൽ ഈ ജനത പലതും കാട്ടിക്കൂട്ടിയേക്കും എന്ന് ഭയപ്പെട്ട മൂസാ നബി തൻ്റെ സഹോദരൻ ഹാറൂൻ നബിയെ സമുദായത്തിന്റെ ചുമതല ഏൽപ്പിക്കുന്ന കഥ വിശുദ്ധ ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ പറയുന്നുണ്ട്. അന്ന് മൂസാ നബി സഹോദരനെ സമുദായത്തിന്റെ ചുമതല ഏൽപ്പിക്കുമ്പോൾ പറയുന്ന വാക്കുകൾ അതേപടി ഖുർആൻ എടുത്തുപറയുന്നുണ്ട്. ഖുർആൻ അങ്ങനെ പറയാറുള്ളത് ആ പ്രയോഗങ്ങളിൽ അടങ്ങിയിരിക്കുന്ന ആഴമുള്ള അർത്ഥം സംരക്ഷിക്കുവാൻ വേണ്ടിയാണ്. അത് വിശുദ്ധ ഖുർആനിൽ ആലേഖിതമായി കിടക്കുന്നത് സമൂഹവും സമുദായവും ചുമതലക്കാരും ഉള്ള കാലത്തോളം ആ പറഞ്ഞത് പ്രസക്തമാണ് എന്നതുകൊണ്ടാണ്. ഇപ്പോഴും സമുദായവും സമൂഹവും ഉള്ളതുകൊണ്ടും അവയെ നയിക്കുവാനും നിയന്ത്രിക്കുവാനും നേതാക്കന്മാർ അനിവാര്യമായതുകൊണ്ടും ആ ചിന്ത ഇപ്പോഴും പ്രസക്തമാണ്. അതിൽ അദ്ദേഹം പറയുന്നു: 'എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക' (അൽ അഅ്റാഫ്: 142). ഈ ഉപദേശത്തിൽ മൂന്നു കാര്യങ്ങളാണ് ഉള്ളടങ്ങിയിരിക്കുന്നത്. ഒന്നാമത്തേത് 'എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുക' എന്നതാണ്.



ഈ പറഞ്ഞതിൽ ഒരു നേതാവിനുണ്ടായിരിക്കേണ്ട ചുമതലാ ബോധവും താൽക്കാലികമായിട്ടാണെങ്കിലും അത് മറ്റൊരാൾക്ക് കൈമാറുമ്പോൾ പാലിക്കേണ്ട ജാഗ്രതയും എല്ലാം ഉള്ളടങ്ങിയിട്ടുണ്ട്. ആ ജാഗ്രതയാണ് നീ ഞാനാകാൻ ശ്രമിക്കേണ്ട മറിച്ച് എൻ്റെ പ്രതിനിധിയായിരുന്നാൽ മതി എന്ന് തുറന്നു പറയുന്നത്. പ്രതിനിധി വഹിക്കുന്നത് പ്രാതിനിധ്യമാണ്. അയാൾക്ക് സ്വതന്ത്രമായി ആവിഷ്കരിക്കുവാനോ താൻ ആവിഷ്കരിച്ചതിനെ നടപ്പിലാക്കുവാനോ അധികാരമില്ല. അയാൾ എന്തുകാര്യം ചെയ്യുമ്പോഴും അത് താൻ ആരുടെ പ്രതിനിധിയാണോ അയാൾ ചെയ്യുകയാണെങ്കിൽ എങ്ങനെയായിരിക്കും എന്ന ബോധ്യത്തോടെ മാത്രമേ ചെയ്യാവൂ. ഹാറൂൻ നബി ഒരു പ്രവാചകനാണ് എന്ന നിലക്ക് അദ്ദേഹം അങ്ങനെ തന്നെയായിരിക്കും ചെയ്യുക എന്ന് നമുക്ക് അനുമാനിക്കാം. എങ്കിലും മൂസാ നബിക്ക് തുല്യമായ ഗൗരവവും ജാഗ്രതയും ഉണ്ടായിക്കൊള്ളണമെന്നില്ല. കാരണം ഇസ്രയേൽ സന്തതികളുടെ എല്ലാ സ്വഭാവങ്ങളും ഭാവ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ ആളാണ് അദ്ദേഹം. ഹാറൂൻ നബിയാവട്ടെ, തനിക്ക് ഒരു സഹായവും സൗകര്യവും ആകുവാൻ വേണ്ടി പ്രത്യേകമായി അല്ലാഹുവിനോട് ആവശ്യപ്പെട്ടപ്പോൾ പ്രവാചകത്വം ലഭിച്ച ആളാണ്. പ്രത്യേക ദൗത്യം ഏൽപ്പിക്കപ്പെടുന്ന പ്രതിനിധികൾ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ തന്നെയാണ് ഈ സംഭവവും ആയത്തും പ്രാഥമികമായി ഉദ്ബോധിപ്പിക്കുന്നത്. എങ്കിലും ഇതിൽ ഉള്ളടങ്ങിയിരിക്കുന്ന തത്വം അല്ലാഹുവിൻ്റെ പ്രാധിനിത്യം വഹിച്ച് ഈ പ്രപഞ്ചത്തിൽ എത്തിച്ചേർന്ന മനുഷ്യൻ ഉൾക്കൊള്ളുകയും പാലിക്കുകയും ചെയ്യേണ്ട മര്യാദകൾ വരെ നീണ്ടുകിടക്കുന്നുണ്ട്. ഇവിടെ ജീവിതവുമായി മുന്നോട്ടു നടക്കുമ്പോൾ താൻ തന്നെ പറഞ്ഞയച്ചവന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളും കാത്തുസൂക്ഷിച്ചാണ് ഓരോ ചുവടും വെക്കേണ്ടത് എന്ന അവബോധം മനുഷ്യനിൽ ഉണ്ടായിരിക്കണം എന്ന് അർത്ഥം.



രണ്ടാമത്തേത് 'നല്ലത് പ്രവര്‍ത്തിക്കുക' എന്ന ഉപദേശമാണ്. ഇതിനായി ഉപയോഗിച്ചിരിക്കുന്ന വാക്ക് 'അസ്വ്‌ലിഹ്' എന്നാണ്. നന്നാക്കുക എന്നാണ് ഇതിൻ്റെ അര്‍ഥം. ഈ വാക്ക് പ്രയോഗിക്കുക ഏതെങ്കിലും തരത്തിൽ ഏതെങ്കിലും ഒന്ന് കേട്‌ വരുമ്പോഴാണ്. കേടുവന്നതിനോട് ഉണ്ടായിരിക്കേണ്ട നേതാവിൻ്റെ സമീപനം വരച്ചുകാണിക്കുകയാണ് ഈ ഉപദേശം. കേടുവന്നതിനോട് പൊതുവേ പ്രാഥമികമായി രണ്ടിൽ ഒരു നിലക്കുള്ള കാഴ്ചപ്പാടായിരിക്കും നേതൃത്വം കൊടുക്കുന്നവർക്ക് ഉണ്ടായിരിക്കുക. ഒന്നുകിൽ നിരാശപ്പെട്ട് അവഗണിക്കുക. അല്ലെങ്കിൽ മനസ്സുകൊണ്ട് എഴുതിത്തള്ളുക. ഒരു ശരിയായ ചുമതലക്കാരനും ഉത്തരവാദിത്വമുള്ള നേതാവും രണ്ടു മാർഗ്ഗവും സ്വീകരിക്കാൻ പാടില്ല. അവർ കേടുവന്നതിനെ നന്നാക്കി എടുക്കാനാണ് താല്പര്യം കാണിക്കേണ്ടത്. പ്രബോധകരുടെ ഒരു പ്രധാന ശൈലിയും ദൗത്യവും ആണിത്. പ്രവാചകന്മാർ നേതാക്കളും അതേസമയം പ്രബോധകരും ആണ്. മുമ്പിൽ നിൽക്കുന്ന എല്ലാവരും ഈ അർത്ഥം ഉൾക്കൊള്ളുന്നുണ്ട്. അവരുടെ ഓരോ നീക്കങ്ങളും ഓരോ നിലപാടുകളും താൻ ഉൾക്കൊള്ളുന്ന തത്വത്തിന്റെ പ്രകടനവും പ്രബോധനവും ആണ്. വിശ്വാസത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലുമെല്ലാം ജനതക്കോ അതിൽ ഒരാൾക്കോ വ്യതിയാനമുണ്ടാകുമ്പോള്‍ അത് നന്നാക്കിയെടുക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. ചിലപ്പോഴെങ്കിലും നേതാക്കന്മാർ തന്നെ അഭിപ്രായവ്യത്യാസങ്ങളിൽ പക്ഷം ചേർന്ന് നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷങ്ങൾ രൂപപ്പെടുന്നത് പ്രശ്നങ്ങൾ വലുതാകുമ്പോഴാണല്ലോ. പ്രശ്നങ്ങൾ പ്രകടമാകുമ്പോൾ അത് വലുതാകാൻ വേണ്ടി ഏതെങ്കിലും ഒരു ഭാഗത്ത് ചേർന്ന് നിൽക്കുകയല്ല, മറിച്ച് അത് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ് ശരിയായ നേതാവ് ചെയ്യേണ്ടത്. നബി(സ)യുടെ രീതി അതായിരുന്നു. ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അൻസാരികളും മുഹാജിറുകളുമായ സഹാബികൾക്കിടയിൽ ഒരു അഭിപ്രായവ്യത്യാസം ഉടലെടുക്കുകയുണ്ടായി. രണ്ടു പക്ഷത്തും ന്യായങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അതിലേക്കൊന്നും നോക്കുക പോലും ചെയ്യാതെ നബി(സ) ആ പ്രശ്നത്തെ ശാസ്ത്രീയമായി മറികടക്കുകയായിരുന്നു.



മൂന്നാമത്തത്, 'കുഴപ്പക്കാരുടെ മാര്‍ഗം നീ പിന്തുടരാതിരിക്കുകയും ചെയ്യുക' എന്നതായിരുന്നു. ഭൂമിയിൽ ബോധപൂർവ്വം തകരാറുകൾ ഉണ്ടാക്കുന്ന വരെയാണ് പൊതുവേ കുഴപ്പക്കാർ എന്നു പറയുന്നത്. ഇവർ ഒന്നുകിൽ ബാലിശമായ വാദങ്ങൾ ഉന്നയിച്ച് ഓരോ രംഗത്തും തടസ്സം സൃഷ്ടിക്കുകയായിരിക്കും. അല്ലെങ്കിൽ അന്ധമായ വിരോധം കൊണ്ട് അസൂയയോ തത്തുല്യമായ മറ്റെന്തെങ്കിലുമോ പ്രകടിപ്പിക്കുകയായിരിക്കും. രണ്ടാണെങ്കിലും അവരുടെ ഉള്ളിലിരിപ്പ് എന്ന നിയ്യത്ത് ശരിയല്ല. മനസ്സ് ശരിയല്ലാത്തവരെ പിന്തുടരുന്നത് ഖുർആനും ഇസ്ലാമും വിവിധ സ്വരങ്ങളിൽ കർശനമായി വിലക്കുന്നുണ്ട്. ഇവിടെ പരാമർശിക്കപ്പെടുന്ന കുഴപ്പം ഇസ്ലാമിൽ ഫിത്ന എന്ന് വ്യവഹരിക്കപ്പെടുന്ന ഒരു സാമൂഹ്യ വിപത്താണ്. പരീക്ഷണം എന്നാണ് ഫിത്ന എന്ന വാക്കിൻ്റെ അര്‍ത്ഥം. രണ്ടു മേഖലയിലാണ് ഫിത്ന സംഭവിക്കുക. ദീനിലും ദേഹങ്ങളിലും. ദീനില്‍ അതു വളരുക സംശയങ്ങളിലൂടെയും അവ്യക്തതകളിലൂടെയും പ്രമാണങ്ങളിലെ തെറ്റായ വായനയിലൂടെയുമായിരിക്കും. ദേഹങ്ങളിലാവട്ടെ പ്രലോഭനങ്ങള്‍, ഇഛകൾ, അമിത വൈകാരികതകൾ പ്രകോപനങ്ങള്‍, പീഢനങ്ങള്‍ മുതലായ മാര്‍ഗ്ഗങ്ങളിലൂടെയുമായിരിക്കും. ഏതായാലും കാര്യങ്ങൾ അതിൻ്റെ ശരിയായ താളത്തിൽ മുന്നോട്ടു പോകുമ്പോൾ അതിന് ഭംഗം വരിക എന്നതാണ് പൊതു ആശയം. അതു കണ്ടാൽ അതിനെ മുളയിലെ നുള്ളി കളയണമെന്നാണ് ഇസ്ലാമിൻ്റെ നിലപാട്. ഫിത്ന ഉറങ്ങിക്കിടക്കുകയാണ്, അതിനെ വിളിച്ചുണർത്തുന്നവൻ അഭിശപ്തനാണ് എന്നാണ് പ്രമാണം. ഫിതനകളില്‍ ജാഗ്രത പാലിക്കുക എന്നത് ഒരു വിശ്വാസിക്ക് നിര്‍ബ്ബന്ധമാണ്. ‘അവയില്‍ (ഫിത്നയില്‍), ഇരിക്കുന്നവന്‍ നില്‍ക്കുന്നവനെക്കാളും ഉത്തമാനാണ്, നടക്കുന്നവന്‍ ഓടുന്നവനെക്കാളും ഉത്തമനാണ്’ എന്നാണ് നബി വചനം. ഫിത്ന വ്യക്തമായ വ്യതിചലനം ഉണ്ടാക്കുന്നു. അതുകൊണ്ടാണ്
ഫിത്നയില്‍പെട്ടുവോ ഇല്ലയോ എന്നറിയാന്‍ ഹുദൈഫ(റ) "നിങ്ങളിലാരാള്‍ തന്നെ ഫിത്ന ബാധിച്ചുവോ ഇല്ലയോ എന്നറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ വിലയിരുത്തേണ്ടത് ഇക്കാര്യമാണ്: ഹറാമായി കണ്ടിരുന്നത് ഇപ്പോള്‍ താന്‍ ഹലാലായി കാണുന്നുവോ? എങ്കില്‍ തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു. ഹലാലായി കണ്ടിരുന്നത് താന്‍ ഇപ്പോള്‍ ഹറാമായി കാണുന്നുവോ? എങ്കിലും തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു" എന്നു പറയുന്നത്. (ഹാകിം)



കുഴപ്പക്കാരായ ഫിത്നക്കാരുടെ മാർഗ്ഗം നീ പിന്തുടരുത് എന്നു പറയുമ്പോൾ ഫിത്നയെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് അർഥമാക്കുന്നത്. കുഴപ്പങ്ങളിൽ പെടാതെ സമുദായത്തെ നയിക്കാൻ ബാദ്ധ്യസ്ഥനായ ആൾ തന്നെ കുഴപ്പത്തെ പ്രോത്സാഹിപ്പിക്കുന്ന ആളായി മാറുമ്പോൾ അതുണ്ടാക്കുന്ന നിരർഥകത വലുതും മാനം കെടുത്തുന്നതും ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso