Thoughts & Arts
Image

ചിശ്തികളുടെ സ്വാബിരീ വഴി

29-10-2024

Web Design

15 Comments

മുഹമ്മദ് അബൂ ജൗഹർ







ത്വരീഖത്തിന്റെ മശാഇഖന്മാരും ശരീരത്തിന്റെ ഉലമാക്കളും തമ്മിൽ വ്യത്യാസമുണ്ട്. ഉലമാക്കളിൽ ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ശിഷ്യന്മാർക്ക് മറ്റൊരു ആലിമിനെ ഗുരുവായി സ്വീകരിക്കാം. മരണപ്പെട്ട ഉസ്താദിൽ നിന്ന് പഠിച്ചതിന്റെ ബാക്കി പുതിയ ഉസ്താദിൽ നിന്ന് പഠിച്ച് തുടങ്ങാം. രണ്ടുപേരുടെയും ആശയവും ആദർശവും എല്ലാം ഒന്നാവുകയും പഠിക്കുന്ന ആളുടെ മനസ്സ് അതിനെയെല്ലാം ഉൾക്കൊള്ളുവാൻ വിശാലമാവുകയും ചെയ്താൽ മാത്രം മതി. എന്നാൽ ത്വരീഖത്തിന്റെ മശാഇഖുമാർ അങ്ങനെയല്ല. അവരുടെ അധ്യാപനം കേവലം ഗ്രന്ഥങ്ങളെയും കിതാബുകളെയും ആശ്രയിച്ചുള്ളതല്ല. അവർ നേരെ ചൊവ്വേ ജീവിതം പഠിപ്പിക്കുകയാണ്. അഥവാ ആത്മീയ നിബദ്ധവും അല്ലാഹുവിലേക്കുള്ള സാമീപ്യനു സാദ്ധ്യവും ആകുന്ന തരത്തിലുള്ള ഒരു ജീവിതം. അതിൽ ദിക്റുകളും സ്വലാത്തുകളും ദിനചര്യകളും സമീപനങ്ങളും തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടായിരിക്കുക. കിതാബുകളെ ആശ്രയിച്ചു കൊണ്ടുള്ള അധ്യാപനവും അതിൽ ഉണ്ടാവാം. കാരണം, അതിനു കഴിയാത്ത ആൾ, അഥവാ മതപരമായ അറിവ് ഇല്ലാത്ത ആൾക്കാർ ഒരിക്കലും ആധ്യാത്മിക ഗുരുക്കന്മാരായി തീരുകയില്ല എന്നതാണ്. അതിനാൽ തന്നെ ഒരു ശെയ്ഖിന്റെ കാലം കഴിയുമ്പോൾ പിന്നെ ആ മുരീദ് തനിക്ക് ഇഷ്ടമുള്ള മറ്റൊരു ശൈഖിനെ കണ്ടെത്തുകയല്ല പൊതുവെ വേണ്ടത്. മറിച്ച് വിടപറഞ്ഞ ശൈഖിന്റെ ഖലീഫ എന്ന പ്രതിനിധിയെ ബൈഅത്ത് ചെയ്യുകയാണ് വേണ്ടത്. ഇതുകൊണ്ടാണ് മിക്ക ശൈഖന്മാരും മരണപ്പെടുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ഖലീഫയെ നിശ്ചയിക്കുന്നതും നിർണയിക്കുന്നതും. അതായത് മുരീദ് സ്വയം പുതിയ ശൈഖിനെ കണ്ടെത്തുകയല്ല, ശൈഖ് മുരീദിന് വേണ്ടി തന്റെ ഖലീഫയെ നിശ്ചയിച്ചു വെക്കുകയാണ് ചെയ്യുന്നത് എന്നർത്ഥം. ഈ പ്രക്രിയ ഔലിയാക്കളുടെ ലോകത്ത് എല്ലായിടത്തും നമുക്ക് കാണാം. മഹാനായ ഖാജാ മുഈനുദ്ദീൻ ചിശ്തി(റ) തങ്ങൾ തൻ്റെ ജീവിതകാലത്ത് തന്നെ അത്തരത്തിലുള്ള തൻ്റെ ഖലീഫയെ തെരഞ്ഞെടുക്കുകയും നിശ്ചയിക്കുകയും ചെയ്തു. അത് ഖാജാ ബഖ്തിയാർ കാക്കി (റ) ആയിരുന്നു. ഡൽഹി മെഹ്റോളിയായിരുന്നു മഹാനവർകളുടെ സ്ഥലം. അവിടെ തമ്പടിക്കുകയും അവിടെ തന്നെ മരണപ്പെടുകയും ചെയ്ത മഹാനവർകൾ ലക്ഷങ്ങളെ ആത്മീയമായ വേദിയിലേക്ക് നയിച്ച വ്യക്തിത്വമായിരുന്നു. ഖ്വാജയുടെ(റ) പരമ്പരയിൽ ജനിച്ച മഹാൻ ആ കാലഘട്ടത്തിൽ ഇന്ത്യയിൽ സുൽത്താൻമാരുടേയും ഭരണാധികാരികളുടേയും ശൈഖ് ആയിരുന്നു. നിരവധി മഹത്തുക്കൾ ഭക്തിയാറുൽ കാക്കി(റ)വിന്റെ മുരീദുമാരായിരുന്നു. ഇന്നും മെഹ്റോളി ഡൽഹിക്ക് ആകമാനം പ്രകാശം വീശുന്നത് അവിടെ സന്ദർശിക്കുന്നവർക്ക് മനസ്സിലാകും.



മഹാനവർകളുടെ ഖലീഫയാണ് ലാഹോറിലെ പാക്പട്ടനിൽ മറപ്പെട്ടുകിടക്കുന്ന ശൈഖ് ഫരീദുദ്ധീൻ കഞ്ചുശക്കർ(റ). മുൾട്ടാനിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള കൊത്തേവാളിൽ ജമാലുദ്ദീൻ സുലൈമാൻ്റെയും വാജിഹുദ്ദീൻ ഖോജിന്ദിൻ്റെ മകളായ മറിയം ബീബിയുടെയും (ഖർസും ബീബി) മകനായി ഹിജ്റ 569 ൽ ജനിച്ചു വളർന്ന് ആത്മീയ ഔന്നത്യങ്ങൾ നേടി മുസ്ലിം ലോകത്തിൻ്റെ മനസ്സിൽ ആസനസ്ഥനായ ഒരു വലിയ്യ് ആയിരുന്നു അദ്ദേഹം. മുസ്ലീം വിദ്യാഭ്യാസത്തിൻ്റെ കേന്ദ്രമായി മാറിയ മുൾട്ടാനിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമർ ഫാറൂഖ്(റ)യുടെ നേരിട്ടുള്ള പിൻഗാമിയാണ് അദ്ദേഹം. ഏഴാം വയസ്സിൽ ഖോത്‌വാളിൽ പ്രാഥമിക മതവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, മാതാവ് അദ്ദേഹത്തെ മുൾട്ടാനിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചു. ഇവിടെ അദ്ദേഹം ഒരു പള്ളിയിൽ മതവിദ്യാർത്ഥിയായി താമസിച്ച് അദ്ദേഹം വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ഹദീസ്, ഫിഖ്ഹ്, തത്ത്വശാസ്ത്രം, യുക്തിശാസ്ത്രം എന്നിവ പഠിക്കുകയും ചെയ്തു. ഈ പഠനകാലത്ത്, ഡൽഹിയിലെ ഹസ്രത്ത് ഖ്വാജ ഖുത്ബുദ്ദീൻ ബക്തിയാർ കാക്കി(റ) മുൾട്ടാൻ സന്ദർശിക്കുകയുണ്ടായി. അവിടെ വെച്ചാണ് അദ്ദേഹം ഖ്വാജാ ഖുത്ബുദ്ദീൻ ബക്തിയാർ കാക്കി(റ)യുടെ മുരീദായി മാറുന്നത്. പിന്നീട് മഹാനവർകൾ ഒരു സഞ്ചാരത്തിലേക്ക് കടക്കുകയായിരുന്നു. തൻ്റെ മുർഷിദിൻ്റെ നിർദ്ദേശപ്രകാരം, അദ്ദേഹം 593 AH മുതൽ 611 AH വരെ [1196 CE മുതൽ 1214 CE വരെ] ഏകദേശം 18 വർഷക്കാലം ഈ സഞ്ചാരം നീണ്ടു. ഗസ്‌നി, ബാഗ്ദാദ് ഷെരീഫ്, ജറുസലേം, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, മക്ക, മദീന എന്നിവിടങ്ങളിൽ അദ്ദേഹം നിരവധി മഹാന്മാരായ സ്വൂഫികളെയും സാഹിദുകളെയും കണ്ടുമുട്ടി. ഖ്വാജാ ഖുത്ബുദ്ദീൻ ബക്തിയാർ കാക്കി(റ) അദ്ദേഹത്തെ തൻ്റെ ഖലീഫയായി നിശ്ചയിക്കുകയും തദ്വാരാ ചിശ്തി തരീഖത്തിലെ ഒരു കണ്ണിയായി അദ്ദേഹം മാറുകയും ചെയ്തു.



ശകർ ഗഞ്ച് എന്നത് മഹാനവർകളുടെ ഒരു വിശേഷ നാമമാണ്. ആ നാമം വന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. വിലായത്തിന്റെ യും ഖിലാഫത്തിന്റെയും വലിയ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുവാൻ അദ്ദേഹത്തിന് റിയാള എന്ന മുജാഹദ കടക്കേണ്ടതുണ്ടായിരുന്നു. റിയാദയുടെ ഭാഗമായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുവാനായിരുന്നു അദ്ദേഹത്തിൻ്റെ ശൈഖ് അദ്ദേഹത്തെ ഉപദേശിച്ചത്. അതനുസരിച്ച് അദ്ദേഹം വൃതം ആരംഭിച്ചു. പക്ഷേ, കഠിനമായ വിശപ്പിന്റെയും ക്ഷീണത്തിന്റെയും മുമ്പിൽ അദ്ദേഹം തളർന്നുപോയി. മൂന്നാം ദിവസം ആരോ ഒരാൾ അദ്ദേഹത്തിന് ഒരു അപ്പം കൊണ്ടുവന്നു കൊടുത്തു. ഇത് അനുവദനീയമായ മാർഗത്തിലൂടെ വന്നുചേർന്നതായിരിക്കാം എന്നു കരുതിയ അദ്ദേഹം അത് കഴിച്ചു. അത് വയറ്റിൽ എത്തിയതും അദ്ദേഹത്തിന് പരവേശം തുടങ്ങി. അദ്ദേഹം ഛർദ്ദിക്കാൻ തുടങ്ങി. വിഷയം അറിഞ്ഞപ്പോൾ ശൈഖവർകൾ പറഞ്ഞത്, താങ്കളുടെ അകത്ത് ഒരു മദ്യപന്റെ ഭക്ഷണം എത്തിയിട്ടുണ്ട് എന്നും അത് മുഴുവനും പുറത്തുപോയി കഴിഞ്ഞാൽ അല്ലാതെ താങ്കൾക്ക് മുജാഹദ പൂർത്തിയാക്കാൻ കഴിയില്ല എന്നുമായിരുന്നു. മാത്രമല്ല, അത് മുഴുവൻ പുറത്തുപോയി കഴിഞ്ഞതിനുശേഷം താങ്കൾ വീണ്ടും നോമ്പ് ആവർത്തിച്ച് അനുഷ്ഠിക്കണം എന്നും ശൈഖ് പറഞ്ഞു. അങ്ങനെ വീണ്ടും വ്രതം ആരംഭിച്ച അദ്ദേഹം നന്നായി ക്ഷീണിച്ചു. അങ്ങനെയിരിക്കെ അദ്ദേഹം ഒരു ശമനത്തിനു വേണ്ടി എന്ന നിലക്ക് ഏതാനും ചരൽ കല്ലുകൾ വായിലിട്ടു. അത് പഞ്ചസാരയായി മാറി. പക്ഷേ, അത് മറ്റൊരു ചതിയാകുമോ എന്ന് ഭയപ്പെട്ടു അദ്ദേഹം അത് തുപ്പിക്കളഞ്ഞു. ഈ സംഭവം മൂന്നുപ്രാവശ്യം ആവർത്തിക്കുകയുണ്ടായി. മൂന്ന് ദിനം കഴിഞ്ഞ് രാവിലെ അദ്ദേഹം തൻ്റെ ശൈഖിനോട് പറഞ്ഞു: 'നിങ്ങൾ ഇത് കഴിച്ചിരുന്നെങ്കിൽ നന്നായിരുന്നു' അന്നുമുതൽ അദ്ദേഹത്തെ ശകർ ഗഞ്ച് എന്നാണ് വിളിച്ചിരുന്നത്.



അദ്ധേഹത്തിന്റെ രണ്ട് പ്രധാനപ്പെട്ട ഖലീഫമാരാണ് ശൈഖ് നിസാമുദ്ധീൻ ഔലിയ(റ)വും അലാവുദ്ധീൻ അലി ചിശ്തി സ്വാബിർ(റ)വും. നിസാമുദ്ധീൻ ഔലിയ(റ ) ഡൽഹിയുടെ മറ്റൊരു ഭാഗത്ത് അന്ത്യവിശ്രമം കൊളളുന്നു. സൂഫിവര്യന്മാരായിരുന്ന നിസാമുദ്ധീൻ ഔലിയയും ഭക്തിയാറുൽ കാക്കി(റ)വും ന്യൂഡൽഹി പട്ടണത്തിന്‍റെ രണ്ട് ഭാഗത്ത് നാനാജാതി മതസ്തരുടെ അഭയ ആശ്രയ കേന്ദ്രമായി രാജാക്കന്മാരെ പോലെ നിലകൊള്ളുന്നത് അവിടെ സന്ദർശിക്കുന്നവർക്ക് ബോധ്യമാകും. നിസാമുദ്ധീൻ ഔലിയയുടെ പ്രധാന ഖലീഫയാണ് ബഹുമാനപ്പെട്ട അമീർ ഖുസ്രു (റ). അദ്ധേഹത്തിന്റെ മഖ്ബറ നിസാമുദ്ധീൻ ഔലിയയുടെ തൊട്ടടുത്ത് തന്നെയാണ്.



അധ്യാത്മിക ജീവിതാന്വേഷണത്തിന്‍റെ ഭാരതീയ സാക്ഷ്യമാണ് ശൈഖ് നിസാമുദ്ദീന്‍(റ). ഹനഫീ മദ്ഹബിനെ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന മഹാന്‍ ഹിജ്റ 636 ല്‍ ഉത്തര്‍പ്രദേശിലെ ബദായൂന്‍ നഗരത്തില്ലാണ് ജനിച്ചത്. ചെറുപ്രായത്തില്‍തന്നെ പിതാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ജ്ഞാന സമ്പാദനത്തിലും പരിശീലനത്തിലും ചെറുപ്രായത്തിലേ ജിജ്ഞാസ പുലര്‍ത്തിപ്പോന്നു. പണ്ഡിതനും ഭക്തനുമായിരുന്ന ശൈഖ് അലാഉദ്ദീന്‍(റ) വില്‍ നിന്ന് കര്‍മ്മശാസ്ത്രം(ഫിഖ്ഹ്) അടിസ്ഥാന ശാസ്ത്രം(ഉസൂല്‍) വ്യാകരണശാസ്ത്രം എന്നിവ പഠിച്ചതിനു ശേഷം ഈ ജ്ഞാനകുതുകി ഡല്‍ഹിയിലേക്കുയാത്ര തിരിച്ചു. പതിനഞ്ചാം വയസ്സിലായിരുന്നു ഈ യാത്ര. വിശ്രുത പണ്ഡിതരുടെ ശിക്ഷണത്തില്‍ അവിടെ വച്ച് ആഴമേറിയ ജ്ഞാനങ്ങള്‍ സ്വായത്തമാക്കി. ശൈഖ് സൈനുദ്ദീന്‍ ഖവാറസ്മി(റ), ശൈഖ് കമാലുദ്ദീന്‍ മുഹമ്മദുസ്സാഇദ്(റ) എന്നിവര്‍ അവിടുത്തെ ഗുരുനാഥന്‍മാരായിരുന്നു. കുറഞ്ഞകാലം കൊണ്ട് സമ്പാദിച്ച ആഴമേറിയ അറിവ് അധ്യാത്മീക ലോകത്തേക്കുള്ള വഴികൾ താണ്ടുന്നതിന് സഹായകമായി. ശൈഖ് ഫരീദുദ്ദീന്‍(റ) ആയിരുന്നു മാര്‍ഗദര്‍ശനം നല്‍കിയിരുന്നത്. ശിഷ്യന്‍റെ ആധ്യാത്മീകതയുടെ വളർച്ച ഗരുവിനെ ഹര്‍ഷപുളകിതമാക്കി. ഗുരുവില്‍ നിന്ന് അസംഖ്യം ഇജാസത്തുകളും ഉപദേശങ്ങളും സ്വീകരിച്ച് അവിടുത്തെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്കുതിരിച്ചു. നാഥനില്‍ ലയിച്ച് ജീവിതം മുഴുക്കെ അവന് ഇബാദത്തെടുക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു മഹാന്‍. പരിത്യാഗത്തിന്‍റെ മേലങ്കിയണിഞ്ഞ് രാത്രിമുഴുവന്‍ നിസ്കാരത്തിലും പകല്‍ വ്രതാനുഷ്ഠാനവുമായി കഴിച്ചുകൂട്ടുകയായിരുന്നു അദ്ദേഹം. വൈവാഹിക ജീവിതത്തിന്‍റെ മധു നുകരുകയോ സ്വന്തമായി വീടുപണിയുകയോ ചെയ്തിരുന്നില്ല. ഭൗതിക ബന്ധങ്ങളെ വകഞ്ഞുമാറ്റി മുഴുസമയവും ആരാധനകൊണ്ട് ധന്യമാക്കിയ ജീവിതത്തിനുടമയായിരുന്നു മഹാന്‍. ഔന്നിത്യത്തിന്‍റെ സൗകുമാര്യതയില്‍ പരിലസിച്ച മഹാന്‍റെ അധരങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉതിര്‍ന്നുവരുന്നവ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. ആത്മീയതയുടെ നിറതിരിയായി മാതൃകാജീവിതം നയിച്ച ശൈഖ്(റ) ഹിജ്റ 725 ൽ തൻ്റെ 89ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു. നാനാജാതി മത വിഭാങ്ങളുടെ ആശ്രയകേന്ദ്രമായി മഹാന്‍ ഡല്‍ഹിയില്‍ വിശ്രമംകൊള്ളുന്നു. ഡൽഹിയിൽ നിസാമുദീൻ എന്ന സ്ഥലത്താണ് മഹാനവർകളുടെ ദർഗ സ്ഥിതി ചെയ്യുന്നത്. അമീർ ഖുസ്രുവിൻ്റെയും മുഗൾ രാജ്ഞി ജെഹനാരാ ബീഗത്തിന്റെയും ഖബറിടങ്ങൾ ഈ ദർഗാ സമുച്ചയത്തിൽ തന്നെ ഉണ്ട്. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് അടുത്തായി സ്ഥിതി ചെയുന്നു.



അബ്ദുൾ ഖാദർ ജീലാനി(റ)യുടെ പേരമകനായിരുന്നു അലാവുദ്ദീൻ സാബിർ കാലിയാരി(റ). അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ മൂത്തമകൻ അബ്ദുൽ വഹാബ് ജീലാനിയുടെ മകൻ സയ്യിദ് അബ്ദുസ്സലാം അബ്ദുറഹീം ജീലാനിയാണ് അദ്ദേഹത്തിൻറെ പിതാവ്. ബാബാ ഫരീദുദ്ദീൻ ഗഞ്ചഷക്കറിൻ്റെ മൂത്ത സഹോദരി ജമീലയായിരുന്നു അദ്ദേഹത്തിൻ്റെ മാതാവ്. മഹാനവർകളുടെ ജനനം ഹിജ്‌റി 592 (1196) 13-ന് റബീഉൽ അവ്വൽ മാസത്തിൽ ആയിരുന്നു. പിതാവിൻ്റെ മരണശേഷം, മാതാവ് അദ്ദേഹത്തെ എ ഡി 1204-ൽ ബാബ ഫരീദി(റ)ൻ്റെ അടുക്കലേക്ക് അയക്കുകയായിരുന്നു. ശൈഖ് അവർകൾ അദ്ദേഹത്തെ ഭക്ഷണ വിതരണത്തിൻ്റെ ചുമതല ഏൽപ്പിച്ചു (ലങ്കാർ). അദ്ദേഹം ഈ കടമ സന്തോഷത്തോടെ സ്വീകരിക്കുകയും ഇടയ്ക്ക് പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്തു. തൻ്റെ ജോലികൾ നിർവഹിച്ചു കഴിഞ്ഞതിനുശേഷം അദ്ദേഹം ശൈഖ് അവർകളുടെ പ്രഭാഷണത്തിലും ദർസിലും പങ്കെടുക്കുന്നത് പതിവായിരുന്നു. ഈ തർബിയത്തുകൾക്ക് വിധേയമായി നിരന്തരമായി നോമ്പ് നോൽക്കുകയും പുറത്തുള്ള ഇലകളും കാട്ടുഭക്ഷണങ്ങളും മാത്രം കഴിക്കുകയും ചെയ്യുക വഴി അദ്ദേഹത്തിൻ്റെ ആരോഗ്യാവസ്ഥ വളരെയധികം ക്ഷണിച്ചു. ഒരു ദിവസം അദ്ദേഹത്തിൻ്റെ മാതാവ് അദ്ദേഹത്തെ കാണാൻ വന്നപ്പോൾ ഈ രൂപത്തിൽ കാണേണ്ടിവന്നത് അവരുടെ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കി. സ്വന്തം മാതാവിന് സഹിക്കാൻ കഴിയുന്നതിനധികം വേദനാജനകമായ ഒരു കാഴ്ചയായിരുന്നു അത്. അതിനാൽ അവർ ശൈഖ് അവർകളോട് വ്യസനം പറഞ്ഞു. ശൈഖവർകൾ അദ്ദേഹത്തെ വിളിച്ചുവരുത്തി എന്തുകൊണ്ടാണ് നീ ഭക്ഷണം ഒന്നും കഴിക്കാതെ എങ്ങനെ ക്ഷീണിച്ചു പരവശനായി പോയിരിക്കുന്നത്? എന്ന് ആശ്ചര്യത്തോടെ ചോദിച്ചു. അദ്ദേഹം അതിനു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'അങ്ങ് എന്നെ ഭക്ഷണ ശാലയുടെ ചുമതലയാണല്ലോ ഏൽപ്പിച്ചിരിക്കുന്നത്. അതിൽ നിന്ന് ഞാനൊന്നും കഴിക്കാറില്ല. കഴിക്കാൻ അങ്ങ് പറഞ്ഞിട്ടില്ലല്ലോ. അതിനാൽ ഞാൻ വല്ലപ്പോഴും പുറത്തു പോയി വല്ലതും കഴിക്കുകയാണ് പതിവ്. ഇത് കേട്ട് ശൈഖ് ബാബാ ഫരീദ് അവർകൾ തൻ്റെ ശിഷ്യനെ കുറിച്ച് അതീവ അഭിമാനിയായി മാറി. സന്തോഷത്തോടെ മുരീദിനെ ആലിംഗനം ചെയ്തുകൊണ്ട് 'ഇവൻ സാബിർ - ക്ഷമാ ശീലൻ - ആണ്' എന്ന് പറയുകയുണ്ടായി. അന്നുമുതലാണ് അദ്ദേഹം സാബിർ എന്ന പേരിൽ അറിയപ്പെട്ട തുടങ്ങിയത്.



ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ റൂർക്കി പട്ടണത്തിനടുത്തുള്ള കലിയാർ എന്ന പ്രദേശത്താണ് മഹാനായ അലാവുദ്ധീൻ അലി ചിശ്തി സ്വാബിർ(റ) അന്ത്യവിശ്രമം കൊള്ളുന്നത്. ചിശ്തിയ്യ ത്വരീഖത്തിൽ നാം സാധാരണ കണ്ടുവരാറുള്ളത് പോലെ ഖവാലിയും മറ്റും കലിയാറിൽ കൂടുതലായി കാണാൻ കഴിയില്ല. കാരണം, അദ്ധേഹം ഖാദിരിയ്യ ത്വരീഖത്ത് പോലെ അള്ളാഹുവിലേക്ക് അടുക്കുന്ന ഇൽമും ഇ ശ്ഖും കൂടിച്ചേർന്ന രീതിയിലാണ് സ്വാബിരി ഖലീഫമാരെ എൽപ്പിച്ചത് എന്നു നമുക്ക് കാണാം. അദ്ധേഹത്തെ പിൻപറ്റുന്നവരാണ് ചിശ്തി സ്വാബിരി എന്ന പേരിലറിയപ്പെടുന്നത്. നിസാമുദ്ദീൻ ഔലിയയെ പിൻപറ്റുന്നവർ ചിശ്തി നിസാമി എന്ന പേരിലറിയപ്പെടുന്നു. ചിശ്തി സ്വാബിരിയാണ് കേരളത്തിലേക്ക്‌ എത്തിയ ചിശ്തി ത്വരീഖത്തിന്റെ പ്രധാന മാർഗം. ചിശ്തി സ്വാബിരി ത്വരീഖത്തിലുള്ള നിരവധി മഹാൻമാർ അജ്മീറിലും പരിസരത്തും മറപ്പെട്ടുകിടക്കുന്നുണ്ട്. അജ്മീർ റെയിൽവേ സ്‌റ്റേഷനടുത്ത് ഹാത്തിഭട്ട എന്ന ഒരു ചെറിയ തെരുവിൽ മഹാനായ ഖ്വാജയുടെ ഖലീഫമാരിൽ ചിശ്തി സ്വാബിരി പരമ്പരയിൽപെട്ട മഹാനായ ഗരീബ് ഷാഹ് ബാബ(റ) അന്ത്യവിശ്രമം കൊളളുന്നു. അദ്ധേഹത്തിന്റെ പ്രധാന ഖലീഫയായ ജഹാംഗീർ ഷാഹ് ബാബ ചിശ്തി സ്വാബിരി(റ) അജ്മീര്‍ ദര്‍ഗാ ശരീഫില്‍ നിന്ന് 2 കി മീ ദൂരെയുള്ള ഗോറ ഗരീബ ഖബർ സ്ഥാനിൽ മറപെട്ടു കിടക്കുകയാണ്. അജ്മീർ സന്ദർശിക്കുമ്പോൾ ഈ രണ്ട് മഹാൻമാരേയും സന്ദർശിക്കുന്നത് മഹത്തായ ചിശ്തിയ്യ പരമ്പര പിന്തുടർന്നവർക്ക് വലിയ അനുഭൂതി ഉളവാക്കുന്നതാണ്.



അലാവുദ്ധീൻ അലി ചിശ്തി സ്വാബിർ(റ) യുടെ ഖലീഫ ഹസ്രത്ത് ഖാജാ മുഹമ്മദ് ജഹാംഗീർ ഷാഹ് കംബൽ പൂഷ്(റ) ആയിരുന്നു. പിന്നീട് അവിടെ നിന്ന് അദ്ദേഹത്തിൻ്റെ ഖലീഫ ഖ്വാജാ ഇഖ്ബാൽ പൂഷി(റ)യിലൂടെ അത് പുരോഗമിക്കുന്നു. അദ്ദേഹത്തിന് തന്നെ മറ്റൊരു ഖലീഫ ഉണ്ടായിരുന്നു. ഖാജാ മുഹമ്മദ് ഷാഹ് ബൈന്ദൂർ. മറ്റൊരു ഖലീഫയായിരുന്നു ഖാജാ മുഹമ്മദ് ജഹാംഗീർ ഷാഹ് കംബൽപൂഷ്(റ). അദ്ദേഹത്തിൽ നിന്നാണ് കേരളത്തിലേക്ക് ചിശ്തി സ്വാബിരി സിൽസില നീളുന്നത്. അത് ആദ്യമായി എത്തിച്ചേരുന്നത് മംഗലാപുരത്തെ ബന്ദറിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ജലാൽ മസ്താൻ(റ) എന്നിവരിലാണ്. തുടർന്ന് അത് ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ പാടത്തക്കായി(റ) അവർകളിലൂടെ കണ്യാല അബ്ദുല്ല ഹാജി മൗലാ(റ)യിൽ എത്തിച്ചേരുന്നു. ഹസ്രത്ത് കാജാ ഇഖ്ബാൽ ചിശ്തി കംബൽ പൂശ്(റ)യുടെ മറ്റൊരു ഖലീഫയായിരുന്നു ശൈഖ് മമ്മിക്കുട്ടി മുസ്ലിയാർ എന്ന ശൈഖ് മുഹമ്മദ് ദാദ ഹസ്റത്ത്. പാലക്കാട് ജില്ലയിലെ കൊപ്പത്ത് അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹം കേരളത്തിലെ അറിയപ്പെട്ട സൂഫികളും ആലിമുകളും ആയിരുന്ന തേനു മുസ്ലിയാർ, ഖുതുബി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവരുമായി അറിവിന്റെയും അധ്യാത്മികതയുടെയും ബന്ധമുള്ള ആളായിരുന്നു. 1995 ഫെബ്രുവരി രണ്ടിന് മഹാനവർകൾ വഫാത്തായി. മഹാനവർകളുടെ ഖലീഫയാണ് പാണ്ടിക്കാട് ഖാജാബാദിലെ ശൈഖ് ബഷീറുദ്ധീൻ ഹാസ്റത്ത്(ത്വ).
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso