സൂറത്തുൽ മുനാഫിഖീൻ 7- 11 അനുഗ്രഹങ്ങളെ അവഗണിക്കരുത്
03-01-2025
Web Design
15 Comments
ഖുർആൻ പഠനം
ടീ എച്ച് ദാരിമി
7 അല്ലാഹുവിൻ്റെ റസൂലിൻ്റെ കൂടെയുള്ള മുഹാജിറുകള്‍ക്ക് അവര്‍ പിരിഞ്ഞു പോകുംവരെ നിങ്ങള്‍ ചെലവിനു നല്‍കരുത് എന്ന് ജല്‍പിക്കുന്നവരാണവര്‍. ആകാശ-ഭൂമികളിലെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്; പക്ഷേ, മുനാഫിഖുകള്‍ വസ്തുത ഗ്രഹിക്കുന്നില്ല.
8 ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ പ്രതാപശാലികള്‍ ഹീനന്മാരെ ബഹിഷ്‌കരിക്കുക തന്നെ ചെയ്യും എന്നവര്‍ തട്ടിവിടുന്നു. എന്നാല്‍ അല്ലാഹുവിനും ദൂതന്നും വിശ്വാസികള്‍ക്കുമാണ് പ്രതാപം; പക്ഷേ, കപടവിശ്വാസികള്‍ വസ്തുതയറിയുന്നില്ല.
ഈ രണ്ടു സൂക്തങ്ങൾ കപട വിശ്വാസികളുടെ കപട നീക്കങ്ങളിൽ ഒന്നിനെ വെളിച്ചത്തു കൊണ്ടുവരികയാണ്. എന്താണ് ഉണ്ടായത് എന്നത് ക്രമാണിക അനുസരിച്ചുള്ള കഥയായി ഇവിടെ പറയുന്നില്ല. അത് ഖുർആനിന്റെ ഒരു പൊതു കഥന സമീപനമാണ്. ചരിത്രത്തിലെ അനിവാര്യമായ പാഠങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന ഭാഗങ്ങൾ മാത്രം പറയുകയും ബാക്കിയുള്ളവയിലേക്ക് എത്തിച്ചേരാനുള്ള പ്രചോദനം അതിൽ നൽകുകയും ആണ് വിശുദ്ധ ഖുർആൻ പൊതുവേ ചെയ്യുന്നത്. അതുകൊണ്ടാണ് ഖുർആനിൽ പറയപ്പെട്ട ഒരു കഥയും ഒരു കഥയോ ചരിത്രമോ വായിക്കുന്ന രീതിയിൽ വായിച്ചു പോകാൻ കഴിയാത്തത്. സംഭവവും അതിൻറെ വിശദാംശങ്ങളും എല്ലാം സ്വഹീഹായ ഹദീസുകളിൽ നിന്ന് ലഭ്യമാവുക വിശുദ്ധ ഖുർആനിൻറെ വ്യാഖ്യാനമാണ് നബി തിരുമേനി(സ്വ)യുടെ ഹദീസുകൾ. ഈ സൂക്തങ്ങളിലെ പരാമർശങ്ങൾക്ക് ആധാരമായ സംഭവം നടക്കുന്നത് ബനൂ മുസ്ത്വലഖ് എന്ന ജനതയിലേക്ക് നബി തിരുമേനി(സ്വ)യും സൈനിക സഹാബിമാരും നടത്തിയ ഒരു സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ്. ഹിജ്റ അഞ്ചിൽ നടന്ന സംഭവമാണ് മുറൈസീഅ് ' എന്നും പറയപ്പെടുന്ന ബനു മുസ്ത്വലഖ് യുദ്ധം. മക്കയോട് അടുത്തായി താമസിച്ചിരുന്ന ബനൂ മുസ്ത്വലഖ് ഗോത്രക്കാർ മതപരവും ഭൗതികവുമായ പല ലക്ഷ്യങ്ങളും നേട്ടങ്ങളും പരിഗണിച്ചും ഇസ്‌ലാം മതത്തോടുള്ള അടക്കാനാകാത്ത വെറുപ്പും അതിയായ അസഹിഷ്ണതയും കാരണമായാലും മക്കക്കാരോട് കൂറ് പുലർത്തിയവരായിരുന്നു. ഉഹ്ദ് യുദ്ധത്തിൽ മക്കക്കാരുടെ സൈന്യത്തോടൊപ്പം ബനൂ മുസ്ത്വലക്കുകാരും ഉണ്ടായിരുന്നു എന്ന് മാത്രമല്ല മറ്റു പല ഗോത്രങ്ങളേയും അവർ യുദ്ധത്തിൽ പങ്കെടുപ്പിക്കുക കൂടി ചെയ്തു. (മശാരിക്കിൽ അൻവാർ അല സ്വിഹാഹിൽ ആസാർ). ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾക്ക് നേരിട്ട പരാജയം അവരെ പുളകിതരാക്കി. അവരുടെ നേതാവായ ഹാരിസ് ഇബ്നു അബൂ ളിറാറിനെ ഖുറൈശികൾ യുദ്ധത്തിനായി പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഖുറൈശികളുമൊത്ത് വേറൊരു യുദ്ധത്തിൽ കൂടി സഖ്യം ചേരാൻ അദ്ദേഹം തയ്യാറായി. മുസ്‌ലിംകളോട് മറ്റൊരു യുദ്ധത്തിന് അയാൾ പദ്ധതി ആവിഷ്കരിച്ചു. ഈ യുദ്ധമാണ് ബനൂ മുസ്ത്വലക്ക് യുദ്ധം. (അൽ കാമിൽ ഫി താരീഖ്: ഇബ്നുൽ അസീർ)
ഈ യുദ്ധം യുദ്ധം കഴിഞ്ഞു മടങ്ങിവരവേ മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹി ഇബ്‌നു സലൂല്‍ ചില ഗുരുതര പ്രസ്താവനകള്‍ നടത്തി. അത്തരം ഒരു ഇടപെടൽ നടത്താൻ ചെറിയ ഒരു കാരണം അവിടെ ഉണ്ടായി. സംഘം തിരിച്ചുപോരുമ്പോൾ അവർ മുശല്ലൽ എന്ന സ്ഥലത്ത് ഉള്ള ഒരു കിണറിൽ നിന്ന് വെള്ളം എടുക്കാൻ വേണ്ടി നിന്നു. വെള്ളം എടുക്കാൻ ഒരേ സമയം രണ്ടുപേർ കിണറ്റിന്റെ അടുത്തെത്തി. അവരിൽ ഒരാൾ മുഹാജിറായ ജഹ്ജാഹ് എന്ന സ്വഹാബിയായിരുന്നു. ഉമർ(റ)വിൻ്റെ ഒരു സേവകനായിരുന്നു അത്. രണ്ടാമത്തെയാൾ സിനാൻ എന്ന സ്വഹാബിയായിരുന്നു അദ്ദേഹമാകട്ടെ, അബ്ദുള്ളാഹി ബിൻ ഉബയ്യു ബിൻ സലൂലിൻ്റെ ആളുമായിരുന്നു. വെള്ളം എടുക്കുന്നതിനിടയിൽ ഒരാൾ ഒരാളുടെ കാലിൽ ചവിട്ടുകയോ മറ്റോ ചെയ്തിടത്ത് നിന്നാണ് വിഷയത്തിന്റെ തീപ്പൊരി ഉയർന്നത്. അതോടെ ആദ്യം സിനാൻ 'ഓ, അൻസാരികളെ..' എന്ന് വിലപിച്ച ഉറക്കെ വിളിച്ചു കരഞ്ഞു. അതുകേട്ട് അൻസാരികൾ ഓടിക്കൂടി. വൈകാതെ ജഹ്ജാഹ് മുഹാജിറുകളെയും വിളിച്ചു കരഞ്ഞു. രണ്ടു കൂട്ടരും സംഭവസ്ഥലത്ത് എത്തി. എത്തിയവരെല്ലാം സാധാരണ സഹാബിമാർ മാത്രമായിരുന്നു. പ്രധാനികളും മുതിർന്നവരും ആരും എത്തിയിട്ടുണ്ടായിരുന്നില്ല. തമ്മിൽ തമ്മിൽ ഉണ്ടാകുന്ന ചെറിയ വിഷയങ്ങളെ അങ്ങനെ ഗൗരവത്തോടെ കാണുന്നവർ ആയിരുന്നില്ല പക്വമതികളായ സ്വഹാബിമാർ. പക്ഷേ, ഓടിക്കൂടിയവരിൽ ഇബ്നു സലൂൽ ഉണ്ടായിരുന്നു. അയാൾ അതിവേഗം രംഗം കയ്യടക്കുകയും ഉച്ചത്തിൽ ഈ സംഭവത്തെ അൻസാരികളായ മദീനക്കാർക്കെതിരെയുള്ള മുഹാജിറുകളുടെ ഒരു അതിക്രമമായി വ്യാഖ്യാനിക്കുകയും ചെയ്തു. അവിടെവെച്ച് അദ്ദേഹം നടത്തിയത് രണ്ട് പ്രഖ്യാപനങ്ങൾ ആയിരുന്നു. നബി(സ്വ)യുടെ അടുത്തുള്ള മുഹാജിറുകള്‍ക്ക് നിങ്ങള്‍ ഒരുവിധ സാമ്പത്തിക സഹായവും ചെയ്യരുത്, അങ്ങനെ ഗതിമുട്ടി അവര്‍ മടങ്ങിപ്പോയിക്കൊള്ളും എന്നായിരുന്നു അതിൽ ഒന്ന്.
അതിന് അല്ലാഹുവിന്റെ മറുപടിയാണ് ഒന്നാമത്തെ ആയത്ത്, ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ഖജനാവുകളും എന്റെ വശമാണല്ലോ എന്നാണ് ഈ ആയത്തിൽ അല്ലാഹു തുറന്നടിക്കുന്നത്. നിങ്ങൾ അന്നം മുട്ടിച്ചത് കൊണ്ട് മുഹാജിറുകളുടെ അന്നം മുട്ടുകയില്ല എന്ന് പറയാതെ പറയുകയായിരുന്നു അല്ലാഹു. ശാന്തമായി ഒഴുകുകയായിരുന്ന ഇസ്ലാമിക സമൂഹത്തിൻറെ ഉള്ളിൽ ചിദ്രതയുടെ ആദ്യത്തെ തിരയനക്കമായി കൊണ്ടാണ് ഈ പ്രകടമായ വർത്തമാനത്തെ ഇസ്ലാമിക ചരിത്രം കാണുന്നത്. അതിനുമുമ്പും മുനാഫിഖുകൾ പലതും ചെയ്തിട്ടുണ്ട് എങ്കിലും ഇത്രമേൽ പരസ്യമായ ഒരു ഇടപെടൽ ഇത് ആദ്യമായിട്ടായിരുന്നു. ഈ പറഞ്ഞതിൽ അദ്ദേഹം ഒതുങ്ങിയില്ല എന്നതാണ് ഈ വിഷയത്തിന്റെ മറ്റൊരു ഗൗരവം. മദീനയില്‍ തിരിച്ചെത്തിയാല്‍ ഏറ്റം പ്രതാപമുള്ളവര്‍ ഏറ്റം ഹീനരെ നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കും എന്നുകൂടി അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു. അതിലെ പ്രയോഗം തികഞ്ഞ ആക്ഷേപങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. നബി തിരുമേനി(സ്വ) അടക്കം അഭയാർത്ഥികളായി മദീനയിൽ എത്തിയവരെ ഹീനന്മാർ എന്ന് ആക്ഷേപിക്കുന്ന ഈ നിലപാട് ഏറ്റവും തരംതാഴ്ന്നതായിരുന്നു. അതിന് അല്ലാഹു ചുട്ട മറുപടി തന്നെ നൽകുകയുണ്ടായി. എന്നാല്‍ ഏറ്റം പ്രതാപമുള്ളവര്‍ അല്ലാഹുവും റസൂലും സത്യവിശ്വാസികളുമാണ് എന്നു ഖുര്‍ആന്‍ അതിനു മറുപടി നല്‍കി. അബ്ദുല്ലാഹി ബിൻ സലൂൽ മദീനയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇടപെടലുകൾ പൊതുശ്രദ്ധയിൽ പെടും. അങ്ങനെ ഉണ്ടാവുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം വിഷയം ക്യാമ്പിൽ പരന്നു. നബി തിരുമേനി(സ്വ) തങ്ങൾ ഇത് അറിഞ്ഞത് സൈദ് ബിൻ അർഖം(റ) വഴിയായിരുന്നു. അധികം വൈകാതെ നബി(സ്വ) അദ്ദേഹത്തെയും സംഘത്തെയും വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇബ്നു സലൂൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് കട്ടായം പറഞ്ഞു. മാത്രമല്ല സൈദ് ബിൻ അർഖം തങ്ങളുടെ മേൽ കള്ളം കെട്ടിച്ചമച്ചു പറഞ്ഞു ഉണ്ടാക്കിയതാണ് ഇത് എന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തു. കപട വിശ്വാസികളുടെ എല്ലാ സ്വഭാവങ്ങളും തെളിഞ്ഞു കണ്ട സംഭവമായിരുന്നു ഇത്. അകത്തെ വിശ്വാസമില്ലാത്തതിനാൽ ആണ് ഇത്ര നിർഭയത്വത്തോടുകൂടി അവർക്ക് സംസാരിക്കാൻ കഴിയുന്നത്.
വസ്തുതകളുടെ സത്യവുമായി ഈ സൂറത്തിലെ ഈ സൂക്തങ്ങൾ അവതരിച്ചതോടെ കൂടെ മുസ്ലിം സമുദായത്തിന്റെ മുമ്പിൽ ഇബ്നു സലൂൽ അപമാനിതനായി. ഒന്നും പറയാനില്ലാത്ത വിധം കയ്യോടെ പിടിക്കപ്പെട്ട നിലയിൽ നിൽക്കുന്ന അദ്ദേഹത്തെ ഇപ്പോൾതന്നെ വധിച്ചു കളയണം എന്ന ആവശ്യവുമായി ഉമർ(റ) മുന്നോട്ടുവന്നു. ഇബ്നു സലൂലിന്റെ തന്നെ സച്ചരിതനായ മകൻ അബ്ദുല്ല എന്ന വരും ഇതേ ആവശ്യവുമായി നബിയുടെ മുമ്പിൽ വരികയുണ്ടായി. പക്ഷേ നബി അതിനു അനുവദിച്ചില്ല. അത് നബി തിരുമേനിയുടെ ഒരു നയതന്ത്രം കൂടിയായിരുന്നു. അങ്ങനെ ചെയ്താൽ മുഹമ്മദ് ഇപ്പോൾ സ്വന്തം അനുയായികളെ തന്നെ കൊല്ലാൻ തുടങ്ങിയിരിക്കുന്നു എന്നും മുസ്ലിംകളുടെ പാളയത്തിൽ പടയാണ് എന്നുമൊക്കെയുള്ള പ്രചാരണങ്ങൾ അതിനെ തുടർന്ന് ഉണ്ടായേക്കാം. അങ്ങനെ ഉണ്ടായാൽ അത് നിലവിൽ ഇസ്ലാമിക പ്രബോധന രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഊർജ്ജസ്വലതയെയും ഉന്മേഷത്തെയും അത് അപഹരിച്ചേക്കാം. അതിനാൽ നബി അത് അനുവദിച്ചില്ല. അവസാനം താനാണ് ഹീനനും നിസ്സാരനുമെന്ന് സ്വയം സാക്ഷ്യം വഹിക്കുകയും നബി(സ്വ) പ്രത്യേക സമ്മതം നല്‍കുകയും ചെയ്ത ശേഷം മാത്രമേ ഇബ്നു സലൂലിന് മദീനയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞുള്ളു എന്നാണ് ചരിത്രം. ഇങ്ങനെ വിലയിരുത്തുമ്പോൾ മുനാഫിഖുകൾ ഇസ്‌ലാമിനും മുസ്‌ലിമീങ്ങൾക്കും വരുത്തിവെച്ച അത്ര ഉപദ്രവങ്ങൾ ഇസ്‌ലാമിന്റെ പ്രകടശത്രുക്കൾക്ക് വരുത്തിവെക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല എന്നു പറയേണ്ടിവരും. ബനൂ മുസ്ത്വലഖ് യുദ്ധചരിത്രം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അവരുടെ ഇത്തരം ചെയ്തികളിൽ മാത്രം സംഭവം ഒതുങ്ങുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. അവരുടെ ധാർഷ്ട്യം നബി പത്നി ആയിഷ(റ)യുടെ ചാരിത്ര്യത്തെ വെല്ലുവിളിക്കുന്ന അത്ര വരെ നീണ്ടു എന്നതാണ് ചരിത്രം. അവർക്കെതിരെ ഉണ്ടായ അപവാദത്തിൻ്റെ തുടക്കം ഇതേ യാത്രയിൽ തന്നെയായിരുന്നുവല്ലോ.
9 സത്യവിശ്വാസികളേ, സമ്പത്തുകളും സന്താനങ്ങളും അല്ലാഹുവിനെക്കുറിച്ച ഓര്‍മയില്‍ നിന്ന് നിങ്ങളെ വ്യാപൃതരാക്കാതിരിക്കട്ടെ. അങ്ങനെ ചെയ്യുന്നവരാരോ, അവര്‍ തന്നെയാണ് സര്‍വനാശം വന്നവര്‍.
അല്ലാഹു നൽകുന്ന രണ്ട് വലിയ അനുഗ്രഹങ്ങളാണ് സമ്പത്തും സന്താനങ്ങളും. പ്രത്യക്ഷമായ കാര്യകാരണങ്ങൾ രണ്ടിനും ഉണ്ടാവാം. എങ്കിലും, അതു തന്നെയാണ് തീർത്തും കാരണം എന്നു പറയാൻ കഴിയാത്ത സാഹചര്യമാണ്. ഒരാൾക്ക് സന്താനം ഉണ്ടാകുവാൻ വിവാഹവും ലൈംഗികതയും എല്ലാം കാരണങ്ങൾ തന്നെയാണ്. അതേസമയം വിവാഹിതരായ എല്ലാവർക്കും സന്താനങ്ങളെ ലഭിക്കുകയോ ലൈംഗിക ബന്ധങ്ങളെല്ലാം സന്താനങ്ങൾ എന്ന ഫലത്തിൽ എത്തിച്ചേരുകയോ ചെയ്യുന്നില്ല എന്നത് ഒരു അനുഭവമാണ്. അതിൻെറ അർത്ഥം നമ്മുടെ പ്രവർത്തനങ്ങളും കാര്യകാരണങ്ങളും ഉണ്ടെങ്കിലും ആത്യന്തികമായ സ്വാധീനം അവയ്ക്കല്ല എന്നതാണ്. അതിനാൽ ഈ വിഷയത്തിൽ പരിപൂർണ്ണമായി പറയാൻ കഴിയുക അത് അല്ലാഹു അവൻ്റെ വരമായി നൽകുന്നത് തന്നെയാണ് എന്നാണ്. സമ്പത്തിന്റെ കാര്യവും അപ്രകാരം തന്നെ. പ്രയത്നങ്ങളും അധ്വാനങ്ങളും ആണ് സാമ്പത്തിക ശേഷിയിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്നത് എന്ന് ബാഹ്യമായി പറയുകയും കരുതുകയും ചെയ്യാമെങ്കിലും അവിടെയും അത് മനുഷ്യൻ്റെ കരങ്ങളിലേക്ക് സൃഷ്ടാവായ അല്ലാഹു കൈമാറുന്നില്ല. കാരണം കച്ചവടം ചെയ്തോ ജോലി ചെയ്തോ പ്രയത്നിക്കുന്നവർക്ക് എല്ലാവർക്കും സമ്പത്ത് ഉണ്ടാവുക തന്നെ ചെയ്യും എന്നു പറയാനുള്ള ധൈര്യം ഇല്ലാത്ത അവസ്ഥയാണ്. അതിനാൽ അല്ലാഹു നൽകുന്ന രണ്ടു മഹാ അനുഗ്രഹങ്ങളാണ് സന്താനങ്ങളും സമ്പത്തുക്കളും. അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ഏത് അനുഗ്രഹത്തിനും നന്ദി കാണിക്കുക നിർബന്ധമാണ്. അല്ലാതെ വന്നാൽ അവ നിഷ്ഫലമായി പോകും. അതുകൊണ്ടാണ് സമ്പത്തിന്റെയും സന്താനങ്ങളുടെയും കാര്യത്തിൽ നിങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹം ഓർക്കുകയും അവന് നന്ദി ചെയ്യുകയും ചെയ്യണമെന്ന് വിശുദ്ധ ഖുർആൻ ഉണർത്തുന്നത്. അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകളിൽ നിന്ന് നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ തെറ്റിക്കാതിരിക്കട്ടെ എന്ന് പറയുന്ന പ്രയോഗത്തിൽ സമ്പത്തും സന്താനങ്ങളും ഉണ്ടാകുമ്പോൾ അത് തന്നവനെ മറന്നു പോകുന്ന സാഹചര്യമുണ്ടാവരുത് എന്ന ആശയമാണ് ഉള്ളത്. അവനെ ഓർക്കണം എന്ന് പറയുമ്പോൾ അതു നിവൃത്തി ചെയ്യേണ്ടത് സന്താനങ്ങളെ അവൻ്റെ അഭീഷ്ടത്തിന് വിധേയമായി വളർത്തിയെടുക്കുകയും അവരെ നന്മകളിലേക്ക് തിരിച്ചുവിടുകയും ചെയ്യുക എന്നതാണ്. സമ്പത്തിന്റെ കാര്യത്തിലാകട്ടെ അത് അവന് ഇഷ്ടമുള്ള ക്രമത്തിൽ മാത്രം സമ്പാദിക്കുകയും അവൻ പറയുന്ന വിധത്തിൽ മാത്രം വ്യയം ചെയ്യുകയും ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ സമ്പത്തും സമ്പാദ്യവും മനുഷ്യൻ്റെ ഏറ്റവും വലിയ ഭീഷണിയും വെല്ലുവിളിയുമായി മാറുമെന്ന് വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി ഉണർത്തുന്നുണ്ട്.
10 നിങ്ങളിലോരോരുത്തര്‍ക്കും മരണമാസന്നമാകും മുമ്പേ നാം തന്നതില്‍ നിന്ന് ചെലവഴിക്കുക. തത്സമയം അവന്‍ ഇങ്ങനെ പരിഭവിച്ചേക്കാം. നാഥാ, സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്? അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്കയും സജ്ജനങ്ങളിലുള്‍പ്പെടുകയും ചെയ്യാം.
ഈ സൂറത്തിന്റെ അവസാന ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ അല്ലാഹു മുനാഫിഖുകളുടെ സ്വഭാവത്തിലേക്ക് വഴി തെറ്റുന്നതിനെ താക്കീതു ചെയ്യുകയാണ്.
മുഹാജിറുകളുടെ മേലിൽ ഒന്നും ചെലവഴിക്കരുത്, വിശപ്പ് സഹിക്കാതെ അവർ നാട് വിട്ടേക്കും എന്നൊക്കെ ഇബ്നു സലൂൽ പറഞ്ഞതുകൊണ്ട് അതിൻ്റെ ആശയ തലത്തിൽ നിന്നുകൊണ്ട് തന്നെ ഈ താക്കീതു ചെയ്യുകയാണ്. അതിനുവേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ സ്വത്ത് വ്യയം ചെയ്യുവാൻ പ്രത്യേകമായി ഉപദേശിക്കുകയാണ്. തുടർന്ന് പറയുന്നത് ഈ വിധം ചെയ്തില്ലെങ്കിൽ ജീവിതാവസാനത്തിൽ തീർച്ചയായും വിലപിക്കേണ്ട സാഹചര്യം നിങ്ങൾക്ക് വന്നേക്കും എന്നാണ്. ആ വിലാപം അസഹനീയമായിരിക്കും. കാരണം, അതുണ്ടാകുന്നത് തിരിച്ചറിവിന് ശേഷമായിരിക്കും. തെറ്റ് തിരിച്ചറിയുകയും തന്റെ നഷ്ടത്തെക്കുറിച്ച് ബോധ്യമുണ്ടാവുകയും ചെയ്യുന്നതുകൊണ്ട് ഈ വേദന ശക്തമായിരിക്കും. ആ സമയത്തെ വിലാപത്തിന് ഒരു ഫലവും ഉണ്ടായിരിക്കില്ല എന്ന് അല്ലാഹു താഴെ ആയത്തിൽ ഇങ്ങനെ പറഞ്ഞു വെക്കുന്നു:
11 അവധി സംജാതമായിക്കഴിഞ്ഞാല്‍ ഒരാള്‍ക്കും അല്ലാഹു നീട്ടിക്കൊടുക്കുകയേ ചെയ്യില്ല. നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണവന്‍.
നബി(സ്വ) തങ്ങൾ പതിവാക്കിയിരുന്ന സൂറത്തുകളിൽ ഒന്നാണ് സൂറത്തുൽ മുനാഫിഖൂൻ. ജുമുഅ നിസ്കാരത്തിൻ്റെ രണ്ടാമത്തെ റക്അത്തിൽ ആണ് നബി(സ്വ) ഇത് ഓതാറുണ്ടായിരുന്നത്. ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ജുമുഅ ആയിരുന്നു പാരായണം ചെയ്യുക. സൂറത്തുൽ ജുമുഅയോട് ചേർന്നുനിൽക്കുമ്പോൾ ഇത് വലിയ ഒരു ആശയത്തിലേക്ക് വഴി തുറക്കും. കാരണം അതിൽ പറയുന്നത് മുഅ്മിനുകളുടെ ഗുണഗണങ്ങളാണ്. തുടർന്നു ഈ സൂറത്തിൽ പറയുന്നത് മുനാഫിഖുകളെ കുറിച്ചുമാണ്. ഇതോടെ വിശ്വാസം അതിൻ്റെ അകത്തും പുറത്തും പരിഗണിക്കപ്പെടും. കാരണം. കാരണം അകത്തും പുറത്തും ഒരേ പോലെ ഈമാൻ ഉള്ളവരാണ് മുഅ്മിനുകൾ. വിശ്വാസം വെറും പുറം പൂച്ചായി ഉപയോഗിക്കുമ്പോൾ അത് കാപട്യമായിത്തീരുന്നു.
0
(അവസാനിച്ചു)
അടുത്തത്: സൂറത്തുത്തഗാബുൻ
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso