![](http://www.thdarimi.in/images/logo.png)
![Image](http://www.thdarimi.in/login/photo/images (2).jpeg)
അൽ മുനാഫിഖൂന്‍: 1-3
29-10-2024
Web Design
15 Comments
ഖുർആൻ പഠനം
ടി എച്ച് ദാരിമി
ഒന്നാകണം, അകവും പുറവും
പരിശുദ്ധ ഖുർആനിലെ അറുപത്തിമൂന്നാമത്തെ അധ്യായമാണ് അൽ മുനാഫിഖൂൻ. പരിപൂർണ്ണമായും മദനിയ്യ ഘട്ടത്തിൽ അവതരിച്ചിട്ടുള്ള സൂറത്താണ് ഇത്. ഈ സൂറത്ത് സൂറത്തിൽ 11 ആയത്തുകളാണ് ഉള്ളത്. നബി(സ) ഈ സൂറത്ത് ജുമുഅ നിസ്കാരത്തിൻ്റെ രണ്ടാമത്തെ റക്അത്തിൽ പതിവായി ഓതാറുണ്ടായിരുന്നു എന്ന് അബൂഹുറൈറ(റ) രിവായത്ത് ചെയ്യുന്നുണ്ട്. ഒന്നാമത്തെ റക്അത്തിൽ തൊട്ടുമുമ്പുള്ള അൽ ജുമുഅ സൂറത്താണ് നബി(സ) ഓതാറുണ്ടായിരുന്നത്. ഈ ക്രമത്തിന് ഒരു ആശയമുണ്ട്. അതായത്, ഒന്നാമത്തെ റക്അത്തിലെ സൂറത്തിലൂടെ സത്യവിശ്വാസികളെ പ്രചോദിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോൾ രണ്ടാമത്തെ റക്അത്തിലെ സൂറത്തിലൂടെ വിശ്വാസത്തിൻ്റെ കാര്യത്തിൽ ഏറ്റവും ഗുരുതരമായ ചതി പുലർത്തുന്ന മുനാഫിഖുകളെ എടുത്ത് വിമർശിക്കുകയാണ്. ഈ സൂറത്തിന്റെ അവതരണ പശ്ചാത്തലം ബനു മുസ്ത്വലഖ് യുദ്ധമായിരുന്നു എന്നാണ് മിക്ക പണ്ഡിതരുടെയും പക്ഷം. ഹിജ്റ അഞ്ചാം വർഷത്തിലായിരുന്നു ഈ സംഭവം. അതിനെക്കുറിച്ചുള്ള വിവരണങ്ങൾ താഴെ വരുന്നുണ്ട്. മറ്റു ചില അഭിപ്രായങ്ങളിൽ തബൂക്ക് യുദ്ധമാണ് ഈ സൂറത്തിന്റെ പശ്ചാത്തലം എന്നുണ്ട്. പക്ഷേ അതിനുള്ള സാധ്യത പൊതുവേ കുറവാണ്. കാരണം, ഈ യുദ്ധം നടക്കുന്നത് ഹിജ്റ ഒമ്പതിനാണ്. നബിയുടെ ജീവിതത്തിലെ അവസാന യുദ്ധമായിരുന്നു അത്. അപ്പോഴേക്കും മദീനയിലെ മുനാഫിഖുകളുടെ ശക്തി ക്ഷയിച്ചു കഴിഞ്ഞിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അതേസമയം, നേരത്തെ പറഞ്ഞ ബനൂ മുസ്ത്വലഖ് യുദ്ധത്തിന്റെ സമയം മുനാഫിഖുകൾ അരങ്ങുവാഴുന്ന കാലവുമായിരുന്നു. ഈ സൂറത്തിലെ കേന്ദ്ര വിഷയങ്ങൾ മൂന്നാണ്. ഒന്നാമത്തേത് കപട വിശ്വാസികളുടെ വിവരണങ്ങൾ അവരുടെ അടയാളങ്ങൾ എന്നിവയാണ്. രണ്ടാമത്തേത് അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മ വിശ്വാസികളുടെ ജീവിതത്തിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ്. മൂന്നാമത്തെത് അവസരം അവസാനിക്കുന്നതിനു മുമ്പായി സുകൃതങ്ങളും മറ്റും ചെയ്യുവാൻ സത്യവിശ്വാസികളെ ഉദ്ബോധിപ്പിക്കുകയും ആണ്.
ഇസ്ലാമിക സമൂഹം സ്ഥാപിതമാകുന്ന മദീന കാലഘട്ടത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണം ആയിരുന്നു കപട വിശ്വാസികൾ. അവർ അവിശ്വാസികളേക്കാൾ അപകടകാരികളി യിരുന്നു. കാരണം അവിശ്വാസികളെ സമൂഹത്തിൽ വേറിട്ടു കാണാം. അതിനാൽ അവരുടെ ഭാഗത്തുനിന്നുള്ള ഏതു നീക്കങ്ങളും സ്വരങ്ങളും വ്യക്തമായി വേറിട്ട് മുൻകൂട്ടി കാണാൻ കഴിയും. അപ്പോൾ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ അതെളുപ്പമാകും. അതേസമയം കപട വിശ്വാസികൾ ബാഹ്യമായി മുസ്ലിംകളാണ്. അവർ മുസ്ലിംകളുടെ സമാജത്തിൽ ലയിച്ചു ചേർന്ന് ജീവിക്കുകയാണ്. അതിനാൽ അവരെ തിരിച്ചറിയാൻ കഴിയില്ല. വല്ല സൂചനകളും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവരെ തിരിച്ചറിഞ്ഞാൽ തന്നെയും പരസ്യമായി അവരെ അതിൻ്റെ പേരിൽ ആക്ഷേപിക്കുവാനോ അവർക്കെതിരെ നടപടി എടുക്കുവാനോ കഴിയില്ല. അങ്ങനെ ചെയ്താൽ അത് കൂടുതൽ പ്രയാസകരമായ ഫലങ്ങളാണ് ഉണ്ടാക്കുക. ഈ സൗകര്യങ്ങളെ ചൂഷണം ചെയ്തു കൊണ്ടാണ് ആദ്യ കാലഘട്ടത്തിൽ മുനാഫിഖുകൾ വളർന്നത്. വളരെ പ്രധാനികളായ പലരുടെയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നതിനാൽ അവർക്ക് തെല്ല് വളരുവാനും കഴിഞ്ഞു. നബി തിരുമേനി(സ)യുടെ ജീവിത കാലഘട്ടം കഴിയുമ്പോഴേക്കും നിരന്തരമായ പരാജയങ്ങൾ അനുഭവിച്ച് അവർ ക്ഷയിച്ചിരുന്നു. എന്നിരുന്നാലും, അവർ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഇപ്പോഴും അത്തരം ഒരു വിഭാഗം സമുദായത്തിന്റെ എല്ലാ ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്. നബി(സ)യുടെയും സത്യവിശ്വാസികളുടെയും മുന്നിലെത്തുമ്പോൾ വിശ്വസിച്ചവരാണ് ഞങ്ങൾ എന്ന് സത്യം ചെയ്ത് ആണയിട്ട് സ്ഥാപിക്കാൻ അവർ ശ്രമിക്കുമായിരുന്നു. എന്നാൽ അവരുടെ വാക്കുകൾ സത്യത്തിനെതിരാണെന്നും കള്ള സത്യമാണവർ ചെയ്തിരിക്കുന്നതെന്നും അള്ളാഹു ഈ സൂറത്തിൻറെ ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു.
ഇസ്ലാമിക പ്രമാണങ്ങളുടെ പരിശുദ്ധിയുടെയും പ്രാമാണികതയുടെയും ഏറ്റവും വലിയ തെളിവാണ് അതിൻ്റെ കൃത്യത എന്ന ആശയത്തിൻ്റെ ഭാഗമായി വരുന്ന വരുന്ന ഒരു കാര്യമാണ് മദീനയിലെ മുനാഫിഖുകളെ കുറിച്ച് വളരെ വിശദവും കൃത്യവുമായ വിവരങ്ങൾ ഇസ്ലാം പുറത്തു കൊണ്ടുവന്നു എന്നത്. അതനുസരിച്ച് മദീനയിൽ ആകെ പുരുഷന്മാരും സ്ത്രീകളുമായി ഉണ്ടായിരുന്നത് മുന്നൂറ്റി എഴുപ്പതോളം പേരായിരുന്നു എന്നാണ്. ഇവരിൽ അധികവും ഒന്നുകിൽ രഹസ്യമായി ഇസ്ലാമിനോട് വിദ്വേഷം പുലർത്തുന്ന, എന്നാൽ പരസ്യമായി ഇസ്ലാമിലേക്ക് പ്രവേശിച്ച ജൂതന്മാരായിരുന്നു. അല്ലെങ്കിൽ, മദീനയിലെ അടിസ്ഥാന ജനവിഭാഗങ്ങളായ ഔസ്, ഖസ്റജ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽപെട്ട ആൾക്കാരായിരുന്നു. മറ്റൊരു വിഭാഗം മദീനയുടെ പ്രാന്ത പ്രദേശങ്ങളിൽ താമസിച്ചിരുന്ന അഅ്റാബികൾ ആയിരുന്നു. ഇവരെല്ലാം ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ ശ്രദ്ധേയരായ ആൾക്കാരായിരുന്നു. അതിൻ്റെ പേരിൽ അവർക്ക് ലഭിച്ചിരുന്ന സാമൂഹ്യ സ്ഥാനങ്ങൾ ഇത്തരം ദുഷ്പ പ്രവർത്തനങ്ങൾ മറച്ചു പിടിക്കാനുള്ള ഒരു മറയായിരുന്നു അവർക്ക്. ഇസ്ലാമിക സമൂഹത്തിൻ്റെ സംസ്ഥാപനം നടക്കുന്ന സമയത്ത് മുനാഫിഖുകൾ ഏറ്റവും അധികം രഹസ്യമായി ശ്രമിച്ചിരുന്നതും പരസ്യമായി അതിനുവേണ്ടി പല വിദ്യകളും നടത്തിയിരുന്നതും യുദ്ധം തുടങ്ങിയ പ്രയാസകരമായ കാര്യങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടുവാനോ മറ്റുള്ളവരെ അതിൽ നിന്ന് തടയുവാനോ വേണ്ടിയുള്ള ശ്രമങ്ങൾ ആയിരുന്നു. ഉദാഹരണമായി ചില യുദ്ധങ്ങളുടെ സാഹചര്യങ്ങളിൽ അതിൽ നിന്ന് സൈനിക സഹാബിമാരെ പിന്തിരിപ്പിക്കാൻ വേണ്ടി കാലാവസ്ഥയുടെ ചൂട് പറഞ്ഞു പ്രചരിപ്പിക്കുന്നത് അവരുടെ ഒരു നീക്കമായിരുന്നു. അവരുടെ ആ ശ്രമങ്ങൾ അല്ലാഹു കാണുകയും നരകത്തിന്റെ ചൂട് അതിനേക്കാൾ വലുതാണ് എന്ന് മനസ്സിലാക്കണം എന്ന് പറഞ്ഞു താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. (അത്തൗബ: 81). മറ്റു ചിലർ നല്ലപിള്ള ചമഞ്ഞ് നബി(സ)യുടെ മുമ്പിൽ വരികയും യുദ്ധത്തിന് പോകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കി തരണം എന്ന്, ചില ന്യായമെന്നു തോന്നിപ്പിക്കുന്ന കാരണങ്ങൾ പറഞ്ഞ്, ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ജിദ്ദ് ബിൻ ഖൈസ് എന്ന ഒരാൾ അങ്ങനെ ഒരിക്കൽ നബി(സ)യുടെ മുമ്പിൽ വരികയുണ്ടായി. അദ്ദേഹം അന്ന് നബിയോട് പറഞ്ഞത്, നബിയെ, ആ ജനതയുടെ അടുത്ത് എത്തിയാൽ അവരുടെ സ്ത്രീകളെ കണ്ടു കാണുന്ന പക്ഷം എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോകും, അങ്ങനെ എൻ്റെ ദീൻ ഫിത്നയാകും, എന്നെ ഒഴിവാക്കിത്തരണം എന്നായിരുന്നു പറഞ്ഞത്. അത്തൗബ സൂറത്തിലെ നാൽപത്തി ഒമ്പതാം സൂക്തം ഈ കാര്യവും പറയുന്നുണ്ട്.
സത്യവിശ്വാസികളെ പരിഹസിക്കുന്നത് അവരുടെ മറ്റൊരു രീതിയായിരുന്നു. ഒരിക്കൽ അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) 4000 ദിനാർ സംഭാവനയായി നബി(സ)യുടെ മുമ്പിൽ കൊണ്ടുവന്ന് നൽകിയപ്പോൾ അവർ പറഞ്ഞു: 'ഇയാൾ ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം' എന്ന്. തൊട്ടടുത്തായി ഒരു ദരിദ്ര സഹാബി തന്റെ വകയായി ഇതേ ഫണ്ടിലേക്ക് രണ്ട് സ്വാഅ് മാത്രം നൽകിയപ്പോൾ 'ഇയാളുടെ ഈ ദാരിദ്ര്യം പിടിച്ച ധർമ്മം ഒന്നും അല്ലാഹുവിന് വേണ്ട' എന്നു പറഞ്ഞും അവർ വിശ്വാസികളുടെ മനസ്സിനെ വേട്ടയാടുകയുണ്ടായി. ഹിജ്റ 9 ലെ തബൂക്ക് യുദ്ധം കപടവിശ്വാസികളുടെ ഒരു കൂത്തരങ്ങ് തന്നെയായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമതായി, തബൂക്ക് മദീനയിൽ നിന്ന് വളരെ വിദൂരത്താണ്. രണ്ടാമതായി, ഈ യുദ്ധം നടക്കേണ്ടിയിരുന്നത് വലിയ ചൂടുകാലത്തായിരുന്നു. ചൂടുകാലത്താണ് ഈത്തപ്പഴം പഴുത്ത് പാകമാകുന്നത്. അവരുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായിരുന്നു അത്. ഇത്തരം ഒരു സാഹചര്യത്തിൽ മദീനയിൽ നിന്ന് ഇത്രയും ദൂരം പോകുന്നത് വിശ്വാസത്തിൻ്റെ കാര്യത്തിൽ ദുർബലതയുള്ളവർക്ക് പ്രയാസം തന്നെയായിരുന്നു. അതിനാൽ അവർ സ്വയം അതിൽ നിന്ന് രക്ഷപ്പെടാനും മറ്റുള്ളവരെ തങ്ങളുടെ ഒപ്പം കൂട്ടാനും കിണഞ്ഞു ശ്രമിക്കുകയുണ്ടായി. ഈ യുദ്ധത്തിൽ അലി(റ)യെ നബി(സ) തങ്ങൾ മദീനയിൽ പകരക്കാരനായി നിശ്ചയിക്കുകയുണ്ടായി. ഇതറിഞ്ഞ മുനാഫിഖുകൾ 'മുഹമ്മദ് തൻ്റ മരുമകനെ കാഠിന്യത്തിൽ നിന്ന് രക്ഷിക്കുകയാണ്' എന്ന് ഇതിനെ വ്യാഖ്യാനിക്കുകയുണ്ടായി. അത് കേട്ടപ്പോൾ അലി(റ)വിനുവരെ മാനസികമായ വേദനയുണ്ടായി. അത് നബി (സ) തങ്ങൾ പരിഹരിച്ചത് 'അലീ, നീ എനിക്ക് മൂസാ നബിക്ക് ഹാറൂൺ എന്ന പോലെയാണ്' എന്ന് പറഞ്ഞു കൊണ്ടായിരുന്നു. സുവൈലിം എന്ന ജൂതൻ്റെ വീട് കേന്ദ്രീകരിച്ചായിരുന്നു അവർ ഗൂഢാലോചന നടത്തിയിരുന്നത്.
1- കപടവിശ്വാസികള്‍ അങ്ങയുടെ സമീപത്തെത്തിയാല്‍ തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്നു തട്ടിവിടും -അവന്നറിയാം, അങ്ങ് അവന്റെ ദൂതന്‍ തന്നെ-ആ കപട വിശ്വാസികള്‍ നുണതന്നെയാണ് ജല്‍പിക്കുന്നതെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നുണ്ട്.
നബി(സ)യുടെ പളളിയിലും സദസ്സിലുമൊക്കെ വന്ന് മുനാഫിഖുകൾ ഇടക്കിടക്ക് കള്ളസത്യം ചെയ്യും, നബി(സ്വ) റസൂല്‍ തന്നെയാണ്; തങ്ങള്‍ സത്യവിശ്വാസികള്‍ തന്നെയാണ്, തങ്ങളെപ്പറ്റി ചിലര്‍ക്കുള്ളത് തെറ്റുധാരണയാണ്... എന്നൊക്കെ. അവർ ഓരോ സമീപനങ്ങളും പുലർത്തുന്നത് എന്തു ലക്ഷ്യം വെച്ചാണ് എന്ന് അവരുടെ മനസ്സുകൾക്ക് അറിയാമല്ലോ. അതും അവരുടെ ചെയ്തിയും തമ്മിൽ ഉള്ള വൈരുദ്ധ്യമാണ് ഇങ്ങനെ പറയാനുള്ള പ്രേരകം. മനസ്സിൽ ഒന്നും പുറത്ത് മറ്റൊന്നുമായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ചിലർ സംസാരത്തിന്റെ ഇടയിൽ ഇടയ്ക്കിടെ പറയും, 'ഞാൻ വേറെ ഒന്നും ഉണ്ടായിട്ട് പറയുകയല്ല കേട്ടോ..' എന്നൊക്കെ. അങ്ങനെ ഇടയ്ക്കിടക്ക് ആവർത്തിക്കുന്ന ആൾക്കാർ സത്യത്തിൽ അവരുടെ ഉള്ളിൽ മറ്റെന്തോ ഉദ്ദേശം വച്ചുപുലർത്തുന്നുണ്ട് എന്നാണ്. അകവും പുറവും ഒരേ അവസ്ഥയിലാണ് എങ്കിൽ ഇങ്ങനെ ഇടയ്ക്കിടക്ക് ഉറപ്പുവരുത്തുകയോ ആണയിടുകയോ പ്രസ്താവന നടത്തുകയോ ഒന്നും വേണ്ടി വരില്ല. ഇങ്ങനെ സത്യം ചെയ്യുന്നതിന്റെ പിന്നിൽ അവർ വെച്ചുപുലർത്തുന്ന ലക്ഷ്യം അടുത്ത ആയത്തിൽ അള്ളാഹു വിവരിക്കുന്നുണ്ട്.
2 തങ്ങളുടെ ശപഥങ്ങള്‍ ഒരു പരിചയാക്കിയിരിക്കയാണവര്‍; അങ്ങനെ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് ആളുകളെ പ്രതിരോധിക്കുന്നു. അവരുടെ ചെയ്തികള്‍ അതീവഹീനം തന്നെ.
അവർക്കെതിരെ എന്തെങ്കിലും കർശനമായ തീരുമാനം വരുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നു. കാരണം അവരുടെ ഇത്തരം പ്രവർത്തനങ്ങൾ പ്രകടമായി തുടങ്ങിയത് ഉഹദ് യുദ്ധത്തിനു ശേഷമാണ്. അപ്പോഴേക്കും മദീനയിൽ ഒരു രാഷ്ട്രവും ഒരു ജനതയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു ഭാഗത്ത് ജനങ്ങൾ പൊതുവേ - അവരിലെ അവിശ്വാസികൾ പോലും - പ്രവാചകനെ പല കാര്യങ്ങൾക്കും ആശ്രയിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന തർക്ക വിതർക്കങ്ങളിൽ പലപ്പോഴും അവർ നബി(സ)യുടെ വിധി താൽപര്യപൂർവ്വം സ്വീകരിക്കുമായിരുന്നു. മറുവശത്ത് യുദ്ധം അനുവദിക്കപ്പെടുകയും ആദ്യ യുദ്ധം തന്നെ ഐതിഹാസികമായി വിജയിക്കുകയും ചെയ്തു. ഇതിലൂടെ ഒരു നവോന്മേഷം ഉണ്ടായിക്കഴിഞ്ഞിരുന്നു. തൊട്ടടുത്ത വർഷം ഉഹദ് യുദ്ധവും വിജയിച്ചതോടെ മുസ്ലിം സാമൂഹ്യ ഘടന ശക്തിപ്പെട്ടു. ഇത്തരം ഒരു സന്ദർഭത്തിൽ അവരെയെങ്ങാനും അവർ ചെയ്ത പിൻവാതിൽ പ്രവർത്തനങ്ങളുടെ പേരിൽ പിടിക്കപ്പെട്ടാൽ തങ്ങൾ കഠിനമായി ശിക്ഷിക്കപ്പെടും എന്ന് അവർക്ക് ഉറപ്പായിരുന്നു. ചില ജൂത കുടുംബങ്ങളുടെ കാര്യത്തിൽ ആ കാലഘട്ടത്തിൽ എടുത്ത തീരുമാനങ്ങൾ അത്തരം ഭീതി ജനിപ്പിക്കാൻ പോന്നതായിരുന്നു. ബനൂ ഖൈനുഖാഇനെതിരെ ഉണ്ടായ തീരുമാനവും മറ്റും അവരുടെ അനുഭവത്തിൽ ഉണ്ടായിരുന്നു. ഇതാണ് അവരെ പേടിപ്പെടുത്തുകയും തുടർന്ന് അവർ ഈ വിധത്തിൽ ശപഥം ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യുവാനുള്ള കാരണം. തങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവർ തന്നെയാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ തങ്ങളെ ആരും സംശയിക്കുകയില്ല എന്നാണ് അവർ കരുതിയിരുന്നത്. അതുകൊണ്ട് അവർക്ക് ഈ ശപഥം ഒരു പരിചയായിരുന്നു. പൊതുവായി അവരുടെ ഒരു ശീലമായിരുന്നു ഇത്. മദീനയിൽ നബി(സ) പ്രസംഗിക്കുവാൻ എഴുന്നേൽക്കുമ്പോൾ പലപ്പോഴും ആദ്യം എഴുന്നേറ്റ് നിന്ന് ജനങ്ങളോടെല്ലാം അച്ചടക്കത്തോടെ ഇരിക്കുവാനും നന്നായി ശ്രദ്ധിച്ചു മനസ്സിലാക്കുവാനും ആമുഖം പറയുമായിരുന്ന ആൾ അബ്ദുള്ള ബിൻ ഉബയ്യ് ബിൻ സലൂലായിരുന്നു. അദ്ദേഹമായിരുന്നു മദീനയിലെ മുനാഫിക ഖുകളുടെ പൊതുവായ നായകനും നേതാവും.
3 അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ നിഷേധികളാവുകയും ചെയ്തതിനാലത്രേ അത്. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ മുദ്രചാര്‍ത്തപ്പെട്ടു. തന്മൂലമവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുകയില്ല.
അവർ മുനാഫിഖുകളായതും ഇത്തരത്തിൽ മനസ്സിൽ ഒന്നും പുറത്ത് മറ്റൊന്നും വളരെ സാഹസപ്പെട്ട് ചെയ്യുവാൻ നിർബന്ധിതരായതുമെല്ലാം വിശ്വാസത്തിൻ്റെ ഉള്ളുറപ്പ് ഇല്ലാത്തതിന്റെ പേരിലാണ് എന്നാണ് ഈ സൂക്തം പറയുന്നത്. അതായത്, ഒരിക്കൽ വിശ്വാസത്തിലേക്കും പിന്നെ വിശ്വാസ നിഷേധത്തിലേക്കും പിന്നെ ചില രംഗങ്ങളിൽ മാത്രം വിശ്വാസത്തിലേക്കും മറ്റു പല രംഗങ്ങളിലും അവിശ്വാസത്തിലേക്കും മാറിമാറി ചാടി കളിക്കുന്നത് കൊണ്ടാണ് അവരുടെ ഈമാൻ ദുർബലമായിരിക്കുന്നത് എന്ന് അല്ലാഹു ഈ ആയത്തിലൂടെ പറയുന്നു. വിശ്വാസത്തിൻ്റെ കാര്യത്തിൽ ശക്തിമത്തായ ഒരു ഉറപ്പ് ഇല്ലാത്ത ഓരോ മനുഷ്യനും സദാ മാനസികമായി അസ്വസ്ഥരായിരിക്കും എന്നത് ഒരു പൊതു തത്വമാണ്. അതുകൊണ്ടുതന്നെ ഇസ്ലാം പറയുന്നത് - നബി(സ) തിരുമേനി പഠിപ്പിച്ചത് പോലെ - 'നീ വിശ്വാസത്തിൽ എത്തിച്ചേർന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുകയും തുടർന്ന് ആ വഴിയിൽ ഉറച്ച് നിൽക്കുകയും ചെയ്യുക' എന്ന്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso