വഖഫ്: അർത്ഥവും ആശയവും
13-12-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധം മുസ്ലിംകളുടെ ദാരിദ്രത്തിൻ്റെ മടക്കുകൾ നിവർത്തുവാനുള്ള ഒരു അവസരമായിരുന്നു. ചില സ്വഹാബിമാർ അങ്ങനെ തന്നെ അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഖൈബർ യുദ്ധം കഴിയുന്നതുവരെ ഞങ്ങളുടെ വിശപ്പ് മാറിയിട്ടില്ല എന്ന്. അതിൽ പങ്കെടുത്ത എല്ലാവർക്കും യുദ്ധാർജിത മുതലിന്റെ പങ്കു കിട്ടി. കൂട്ടത്തിൽ ഉമർ(റ) വിനും കിട്ടിയിരുന്നു. കാർഷിക ഭൂമിയായിരുന്നു ഗനീമത്തായി കിട്ടിയത്. അദ്ദേഹം അത് എന്തു ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് നബി തിരുമേനി(സ)യെ സമീപിച്ചു. അത് വെറുതെ നിലനിർത്തുവാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല. അവരൊന്നും കാർഷിക താൽപ്പര്യമുള്ളവരായിരുന്നില്ല. തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്‌ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. 'താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്‌തു നിലനിർത്തിക്കൊണ്ട് തന്നെ അതിനെ ധർമം ചെയ്യാമല്ലോ' എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. മുതൽ കൊണ്ടുള്ള പ്രയോജനവും ഉപകാരവും മുടങ്ങാതെ അതിനെ ഒരു പാരത്രിക പ്രതിഫലം ലഭിക്കുന്ന ധർമ്മമാക്കി മാറ്റുന്ന വിദ്യയാണ് നബി(സ) ഉപദേശിച്ചത്. അത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ, അതിനെ വഖഫ് ചെയ്യുക എന്നതായിരുന്നു. തന്റെ ഭൂമി വഖഫ് ചെയ്യുന്നതായി പ്രഖ്യാപിച്ച അദ്ദേഹം തുടർന്നു പറഞ്ഞു: 'ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം' (ബുഖാരി, മുസ്ലിം). ഇസ്ലാമിലെ ആദ്യത്തെ വഖഫ് ഇതായിരുന്നു എന്ന് പല പ്രമുഖ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ വിവരണത്തിൽ തന്നെ അതിൻ്റെ കർമ്മ-ആത്മീയ ശാസ്ത്രങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്. അവ ഹൃസ്വമായ രീതിയിൽ ഓർമ്മിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ട ഒരു സാഹചര്യത്തിലാണ് നാം. കേരളത്തിലും കേന്ദ്രത്തിലും വിവിധ രൂപത്തിലാണെങ്കിലും സമൂഹത്തിൻ്റെ മേശപ്പുറത്ത് വഖഫ് ചർച്ചക്കെത്തിയിരിക്കുകയാണല്ലോ. ഇനി തീർച്ചയായും ചർച്ചകൾ മുറുകിയേക്കും. അപ്പോൾ ചെറിയതോതിലെങ്കിലും ഈ വ്യവഹാരത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് പരിക്കുപറ്റിയേക്കാം. അത് പറ്റുന്നതിന് മുമ്പ് ആ വിഷയത്തിലേക്കുള്ള ഒരു വിഗഹ വീക്ഷണം കാലികമായി ആവശ്യമാണ്.
ഉദ്ധൃത സംഭവത്തിൽ ഉമർ(റ)വോട് 'താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ' എന്ന് നബി(സ) പറഞ്ഞതിൽ നിന്ന് ഇത് ഐച്ഛികമായ ഒരു കർമ്മമാണ് എന്നും അങ്ങനെ ചെയ്യാനുള്ള താൽപര്യവും ത്വരയും ഉള്ളിടത്ത് മാത്രമേ വഖഫ് അതായിത്തീരൂ എന്നതുമാണ് ഇതിൽനിന്ന് ആദ്യമായി നാം പഠിക്കുന്നത്. കർമശാസ്ത്രത്തിൽ എത്തുമ്പോൾ ഇതാണ് നിയ്യത്ത് എന്ന വഖഫിൻ്റെ നിർബന്ധ ഘടകത്തിലേക്ക് വഴി തുറക്കുന്നത്. രണ്ടാമത്തെ കാര്യം ഭൂമി തനിക്ക് ആവശ്യമില്ലാത്തത് കൊണ്ട് അത് ഇനി എന്ത് ചെയ്യണം എന്നല്ല ഉമർ(റ) ആലോചിക്കുന്നത്. അത് ഒരേ സമയം ഉപകാരപ്രദമായും ശരിയായും ഉപയോഗപ്പെടുത്തുവാനും നിലക്കാത്ത ഒരു ധർമ്മമായി മാറുവാനും എന്താണ് മാർഗം എന്നാണ്. വഖഫിൻ്റെ പ്രധാന പ്രത്യേകത അതുതന്നെയാണ്. നിലക്കാത്ത ധർമ്മമായി മാറുക എന്നത്. നിലക്കാത്ത ധർമ്മം സ്ഥാപിക്കുവാനും അത്തരം പ്രതിഫലത്തിനു വേണ്ടി ശ്രമിക്കുവാനും നബി തിരുമേനി(സ) ഏറെ പ്രോത്സാഹിപ്പിച്ചതായി കാണാം. ഇക്കാര്യം തിരുനബി(സ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണ്. നബി(സ) പറഞ്ഞു: ‘മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെ ഉള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം ഇല്ലാതെയാകും; സ്‌ഥായിയായ ധർമം, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’ (മുസ്‌ലിം). അതിനാൽ വസ്‌തു നിലനിർത്തി തന്നെ പ്രയോജനം നേടാവുന്ന വിധം ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖഫ് എന്നതിനാൽ ഇതിലെ നേട്ടങ്ങൾ ഗ്രഹിച്ച സ്വഹാബിമാരിൽ
സാമ്പത്തികശേഷിയുള്ള എല്ലാവരും വഖഫ് ചെയ്യുകയുണ്ടായി എന്ന് തുഹ്ഫ 6: 236ൽ പറയുന്നുണ്ട്. അൻസാറുകളായ എൺപത് പേർ വഖഫ് ചെയ്‌തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്‌മാൻ (റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖഫ് ചെയ്‌തതും ചരിത്രത്തിൽ കാണാം. ഇപ്പോഴും വരുമാനവും ഗുണവും ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു വഖഫാണ് ഇത്.
നിലയ്ക്കാത്ത പ്രതിഫലം എന്ന അർത്ഥം നിലനിൽക്കുന്നതിനാൽ വഖ്ഫ് സ്വത്ത് എപ്പോഴും നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ വക്കഫിന്റെ ഉപാധികളിൽ പണ്ഡിതന്മാർ എണ്ണുന്ന പ്രധാനപ്പെട്ട ഒരു വിഷയമാണ്, വഖഫ് ചെയ്യുന്നത് അവശേഷിക്കുന്ന വസ്തുക്കൾ മാത്രമായിരിക്കണം എന്നത്. ഭൂമി, വീട്, കിണർ തുടങ്ങിയ വസ്തുക്കളെല്ലാം വഖഫ് ചെയ്യാം. കാരണം ഉപയോഗിക്കുന്നതോടെ അവയൊന്നും ഇല്ലാതെയാവുന്നില്ല. അതേസമയം കത്തിക്കാനുള്ള മെഴുകുതിരി, കഴിക്കാനുള്ള ഭക്ഷണം, കുടിക്കാനുള്ള പാനീയം തുടങ്ങിയവയൊന്നും വഖഫിന്റെ പരിധിയിൽ വരില്ല. കാരണം അവ ഉപയോഗിക്കുന്നതോടെ തന്നെ ഇല്ലാതെയായി തീരുന്നു. വസ്തു നിലനിറുത്തി കൊണ്ട് തന്നെ ഉപകാരം അനുഭവിക്കാൻ പറ്റുന്ന വസ്തുക്കൾ മാത്രമേ വഖഫ് ചെയ്യാവൂ എന്ന് ചുരുക്കം. അപ്പോൾ മാത്രമാണല്ലോ അത് നിലക്കാത്ത ധർമ്മമായി മാറുന്നത്. ഇതേ ലക്ഷ്യത്തിൽ തന്നെയാണ് വഖഫ് സ്വത്ത് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ പാടില്ല എന്ന് പറയുന്നതും. മാത്രമല്ല, വഖഫ് ചെയ്യുന്നതോടെ ആ സ്വത്തിൻ്റെ ഉടമാവകാശവും ക്രയവിക്രയ അവകാശവും പൂർണമായും അല്ലാഹുവിലേക്ക് മാറുന്നു. വഖഫ് ചെയ്‌തവർക്കോ അദ്ദേഹത്തിൻ്റെ അവകാശികൾക്കോ പിന്നീട് അതിൽ ഉടമസ്‌ഥതയില്ല. അതിന്റെ ആദായം വഖഫ് ചെയ്‌ത മാർഗത്തിൽ ചെലവഴിക്കുകയും നാശം സംഭവിക്കാത്ത രൂപത്തിൽ പ്രയോജനപ്പെടുത്തുകയുമാവാം. എന്നാൽ വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. ഇത്തരം കർശനമായ നിയമങ്ങൾ ഉൾക്കൊള്ളുന്നതിനാൽ തികഞ്ഞ ജാഗ്രതയോടെ കൂടെ മാത്രം ചെയ്യപ്പെടേണ്ടതാണ്. ഈ ജാഗ്രത ഉറപ്പുവരുത്താൻ വേണ്ടിയാണ് മതപണ്ഡിതന്മാർ വിവിധ ഉപാധികൾ ഇക്കാര്യത്തിൽ വച്ചിരിക്കുന്നത്. വഖഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തു വേണമെങ്കിൽ സൗജന്യമായി തന്നെ നൽകുവാനുള്ള അർഹത ഉള്ള ഉടമ ആയിരിക്കുക, വഖഫ് ചെയ്യുന്ന വസ്‌തു കണിശമായും നിർണ്ണിതമായിരിക്കുക, ദാതാവിന് പൂർണ്ണമായ രീതിയിൽ തന്നെ ഉടമാവകാശമുള്ളതായിരിക്കുക, വസ്തു നശിപ്പിക്കാതെ തന്നെ ഉപയോഗിക്കുവാൻ പറ്റുന്നതായിരിക്കുക തുടങ്ങിയ ഉപാധികൾ എല്ലാം ആ ജാഗ്രതയുടെ ഭാഗമാണ്. ബുദ്ധി വളർച്ച എത്തിയിട്ടില്ലാത്ത വരോ ഉള്ളത് നഷ്ടപ്പെട്ടവരോ ചെയ്യുന്ന വകുപ്പുകൾക്ക് സാധ്യത ഇല്ല. വഖഫ് ചെയ്യുന്ന വസ്തു, ആർക്കാണോ വഖഫ് ചെയ്യുന്നത് അവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എന്നിവയെല്ലാം വഖഫിന്റെ ഉപാധികളിൽ പെടുന്നതാണ്. ഇതെല്ലാം ചേരുമ്പോൾ വഖഫ് വളരെ ഗൗരവമായ ഒരു ദാനക്രമമായി മാറുന്നു.
നിലയ്ക്കാത്ത പ്രതിഫലമായി മാറുക എന്ന കേന്ദ്ര ആശയം ഒരു സാഹചര്യത്തിലും വഖഫില്‍ നിന്ന് മാറുന്നില്ല. അതിനാൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കാൻ ഉതകുന്ന മാർഗ്ഗങ്ങളിലേക്ക് തന്നെയായിരിക്കണം വഖഫ് ചെയ്യേണ്ടത് എന്നതും പ്രസ്തുത ഉപാധികളിൽ പെടുന്നതാണ്. മതവീക്ഷണത്തിൽ കുറ്റകരമായവക്ക് വേണ്ടി വഖഫ് ചെയ്യാവുന്നതല്ല. ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുന്ന സ്‌ഥാപനങ്ങൾ, അനുവദനീയമല്ലാത്ത വിനോദത്തിന് വേണ്ടിയുള്ള കേന്ദ്രങ്ങൾ, ബഹുദൈവാരാധനയ്ക്ക് വേണ്ടിയുള്ള ആലയങ്ങൾ മുതലായവക്കൊന്നും വഖഫ് ചെയ്യാവതല്ല. കാരണം അവയൊന്നും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം നേടിത്തരില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, മേൽപ്പറഞ്ഞ ഉപാധികളെല്ലാം പാലിച്ചുകൊണ്ട് ചെയ്യുന്നതോടുകൂടി അതിൻ്റെ എല്ലാതരത്തിലുമുള്ള അവകാശങ്ങളും അല്ലാഹുവിലേക്ക് മാറുന്നു എന്നതാണ്. ആ അവകാശങ്ങളിൽ വ്യാഖ്യാനിക്കാനും നിർവചിക്കാനും ഉള്ള അവകാശം വരെയുണ്ട്. അതായത് നമുക്ക് നമ്മുടെ സ്വന്തം യുക്തി അനുസരിച്ച് കണ്ടതിലേക്കൊക്കെ വഖഫിനെ തിരിക്കാനോ തിരിച്ചുവിടാനോ കഴിയില്ല. അക്കാര്യത്തിൽ നമ്മുടെ താൽപര്യങ്ങൾ, വാദങ്ങൾ എന്നിവയെല്ലാം എത്ര ശരിയും യുക്തിഭദ്രവും ആണ് എന്ന് തോന്നിപ്പിച്ചാലും അതു പാടില്ല. മതപരമായ ഉൽക്കർഷ കുറഞ്ഞുകുറഞ്ഞുവരുന്ന പുതിയ കാലത്ത് അങ്ങനെയൊക്കെയുള്ള ചിന്തകൾ പൊതുവേ അരിച്ചുകടന്നു വരുന്നുണ്ട്. വഖഫ് സ്വത്തുക്കൾ പൊതുമുതലാണെന്നും അത് എല്ലാ പൊതു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താമെന്നുമാണ് ചിലരുടെ ധാരണ. മുടങ്ങിക്കിടക്കുന്ന വഖഫ് സ്വത്തുക്കൾ ജനോപകാരപ്രദമായ സ്ഥാപനങ്ങൾ സ്‌ഥാപിക്കുവാനോ പാവപ്പെട്ടവരെ സഹായിക്കുവാനോ ഉപയോഗിക്കുന്നതിലെന്താ കുഴപ്പം എന്ന ചിലരുടെ ചോദ്യം അതിൻ്റെ സൂചനയാണ്.
ഒരു വഖഫ് സ്വത്ത് ഉപകാരമില്ലാതെ കിടക്കുന്ന സാഹചര്യമാണ് എങ്കിൽ പ്രത്യേകമായ ഉപാധികളൊന്നും വഖഫ് ചെയ്തയാൾ വെച്ചിട്ടില്ലെങ്കിൽ പൊതു നൻമയും കീഴ്‌വഴക്കവും പരിഗണിച്ച് ചില മാറ്റങ്ങളൊക്കെ നടത്തുവാൻ ശറഅ് അനുവദിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷെ, അതൊക്കെ വലിയ ശ്രദ്ധയോടെ മാത്രം ചെയ്യേണ്ടതും മതപണ്ഡിതൻമാരുടെ മേൽനോട്ടത്തിൽ നിശ്ചയിക്കപ്പെടേണ്ടതുമാണ്. ആ മാറ്റങ്ങളെല്ലാം അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാത്തവയായിരിക്കും. വഖഫ് ചെയ്ത ആൾക്ക് പ്രതിഫലം മുടങ്ങാതിരിക്കുവാൻ വേണ്ട ആനുകൂല്യം എന്ന അർത്ഥത്തിലുള്ളത് മാത്രമായിരിക്കും അത്. ഇതിനെല്ലാം ഒപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്റെ ആത്‌മീയവും ഭൗതികവുമായ പുരോഗതിയിൽ വഖഫ് സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതാണത്. ആത്മീയമായ പ്രതീക്ഷകൾക്ക് വേണ്ടി ഏറ്റവും വിലപ്പെട്ട സമ്പാദ്യങ്ങൾ പ്രതിഫലേച്ചയോടെ നീക്കി വെക്കുവാൻ ഉള്ള മനസ്സും മനസ്ഥിതിയും ഒരു ഭാഗത്ത് വഖഫ് വളർത്തിയെടുത്തു. മറുഭാഗത്താവട്ടെ അശരണരായ ജന സമൂഹങ്ങൾക്ക് വേണ്ടിയുള്ള പൊതുവായ സഹായം നിലയ്ക്കരുത് എന്ന ബോദ്ധ്യത്തെയും വഖഫ് ഉദ്വീപിപ്പിച്ചു.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso