സംസം എന്ന ദൃഷ്ടാന്തം
13-12-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
വിശുദ്ധ മക്ക ഹറം ശരീഫിനെ കുറിച്ച് അല്ലാഹു പറയുന്നു: 'സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ അതിലുണ്ട്, വിശിഷ്യ ഇബ്രാഹീം മഖാം. (ആലു ഇമ്രാൻ: 97). പരിശുദ്ധ കഅ്ബാലയത്തെ വലയം ചെയ്തു നിൽക്കുന്ന ആരാധനാലയത്തെയാണ് മസ്ജിദുൽ ഹറം എന്ന് നാം പറയുന്നത്. ഇത് ലോക മുസ്ലിംകളുടെ ഖിബ്‌ലയും തീർത്ഥാടന കേന്ദ്രവും ആകുന്നു. അതിനാൽ അവിടെയെത്തുന്നവരെ മനസുറപ്പിച്ചു നിറുത്തുവാനും അവിടെ വന്ന് ആത്മീയ ഔന്നത്യം നേടി തിരിച്ചുപോകുന്നവരുടെ മനസ്സുകളെ കൂടുതൽ ശക്തമായി നിലനിറുത്തുവാനുമെന്നോണം അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങൾ അവിടെ നിക്ഷേപിച്ചിട്ടുണ്ട്. മേൽ സൂചിപ്പിച്ച കൂട്ടത്തിൽ എടുത്തു പറഞ്ഞിരിക്കുന്നത് ഇബ്രാഹിം മഖാമിനെയാണ്. അത് നേരെ ചൊവ്വേ ഒറ്റ നോട്ടത്തിൽ ആത്മീയമായ അർത്ഥങ്ങളിലേക്ക് മനസ്സിനെ നയിക്കുന്ന ഒരു പ്രധാന ദൃഷ്ടാന്തമാണ്. കഅ്ബാലയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം. കഅ്ബയുടെ നിർമ്മാണം നടക്കുമ്പോൾ അല്ലാഹു ഇബ്രാഹിം നബിയുടെ കാൽ, അദ്ദേഹം കയറി നിന്ന കല്ലിൽ പതിപ്പിക്കുകയായിരുന്നു. കല്ലിൽ പതിഞ്ഞ ആ കാൽപാദം ഇപ്പോഴും എപ്പോഴും ഒരു ചരിത്ര സ്മാരകമായി നിലനിൽക്കും. അപ്രകാരം തന്നെയുള്ള മറ്റൊരു ദൃഷ്ടാന്തമാണ് ഈ ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾക്ക് ആത്മീയതയുടെ നിവേദ്യവും ഇലാഹിയായ ശക്തിയും രോഗങ്ങൾക്ക് ഔഷധവും പ്രശ്നങ്ങൾക്ക് പരിഹാരവും ഇഛിക്കുന്നതിലേക്കുള്ള വഴിയും എല്ലാം ആയി കൊണ്ട് അവിടെ അല്ലാഹു ഒരുക്കിവെച്ച സംസം എന്ന പുണ്യ തീർത്ഥം. കാഴ്ചയിലോ അനുഭവത്തിലോ ഏത് വെള്ളവും പോലെ ഒരു സാധാരണ വെള്ളമായി തോന്നിപ്പിക്കുന്ന ഒന്നാണ് അത് എങ്കിലും ഓരോ ഓരോ ദൃഷ്ടാന്തത്തെയും പോലെ ഒരുപാട് ചിന്തിക്കുവാൻ ഉള്ള ഒരു ചിന്താവിഷയം കൂടിയാണ് സംസം. അതിൻെറ അത്ഭുതങ്ങളിലേക്ക് കടക്കുവാനുള്ള എളുപ്പ മാർഗം അതിൻെറ കിണറിൽ നിന്ന് ഒരു സെക്കൻഡിൽ പമ്പ് ചെയ്തു പുറത്തെടുക്കുന്ന വെള്ളത്തിൻ്റെ അളവ് പരിശോധിക്കുകയാണ്. ഒരു സെക്കൻഡിൽ 8000 ലിറ്റർ വെള്ളമാണ് സംസം കിണറിൽ നിന്നും പമ്പ് ചെയ്യുന്നത്. അതനുസരിച്ച് ഒരു ദിവസം 631 മില്യൺ ലിറ്റർ വെള്ളമാണ് ഇതിൽ നിന്ന് പമ്പ് ചെയ്യുന്നത്. ഇത്രയും വെള്ളം അതാത് സമയത്ത് കിണറ്റിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കിണറ്റിൽ നിന്നു ജലം വലിയ പമ്പിങ് സംവിധാനങ്ങൾ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനാൽ ജലനിരപ്പ് 12.76 മീറ്റർ വരെ താഴാറുണ്ട്. എന്നാൽ വെറും പതിനൊന്ന് മിനിറ്റിനുള്ളിൽ (660 സെക്കൻഡ്) താഴ്ന്ന ജലനിരപ്പ് പൂർവ്വസ്ഥിതി പ്രാപിക്കുന്നു. മറ്റൊരു കാര്യം കടുത്ത വേനൽ സമയങ്ങളിൽ പ്രത്യേകിച്ചും പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിലെ ജലനിരപ്പ് മാറ്റം വരാതെ നിലനിൽക്കുന്നു എന്നതാണ്.
ഈ കണക്ക് അതിശയോക്തിയുള്ളതാണ് എന്ന് ഒരാൾക്കും ശരിയായ അനുഭവങ്ങൾ വെച്ച് പറയാൻ കഴിയില്ല. കാരണം ഒരു നിയന്ത്രണവും ഇല്ലാതെ വന്നവർക്കും വേണ്ടവർക്കും എല്ലാം മക്കയിലെയും മദീനയിലെയും ഹറമുകളിൽ യഥേഷ്ടം ഈ വെള്ളം ലഭ്യമാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ ഈ പുണ്യ തീർത്ഥം തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവർ ആവശ്യമുള്ളത്ര വെള്ളം ഒരു നിയന്ത്രണവുമില്ലാതെ കുടിക്കുകയും ചെയ്യുന്നു. ഹജ്ജിന്റെയും റമദാനിന്റെയും സീസണുകളിൽ ആവട്ടെ, ഉപഭോഗം പതിന്മടങ്ങ് ഇരട്ടിയാകുന്നു. ഔദ്യോഗിക കണക്കനുസരിച്ച് മൂന്നു മില്യൺ ജനങ്ങളാണ് പുറത്തുനിന്ന് ഹജ്ജിന് എത്തുന്നത്. സമാനമായ എണ്ണം ജനങ്ങൾ വിശുദ്ധ റമദാനിൽ എത്തുന്നു. ഇവരിൽ ആർക്കെങ്കിലും വെള്ളം കിട്ടാതെ വരികയോ വെള്ളം തീർന്നു പോയതിന്റെ കാരണത്താൽ മടങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല. സംസം കിണറിന് ഒരു ചരിത്രമുണ്ട്. ഇവിടത്തെ ആദ്യത്തെ താമസക്കാരായിരുന്ന ജുർഹും ഗോത്രക്കാർ ഈ നാട് വിടേണ്ട രാഷ്ട്രീയ സമ്മർദ്ദം വന്നപ്പോൾ അവർ സംസം കിണർ മൂടിയാണ് നാടുവിട്ടത്. തങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത ഈ നാട്ടിൽ ആർക്കും ഒന്നും ബാക്കി വെക്കേണ്ട എന്ന ഒരു കുടില മനസ്ഥിതിയായിരുന്നു അവർക്കുണ്ടായിരുന്നത്. അങ്ങനെ ഒരു വേള സംസം കിണർ വിസ്മൃതിയിൽ പെട്ടുപോവുകയുണ്ടായി. അതിനുശേഷം പിന്നീട് പുണ്യം തേടി ഇവിടെയെത്തുന്നവരുടെ നാവ് നനക്കുവാനുള്ള ഭാഗ്യം ഈ കിണറിന് ഉണ്ടാകുന്നത്, നബി തിരുമേനി(സ)യുടെ പിതാമഹൻ അബ്ദുൽ മുത്തലിബിന് സംസം കിണർ പുനസ്ഥാപിക്കുവാൻ നിർദ്ദേശിക്കുകയും അതിൻ്റെ സ്ഥാനം കാണിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടുള്ള ഒരു സ്വപ്ന ദർശനമുണ്ടായതിലൂടെയാണ്. ആ സ്വപ്നദർശനത്തെ കുറിച്ചുള്ള കഥകളിൽ അബ്ദുൽ മുത്തലിബ് അശരീരിയിൽ നിന്ന് കേൾക്കുന്നുണ്ട്, ഈ ജലം ഒരിക്കലും വറ്റുന്നതല്ല എന്ന വിശേഷണം.
1979 സൗദി ഭരണാധികാരി ആയിരുന്ന ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെ കാലത്ത് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസം കിണറിലെ വെള്ളം വറ്റിക്കാൻ നടത്തിയ ശ്രമം ഇതിലേക്ക് ചേർത്തു വായിക്കാനുള്ളതാണ്. ഒരു മിനിറ്റിൽ 8000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള നാലു വലിയ പമ്പ് സെറ്റുകൾ ഉപയോഗിച്ചായിരുന്നു ആ ശ്രമം. യഹിയ ഘോഷ്ക് എന്ന ഒരു എൻജിനീയർ ആയിരുന്നു അതിന് മേൽനോട്ടം നടത്തിയിരുന്നത്. ഒരു ദിവസം മുഴുവനും വെള്ളം പമ്പ് ചെയ്തിട്ടും വെള്ളത്തിൻ്റെ നിരപ്പിൻ്റെ നില 13.39 വരെ വറ്റിക്കുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. 3.23 മീറ്ററിൽ നിന്നായിരുന്നു ഇത്രയെങ്കിലും ജലനിരപ്പ് താഴ്ന്നത്. ഇതിൽനിന്ന് ഇത് വറ്റിക്കാൻ കഴിയുന്ന ജലസ്രോതസ്സല്ല എന്ന് മനസ്സിലാക്കിയതോടുകൂടി സൗദി ഭരണകൂടം ആ ശ്രമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. ഇതോടൊപ്പം കാണേണ്ട മറ്റൊരു അത്ഭുതം പരിശുദ്ധ മക്കയിലെ പരിസരപ്രദേശങ്ങളിലോ എന്നല്ല, അറേബ്യയുടെ തന്നെ മറ്റു ഭാഗങ്ങളിലോ ഒരുപക്ഷേ ലോകത്ത് തന്നെയോ ഇത്രയും ശക്തമായ ഉറവ കൊണ്ട് അനുഗ്രഹീതമായ ഒരു ജലസ്രോതസ്സ് ഉണ്ടാവുക പ്രയാസമാണ് എന്നാണ്. അത്തരത്തിൽ ഒന്ന് ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. മാത്രമല്ല, മക്കയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇത്രയും കരുത്തുള്ള ഉറവകൾ പുറപ്പെടാൻ അനുയോജ്യമാണ് എന്ന് ആധുനിക പഠനങ്ങൾ പോലും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. മൊത്തം 30 മീറ്ററിൽ താഴെയുള്ള സംസം കിണറിന്റെ അടിഭാഗം ഏതാണ്ട് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകൾ ഇല്ലാത്ത മുകൾഭാഗം ആകട്ടെ 12.8 മീറ്ററാണ്. ഇത്രയും ഭാഗം പടുത്തുയർത്തപ്പെട്ട രൂപത്തിലും ആണ്. കിണറാവട്ടെ കൃത്യമായ വൃത്താകൃതിയിലോ മറ്റോ അല്ലതാനും. പ്രത്യക്ഷത്തിൽ ഒരുപാട് ഉറവയുടെ കരുക്കൾ ഉണ്ടാവാനും അവയിലൂടെ വെള്ളം വന്നുവന്നു നിറയുവാനും ഉള്ള സാധ്യത കുറവാണ് എന്നർത്ഥം. പൊതുവേ ജലചക്രമണം വഴിയാണ് ഭൂമിയിൽ ജലസാന്നിധ്യം നിലനിൽക്കുന്നത് എന്നാണല്ലോ ശാസ്ത്ര മതം. മഴയായി പെയ്യുന്ന വെള്ളം ഭൂമിയിൽ സ്റ്റോർ ചെയ്യപ്പെടുകയും അത് വിവിധ ജലസ്രോതസ്സുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സാധ്യത പരിശുദ്ധ ഹറമിലോ അതിൻ്റെ പരിസരത്തോ ഇല്ല എന്നത് ആധുനിക ജിയോളജിക്കൽ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ചെറിയ സാധ്യത നിലനിൽക്കുന്നത് വാദി ഇബ്രാഹിമില്‍ നിന്ന് മാത്രമാണ്. എന്നാൽ നിലവിൽ വർദ്ധിച്ച കുടിയേറ്റം കാരണം ആ മാർഗ്ഗം അടഞ്ഞുപോയ നിലയിലാണ് ഇന്നുള്ളത്. നാം മേൽ വിവരിച്ച അത്രയും വെള്ളം ഉറവയായി എത്തിച്ചേരാനുള്ള സാധ്യത ആധുനിക ശാസ്ത്രീയ പഠനങ്ങൾ പോലും അനുമാനിക്കുന്നില്ല എന്നു ചുരുക്കം. ഈ സാഹചര്യത്തിൽ ഇത് അല്ലാഹു പ്രത്യേകമായി അവൻ്റെ ഭവനത്തിങ്കൽ വരുന്ന വിശ്വാസികൾക്ക് നൽകുന്ന ഒരു സൽക്കാരമായി മാത്രമേ നമുക്ക് കാണാൻ കഴിയൂ.
ഈ പുണ്യ ജലത്തിൻ്റെ സവിശേഷതകൾ അവിടെയും നിൽക്കുന്നില്ല. മനുഷ്യ ശരീരത്തിന് വലിയ പ്രതിരോധശേഷി പകരുന്ന മൂലകങ്ങൾ കൊണ്ട് സമ്പന്നമാണ് സംസം ജലം എന്ന് ശാസ്ത്രീയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. പൊതുവേ പഴയ കിണറുകളിൽ സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും വലിയ സാന്നിധ്യം ഉണ്ടാവും. അതിൽ ഹാനികരമായവയും ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ 5000 വർഷത്തിന്റെ പഴക്കം ഉണ്ടായിട്ടുപോലും സംസം കിണറിൽ അങ്ങനെ അപകടകാരികളായ ബാക്ടീരിയകളോ വൈറസുകളോ കാണപ്പെടുന്നില്ല. കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഇരുമ്പ്, ഈയം, സൾഫേറ്റ് എന്നിവയുടെ അളവ് താരതമ്യേന സംസം വെള്ളത്തിൽ കൂടുതലാണ് എന്നത് ഇന്നത്തെ ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആർക്കും കണ്ടെത്താൻ കഴിയുന്നതാണ്. ഇവയിൽ തന്നെ സോഡിയത്തിന്റെ സാന്നിധ്യമുള്ളതിനാൽ വിനാശകാരികളായ അണുക്കൾക്ക് സംസം ജലത്തിൽ ജീവിക്കാൻ കഴിയില്ല എന്ന പ്രത്യേകതയുമുണ്ട്. സാധാരണ ജലത്തിൽ ഇല്ലാത്ത നിരവധി ശാസ്ത്രീയ സവിശേഷതകൾ സംസം വെള്ളത്തിനുണ്ട് എന്ന് പ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞൻ മസാറു ഇമോട്ടോ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇൻറർനെറ്റ് ആർകൈവ്സിൽ ലഭ്യമാണ്. പഠനങ്ങളുടെ ഭാഗമായി അദ്ദേഹം കണ്ട ഏറ്റവും വലിയ ഒരു അത്ഭുതം സംസം വെള്ളം ഒരു നിശ്ചിത അളവിൽ തണുപ്പിക്കുമ്പോൾ അവയിൽ ഉണ്ടാകുന്ന ക്രിസ്റ്റലുകൾ എന്ന പരലുകൾ സാധാരണ ജലം തണുപ്പിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ മനോഹരവും വ്യത്യസ്തവുമായിരുന്നു എന്നതാണ്. അതിൽ നിന്ന് അദ്ദേഹം എത്തിച്ചേരുന്ന നിരീക്ഷണം, ഒരു തുള്ളി സംസം വെള്ളം ആയിരം തുള്ളികൾക്ക് സമാനമാണ് എന്നാണ്. ജിദ്ദയിലെ ദാറുൽ ഹിക്മ കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം ശാസ്ത്രീയമായി ഈ വിഷയം അവതരിപ്പിച്ചത് മതപ്രബോധകരുടെയും ശാസ്ത്ര ലോകത്തിന്റെയും അൽഭുതം ആകർഷിച്ച സംഭവമാണ്.
സൗദി ജിയോളജിക്കൽ സർവേ സ്ഥാപിച്ച പഠന-ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ സംസം കിണറിൻ്റെ ഘടനയും ജലശാസ്ത്രവും (ഹൈഡ്രോജിയോളജി) കൃത്യമായി വിവരിക്കുന്നത് കാണാം. സംസം കിണർ 30.5 മീറ്റർ ആഴമുള്ളതാണ്. അതിൻ്റെ ആന്തരിക വ്യാസം 1.08 മുതൽ 2.66 മീറ്ററുകൾ വരെ ആണ്. സംസം കിണറിനെ നന്നായി പോഷിപ്പിക്കുന്ന അക്വിഫറി (അക്വിഫർ-വെള്ളത്തെ ഉൾകൊള്ളാനും അതിനു ചലിക്കാനും ഇടം നൽകുന്ന പാറക്കെട്ടുകൾ)ൻ്റെ ഫലപ്രദമായ നിരീക്ഷണത്തിനും പരിപാലനത്തിനും ശാസ്ത്രീയ പരിഹാരങ്ങൾക്കും സംസം വിതരണത്തിൻ്റെ പരിശുദ്ധിയും സുരക്ഷയും ഉറപ്പാക്കാനും പ്രവർത്തിക്കുക എന്നതാണ് സൗദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) യുടെ ലക്ഷ്യം. സംസം കിണറിൻ്റെ ജലനിരപ്പ് മുമ്പ് ലളിതമായ ഹൈഡ്രോഗ്രാഫ് ഡ്രം ഉപയോഗിച്ചായിരുന്നു നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായ തത്സമയ മൾട്ടി പാരാമീറ്റർ മോണിറ്ററിംഗ് സിസ്റ്റമാക്കി മാറ്റിയിരിക്കുന്നു. ഇതിലൂടെ ജലനിരപ്പ്, വൈദ്യുത ചാലകത, പിഎച്ച്, ഇഎച്ച്, താപനിലയുടെ ഡിജിറ്റൽ രേഖ എന്നിവ ലഭിക്കുന്നു. സംസം വെള്ളത്തിൻ്റെ ഹൈഡ്രോകെമിക്കൽ, മൈക്രോബയൽ സവിശേഷതകൾ നിരീക്ഷിക്കലാണ് ZSRC യുടെ മറ്റൊരു പ്രധാന ചുമതല. വർഷങ്ങളായി എല്ലാ ആഴ്ചയും സംസം കിണറ്റിൽ നിന്നും മറ്റ് ടാപ്പുകളിൽ നിന്നുമുള്ള വെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചത് അതിലെ രാസ, സൂക്ഷ്മ ജീവ ഘടകങ്ങൾ പരിശോധിച്ച സംസം ജലത്തിൻ്റെ ഗുണനിലവാരം ZSRC നിരീക്ഷിക്കുന്നു. ZSRC യുടെ കണ്ടെത്തലനുസരിച്ച് സംസം കിണറ്റിൽ നിന്നും ഒരു സെക്കൻഡിൽ 80 ലിറ്റർ (അഥവാ 280 ക്യൂബിക് ഫീറ്റ്) വെള്ളമാണ് പുറത്തേക്കെത്തുന്നത്. പ്രതിദിനം 7 ലക്ഷം ലിറ്റർ വെള്ളം ഹറമിൽ മാത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഹജ്ജിൻ്റെ സീസണാകുമ്പോൾ ഇത് 20 ലക്ഷത്തോളമായി ഉയരും. കൂടാതെ മക്കയിൽ നിന്ന് മദീനയിലേക്ക് ദിവസവും ഒന്നര ലക്ഷം ലിറ്റർ സംസം വിതരണം ചെയ്യുന്നു. സീസണ് കാലങ്ങളില് ഇത് നാല് ലക്ഷത്തോളമാകും (www.sgs.org.sa/english/earth/pages/zamzam.aspx)
ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അത്ഭുത ജലമാണ് സംസം. അതുകൊണ്ട് തന്നെ ആധുനിക ശാസ്ത്രം ഇതിൻ്റെ പ്രത്യേകതകളെ കുറിച്ച് ധാരാളം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 1971-ൽ യൂറോപ്യൻ ലാബിൽ സംസം ജലം പരീക്ഷണത്തിന് വിധേയമാക്കി. അണുനാശിനി എന്ന നിലക്ക് സംസമിൻ്റെ പ്രത്യേകതയും ഗുണകരമാംവിധം കാത്സ്യവും മാഗ്നീഷ്യവും അടങ്ങിയിട്ടുണ്ട് എന്ന പഠനത്തിൽ തെളിഞ്ഞു. നേരത്തെ പറഞ്ഞ യഹിയ ഘോഷ്ക് തൻ്റെ ഗവേഷണങ്ങൾ Zam Zam the Holy Water എന്ന പേരിൽ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ zam zam പോഷകാഹാരവും രോഗശമനവും (സംസം: പോഷണം, പ്രതിരോധം) എന്ന പേരിൽ, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, മലായ്, ടർക്കിഷ് ഭാഷകളിൽ ഡോക്യൂമെൻ അറബിക് ചിത്രം നിർമ്മിക്കുകയുമുണ്ടായി. ഭക്ഷ്യ സവിശേഷതകളെ കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് പ്രോപ്പർട്ടികൾ എന്ന പ്രസിദ്ധീകരണത്തിൽ നൗമാൻ ഖാലിദ് (ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗ്ലോബൽ അഗ്രികൾച്ചറൽ സയൻസസ്, ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ലൈഫ് സയൻസ്, ദി യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ, ജപ്പാൻ), ആസിഫ് അഹമ്മദ് (ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫുഡ് ടെക്നോളജി, പിർ മെഹർ അലി ഷാ അരിദ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, റാവൽപിണ്ടി, പാകിസ്ഥാൻ), സുമേര ഖാലിദ് (ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി, തക്സില, പാകിസ്ഥാൻ), അൻവർ അഹമ്മദ് (ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫുഡ് ടെക്നോളജി, പിർ മെഹർ അലി ഷാ ആരിഡ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, റാവൽപിണ്ടി, പാകിസ്ഥാൻ) മുഹമ്മദ് ഇർഫാൻ (ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ്, ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ, ജപ്പാൻ) എന്നിവർ ചേർന്നെഴുതിയ ധാതു രചനയും ആരോഗ്യവും Zamzam വാട്ടറിൻ്റെ പ്രവർത്തനം: ഒരു അവലോകനം (സംസം ജലത്തിൻ്റെ ധാതു സംയോജനവും ആരോഗ്യപരമായ പ്രവർത്തനങ്ങളും: ഒരു അവലോകനം) സംസം വെള്ളവും പുനരുൽപ്പാദന സംവിധാനങ്ങളുടെ ഉത്തേജനവും, സംസം വെള്ളവും ദന്തക്ഷയവും, സംസം വെള്ളവും കൃഷിയും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു സാധാരണ ജലസ്രോതസ്സ് എന്നതിൽ നിന്ന് ഒരു ദൃഷ്ടാന്തം എന്ന അർത്ഥത്തിലേക്ക് ഈ പുണ്യ ജലം ഇങ്ങനെയെല്ലാം ഉയരുമ്പോൾ അത് സ്വാഭാവികമായും ലോകത്തെ വിവിധ സ്വഭാവമുള്ള മനസ്കർക്കിടയിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചെറുതല്ല. അത് എക്കാലവും ഉണ്ടായിട്ടുണ്ട് എന്നുകൂടി നാം ഇവിടെ പറയേണ്ടതുണ്ട്. പക്ഷേ, ഇത് ശരിക്കും ഉള്ള ഒരു ദൃഷ്ടാന്തമാണ് എന്നതിനാൽ എല്ലാ ആരോപണങ്ങളെയും അപവാദങ്ങളെയും അത് സമർത്ഥമായി മറികടന്നിട്ടുണ്ട്. ഈ ദൃഷ്ടാന്തത്തെ മറച്ചു പിടിക്കുവാൻ പിന്നാമ്പുറങ്ങളിൽ കുൽസിതമായ ശ്രമങ്ങൾ നിരവധി നടന്നിട്ടുണ്ട്. അത്തരത്തിലള്ള ഒരു ശ്രമത്തിൻ്റെ ഭാഗമായിരുന്നു സംസം വെള്ളത്തിൽ അപകടകരമായ തോതിൽ ആർസെനിക് അടങ്ങിയിട്ടുണ്ടെന്ന ബ്രിട്ടീഷ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയുടെ മുന്നറിയിപ്പും ഇതു സംബന്ധമായി 2011 മെയ് മാസത്തിൽ ബിബിസി ലണ്ടനിൽ വന്ന റിപ്പോർട്ടും. അണുസംഖ്യ 33 ആയ മൂലകമാണ് ആർസെനിക് (പാഷാണം). As ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ ചുരുക്കെഴുത്ത്. 1250-ൽ ആൽബെർട്ടസ് മാഗ്നസ് (ജർമനി) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. സംസം വെള്ളത്തിൽ സൂക്ഷ്മമായ വിഷാംശങ്ങൾ ഉണ്ട് എന്നതായിരുന്നു ആ ആരോപണത്തിന്റെ രത്നചുരുക്കം. റിപ്പോർട്ട് വന്ന അതേ മാസം തന്നെ സംസം വെള്ളം കുടിക്കുന്നത് സുരക്ഷിതമാണെന്നും ബിബിസി റിപ്പോർട്ടിനോട് വിയോജിക്കുന്നുവെന്നും ബ്രിട്ടീഷ് ഏജൻസികൾ തന്നെ പ്രസ്താവിക്കുകയുണ്ടായി. അന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ ലൈസന്‌സുള്ള ലിയോണിലെ (CARSO – LSEH) ലബോറട്ടറിയിൽ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സൗദി അധികൃതർ ബിബിസിയുടെ ആരോപണത്തിന് മറുപടി നൽകിയത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso