എ ഐ കാലത്തെ ഖുർആൻ വിചാരങ്ങൾ
03-01-2025
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
സൃഷ്ടാവായ അല്ലാഹു മനുഷ്യനോട് സംവദിക്കുന്ന സംസാരമാണ് വിശുദ്ധ ഖുർആൻ. നബി(സ) തിരുമേനിയുടെ 23 വർഷം നീണ്ട പ്രബോധന ജീവിതം ഉപയോഗപ്പെടുത്തിയാണ് അത് അവൻ കൈമാറിയത്. മനുഷ്യനെ ഐഹികവും പാരത്രികവുമായ മോക്ഷങ്ങൾ നേടുവാൻ സഹായിക്കുകയാണ് ഖുർആനിന്റെ ദൗത്യം. അതിനാൽ മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലകളിലൂടെയും അതിൻ്റെ ആശയം കടന്നുപോകുന്നു. ഓരോ മേഖലയിലും ഖുർആൻ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ, നിയമങ്ങൾ എന്നിവ പാലിക്കാതെ വന്നാൽ ആ മേഖലയിൽ മനുഷ്യൻ താത്വികമായി പരാജയപ്പെടും. അതു പറയാൻ വേണ്ടി നിയുക്തരായവരാണ് പ്രവാചകന്മാർ. നേരത്തെ അല്ലാഹു മനുഷ്യകുലത്തിന് മൂന്ന് കിതാബുകൾ നൽകിയിരുന്നു. അവ പരിമിതമായ കാലത്തേക്കും സ്ഥലത്തേക്കും മാത്രമുള്ളവയായിരുന്നു. പ്രസ്തുത കാലത്തിനും സ്ഥലത്തിനും പുറത്ത് അവയ്ക്ക് നിലനിൽപ്പില്ലാത്തതിനാൽ അവയെല്ലാം ദുർബലപ്പെട്ടു. എന്നാൽ നാലാമത്തെ ഗ്രന്ഥമായി ലഭിച്ച വിശുദ്ധ ഖുർആനിനു മുമ്പിൽ സ്ഥലകാല പരിധികൾ ഒന്നുമില്ല. അത് ലോകാവസാനം വരേക്കും മനുഷ്യനെ നയിക്കുക തന്നെ ചെയ്യും. അതിനാൽ ലോകാവസാനം വരേക്കും വിശുദ്ധ ഖുർആൻ നിലനിൽക്കുക തന്നെ ചെയ്യും. 'അതിനെ നാം സംരക്ഷിക്കു'മെന്ന് അല്ലാഹു വാക്ക് തന്നിട്ടുമുണ്ട്. ഐഹിക ജീവിത തലത്തിലെ കാര്യങ്ങളെ പൊതുവെ കാര്യ-കാരണങ്ങളെ കൂട്ടിയിണക്കിയാണ് അല്ലാഹു ചെയ്യുന്നത്. വിശുദ്ധ ഖുർആനിന്റെ സംരക്ഷണത്തിനും അങ്ങനെ ഒരു സംവിധാനം അവൻ ചെയ്തു വെച്ചിട്ടുണ്ട്. എന്നും എല്ലായിടത്തും വിശുദ്ധ ഖുർആൻ പഠിക്കുവാനും പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി ഒരു സമൂഹത്തെ അല്ലാഹു നിലനിർത്തിക്കൊണ്ടിരിക്കുന്നത് അതായിരിക്കും എന്ന് നമുക്ക് മനസ്സിലാക്കാം. ഇപ്പോഴും ലോകത്ത് അത്തരം ഖുർആനിന്റെ ഒരു സമൂഹം സജീവമാണ്. ഇത്തരം സമൂഹങ്ങൾ തങ്ങളുടെ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറക്കും വേണ്ടി വിശുദ്ധ ഖുർആൻ ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണ്. കാരണം ഓരോ തലമുറയും വ്യത്യസ്തമാണ്. ഒരു തലമുറയിൽ നിന്ന് ഏറെ പരിഷ്കരിച്ചതാണ് അടുത്ത തലമുറ. ഓരോ തലമുറയെയും ഖുർആനുമായി അടുപ്പിച്ചു നിറുത്തുവാൻ പുതിയ പഠനങ്ങൾ ആവശ്യമായി വരുന്നത് ഇതുകൊണ്ടാണ്.
ഓരോ തലമുറയുടെയും വ്യത്യസ്തതകൾക്കും ഗ്രാഹ്യതക്കും അനുയോജ്യമായ വിധം പ്രസക്തമായ അധ്യാപനങ്ങളും അധ്യായങ്ങളും വിശുദ്ധ ഖുർആനിന്റെ ഉള്ളിൽ അള്ളാഹു നിക്ഷേപിച്ചു വെച്ചിട്ടുണ്ട്. അവ അതാതു കാലങ്ങളിൽ സ്വാഭാവികമായി തുറന്നു വരിക എന്നത് വിശുദ്ധ ഖുർആനിൻ്റെ അമാനുഷികതയുടെ അടയാളം കൂടിയാണ്. ഇങ്ങനെ ഓരോ തലമുറയിലെയും പണ്ഡിതന്മാർ കണ്ടെത്തിയ വ്യാഖ്യാനങ്ങളും വിജ്ഞാനീയങ്ങളും വിവരിക്കുന്ന ഖുർആൻ അനുബന്ധ പഠന ഗ്രന്ഥങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ സമുദായം. പുതിയ തലമുറയ്ക്ക് വേണ്ടിയും ഈ തലമുറയുടെ രംഗവേദിയിലേക്ക് കടന്നുവരാനിരിക്കുന്ന അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ കാലത്തും ഇത്തരം പഠനങ്ങൾ സജീവമാകേണ്ടതുണ്ട്. അത് ഖുർആൻ നൽകപ്പെട്ട സമുദായത്തിലെ ഓരോരുത്തരുടെയും ബാധ്യതയാണ്. പുതിയ കാലം അതിവേഗം മാറുകയാണ്. ഇൻറർനെറ്റ് യുഗത്തെയും പിന്നിലാക്കി നാം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യുഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു. നേരത്തെ മനുഷ്യൻ സ്വായത്തമാക്കിയ വിവരസാങ്കേതിക വിദ്യയ്ക്ക് സ്വയം ചിന്തിക്കാനുള്ള വഴിയും മാർഗ്ഗവും തുറന്നു കൊടുക്കുമ്പോഴാണ് അത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആയിത്തീരുന്നത്. ഇൻ്റർനെറ്റ് വിവരസാങ്കേതിക വിദ്യ വിശുദ്ധ ഖുർആനിന്റെ അധ്യയനത്തിനും അധ്യാപനത്തിനും പ്രചരണത്തിനും വലിയ സഹായമാണ് തുറന്നുവെച്ചത്. ഇസ്ലാമിനെയും ഖുർആനിനെയും കൊത്തി വലിക്കുവാൻ നാലു ഭാഗങ്ങളിൽ നിന്നും കൈകൾ നീണ്ടുവരുന്ന പുതിയ കാലത്ത് ഖുർആനും മുസ്ലീങ്ങളും പിടിച്ചു നിന്നതും ഉയിർത്തെഴുന്നേറ്റതും ആധുനിക വിവരസാങ്കേതികതയുടെ കഴിവ് കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് കൊണ്ടാണ്. നിർമ്മിത ബുദ്ധി രംഗം കയ്യടക്കുമ്പോഴും ഖുർആനിൻ്റെ ജനത അത് എങ്ങനെയെല്ലാം ഖുർആനിന് വേണ്ടി ഉപയോഗപ്പെടുത്താം എന്നതാണ് ചിന്തിക്കേണ്ടത്.
പുതിയ ടെക്നോളജിയുടെ വരവിനെ ചിലരെങ്കിലും ഭീതിയോടെ കാണുന്നുണ്ട്. അതൊരു സത്യവുമാണ്. നിർമ്മിത ബുദ്ധി ആണവായുധത്തെക്കാൾ മാരകമായിരിക്കുമെന്ന് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക് പറയുന്നുണ്ട്. വ്യാവഹാരിക ലോകത്തുനിന്ന് തന്നെ മനുഷ്യനെ പുറംതള്ളിയേക്കാവുന്ന എ ഐ സാങ്കേതിക വിദ്യയെ ആറ്റം ബോംബിനോടാണ് വാറൻ ബുഫറ്റ് ഉപമിച്ചത്. എ ഐ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ജോഫറി ഹിന്റൺ തന്നെ ഇത് മനുഷ്യകുലത്തിന് ദോഷമായി ഭവിക്കും എന്നു പറഞ്ഞു വെച്ചിട്ടുണ്ട്. കാരണം സ്വന്തമായി തീരുമാനങ്ങൾ രൂപീകരിക്കുവാനും വികാരങ്ങളെ കൈകാര്യം ചെയ്യുവാനും മുതൽ ജീവനെ പിടിച്ചുനിർത്താൻ വരെയുള്ള ശ്രമങ്ങൾ ഭാവിയിൽ ഈ വഴിയിൽ ഉണ്ടായേക്കും എന്നു പറയുന്നുണ്ട്. നിലവിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്തുവരുന്ന സൈൻ റെക്കഗനേഷൻ മുതൽ സങ്കീർണമായ ഓപ്പറേഷനുകൾ വരെ കാണുമ്പോൾ ഇത് ഇനിയും വളരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. അങ്ങനെയൊക്കെ വളർന്നാൽ പ്രതിരോധിക്കാൻ കഴിയാത്ത ഒരു വെല്ലുവിളിയായി നിർമ്മിത ബുദ്ധി മാറുമെന്ന് സമ്മതിക്കാതെ വയ്യ. പക്ഷേ അവിടേക്ക് ഒന്നും ഇപ്പോൾ സംഗതി എത്തിയിട്ടില്ല. എ ഐ വിദഗ്ധർ വിവരിക്കുന്നത് പോലെ ഇപ്പോൾ അത് അതിൻ്റെ ഒന്നാം ഘട്ടത്തിലാണ് നിൽക്കുന്നത്. ഈ ഘട്ടത്തെ അവർ ആർട്ടിഫിഷ്യൽ നാരോ ഇൻ്റലിജൻ്സ് (Artificial narrow intelligence) എന്നു വ്യവഹരിക്കുന്നു. ഈ ഘട്ടത്തിൽ അതിൻ്റെ ഉപയോഗവും പ്രയോഗവും തികച്ചും വ്യക്തിപരവും നിയന്ത്രിതവും ആണ്. ശബ്ദങ്ങളെയും അടയാളങ്ങളെയും തിരിച്ചറിഞ്ഞ് വേഗത്തിൽ പ്രതികരിക്കുക എന്നതാണ് അതിൻ്റെ അടിസ്ഥാനം. ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുക, ചോദ്യങ്ങൾക്ക് നിലവിലുള്ള ഡാറ്റയിൽ നിന്നും അതിവേഗം ഉത്തരം നൽകുക, പ്രോഗ്രാം ചെയ്തു വെച്ച ജോലികൾ അതിവേഗം നിർവഹിക്കുക മുതൽ ഓപ്പറേഷൻ, ചാറ്റ് ജി പി ടി, ഡ്രൈവർ ഇല്ലാത്ത വാഹനത്തിന്റെ നിയന്ത്രണം, സാമ്പത്തിക ഇടപാടുകൾ, ഡ്രോണുകളുടെ ഗതി നയന്ത്രണം തുടങ്ങി ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന എ ഐ സൗകര്യങ്ങൾ എല്ലാം ഈ ഘട്ടത്തിന്റെ സംഭാവനകൾ ആണ്. ഇവയുടെയെല്ലാം പ്രത്യേകത, മനുഷ്യൻ നൽകുന്ന പ്രോഗ്രാമിന് വിധേയമായിട്ടാണ് ഇവ പ്രവർത്തിക്കുന്നത് എന്നതാണ്. അതായത്, ഇപ്പോഴും മനുഷ്യബുദ്ധിയുടെ കൺട്രോളിൽ തന്നെയാണ് ഈ ഘട്ടത്തിലെ നിർമ്മിത ബുദ്ധി. അതിനാൽ ഇത്തരം വിദ്യകൾ എല്ലാം ഖുർആൻ പഠിക്കുവാനും പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും നമുക്കും ഉപയോഗപ്പെടുത്താം. അതിൻ്റെ വേഗതയെയും കാര്യക്ഷമതയെയും ഉപയോഗപ്പെടുത്താം. അടിസ്ഥാനങ്ങളിൽ നിന്ന് തെറ്റാതിരിക്കാനുള്ള ജാഗ്രത നന്നായി പുലർത്തണം എന്നു മാത്രം. അതിനല്ലൊം വേണ്ട സാങ്കേതിക വിദ്യയെയും വിദഗ്ധരെയും അജണ്ടകളെയും കണ്ടെത്തുകയാണ് ഒട്ടും സമയം കളയാതെ ഇപ്പോൾ ചെയ്യേണ്ടത്. എ ഐയുടെ ഭീഷണമായ ഘട്ടങ്ങൾ വരുമ്പോൾ ഈ ശരിയായ ഡാറ്റകൾ നിർമ്മിത ബുദ്ധിയെ സ്വാധീനിക്കുകയും സഹായിക്കുകയും എല്ലാം ചെയ്തേക്കാം എന്ന പ്രതീക്ഷ കൂടി ഇതിലുണ്ട്.
രണ്ടാം ഘട്ടത്തെ ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ് (Artificial general intelligence) എന്നാണ് വിളിക്കുന്നത്. അതിന് ഈ പേര് മാത്രമേ നിലവിൽ കൈവന്നിട്ടുള്ളൂ. ഇത് യാഥാർത്ഥ്യമാകുവാൻ ഏറ്റവും കുറഞ്ഞത് 20 വർഷം എങ്കിലും എടുക്കും എന്നാണ് ഈ മേഖലയിലെ അതിവിദഗ്ധർ പറയുന്നത്. 50 വർഷം എന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എന്നും ഒക്കെ അനുമാനിക്കുന്നവരും വിദഗ്ധരിൽ തന്നെയുണ്ട്. ഈ ഘട്ടത്തിൽ എ ഐ സാങ്കേതികവിദ്യ മനുഷ്യ ബുദ്ധിയോട് സംവദിക്കാൻ കരുത്ത് നേടും എന്നാണ് പറയപ്പെടുന്നത്. സ്വന്തമായി ചിന്തിക്കുവാനും സ്വന്തമായി ആവിഷ്കരിക്കുവാനും ഇതിലൂടെ കഴിയുമ്പോൾ നിർമ്മിത ബുദ്ധി മനുഷ്യ ബുദ്ധിയുടെ ഒപ്പം എത്തും എന്നാണ് അതിൻെറ അർത്ഥം. മനുഷ്യ ബുദ്ധി പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കും എന്ന് ചുരുക്കം. ഈ ഘട്ടത്തിലും നിർമ്മിത ബുദ്ധി മനുഷ്യ ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്ന് കാര്യമായി പുറത്തു കടക്കുകയോ മനുഷ്യബുദ്ധിയെ മറികടക്കുകയോ ചെയ്യുകയില്ല. എങ്കിലും മനുഷ്യബുദ്ധിയെ നിഷ്പ്രഭമോ ഉപയോഗശൂന്യമോ ആക്കിയേക്കാവുന്ന സാഹചര്യം ഒക്കെ സംജാതമായി എന്നു വരാം. സ്വന്തം ബുദ്ധിയെ കാര്യമായി ഉപയോഗിക്കാത്ത ചിലരെ തെറ്റായ ദിശയിലേക്ക് തിരിച്ചുവിട്ടു എന്നും വരാം. ഏറ്റവും കുറഞ്ഞത് കാര്യങ്ങളൊക്കെ അതിനെ ഏൽപ്പിച്ചിട്ട് മടിയുടെ മടിയിൽ തല വെച്ച് നിർവികാരനായി ജീവിക്കുന്ന ഒരു സാഹചര്യമെങ്കിലും മനുഷ്യന് വന്നേക്കാം. മൂന്നാമത്തെ ഘട്ടമാണ് അതിഗുരുതരവും അതിഭീഷണവും. ആർട്ടിഫിഷ്യൽ സൂപ്പർ ഇൻറലിജൻസ് (Artificial super intelligence) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഈ ഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യ വികാരങ്ങളെ കൈകാര്യം ചെയ്യാൻ തുടങ്ങും. അപ്പോൾ നിർമ്മിത ബുദ്ധിക്ക് മനുഷ്യബുദ്ധിയെ അനായാസം മറികടക്കാനും കഴിഞ്ഞേക്കും. സ്വന്തമായി ചെയ്യുവാനും ആവിഷ്കരിക്കുവാനും നേരിടുവാനും പ്രതിരോധിക്കുവാനും എല്ലാം നിർമ്മിത ബുദ്ധിക്ക് കഴിയുന്ന ഒരു സാഹചര്യമാണ് ഈ ഘട്ടം എന്ന സ്വപ്നം. അതു വരും എന്ന് ഈ മേഖലയുള്ള വിദഗ്ധർ പറയുന്നുണ്ട് എങ്കിലും അതിന് ഒരുപാട് കാലത്തെ കാത്തിരിപ്പ് വേണ്ടിവരും എന്നാണ് കരുതപ്പെടുന്നത്. അപ്പോൾ ഒരുപക്ഷേ അത് വിശുദ്ധ ഖുർആനിനോട് ഏറ്റുമുട്ടുകയൊക്കെ ചെയ്തേക്കാം. വിശുദ്ധ ഖുർആനിനെ മറികടക്കാൻ ശ്രമിക്കുകയും ഉണ്ടായേക്കാം. അതിൽ പക്ഷേ, വിശ്വാസികൾ ഇപ്പോൾ തന്നെ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. കാരണം ഇത് അല്ലാഹുവിൻ്റെ കലാമാണ്. അത് അവൻ അന്ത്യനാൾ വരെ സംരക്ഷിക്കും എന്നത് അവന്റെ വാക്കുമാണ്.
വർത്തമാനക്കാലം വരെ എത്തിനിൽക്കുന്ന എ ഐ ഘട്ടം അത്ര അപകടമല്ല എന്നു പറയുമ്പോൾ വിഷയത്തെ മൊത്തത്തിൽ നിസ്സാരമായി കാണാൻ ഒരിക്കലും പാടില്ല. കാരണം ഇപ്പോൾ അതിൻ്റെ അടിത്തറ ഒരുക്കുന്ന തിരക്കിലാണ് ടെക്നിക്കൽ ലോകം. ഇനി ഈ തറയിൽ ഉണ്ടാകുന്നതെല്ലാം ഉണ്ടാക്കുന്നവരുടെ മനോഗതിക്കും ഇടപെടലിനും അനുസരിച്ചാണ് ഉണ്ടാവുക. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നവരാവട്ടെ മൂല്യങ്ങളെയും ധർമ്മങ്ങളെയും അത്രതന്നെ പരിഗണിക്കുന്നവർ അല്ല. മാത്രമല്ല അവരുടെ കൂട്ടത്തിൽ അത്തരം വികാരങ്ങളെയെല്ലാം നിരാകരിക്കുന്നവർ കൂടി ഉണ്ട് എന്നതൊന്നും നാം കാണാതെ വയ്യ. അവർക്കൊക്കെ അവരുടെ മനോഗതിക്കനുസരിച്ച് കാര്യങ്ങളെ തിരിച്ചുവിടുകയോ തിരിച്ചുവിടാൻ വഴിയൊരുക്കുകയോ ചെയ്യാവുന്ന ഘട്ടമാണിത്. നാം ഉണരാതെയും മിണ്ടാതെയും ശ്രമിക്കാതെയും ഇരുന്നാൽ അത് അവർക്ക് ഊർജ്ജമായി മാറും. അതിനാൽ നമ്മുടെ ദൗത്യം നാം നിർവഹിക്കേണ്ടതുണ്ട്. അത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ശരിയായ ഖുർആനിക് / ഇസ്ലാമിക് ഡാറ്റകൾ പരമാവധി ഇ-ഇടങ്ങളിൽ തയ്യാറാക്കി വെക്കുക എന്നത് തന്നെയാണ്. ശ്രദ്ധിക്കാതെ പോയാൽ പിന്നീട് വിലപിക്കാനെ കഴിയൂ. വിലാപം ഒന്നും നേടി തരില്ലല്ലോ.
0
1 Comments
സൈനുൽ ആബിദ് വി 2025-01-14
Very Good.!
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso