സാംസ്കാരിക ലോകത്തെ അസ്വസ്ഥതകൾ
17-09-2024
Web Design
15 Comments
മുഹമ്മദ് തയ്യിൽ
വാർത്തകളും വിഷയങ്ങളും നമ്മുടെ നാട്ടിൽ ഇപ്പോൾ അങ്ങനെയാണ്. മറ്റൊന്ന് വരുമ്പോൾ ഇത് ഇട്ടും വിട്ടും അതിനു പുറകെ ഓടും. അങ്ങനെയങ്ങനെ പല പ്രധാന വാർത്തകളും വാർത്തകൾ അല്ലാതെയായി മാറും. ചർച്ചയിൽ പിന്നെ പുതിയ എന്തെങ്കിലും വാർത്തകളാണ് ഉണ്ടാവുക. അതിലൊന്നാണ് സിനിമ മേഖലയിൽ നിന്ന് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു വന്ന അറു വഷളൻ രംഗങ്ങൾ. ആരൊക്കെ എന്തൊക്കെ പറഞ്ഞു, ആരൊക്കെ ആരുടെയൊക്കെ വാതിലിൽ മുട്ടി എന്നതിൻ്റെയൊന്നും ക്രോണോളജി അവതരിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. കാരണം, പറഞ്ഞവരെല്ലാം പറഞ്ഞതിന് ഒരേ സ്വരം മായിരുന്നു. മാന്യന്മാരും സാംസ്കാരിക നായകന്മാരുമായ ആൺ സിനിമാ നടന്മാർ നടിമാരെ ലൈംഗികമായി ശല്യപ്പെടുത്തുന്നു എന്നതായിരുന്നു അത് ഒറ്റവാക്കിൽ. ഇത് പരിഹരിക്കുവാൻ ഈ വാർത്ത കുറച്ചുകാലമെങ്കിലും ജീവിച്ചാൽ മാത്രം മതിയായിരുന്നു. കുറച്ചുകാലം ജീവിച്ചാൽ അത്രയും കാലത്തേക്ക് ഈ വിഷയം ചർച്ചയായി നിൽക്കും. ചർച്ച തുടങ്ങി വെച്ചാൽ പലരും പലതും അറിഞ്ഞും അറിയാതെയും വീണ്ടും ശർദ്ദിക്കും. അങ്ങിനെ കെട്ടതും കെട്ടിക്കിടക്കുന്നതുമായ എല്ലാം ഛർദിച്ച് ഛർദ്ദിച്ച് തീർന്നേക്കുമായിരുന്നു. അത്രയും കാലം പ്രതികളെ മാനം കെടുത്തുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ, അപ്പോഴേക്കും ഒരശനിപാതം പോലെ വേറെ വാർത്തകൾ മേലെ കയറി. അതോടെ ഈ വാർത്തയുടെ ശ്രദ്ധ നഷ്ടപ്പെട്ടു. ആ മറവിൽ വില്ലന്മാർ രക്ഷപ്പെട്ടു. വിഷയം എല്ലാ അർത്ഥത്തിലും വിട്ടു എന്ന് ഈ പറയുന്നതിന് അർത്ഥമില്ല. വിഷയം ഇതിനിടെ സമർത്ഥമായി ഹൈജാക്ക് ചെയ്യപ്പെട്ടു എന്നു പറയുന്നതാവും ശരി. ഇപ്പോൾ സംഗതി സുരക്ഷിതമാണ്. പ്രതികൾക്കെല്ലാം ശ്വാസം വീണു. കേസ് എഴുതിത്തള്ളിയത് കൊണ്ടല്ല, മറിച്ച്, സംഗതി കേസായതുകൊണ്ടാണ്. ഒരു കാര്യം പോലീസിലോ കോടതിയിലോ എത്തിക്കിട്ടിയാൽ മതി പിന്നെ അതൊരിക്കലും ഒരു തലവേദനയായി തുടരില്ല എന്നതാണ് നമ്മുടെ നാട്ടിലെ അനുഭവം. പോലീസിലോ കോടതിയിലോ എത്തി കിട്ടിയാൽ പിന്നെ പ്രതി ആഗ്രഹിക്കുന്നത് പോലെ അതിനെ വളക്കുകയും തിരിക്കുകയും തിരിച്ചുവിടുകയും ഒക്കെ ചെയ്യാം. ഒരല്പം പണവും ഒരല്പം രാഷ്ട്രീയ ബന്ധവും ഉണ്ടെങ്കിൽ ഒന്നും ഭയപ്പെടാനില്ല. പല മേഖലയിലും പല ആൾക്കാരുടെയും കന്നിമാസമാണ് ഇത്തരം വിഷയങ്ങൾ. അവർ വേണ്ട അത്ര വാരിക്കൂട്ടുന്നത് ഇങ്ങനെയുള്ള സീസണുകളിലാണ്. അതുകൊണ്ട് അവർ സ്വന്തം അന്നം മറന്ന് നീതിയെയോ നിഷ്ഠയെയോ ഒന്നും കെട്ടിപ്പിടിക്കില്ല.
ഈ വിഷയത്തെ നാം സമീപിക്കുന്നത് മൂന്ന് നിലക്കാണ്. ഒന്നാമതായി മനുഷ്യൻറെ സാംസ്കാരിക മണ്ഡലത്തിൽ കടന്നു വരികയും വളർന്നു വികസിക്കുകയും ചെയ്ത ഒന്ന് എന്ന നിലക്ക് സിനിമ എന്ന കലക്ക് മനുഷ്യകുലം കൽപ്പിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു നിലവാരമുണ്ട്. ആ നിലവാരത്തിന്റെ താഴേക്ക് അതു വരുമ്പോൾ ഉണ്ടാകുന്ന മനുഷ്യകുലത്തിന്റെ സ്വാഭാവിക അസ്വസ്ഥത പ്രകടിപ്പിക്കുകയാണ്. രണ്ടാമതായി, സിനിമയെയും സിനിമാലോകത്തെയും സംസ്കാരത്തിൻ്റെ സിംബലുകളായി ഇതിനകം വായിക്കപ്പെട്ടിട്ടുള്ളതാണ്. ആ പേരിൽ അവർ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങൾ വരെ കയ്യടക്കുകയും ചെയ്തിട്ടുണ്ട്. അവിടെയാണ് ആ സാംസ്കാരിക ഔന്നത്യത്തിന് വിരുദ്ധമായി ചിലതെല്ലാം നടക്കുന്നത്. നടക്കുന്നതെല്ലാമാ വട്ടെ പച്ചയായി പറഞ്ഞാൽ സംസ്കാരരാഹിത്യവുമാണ്. അപ്പോൾ അവരുടെ എല്ലാം കാപട്യമാണ് എന്നത് ഒരു പരമാർത്ഥമായി മാറുന്നു. ആ കാപട്യം തുറന്നു പറയുവാൻ നാം ശ്രമിക്കുകയാണ്. മൂന്നാമതായി, വിനോദങ്ങളും ഇച്ഛകളും വൈകാരികതകളും മനുഷ്യനെ ത്രസിപ്പിക്കുന്നു എന്നത് സമ്മതിക്കുമ്പോൾ തന്നെയും അത് നേരെ ചൊവ്വേ പറഞ്ഞാൽ പൈശാചികതയാണ്. അവ വഴി പിശാച് മനുഷ്യനെ മൂക്കുകയറിട്ട് അവൻ കരുതിയ വഴികളിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ധാർമിക വിചാരങ്ങൾ ഉള്ളിലുള്ളവർക്ക് ഈ അപകടങ്ങൾ തുറന്നു പറയാതിരിക്കാൻ കഴിയില്ല. അത് പറയുവാൻ കൂടുതൽ സൗകര്യമാണ് ഇത്തരം തെളിവുകൾ രംഗം കയ്യടക്കുമ്പോൾ. അങ്ങനെ നമ്മുടെ ധാർമികതയ്ക്ക് വേണ്ടി നാം വാദിക്കുകയും ആണ്.
ആദ്യത്തെ ചലച്ചിത്രം പിറന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. ഈ കല വളർന്നു വളർന്ന് ഇന്ന്, സാങ്കേതികമായി ഒരുപാട് ഉയരങ്ങളിലെത്തി. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന വിനോദോപാധിയായി സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. അതു മനുഷ്യനെ എല്ലാ അർത്ഥത്തിലും കേറി പിടിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും സാഹിത്യരൂപങ്ങൾ എന്നും മനുഷ്യനെ രസിപ്പിച്ചിട്ടുള്ളതാണ്. അതിൽ കഥയുടെ സ്ഥാനം എന്നും മുന്നിലായിരുന്നു. ആലങ്കാരികമായ ചമൽക്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥകൾ മനുഷ്യനെ ഒരു സാങ്കല്പിക ഇടവഴിയിലൂടെ എങ്ങോട്ടൊക്കെയോ കൊണ്ടു പോകുമായിരുന്നു. കഥകളി ഇങ്ങനെ മനോരാജ്യം തീർത്ത് ആനന്ദിച്ച് ഇരിക്കുന്നതിനിടയിലാണ് കഥകളെ കൂടുതൽ ഹൃദ്യമാക്കുവാൻ പുതിയ കലാരൂപമായി നാടകങ്ങൾ വന്നത്. നാടകത്തിന്റെ വരവോടെ കഥകളും കവിതകളും നോവലുകളുമെല്ലാം ദൃശ്യങ്ങളായി പരിണമിക്കാൻ തുടങ്ങി. അതിനിടയിൽ സമാനമായ അർഥത്തിലും ആശയത്തിലുമുള്ള വിവിധ കലാരൂപങ്ങൾ രംഗത്തുവന്നു എങ്കിലും അവയിലെ കൊട്ടുംപാട്ടും നൃത്തവും ചുവടും എല്ലാം നാടകത്തിലേക്ക് ആവാഹിക്കപ്പെടുകയും നാടകം ഏറെ സജീവമാവുകയും ചെയ്തു. നാടകത്തിൽ ലയിച്ചു തുടങ്ങിയപ്പോൾ തന്നെ അനുവാചകർ നാടകത്തിന്റെ ചില പരിമിതികളെ സഹിക്കുന്നുണ്ടായിരുന്നു ഈ പ്രയാസം പിന്നെ ലളിത വൽക്കരിക്കപ്പെട്ടത് ചലച്ചിത്രത്തിൻ്റെ വരവോടു കൂടിയാണ്. നാടകത്തിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കുവാനും ഭാവനകളെയും ആശയത്തെയും പ്രയാസമില്ലാതെ ചിത്രീകരിക്കുവാനും കഴിയുന്നു എന്നതിനാൽ സാങ്കേതിക ലോകം സാഹിത്യലോകത്തോടൊപ്പം സിനിമയുടെ പിന്നിൽ നിന്നു. അങ്ങനെയാണ് സിനിമ ആസ്വാദക ലോകത്തെ കീഴ്പ്പെടുത്തുകയും ജയിച്ചടക്കുകയും ചെയ്തത്. മനുഷ്യൻ്റെ വികാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അനുഭവങ്ങൾ. അത് പ്രാചീനവും ആധുനികവും ആകാം. അങ്ങനെ ആദ്യം പുരാണങ്ങൾ ഇതിഹാസങ്ങൾ മനുഷ്യർക്കിടയിലെ കെട്ടുകഥകൾ തുടങ്ങിയവയെ എല്ലാമാണ് മനുഷ്യൻ ചിത്രീകരിച്ചു തുടങ്ങിയത്. പിന്നെ ആ സാഹിത്യങ്ങളുടെ മൗലികത അനിവാര്യമല്ല എന്ന് വന്നു. അതായത് ഈ ചരിത്രവും പുരാണവും എല്ലാം എഴുത്തുകാരന്റെ ഭാവനക്കനുസരിച്ച് പുനർ ക്രമീകരിച്ച് അവതരിപ്പിക്കപ്പെട്ടു. അതോടെയാണ് സിനിമയുടെ വ്യാപ്തി വലുതായത്.
ഇതിനിടയിൽ കലാ ലോകം മറ്റൊരു കാര്യം കണ്ടെത്തി. ദൃശ്യങ്ങൾ മനുഷ്യമനസ്സിനെ വളരെവേഗം സ്വാധീനിക്കുന്നു എന്ന്. വളരെ സമർത്ഥമായി ചിത്രീകരണത്തിൽ ആവിഷ്കരിക്കുകയാണ് എങ്കിൽ സാഹിത്യകാരന്റെ അല്ലെങ്കിൽ തിരക്കഥാകൃത്തിന്റെ മനസ്സിലെ ഉദ്ദേശത്തിലേക്ക് അനുവാചകരുടെ മനസ്സുകളെ വളച്ചും തിരിച്ചും കൊണ്ടുവരുത്താൻ കഴിയും എന്ന സാഹചര്യം വന്നു. അതും നല്ല നിലയിൽ ആയിരിക്കും ആവിഷ്കരിച്ച് തുടങ്ങിയിട്ടുണ്ടാവുക. പ്രേക്ഷകർ അതിൽ അനുരക്തരാവുകയും അത് അങ്ങനെ സ്വീകരിക്കപ്പെടുകയും ചെയ്തതോടെ അവയുടെ സ്ഥാനത്ത് തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കാം എന്ന അവസ്ഥ വന്നു. പുരാണ കഥകൾ, ഇതിഹാസങ്ങൾ, നാടോടി കഥകൾ തുടങ്ങിയവ സ്ക്രീനുകളെ അടക്കി ഭരിച്ചിരുന്ന ആ കാലം പിന്നെ വളരെ പെട്ടെന്ന് അവസാനിച്ചു. പിന്നെ വന്നത് കൽപിത-ജല്പിത ഭാവനകൾ ആയിരുന്നു. അവ കൂടുതൽ തീവ്രമായിരുന്നു. അതിനാൽ പ്രേക്ഷകർ അതിനെ ശരിക്കും മനസ്സുകൊണ്ട് സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും വരെ തുടങ്ങി. അതിവേഗം സിനിമ എന്ന മാധ്യമം ഒരു വിനോദോപാധി എന്ന നിർവചനത്തിൽ നിന്ന് പുറത്ത് കടന്ന് ഒരു സാമൂഹ്യപാഠ പുസ്തകത്തിൻ്റെ സ്ഥാനത്തേക്ക് ഉയർന്നു. അതോടെയാണ് മനുഷ്യൻറെ ജീവിതത്തിൽ സിനിമ ഇടപെടാൻ തുടങ്ങിയത്. നേരിട്ട് തിന്മ പഠിപ്പിക്കുവാൻ അല്ല സിനിമ തുടക്കത്തിൽ ശ്രമിച്ചത് എന്നത് ശരിയാണ്. പക്ഷേ, സിനിമ അതിനിടയിൽ താര കഥാപാത്രങ്ങളെ ആവശ്യത്തിലധികം വൈകാരികമായി അവതരിപ്പിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രമേയത്തിനെ വെല്ലുന്ന ഭംഗിയും പ്രകടനവും ആയിരുന്നു ഉണ്ടായത്. പ്രേക്ഷകരെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു ഇത്. ഫലം പ്രമേയം അപ്രസക്തമാവുകയും നടീനടന്മാർ അമിതമായ പ്രസക്തി നേടുകയും ചെയ്തു എന്നതായിരുന്നു. അതോടെ നടീനടന്മാരുടെ സ്വഭാവം, വേഷം, ചലനം തുടങ്ങിയവയെല്ലാം പ്രേക്ഷകർ അനുകരിക്കാൻ തുടങ്ങി. അതോടെയാണ് വിഷയങ്ങൾ സാംസ്കാരികമായി കൈവിട്ടുപോയത്. തങ്ങളെ സ്വാധീനിക്കുന്ന നായക കഥാപാത്രങ്ങളുടെ ജീവിതരീതി പിന്തുടരാൻ പലരും ശ്രമിക്കുന്നത് അതിനുശേഷമാണ്. പുകവലി, മദ്യപാനം, മോഷണം, അക്രമം, കൊലപാതകം തുടങ്ങിയവ അമിതപ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ മനുഷ്യനെ ദോഷകരമായി സ്വാധീനിക്കുവാൻ തുടങ്ങി.
സിനിമ മേഖല ഈ വിധത്തിൽ മൂല്യ രാഹിത്യത്തിലേക്ക് മുതലക്കൂപ്പുകുത്തിയത് ഈ മേഖലയുടെ നിഷ്കളങ്കത കൈമോശം വരികയും സംഗതി കച്ചവടവൽക്കരിക്കുകയും ചെയ്തതോടെയാണ്. വിനോദചിത്രങ്ങൾ എന്ന പേരിൽ ലാഭം മുൻ നിർത്തി നിർമ്മിക്കപ്പെടുന്ന വാണിജ്യചിത്രങ്ങളിലാണ് കച്ചവട ചേരുവകളായി മോശം ഘടകങ്ങൾ കുത്തിത്തിരുകുന്നത്. അതിരുവിട്ട സംഘട്ടനരംഗങ്ങൾ, സാമാന്യയുക്തിക്കു നിരക്കാത്ത ഗാനരംഗങ്ങൾ, ദ്വയാർത്ഥ പ്രയോഗം, ലഹരിയുടെ ഉപയോഗം, കളവ്, അത്യാഡംബരം, ചതിയുടെ തന്ത്രങ്ങൾ തുടങ്ങി ആളുകളെ യാഥാർഥ്യബോധത്തിൽ നിന്ന് അകന്നു നിന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ധാരാളമാണ്. ഇവയൊക്കെ അവതരിപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല, ഇതൊക്കെ ചെയ്യുന്നത് എന്തോ വലിയ പരിവേഷം നേടിത്തരുന്നുണ്ട് എന്ന ഒരു മിഥ്യാധാരണ ചിലരിലെങ്കിലും രൂപപ്പെടുകയും ചെയ്യുന്നു. പരിശുദ്ധമായ ഉദ്ദേശങ്ങളോടും ലക്ഷ്യങ്ങളോടും കൂടിയാണ് ഇത് അവതരിപ്പിക്കുന്നത് എന്ന് തിരക്കഥാകൃത്ത് കരുതുന്നുണ്ടാവാം. പക്ഷേ ഇതിനുവേണ്ടി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന രംഗങ്ങളിൽ ഏതെല്ലാമാണ് ഏതെല്ലാം മനസ്സുകളെയാണ് സ്വാധീനിക്കുക എന്ന് അയാൾക്ക് പറയാൻ കഴിയില്ല. അതിനാൽ അപകടരഹിതം എന്ന് വിവരിക്കപ്പെടുന്ന അവതരണ രീതികൾ തന്നെ പലപ്പോഴും നേരെമറിച്ചുള്ള ഫലത്തിലാണ് എത്തിച്ചേരുക. ഉദാഹരണമായി സമത്വം എന്ന മഹിതമായ ആശയത്തെ സ്ഥാപിക്കുവാൻ വേണ്ടി, അത് അവസാന സന്ദേശമായി തീരുന്ന ഒരു സിനിമ ഉണ്ടാക്കുമ്പോൾ അസമത്വം ആദ്യം കാണിക്കേണ്ടതായി വരും. അതിനുവേണ്ടി പലതരം രംഗങ്ങളും അവതരിപ്പിക്കേണ്ടതായി വരും. ആ അവതരണം ആ രംഗങ്ങളിലൂടെ എല്ലാം ക്രമാനുഗതം കടന്നുപോയി അവസാന സന്ദേശത്തിൽ എത്തിച്ചേരുകയാണെങ്കിൽ ഒരുപക്ഷേ തിരക്കഥാകൃത്ത് പറയുന്ന കാര്യം ശരിയായി എന്ന് കരുതാം. പക്ഷേ അങ്ങനെ സംഭവിച്ചു കൊള്ളണമെന്നില്ല. അസമത്വം കാണിക്കാൻ വേണ്ടി ചിത്രീകരിക്കുന്ന രംഗങ്ങൾ മനസ്സിൽ ഉടക്കി നിൽക്കുകയും സമത്വം സ്ഥാപിക്കാൻ വേണ്ടി ഉന്നയിക്കുന്ന രംഗങ്ങൾ വേണ്ടത്ര പ്രേക്ഷകന്റെ മനസ്സിൽ പതിയാതെ പോവുകയും ചെയ്താൽ അസമത്വം ഒഴിവാക്കാൻ ചെയ്യുന്ന ഈ പണി അസമത്വത്തിന്റെ മറ്റൊരു വഴിയായി മാറും. അസമത്വങ്ങൾക്കെതിരെയുള്ള പടക്ക് പുതിയ കോപ്പുകൾ കണ്ടെത്തേണ്ടതുണ്ട് എന്ന് പ്രേക്ഷകൻ കരുതിപ്പോകുകയും ചെയ്യും.
കച്ചവട സിനിമകൾക്ക് ഹീറോ എന്ന കേന്ദ്രമുണ്ടായിരിക്കും. ഹീറോയിസത്തെ സ്ഥാപിക്കുക എന്നത് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പ്രാഥമിക കടമയിൽ പെട്ടതാണ്. അതിനുവേണ്ടി ഹീറോ പോലീസിനെയോ പട്ടാളത്തെയോ ആക്രമിക്കുന്നതിനേയും രാജ്യത്തിൻ്റെ നിയമത്തെ തന്ത്രപരമായി മറികടക്കുന്നതിനേയും വിധ്വംസക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനേയുമെല്ലാം അവതരിപ്പിക്കേണ്ടതായി വരും. ഒരുപക്ഷേ അവസാനം രാജ്യമോ സംവിധാനമോ ഹീറോയെ പിടിച്ചുകെട്ടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നു തന്നെയായിരിക്കാം രംഗങ്ങൾ അവസാനിക്കുന്നത്. പക്ഷേ, അങ്ങനെ അവസാനിക്കുമ്പോഴേക്കും ഹീറോ പ്രേക്ഷകന്റെ മനസ്സിലെ ഏറ്റവും വലിയ ഉദാത്തമായ വികാരമായി മാറിയിട്ടുണ്ടാവും. അവൻ ചെയ്യുന്ന പ്രവർത്തനങ്ങളും സമീപിക്കുന്ന സമീപനങ്ങളും മഹത്തരമായും വൈകാരികമായും പ്രേക്ഷകൻ മനസ്സിൽ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം ഒരു സാഹചര്യത്തിൽ എത്ര നല്ല ക്ലൈമാക്സ് ഉണ്ടായാലും അതിനെ ആ അർത്ഥത്തിൽ സ്വീകരിക്കാൻ മാത്രം പ്രേക്ഷകന്റെ മനസ്സിൽ വൈകാരികത തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ടായിരിക്കണമെന്നില്ല. അങ്ങനെ വരുമ്പോൾ തീവ്രവാദവും ഭീകരവാദവും നിയമലംഘനവും വിധ്വംസകപ്രവർത്തനവുമെല്ലാം സിനിമ പഠിപ്പിക്കുന്നു എന്നാണ് അതിനെ കുറിച്ച് പറയാൻ കഴിയുക. പ്രണയം, അനുരാഗം തുടങ്ങിയ വലിയ വികാരങ്ങളെ മനോഹരമായി വളർത്തിയെടുത്ത് ദുരന്തങ്ങളുടെ മുഖത്തേക്ക് ബന്ധങ്ങളെ വലിച്ചെറിഞ്ഞു കൊടുക്കുന്ന കുടുംബ ചിത്രങ്ങളിലെ രംഗങ്ങൾ ഉണ്ട്. അവിടെ നായികയോടുള്ള അനുതാപവും വൈകാരികതയും കാരണം അവൾ ചെയ്തതിനെയെല്ലാം ന്യായീകരിക്കുവാനും അല്ലെങ്കിൽ അവൾ വിധേയപ്പെട്ടതിനെ എല്ലാം ശരി വെക്കുവാനും പ്രേരിപ്പിക്കുന്നതായി തീരുന്ന ധാരാളം സാഹചര്യങ്ങൾ നിലവിൽ സിനിമ ലോകത്തുണ്ട്. മറിച്ച് ഒരു പാവം പെണ്ണിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും കോയ്മയുടെ മിടുക്കു കൊണ്ട് കൈകഴുകുന്നതും സമൂഹത്തിൻ്റെ അർദ്ധാംശത്തിനെതിരെ വീണ്ടും ആണുങ്ങളെ തിരിച്ചുവിടാൻ പ്രചോദനമായി മാറുന്നു. സമൂഹം പലപ്പോഴും പുറത്തു കാണിക്കുന്ന ഇത്തരം ചീത്ത സ്വഭാവങ്ങളും ശീലങ്ങളും ഒരളവോളം പഠിപ്പിക്കുന്ന പാഠശാല സിനിമ തന്നെയാണ്; ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.
പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഏതാനും വാതിൽ മുട്ടലുകളുടെ കഥ മാത്രമാണ് എന്നു കരുതാൻ വയ്യ. നാം പറഞ്ഞുവരുന്ന ആഴങ്ങളിലേക്കെല്ലാം ഈ റിപ്പോർട്ട് കടന്നുവരുന്നുണ്ട്. ഒട്ടുമിക്ക കച്ചവട സിനിമകളിലും അർദ്ധ നഗ്നകളായ സ്ത്രീകളുടെ ഷോട്ടുകൾ ഉണ്ട്. ഇത്തരം ഷോട്ടുകളെടുക്കുന്നത് ഒരുകൂട്ടം വലിയ ആളുകളുടെ മുമ്പില്‍ വെച്ചാണെന്ന ന്യായമൊക്കെ പറയാമെങ്കിലും സ്‌ക്രീനില്‍ ആ രംഗം കാണുന്ന ഒരു മനുഷ്യന് ഇത് നല്‍കുന്ന സന്ദേശം എന്തായിരിക്കും, ഇവ കുട്ടികളെയും കുടുംബങ്ങളെയും എങ്ങനെയാണ് ബാധിക്കുക, ഇത്തരം ഷോട്ടുകളില്‍ അഭിനയിക്കുന്നവരെ സമൂഹം എങ്ങനെയാണ് മാന്യന്മാരായി കാണുക.. തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഇതെല്ലാം അനാവരണം ചെയ്തുകൊണ്ട് സിനിമ സമൂഹത്തില്‍ വലിയ സാംസ്കാരിക ദോഷം വരുത്തിവെക്കുന്നുണ്ട് എന്ന് വരെ ഹേമ കമ്മിറ്റി റിപോര്‍ട്ട് പറഞ്ഞുവെക്കുന്നുണ്ട്. ഈ റിപ്പോർട്ടിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ച് ആശങ്കകളുണ്ട്. പക്ഷെ, ചർച്ചയുടെ ഭാഗമായിട്ടാണെങ്കിലും ഇതുവരെ പുറത്തു വന്നതും വ്യക്തമായ സൂചനകൾ സാക്ഷ്യപ്പെടുത്തുന്നതുമായ തെളിവുകൾ വെച്ച് ഈ റിപ്പോർട്ട് ചില മുഖമൂടികളൊക്കെ വലിച്ചു കീറും എന്നതുറപ്പാണ്. കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവിയുടെ വാക്കുകളിൽ അത് തെളിഞ്ഞു കാണുന്നുണ്ട്. അവർ പറഞ്ഞു: ''ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്ത് നടമാടുന്ന ഒട്ടേറെ തെറ്റായ പ്രവണതകള്‍ സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. സിനിമാ മേഖല തന്നെ ക്രിമിനലുകള്‍ കയ്യടക്കിയിരിക്കുന്നുവെന്നും എങ്ങും പുരുഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകള്‍ക്ക് കേവലമായ രണ്ടാം പൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമ കമ്മിഷന്‍ കണ്ടെത്തിയ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനു നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവ വിശദമായി പരിശോധിച്ച് സിനിമാ മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍, സ്ത്രീകള്‍ക്ക് അന്തസ്സോടേയും ആത്മാഭിമാനത്തോടേയും സ്വന്തം തൊഴിലിടത്തില്‍ ജോലി ചെയ്യാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം''
2019 ഡിസംബര്‍ 31-നാണ് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സിനിമയിലെ പ്രമുഖരായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ സംസാരിക്കാന്‍ തയ്യാറായ മുഴുവന്‍ സാക്ഷികളുടെ മൊഴികളും കമ്മിറ്റി ശേഖരിച്ച രേഖകളും സാക്ഷികള്‍ മുഖേന സമാഹരിച്ച ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകളും ഇ-മെയില്‍ മുഖേനയും മറ്റും വ്യക്തികള്‍ അയച്ചു കൊടുത്ത വിവരങ്ങളും പരിശോധിക്കുമ്പോള്‍ കമ്മിറ്റിക്കു മനസ്സിലായത് മലയാള സിനിമയില്‍ സ്ത്രീകള്‍ പൊതുവായി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. അവ ഒന്നു മുതല്‍ 17 വരെ അക്കമിട്ട് ചൂണ്ടിക്കാണിക്കുകയും ഓരോന്നിന്റേയും വിശദാംശങ്ങളിലേക്കു പോവുകയും ചെയ്യുന്നുണ്ട് ഹേമ കമ്മിറ്റി. അവ അതീവ ഗൗരവതരമാണ്. അവ ഇപ്രകാരമാണ്. ഒന്ന് - സിനിമിയിലേയ്ക്ക് കടന്നുവരുന്ന സ്ത്രീകളില്‍നിന്നും തുടര്‍ന്ന് അവസരങ്ങള്‍ കിട്ടുന്നതിനു ലൈംഗിക സഹകരണം വേണമെന്ന സാഹചര്യം ഉണ്ട്. രണ്ട് - തൊഴിലിടത്തും യാത്രയിലും താമസസ്ഥലത്തും മറ്റും ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും കയ്യേറ്റങ്ങളും ഉണ്ടാകുന്നു. മൂന്ന് - ലൈംഗിക ആവശ്യങ്ങളോട് വിസമ്മതമോ ഇഷ്ടക്കേടോ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്ക് പീഡനം നേരിടേണ്ടിവരുന്നുണ്ട്. നാല് - ചിത്രീകരണ സ്ഥലങ്ങളില്‍ ശുചിമുറികളും വസ്ത്രം മാറ്റാനുള്ള സൗകര്യങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ട്. അഞ്ച് - താമസ സൗകര്യത്തിലും യാത്രാ സൗകര്യത്തിലും ഉള്‍പ്പെടെ സുരക്ഷിതത്വവും ഭദ്രതയുമില്ല. ആറ് - സിനിമയുടെ വിവിധ മേഖലകളില്‍ വ്യക്തികളെ ജോലി ചെയ്യുന്നതില്‍നിന്ന് അനധികൃതമായും നിയമവിരുദ്ധമായും വിലക്കുന്നു. ഏഴ് - സിനിമയില്‍നിന്നുള്ള വിലക്ക് ഭീഷണി സ്ത്രീകളെ നിശ്ശബ്ദരാക്കുന്നു. എട്ട് - സിനിമയിലുള്ളത് വ്യക്തമായ പുരുഷമേധാവിത്തവും ലിംഗ പക്ഷപാതവും ലിംഗവിവേചനവുമാണ്. ഒമ്പത് - മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, തൊഴിലിടത്തെ മോശം പെരുമാറ്റം തുടങ്ങി സിനിമ മൊത്തത്തില്‍ അച്ചടക്കരഹിത മേഖലയായി മാറിയിരിക്കുന്നു.
പത്ത് - തൊഴിലിടത്തും ഫോണിലും ഉള്‍പ്പെടെ ദ്വയാര്‍ത്ഥ പ്രയോഗമുള്ള സംസാരങ്ങളും വൃത്തികെട്ട കമന്റുകളും പതിവായിരിക്കുന്നു. പതിനൊന്ന് - തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ രേഖാമൂലമുള്ള കരാര്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെടാൻ ഇതു കാരണമാകുന്നുണ്ട്. പന്ത്രണ്ട് - നേരത്തേ സമ്മതിച്ച പ്രതിഫലം പോലും കൃത്യമായി നല്‍കുന്നതിലെ വീഴ്ച വരുന്നു. പതിമൂന്ന് - പുരുഷനും സ്ത്രീക്കുമിടയില്‍ പ്രതിഫലത്തിലെ അസമാനതയുണ്ട്; പ്രതിഫലത്തില്‍ ലിംഗവിവേചനം വ്യക്തമാണ്. സത്യത്തിൽ സ്ത്രീകളാണ് സിനിമയിലെ കച്ചവടത്തെ വിജയിപ്പിക്കുന്നത്. അതോടൊപ്പം പ്രതിഫലത്തിൻ്റെ കാര്യത്തിൽ ആൺ കോയ്മ നിലനിൽക്കുന്നു. പതിനാല് - സിനിമയില്‍, പ്രത്യേകിച്ചും സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ കടന്നുവരുന്നതിന് പല ഭാഗത്തുനിന്നും എതിര്‍പ്പ്, വിയോജിപ്പ് തുടങ്ങിയവയുണ്ട്. പതിനഞ്ചാമത്തേത്, ഓണ്‍ലൈന്‍ പീഡനമാണ്. (സൈബര്‍ ആക്രമണം). അതേസമയം സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് നിയമപരമായ അവബോധക്കുറവ് ഉണ്ട്. ഇതാണ് പതിനാറാമത്തേത്. ഈ പട്ടിക അവസാനിക്കുന്നത് പരാതികള്‍ പരിഹരിക്കുന്നതിന് നിയമപരമായി രൂപീകരിച്ച എന്തെങ്കിലും തരത്തിലുള്ള സംവിധാനത്തിന്റെ അഭാവത്തെ കുറിച്ചുള്ള പരിഭവത്തോടെയാണ്.
ഹേമ കമ്മിറ്റി പുറത്തുകൊണ്ടുവന്നതും അത് ചർച്ചയാകുമ്പോൾ പുറത്തു ചാടിയതുമായ വിഷയങ്ങൾ നമ്മുടെ ലോകത്തെ സാധാരണ അനുഭവത്തിലേക്ക് ചേർത്തുനോക്കുമ്പോൾ തികച്ചും ചെറുതാണെന്ന് പറയാം. പക്ഷേ, ഇതു നമ്മെ പ്രത്യേകിച്ച് വേദനിപ്പിക്കുന്നത്, ഇവരാണ് നമ്മുടെ സാംസ്കാരിക അസ്ഥിത്വം രചിക്കുന്നതും നയിക്കുന്നതും വളർത്തുന്നതും അതിനെ പ്രതിനിധീകരിക്കുന്നതും എന്നു പറയുമ്പോഴാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso