Thoughts & Arts
Image

കാലം: ആലോചനക്കും ആഘോഷത്തിനുമിടയിൽ

03-01-2025

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







കാലം വീണ്ടും കലണ്ടർ മാറ്റുകയാണ്. ഈ മുഹൂർത്തത്തിൽ നമ്മുടെ ചിന്താവിഷയവും കാലം തന്നെയാണ്. കാരണം കാലം ഏറ്റവും വലിയ അത്ഭുതവും സത്യവുമാണ്. അതിനാൽ തന്നെ അത് സൃഷ്ടാവിലേക്ക് വിരൽചൂണ്ടുന്ന അമാനുഷികതയുടെ അധ്യായങ്ങളിൽ ഒന്നുമാണ്. അമാനുഷികത എന്ന ആശയവും കാലം എന്ന വിഷയവും ഒരേപോലെ കൈകാര്യം ചെയ്യുവാൻ നമുക്ക് ഏറ്റവും നല്ല ഒരു അധ്യായമാണ് വിശുദ്ധ ഖുർആനിലെ നൂറ്റിമൂന്നാമത്തെ അധ്യായമായ സൂറത്തുൽ അസ്വർ. വെറും മൂന്ന് സൂക്തങ്ങൾ ഉള്ള ഈ കൊച്ചു സൂറയിൽ അല്ലാഹു വലിയ തത്വങ്ങളാണ് ഒതുക്കി ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അതിൽ അല്ലാഹു പറയുന്നു: 'കാലം തന്നെ ശപഥം, നിശ്ചയം, മനുഷ്യരാശി മഹാനഷ്ടത്തില്‍ തന്നെയാകുന്നു-സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ'. ആയുഷ്‌കാലത്തിന്റെ ഒരംശം പോലും വൃഥാ വ്യയം ചെയ്തുകൂടെന്നാണ് കാലം കൊണ്ടുള്ള ശപഥത്തിന്റെ സൂചന. കാലം എന്ന വിശാലമായ ആശയത്തിന്റെ ഘടകങ്ങളാണ് സമയങ്ങൾ. ആ സമയങ്ങളിൽ ഓരോന്നിനെയും പലയിടത്തായി പരിഗണിച്ച അള്ളാഹു അവയെ എല്ലാം ചേർത്ത് മൊത്തം കാലത്തെയും ആണയിടാൻ വേണ്ടി ഉപയോഗിച്ചിരിക്കുകയാണ് എന്നതാണ് ഈ സൂറത്തിൻ്റെ തുടക്കത്തിൻ്റെ പ്രത്യേകത. സമയങ്ങളിൽ പ്രഭാത സമയത്തെ പ്രത്യേകം എടുത്തുപറഞ്ഞ് ശപഥം ചെയ്യാൻ അല്ലാഹു ഉപയോഗിച്ചത് കാണാം. അല്ലാഹു പറയുന്നു:
'പ്രഭാതം തന്നെയാണ (സത്യം)! പത്ത് രാത്രികൾ തന്നെയാണ സത്യം' (89: 1-2). മറ്റൊരു സൂക്തം ഇങ്ങനെയാണ്: 'പ്രഭാതം പ്രകാശമാനമാകുമ്പോൾ അതു കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു'. (81:18)



പ്രഭാതം കഴിഞ്ഞാൽ പിന്നെ പ്രധാനമായി അടയാളപ്പെടുത്തപ്പെടുന്ന സമയം പൂർവ്വാഹ്നമാണ്. ആ സമയത്തെയും അല്ലാഹു ശപഥത്തിനായി ഇങ്ങനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു: 'സൂര്യനും, അതിന്റെ പൂർവാഹ്ന പ്രഭയും തന്നെയാണ സത്യം! (91:1). മറ്റൊരു സൂക്തം ഇങ്ങനെയാണ്: 'പൂർവ്വാഹ്നം തന്നെയാണ സത്യം'! (93:1). പിന്നെ പകലിനെ മുഴുവനും കൊണ്ട് മറ്റു പലയിടത്തും അല്ലാഹു ശപഥം ചെയ്തിട്ടുണ്ട്. അവയിൽ ഒന്ന് ഇപ്രകാരമാണ്: 'പകലിനെ തന്നെയാണ് സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോൾ' (92:2). പിന്നെ പകൽ ഒടുങ്ങുന്ന അസ്തമയ സമയത്തെ കൊണ്ടും അല്ലാഹു ശപഥം ചെയ്യുന്നുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'അസ്തമയ ശോഭകൊണ്ടു ഞാൻ സത്യം ചെയ്തു പറയുന്നു' (84: 16) രാത്രിയെ കൊണ്ടും സത്യം ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: 'രാവിനെതന്നെയാണ് സത്യം; അത് മൂടികൊണ്ടിരിക്കുമ്പോൾ' (92:1). മറ്റൊരു സൂക്തം ഇങ്ങനെയാണ്: 'രാത്രി തന്നെയാണ് സത്യം - അതു അതിനെ മൂടിക്കൊണ്ടിരിമ്പോൾ'! (91:4) രാത്രിയുടെ അവസാന യാമങ്ങളും ശപഥത്തിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: 'രാത്രി പിന്നിട്ട് പോകുമ്പോൾ അതിനെ തന്നെയാണ് സത്യം' (74:33). മറ്റൊരിടത്ത് ഇങ്ങനെയാണ് പറയുന്നത്: 'രാത്രി നീങ്ങുമ്പോൾ അതു കൊണ്ടും സത്യം', (81 :17). രാത്രിയും അതുൾക്കൊള്ളുന്ന സകലമാന കാര്യങ്ങളും മാത്രമല്ല അതിൻറെ സഞ്ചലനവും അതിൻറെ ശാന്തതയും എല്ലാം അല്ലാഹു എടുത്തു പറഞ്ഞു ശപഥം ചെയ്യുന്നുണ്ട്. (84 : 17, 89:4, 93: 2). ഇങ്ങനെ ഒരു ദിവസത്തിലെ വിവിധ സമയങ്ങളിൽ മാത്രം ഈ ശപഥം ഒതുങ്ങുന്നില്ല. പ്രത്യേകമായ ദിനരാത്രങ്ങൾ അതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'പത്ത് രാത്രികൾ തന്നെയാണ് സത്യം' (89: 2) ഇവിടെ ദുൽ ഹജ്ജിലെ ആദ്യ പത്തു രാത്രികളാണ് ഉദ്ദേശമെന്നാണ് പണ്ഡിതർ വ്യാഖ്യാനിക്കുന്നത്. അപ്രകാരം തന്നെ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു ദിനമാണ് ഖിയാമത്ത് നാൾ. അതുകൊണ്ടും അല്ലാഹു ശപഥം ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: ‘ഖിയാമത്തു’നാൾ [ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം] കൊണ്ടു ഞാൻ സത്യം ചെയ്തു പറയുന്നു' (75: 1). മറ്റൊരു ആയത്തിൽ ഇങ്ങനെയുണ്ട്: 'വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം' (85: 2).



സമയം എന്നത് മനുഷ്യൻ്റെ ജീവിതം തന്നെയാണ് എന്നാണല്ലോ തത്വം. ഇമാം ഹസനുൽ ബസ്വരി(റ) പറയുന്നു: 'ആദമിന്റെ മകനേ, നീ ദിവസങ്ങൾ മാത്രമാണ്. ഓരോ ദിവസവും കടന്നുപോവുമ്പോൾ നിന്റെ തന്നെ അംശമാണ് കടന്നു പോകുന്നത്'. 'ഒരാളുടെ ഹൃദയമിടിപ്പ് അവനോട് പറയുന്നു: ജീവിതം മിനിറ്റുകളും സെക്കൻഡുകളും മാത്രം മാത്രമാണ്' എന്ന തത്വചിന്തകനായ അറബിക്കവി. അതുകൊണ്ടുതന്നെ അല്ലാഹു മനുഷ്യൻ്റെ ആയുഷ്കാലം ഇതേപോലെ ശപഥത്തിനായി ഉപയോഗിക്കുന്നുണ്ട്. നബി തിരുമേനി(സ്വ)യെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: 'താങ്കളുടെ ആയുഷ്ക്കാലം തന്നെ സത്യം! നിശ്ചയമായും അവർ, അവരുടെ ലഹരിയിൽ മതിമറന്ന് അലഞ്ഞു നടക്കുകയാണ്!' (15:72). ഇപ്രകാരം തന്നെ ചില പ്രത്യേക ശ്രദ്ധ അറിയിക്കുന്നതോ ശ്രേഷ്ഠത ഉൾക്കൊള്ളുന്നത് ആയ കാല കഷണങ്ങളെയും അല്ലാഹു എടുത്തുപറഞ്ഞ് അനുസ്മരിപ്പിക്കുന്നുണ്ട്. അവയിൽ ഒന്നാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. 9:36, 22:32, 2:217 എന്നീ സൂക്തങ്ങളിൽ എല്ലാം ഈ പരാമർശം ഉണ്ട്. പ്രത്യേക കാലങ്ങളെ മനുഷ്യൻ്റെ സവിശേഷമായ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് അല്ലാഹു. നാലു മാസങ്ങളുടെ കാര്യം കഴിഞ്ഞാൽ പിന്നെ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു കാലത്തെ അള്ളാഹു അനുസ്മരിപ്പിക്കുന്നുണ്ട് വിശുദ്ധ ഖുർആനിലൂടെ. അത് വിശുദ്ധ റമദാൻ മാസത്തെയാണ്. അല്ലാഹു പറയുന്നു: 'ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമമാക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. (2:183). ലൈലത്തുൽ ഖദർ എന്നു പറയുന്ന ഒരു അനുഗ്രഹീത രാത്രിയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും അല്ലാഹു നടത്തുന്നുണ്ട് (97:1-5). അൽബഖറ അദ്ധ്യായത്തിന്റെ 203-ാം സൂക്തത്തിൽ അല്ലാഹു പറയുന്നു: 'നിശ്ചിത ദിനങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ അനുസ്മരിക്കുക. ഇനി രണ്ടു ദിവസം കൊണ്ടു മതിയാക്കി ഒരാള്‍ വേഗം പോന്നാല്‍ കുറ്റമൊന്നുമില്ല; വഴിയെ പോരുന്നവന്നും തെറ്റില്ല. ഭക്തന്മാര്‍ക്കാണിത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവങ്കലേക്കാണ് ഒരുമിച്ചുകൂട്ടപ്പെടുകയെന്നറിഞ്ഞിരിക്കുകയും ചെയ്യുക'. ദുല്‍ഹിജ്ജ 11, 12, 13 ലെ മിനാ വാസവും കല്ലേറുമാണ് ഇവിടെ ഉദ്ദേശ്യം. ഈ ദിനങ്ങൾ അയ്യാമുത്തശ്ശിരീഖ് എന്ന വ്യവഹരിക്കപ്പെടുന്നു. ഈ ദിവസങ്ങളെല്ലാം ശ്രേഷ്ഠതയുടെ കാര്യത്തിൽ പ്രത്യേകം എടുത്തു പറയേണ്ട ദിവസങ്ങളാണ് അപ്പോൾ മാത്രമാണ് വിശ്വാസികൾ അതിനെ ആ അർത്ഥത്തിൽ പരിഗണിക്കുക. ഈ അർത്ഥത്തിൽ ഉണർത്തപ്പെടുന്ന പരാമർശമാണ് വെള്ളിയാഴ്ചയും. ആ പേരിൽ ഒരു സൂറത്ത് തന്നെ വിശുദ്ധ ഖുർആനിൽ ഉണ്ട്. 62-ാം അധ്യായമാണിത്.



എങ്ങനെ പ്രത്യേകം എടുത്തു പറയേണ്ട സമയങ്ങൾ ദിവസങ്ങൾ യാമങ്ങൾ എന്നിവയെല്ലാം ഓർമ്മപ്പെടുത്തിയതിനു ശേഷം അല്ലാഹു സൂറത്തുൽ അസ്വറിലൂടെ മൊത്തം കാലത്തെ തന്നെ എടുത്തു പറഞ്ഞു മനുഷ്യനെ ഉണർത്തുകയാണ്. മാത്രമല്ല കാലം എന്ന ഈ സത്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താത്തവൻ നഷ്ടത്തിൽ മൂക്കുകുത്തി വീഴും എന്ന് പറഞ്ഞു പിന്നെ കാലത്തെ നിറക്കേണ്ടത് എന്തുകൊണ്ടെല്ലാമാണ് എന്ന് അല്ലാഹു പറഞ്ഞു തരുന്നു. അത് അങ്ങനെ ഉപയോഗപ്പെടുത്താത്തവർ പരാജയപ്പെട്ടു പോകുന്നു എന്നാണ് വിശുദ്ധ ഖുർആൻറെ നിലപാട്. അതിനാൽ തന്നെ, സത്യവിശ്വാസം, സല്‍കര്‍മാനുഷ്ഠാനം, സത്യവും സഹനവും മുറുകെ പിടിക്കാനുള്ള പരസ്പര ഉപദേശം, ഇവ മനുഷ്യ വിജയത്തിന്റെ ആധാര ശിലകളാകുന്നു എന്നുകൂടി പറയുമ്പോൾ കാലത്തെ ആഘോഷിക്കേണ്ടത് കയ്യിലുള്ള കാലത്തെ നന്മയ്ക്കു വേണ്ടി വ്യയം ചെയ്തു കൊണ്ടാണ് എന്ന അർത്ഥത്തിലേക്ക് ഈ സൂറത്ത് നമ്മെ കൊണ്ടുപോകുന്നു. ഇത്രയും വലിയ തത്വം ഉൾക്കൊള്ളുന്നത് കൊണ്ടുതന്നെ ഈ സൂറത്തും അതിലെ സൂക്തങ്ങളും മനുഷ്യ ജീവിതത്തിൻ്റെ അച്ചടക്കത്തെ വല്ലാതെ സ്വാധീനിക്കുന്നു. ആ സ്വാധീനം മഹാനായ ഇമാം ശാഫി(റ) ഇങ്ങനെ വരച്ചുവെക്കുന്നുണ്ട്. മഹാനവർകൾ പറഞ്ഞു: 'ഈയൊരധ്യായം മാത്രമേ അല്ലാഹു ഖുര്‍ആനായി ഇറക്കിയിരുന്നുള്ളുവെങ്കില്‍ തന്നെ മനുഷ്യര്‍ക്ക് ശാശ്വത വിജയം നേടാന്‍ ഇതുതന്നെ പര്യാപ്തമായിരുന്നു'. മാത്രമല്ല, നബി തിരുമേനി(സ്വ)യുടെ കാലത്ത് ഈ സൂറത്തിന്റെ ആശയം സമുദായത്തിന്റെ എല്ലാ മനസ്സറകളിലേക്കും നന്നായി ഇറങ്ങിച്ചെല്ലുകയുണ്ടായി. നബി(സ്വ)യുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്‍പ്പിക്കാതെ പിരിഞ്ഞു പോകാറില്ലായിരുന്നു. അനന്തരം ഒരാള്‍ മറ്റെയാള്‍ക്ക് ‌ സലാം ചൊല്ലി പിരിഞ്ഞു പോകും.



കാലത്തെ കൃത്യമായി പരിഗണിക്കാനുള്ള പ്രചോദനം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നൽകുന്നുണ്ട്. അതിനു മൂന്നു മാർഗ്ഗങ്ങൾ പൊതുവേ അവൻ സ്വീകരിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് സൂറത്തുല്‍ അസ്വ്‌റ് എന്ന അധ്യായവും അതിലെ ആശയവും. കാലത്തെ അതിൻ്റെ ഗൗരവത്തോടുകൂടി സമീപിക്കണമെന്ന സന്ദേശം ഉൾക്കൊള്ളുന്ന രണ്ടാമത്തെ പ്രചോദനമാണ് കാലത്തെ ചുറ്റിപ്പറ്റിയുള്ള കളികള്‍ ശക്തമായ ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍ നിരോധിക്കുകയും നിരൂപണം ചെയ്യുകയും ചെയ്തത്. ജാഹിലിയ്യ കാലത്ത് അറബികള്‍ക്കിടയില്‍ അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നു. അവരുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് ചില മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും വെക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇതിനെ നസീഅ് എന്നാണ് പറയുന്നത്. ഇത് വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിരൂപിക്കുകയുണ്ടായി. അള്ളാഹു പറയുന്നു: 'മാസങ്ങളുടെ വിശുദ്ധി പിന്നോട്ടുമാറ്റുന്നത് വര്‍ധിത സത്യനിഷേധം മാത്രമാണ്' (തൗബ: 37). മൂന്നാമത്തെ പ്രചോദനം കാലത്തെ വിശുദ്ധ ഖുര്‍ആന്‍ ഒരു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നു എന്നതാണ്. അല്ലാഹു പറയുന്നു: 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്' (ആലു ഇംറാന്‍: 190). കാലം വലിയ ചിന്തയാണ് എന്ന് ഈ സൂക്തം പറയുന്നു. ഈ ആയത്തിന്റെ പശ്ചാത്തലത്തില്‍ നബി തിരുമേനി (സ) ഇങ്ങനെ പറയുകയുമുണ്ടായി, ഈ ആയത്തിന്റെ ആശയത്തെ ചിന്തക്ക് വിധേയമാക്കാതെ വെറുതെ വായയിലിട്ട് ചവച്ചരക്കുന്നവന് മഹാനഷ്ടമാണ് വരാനിരിക്കുന്നത് എന്ന്. സഞ്ചാരത്തിനിടെ കാലം കണ്ടുമുട്ടുന്ന കാര്യങ്ങളെല്ലാം ചിന്തിക്കാനുള്ള വിഷയങ്ങള്‍ തന്നെ. എന്നാല്‍ കാലം എന്നത് തന്നെ മനുഷ്യചിന്തയെ ഉദ്ദീപിപ്പിക്കാന്‍ പോന്ന വലിയ വിഷയമാണ്.



24 മണിക്കൂര്‍ അഥവാ ഒരു ദിവസം കൃത്യമായി ലഭിക്കുന്നത് ഭൂമി അതിന്റെ അച്ചുതണ്ടില്‍ കൃത്യമായി ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. അതായത്, ഭൂമി അതിന്റെ ചെരുവില്‍ ഒരു തവണ തിരിയുന്ന സമയം. ഭൂമിയുടെ കറക്കം എന്നത് ഒരു ചെറിയ വേഗതയല്ല. ഭൂമി അപാരമായ വേഗതയിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും അത് 1,600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതായത് നാം നില്‍ക്കുന്ന പ്രദേശം മണിക്കൂറില്‍ 1,600 കി മീ. വേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഓരോ സെക്കന്റിലും ഉദ്ദേശം അര കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഭൂമി സൂര്യനെ ലക്ഷ്യംവെച്ച് സഞ്ചരിക്കുന്ന വേഗത എന്നത് മണിക്കൂറില്‍ 1,08000 കിലോമീറ്റര്‍ ആണ്. ഈ രണ്ട് ഭയാനകരമായ ചലനങ്ങള്‍ക്ക് നാം നില്‍ക്കുന്ന പ്രദേശം സദാ വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1,08000 കി മീ. വേഗത്തില്‍ മുന്നോട്ടും 1,600 കി മീ. വേഗത്തില്‍ പിന്നോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഓരോ പ്രദേശവും. പക്ഷേ, എന്നിട്ടും ഈ ഭീമമായ കറക്കത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും അനുഭവപ്പെടുന്നില്ല എന്നത് പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. ഈ വേഗതക്ക് അനുസൃതമായ ഇളക്കവും കുലുക്കവും ഭൗമോപരിതലത്തില്‍ അനുഭവപ്പെടുന്നുണ്ട് എങ്കില്‍ മനുഷ്യന് സമാധാനപരമായ ജീവിതം തന്നെ സാധ്യമാകുമായിരുന്നില്ല. ഇത്രയും കൃത്യതയോടെയും ശാസ്ത്രീയമായുമാണ് അല്ലാഹു പ്രപഞ്ചത്തിന്റെ വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണ ബലം എന്നൊക്കെ അതിനെ ശാസ്ത്രീയമായി വിളിക്കുന്നു.



കാലം മനുഷ്യ ജീവിതത്തിന്റെ ചാലക ശക്തിയാണ്. അതങ്ങനെയാണ് അങ്ങന ആകുന്നത് എന്ന് ആദ്യം ചിന്തിക്കാം. കാലം അതിന്റെ ഉത്ഭവത്തില്‍തന്നെ മൂന്നായി തരം തിരിയുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ. ഇത് സ്വാഭാവികതയാണ്. ആരും കാലത്തെ ഈ ഘട്ടങ്ങളിലക്ക് തിരിച്ചുവിടേണ്ടതില്ല. ഇങ്ങനെ മൂന്നാകുന്നതും അല്ലാഹുവിന്റെ മഹാ കാരുണ്യമാണ്. കാരണം, അപ്പോഴാണ് കാലം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്നത്. മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തൊട്ടുടനെ തന്നെ ഭൂതകാലമായിത്തീരുന്നു. തുടര്‍ന്ന് അത് ശരിയായിരുന്നുവോ എന്ന് പരിശോധിക്കാന്‍ മനുഷ്യന് വര്‍ത്തമാനകാലം അവസരമേകുന്നു. വര്‍ത്തമാനകാലത്തില്‍ ഭൂതകാലത്തെ വിലയിരുത്തി ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നടപ്പില്‍വരുത്താന്‍ ഭാവികാലം സഹായകമാകുന്നു. ഗതകാലത്തില്‍ സംഭവിച്ചത് തെറ്റായിരുന്നുവെങ്കില്‍ അത് തിരുത്താന്‍ അവസരം ലഭിക്കുന്നു. ശരിയായിരുന്നുവെങ്കില്‍ വീണ്ടും കൂടുതല്‍ ഉത്സാഹത്തോടെ അത് ചെയ്യാന്‍ പ്രചോദനമാകുന്നു. ഇത് കാലത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ടായതുകൊണ്ട് ലഭ്യമാകുന്ന നേട്ടങ്ങളാണ്. ഈ ക്രമം തികച്ചും ദൈവീകമാണ് എന്ന് പറയുമ്പോള്‍ അങ്ങനെ ഒരു ക്രമം നിശ്ചയിച്ചതിന്റെ പിന്നിലുള്ള തത്വവും ലക്ഷ്യവും ഈ വിധത്തില്‍തന്നെ ഉള്ളതായിരിക്കും. അതായത് മനുഷ്യന്‍ കാലത്തോട് കാണിക്കേണ്ട മര്യാദ, ഭൂതകാലത്തില്‍ ചെയ്ത എല്ലാ കാര്യങ്ങളെയും വര്‍ത്തമാനകാലത്തില്‍ പരിശോധനക്ക് വിധേയമാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഫലം അനുസരിച്ച് ഭാവികാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതു പക്ഷേ, മനുഷ്യന്‍ എപ്പോഴും ചെയ്തുകൊള്ളണമെന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ അവന്‍ അത്തരം പരിശോധനകള്‍ മറന്നുപോയേക്കാം. സത്യത്തില്‍, അത്തരം കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ വേണ്ടി ഉണ്ടാകുന്നതാണ് കാലവുമായി ബന്ധപ്പെട്ട അടിയന്തരങ്ങള്‍. അത് ചിലപ്പോള്‍ പെരുന്നാള്‍ പോലെയും ഹജ്ജ് പോലെയും മതപരമായ ചടങ്ങുകളോ ആരാധനകളോ ആയിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ ഗണിച്ചുവരുന്ന കാലത്തിന്റെ അടിയന്തരങ്ങളുമായിരിക്കാം.



ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോൾ പുതുവർഷം ഒരാഘോഷമല്ല ആലോചനയാണ്.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso