Thoughts & Arts
Image

ഖുർആൻ പഠനം / അൽ മുനാഫിഖൂൻ 4-6

13-12-2024

Web Design

15 Comments

ടി എച്ച് ദാരിമി







വെറുതെ ചാരിവെച്ച മരത്തൂണുകൾ



4) അവര്‍ താങ്കളുടെ ദൃഷ്ടിയില്‍ പെടുകയാണെങ്കില്‍ അവരുടെ ആകാരം നിന്നെ വിസ്മയിപ്പിക്കുകയും സംസാരിക്കുകയാണെങ്കില്‍ താങ്കൾ ശ്രവിച്ചിരുന്നുപോവുകയും ചെയ്യും. ചാരിവെച്ച മരത്തടികള്‍ക്കു സമാനമാണവര്‍. ഏതു സ്വരവും തങ്ങള്‍ക്ക് പ്രതികൂലമാണെന്നാണ് അവര്‍ ധരിക്കുക. അവരാണ് സാക്ഷാല്‍ ശത്രുക്കള്‍; ജാഗ്രത വേണം. അല്ലാഹു അവരെ ശപിക്കട്ടെ.
എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്!



നേരത്തെ പറഞ്ഞ മുനാഫിഖുകളുടെ ഗുണഗണങ്ങൾ ഒന്നുകൂടി ആലങ്കാരികമായി അവതരിപ്പിക്കുകയാണ് ഇവിടെ. പൊതുവായ ചില അടയാളങ്ങളാണ് ഈ ആയത്തിലും പറയുന്നത്. നബി തങ്ങൾ (സ) മുനാഫിഖുകളെ പരിചയപ്പെടുത്തിയപ്പോഴും പൊതുവായ അടയാളങ്ങളാണ് പറഞ്ഞിട്ടുള്ളത്. വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ ചതിക്കുക, വായ തുറന്നാൽ കളവു പറയുക എന്നിവ കപട വിശ്വാസികളുടെ ലക്ഷണമാണ് എന്ന് നബി തങ്ങൾ(സ) പറഞ്ഞത് ഒരു ഉദാഹരണമാണ്. നബി തിരുമേനി(സ)യുടെ ഒപ്പം ജീവിച്ചിരുന്ന മദീനായിലെ മുനാഫിഖുകളെ പോലും അവരുടെ കൃത്യമായ പേരെടുത്ത് ഖുർആനോ നബി തങ്ങളോ പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനെ പറയുന്നത് ഉണ്ടാക്കിത്തീർക്കുന്ന മാനസികമായ വിഷമവും അത്തരക്കാർക്ക് തിരിച്ചുവരാനുള്ള അവസരവും സാധ്യതയും നിഷേധിക്കുമോ എന്ന് സാഹചര്യവും എല്ലാം കാരണമായിരിക്കാം അത് എന്ന് നമുക്ക് മനസ്സിലാക്കാം. പരസ്യമായി നേരെ ചൊവ്വേ നിരൂപണം ചെയ്യുന്നത് പൊതുവേ ഏറ്റവും അവസാന ഘട്ടത്തിൽ ആയിരിക്കണം എന്നത് ഇസ്ലാമിൻ്റെ ഒരു പൊതു താൽപര്യമാണ്. മദീനയിൽ നബിയുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖുകളെ ഓരോരുത്തരെയും നബി(സ)തങ്ങൾക്ക് സത്യമായും അറിയാമായിരുന്നു. അത് പ്രമുഖ സ്വഹാബിവര്യൻ ഹുദൈഫത്തുബിനുൽ യമാനി(റ)ക്ക് വളരെ സ്വകാര്യമായി നബി തങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു എന്ന് ചരിത്രത്തിൽ കാണാം.



ഹിജ്‌റ 9ൽ തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന റസൂലിനെ കൊല്ലാൻ മുഖം മറച്ച് വന്ന ചില കപടവിശ്വാസികൾ ശ്രമിച്ചു. റസൂലിന്റെ കൂടെ രണ്ടുപേർ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. മുന്നിൽ കടിഞ്ഞാണുമേന്തി ഹുദൈഫ(റ)യും പിന്നിൽ ഒട്ടകത്തെ തെളിച്ച് അമ്മാർ(റ)വും. കപടന്മാരുടെ പദ്ധതി വിജയിച്ചില്ല. അവസാനം ഇളിഭ്യരായ അവർ സ്ഥലം വിട്ടു. പക്ഷേ, ആ മുനാഫിഖുകൾ ആരാണെന്ന് വ്യക്തമായി നബി(സ) ഹുദൈഫ(റ)ക്ക് പറഞ്ഞുകൊടുത്തു. അല്ലാഹുവിന്റെ റസൂൽ (സ) ഹുദൈഫയുടെ ചെവിയിൽ മാത്രം മന്ത്രിച്ച ആ രഹസ്യം മരണംവരെ തന്റെയുള്ളിൽ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഹുദൈഫ(റ) ചരിത്രത്തിൽ അറിയപ്പെട്ടത് തന്നെ ഈ രഹസ്യത്തിന്റെ പേരിലാണ്. ‘പ്രവാചകന്റെ രഹസ്യ സൂക്ഷിപ്പുകാരൻ!’ എന്ന പേരിൽ. അത് ഏറെ വിശ്വസനീയവും ആയിരുന്നു. രണ്ടാം ഖലീഫയായ ഉമർ(റ) ഹുദൈഫയോട് ആ മുനാഫിഖുകളുടെ പട്ടികയിൽ തന്റെ പേരുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്തിട്ടുണ്ട്. ആരെങ്കിലും മരണപ്പെട്ടാൽ ഉമർ(റ) ഹുദൈഫ(റ) ജനാസ നിസ്‌കാരത്തിനെത്തിയിട്ടുണ്ടോ എന്ന് നോക്കി മാത്രമേ നിസ്കരിക്കുമായിരുന്നുള്ളൂ ഹുദൈഫയില്ലെങ്കിൽ ഉമർ(റ) ആ ജനാസ നമസ്‌കാരത്തിൽ പങ്കെടുക്കില്ല. അത്രയും വിശ്വസനീയമാണ് ആ സംഭവം. എന്നിട്ടും അവരുടെ പേരു വിവരങ്ങൾ നബി(സ) പുറത്തുവിട്ടില്ല. വിശ്വാസികളുടെ മാതാവും നബി(സ) തങ്ങളുടെ പ്രിയപത്നിയുമായ ആയിഷ ബീവി(റ)യെ കുറിച്ച് വലിയ അപവാദം പറഞ്ഞുണ്ടാക്കിയത് മുനാഫിഖുകളായിരുന്നു. അവരുടെയും പേരുവിവരങ്ങൾ നബി തങ്ങൾ പുറത്തുവിട്ടില്ല. ഇത്തരം രംഗങ്ങളേക്കാൾ കാപട്യം മറനീക്കി പുറത്തുവന്ന ചില സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ പോലും നബി(സ)യുടെ ഇക്കാര്യത്തിലെ സമീപനം പരസ്യമായ നിരൂപണം ഒഴിവാക്കുന്നതിന്റേതായിരുന്നു.



അവയിലൊന്നിൽ സ്വഹാബിമാർ നബിയോടൊപ്പം മുറൈസീഅ് എന്ന പ്രദേശത്തുനിന്ന് മദീനയിലേക്കു മടങ്ങുകയായിരുന്നു. അതിനിടെ, അവിടത്തെ ഒരു ജലാശയത്തിനടുത്തുവെച്ച് ഒരു മുഹാജിറും ഒരു അൻസാരിയും തമ്മിൽ ചെറിയ ഒരു കാരണം പറഞ്ഞു വാക്കേറ്റം ഉണ്ടായി. ഇത് കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ശ്രദ്ധയില്‍ പെട്ടു. പ്രവാചകനോടും മക്കയില്‍നിന്നെത്തിയ മുഹാജിറുകളോടും കഠിന ശത്രുത ഉള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന അദ്ദേഹം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. അയാള്‍ തന്റെ കൂട്ടുകാരനോടു പറഞ്ഞു: ‘നമ്മുടെ ഈ നാട്ടില്‍പോലും മുഹാജിറുകള്‍ നമ്മെ കീഴ്‌പ്പെടുത്തുകയാണ്. അതിനാല്‍ മദീനയിലെത്തിയാലുടന്‍ നമ്മുടെ കൂട്ടത്തിലെ കരുത്തന്മാര്‍ ചേർന്ന് ആ ദുര്‍ബലരെ നിഷ്‌കാസനം ചെയ്യും; തീര്‍ച്ച.’ അരിശം തീരാതെ അയാള്‍ തുടര്‍ന്നു: ‘നിങ്ങള്‍ ചെയ്ത വിഡ്ഢിത്തമാണിത്. നിങ്ങളവര്‍ക്ക് സ്വന്തം നാട് ഭാഗിച്ചുകൊടുത്തു. സ്വത്ത് പകുത്തു നല്‍കി. നിങ്ങള്‍ സ്വത്തും ഉദാരതയും അനുവദിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ വേറെ എവിടെയെങ്കിലും പോയിക്കൊള്ളുമായിരുന്നു. നമുക്കവരുടെ ശല്യമുണടാകുമായിരുന്നില്ല.’ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ഈ സംസാരം കേള്‍ക്കാനിടയായ പ്രവാചക ശിഷ്യരിലൊരാള്‍ വിവരം തിരുമേനിയെ അറിയിച്ചു. അപ്പോള്‍ ഉമറുല്‍ ഫാറൂഖും അവിടെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ ഉമറിന്റെ രോഷം ആളിക്കത്തി. പ്രത്യക്ഷ ശത്രുവെക്കാള്‍ അപകടകാരി കൂടെ നില്‍ക്കുന്ന കപട വിശ്വാസിയാണെന്നുറച്ചു വിശ്വസിച്ച അദ്ദേഹം അബ്ദുല്ലയുടെ തലയെടുക്കണമെന്ന് പറഞ്ഞു. പക്ഷെ, പ്രവാചകന്റെ സമീപനം തീര്‍ത്തും വ്യത്യസ്തമായിരുന്നു. കാപട്യത്തിന് ശിക്ഷ നല്‍കേണടത് ദൈവമാണ്. കൂടെ നില്‍ക്കുന്നവരെ കൊല്ലുന്നത് ശരിയല്ല എന്നതായിരുന്നു അത്. അത് നബി(സ) തന്നെ ഇങ്ങനെ വിശദീകരിച്ചു വിശദീകരിച്ചു: ‘അദ്ദേഹത്തെ നാം വധിക്കാനുദ്ദേശിക്കുന്നില്ല. നാം അദ്ദേഹത്തോട് കരുണ കാണിക്കും. നമ്മുടെ കൂടെ ഉണ്ടാകുന്നേടത്തോളം കാലം നാം നല്ല സൌഹൃദം പുലര്‍ത്തും'.



ഇതേ അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ നബി(സ) സന്നിധിയില്‍ വന്ന് അഭ്യര്‍ഥിച്ചു: 'പ്രവാചകരേ, എന്റെ പിതാവിന്റെ മയ്യിത്ത് കഫന്‍ ചെയ്യുന്നതിന് അങ്ങയുടെ വസ്ത്രം തന്നാലും, അദ്ദേഹത്തിനുവേണ്ടി അവിടുന്ന് നമസ്‌കരിക്കുകയും പാപമോചനാര്‍ഥന നടത്തുകയും ചെയ്താലും.' അദ്ദേഹത്തിൻ്റെ മകൻ അബ്ദുല്ല(റ) ഒരു നല്ല സ്വഹാബിയായിരുന്നു. നബി(സ) തന്റെ വസ്ത്രം നല്‍കി. റസൂല്‍ അയാളുടെ പേരില്‍ നമസ്‌കരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉമര്‍(റ) റസൂലിന്റെ വസ്ത്രത്തില്‍ പിടിച്ചു കൊണ്ട് ചോദിച്ചു: 'കപടവിശ്വാസികള്‍ക്ക് വേണ്ടി നമസ്‌കരിക്കുന്നതില്‍നിന്ന് അല്ലാഹു താങ്കളെ തടഞ്ഞിട്ടില്ലേ?' അവിടുന്ന് പറഞ്ഞു: 'എനിക്ക് രണ്ട് കാര്യങ്ങളിലൊന്ന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.' തുടര്‍ന്ന് പ്രവാചകന്‍(സ) സൂറഃ അത്തൗബയിലെ 80-ാം സൂക്തം പാരായണം ചെയ്തു. അതിൽ നബിയെ താങ്കൾ അവർക്ക് വേണ്ടി പൊറുക്കലിനെ തേടിയാലും തേടിയില്ലെങ്കിലും എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ അവിടെ നബി തങ്ങൾക്ക് രണ്ട് കാര്യവും ചെയ്യാനുള്ള അനുമതിയുണ്ട്. എന്നിട്ട് നബി(സ) അയാളുടെ പേരില്‍ മയ്യിത്ത് നമസ്‌കരിച്ചു. അത് പക്ഷേ അല്ലാഹുവിൻ്റെ താല്പര്യത്തോട് ഒത്തുപോകുന്നതായിരുന്നില്ല. അതിനാൽ ഉടനെ ഈ സൂക്തം അവതരിച്ചു: 'അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും താങ്കൾ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ഖബ്‌റിന്നരികില്‍ നിന്ന് പ്രാര്‍ഥിക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായി മരണമടയുകയും ചെയ്തിരിക്കുന്നു' (തൗബ 84).



ഈ ആയത്തിൽ മുനാഫിഖുകളെ അവതരിപ്പിക്കുന്നത് അവർ ഏതൊരാളെയും വശീകരിക്കുന്ന ആകാരസൗഷ്ഠവവും കേട്ടിരുന്നുപോകുന്ന സംസാരചാതുരിയുമുള്ളവരായിരിക്കും എന്നു പറഞ്ഞാണ്. പൊതുവെ, മാന്യമായ ഇടപെടലുകളും മാധുര്യമുള്ള വർത്തമാനങ്ങളും അമിതമായി പറയുന്ന ആൾക്കാർ അകത്ത് മറ്റെന്തോ ഒളിപ്പിച്ചു വെച്ചാണ് അങ്ങനെ ചെയ്യുന്നത് എന്നു പറയാവുന്നതാണ്. അവരെ പലപ്പോഴും തട്ടിപ്പുകാർ ആയിട്ടാണ് പൊതു ലോകം കാണാറുള്ളത്. കാരണം, തങ്ങളുടെ ഉള്ളിലെ കുടിലലക്ഷ്യം ഇറക്കുവാനും ചിലവഴിക്കുവാനുമുള്ള അനുകൂല അവസരം സൃഷ്ടിക്കുകയാണ് അവർ. തങ്ങളുടെ കൃത്രിമമായ ചിരിയിലൂടെയും മാന്യതയിലൂടെയും അവർ മറ്റുള്ളവരെ വീഴ്ത്തുകയാണ്. ഇവരുടെ ഇത്തരം വർത്തമാനങ്ങളെ വായാടിത്തം എന്നാണ് പറയാറുള്ളത്. ഈ ആയത്തിൽ അവർക്ക് കൽപ്പിക്കുന്ന ഒരു വിശേഷണം വലിയ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. അത് അവരെ ചാരിവച്ച മരത്തടികളോട് ഉപമിക്കുന്നതാണ്. സ്വന്തമായ ഒരു നിലപാട് ഇല്ലാത്ത അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തമായി നിൽക്കുവാൻ അല്ലെങ്കിൽ മറ്റൊന്നിനെ നിർത്തുവാൻ കഴിയുക എന്നതായിരിക്കേണ്ടതുണ്ട് ഒരു മരത്തൂണിന്റെ പ്രയോജനം. ആ പ്രയോജനം കപട വിശ്വാസികളെ കൊണ്ട് ഇല്ല, ഉണ്ടാവില്ല എന്ന് അർത്ഥം. ഇവരുടെ മറ്റൊരു ഉദാഹരണം ഈ സൂക്തത്തിൽ പറയുന്നത് അതിലേറെ വ്യക്തമായ ഒരു ചിത്രം വരയ്ക്കുന്നുണ്ട്. അത് അവർക്ക് എല്ലാവരെയും എല്ലാ സാഹചര്യത്തിലും സംശയമായിരിക്കും എന്നതാണ്. സത്യത്തെയും നിഷ്കളങ്കതയും അങ്ങനെ കാണുവാനും പരിഗണിക്കുവാനും സത്യസന്ധതയും നിഷ്കളങ്കതയും ഉള്ള ഒരു മനസ്സിനെ മാത്രമേ കഴിയൂ. കപട വിശ്വാസികൾ പുറത്തൊന്നും അകത്തൊന്നും വെച്ച് നടക്കുന്നവരായതിനാൽ അവർക്ക് ഈ വിശുദ്ധി ഉണ്ടാവില്ല. മറ്റുള്ളവരെ സംശയിക്കുന്നത് ഒരു നിരന്തര സ്വഭാവവുമായി തീരുന്ന ആൾക്കാർ സ്വന്തം സ്വഭാവം വച്ചുകൊണ്ട് മറ്റുള്ളവരെ അളക്കുകയാണ്. അതുകൊണ്ടാണ് അവർ ഇങ്ങനെ സന്ദേഹികളായി മാറുന്നത്. ഏതൊരു ശബ്ദവും തങ്ങള്‍ക്കെതിരേയുള്ളതാണ് എന്ന് അവര്‍ക്കു തോന്നും എന്നു പറയുന്നത് അവരുടെ ഉള്ളിലെ തെറ്റിദ്ധാരണയുടെ വ്യാപ്തിയും ആഴവും കാണിക്കുന്നു.



5) വരൂ, റസൂല്‍ നിങ്ങള്‍ക്കായി പാപമോചനപ്രാര്‍ത്ഥന നടത്തിക്കൊള്ളും എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ അവര്‍ തല തിരിച്ചുകളയുകയും അഹങ്കാര നാട്യത്തോടെ പിന്തിരിഞ്ഞുപോകുന്നത് താങ്കൾ കാണുകയും ചെയ്യും.



ഈ ആയത്ത് അവരുടെ അഹങ്കാരത്തിന്റെ ആഴം കാണിക്കുന്നു. അവർ ചെയ്ത തെറ്റ് വ്യക്തമായി കണ്ടുപിടിക്കുകയും അതേ സമയം അവരോടുള്ള ഗുണകാംക്ഷയുടെ പേരിൽ അവരെ ആശ്വസിപ്പിച്ചുകൊണ്ട് 'സാരമില്ല, നിങ്ങൾ വരൂ, നബി(സ) നിങ്ങൾക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളും' എന്ന് പറഞ്ഞാൽ അവർ അഹങ്കരിച്ച് തല വെട്ടിച്ചു കളയും എന്നാണ് ആയത്തിൽ പറയുന്നത്. അവർ ഇവിടെ കാണുന്ന ഒരു വിഷമം, നബി(സ) അവർക്കു വേണ്ടി പാപമോചനം തേടും എന്ന് പറയുന്നതിൽ നിന്ന് തങ്ങൾ ചെയ്ത കൃത്യം പാപമാണ് എന്ന് അതിൻ്റെ ഉള്ളിലൂടെ സ്ഥാപിക്കപ്പെടുന്നു എന്നതാണ്. മറ്റൊന്ന് പാപം പൊറുക്കാനുള്ള പ്രാർത്ഥന നടത്തുവാനും അത് സ്വീകരിക്കപ്പെടാനും മാത്രം ഈ പ്രവാചകൻ്റെ പ്രവാചകത്വത്തെ പരിപൂർണാമായി അവർ അംഗീകരിക്കേണ്ടി വരും എന്നതാണ്. നബി പാപമോചനം തേടിയാൽ പാപം പൊറുക്കപ്പെടും എന്ന് വരുമ്പോൾ അത് നബിയുടെ സമ്പൂർണ്ണത ആണല്ലോ കുറിക്കുന്നത്.



6) നബിയേ, അങ്ങ് അവര്‍ക്കായി പാപമോചനത്തിനര്‍ത്ഥിച്ചാലും ഇല്ലെങ്കിലും അവര്‍ക്കത് തുല്യം തന്നെ. അല്ലാഹു അവര്‍ക്ക് പൊറുക്കുന്നതേയല്ല, തീര്‍ച്ച. വഴിതെറ്റിയ ജനത്തെ അവന്‍ സന്മാര്‍ഗ ദര്‍ശനംചെയ്യുകയേയില്ല.



നമുക്ക് ഒരാൾ പശ്ചാത്തപിച്ച് ശരിയായ വഴിയിലേക്ക് തിരിച്ചെത്തിയേക്കാം എന്നൊക്കെ പ്രതീക്ഷിക്കാം. ആ പ്രതീക്ഷ വെച്ചുകൊണ്ട് സമീപനങ്ങളെ നിശ്ചയിക്കുകയും ചെയ്യാം. പക്ഷേ അല്ലാഹുവിന് അതിൻ്റെ ആവശ്യമില്ല. അവർ നന്നാകുമോ ഇല്ലയോ എന്നത് ഒരു മറയുമില്ലാതെ നേരിട്ട് കാണാനും അറിയാനും കഴിവുള്ളവനാണ് അവൻ. അതുകൊണ്ടാണ് അല്ലാഹു ഇവരുടെ കാര്യത്തിൽ ഇങ്ങനെ തീർത്തു പറയുന്നത്. അല്ലാഹു മറ്റൊരിടത്ത് അതിൻ്റെ പരമമായ വികാരത്തോടു കൂടെ പറയുന്നു: 'പ്രവാചകരേ, താങ്കള്‍ അവര്‍ക്കു വേണ്ടി പാപമോചനം തേടിയാലും ഇല്ലെങ്കിലും, ഒരെഴുപതുവട്ടം തന്നെ അവര്‍ക്കുവേണ്ടി പാപമോചനം തേടിയാലും അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തു കൊടുക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹു ധിക്കാരികളായ ജനത്തിനു മോക്ഷമാര്‍ഗം കാട്ടിക്കൊടുക്കുകയുമില്ല' (തൗബ 80).



ഈ ആയത്തുകളുടെ പശ്ചാത്തലം അബ്ദുല്ലാഹി ബിനു ഉബയ്യ് ബിൻ സലൂലിന്റെ പശ്ചാത്തലം തന്നെയാണ് എന്നാണ് ഇബ്നു കസീർ(റ) തൻ്റെ തഫ്സീറിൽ വിവരിക്കുന്നത്. ആദ്യത്തെ ആയത്തിൽ പറയുന്ന മാന്യതാ പ്രകടവും കൃത്രിമ ആകർഷണവും എല്ലാം എല്ലാ അർത്ഥത്തിലും ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. മദീനാ ജീവിതത്തിൻ്റെ ആദ്യ ഘട്ടത്തിൽ നബിതിരുമേനി(സ) വെള്ളിയാഴ്ച ഖുതുബക്ക് വേണ്ടി എഴുന്നേൽക്കുമ്പോൾ ഇബ്നു സലൂല്‍ എഴുന്നേൽക്കുകയും ഒരു ആമുഖഭാഷണം നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ജനങ്ങളെ, ഇതാ അല്ലാഹുവിന്റെ ദൂതൻ നമ്മോട് പ്രസംഗിക്കാൻ പോവുകയാണ്, എല്ലാവരും നന്നായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യണം, അതിനു വേണ്ടി അല്ലാഹു നിയോഗിച്ച ദൂതനാണ് മഹാനവർകൾ, എന്നൊക്കെ അടങ്ങുന്ന ഒരു ആശയമായിരുന്നു ഈ ആമുഖ പ്രസംഗത്തിൽ ഉണ്ടായിരുന്നത്. പക്ഷേ, ഹിജ്റ മൂന്നാം വർഷം നടന്ന ഉഹദ് യുദ്ധത്തിൽ പങ്കെടുക്കാൻ വന്ന മുന്നൂറോളം വരുന്ന അദ്ദേഹത്തിൻ്റെ കുടുംബക്കാരായ ആൾക്കാരെ യുദ്ധമുഖത്ത് നിന്ന് ഇബ്നു സലൂല്‍ പിൻവലിക്കുകയുണ്ടായി. 'ഇത് നിങ്ങൾ മക്കക്കാർ തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ്, ഞങ്ങൾക്ക് അതിൽ താല്പര്യം ഇല്ല, അതുകൊണ്ട് ഞങ്ങൾ മടങ്ങുകയാണ്, എന്നായിരുന്നു അന്ന് അയാൾ പറഞ്ഞത്. നബി(സ) അത് അറിഞ്ഞുവെങ്കിലും അവരെ തിരിച്ചുവിളിക്കുവാനോ അവരുമായി ഒരു അനുനയ ചർച്ച നടത്തുവാനോ തയ്യാറായില്ല. ഈ സംഭവം കഴിഞ്ഞതിനുശേഷം പിന്നീട് അയാൾ ഇങ്ങനെ ആമുഖഭാഷണത്തിന് എഴുന്നേറ്റപ്പോൾ സ്വഹാബിമാർ അദ്ദേഹത്തിൻ്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് ഇരുത്തുവാൻ ശ്രമിക്കുകയുണ്ടായി. അതിൽ അദ്ദേഹത്തിന് കടുത്ത മാനഹാനി അനുഭവപ്പെട്ടു. ദേഷ്യപ്പെട്ട് അദ്ദേഹം അവിടെ നിന്ന് 'ഞാൻ നബിയുടെ കാര്യം ഒന്ന് ഗൗരവപ്പെടുത്തി അവതരിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഇവർ എന്നെ അപമാനിക്കുകയാണ്' എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിപ്പോവുകയുണ്ടായി. വഴിയിൽ വെച്ച് അദ്ദേഹത്തെ കണ്ട അൻസാരികളിൽ ആരോ ഒരാൾ കാര്യം എന്താണ് എന്ന് തിരക്കിയപ്പോൾ ഇതേ കാര്യം പറഞ്ഞു ദേഷ്യപ്പെട്ട് അയാൾ മുന്നോട്ട് പോകാൻ ശ്രമിച്ചു. അപ്പോൾ ആ അൻസാരി അദ്ദേഹത്തോട്, 'വരൂ, നമുക്ക് നബിയെ കാണാം, താങ്കൾ ചെയ്തത് തെറ്റാണെങ്കിൽ നബി(സ) താങ്കൾക്ക് വേണ്ടി പൊറുക്കലിനെ തേടിയേക്കാം' എന്ന് പറയുകയുണ്ടായി. അപ്പോൾ തലവെട്ടിച്ച് 'എനിക്കുവേണ്ടി ആരും പൊറുക്കലിനെ തേടേണ്ടതില്ല' എന്നും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. ഇതായിരുന്നു രണ്ടാമത്തെ ആയത്ത് അവതരിക്കാനുള്ള സാഹചര്യം.



0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso