Thoughts & Arts
Image

നബി(സ്വ): ആകര്‍ഷകമായ അകവും പുറവും

02-10-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ആകര്‍ഷകമായ ശാരീരിക സൗകുമാര്യവും സൗന്ദര്യവും അഹങ്കാരത്തിലേക്കും അഹന്തയിലേക്കും നയിക്കുക എന്നത് മനുഷ്യപ്രകൃതത്തിന്റെ സ്വഭാവങ്ങളാണ് എന്ന് മനശാസ്ത്രം പറയുന്നു. സുന്ദരന്‍മാര്‍ക്കും സുന്ദരിമാര്‍ക്കും മററുള്ളവരുടെ മുമ്പിലെത്തുമ്പോള്‍ ഈ നെഗളിപ്പുണ്ടാവുന്നത് കണ്ണില്‍ പെടുന്ന ഓരോരുത്തരുമായും തല്‍സമയം മനസ്‌സില്‍ നടക്കുന്ന ഒരു താരതമ്യത്തിനെ തുടര്‍ന്നാണെന്നാണ് നിഗമനം. പുരുഷ സൗന്ദര്യത്തിന്റെ പരമകാഷ്ഠയിലായിരുന്നു നബിതിരുമേനി(സ)യെന്ന് അവരെ കണ്ടവര്‍ ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ, ആ ബോധം മററുള്ളവരെ ചെറുതായിക്കാണുവാനോ തന്നെ പൊക്കത്തില്‍ അവരോധിക്കുവാനോ ആ മഹാനെ പ്രേരിപ്പിക്കുന്നില്ല. കുട്ടിക്കാലം മുതല്‍ കണ്ണെടുക്കാതെ കണ്ടുവളരുകയും ഒപ്പം ജീവിക്കുകയും ചെയ്ത അലി(റ) ആ സൗന്ദര്യം വിവരിക്കുമ്പോള്‍ അതു കൂടുതല്‍ ബോധ്യമാവും. അദ്ദേഹം പറയുന്നു: ‘വളരെ നീണ്ടതോ കുറിയതോ അല്ലാത്ത, മിതമായ ഒരു ശരീരപ്രകൃതിയായിരുന്നു നബിതിരുമേനി(സ)യുടേത്. കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവരിലെ മിതപ്രകൃതക്കാരനായിരുന്നു അവര്‍. അവരുടെ തലമുടി ജഢപിടിച്ചതോ വല്ലാതെ അയഞ്ഞുകിടക്കുന്നതോ അല്ലായിരുന്നു. മുഖം അമിതമായി വീര്‍ത്തതോ മെലിഞ്ഞതോ ആയിരുന്നില്ല. കണ്ണുകള്‍ നല്ല കറുപ്പുള്ളവയും പുരികങ്ങള്‍ നീണ്ടവയുമായിരുന്നു. മുഖത്തിന് ഒരു വൃത്താകാരമുണ്ടായിരുന്നു. ചുവന്ന വെളുപ്പായിരുന്നു അവരുടെ നിറം. എടുപ്പുള്ള ശിരസ്‌സും ബലമുള്ള സന്ധികളുമായിരുന്നു അവരുടേത്. നെഞ്ചില്‍ (നിറപുരുഷത്വത്തിന്റെ അടയാളമായ) നേരിയ മുടിയുണ്ടായിരുന്നു. ശരീരം രോമാവൃതമല്ലായിരുന്നു. ഉറച്ചതായിരുന്നു അവരുടെ ചവിട്ടടികള്‍. തിരിഞ്ഞുനോക്കുമ്പോള്‍ (പ്രൗഢിയോടെ) അദ്ദേഹം ഒന്നിച്ച് തിരിയുമായിരുന്നു. അവരുടെ മുതുകില്‍ പ്രവാചകത്വ മുദ്രയുണ്ടായിരുന്നു. ഉദാരതയും ഹൃദയ വിശാലതയും സ്ഫുടമായ സംസാരവുമായിരുന്നു അവരുടേത്. ജനങ്ങളോടുള്ള വാക്കുകള്‍ പാലിക്കുന്നതിലും മാന്യമായി പെരുമാറുന്നതിലും ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലും ജാഗ്രത കാണിക്കുമായി രുന്നു നബി(സ). പ്രഥമദൃഷ്ടിയില്‍ ഗാംഭീര്യം തോന്നുന്നതും ഇടപഴകുമ്പോള്‍ സ്‌നേഹിച്ചു പോകുന്നതുമായ വ്യക്തിത്വമായിരുന്നു അവരുരുടേത്. മുമ്പോ പിമ്പോ അത്ര സമ്പൂര്‍ണ്ണനായ ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല.’(തിര്‍മുദി). ബറാഅ് ബിന്‍ ആസിബ്(റ), അബൂഹുറൈറ(റ), കഅ്ബ് ബിന്‍ മാലിക്(റ) തുടങ്ങിയ ഏറെ അടുത്തു നിന്നു വർണ്ണിച്ച സ്വഹാബിമാര്‍ക്ക് പ്രവാചക പ്രവരന്റെ ഭംഗിയും അഴകും വിവരിക്കുമ്പോള്‍ വല്ലാത്ത ഒരു ലഹരിയാണ്. എല്ലാവർക്കും ഹൃദയഹാരിയായ പുഞ്ചിരി സമ്മാനിച്ചു നടന്നു നീങ്ങുമ്പോൾ അഹങ്കാരമോ അഹന്തയോ കാണപ്പെടുമായിരുന്നില്ല. അത്രയും വിനയാന്വിതമായുരുന്നു ആ ദിവ്യ ജ്യോതിസ്സ്.



വർണ്ണനകളിൽ നബി തിരുമേനി(സ)യെ ആവാഹിച്ച ഏറ്റവും നല്ല അവതരണം ഉമ്മു മഅ്ബദ്(റ) എന്ന ഗ്രാമീണ സ്ത്രീയുടേതായിരിക്കും. ഹിജ്‌റ യാത്രയില്‍ നബിതിരുമേനിയും അബൂബക്കര്‍(റ)വും ഒരു ഗ്രാമത്തിലെത്തി. ഒപ്പം അവരുടെ വഴികാട്ടി അബ്ദുല്ലാഹി ബിന്‍ ഉറൈഖിത്വുമുണ്ട്. അവര്‍ക്ക് നന്നേ ദാഹിച്ചിരുന്നു. വിശപ്പുമുണ്ട്. ഹിജ്റ യാത്ര ഇപ്പോള്‍ രണ്ടു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. വല്ല കുടിലോ തമ്പോ കാണുന്നുണ്ടോ എന്നു ചുറ്റുപാടും നോക്കുന്നതിനിടയില്‍ അവര്‍ ഒരു തമ്പുകണ്ടു. അവരവിടേക്കു നടന്നു. വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. ആഗതരെ സ്വീകരിച്ചു. ആഗതര്‍ക്ക് കൊടുക്കുവാന്‍ ഒന്നിമില്ലെന്ന നിരാശ ചുളിവുകള്‍ വീണ അവരുടെ മുഖത്ത് മൂടിക്കെട്ടിക്കിടന്നിരുന്നു. അകത്തേക്ക് നോക്കി ആഗതര്‍ ഒരു ആടിനെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു: ‘അതിനു പാലുണ്ടോ?’. ഇല്ലെന്ന് വൃദ്ധ നിരാശയോടെ പറഞ്ഞു. ‘എന്നാല്‍ തങ്ങള്‍ കറന്നുനേക്കിക്കോട്ടേ’ എന്നായി ആഗതര്‍. വൃദ്ധ നിഷ്‌കളങ്കമായി സമ്മതിച്ചു. നബിതിരുമേനി(സ) ആടിനെ കറന്നു. പാലില്ലാത്ത ആട് പ്രവാചകപ്രവരനു പാല്‍ ചുരത്തിക്കൊടുത്തു. വൃദ്ധക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ക്ഷീണവും ദാഹവും തീര്‍ത്ത ആഗതര്‍ യാത്രപറഞ്ഞിറങ്ങി. തന്റെ ഭര്‍ത്താവ് വന്നുകയറുമ്പോഴും ഉമ്മു മഅ്ബദ് ഞെട്ടലില്‍ നിന്ന് മുക്തയായിരുന്നില്ല. ഗൃഹനാഥന്‍ കാര്യങ്ങളന്വേഷിച്ചു. ഉമ്മു മഅ്ബദ് മെല്ലെ ഓര്‍മകളുടെ ദളങ്ങള്‍ മറിച്ചു. പിന്നെ തന്റെ മുമ്പില്‍ വന്നവരിലെ ആ തേജസ്സിനെ ഓര്‍ത്തെടുത്തു. ഉമ്മു മഅ്ബദ് വിവരിച്ചു: ‘തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കണ്‍പീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടു വളഞ്ഞ് പരസ്പരം ചേര്‍ന്ന പുരികങ്ങളുള്ള ഒരാള്‍. അദ്ദേഹം മൗനം പാലിക്കുമ്പോള്‍ ഒരു ഗാംഭീരം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രൗഢി പ്രകടമാവുന്നു. ദൂരെ നിന്ന് കാണുമ്പോഴേ അതിസുന്ദരന്‍. അടുത്തെത്തുമ്പോള്‍ സുഗുണനും സുമുഖനും. മുത്തുമണികൾ ഉതിര്‍ന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ട ആളല്ല. എന്നാല്‍ കുറിയ ആളുമല്ല. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏററവും സുന്ദരന്‍. അദ്ദേഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയും അദ്ദേഹം കല്‍പ്പിക്കുമ്പോള്‍ ധൃതിയില്‍ അനുസരിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരര്‍ഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം..’; പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ഉമ്മു മഅ്ബദിന്.



അകത്തേക്ക് കടന്നാൽ അതിമനോഹരമാണ് നബിയുടെ അകം. അത് നന്നായി കണ്ടിരിക്കുക ജീവിതം പങ്കിട്ട വരും ഏറ്റവും അടുത്ത് സഹവസിച്ചവരുമായിരിക്കും. അങ്ങനെയുള്ളവരിൽ ഒരാളായ
അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ‘ഒരിക്കല്‍ ഞാന്‍ നബിതിരുമേനിയോടൊപ്പം ഒരു വഴിയിലൂടെ പോകുകയായിരുന്നു. നബി(സ) തന്റെ തോളില്‍ നജ്‌റാന്‍ നിര്‍മ്മിതമായ ഒരു ഉരമുള്ള തരം തട്ടമിട്ടിട്ടുണ്ട്. ഒരു അഅ്‌റാബി (അനാഗരികന്‍) ഞങ്ങള്‍ക്കെതിരെ വന്നു. അയാള്‍ ഞങ്ങള്‍ക്കടുത്തെത്തിയതും ഞൊടിയിടയില്‍ നബി(സ)യുടെ തോളില്‍ കിടക്കുകയായിരുന്ന തട്ടം ശക്തിയായി പിടിച്ചുവലിച്ചതും ഒന്നിച്ചായിരുന്നു. പരുപരുത്ത ആ തട്ടത്തിന്റെ വക്കുകള്‍ കഴുത്തില്‍ മുറുകി നബിക്ക് നന്നേ വേദനിച്ചു. മാത്രമല്ല, ചുവന്നുവെളുത്ത മേനിയില്‍ വലിയുടെ ആഘാതം ഒരു ചുവന്ന രേഖയായി ചുവന്നുകിടന്നു. തുടര്‍ന്ന് അഅ്‌റാബി ആ വലിയേക്കാള്‍ പരുഷമായ സ്വരത്തില്‍ പറഞ്ഞു: ‘മുഹമ്മദ്, നിങ്ങളുടെ കയ്യിലുള്ളതില്‍ നിന്ന് എനിക്കും തരാന്‍ കല്‍പ്പിക്കുക’. ദാരിദ്രത്തിന്റെ അസ്കിതകളിൽ പൊതുവെ അശാന്തനായിരുന്ന അയാളുടെ ചെയ്തികള്‍ തനി കാടത്തമായിരുന്നു. ചോദിച്ചിട്ട് നബി(സ) വിസമ്മതിച്ചിട്ടായിരുന്നു ഇങ്ങനെ ചെയ്തതെങ്കില്‍ എന്തെങ്കിലും ന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നേനെ. അതൊന്നുമില്ലാതെ വന്ന് കയറിപ്പിടിക്കുന്ന ഈ പാരുഷ്യത്തിന്റെ മുമ്പില്‍ മനസ്സ് നിയന്ത്രിക്കുവാന്‍ ആര്‍ക്കും കഴിയില്ല. വിനയത്തിന്റെയും കാരുണ്യത്തിന്റെയും ഈ പ്രതിപുരുഷന്‍ പക്ഷെ, അനാഗരികനെ നോക്കി പുഞ്ചിരിച്ചു. പിന്നെ തന്റെ അനുയായികളോട് വിളിച്ച് പറഞ്ഞു: ‘ഇയാള്‍ക്കെന്തെങ്കിലും കൊടുക്കൂ..’.



മദീനാ ജീവിതകാലം മുഴുവനും നബിതിരുമേനിയുടെ ഭൃത്യനായി സേവനമനുഷ്ഠിച്ച അനസ് ബിന്‍ മാലിക്(റ)വിന്റെ സാക്ഷ്യം മാത്രം മതി ആ മനസ്സളക്കുവാന്‍. അനസ്(റ) പറയുന്നു: ‘ഞാന്‍ പത്തു വര്‍ഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്യുകയുണ്ടായി. അതിനിടയില്‍ ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനത് ചെയ്തുവെന്നോ ചെയ്യാതെപോയ ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടത് ചെയ്തില്ല എന്നോ നബി(സ) ചോദിക്കുകയുണ്ടായിട്ടില്ല’(ബുഖാരി, മുസ്‌ലിം). അദ്ദേഹം തന്നെ പറയുന്നു: ‘ഒരിക്കല്‍ നബി(സ) എന്നെ എന്തോ ഒരു കാര്യത്തിനായി അയച്ചു. പോകുംവഴിക്ക് ഞാന്‍ ഒരിടത്ത് കുട്ടികള്‍ കളിക്കുന്നതു കണ്ടു. ഞാനും അവരുടെ ഒപ്പം കൂടി. കളിയില്‍ നേരം പോയതറിഞ്ഞില്ല. കുറേ കഴിഞ്ഞപ്പോള്‍ ഒരാളുണ്ട് എന്റെ പിരടിയില്‍ പിന്നില്‍ നിന്ന് പിടിക്കുന്നു. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ നബി(സ)തങ്ങളാണ്. കളിക്കിടെ കാര്യം മറന്നുപോയ ഞാന്‍ ആകെ പരുങ്ങലിലായി. പക്ഷെ, നബി(സ) എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ‘കൊച്ചു അനസ്, ഞാന്‍ പറഞ്ഞയച്ചിടത്ത് നീ പോയോ?’. ‘ഇല്ല, ഞാനിപ്പോള്‍ പോകുകയാണ്’ എന്നും പറഞ്ഞുകൊണ്ട് ഞാന്‍ ഓടി. ആ ഓട്ടം കണ്ട് ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. അടിമകളോടും ഭൃത്യരോടും വിനയഭാവവും സമീപനവും പുലര്‍ത്തണമെന്ന് നബി(സ) കല്‍പ്പിക്കുമായിരുന്നു. അവര്‍ നിങ്ങളുടെ സഹോദരന്‍മാരാണെന്നും അവരോട് പ്രയാസകരമായ ജോലികള്‍ പറഞ്ഞാല്‍ നിങ്ങളും സഹായിച്ചുകൊടുക്കണമെന്നും നബി(സ) പറയുമായിരുന്നു. അവരുടെ പിഴവുകളില്‍ മാപ്പു നല്‍കണമെന്ന് നബി(സ) പറഞ്ഞു. ഒരിക്കല്‍ നബിയുടെ മുമ്പില്‍ തന്റെ ഉടമകള്‍ തല്ലിയെന്ന പരാതിയുമായി ഒരു ഭൃത്യ വന്നപ്പോള്‍ നബി(സ) അവരെ വിളിച്ച് ആ അടിമസ്ത്രീയെ മോചിപ്പിക്കുവാന്‍ വരെ അവരോട് ആവശ്യപ്പെടുകയുണ്ടായി.



അയൽക്കാർക്കും അത് ബോധ്യപ്പെട്ടിട്ടുണ്ട്. നബിതിരുമേനി(സ)യുടെ മക്കയിലെ പ്രധാന അയല്‍ക്കാര്‍ അബൂലഹബ്, ഹകം ബിന്‍ ആസ്വ്, ഉഖ്ബത്ത് ബിന്‍ അബൂ മുഐത്വ്, ഉദയ്യ് ബിന്‍ ഹംറാഅ്, ഇബ്‌നുല്‍ അസ്വ്ദഅ് എന്നിവരായിരുന്നു. കനലുകള്‍ക്കിടയിലെന്ന പോലെയായിരുന്നു നബി(സ) അവര്‍ക്കിടയില്‍ ജീവിച്ചിരുന്നത്. എല്ലാവരും നബിയുടെ അടുത്ത കുടുംബാദികളായ ബനൂ അബ്ദുമനാഫില്‍ പെട്ടവരായിരുന്നു. ഈ അയല്‍ക്കാര്‍ നബിയെ ഭല്‍സിക്കുന്നതും ശല്യപ്പെടുത്തന്നതും ഒരു വിനോദമായി കാണുന്നവരായിരുന്നു. നബി തിരുമേനി(സ) നിസ്‌കരിക്കുമ്പോള്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നിടുക, വീടിനു മുമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക, തുടങ്ങി അവര്‍ ചെയ്യാത്തതൊന്നുമുണ്ടായിരുന്നില്ല. വഴിയില്‍ വെച്ച് കാണുമ്പോള്‍ പരിഹാസവാക്കുകള്‍ പറയുക, കുററപ്പെടുത്തി സംസാരിക്കുക, കയര്‍ക്കുക തുടങ്ങിയവക്കുപുറമെ വഴിയില്‍ കല്ലും മുള്ളും വിതറുക തുടങ്ങിയവയും ചെയ്യുമായിരുന്നു അവര്‍. നബി തിരുമേനി(സ)യുടെ ആണ്‍കുട്ടികളെല്ലാം മരിക്കുകയും പെണ്‍കുട്ടികള്‍ മാത്രമവശേഷിക്കുകയും ചെയ്തപ്പോള്‍ നബിയെ ‘അബ്തര്‍’ എന്നാക്ഷേപിച്ചതും ഇവരായിരുന്നു. ശേഷക്കാരില്ലാത്തവന്‍ എന്ന ഈ പരിഹാസം നബി തങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുയുണ്ടായി. അവരെ പോലെ മക്കായിലെ ഒരു ഉന്നത കുടുംബാംഗമായിരുന്നിട്ടും ശല്യപ്പെടുത്തിയപ്പോഴും ആ മനസ്സ് വേദനിച്ചുവെങ്കിലും പ്രതികരിച്ചില്ല. ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയ ചില സന്ദര്‍ഭങ്ങളില്‍ അവർ തനിക്കെതിരെ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ഒരു കമ്പില്‍ കുത്തിയെടുത്ത് പുറത്തേക്കെറിയുക മാത്രമായിരുന്നു ചെയ്തത്. അവ പുറത്തേക്കിടുമ്പോള്‍ താഴ്ന്ന സ്വരത്തില്‍ ആ മനുഷ്യസ്‌നേഹി ഇത്രയേ പറഞ്ഞുള്ളൂ: ‘ഓ, അബ്ദു മനാഫിന്റെ മക്കളേ, എന്ത് അയല്‍വാസമാണിത്..?’



o






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso