Thoughts & Arts
Image

അനന്തരാവകാശനിയമത്തിൻ്റെ അകത്തളങ്ങൾ

02-10-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







ഇസ്ലാം വിമർശകരുടെ ഏറ്റവും തല്പര വിഷയമാണ് അനന്തരാവകാശം. ഇസ്ലാമിലെ അനന്തരാവകാശ നിയമത്തിൽ കാണുന്ന അവകാശികളിലോ ഓഹരികളിലോ ഉള്ള ഏറ്റ വ്യത്യാസങ്ങളിൽ ഓരോന്നിനെ ചൂണ്ടിക്കാണിച്ച് വെറുതെ നെറ്റിയിൽ ശങ്ക വരക്കുകയാണ് ഇവർ ചെയ്യുന്നത്. തങ്ങളുടെ മനസ്സിൽ സ്ഥാപിച്ചു വച്ചിരിക്കുന്ന ചില അളവുകോലുകളും മാനദണ്ഡങ്ങളും വെച്ച് അവർ പല ചോദ്യങ്ങളും ഉന്നയിച്ചു രംഗം വിടും. അതിനു പറയുന്ന മറുപടികൾ ക്ഷമാപൂർവ്വം കേൾക്കുവാനോ മനസ്സിലാക്കുവാനോ പഠിക്കുവാനോ അവർ തയ്യാറാവുകയുമില്ല. ഇത് പൊതുവേ ഈ വിഷയത്തിൽ മാത്രമല്ല, ഇസ്ലാം വിരുദ്ധരുടെയും വിരോധികളുടെയും ഒരു പൊതു സ്വഭാവമാണ്. ചോദ്യം മാത്രമേ അവർക്കുള്ളൂ. ഉത്തരങ്ങളിൽ അവർക്ക് താല്പര്യം ഇല്ല. അതുവെച്ച് നമുക്കിത് പറയാതിരിക്കാൻ കഴിയില്ല. കാരണം, എല്ലാം നിശ്ചയിക്കുന്നത് ഹിദായത്താണ്. ഹിദായത്ത് എന്നത് അല്ലാഹുവിൻ്റെ സന്മാർഗമാണ്. അതിന് തൗഫീക്ക് എന്ന അടിസ്ഥാന യോഗ്യത ആദ്യം നേടേണ്ടതുണ്ട്. അത് കിട്ടിയവർക്ക് മറുപടികളും വിശദീകരണങ്ങളും ഫലപ്പെടും. അതിനാൽ അത്തരക്കാർക്ക് വേണ്ടി ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളുടെ സവിശേഷതകളും അന്യൂനതകളും നാം പറഞ്ഞു കൊണ്ടേയിരിക്കേണ്ടതുണ്ട്. ഇസ്ലാം അനന്തരാവകാശ നിയമങ്ങൾ മനുഷ്യൻ്റെ മുമ്പിൽ സമർപ്പിച്ചു എന്നതുതന്നെ ഏറ്റവും വലിയ ഒരു വിപ്ലവമാണ്. കാരണം, ലോകത്ത് ഒരുതരം അനന്തരാവകാശ സിദ്ധാന്തങ്ങളും നിലനിൽക്കുന്നില്ലാത്ത ഒരു കാലത്തും ലോകത്തുമാണ് ഇസ്ലാം അത് പ്രഖ്യാപിച്ചത്. ഒരാളുടെ മരണംമൂലം അയാള്‍ വിട്ടേച്ചുപോയ സ്വത്ത് എത്രയായാലും ജീവിച്ചിരിക്കുന്ന കുടുംബങ്ങളിലും മറ്റു അവകാശികളിലും ആര്‍ക്കെല്ലാം, എങ്ങനെയെല്ലാം, ഏതെല്ലാം തോതില്‍ വിഭജിക്കപ്പെടണമെന്നാണല്ലോ പിന്‍തുടര്‍ച്ചാവകാശനിയമം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. അതിനുള്ള ഒരു വ്യവസ്ഥയാണ് അന്ന് ഉണ്ടായിരുന്നില്ല എന്ന് നാം പറയുന്നത്. അതേസമയം മരിക്കുന്ന വ്യക്തികളുടെയെല്ലാം സമ്പത്ത് പലരും കൈക്കലാക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു.



ഇസ്‌ലാമിനു മുമ്പ് ജാഹിലിയ്യ കാലത്തെ അറബികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനന്തരാവകാശം തന്നെ നിഷേധിച്ചിരുന്നു. പരസ്പരം കലഹിച്ച്, പോരടിച്ച് അറബിഗോത്രങ്ങള്‍ക്ക് ശത്രുപക്ഷത്തെ നേരിടുന്നതിന്നും കുടുംബത്തിന്റെ സംരക്ഷണത്തിന്നും കഴിവുള്ള ആണ്‍സന്താനങ്ങള്‍ക്ക് മാത്രമേ സ്വത്ത് കൈവശം വെക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായി ഗണിക്കപ്പെട്ടിരുന്നതിനാല്‍ അനന്തരാവകാശമെടുക്കുന്നതില്‍ നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും ആയുധവും പടത്തൊപ്പിയും അണിയുന്നില്ല എന്ന് അവർ തുറന്നു പറയുകയും അതുകൊണ്ട് അവർക്കൊന്നും നൽകേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുവാൻ അവർക്ക് മടി ഉണ്ടായിരുന്നില്ല. അനന്തരാവകാശം എന്നു മാത്രമല്ല സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവും അവര്‍ നല്‍കിയിരുന്നില്ല. സന്താനോല്‍പാദനത്തിന്നും പുരുഷന്റെ വികാരം ശമിപ്പിക്കുന്നതിനുമുള്ള ഒരു ഉപകരണമായി മാത്രമാണ് സ്ത്രീ കരുതപ്പെട്ടിരുന്നത്. അറബികളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല മറ്റു രാഷ്ട്ര സമൂഹങ്ങളുടെയും ഈ വിഷയത്തിലെ നിലപാട്. ലോകത്ത് ഇന്നറിയപ്പെടുന്ന പരിഷ്‌കൃത രാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിന്റെ സ്ഥിതി നോക്കാം. ആ രാജ്യം സ്ത്രീയെ മാത്രമല്ല, സീമന്ത പുത്രനൊഴികെയുള്ള മറ്റു ആണ്‍മക്കളെപ്പോലും അനന്തരാവകാശമെടുക്കാന്‍ അനുവദിച്ചിരുന്നില്ല. മൂത്തപുത്രന്റെ കരുണക്കനുസരിച്ചു കുടുംബത്തിലെ മറ്റംഗങ്ങള്‍ ജീവിച്ചുകൊള്ളണമെന്നായിരുന്നു അവരുടെ നിയമം. ഈ ദുരവസ്ഥയില്‍ നിന്നും ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് മോചനം ലഭിച്ചത് 1882-ല്‍ മാത്രം പാസ്സാക്കിയെടുത്ത വിവാഹിതകളായ സ്ത്രീകളുടെ ധനനിയമത്തിലൂടെയായിരുന്നു. ഇതില്‍ നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് സ്വത്തവകാശം ലഭിച്ചിട്ട് ഏതാണ്ട് 190 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് മനസ്സിലാക്കാം. ഇനി സോവിയറ്റ് റഷ്യയെടുക്കാം. 1917-ല്‍ റഷ്യന്‍ വിപ്ലവം കഴിഞ്ഞ് പിന്നെയും പത്തു വര്‍ഷം പിന്നിട്ടതിനു ശേഷം 1927-ലാണ് ഒരു കുടുംബനിയമത്തിന് അവര്‍ക്ക് രൂപം നല്‍കാന്‍ സാധിച്ചത്. റഷ്യന്‍ വനിതകളോട് ആ രാജ്യത്തിന് കുറെയെങ്കിലും നീതിപാലിക്കാന്‍ കഴിഞ്ഞത് ഏതാണ്ട് 55 വര്‍ഷം മുമ്പാണ് എന്ന് ചുരുക്കം. മറ്റൊരു വികസിതരാഷ്ട്രമായ ചൈന 1952-ലാണ് സ്വന്തമായി ഒരു ഫാമിലികോഡ് നടപ്പിലാക്കിയത്. ചൈനയും സ്ത്രീ സ്വാതന്ത്ര്യത്തിനു സംരക്ഷണം നല്‍കിയത് ഏതാണ്ട് 65 വര്‍ഷം മുമ്പ് മാത്രമാണ്. ഇറ്റലിക്ക് ഒരു കുടുംബ നിയമമുണ്ടായത് 1919-ലാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ചു ചിന്തിച്ചതുതന്നെ ഫ്രഞ്ചുവിപ്ലവത്തിനു ശേഷമാണ്.



നമ്മുടെ മഹത്തായ ഇന്ത്യാ രാഷ്ട്രത്തിന്റെ ചരിത്രവും ഈ വിഷയത്തില്‍ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ലെന്നു കാണാം. ഹൈന്ദവ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലം വരെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി പ്രകാരം ഓരോ തറവാട്ടിലെയും കാരണവരാണ് സ്വത്ത് കൈവശം വെച്ചും നിയന്ത്രിച്ചും പോന്നിരുന്നത്. സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്നു മാത്രമല്ല കുടുംബത്തിലെ മറ്റു പുരുഷാംഗങ്ങള്‍ പോലും അതാതു കാലത്തെ തറവാട്ടു കാരണവരുടെ കരുണക്കനുസരിച്ചു ജീവിച്ചുകൊള്ളണമെന്നായിരുന്നു നിയമം. തന്നിമിത്തം ഉത്തരവാദിത്വ ബോധമില്ലാതെ തോന്നിയതുപോലെ പ്രവര്‍ത്തിച്ചിരുന്ന ചില കാരണവന്മാരുടെ ദുര്‍ഭരണത്തിനു വിധേയമായി നശിച്ചുപോയ എത്രയോ കുടുംബങ്ങളുണ്ട്. ഈ ദുരവസ്ഥയില്‍ നിന്നും ഹൈന്ദവ സഹോദരികള്‍ വിമുക്തരായതും അനന്തരാവകാശത്തിന് അര്‍ഹരായതും ഏതാണ്ടു എഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാസ്സാക്കപ്പെട്ട ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. ലോകത്തിലെ ഇതര രാഷ്ട്രങ്ങളുടെയും സമുദായങ്ങളുടെയും സ്ഥിതി ഇതായിരുന്നുവെങ്കില്‍ ഇസ്‌ലാം ഈ രംഗത്ത് നീതിപൂര്‍വകവും സവിസ്തര വ്യവസ്ഥകളോടു കൂടിയതുമായ ഒരു പിന്‍തുടര്‍ച്ചാവകാശ നിയമം മാനവരാശിക്കു മുമ്പാകെ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളല്ല നൂറ്റാണ്ടുകള്‍ പതിനഞ്ചു പിന്നിട്ടുവെന്നതാണ് വാസ്തവം. ഒരു അനന്തരാവകാശനിയമം ഉണ്ടാക്കി എന്നതുതന്നെ അത്ഭുതവാഹമാകുന്നത് ഇത്തരം പശ്ചാത്തലത്തിൽ അതിനെ വായിക്കുമ്പോഴാണ്.



ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്റെ മറ്റൊരു സവിശേഷത, അത് വിശുദ്ധ ഖുർആൻ ഏതാണ്ട് 3 ആയത്തുകളിലായിട്ടാണ് അതെല്ലാം പറഞ്ഞുവെച്ചിരിക്കുന്നത് എന്നതാണ്. ഇത്രയും സങ്കീർണവും മനുഷ്യൻ്റെ ജീവിത തലങ്ങളെയെല്ലാം സ്പർശിക്കുന്നതുമായ വിഷയമായിരുന്നിട്ടും അത് ഏതാനും സൂക്തങ്ങളിൽ ഒതുക്കി വെച്ചത് ഈ നിയമത്തിന്റെ മാത്രമല്ല വിശുദ്ധ ഖുർആനിൻ്റെ കൂടി അമാനുഷികതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അനന്തരാവകാശത്തെക്കുറിച്ച് ഖുർആൻ വിശദീകരിക്കുന്നത് സൂറത്ത് നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയുടെ അനിവാര്യമായ വിശദാംശങ്ങളും വിശദീകരണങ്ങളും നബി(സ)യുടെ ഹദീസുകളിൽ വന്നിട്ടുമുണ്ട്. ഈ രണ്ട് അടിസ്ഥാനങ്ങൾ അനുസരിച്ച് ഇസ്ലാമിക അനന്തരാവകാശ നിയമം ഏതാനും അടിസ്ഥാന നയങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. അവ തുടങ്ങുന്നത് ഒരാളുടെ സ്വത്തില്‍ അയാളുടെ ജീവിതകാലത്ത് അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല എന്ന അടിസ്ഥാനത്തിൽ നിന്നാണ്. ഇത് പറയാനുള്ള ഒരു പ്രധാന കാരണം, ഒരു വ്യക്തി ജീവിച്ചിരിക്കെ അയാളുടെ ആര് മരണപ്പെട്ടാലും അത് എത്ര അടുത്ത ആളായാലും എത്ര ആവശ്യക്കാരനായാലും അയാൾക്ക് അനന്തരാവകാശ പട്ടികയിൽ ഇടം ഉണ്ടാകില്ല എന്നത് തീർത്തു പറയാനാണ്. സ്വത്തിന്റെ ഉടമ മരണപ്പെടുന്ന തോടുകൂടി മാത്രമാണ് ആ സ്വത്തിന് അവകാശികൾ ഉണ്ടാകുന്നത്. അപ്പോൾ മാത്രമാണ് അയാളുടെ സ്വത്തിനെ അനന്തര സ്വത്ത് എന്ന് പറയുന്നതും. കുടുംബ ബന്ധമാണ് അനന്തരാവകാശത്തിന്റെ അടിസ്ഥാന അർഹത നിശ്ചയിക്കുന്നത് എന്നതാണ് ഈ വ്യവസ്ഥിതിയുടെ മറ്റൊരു അടിസ്ഥാനം. ഈ ബന്ധം ഇസ്ലാം എല്ലായിടത്തും പരിഗണിക്കുന്നത് പോലെ രക്തബന്ധം, വിവാഹബന്ധം എന്നീ രണ്ടു ബന്ധങ്ങളെയും ഉൾക്കൊള്ളിക്കുന്നു.



ഇസ്ലാമിക ധായക്രമത്തിന്റെ മറ്റൊരു പ്രത്യേകത ഏറ്റവും അടുത്തുള്ള ബന്ധുക്കളെയാണ് അത് ആദ്യം പരിഗണിക്കുക എന്നതാണ്. ബന്ധുക്കളുടെ കൃത്യമായ ഒരു ശ്രേണി രൂപപ്പെടുമ്പോൾ ആ ശ്രേണിയിലെ ആദ്യത്തെ ആൾ പിന്നിലുള്ള എല്ലാവരെയും എല്ലാവരുടെയും അവകാശത്തെ തടയും. അങ്ങനെ തടയാതിരുന്നാൽ നീണ്ട ഒരു ശ്രേണിക്ക് മുഴുവൻ സ്വത്ത് വിഹിതം വച്ചു കൊടുക്കേണ്ട സാഹചര്യം വരും. അങ്ങനെ വന്നാൽ വളരെ പ്രധാനപ്പെട്ട ആൾക്കാർക്ക് പോലും വേണ്ടത്ര ലഭിക്കാതെ വരികയായിരിക്കും ഫലം. ഇങ്ങനെ പരിപൂർണ്ണമായും തടയുക മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മകൻ, മകൾ എന്നിവരാണ്. ഉദാഹരണമായി മകൻ ഉണ്ടെങ്കിൽ മകൻ്റെ മകന് അനന്തരാവകാശം ഉണ്ടായിരിക്കുകയില്ല എന്നു ചുരുക്കം. ഇസ്ലാമിക ദായക്രമത്തിന്റെ മറ്റൊരു പ്രത്യേകത അത് അവകാശിയുടെ സാമ്പത്തിക, സാമൂഹിക, ശാരീരിക അവസ്ഥകളെയല്ല മാനദണ്ഡമാക്കുന്നത്, മറിച്ച്, മരിച്ച വ്യക്തിയുമായുള്ള ബന്ധത്തെ മാത്രമാണ് എന്നതാണ്. കാരണം സാമ്പത്തികമായ അധസ്ഥിതി അല്ലെങ്കിൽ സൽസ്ഥിതി തുടങ്ങിയവയൊക്കെ തികച്ചും സാങ്കല്പികവും ആപേക്ഷികവും മാത്രമായിരിക്കും. അതിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കാം. അതേസമയം ബന്ധുത്വത്തിന് മാറ്റമൊന്നും വരാനില്ല. ഉദാഹരണമായി, ഒരു പിതാവ് മരണപ്പെടുമ്പോൾ അദ്ദേഹത്തിന് ഒരേ സമയം സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാമ്പത്തിക നിലയുള്ള ഒരു മകനും പല കാരണങ്ങളാലും സാമ്പത്തികമായി പരാജയപ്പെട്ട മറ്റൊരു മകനും ശാരീരികമായി അധ്വാനിക്കാൻ ശേഷിയില്ലാത്ത മറ്റൊരു മകനും ഉണ്ടായി എന്ന് വരാം. ഇവർക്കെല്ലാം അവരവരുടെ സാഹചര്യങ്ങൾ നോക്കി സ്വത്ത് വിഹിതം ചെയ്യുവാൻ ഒരു പക്ഷേ കഴിഞ്ഞേക്കാം. പക്ഷേ അങ്ങനെ ഒരു നിയമത്തിന് രൂപം നൽകാൻ കഴിയില്ല. കാരണം ഈ അവസ്ഥ എല്ലാവർക്കും ഉള്ളതോ ഉണ്ടാവേണ്ടതോ അല്ല. ചിലപ്പോൾ ഉണ്ടാവുകയോ മറ്റു ചിലപ്പോൾ ഉണ്ടാവാതിരിക്കുകയോ ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണ്. അത്തരം സാഹചര്യങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഒരു നിയമം എന്ന അർത്ഥത്തിലേക്ക് വളരില്ല. ഇത്തരം സാഹചര്യങ്ങളിൽ വിശാലമായ മനസ്സോടുകൂടെയും നല്ല ഉദ്ദേശശുദ്ധിയോടു കൂടെയും സഹോദരങ്ങൾ തങ്ങളുടെ വിഹിതങ്ങളിൽ ചില നീക്കുപോക്കുകൾ നടത്തുന്നതിൽ ഇസ്ലാമിക ദായക്രമത്തിന് യാതൊരു വിരോധവുമില്ല. പക്ഷേ, അത് ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല എന്ന് മാത്രം. എല്ലാവരും പരസ്പര പൊരുത്തത്തോടെയും തൃപ്തിയോടുകൂടെയും അങ്ങനെ ചെയ്യുന്നതിനെ ഇസ്ലാം വിലക്കുന്നില്ല. മറ്റൊരു പ്രത്യേകത ബന്ധുക്കളിൽ ഏറ്റവും അടുത്ത ശ്രേണിയിൽ ആളില്ലാതെ വരുമ്പോൾ തൊട്ടടുത്ത അകന്ന് ശ്രേണിയിലേക്ക് അവകാശം നീങ്ങുന്നു എന്നതാണ്. ആൺ മക്കളില്ലെങ്കിൽ മക്കളുടെ മക്കൾക്ക് ലഭിക്കുന്നത് പോലെ.



ഇത്രയും അന്യൂന്യമായ ഒരു നിയമം മനുഷ്യന് ലഭിച്ചിട്ട് അതിനെക്കുറിച്ച് വേണ്ടവിധത്തിൽ വിശദമായി ആലോചിക്കുവാൻ അവരിൽ പലരും തയ്യാറാവുന്നില്ല എന്നത് വലിയ സങ്കടം തന്നെയാണ്. മുൻധാരണയോടുകൂടെ ഇസ്ലാമിനെ നിഷിതമായി വിമർശിക്കുക എന്നത് ജീവിത സപര്യയാക്കി മാറ്റിയ ഇവരിൽ പലരും ഉന്നയിക്കുന്ന ആരോപണം ആണ്‍ മക്കള്‍ക്കും പെണ്‍ മക്കള്‍ക്കുമിടയില്‍ ഇസ്‌ലാം വിവേചനം കാണിക്കുന്നുവെന്നതാണ്. മക്കളെയെല്ലാം ഒരുപോലെ ഗണിക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രമെ നല്‍കുന്നുള്ളൂവെന്നാണ് അവരുടെ പരാതി. അത് അങ്ങനെ അവതരിപ്പിക്കുകയും സ്ത്രീകളെ ഇളക്കി വിടാൻ വേണ്ടി അവർ ക്രൂരമായി അപമാനിക്കപ്പെട്ടിരിക്കുന്നു എന്ന തരത്തിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ഒരു രീതിയാണ്. ഫെമിനിസവും ഫെമിനിസ്റ്റ് ചിന്തയും വളർന്നു തുടങ്ങിയ ഈ കാലത്ത് അതിന് ഒരു പ്രത്യേക ഊർജ്ജം തന്നെ കൈവരികയും ചെയ്തിരിക്കുന്നു. ഇവിടെ ഏറ്റവും ആദ്യമായി പറയാനുള്ളത് ഒരു നിയമം ഉരുത്തിരിഞ്ഞുവരുന്നത് ഒരു പശ്ചാത്തലത്തെ വലംവച്ചു കൊണ്ടായിരിക്കും എന്നതാണ്. നമ്മുടെ റോഡുകളിലെ വാഹനങ്ങളെല്ലാം ഒരു പ്രത്യേക ഓരം ചേർന്നുമാത്രം പോവുകയും എതിർ ഓരം ചേർന്ന് മാത്രം തിരിച്ചുപോരുകയും ചെയ്യേണ്ടതാണ് എന്ന് പറയുമ്പോൾ ആ നിയമം അങ്ങനെ ആവിഷ്കരിക്കുന്നതിന്റെ പിന്നിൽ ചില പശ്ചാത്തലങ്ങൾ ഉണ്ടായിരിക്കും എന്നത് പോലെ തന്നെയാണ് ഇതും. ഇസ്ലാമിലെ ദയക്രമത്തിൽ എല്ലാ അവകാശികൾക്കും ഒരേ അളവിൽ അല്ല മുതൽ നൽകുന്നത്. അത് മകൻ്റെയും മകളുടെയും മാത്രം വിഷയമല്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അളവുകളാണ് നിശ്ചയിച്ചു വെച്ചിട്ടുള്ളത്. അത് ഒരേസമയം ആ വ്യക്തിക്ക് മരിച്ച ആളുമായുള്ള ബന്ധത്തെയും അയാൾ തൻ്റെ ജീവിതത്തിൽ നിർവഹിക്കാനുള്ള ബാധ്യതകളുടെയും ഉത്തരവാദിത്തങ്ങളുടെയും തോതിനെയാണ് വലം വെക്കുന്നത്. അതനുസരിച്ച് ഇസ്ലാമിക ദർശനത്തിലേക്ക് ഇവിടെ നാം ഒന്നു മടങ്ങേണ്ടതുണ്ട്. അവിടെ സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ചുമതലകളും കർത്തവ്യങ്ങളുമാണ് നിർവഹിക്കുവാനുള്ളത്. ആ നിർവഹണത്തിന് അവർക്ക് ആശ്രയിക്കാനുള്ളതാണ് അവരുടെ മുതലും അതിലേക്കുള്ള വരവ് ഇനങ്ങളും. ആ ഇനങ്ങളിൽ പെട്ടതാണ് അനന്തരാവകാശവും. സ്ത്രീക്കും പുരുഷനും കുടുംബ ജീവിതത്തില്‍ വ്യത്യസ്ത പങ്കുകളാണ് വഹിക്കാനുള്ളത്. അവരുടെ ശരീരപ്രകൃതിക്കനുയോജ്യമായ ബാധ്യതകളാണ് സമൂഹം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മരിച്ച ആളുമായുള്ള ബന്ധത്തില്‍ ഒരേപടിയില്‍ വരുന്ന ആണ്‍മക്കളും പെണ്‍മക്കളും ഒന്നിച്ചു അവകാശികളായി വരുമ്പോള്‍ ഒരു സ്ത്രീയുടെ രണ്ടു ഓഹരിക്കു തുല്യമായ വിഹിതത്തിനാണ് പുരുഷന് അവകാശം ലഭിക്കുന്നത്. ഇത് കുടുംബത്തോടും സമൂഹത്തോടും പുരുഷനുള്ള കനത്ത ബാധ്യതകള്‍ പരിഗണിച്ചുകൊണ്ടുള്ള നിയമമാണ്. ഭാര്യക്കും സന്തതികള്‍ക്കും ഭക്ഷണം, വസ്ത്രം, വീട്, ചികിത്സ എന്നിത്യാദി ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടതും, അവരെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കേണ്ടതുമെല്ലാം പുരുഷന്റെ കടമയാണ്. അങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്ന, അല്ലെങ്കില്‍ വീഴ്ച വരുത്തുന്ന പുരുഷനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആശ്രിതര്‍ക്ക് ഇസ്‌ലാമികമായി തന്നെ അധികാരവുമുണ്ട്. പക്ഷെ, ഒരു പുരുഷന്‍ ദരിദ്രനും അയാളുടെ ഭാര്യ സാമ്പത്തിക ശേഷിയുള്ളവളുമായിരുന്നാലും ഭാര്യയോട് ഭര്‍ത്താവ് ചെലവിന്നാവശ്യപ്പെടുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല. കുടുംബഭാരം പേറാന്‍ വിധിക്കപ്പെട്ടവന്‍ പുരുഷനാണ് എന്നതാണതിന് കാരണം. ഇത്രയും കനത്ത ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവരുന്ന പുരുഷന് സ്ത്രീയുടെ രണ്ട് ഓഹരിക്ക് തുല്യമായ അനന്തരാവകാശവിഹിതം ഇസ്‌ലാം നല്കുന്നത് സ്ത്രീയോടു കാണിക്കുന്ന അനീതിയല്ല, പുരുഷനോടു കാണിക്കുന്ന നീതിമാത്രമാണ്.



ഈ പരിഗണനകൾ വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു: 'പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുണ്ട്. (അങ്ങനെ നിശ്ചയിച്ചത്) അവരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ (പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍) ചില വൈശിഷ്ട്യങ്ങള്‍ നല്‍കിയതു കൊണ്ടാണ്. (അതിനുപുറമെ സ്ത്രീകള്‍ക്കു വേണ്ടി) പുരുഷന്മാര്‍ തങ്ങളുടെ ധനത്തില്‍ നിന്ന് ചെലവുചെയ്തതു കൊണ്ടുമാണ്.' (വി.ഖു. 4:34) അങ്ങനെ ചെയ്യുമ്പോഴും അവിടെ പുരുഷന്റെ ഓഹരി കണക്കാക്കുന്നതിന് സ്ത്രീയുടെ ഓഹരിയാണ് ഖുര്‍ആന്‍ മാനദണ്ഡമായി എടുത്തതെന്നത് ശ്രദ്ധേയമാണ്. 'ആണിന് രണ്ടു പെണ്ണിന്റെ ഓഹരിക്കു തുല്യമായതുണ്ട്' (വി.ഖ.4:11) എന്നാണ് അല്ലാതെ പെണ്ണിനെ ആണിൻ്റെ പകുതിയേ ഉള്ളൂ എന്നല്ല. സ്ത്രീക്ക് ഒരവകാശവും നല്‍കാതിരുന്ന ആ ജാഹിലിയ്യ കാലത്തെ പതിവു നിര്‍ത്തലാക്കി അവര്‍ക്ക് അവകാശസ്ഥിരത നല്‍കുകയും അതോടു കൂടി പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് കുടുംബജീവിതത്തില്‍ നേതൃത്വം വകവെച്ചു കൊടുക്കുകയുമാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത് എന്നു ചുരുക്കം.
ഇസ്ലാമിക ദർശനത്തിൽ ഒരു സ്ത്രീ ഫലത്തില്‍ എക്കാലത്തും ഒരു പുരുഷന്റെ സംരക്ഷണത്തില്‍ ജീവിക്കേണ്ടവളാണ്. ഇതിനു അപവാദങ്ങളുണ്ടാകാം. എന്നാല്‍ ഇതാണ് സാധാരണ കണ്ടുവരുന്ന നിയമം. അവള്‍ ചെറുപ്പത്തില്‍ പിതാവിന്റെയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും, വാര്‍ധക്യകാലത്തു പുത്രന്റെയും സംരക്ഷണത്തിലാണ്. ഈ ജീവിത യാഥാര്‍ഥ്യത്തിന്നുനേരെ കണ്ണടക്കാതെ ഇസ്‌ലാമിലെ പിന്‍തുടര്‍ച്ചാവകാശ നിയമം പരിശോധിക്കുകയാണെങ്കില്‍ കുടുംബ ജീവിതത്തിലും സമൂഹത്തിലും ഓരോരുത്തര്‍ക്കുമുള്ള ബാധ്യതകളുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം അതിന്റെ ദായക്രമം ഇരുകക്ഷികള്‍ക്കും ബാധകമാക്കിയിട്ടുള്ളതെന്നും, ഇരുകക്ഷികളോടും തികഞ്ഞ നീതി പാലിക്കുന്ന ഒരു നിയമമാണിതെന്നും ബോദ്ധ്യപ്പെടുന്നതാണ്. മതതാരതമ്യ ശാസ്ത്രത്തില്‍ പഠനം നടത്തിയ അല്‍മാരിക്ക് റുംസി അദ്ദേഹത്തിന്റെ 'മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ്’എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ പറയുന്നു: 'പരിഷ്‌കൃത ലോകത്തിന് അറിയാന്‍ സാധിച്ചിട്ടുള്ള സ്വത്ത് ആപാദന ചട്ടങ്ങളില്‍ വെച്ചേറ്റവും സംസ്‌കരിച്ചതും സവിസ്തര വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് മുഹമ്മദന്‍ പിന്‍തുടര്‍ച്ചാവകാശ നിയമമെന്നതില്‍ സംശയമില്ല. പഠനാര്‍ഹമായ അതിന്റെ ചാരുതയും ഘടനാ പൊരുത്തവും അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ മാത്രമല്ല ചിന്താശീലരായ വ്യുല്‍പന്നമതികളെയും കൂടി ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളാണ്. നമ്മുടെ സ്വന്തം നിയമം ശൈശവദശ പോലും പ്രാപിക്കാതെ വെറും ഭ്രൂണദശയിലായിരുന്ന കാലത്തു തന്നെ അറേബ്യയിലെ പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും നടപ്പില്‍ വരുത്തിയ വ്യവസ്ഥകള്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ചു കഴിഞ്ഞിരുന്നു'.



o










0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso