കാലം ഒരു പാഠമാണ്
03-01-2025
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
കാലം വീണ്ടും വാർഷിക കലണ്ടർ മാറ്റുകയാണ്. പുതിയ ഒരു വർഷം പിറക്കുന്നു. വർഷം, മാസം, ദിവസം തുടങ്ങിയ കാലഗണനകൾക്ക് അടിസ്ഥാനപരമായി ആഘോഷിക്കപ്പെടേണ്ട വിധത്തിലുള്ള പ്രത്യേക അർത്ഥമൊന്നുമില്ല. കാലത്തിന് കാലമാകുവാൻ അതിൻ്റെ ആവശ്യവുമില്ല. കാരണം കാലം ഒരു പ്രവാഹമാണ്. അത് അനസ്യൂതമായി പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷേ, കാലത്തെ പഠിക്കാനും അടയാളപ്പെടുത്താനും ഇത്തരം ഗണനകൾ ഇല്ലാതെ കഴിയില്ല. അത്രയ്ക്കും അത് മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നു. അങ്ങനെ പറഞ്ഞു വരുമ്പോൾ പുതിയ വർഷത്തിലേക്കുള്ള പ്രവേശനം കഴിഞ്ഞ വർഷത്തെ പഠിക്കാനും കുറിച്ചിടാനും മാത്രമുള്ള ഒരു സംഗതിയാണ്. കാലത്തിൽ നിന്ന് അതിന്റെ പാഠങ്ങളെ കൃത്യമായി വേർതിരിച്ചിരിച്ചെടുക്കുവാൻ ഈ ആണ്ടറുതികൾ സഹായകമാണ്. കാലത്തിൻ്റെ പാഠങ്ങളെ വൈകാരിക അനുഭവങ്ങളായി വിലയിരുത്തുന്നവർ പൊതുവേ ധരിക്കുക, കടന്നുപോകുന്ന കാലത്തേക്കാൾ ഒന്നുകൂടി മെച്ചപ്പെട്ടതും നല്ലതും ആയിരിക്കും കടന്നുവരുന്ന കാലം എന്നായിരിക്കും. കാരണം മുന്നോട്ട് ഗമിക്കും തോറും മനുഷ്യൻ പുതിയ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഓരോ കണ്ടുപിടുത്തവും ജീവിതത്തെ കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ളതുമാണ്. എന്നാൽ സത്യം അതല്ല. അത്തരം കണ്ടുപിടുത്തങ്ങൾ ഒന്നും മനുഷ്യനെ സ്വാധീനിക്കുന്ന ഒരു ഘടകമായി മാറുന്നില്ല. യന്ത്രങ്ങളിൽ നിന്ന് ആവി എൻജിനിലേക്കും അതിൽ നിന്ന് വൈദ്യുതിയിലേക്കും വൈദ്യുതിയിൽ നിന്ന് ഇൻറർനെറ്റിലേക്കും ഇപ്പോൾ അതിൽ നിന്ന് നിർമ്മിത ബുദ്ധിയിലേക്കും മനുഷ്യൻ്റെ ലോകം കടന്നിരിക്കുകയാണ്. പക്ഷേ ഓരോ കാലത്തുനിന്നും നേരെ പിന്നിലുള്ളവയിലേക്ക് നോക്കുമ്പോൾ നമുക്ക് ജാള്യതയാണ് ഉണ്ടാകുന്നത്. ടെലിവിഷനിൽ രംഗങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കണ്ണുകൾ മൂലയിൽ ഉപേക്ഷിക്കപ്പെട്ട പഴയ റേഡിയോയിൽ വീഴുമ്പോൾ അവന് അത് പാഠമല്ല, മറിച്ച് തന്റെ പരിമിതിയുടെ ജാള്യതയാണ് പകരുക. കണ്ടുപിടിത്തങ്ങൾ വഴി ഉണ്ടാകുന്ന വികാസമല്ല കാലം നൽകുന്ന, നൽകേണ്ടുന്ന പാഠം എന്ന് ചുരുക്കം. അപ്പോൾ കാലം ശരിക്കും ഒരു പാഠമായി മാറണമെങ്കിൽ കഴിഞ്ഞുപോകുന്ന കാലം കടന്നുവരുന്ന കാലത്തേക്കാൾ മെച്ചപ്പെട്ടത് ആയിരിക്കണം. കാരണം, കാലം എപ്പോഴും പഠിപ്പിക്കുന്നത് അതുൾക്കൊള്ളുന്ന മൂല്യങ്ങളും നിലവാരങ്ങളുമെല്ലാം ആയിരിക്കേണ്ടതാണ്. അവയാകുമ്പോൾ അവ മനുഷ്യന് അഭിമാന ബോധം, നല്ല ഭാവിക്ക് വേണ്ട പ്രചോദനം തുടങ്ങിയവ പ്രദാനം ചെയ്യും. അതുതന്നെയാണ് കാലത്തിൻ്റെ പാഠവും.
കാലത്തിൻ്റെ ഈ മൂല്യം കൃത്യമായി
ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുള്ളത് മഹാനായ നബി തിരുമേനി(സ്വ) തങ്ങളാണ്. സ്വഹീഹുൽ ബുഖാരിയിൽ അനസ്(റ) യെതൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: 'ഏതൊരു കാലത്തേക്കാളും മോശമായിരിക്കും പിന്നീട് വരുന്ന കാലം; അന്ത്യനാൾ വരെക്കും'. ഇതേ ധ്വനി പല തിരുവരുളുകളിലും ഉണ്ട്. ഏറ്റവും ഉത്തമമായ കാലം എന്റേതാണ്, പിന്നെ അതിനുശേഷമുള്ളതും പിന്നെ അതിനുശേഷമുള്ളതും എന്ന് ഹദീസ് ഉദാഹരണം. അവിടെയെല്ലാം നബി തങ്ങൾ പിന്നെ എന്ന് ഉപയോഗിച്ചിരിക്കുന്നതിൽ നിന്നും ഇതുതന്നെയാണ് മനസ്സിലാക്കാനുള്ളത്. ഏതൊരു കാലത്തിനും പഠിക്കാനുള്ള മൂല്യങ്ങളും പാഠങ്ങളും അവയിലേക്കുള്ള പ്രചോദനങ്ങളും എല്ലാം കൊണ്ട് സമ്പന്നമായിരിക്കും അതിനു തൊട്ടു മുമ്പുള്ള കാലം. ഇതു പറയുമ്പോൾ ഭാഷയിൽ ശ്രദ്ധിക്കുന്നവർക്ക് പ്രത്യേകിച്ചും ഏറെ കൗതുകമുണർത്തുന്ന ഒരു കാര്യം കൂടി പറയാനുണ്ട്. അത് മറ്റൊന്നുമല്ല, നമ്മുടെ ഭാഷാ വ്യവഹാരത്തിൽ 'സത്യാനന്തരം' (Post-Truth) എന്ന ഒരു പുതിയ പ്രയോഗം ഈ അടുത്തായി കടന്നു വന്നിരിക്കുന്നു എന്നതാണ്. ഓക്‌സ്‌ഫോഡ് നിഘണ്ടു 2016-ല്‍ പതിവുപോലെ ആ വര്‍ഷത്തിന്റെ പദമായി ഈ വാക്ക് തെരഞ്ഞെടുത്തപ്പോഴാണ് അത് ജനശ്രദ്ധ നേടിയത്. സത്യത്തിനു ശേഷമുള്ള കാലം എന്നാണ് സത്യാനന്തരകാലം എന്ന് പ്രയോഗിക്കുന്നവര്‍ വിവക്ഷിക്കുന്നത്. അതായത് സത്യം മരിച്ചു, സത്യത്തിന്റെ കാലം പിന്നിട്ടു, ഇപ്പോള്‍ സത്യമില്ലാതായി എന്നൊക്കെയാണ് അതിൻ്റെ ആശയം. സത്യത്തിനു ശേഷം മറ്റൊന്നുണ്ടായി എന്നു പറയുമ്പോൾ അത് നേരെ ചൊവ്വേ സത്യമല്ലാത്ത മറ്റൊന്ന് ഉണ്ടായി എന്ന് അർത്ഥത്തിലേക്കാണ് എത്തിച്ചേരുന്നത്. സത്യമല്ലാത്ത ഒന്ന് അർദ്ധ സത്യമോ ഭാഗിക സത്യമോ അല്ലെങ്കിൽ അസത്യം തന്നെയോ ഒക്കെ ആയിരിക്കാനാണ് സാധ്യത. ഏതായാലും സത്യം എന്നതിൽ നിന്ന് അസത്യം എന്നതിലേക്ക് കാലം കടന്നിരിക്കുന്നു എന്ന് ഈ പ്രയോഗം സമ്മതിക്കുന്നു എന്നാണ് ഞാൻ പറഞ്ഞു വന്നത്.
കാലം ഏറ്റവും വലിയ സാക്ഷിയാണ്. ഉണ്ടായതെല്ലാം കണ്ടതും അനുഭവിച്ചതും കാലമാണ്. ഇനി ഉണ്ടാവാനിരിക്കുന്നതിനെ എല്ലാം കാണുവാനുള്ള ഭാഗ്യം, നമ്മുടെ അനുമാനം അനുസരിച്ച്, കാലത്തിന് തന്നെയാണ്. കാലമെല്ലാം കാണുന്നു എന്ന ഈ പരമസത്യം മനുഷ്യനെ നയിക്കേണ്ട പ്രധാന തത്വമാണ്. അതുകൊണ്ടുതന്നെ കാലത്തെ സാക്ഷ്യപ്പെടുത്തി സൃഷ്ടാവായ അല്ലാഹു മനുഷ്യനോട് ഈ സാക്ഷിയെ മാനിച്ചു ജീവിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. ഖുർആനിലെ 103-മത്തെ അദ്ധ്യായമായ സൂറത്തുൽ അസ്വറിൻ്റെ ഉള്ളടക്കം അതാണ്. അതിൽ അല്ലാഹു പറയുന്നു: 'കാലം തന്നെ ശപഥം, നിശ്ചയം, മനുഷ്യരാശി മഹാനഷ്ടത്തില്‍ തന്നെയാകുന്നു-സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ'. ആയുഷ്‌കാലത്തിന്റെ ഒരംശം പോലും വൃഥാ വ്യയം ചെയ്തുകൂടെന്നാണ് കാലം കൊണ്ടുള്ള ശപഥത്തിന്റെ സൂചന. സത്യവിശ്വാസം, സല്‍കര്‍മാനുഷ്ഠാനം, സത്യവും സഹനവും മുറുകെ പിടിക്കാനുള്ള പരസ്പര ഉപദേശം, ഇവ മനുഷ്യ വിജയത്തിന്റെ ആധാര ശിലകളാകുന്നു എന്നുകൂടി പറയുമ്പോൾ കാലത്തെ ആഘോഷിക്കേണ്ടത് കയ്യിലുള്ള കാലത്തെ നന്മയ്ക്കു വേണ്ടി വ്യയം ചെയ്തു എങ്കിലാണ്. ഇത്രയും വലിയ തത്വം ഉൾക്കൊള്ളുന്നത് കൊണ്ടുതന്നെ ഈ സൂറത്തും അതിലെ സൂക്തങ്ങളും മനുഷ്യ ജീവിതത്തിൻറെ അച്ചടക്കത്തെ വല്ലാതെ സ്വാധീനിക്കുന്നു. ഇമാം ശാഫിഈ(റ) പറഞ്ഞു: 'ഈയൊരധ്യായം മാത്രമേ അല്ലാഹു ഖുര്‍ആനായി ഇറക്കിയിരുന്നുള്ളുവെങ്കില്‍ തന്നെ മനുഷ്യര്‍ക്ക് ശാശ്വത വിജയം നേടാന്‍ ഇതുതന്നെ പര്യാപ്തമായിരുന്നു'. മാത്രമല്ല, നബി(സ്വ)യുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്‍പ്പിക്കാതെ പിരിഞ്ഞു പോകാറില്ലായിരുന്നു. അനന്തരം ഒരാള്‍ മറ്റെയാള്‍ക്ക് സലാം ചൊല്ലി പിരിഞ്ഞു പോകും.
നേരെ ചൊവ്വേ കാലത്തെ മാന്യമായി ഉപയോഗപ്പെടുത്തിയാൽ തന്നെ കാലത്തോടുള്ള മനുഷ്യൻ്റെ കടമ നിർവഹിക്കപ്പെടും. ഈ ഉപയോഗപ്പെടുത്തൽ എന്നതിന് വലിയ അർത്ഥതലമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സജീവതയും സക്രിയതയും ആണ്. ഒരു നിമിഷവും പാഴാക്കാതെ ജീവിതത്തെ നല്ല നിലയിൽ പരിപൂർണ്ണമായി ഉപയോഗപ്പെടുത്തുക എന്നതാണത്. ഓരോ സമയവും പ്രവർത്തനനിരതമായിരിക്കണം. ഒന്നിൽ നിന്ന് വിരമിക്കുന്നതോടുകൂടി മറ്റൊന്ന് ആരംഭിക്കണം എന്നാണ് അല്ലാഹുവിൻ്റെ അഭീഷ്ടം. അല്ലാഹു പറയുന്നു: 'ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ ഉടനെ നീ മറ്റൊന്നിനുള്ള അദ്ധ്വാനം തുടങ്ങുക' (ശർഹ് : 7). അധ്വാനങ്ങളും ശ്രമങ്ങളും ഒരിക്കലും നിര്‍ത്തിവെക്കാതിരിക്കുക, ആലസ്യം കൈവെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക, എന്നാണ് പണ്ഡിതന്മാർ ഈ ആയത്തിനെ വ്യാഖ്യാനിക്കുന്നത്. ഈ ഉപയോഗപ്പെടുത്തൽ കൃത്യമായ പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും വെളിച്ചത്തിൽ ആയിരിക്കണം. എന്തിലെങ്കിലും സമയം കളയുകയല്ല. ആ സമയത്തും ഭാവിക്കും ഏറ്റവും അനിവാര്യമായ വിഷയത്തിൽ തന്നെ അതു ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. തന്റെ കൊട്ടാരത്തിൽ ശ്വാസം പിടിച്ചു നിറുത്തുന്ന സർക്കസ് അവതരിപ്പിച്ചതിന് 100 പൊൻ പണം നാമായി നൽകിയ ഖലീഫ അബൂ ജഅഫർ ഒപ്പം അയാൾക്ക് നൂറടി കൊടുക്കുവാനും ഉത്തരവിട്ട ഒരു കഥയുണ്ട്. കാര്യമെന്തെന്നറിയാതെ ഖലീഫയുടെ മുഖത്തേക്ക് നോക്കിയവരോട് ഖലീഫ പറഞ്ഞു: 'ഇത് ഒരാൾക്കും ഒരു ഉപകാരവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾക്ക് വേണ്ടി വിലപ്പെട്ട സമയം ചെലവഴിച്ചതിനുള്ള ശിക്ഷയാണ് എന്ന്.
ഇതിന് ആദ്യം സമയത്തിന്റെ മൂല്യം മനസ്സിലാക്കണം. ഒരു വ്യക്തിയുടെ കൈവശമുള്ള ഏറ്റവും വിലയേറിയ വസ്തുവാണ് സമയം. അത് എല്ലാ പ്രവൃത്തികളുടെയും ഉൽപ്പാദനത്തിന്റെയും യഥാർത്ഥ മൂശയാണ്. ഇമാം ഹസനുൽ ബസ്വരി(റ) പറയുന്നു: 'ആദമിന്റെ മകനേ, നീ ദിവസങ്ങൾ മാത്രമാണ്. ഓരോ ദിവസവും കടന്നുപോവുമ്പോൾ നിന്റെ തന്നെ അംശമാണ് കടന്നു പോകുന്നത്'. 'ഒരാളുടെ ഹൃദയമിടിപ്പ് അവനോട് പറയുന്നു: ജീവിതം മിനിറ്റുകളും സെക്കൻഡുകളും മാത്രം മാത്രമാണ്' എന്ന തത്വചിന്തകനായ അറബിക്കവി. നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഏറ്റവും വിലപിടിച്ചവയിൽ ഒന്നാണ് സമയം. സമയം പോയാൽ പോയതു തന്നെ. ഒരു വിലാപത്തിനും അതിനെ തിരിച്ചു തരാൻ കഴിയില്ല. ഇങ്ങനെയെല്ലാം ആഴങ്ങളിലേക്ക് ഇറങ്ങുമ്പോൾ നമ്മുടെ മനസ്സ് പറയും, പുതുവർഷം ആഘോഷത്തേക്കാൾ അപ്പുറം ഒരു ആലോചനയാണ് എന്ന്. അല്ലാഹു അതിനെ ദൃഷ്ടാന്തം എന്നാണല്ലോ വിളിക്കുന്നത്. അവൻ പറയുന്നു: 'രാത്രിയെയും, പകലിനെയും, സൂര്യനെയും, ചന്ദ്രനെയും അവൻ നിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയനുസരിച്ച് വിധേയമാക്കപ്പെട്ടവയാണ്. നിശ്ചയമായും, അതിലൊക്കെയും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ജനങ്ങൾക്കു പല ദൃഷ്ടാന്തങ്ങളുണ്ട്'. (16:12)
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso