ഇസ്റാഉം മിഅ്റാജും
29-10-2024
Web Design
15 Comments
മുഹമ്മദ് തയ്യിൽ ദാരിമി
സംഭവം/ആശയം/അതിനുമപ്പുറം
റജബ് മാസത്തിൽ കടന്നുവരുന്ന ഒരു വിഷയമാണ് പ്രവാചകൻ(സ)യുടെ നിശാപ്രയാണം എന്ന ഇസ്റാഉം ആകാശാരോഹണം എന്ന മിഅ്റാജും. പക്ഷെ, ഇസ്ലാമിക പൊതു മീഡിയയിൽ ഈ അതിപ്രധാന ചർച്ചക്ക് പലപ്പോഴും ഉടക്ക് വീഴാറുണ്ട് എന്നത് ഒരു സത്യമാണ്. ഈ സംഭവം നടന്ന കാലത്തെ ചർച്ചയിലേക്ക് എടുത്തിട്ടുകൊണ്ടാണ് ചിലർ ഇതിന് ഉടക്ക് വെക്കാറുള്ളത്. ഇസ്റാഉം മിഅ്റാജും ഉണ്ടായിട്ടുണ്ട് എന്ന് ഉറച്ചു പറയുന്നവർക്കിടയിൽ പോലും അതു നടന്ന തിയ്യതിയെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. ഇതിലുള്ള അഭിപ്രായങ്ങളിൽ ചുരുങ്ങിയത് പത്തെണ്ണമെങ്കിലും പ്രധാനമാണ്. ഇങ്ങനെ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ ആ പേരും പറഞ്ഞ് ആ വിഷയത്തിൻ്റെ തന്നെ പ്രാധാന്യം കെടുത്തുന്നത് എന്തോ ദുഷ്ടലാക്കാവാനേ വഴിയുള്ളൂ. കാരണം അതിൻ്റെ ആവശ്യമില്ല. അഭിപ്രായ വ്യത്യാസം കാലത്തെ കുറിച്ചുമാത്രമല്ലേ ഉള്ളൂ, കാര്യത്തെ കുറിച്ച് ഇല്ലല്ലോ. അതോടൊപ്പം തന്നെ, ഇക്കാര്യത്തിൽ ഏകോപിതമായ ഒരു അഭിപ്രായമില്ലെങ്കിൽ പിന്നെ മാന്യതയും യുക്തിയും നിലവിൽ ഉള്ള അഭിപ്രായങ്ങളിൽ ഏതിനാണ് വൈറ്റേജ് നൽകുവാൻ കഴിയുക എന്ന് ചിന്തിക്കുന്നതിനാണല്ലോ. അങ്ങനെ മുൻഗാമികൾ ചിന്തിച്ചതിൻ്റെ ഫലമായാണ് റജബ് 27 എന്ന നിഗമനത്തിന് മുൻകൈ ലഭിച്ചത്. പ്രത്യേകിച്ചും ആ അഭിപ്രായം നവവീ ഇമാമിൻ്റേതു കൂടിയായതിനാൽ. തൻ്റെ റൗളയിൽ അദ്ദേഹം അതു പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞാൽ അതിന് മുൻകൈ ലഭിക്കും എന്നത് നവവീ ഇമാമിനെ അറിയുന്നവർക്കൊക്കെ അറിയാം.
കാലത്തെ കുറിച്ച് അത്ര പറഞ്ഞ് നാം കാര്യത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രം സൂറത്തുൽ ഇസ്റാഇലെ ഒന്നാമത്തെ ആയത്താണ്. അത് ഇപ്രകാരമാണ്. 'തന്റെ അടിമ (മുഹമ്മദ് നബി)യെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ-അതിന്റെ ചുറ്റുപാടും നാം അനുഗ്രഹ പൂര്‍ണമാക്കിയിട്ടുണ്ട്-യിലേക്ക് ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധൻ!. നബിക്ക് നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാനായിരുന്നു അത്. നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് അല്ലാഹു. (17:1) പ്രധാനമായും രണ്ട് ആശയങ്ങളാണ് ഈ സൂക്തത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു സത്യവിശ്വാസി ഉൾക്കൊള്ളേണ്ട പ്രധാന രണ്ടു അവബോധങ്ങൾ ആണ് ഇവ രണ്ടും എന്ന പ്രത്യേകതയുണ്ട്. ഇത് വിശുദ്ധ ഖുർആനിന്റെ ഒരു ആധികാരിക സമീപന ശൈലിയാണ്. വിഷയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ കാണ്ഡഭാഗം ഇങ്ങനെ ഖുർആൻ സമർഥിച്ചുവെക്കും. പിന്നെ ബാക്കിയുള്ള വിശദാംശങ്ങൾ എല്ലാം വിവരിച്ചു തരിക നബി (സ) തിരുമേനിയാണ്. നബിയുടെ ദൗത്യം തന്നെ അതാണല്ലോ. ഈ അർത്ഥത്തിലുള്ള ഒരു ആമുഖത്തോടു കൂടെ വിഷയത്തിലേക്ക് വരാത്തത് കൊണ്ടാണ് ഈ വിഷയത്തിൽ പലർക്കും പല അബദ്ധങ്ങളും പറ്റിയത് എന്നുകൂടി പറയുകയാണ്. കൂട്ടത്തിൽ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ തിരുത്താൻ ഒരു നിമിത്തം ആകുമല്ലോ.
ഒന്നാമതായി ഇത്തരമൊരു അൽഭുത യാത്ര നടത്തിക്കൊടുത്ത അല്ലാഹുവിനുള്ള പ്രകീർത്തനമാണ്. പ്രകീർത്തിക്കപ്പെടേണ്ട ഒരു യാത്രയായിരുന്നു അത് എന്നു സൂചിപ്പിക്കുവാൻ രണ്ടു ന്യായങ്ങൾ ഈ ഒന്നാംഭാഗത്ത് പറയുന്നുണ്ട്. അതിലൊന്ന് പ്രകടമായ അസാധാരണത്വം അടങ്ങിയ ഈ നിശാപ്രയാണത്തിന്റെ ദൂരമാണ്. മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും ഫലസ്തീനിലെ മസ്ജിദുൽ അഖ്സായിലേക്ക് ഒറ്റ രാത്രിയിൽ തൻ്റെ ദാസനെ നിശാപ്രയാണം ചെയ്യിച്ചവൻ എന്ന പേരിൽ അല്ലാഹുവിനെ പ്രകീർത്തിക്കുകയാണ്. ഇത്രയും ദൂരം, അതും ഒറ്റ രാത്രി കൊണ്ട്, അതും വെറും അബോധമനസ്സിനെയോ ബോധമനസ്സിനെ തന്നെയോ മാത്രമല്ല, അടിമ എന്നു പറയാവുന്ന ദേഹവും ദേഹിയും അടങ്ങിയ സ്വത്വത്തെ മുഴുവനും കൊണ്ട് ഇങ്ങനെ ഒരു രായാത്ര ചെയ്യിക്കുക എന്നു പറഞ്ഞാൽ അത് അചിന്തനീയവും സാധാരണയിൽ അസംഭവ്യമായി തോന്നിക്കുകയും ചെയ്യുന്ന കാര്യമാണല്ലോ. എന്നാലും അത് സംഭവിച്ചു എന്നാണ് ഖുർആൻ പറയുന്നത്. ഇവിടെ ചിലരുടെ ചിന്ത ഈ ദൂരത്തിന്റെ കാര്യത്തിലും യാത്രക്ക് ഉപയോഗിച്ച വാഹനത്തിന്റെ കാര്യത്തിലും അതിന്റെ സാംഗ്യത്യത്തിൻ്റെയും സാധ്യതയുടെയും കാര്യത്തിലുമാണ് ചുറ്റിത്തിരിഞ്ഞത്. അപ്പോൾ ഇതെല്ലാം അവിശ്വസനീയമായി തോന്നുക സ്വാഭാവികമാണ്. അങ്ങനെയാണ് ചിലർക്കെങ്കിലും ഇക്കാര്യത്തിൽ വിശ്വാസത്തിന് മങ്ങൽ സംഭവിച്ചത്. എന്നാൽ ഖുർആൻ ചെയ്യുന്നത് തികച്ചും അവിശ്വസനീയമാണ് എന്ന് തോന്നിക്കുന്ന ഈ സംഭവങ്ങളെല്ലാം സാധ്യമാക്കിയതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തിക്കുകയാണ്. അതിൽ നിന്ന് മനസ്സിലാക്കേണ്ടത് അല്ലാഹുവിൻ്റെ ശക്തിയെയാണ്. ഇസ്റാഅ് മിഅ്റാജ് സംഭവങ്ങൾ നബിയുടെ കഴിവാണ് എന്നു തെറ്റിദ്ധരിച്ചതാണ് അവർക്കെല്ലാം പറ്റിയത്. അല്ലാഹുവിൻ്റെ കഴിവായി അതിനെ കണ്ടാൽ വിശ്വാസികളുടെ ഇക്കാര്യത്തിലെ എല്ലാ പ്രശ്നവും തീരുന്നതേയുള്ളൂ.
രണ്ടാമത്തെ കാര്യം എന്തിനായിരുന്നു ഈ യാത്ര എന്നതാണ്. അതിനെക്കുറിച്ച് ഈ ആയത്ത് നൽകുന്ന മറുപടി നമ്മുടെ ദൃഷ്ടാന്തങ്ങൾ ദാസനായ മുഹമ്മദ് നബി(സ)ക്ക് നേരിൽ കാണിച്ചു കൊടുക്കുവാൻ വേണ്ടിയായിരുന്നു എന്നതാണ്. ഇത് മനസ്സിലാക്കുവാൻ ഇസ്രാഉം മിഅ്റാജും ഉണ്ടായ സാഹചര്യത്തെ കൂടി പഠിക്കേണ്ടതുണ്ട്. ഇസ്ലാമിക പ്രബോധനം ഏതാണ്ട് അതിൻ്റെ മൂന്നിലൊന്നും പിന്നിട്ടിട്ടും കൃത്യമായ അനുകൂല ഫലങ്ങൾ പ്രകടമാവാതെ ഏതാണ്ട് മുരടിച്ചു നിൽക്കുന്ന ഒരു സമയമായിരുന്നു അത്. മക്കയിൽ ഏതാണ്ട് പത്തു വർഷം നീണ്ട പ്രബോധനം കാര്യമായ ഒരു മാറ്റത്തിലേക്ക് കൊണ്ടെത്തിച്ചില്ല. ഒരുപാട് വ്യക്തികൾ ആദർശത്തെ സ്വീകരിക്കാൻ മുന്നോട്ടുവന്നു എന്നതും അവരെല്ലാവരും നബിക്ക് പിന്നിൽ ഉറച്ചുനിന്നു എന്നതും പ്രതീക്ഷാത്മകമായ സത്യങ്ങളാണ്. പക്ഷേ, ലോകമാസകലം പടർന്നുപിടിക്കേണ്ട പിടിക്കാൻ പര്യാപ്തമായ ഒരു വളർച്ചയിലേക്ക് കാര്യങ്ങൾ എത്തണമെങ്കിൽ ഗുരുതരമായ എതിർപ്പുകൾ നിലനിൽക്കുന്ന മക്കയുടെ പുറം ലോകത്തേക്ക് വിജയകരമായി പ്രബോധനത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടിയുള്ള രണ്ട് ശ്രമങ്ങൾ നബി(സ) നടത്തിനോക്കി. ഒന്ന്, തീർത്ഥാടനത്തിന് മക്കയിൽ വരുന്ന വിദേശികളുമായുള്ള സമ്പർക്കങ്ങൾ വഴിയായിരുന്നു. അതിൽ ചിലതെല്ലാം വിജയിച്ചു, ചിലതൊന്നും കാര്യമായ ഫലങ്ങളോ ചലനങ്ങളോ ഉണ്ടാക്കിയില്ല. രണ്ടാമത്തേത് ത്വായിഫ് യാത്രയായിരുന്നു. ആ ശ്രമവും അപ്പോൾ വിജയിച്ചില്ല. അതോടെ പിന്നെ സംജാതമായത് ഒരുതരം നിരാശയായിരുന്നു. നബിയുടെ മനസ്സിലും ഒപ്പമുള്ള അനുയായികളുടെ മനസ്സിലും നിരാശ നിഴൽവീഴ്ത്താൻ തുടങ്ങിയ സാഹചര്യം. സംരക്ഷകരായിരുന്ന പിതൃവ്യൻ അബൂ താലിബിന്റെയും പത്നി ഖദീജ ബീവിയുടെയും മരണം കൂടി ചേർന്നപ്പോൾ അത് ഗുരുതരമായി. ഇത്തരം ഒരു സമയത്ത് നബിയുടെ മനസ്സിനെ ഒന്നുകൂടി ചാർജ് ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി അഥവാ നബിയുടെ മനസ്സിനെ ബലപ്പെടുത്താൻ വേണ്ടി ഉണ്ടായ അത്ഭുത അനുഭവമാണ് സംഭവങ്ങൾ അവ നേരിട്ട് അനുഭവിച്ചതോടുകൂടെ നബിയുടെ ഉള്ളുറപ്പ് വർദ്ധിച്ചു. പിന്നീട് മക്കായിലെ ശത്രുക്കൾ വെച്ചുനീട്ടിയ പ്രലോഭനങ്ങളെ ശക്തമായി നിരാകരിക്കുന്ന, കഠിനമായ വെല്ലുവിളികൾ നിലനിൽക്കുന്ന മക്കയിലെ ജനങ്ങളുടെ കണ്ണുകൾ കെട്ടി ധൈര്യസമേതം വീടുവിട്ടിറങ്ങുന്ന, ശത്രുവിന്റെ കാൽപാദങ്ങൾ കാണുന്ന അത്രയടുത്ത് എത്തിയപ്പോഴും വിറക്കാതെ നിൽക്കുന്ന, നൂറു ഒട്ടകങ്ങളുടെ ഇനാമിൽ കണ്ണും വെച്ച് കഠിനമായി അന്വേഷിക്കുന്ന ശത്രുക്കളെ മറികടക്കുന്ന... നബി തിരുമേനി(സ)യെ കാണുമ്പോൾ അവിടെ നാം ഇസ്രാഉം മിഅ്റാജും പകർന്നുനൽകിയ ഇലാഹിയായ വൻ ഊർജ്ജം കാണുകയാണ്.
ഖുർആൻ മുഴുവനും വേണ്ടവിധം പരതുന്നവർക്ക് ഇതൊരു അത്ഭുതമുള്ള കാര്യമല്ല. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ പ്രവാചകന്മാരിൽ പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനുശേഷം അവർ മിന്നുന്ന അത്ഭുത പ്രവർത്തനങ്ങൾ ചെയ്തിട്ടുമുണ്ട്. ഉദാഹരണമായി ഇബ്രാഹിം നബിയെ എടുക്കാം. അദ്ദേഹത്തിൻെറ പ്രബോധന ജീവിതം അതിൻെറ കാഠിന്യ ഘട്ടത്തിലേക്ക് അല്ലെങ്കിൽ ഏറ്റവും അധികം മനസ്സുറപ്പ് വേണ്ട ഒരു സാഹചര്യത്തിലേക്ക് വളരുമ്പോൾ അതിന് ഇബ്രാഹിം നബിയുടെ മനസ്സിനെ ഊർജ്ജപ്പെടുത്തിക്കൊടുത്ത സംഭവമാണ് ഇവിടെ അനുസ്മരിക്കുന്നത്. അല്ലാഹു പറയുന്നു: അങ്ങനെ ഭുവന-വാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹീം നബിക്കു നാം കാണിച്ചുകൊടുത്തു; താന്‍ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുള്‍പ്പെടാന്‍ വേണ്ടി (അൻആം: 75). മൂസാ നബിയുടെ ജീവിതത്തിലും അങ്ങനെയുണ്ട്. വലിയ പരീക്ഷണങ്ങളുടെ മുമ്പിൽ പകച്ച് നിന്നുപോകുന്ന ജീവിതമായിരുന്നുവല്ലോ അദ്ദേഹത്തിൻ്റേതും. ആ പരീക്ഷണങ്ങളെ എല്ലാം മറികടക്കാൻ വേണ്ട മാനസികമായ ധൈര്യവും സ്ഥൈര്യവും അദ്ദേഹം നേടിയത് അങ്ങനെയാണ് എന്ന് ഈ സംഭവത്തെ വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങളിൽ മുഫസ്സിറുകൾ പറയുന്നുണ്ട്. അക്കാര്യം അല്ലാഹു ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു: നമ്മുടെ മികച്ച ദൃഷ്ടാന്തങ്ങളില്‍ ചിലത് താങ്കള്‍ക്കു പ്രദര്‍ശിപ്പിച്ചുതരാനാണിങ്ങനെ ചെയ്യുന്നത് (ത്വാഹാ: 23). വൻ ദൗത്യങ്ങൾ നിർവഹിക്കുവാനുണ്ടായിരുന്ന അഞ്ചു പ്രധാന പ്രവാചകന്മാർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആ അനുഭവങ്ങൾ വഴി ലഭിച്ച കരളുറപ്പാണ് അവർക്ക് പിന്നീട് പിൻബലമായത് എന്നും പഠനങ്ങളിൽ കാണാം. നബി തിരുമേനിയുടെ ജീവിതത്തിൽ തന്നെ ഇതു പ്രകടമാണ്. ഇസ്ലാം ലോകത്തോളം വളരുവാൻ നിമിത്തമായ രൂപത്തിലും ഘടനയിലും ഉള്ള വളർച്ച കൈവന്നത് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതിനുശേഷം ആണ് എന്ന് ചരിത്രങ്ങൾ പറഞ്ഞുതരുന്നുണ്ട്. ഇതേ സമയത്ത് തന്നെയാണ് സൂറത്തുൽ കഹ്ഫ് ഇറങ്ങിയത് എന്നും അതും ഹൃദയ ദൃഢതയെ പ്രോജ്ജ്വലിപ്പിക്കുന്ന ആശയങ്ങളുടെ സമാഹാരമാണ് എന്നതും ചേർത്ത് വായിച്ചിട്ടുള്ള മുഫസ്സിറുകളും ഉണ്ട്.
ഈ അടിസ്ഥാനങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട് ഇസ്രാഉം മിഅ്റാജും പഠിക്കുകയും ചിന്താവിഷയമാക്കുകയും ചെയ്യുകയാണ് എങ്കിൽ അതുവഴി വിശ്വാസിക്ക് ഒരുപാട് ഹൃദയ ശക്തി ലഭ്യമാകും. പ്രവാചകന്മാരുടെ ദൗത്യങ്ങൾ, വിശുദ്ധ അഖ്സ്വാ ഭൂമിയുടെ പ്രത്യേകതകൾ, അന്ത്യപ്രവാചകനായി കൊണ്ടുള്ള നബി തിരുമേനിയുടെ സ്ഥാനാരോഹണം, യാത്രയിലുടനീളം നബി കണ്ടുമുട്ടിയ പ്രവാചകന്മാരുടെ അവസ്ഥകൾ, സ്വർഗ്ഗത്തിലും നരകത്തിലും സൃഷ്ടികൾക്ക് വേണ്ടി സൃഷ്ടാവ് ഒരുക്കി വെച്ചിട്ടുള്ള കാര്യങ്ങൾ, തുടങ്ങി നീണ്ട ഒരു പട്ടികയാണ് അതെല്ലാം. ആ പട്ടിക അവസാനിക്കുന്നത് നിസ്കാരം എന്ന ഏറ്റവും പ്രധാനപ്പെട്ട ആരാധനയിലാണ്. മനുഷ്യൻ ഈ പ്രപഞ്ചത്തിൽ വെച്ച് ചെയ്യുന്ന ശാരീരിക ആരാധനകളിൽ ഒന്നാം സ്ഥാനത്തുള്ളതാണ് നിസ്കാരം. അത് കൃത്യമായും കണിശമായും നിർവഹിക്കപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയുടെ ഫലമാണ് മനുഷ്യൻെറ ആത്യന്തരമായ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. അത്രയും സുപ്രധാനവും അടിസ്ഥാനപരവും ആകയാൽ തന്നെയാണ് ആരാധനകളുടെ കൂട്ടത്തിൽ എല്ലാം മാലാഖ വഴി ഇങ്ങോട്ട് കൊടുത്തയച്ചപ്പോൾ അല്ലാഹു മാലാഖയെ അയച്ചു പ്രവാചകനെ കൂട്ടിക്കൊണ്ടുവന്ന് അവിടെവെച്ച് നേരിട്ട് നിസ്കാരം എന്ന ആരാധന നേരിട്ട് നൽകിയത്. നിസ്കാരം വിശ്വാസിയുടെ കടമയാണ്. അത് അവൻ്റെ രക്ഷയുമാണ്. പക്ഷേ, അത് അങ്ങനെയാവണമെങ്കിൽ അത് സൃഷ്ടാവായ അല്ലാഹുവുമായുള്ള ഏറ്റവും വലിയ സാമീപ്യമായി മാറേണ്ടതുണ്ട്. അതിന് ഇസ്റാഉം മിഅ്റാജും പകരുന്ന ഓരോ പാഠങ്ങളും പഠിപ്പിക്കുന്ന ദൃശ്യങ്ങളും മനസ്സിൽ ഉണർന്നിരിക്കേണ്ടതുമുണ്ട്.
ഈ പറഞ്ഞ ആശയങ്ങളെയെല്ലാം ആത്മീയമായി പിന്തുണക്കുന്ന ചുവടുകൾ ആയിരുന്നു ഈ സംഭവത്തിലെ ഓരോന്നും.
ഇസ്‌റാഇന്റെ രാത്രിയില്‍ ഇശാഇനു ശേഷം ജിബ്‌രീല്‍ നബി(സ)യുടെ അടുക്കലേക്ക് വന്നു. നബി(സ) യുടെ നെഞ്ച് പിളര്‍ത്തി സംസം വെള്ളം കൊണ്ട് വൃത്തിയാക്കി. ശേഷം ഈമാനും ഹിക്മത്തും അതില്‍ നിറച്ചു. ശേഷം പിളര്‍ക്കപ്പെട്ട നെഞ്ച് ചേര്‍ത്തുവച്ചു. ബനൂസഅദിൽ ഹലീമാ ബീവിയുടെ കൂടെ താമസിക്കുന്ന കാലഘട്ടത്തിലുണ്ടായ ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിനു ശേഷം നബി(സ)യുടെ ജീവിതത്തിലെ രണ്ടാമത്തെ നെഞ്ചുപിളര്‍ത്തിയ സംഭവമാണിത്. ശേഷം ജിബ്‌രീല്‍ ബുറാഖുമായി വന്നു. കഴുതയെക്കാള്‍ വലുപ്പമുള്ളതും കോവര്‍കഴുതയെക്കാള്‍ ചെറുതുമായ ഒരു മൃഗമാണ് ബുറാഖ്. അതിന്റെ നോട്ടം എവിടേക്കെത്തുന്നുവോ അവിടെയെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. നബി(സ) അതില്‍ കയറി ബൈത്തുല്‍ മുഖദ്ദസിലേക്ക് യാത്രയായി. ജിബ്‌രീലും കൂടെ ഉണ്ടായിരുന്നു. നബിമാര്‍ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ കെട്ടി. ശേഷം പള്ളിയില്‍ പ്രവേശിച്ചു. അപ്പോഴേക്കും മറ്റുള്ള അമ്പിയാക്കളെ അല്ലാഹു അവിടെ ഒരുമിച്ച് കൂട്ടിയിരുന്നു. അവര്‍ക്ക് ഇമാമായി നിന്ന് നബി(സ) രണ്ടു റക്അത്ത് നമസ്‌കരിച്ചു. അപ്പോഴേക്കും മദ്യത്തിന്റെയും പാലിന്റെയും രണ്ടു പാത്രങ്ങളുമായി ജിബ്‌രീല്‍ വന്നു. നബി(സ) പാല്‍ പാത്രം തിരഞ്ഞെടുത്തു.
അതിനുശേഷം ജിബ്‌രീലിനോടൊപ്പം നബി(സ) ആകാശ ലോകത്തേക്ക് യാത്രയായി. ഓരോ ആകാശത്തിലും എത്തുമ്പോള്‍ അവിടെയുള്ള കവാടങ്ങള്‍ തുറക്കാന്‍ കല്‍പിക്കപ്പെടുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്തു. ഓരോ ആകാശങ്ങളിലും അമ്പിയാക്കളെ കണ്ടുമുട്ടി. ഒന്നാം ആകാശത്തു വെച്ച് ആദിപിതാവായ ആദം(അ), രണ്ടാം ആകാശത്തില്‍ വെച്ച് ഈസാ(അ), യഹ്യാ (അ), മൂന്നാം വാനത്തില്‍ വെച്ച് യൂസുഫ് (അ), നാലില്‍ വെച്ച് ഹാറൂന്‍ (അ), അഞ്ചില്‍ വെച്ച് ഇദ്രീസ് (അ), ആറില്‍ വെച്ച് കലീമുല്ലാഹി മൂസാ (അ), ഏഴില്‍ വെച്ച് ഖലീലുല്ലാഹി ഇബ്റാഹീം (അ) എന്നിവരെയൊക്കെ കണ്ടു. പൂര്‍വിക പ്രവാചകന്മാരുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായ നബി(സ)ക്ക് ഈ ദര്‍ശനം നല്‍കിയ പ്രചോദനവും നിര്‍വൃതിയും വിവരണാതീതമായിരിക്കും. ഇബ്റാഹീം നബി(അ)യെ ബൈത്തുല്‍ മഅ്മൂര്‍ ചാരിയിരിക്കുന്ന അവസ്ഥയിലാണ് കണ്ടത്. തുടര്‍ന്ന് വീണ്ടും പ്രയാണം തുടര്‍ന്നു. സ്വര്‍ഗ നരകങ്ങളുള്‍പ്പെടെ പല സംഗതികളും നേരിൽ കണ്ടു. അവസാനം സിദ്റത്തുല്‍ മുന്‍തഹാ എന്ന അതിര്‍ത്തിയിലെത്തി. ഇവിടെ വെച്ച് ജിബ്രീല്‍(അ) വിടവാങ്ങി. നബി(സ)യോട് ഇനിയും മുന്നോട്ടു യാത്ര തുടരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മാലാഖമാര്‍ പോലും കടക്കാത്ത സ്ഥലങ്ങളിലൂടെയും നബി(സ) കടന്നുപോയി. ഒടുവില്‍ അല്ലാഹുവിന്റെ സന്നിധാനത്തിലെത്തി സംഭാഷണം നടത്തി.
തദവസരത്തില്‍ അമ്പതു നേരത്തെ നമസ്‌കാരം സമുദായത്തിന് നിര്‍ബന്ധമാക്കപ്പെട്ടു. മൂസാ നബി(അ)യുടെ നിര്‍ദേശപ്രകാരം നബി(സ) അല്ലാഹുവിനോട് ലഘൂകരണം തേടുകയും പലതവണ ഇളവ് തേടി ഒടുവില്‍ അതു അഞ്ചായി നിജപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ അഞ്ചു നേരം അനുഷ്ഠിച്ചാല്‍ അമ്പത് തവണ അനുഷ്ഠിച്ചതിന്റെ പുണ്യവും പ്രതിഫലവും കിട്ടുമെന്ന് നബി (സ) പറഞ്ഞത് റബ്ബിന്റെ അളവറ്റ ഔദാര്യത്തിന്റെ ഭാഗമാണ്. ഇതെല്ലാം കഴിഞ്ഞതിനുശേഷം ആകാശങ്ങളുടെ ഉന്നതികളില്‍ നിന്നും ബൈത്തുല്‍ മുഖദ്ദസിലേക്ക് തന്നെ ജിബ്‌രീലിന്റെ കൂടെ മടങ്ങി. അവിടെനിന്നും ബുറാഖില്‍ കയറി മക്കയിലേക്ക് തിരിച്ചുപോന്നു. സുബ്ഹിയുടെ മുമ്പുതന്നെ മക്കയില്‍ എത്തിച്ചേരുകയും ചെയ്തു. ഇതാണ് ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ചുരുക്കം. (ബുഖാരി, മുസ്‌ലിം). ഇസ്‌റാഇനെയും മിഅ്‌റാജിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അല്ലാഹു നടത്തിയത് രണ്ടു സൂറത്തുകളിലാണ്. അല്‍ ഇസ്‌റാഅ്:1, അന്നജ്മ്: 13,18 എന്നീ സൂക്തങ്ങളിൽ.
നേരം പുലര്‍ന്നപ്പോള്‍ നബി(സ) മക്കക്കാരോട് ഉണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു. താന്‍ കണ്ട അത്ഭുതകരമായ കാര്യങ്ങള്‍ അവര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. ഇതോടെ ശത്രുക്കൾ നബിയെ പരിഹസിക്കാനും കളവാക്കുവാനും മുന്നോട്ടുവന്നു കാരണം അവരുടെ ബുദ്ധിയോ അനുഭവമോ അനുവദിച്ചു തരുന്ന ഒരു കാര്യമായിരുന്നു ഇത്രയും സങ്കീർണമായ ഈ യാത്രകൾ. വിശ്വാസം എന്ന പശ്ചാത്തലം ഇല്ലെങ്കിൽ അത് എന്നും മനസ്സിൽ അവിശ്വസനീയമായ ഒരു പ്രഹേളികയായി നിലനിൽക്കുകയാണ് ചെയ്യുക. ഇപ്പോഴും അതിൽ വിശ്വസിക്കുവാൻ പ്രയാസമുള്ളവർ മുസ്ലിം സമുദായത്തിനുള്ളിൽ തന്നെ ഉണ്ട് എന്നത് ഒരു സത്യമാണ്. അതിൻ്റെയൊക്കെ കാരണം വിശ്വാസത്തിൻ്റെ ദുർബലതയാണ്. നബി(സ) പറയുന്നു: ''ഇസ്‌റാഅ് ഉണ്ടായ ശേഷം ജനങ്ങള്‍ എന്നെ വ്യാജമാക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു ഭാഗത്ത് ദുഃഖിതനായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ ശത്രുവായ അബൂജഹൽ അതിലൂടെ കടന്നുവന്നു. എന്നിട്ട് എന്റെ സമീപത്തിരുന്ന് ഒരു പരിഹാസ്യ ഭാഷയില്‍ ചോദിച്ചു: 'എന്തെങ്കിലും സംഭവിച്ചോ?' ഞാന്‍ പറഞ്ഞു: 'അതെ, സംഭവിച്ചിട്ടുണ്ട്.' 'എന്താണുണ്ടായത്?' ഞാന്‍ നിശാപ്രയാണത്തെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അബൂജഹൽ ചോദിച്ചു: 'എങ്ങോട്ടാണ് ഉണ്ടായത്?' ഞാന്‍ പറഞ്ഞു: 'ബൈത്തുല്‍ മുഖദ്ദസിലേക്ക്.' അബൂജഹൽ ചോദിച്ചു: 'എന്നിട്ട് ഇത്രയും പെട്ടെന്ന് ഞങ്ങള്‍ക്കിടയിലേക്ക് നീ തിരിച്ചുവന്നുവോ?' ഞാന്‍ പറഞ്ഞു: 'അതെ.' അബൂജഹൽ ചോദിച്ചു: 'നിന്റെ ഈ ജനതയെ നിന്റെ മുമ്പിലേക്ക് കൊണ്ടുവന്നാല്‍ എന്നോട് പറഞ്ഞ ഈ വിവരം നീ അവരോടും പറയുമോ?' നബി(സ) പറഞ്ഞു: 'അതെ, പറയും.' തുടർന്ന് അബൂജഹൽ കഅ്ബ് ഇബ്‌നു ലുഅയ്യ് ഗോത്രത്തെ അവിടേക്ക് വിളിച്ചുവരുത്തി. അബൂജഹൽ പറഞ്ഞു: 'എന്നോട് നീ പറഞ്ഞ കാര്യം ഈ ആളുകളോടും പറയൂ.' അബൂജഹൽ പറഞ്ഞത് പ്രകാരം നബി(സ) അവരോടു പറഞ്ഞു. അബൂജഹൽ ചോദിച്ച ചോദ്യങ്ങള്‍ അവരും ചോദിച്ചു. മുഹമ്മദ് നബി(സ) പറയുന്ന കാര്യങ്ങള്‍ കളവാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ചിലയാളുകള്‍ കയ്യടിച്ചു. ചിലയാളുകള്‍ തലക്ക് കൈവെച്ചു; എന്നിട്ട് ചോദിച്ചു: 'മസ്ജിദുല്‍ അഖ്സയെ കുറിച്ച് ഞങ്ങള്‍ക്ക് വര്‍ണിച്ചു തരാന്‍ സാധിക്കുമോ?' അവരുടെ കൂട്ടത്തില്‍ മസ്ജിദുല്‍ അഖ്സയും ആ രാജ്യവും സന്ദര്‍ശിച്ചവര്‍ ഉണ്ടായിരുന്നു. മസ്ജിദുല്‍ അഖ്സയെക്കുറിച്ചും നബി(സ) കണ്ട കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് മുമ്പില്‍ വര്‍ണിച്ചു കൊടുത്തു.'(അഹ്മദ്).
നബി(സ)യുടെ ഇസ്‌റാഇനെ കുറിച്ച് ജനങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു. സംശയം പ്രകടിപ്പിച്ചിരുന്ന ചിലയാളുകള്‍ അബൂബക്ര്‍(റ)വിനോട് ചോദിച്ചു: 'മുഹമ്മദ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്. നീ അത് വിശ്വസിക്കുമോ? അബൂബക്ര്‍(റ) ചോദിച്ചു: 'മുഹമ്മദ് നബി(സ) അങ്ങനെ പറഞ്ഞിട്ടുണ്ടോ?' അവര്‍ പറഞ്ഞു: 'അതെ, മുഹമ്മദ് പറഞ്ഞിട്ടുണ്ട്.' അബൂബക്ര്‍(റ) പറഞ്ഞു: 'ഞാന്‍ അത് അംഗീകരിക്കുന്നു. ഞാന്‍ അത് വിശ്വസിക്കുന്നു.' അപ്പോള്‍ അവര്‍ ചോദിച്ചു: 'ഒറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുഖദ്ദസിലേക്ക് പോകുകയും നേരം പുലരുന്നതിനു മുമ്പ് തിരിച്ചു വരികയും ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോള്‍ നീ അത് വിശ്വസിക്കുകയോ?' അബൂബക്ര്‍(റ) പറഞ്ഞു: 'അതെ, മുഹമ്മദ് നബി(സ) ഇതിനെക്കാള്‍ അവിശ്വസനീയവും വിദൂരവുമായ കാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. കാരണം, ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ മുഹമ്മദ് നബി(സ) പറഞ്ഞു തരുമ്പോൾ ഞാനത് വിശ്വസിക്കുന്നുണ്ട്.' അങ്ങനെയാണ് അബൂബക്‌റിന് സ്വിദ്ദീഖ് എന്ന പേരു ലഭിച്ചത്' (ഹാകിം).
സത്യത്തില്‍, വിശ്വാസികളുടെ ഈമാനിന്റെ ഉള്ളുറപ്പ് പരിശോധനാവിധേയമായ ഒരു സംഭവം കൂടിയായിരുന്നു ഇസ്രാഅ്-മിഅ്റാജ്. സംഭവ്യത, സാധ്യത, യുക്തി, ശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വസ്തുത അംഗീകരിക്കുന്നതിലുപരി വഹ് യിന്റെ പിന്‍ബലവും ഉള്‍ക്കാഴ്ചയുമുള്ള സത്യസന്ധനായ നബി(സ)യുടെ വാക്കുകളും ഉപദേശങ്ങളും കര്‍മമാതൃകയും ഇടംവലം നോക്കാതെ യുക്തിയുടെയോ ബുദ്ധിയുടെയോ വിശകലനത്തിന് വിധേയമാക്കാതെ ഉള്‍ക്കൊള്ളുന്നതിലാണ് ഈമാനിന്റെ തികവും മികവും. അതാണ് അബൂബക്റി(റ)ന്റെ നിലപാടില്‍ നാം ദര്‍ശിക്കുന്നത്. സത്യവിശ്വാസികളില്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെ ഉടമയാണ് അബൂബക്കർ സിദ്ദീഖ്(റ) എന്ന് നബി പറഞ്ഞത് സ്മരണീയമാണ്. മിഅ്റാജ് വേളയില്‍ നബിക്ക് കാണിച്ച കാഴ്ചകള്‍ ജനങ്ങള്‍ക്കുള്ള പരീക്ഷണമായിരുന്നെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'നിശ്ചയം, താങ്കളുടെ നാഥന്‍ അറിവും കഴിവും കൊണ്ടു മനുഷ്യരെ വലയം ചെയ്തിട്ടുണ്ട് എന്ന് അങ്ങയോട് നാം പറഞ്ഞസന്ദര്‍ഭം സ്മരണീയമത്രേ. (വാനാരോഹണവേളയില്‍) താങ്കള്‍ക്കു നാം ഗോചരീഭവിപ്പിച്ച കാഴ്ചകളും ഖുര്‍ആനില്‍ അഭിശപ്തമായ നരകവൃക്ഷവും ജനങ്ങള്‍ക്കുള്ള ഒരു പരീക്ഷണം മാത്രമാണ്. അവരെ പേടിപ്പെടുത്തുകയാണ് നാം; പക്ഷേ, അതവര്‍ക്ക് ഗുരുതരമായ ധിക്കാരം വര്‍ധിപ്പിക്കുകയേ ചെയ്യുന്നുള്ളൂ' (17:60) ഇവിടെ പരാമൃഷ്ടമായ കാഴ്ചകള്‍ നിശാപ്രയാണവേളയില്‍ സംഭവിച്ചവയും, അഭിശപ്ത വൃക്ഷം നരകത്തിലെ സഖ്ഖൂമുമാണെന്ന് (ഖുര്‍ആന്‍ 37:62, 44:43, 56:52 എന്നിവയില്‍ സഖ്ഖൂം പരാമര്‍ശമുണ്ട്.) ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിലുണ്ട്. കല്ലുകളെപ്പോലും കരിച്ചുകളയുന്ന നരകത്തില്‍ മരം വളരുമോ എന്നു നിഷേധികള്‍ പരിഹസിച്ചിരുന്നു. ഇത്തരം അമാനുഷ സംഭവങ്ങളും അസാധാരണ കാര്യങ്ങളും വഴി ജനങ്ങളെ പരീക്ഷിക്കുകയാണ് അല്ലാഹു - ആര് വിശ്വസിക്കും, ആര് അവിശ്വസിക്കും എന്ന്.
വിശ്വാസിയുടെ ജീവിതം ആത്മീയതയുടെ ഔന്നത്യത്തിലേക്ക് ഉയർത്തുവാൻ വേണ്ടി അള്ളാഹു നിശ്ചയിക്കുകയും നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ള നിസ്കാരം എന്ന നിർബന്ധമായ കർമ്മം കൈമാറുവാൻ വേണ്ടി ഉണ്ടായ ഒരു അത്ഭുതമാണ് ഇസ്രാഉം മിഅ്റാജും എന്നു പറയാം. നിസ്കാരം വിശ്വാസിയുടെ മിഅ്റാജ് ആണ് എന്ന തിരുവചനം ഇതിലേക്ക് ചേർത്ത് വായിക്കാം. വിശ്വാസിക്ക് വിശദമായി ചിന്തിക്കുവാനും തൻറെ ജീവിതത്തെ ശരിയായ ആത്മീയ പാതയിൽ നിലനിർത്തുവാനും വളർത്തിയെടുക്കുവാനും മാത്രം പ്രാധാന്യമുള്ളതാണ് നിസ്കാരം. കാരണം ഇസ്ലാമിലെത്തിയ ഒരാൾ നിർബ്ബന്ധമായി നിർവ്വഹിക്കേണ്ട ഏറ്റവും വലിയ ആരാധനയാണത്. ഇവിടെ 'ഏറ്റവും വലിയ' എന്ന വിശേഷണത്തിന് ഒരു പാട് അർഥതലങ്ങളുണ്ട്. ഏറ്റവും അധികം നിർവ്വഹിക്കപ്പെടേണ്ടത് എന്നതാണ് അവയിലൊന്ന്. വിവേചന ബുദ്ധിയോടെ പ്രായപൂർത്തി പ്രായം കടന്ന എല്ലാവർക്കും എന്നും അഞ്ചു നേരം ചെയ്യാനുള്ളതാണ് അത്. ലിംഗം, പ്രായം, രോഗം, കാരണം തുടങ്ങി ഒരു വിവേചനവും നിസ്കാരത്തിന്റെ കാര്യത്തിലില്ല. മുസ്ലിമായ ഒരാൾക്ക് ഒരിക്കലും നിസ്കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നിസ്കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന്ന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞു കിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിന്നും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണമെന്നുമാണ് വിധി. നോമ്പും ഹജ്ജും സക്കാത്തുമൊന്നും ഇത്രയധികം ഒരു വിശ്വാസി ചെയ്യുന്നില്ല. ഏറ്റവും അധികം പ്രതിഫലമുളളത് എന്നതാണ് മറ്റൊരു അർഥം. ഏറ്റവും ശ്രേഷ്ടമായ കർമ്മമേതാണ് എന്ന് ഒരാൾ ആരാഞ്ഞപ്പോൾ കൃത്യസമയത്തെ നിസ്കാരം എന്നായിരുന്നു നബി തിരുമേനിയുടെ മറുപടി. മാത്രമല്ല, വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലുള്ള വ്യത്യാസം തന്നെ നിസ്കാരമാണ് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
ഏറ്റവും വലിയ ആത്മീയ ശുദ്ധീകരണ കാരകമാണ് നിസ്കാരം. നിസ്കാരത്തിന്റെ പ്രാധാന്യം വിവരിച്ചു തരുവാൻ നബി തിരുമേനി ഉപയോഗിച്ച ഉദാഹരണം ഈ അർഥത്തെ അനാവരണം ചെയ്യുന്നുണ്ട്. സ്വന്തം മുമ്പിലൂടെ കടന്നുപോകുന്ന ശുദ്ധജലവാഹിനിയിൽ ഒരാൾ ദിനം അഞ്ചുനേരം നീരാടുന്നു എങ്കിൽ അയാളുടെ മേനിയിൽ ഒരു അഴുക്കും അവശേഷിക്കാത്തതു പോലെ അഞ്ചു നേരം നിസ്കരിക്കുന്നവനിൽ പാപങ്ങൾ ഒന്നും അവശേഷിക്കില്ല എന്നായിരുന്നു നബിയുടെ ആശയം. അഞ്ചു നിസ്കാരങ്ങൾ അവക്കിടയിൽ ഭവിക്കുന്ന തെറ്റുകളുടെ പ്രായശ്ചിത്തമാണ് എന്ന സ്വഹീഹായ ഹദീസ് അവയിലൊന്നാണ്. ഇവ്വിധം നിസ്കാരം പാപങ്ങളെ കഴുകിക്കളയുന്നതിന്റെ ന്യായം മനുഷ്യൻ തന്റെ സൃഷ്ടാവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് നിസ്കാരത്തിനിടെയാണ് എന്നതാണ്. അങ്ങനെ അതും നിസ്കാരത്തിന്റെ മഹാത്മ്യമായി മാറുന്നു. വിശ്വാസിക്ക് തന്റെ റബ്ബിലേക്ക് ചുവടുവെച്ച് അടുക്കുന്ന മാനസിക പ്രതീതിയാണ് നിസ്കാരം പകരുന്നത്. നിസ്കാരത്തിലെ ഓരോ ചലനവും അവന് ഓരോ ചുവടാണ്. നിസ്കാരത്തിനു വേണ്ടി അംഗസ്നാനം ചെയ്യുമ്പോൾ മുതൽ അതനുഭവപ്പെട്ടു തുടങ്ങുന്നു. നിയ്യത്തിന്റെ പിൻബലത്തോടെ ഓരോ അവയവങ്ങൾ കഴുകിയും തുടച്ചുമെടുക്കുമ്പോൾ അവയിൽ നിന്നെല്ലാം പാപങ്ങൾ ഒലിച്ചുപോകുന്നതായി അവന് തോന്നും. പിന്നെ അവൻ ഭൂമദ്ധ്യ ബിന്ദുവിലേക്ക് തിരിഞ്ഞു നിന്ന് തന്റെ വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനമായി വാങ്കും ഇഖാമത്തും പ്രഘോഷണം ചെയ്യുന്നു. ഇതോടെ ശരീരവും മനസ്സും സജ്ജമായി. ഇനി പ്രാർഥനയാണ്. പ്രാർഥനയിലേക്ക് വലിയ ഒരാമുഖത്തോടെയാണ് കടക്കുന്നത്. അതിന്റെ ഉളളടക്കം റബ്ബിനെ വാഴ്ത്തുകയും മഹത്വവത്കരിക്കലുമാണ്. വാഴ്തലിന്റെ ഓരോ വചനങ്ങളും മനസ്സിന്റെ ഓരോ ചുവടാണ്. ഏതാനും ചുവടുകൾ വെക്കുന്നതോടെ അവൻ ദൈവ സന്നിദ്ധാനത്തിലെത്തിയതു പോലെയാകും. നീ, നിന്നോട് എന്നൊക്കെ അഭിസംബോധന ചെയ്യാവുന്ന അത്ര അടുത്ത് എത്തും. അതോടെ അവനും സൃഷ്ടാവിനും ഇടയിൽ മറകൾ മാഞ്ഞു പോകും. ഈ അർഥത്തിലാണ് നിസ്കാരം വിശ്വാസിയുടെ മിഅ്റാജാണ് എന്നു പറയാറുളളത്. കയറിക്കയറി അടുത്തെത്തലാണല്ലോ മിഅ്റാജ്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso