Thoughts & Arts
Image

വീഴുന്നവരോടും വാഴുന്നവരോടും

13-12-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഇമാം സുയൂത്വി(റ) തൻ്റെ താരീഖുൽ ഖുലഫായിൽ അബ്ദുൽ മലിക് ബിൻ ഉമൈർ ലൈതിയെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്: 'കർബലാ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഹുസൈൻ ബിൻ അലി(റ)യുടെ മുറിച്ചെടുത്ത ശിരസ്സ് ഖലീഫാ യസീദിന്റെ ഇറാഖിലെ ഗവർണറായിരുന്ന ഉബൈദുള്ള ബിൻ സിയാദിൻ്റെ മുമ്പിൽ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതേ ഉബൈദുള്ള ബിൻ സിയാദിൻ്റെ മുറിച്ചെടുത്ത ശിരസ്സ് അമവി രാഷ്ട്രീയത്തിനും ഭരണത്തിനും എതിരെ ധീരമായി മുന്നേറിയ വിപ്ലവകാരിയായിരുന്ന മുക്താർ ബിൻ അബൂ ഉബൈദിന്റെ മുമ്പിൽ തളികയിൽ വെച്ചതായി ഞാൻ കണ്ടിട്ടുണ്ട്. അതേ മുക്താറിന്റെ മുറിച്ചെടുത്ത ശിരസ്സ് ഖലീഫാ അബ്ദുല്ലാഹിബ്നു സുബൈർ(റ)വിൻ്റെ ബസ്വറയിലെ ഗവർണ്ണർ ആയിരുന്ന മിസ്അബ് ബിൻ സുബൈറിന്റെ മുമ്പിൽ ഇരിക്കുന്നതായും ഞാൻ കണ്ടിട്ടുണ്ട്. ഇതേ മിസ്അബ് ബിൻ സുബൈറിന്റെ മുറിച്ചെടുത്ത ശിരസ്സ് അഞ്ചാം അമവി ഖലീഫ അബ്ദുൽ മലിക് ബിൻ മർവാനിൻ്റെ മുമ്പിൽ ഒരു തളികയിൽ വെച്ചതായും ഞാൻ കണ്ടിട്ടുണ്ട്'. എഡി 680 നും 691 നും ഇടയിൽ പശ്ചിമേഷ്യയിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് ഇതിൽ സൂചിപ്പിക്കപ്പെട്ടതെല്ലാം. ഇത്രയും ചെറിയ ഒരു കാലഘട്ടത്തിനുള്ളിൽ വലിയ അധികാര കേന്ദ്രങ്ങളിൽ ഉണ്ടായ വാഴലുകളും വീഴലുകളും ആണ് പൊതുവേ ഇത് സൂചിപ്പിക്കുന്നത്. ഇതു മുന്നിൽ വെച്ച് നാം ഊന്നി പറയുന്നത് ചരിത്രം അങ്ങനെയാണ് എന്നാണ്. അഥവാ, അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ, ഒരു വ്യക്തിയിലൂടെ അല്ലെങ്കിൽ മറ്റൊരു വ്യക്തിയിലൂടെ ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്ന ഒരു പരമമായ സത്യമാണ്. പശ്ചിമേഷ്യയിൽ ഒരു സിംഹാസനം കൂടി നിലം പതിക്കുമ്പോൾ നാം ഈ സത്യം വീണ്ടും തിരിച്ചറിയുകയാണ്. ഇസ്ലാമിക ഖിലാഫത്തുകളുടെ ആസ്ഥാനമായിരുന്ന ഡമാസ്കസ് വീണ്ടും ഒരു അധികാര അട്ടിമറിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ചരിത്രം ആവർത്തിക്കപ്പെടുന്നു എന്നതിനോടൊപ്പം മറ്റു പല പാഠങ്ങളും കൂടി വിശ്വാസികൾക്ക് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പഠിച്ചെടുക്കുവാനുണ്ട്. അവയിൽ ഒന്ന്, സിംഹാസനത്തിൽ ഇരിക്കുന്ന ഭരണാധികാരി നോക്കേണ്ടത് തന്നിലേക്കു മാത്രമോ അയൽപക്കത്തേക്കോ മാത്രമല്ല തൻ്റെ മുഴുവൻ ഭരണീയരിലേക്കുമാണ് എന്നതാണ്. കാരണം അയാൾ ഭരിക്കുന്നതും ഭരിക്കേണ്ടതും അവരെയാണ്.



ഭരണാധികാരിക്ക് ഇസ്ലാം ഇഹത്തിൽ വലിയ ബഹുമാനവും സ്ഥാനവും പരലോകത്ത് അർശിൻ്റെ തണലടക്കമുള്ള വലിയ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനുള്ള ഏക ഉപാധി ഭരണാധികാരി നീതിമാനായിരിക്കുക എന്നതാണ്. ഭരണാധികാരി ചെയ്യുന്ന നീതി ഒന്നാമതായി ഭരണീയരെ മുഴുവനും ഒരേ മനോഭാവത്തോടെ നോക്കിക്കാണുക എന്നതു തന്നെയാണ്. അതു ചെയ്യാത്ത ഭരണാധികാരികൾ സിംഹാസനത്തിൽ നിന്നും മാത്രമല്ല മനുഷ്യരുടെ മനസ്സുകളിൽ നിന്ന് പോലും എന്നത് ഒരു തത്വവും ഒപ്പം അനുഭവവുമാണ്. 1970 കളിൽ ഒരു കുടുംബം തുടങ്ങിവച്ച ഭരണമാണ് തകർന്നു വീണിരിക്കുന്നത്. 30 കൊല്ലം ഏകഛത്രാധിപതിയായി ഭരണം നടത്തിയ പിതാവ്, തന്റെ കീഴിലും നിയന്ത്രണത്തിലും ആയി മിടുക്കന്മാരായി രാഷ്ട്രത്തിനു വേണ്ടി സേവനം ചെയ്ത ഒരുപാട് പേരുണ്ടായിട്ടും അധികാരത്തിൽ താല്പര്യമില്ലാത്ത സ്വന്തം മകന് സിംഹാസനം അനായാസം സ്വന്തമാക്കാവുന്ന വിധത്തിൽ രാജ്യത്തെ പരുവപ്പെടുത്തിയെടുത്തതിന് ശേഷമായിരുന്നു വിട പറത്തത്. അതിന്റെ തെളിവാണ്, ഭരണഘടനാപരമായി പ്രസിഡണ്ടാകുവാൻ പ്രായമെത്തിയിട്ടില്ലാത്ത മകനുവേണ്ടി എത്തിയ പ്രായത്തെ നിയമമാക്കുവാൻ കൈ പൊക്കിയ അദ്ദേഹത്തിൻ്റെ അനുയായിപ്പാവകൾ. ജനങ്ങൾ സഹിച്ചും ക്ഷമിച്ചും പുത്രനെ വാഴിച്ചപ്പോൾ സ്വജനപക്ഷപാതിയായ ഒരു പ്രസിഡണ്ടിനെ ആയിരുന്നു അവർക്ക് അനുഭവിക്കേണ്ടി വന്നത്. അസദ് എന്ന കുടുംബം, അലവികൾ എന്ന വംശം, ഷീഇസം എന്ന ആദർശം ഇവ മൂന്നിനും അപ്പുറത്തേക്ക് കക്ഷി കടന്നില്ല എന്നതിൻ്റെ ഉദാഹരണമാണ് കേവലം 12 വർഷം കഴിഞ്ഞപ്പോൾ രാജ്യം ആഭ്യന്തര യുദ്ധത്തിൽ അമർന്നു എന്നത്. പിന്നെ നീണ്ട 12 വർഷവും സ്വന്തം നാട്ടിലെ പൗരന്മാരെ കൊല്ലുവാനും കൊല്ലിക്കുവാനും ആണ് ഈ ഭരണാധികാരി ശ്രമിച്ചത്. അവർ പറയുന്നത് എന്തെന്നും എന്തുകൊണ്ടെന്നും ഒരു ഘട്ടത്തിൽ പോലും ചിന്തിക്കുവാൻ തയ്യാറാവാതെ ബലപ്രയോഗം വഴി മുന്നോട്ടു പോകാനാണ് അദ്ദേഹം ശ്രമിച്ചത്. 2007-2010 ലെ വരൾച്ച, ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പം, വരുമാന അസമത്വം, എണ്ണ സ്രോതസ്സുകൾ കുറയുന്നത് എന്നിവയെല്ലാം പ്രതിപക്ഷ മനസ്സിൽ അഗാധമായ അസംതൃപ്തിക്ക് കാരണമായി. അതിലുപരി, കഠിനവും ഏകപക്ഷീയവുമായിരുന്ന രാഷ്ട്രീയ അടിച്ചമർത്തലുകൾ. ഭരണം തുടങ്ങിയ അന്നുമുതൽ കഴിഞ്ഞദിവസം അധികാര അട്ടിമറി നടക്കുന്നതു വരെയും വെളിച്ചം കാണാത്ത ഇരുട്ടറകളിൽ കെട്ടിയിടപ്പെട്ട തടവുകാർ വരെ ഉണ്ടായിരുന്നു എന്നാണ് അവിടെ എന്നാണ് രഹസ്യ വിവരങ്ങൾ.



മൊത്തത്തിൽ അറബ് വസന്തത്തിന്റെ ബാക്കി എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാൻ കഴിയുന്നതല്ല അവിടെയുള്ള വിഷയങ്ങൾ. നാട്ടുകാർക്ക് ഒരു ഗുണവും ഇല്ലാതെ അധികാരത്തിൽ ദീർഘകാലം അള്ളിപ്പിടിച്ചിരിക്കുന്ന ഭരണാധികാരികളെ വലിച്ച് താഴെയിടുന്ന വിപ്ലവമായിരുന്നു അറബ് വസന്തം എന്ന മുല്ലപ്പൂ വിപ്ലവം. ഇവിടെ നടന്നത് സത്യത്തിലും തത്വത്തിലും അങ്ങനെയുള്ളതല്ല. ഐ എസ് ഐ എസ് എന്ന പേരും പറഞ്ഞ് അമേരിക്കൻ ശക്തി സിറിയയിലേക്ക് ഇരച്ചുകടന്നപ്പോൾ അവരെ തകർക്കുവാൻ അവരുടെ അന്താരാഷ്ട്ര പ്രതിയോഗിയായ റഷ്യയുടെ സഹായം തേടുകയായിരുന്നു ഈ പ്രസിഡണ്ട്. പിന്നെ ഫലത്തിൽ നടന്നതെല്ലാം അവർ രണ്ടു സാമ്രാജ്യ ശക്തികളും തമ്മിലുള്ള നിഴൽ യുദ്ധങ്ങൾ ആയിരുന്നു. ഔദ്യോഗികസേന റഷ്യയുടെ നിഴലായിരുന്നപ്പോൾ പ്രതിപക്ഷ സമര മുന്നണി അമേരിക്കയുടെ നിഴലായിരുന്നു. അന്താരാഷ്ട്ര സമവാക്യങ്ങൾ അങ്ങനെയാണ്. വീണ പ്രസിഡണ്ടിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അന്ധമായ അലവീ ശീഈ ആണ്. ശിയാക്കളുടെ കൂട്ടത്തിൽ തെല്ലു കൂടുതൽ തീവ്രത പുലർത്തുന്നവരാണ് അലവികൾ. പിന്നെ ഷീഇസം തന്നെ തീവ്രമാണല്ലോ. വിപ്ലവത്തിൻ്റെ ചൂടും ചൂരുമായിട്ടാണ് ശീഇസം എന്ന രാഷ്ട്രീയ വാദം ജനിച്ചത് തന്നെ. ഈ ഷിയാ ബന്ധമാണ് ഈ പ്രസിഡണ്ടിനെ ഇറാനിലേക്കും ഇറാൻ വഴി മോസ്കോയിലേക്കും എത്തിച്ചത്. മോസ്കോ സഹായിച്ചത് കൊണ്ടു തന്നെയാണ് ഇത്രയെങ്കിലും പിടിച്ചുനിന്നത് എന്നതൊരു സത്യമാണ്. പക്ഷേ, അവരുടെ പരമാവധിയാണ് ഇത് എന്ന് അവരെ ഉപയോഗപ്പെടുത്തുന്നവർ പലപ്പോഴും തിരിച്ചറിയുന്നില്ല. കമ്മ്യൂണിസ്റ്റ് സോഷ്യലിസം എപ്പോഴും ഇപ്രകാരം തന്നെയാണല്ലോ. അവർ വലിയ വായിൽ വലിയ നീതികൾ വിളിച്ചു പറയും. പക്ഷേ അതൊന്നും നേടിയെടുക്കാൻ ചരിത്രത്തിൽ ഒരു കാലത്തും ഒരിടത്തും അവർക്ക് കഴിഞ്ഞിട്ടില്ല. അവരെ കാത്തിരിക്കുന്നവരെല്ലാം നിരാശയിൽ അടിയുന്നത് അതുകൊണ്ടാണ്.



അധികാരം നിലനിർത്തുവാനും ആസ്വദിക്കുവാനും അഭിമാനിക്കുവാനുമെല്ലാം സ്വന്തം മണ്ണിനെയും പൗരൻമാരുടെ മനസ്സിനെയും ആണ് ആശ്രയിക്കേണ്ടത് എന്നത് ഇസ്ലാമിക രാഷ്ട്രീയ മീമാംസ പഠിപ്പിക്കുന്ന പ്രധാന പാഠമാണ്. അവരുടെ മനസ്സിലാണ് ഭരണാധികാരിയുടെ സിംഹാസനം ഉയരേണ്ടത്. അവരെ തൃപ്തിപ്പെടുത്തുവാനും ഒപ്പം നിർത്തുവാനും അവർക്ക് വേണ്ടതും അവർ അർഹിക്കുന്നതും എല്ലാം ചെയ്തു കൊടുക്കുമ്പോൾ രാജ്യം വികാസവും വളർച്ചയും നേടും. രാഷ്ട്രത്തിൻ്റെ നിർമ്മിതിയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാകും. ഈ വിഷയത്തിൽ വന്ന വീഴ്ചയാണ് സിറിയയിൽ ഉണ്ടായിരുന്ന ഭരണകൂടത്തെ വീഴ്ത്തിയത് എന്ന് പൊതുവായി പറയാം. ജനങ്ങളിൽ നിന്നുയരുന്ന ആവശ്യങ്ങളെയും അഭിപ്രായങ്ങളെയും ശത്രുതാ മനോഭാവത്തോടെ പ്രതിസ്വരമായി കാണുന്ന സാഹചര്യമുണ്ടായി. നീതി, ശരി, ഉദ്ദേശശുദ്ധി എന്നിവയുണ്ടെങ്കിൽ ഏതൊരാളുടെ അഭിപ്രായത്തെയും ഏതു ഭരണാധികാരിയും പരിഗണിക്കണമെന്ന തത്വം നബി തിരുമേനി(സ)യും നബി തിരുമേനിയുടെ ഖലീഫമാരായിരുന്ന ഭരണാധികാരികളും കാണിച്ചുതന്നിട്ടുണ്ട്. ബദർ യുദ്ധത്തിൽ യുദ്ധത്തിൻ്റെ സൈനിക വിന്യാസത്തിൽ നബി തിരുമേനി തൻ്റെ തീരുമാനം പുനപരിശിച്ച ചരിത്രം കാണാം. അങ്ങനെ പുനപരിശോധിച്ചത് ഹുബാബ് ബിൻ മുൻദിർ എന്ന സ്വഹാബിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു. മഹർ സംഖ്യ താങ്ങാനാവുന്നതിലും അധികം വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ട രണ്ടാം ഖലീഫ ഉമർ(റ) അതിനെതിരെ പരസ്യമായി നിയമ നടപടി സ്വീകരിച്ചതും മേലിൽ 400 ദിർഹമിലധികം മഹർ ഒരു സ്ത്രീയും ആവശ്യപ്പെടരുത് എന്ന് പ്രഖ്യാപിച്ചതുമായിരുന്നു. അതിനെതിരെ ഒരു സ്ത്രീ പരസ്യമായി രംഗത്തുവന്നു. മഹറിനെ കുറിച്ച് 'ഖിൻത്വാർ' ഒരു കൂമ്പാരം എന്ന് വിശുദ്ധ ഖുർആൻ പ്രയോഗിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ച്, അതിനാൽ മഹറിന്റെ കാര്യത്തിൽ പരിധിവെക്കുവാൻ താങ്കൾക്ക് അധികാരമില്ല എന്ന് ആ സ്ത്രീ തുറന്നു പറഞ്ഞു. അതുകേട്ട് ഖലീഫ പരസ്യമായി ആ സ്ത്രീയെ ശ്ലാഖിക്കുകയും ശരിവെക്കുകയും തന്റെ തീരുമാനം പിൻവലിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം മഹാപാരമ്പര്യങ്ങൾ പൂത്തുലഞ്ഞ പ്രദേശത്തും സാംസ്കാരിക പരിസരത്തും അന്താരാഷ്ട്ര താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം ജനതയെ കുരുതി കൊടുക്കുന്നത് സങ്കടകരമാണ്.



ഇതൊക്കെ വീണവരെ കുറിച്ചുള്ള വിലയിരുത്തലുകളും വിശകലനങ്ങളും ആണ്. അതിൻെറ ധ്വനി വാഴാൻ പോകുന്നവർ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട് എന്നല്ല. അവരും നിഴലുകളാണ് എന്ന് നാം പറഞ്ഞുവല്ലോ. സാമ്രാജ്യത്വ ശക്തികൾക്ക് അവരുടെതായ അജണ്ട ഉണ്ടായിരിക്കും. അവരെന്തു സഹായം വച്ചുനീട്ടിയാലും അതു ആ അജണ്ട വിജയിപ്പിക്കാൻ വേണ്ടിയുള്ളതായിരിക്കും. ഇസ്ലാമിനെയും മുസ്ലിംകളെയും രക്ഷിക്കുക എന്നത് പുതിയ കാലഘട്ടത്തിൻ്റെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ അവരുടെ താൽപര്യമായിരിക്കുവാൻ ഒരു സാധ്യതയുമില്ല. അതിനാൽ സ്വന്തം കഴുത്തിൽ നിന്ന് ആ വടം അഴിച്ചിടാൻ കഴിയാതെ വന്നാൽ കാലം ഇതേപോലെ വീണ്ടും ആവർത്തിക്കുകയായിരിക്കും ഫലം. സ്വന്തം ജനതയെ വിശ്വാസത്തിൽ എടുക്കുകയും ബാഹ്യശക്തികളെ മാന്യമായി അകറ്റി നിറുത്തുകയും സ്വന്തം രാജ്യത്തിൻ്റെ ഉള്ളിലെ സാമ്പത്തിക സ്രോതസ്സുകളെ പുഷ്ടിപ്പെടുത്തിയെടുക്കുവാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയും രാജ്യത്തിനകത്തെ എല്ലാ വൈരുദ്ധ്യങ്ങളെയും പൂർണമനസ്സോടെ ഉൾക്കൊള്ളുകയും വൈവിധ്യമാർന്ന ലോകത്തോട് ചേർന്നു നടക്കുകയും ചെയ്താലേ പുതുതായി വാഴുന്നവരുടെ പേരിലെ 'തഹ് രിർ' എന്ന വാക്ക് അർത്ഥപൂർണ്ണമാകൂ.



0















0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso