Thoughts & Arts
Image

അൻജശാ! മെല്ലെ മെല്ലെ..!

19-09-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി








അൻജശ ഒട്ടകത്തിൻ്റെ മൂക്കുകയർ കയ്യിലെടുത്തു. വേണ്ടിയിട്ടല്ലെങ്കിലും ഒന്നു സ്വരശുദ്ധി വരുത്തി. ഇനി അൻജശയുടെ കണ്ഠങ്ങളിൽ നിന്നും മനോഹരമായ വരികൾ ഉയർന്നു ഉതിർന്നുവീഴും. കട്ടിലുകളിൽ മങ്കകളെ വഹിച്ച ഒട്ടകങ്ങൾക്ക് അത് പരിചിത സ്വരമാണ്. അൻജശയുടെ മനോഹരമായ ഈരടികൾ കേൾക്കുമ്പോൾ അവ ഉന്മേഷ ഭരിതമാകും. വേഗം വേഗം നടക്കും. അത് പതിവുള്ളതാണ്. സ്ത്രീകളെ വഹിച്ചുകൊണ്ടുള്ള സംഘങ്ങളുടെ മുമ്പിൽ നടന്ന് പാട്ടുപാടി നയിക്കുന്ന ഒരു കറുത്ത അടിമയാണ് അൻജശ(റ). നബി(സ) തന്നെയാണ് അൻജശയുടെ ഉടമ. ബറാഅ് ബിൻ മാലിക്(റ) എന്ന മറ്റൊരാൾ കൂടിയുണ്ട്. ആണുങ്ങളുടെ സംഘത്തെ അദ്ദേഹമാണ് നയിക്കുന്നത്. അൻജശ(റ) മൂക്കുകയർ കയ്യിലെടുത്തപ്പോൾ നബി(സ) തിരുമേനി അടുത്തുവന്നു എന്നിട്ട് പറഞ്ഞു: 'അൻജശാ! മെല്ലെ മെല്ലെ..!, ഒട്ടകപ്പുറത്തിരിക്കുന്നത് പളുങ്കുകളാണ്'. സമൂഹത്തിൻ്റെ അർദ്ധാംശമായ സ്ത്രീകളെ കുറിച്ചുള്ള മാനുഷ്യകത്തിന്റെ മഹാചാര്യന്റെ ഉത്കണ്ഠയാണ് ആ വാക്കുകൾ. സ്ത്രീയെ സംരക്ഷിക്കേണ്ടതും പരിചരിക്കേണ്ടതും പുരുഷന്റെ കടമയും ബാധ്യതവുമാണ് എന്നത് മുതൽ സ്ത്രീസുരക്ഷയാണ് സമൂഹത്തിൻ്റെ മാന്യതയുടെ മാനദണ്ഡം എന്ന തത്വം വരെ ആ വാക്കുകളിൽ ഉണ്ട്. ജീവിതത്തിലുടനീളം സ്ത്രീ സമൂഹത്തിനുവേണ്ടി കാവലാളായി നിന്നു ഈ പ്രവാചകൻ. അന്ന് സമൂഹത്തിൻ്റെ പ്രധാന ദൗത്യങ്ങൾക്ക് മാറുവിരിച്ച് മുമ്പിൽ നിൽക്കുവാൻ പുരുഷ ലോകത്തെ പരുവപ്പെടുത്തിയെടുക്കുന്നതിനിടയിൽ ആണുങ്ങൾ ചിലർ തെറ്റിദ്ധരിച്ചു, അവർ ഏകഛത്രാധിപതികളാണ് എന്ന്. അവരിൽ പലരും പാവം പെണ്ണുങ്ങളെ അടിക്കുവാനും ഭേത്യംചെയ്യുവാനും തുടങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന പെണ്ണുങ്ങളെക്കൊണ്ട് നിറഞ്ഞു നബിയുടെ വാതിൽപ്പുറം. കോപത്തിൻ്റെ ശോണിമ തെളിഞ്ഞുകാണുന്ന മുഖവുമായി നബി(സ) പുരുഷന്മാരുടെ ലോകത്തേക്ക് വന്ന് വിരൽ ഉയർത്തി പറഞ്ഞു: 'നിങ്ങളിൽ മാന്യന്മാർ സ്വന്തം ഭാര്യമാരോട് മാന്യത ചെയ്യാൻ കഴിയുന്നവരാണ്, ഞാൻ അങ്ങനെ ഒരാളാണ്..' പിന്നെ സ്വഹാബിമാരും നബിയെ പോലെ ഇണകളുടെ ഇണങ്ങി നിൽക്കുന്നവരായി മാറി. ഏറ്റവും അവസാനത്തെ വിടവാങ്ങൽ പ്രസംഗം ചെയ്യുമ്പോഴും അതിലെ പ്രധാനപ്പെട്ട ഒരു ഭാഗം അവരായിരുന്നു. അന്ന് നബി(സ) പറഞ്ഞു: 'സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. കാരണം, അവരിലൂടെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നത് അല്ലാഹുവിൻ്റെ സുരക്ഷയെയാണ്. അവരെ നിങ്ങൾ അനുവദനീയമാക്കിയിരിക്കുന്നത് അല്ലാഹുവിൻ്റെ വാക്കിൻമേലാണ് ' (മുസ്ലിം)



നബി(സ) ഒരു പത്നിയുടെ വീട്ടിൽ കഴിയുകയാണ്. അവിടേക്ക് മറ്റൊരു പത്നി വേലക്കാരിയുടെ കയ്യിൽ ഒരു പാത്രം സ്വാദിഷ്ടമായ ഭക്ഷണം കൊടുത്തയച്ചു. നബി(സ)യുടെ സന്തോഷം നേടിയെടുക്കാനുള്ള വളയിട്ട കൈകളുടെ കൊച്ചു കൊച്ചു ശ്രമങ്ങളാണ് ഇതെല്ലാം. പക്ഷേ സ്ത്രീ സഹജമായ മനോനില വീട്ടുകാരിയായ പത്നിയെ അതത്ര വിട്ടുകൊടുക്കാൻ അനുവദിച്ചില്ല. അവർ എഴുന്നേറ്റതും പാത്രത്തിന് ഒരു തട്ടു വെച്ചു കൊടുത്തതും പാത്രവും ഭക്ഷണവും വീണ് പൊട്ടി നിലത്താകെ ചിതറിയതും ഒന്നിച്ചായിരുന്നു. ആ രംഗം സങ്കൽപ്പിക്കുമ്പോൾ തന്നെ അധിക ആൾക്കാരുടെയും ശ്വാസം തിങ്ങിപ്പോകും. ചോരക്ക് ചൂടുപിടിക്കും. ചിലപ്പോൾ കൈ കൊണ്ട് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് കടുത്ത വാക്കുകൾ കൊണ്ടെങ്കിലും പ്രതികരിച്ചുപോകും. പക്ഷേ നബി(സ) എഴുന്നേൽക്കുകയാണ്. പിന്നെ ചിതറിക്കിടക്കുന്ന അന്നം അടിച്ചു കൂട്ടുകയാണ്. പൊട്ടിയ പാത്രത്തിന്റെ ചീളുകൾ സൂക്ഷ്മതയോടെ സ്വരുക്കൂട്ടുകയാണ്. എല്ലാം കണ്ടുനിൽക്കുന്ന ദാസി പെണ്ണിൻ്റെ മുഖത്തേക്ക് നോക്കി ആ സ്നേഹധാമം പതിയെ പറയുകയാണ്: 'നിങ്ങളുടെ ഉമ്മ ഇത്തിരി കോപത്തിലാണ്..' നബി(സ)യുടെ ആണത്വം അടിയറവ് പറയുകയാണ് എന്ന് തോന്നിയവർക്ക് തെറ്റി. സ്ത്രീയുടെ സഹജമായ സ്വഭാവത്തെ സമ്മതിച്ചു കൊടുക്കുകയാണ് നബി(സ). അവളുടെ വൈകാരികതക്ക് വിലയിടുകയാണ്. അത് അംഗീകരിച്ചു കൊടുക്കുകയാണ്. ഒപ്പം ആണുങ്ങളുടെ ലോകത്തെ മറ്റൊരു തത്വം പഠിപ്പിച്ചു കൊടുക്കുകയുമാണ്. അവർ ചെയ്യുന്നതിനെയൊക്കെ അങ്ങനെയങ്ങ് അനുവദിച്ചുകൊടുത്താൽ എങ്ങനെയാണ് എന്ന് ചോദിച്ചിട്ട് കാര്യമില്ല. ജൈവികമായ വലിയ അന്തരങ്ങൾ ആണും പെണ്ണും തമ്മിലുണ്ട്. പെണ്ണിൻ്റെ ഉള്ളിൽ മാത്രം രണ്ടും അതിൽ അധികവും പ്രകൃതങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. അതിനെ തൂക്കമൊപ്പിച്ചു മുന്നോട്ടു പോകുന്നതിന്റെ മിടുക്കാണ് കുടുംബ ബന്ധത്തിന്റെയും ജീവിത സമാധാനത്തിന്റെയും മാനദണ്ഡം. അതും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഒരു വിശ്വാസിയും ഒരു വിശ്വാസിനിയെയും എഴുതിത്തള്ളരുത്. അവളുടെ ഒരു സ്വഭാവം പറ്റിയില്ലെങ്കിൽ പറ്റുന്ന മറ്റൊരു സ്വഭാവം വെച്ച് അതിനെ പരിഹരിക്കണം എന്നാണ് നബി(സ) പഠിപ്പിച്ചത്.



സകല ജാഹിലിയ്യത്തുകളും അവരുടെ തലമുകളിൽ നിന്ന് നബി(സ) വലിച്ചെടുത്ത് വലിച്ചെറിഞ്ഞു. അത് ഉമർ(റ) പറയുന്നുണ്ട്. 'സ്ത്രീയുടെ കാര്യത്തിൽ വന്ന നിയമങ്ങളെല്ലാം വരുന്നതുവരെ, ഇറങ്ങിയ സൂക്തങ്ങളെല്ലാം ഇറങ്ങുന്നത് വരേക്കും സ്ത്രീകളെ ഒന്നുമായി ഞങ്ങൾ പരിഗണിക്കുമായിരുന്നില്ല' എന്ന് (ബുഖാരി, മുസ്ലിം). ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരാൾ മരിച്ചാൽ അയാളുടെ ഭാര്യയുടെ എല്ലാ അവകാശവും അനന്തരാവകാശികൾക്കാകുമായിരുന്നു. അവരിൽ ചിലർ ചിലപ്പോൾ അവളെ കെട്ടും. ചിലപ്പോൾ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കും. അല്ലെങ്കിൽ അവഗണിച്ച് ഒരു മൂലയിൽ ഇരുത്തും. ഇതിനെല്ലാം മാറ്റം വന്നത് ഇസ്ലാം വന്നതോടുകൂടിയാണ്. നബി (സ) അവൾക്ക് പഠിക്കാനുള്ള അവസരം നൽകി. സൽകർമ്മങ്ങൾ ചെയ്തു പുരുഷനോടൊപ്പം എത്തിച്ചേരുവാനുള്ള സാധ്യതകൾ നൽകി. സമ്പത്ത് സമാഹരിക്കുവാനും ചെലവഴിക്കാനും വ്യയം ചെയ്യാനും അവളെ അനുവദിച്ചു. ആയുധം എടുക്കുന്നില്ല, പടത്തൊപ്പി അണിയുന്നില്ല എന്നൊക്കെ പറഞ്ഞ് അവൾക്ക് അനന്തരാവകാശം നിഷേധിച്ച ആ ജനതയിൽ അവൾക്ക് അനന്തരാവകാശം ഉണ്ട് എന്ന് പറയുക മാത്രമല്ല അത് ബലമായി വാങ്ങിച്ചുകൊടുക്കുകയും ചെയ്തു നബി(സ) തങ്ങൾ. പെൺകുട്ടികളെ മാന്യമായി വളർത്തിയാൽ അത് പുരുഷന്മാർക്കുള്ള പാരത്രിക പ്രതിഫലത്തിലെ സമ്പാദ്യമായി തീരും എന്നു പറഞ്ഞ് വിവാഹപൂർവ ഘട്ടത്തിൽ അവരെ നബി(സ) പിന്തുണച്ചു. പ്രായം പാകപ്പെടുകയും അനുയോജ്യനായ തുണയെ കണ്ടെത്തുകയും ചെയ്താൽ ഒട്ടും വൈകിക്കാതെ അവൾക്ക് മംഗല്യത്തിന്റെ വാതിൽ തുറന്നു കൊടുക്കണമെന്ന് പറഞ്ഞു അവളെ അവളുടെ ജീവിതത്തിൻ്റെ മനോജ്ഞതയിലേക്ക് നയിച്ചു. ഉമ്മയായിക്കഴിഞ്ഞാൽ പിന്നെ അവളാണ് സമൂഹത്തിൽ ഏറ്റവും ഉന്നത എന്നും അവളുടെ കാൽ ചുവട്ടിൽ ആണ് എല്ലാവരുടെയും സ്വർഗ്ഗമെന്നും പ്രഖ്യാപിക്കുമ്പോൾ നബി(സ) സ്ത്രീ സമൂഹത്തെ മുഴുവനും ജാഹിലിയ്യത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. ഒരു സ്ത്രീ ഇവിടെ നിന്ന് ഹദർമൗത്ത് വരെ നിർഭയയായി സ്വന്തം ഒട്ടകക്കട്ടിലിൽ യാത്ര ചെയ്തു സുരക്ഷിതയായി തിരിച്ചെത്തുന്ന കാലം എന്നായിരുന്നു സമാധാനത്തിനുള്ള നബിയുടെ സങ്കല്പം തന്നെ. എന്തുണ്ടായാലും ഒരു സമൂഹം പരിഷ്കൃതവും മാന്യവും ആയിത്തീരണമെങ്കിൽ അവരുടെ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നു പറയുകയായിരുന്നു മാനുഷ്യകത്തിന്റെ മഹാചാര്യൻ.



സ്ത്രീ ഒരു പ്രത്യേക സൃഷ്ടിയാണ്. അവൾക്ക് പ്രകൃതിയിൽ വലിയ ദൗത്യം നിർവഹിക്കാനുണ്ട്. അത് ഒറ്റവാചകത്തിൽ പുരുഷൻ നയിക്കുന്ന ലോകത്തിന് സ്നേഹവും പരിചരണവും നൽകുക എന്നതാണ്. ഇതിലൂടെ അവൾ വ്യത്യസ്ത യാകുന്നു. വ്യത്യസ്തയാകുന്നു എന്ന് പറയുമ്പോൾ, എന്നാലും ആരാണ് മേലെ എന്ന ഒരു ചോദ്യത്തിലൂടെ അടിസ്ഥാന വിഷയത്തിൽ നിന്ന് ലോകം വഴി മാറി പോവുകയായിരുന്നു. ആണുങ്ങൾ ആണാണു മേലെ എന്ന് സ്ഥാപിക്കുവാനും പെണ്ണുങ്ങൾ പെണ്ണാണ് മേലെ എന്ന് സ്ഥാപിക്കുവാനും ശ്രമിച്ചതോടെ വിഷയം വിവാദമാവുകയായിരുന്നു. പക്ഷേ സത്യം അതല്ല. സ്ത്രീക്ക് അവളുടേതായ സ്വന്തം ദൗത്യങ്ങൾ ഉണ്ട്. അത് നിർവഹിക്കാൻ ആവശ്യമായ മാനസികവും ശാരീരികവുമായ സവിശേഷതകളാണ് അവൾക്ക് നൽകപ്പെട്ടിട്ടുള്ളത്. അവ ഉദ്വീപിക്കണമെന്നുണ്ടെങ്കിൽ അവളെ സ്നേഹപൂർവ്വം തഴുകാനും തലോടാനും പുരുഷൻ എന്ന എതിർലിംഗത്തിന് കഴിയണം. അവളെ തഴുകുകയും തലോടുകയും ചെയ്യുമ്പോൾ അവളുടെ മേനി കൂടുതൽ മോഹനമായിത്തീരുന്നു. അവളുടെ സ്നേഹവും സ്പർശവും കൂടുതൽ ഹൃദ്യമായിത്തീരുന്നു. ഇതു മനസ്സിലാക്കിയാണ് നബി തിരുമേനി(സ) യുടെ സ്ത്രീകളോടുള്ള സമീപനങ്ങൾ. അവൾ വളഞ്ഞ വാരിയെല്ലിനാൽ പടക്കപ്പെട്ടവളാണ് എന്നും ആ വളവോടൊപ്പം തന്നെ ജീവിതം അനുഭൂതി നിറഞ്ഞതാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നും അതു മനസ്സിലാക്കാതെ ബലപ്രയോഗം വഴി അവളുടെ മനസ്സിനെയോ ശരീരത്തെയോ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ വളഞ്ഞത് പൊട്ടിപ്പോകലായിരിക്കും ഫലം എന്നും നബി തിരുമേനി(സ) തുറന്നു പറഞ്ഞത് ആ അർഥത്തിലാണ്. പരസ്പരം അകലുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ദാമ്പത്യങ്ങളിൽ മഹാനായ നബി(സ) പെട്ടെന്ന് ഇടപെടുകയും അവ വിളക്കി ചേർക്കുകയും ചെയ്യുമായിരുന്നു. അഥവാ അതിനു കഴിയില്ല എന്ന് വന്നാൽ മാന്യമായി രണ്ടുപേരെയും രണ്ടിടത്തേക്ക് മാറ്റുകയാണ് നബി(സ) ചെയ്യുമാറുണ്ടായിരുന്നത്. അതായത് അവന് അതിനേക്കാൾ നല്ലതെന്ന് തോന്നുന്ന ഒരിണയെയും അവൾക്ക് അവനെക്കാൾ നല്ലത് എന്ന് തോന്നുന്ന ഒരു തുണയെയും നബി(സ) തന്നെ കണ്ടെത്തി കൊടുക്കുമായിരുന്നു. ഖൗലയുടെയും ഹ ഔസിന്റെയും സൈനബിൻ്റെയും സൈദിന്റെയും (റ) എല്ലാം ജീവിതങ്ങൾ അത്തരം പാഠങ്ങൾ പറഞ്ഞു തരുന്നുണ്ട്.



ഹുദൈബിയായിൽ നബി(സ)യും മക്കക്കാരും സന്ധിവെച്ച് പിരിഞ്ഞു. പക്ഷേ നബിയുടെ അനുയായികൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. അവരോട് മുടിമുണ്ഡനം ചെയ്തു ഇഹ്റാമിൽ നിന്ന് വിമുക്തരാകുവാൻ നബി തിരുമേനി പറഞ്ഞുവെങ്കിലും അവർ തുടക്കത്തിൽ അത് കേട്ടില്ല. അത് പരിശുദ്ധ മനസ്സിൽ ഒരല്പം വേദന ഉണ്ടാക്കി. ആ വിഷമം ആദ്യം പങ്കുവെച്ചത് പത്നി ഉമ്മു സലമ(റ)യോട് ആയിരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടുവാൻ വേണ്ടവിധത്തിലുള്ള യുക്തി കൊണ്ട് സമ്പന്നയായിരുന്നുവല്ലോ അവർ. അവർ പറഞ്ഞു: 'നബിയെ അങ്ങ് പരസ്യമായി ഇരുന്ന് മുടിമുണ്ഡനം ചെയ്താൽ മതി. അത് കാണുമ്പോൾ അങ്ങയുടെ അനുയായികൾ അങ്ങനെ ചെയ്തേക്കും' അത് ഫലിക്കുക തന്നെ ചെയ്തു. പെണ്ണായത് കൊണ്ട് നബി(സ) ഒരാളെയും മാറ്റി നിർത്തുമായിരുന്നില്ല. വളരെ സങ്കീർണമായ വിഷയങ്ങളിൽ പോലും അവരുടെ അഭിപ്രായം കേൾക്കുവാൻ നബി(സ) മനസ്സ് തുറക്കുമായിരുന്നു. അല്ലെങ്കിലും അങ്ങനെയായിരിക്കണമല്ലോ മാനുഷികത്തിന്റെ വിമോചകൻ. പെണ്ണിനെ കൂടി വിമോചനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ പിന്നെ ആ വിമോചനത്തിന് എന്ത് അർത്ഥമാണ് ഉണ്ടാവുക. കാരണം ലോകം ആണും പെണ്ണും ചേർന്നതാണ്. സമം എന്നു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും.
o






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso