Thoughts & Arts
Image

ഇമാമു ദാരിൽ ഹിജ്റ: രണ്ടാം നൂറ്റാണ്ടിൻ്റെ ജ്ഞാന വസന്തം

2025-01-15

Web Design

15 Comments

ടി എച്ച് ദാരിമി







കിഴക്ക് ചൈന വരേയും പടിഞ്ഞാറ് സ്പെയിൻ വരേയും നീണ്ടു കിടക്കുന്ന ഒരു വലിയ സാമ്രാജ്യമായിരുന്നു അമവികൾ അബ്ബാസികൾക്ക് കൈമാറിയത്. ഒരിക്കൽ തന്റെ ആകാശത്തിലൂടെ കടന്നുപോകുന്ന മേഘത്തെ നോക്കി ഹാറൂൻ റഷീദ് തന്നെ പറയുന്നുണ്ട്: 'മേഘമേ, നീ എവിടെപ്പോയി പെയ്താലും എനിക്കു പരാതിയില്ല, കാരണം നിന്റെ തുള്ളികൾ വീഴുന്നത് എന്റെ മണ്ണിലായിരിക്കും'. അത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരം സമർഥനായ ഹാറൂൻ റഷീദിന്റെ കരങ്ങളിൽ വന്നതോടെ നാടാകെ ക്ഷേമം കളിയാടി. ഇസ്ലാമിക ചരിത്രം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു ഹാറൂൻ റഷീദ്. അവിടെ ഒരാധിപത്യ സ്വഭാവം ഒരിക്കലും പ്രകടമായിരുന്നില്ല. അതിനാൽ ജനങ്ങൾ അദ്ദേഹത്തെയും അദ്ദേഹം ജനങ്ങളെയും മനസ്സാ സ്നേഹിച്ചു. അതിനാവശ്യമായ സ്വഭാവവും സംസ്കാരവും കൊണ്ടെല്ലാം സമ്പന്നനായിരുന്നു ഹാറൂൻ. അദ്ദേഹം പരിശുദ്ധ മദീനയിൽ സിയാറത്തിന് എത്തിയിരിക്കുകയാണ്. അറിവിനെയും അറിവുള്ളവരെയും ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു ഒരാൾ കൂടിയായിരുന്ന ഹാറൂൻ റഷീദ് ആ കാലം കണ്ട ഏറ്റവും വലിയ പണ്ഡിത പ്രതിഭയും മദീന മുനവ്വറയുടെ ഇമാമുമായ ഇമാം മാലികി(റ)ൽ നിന്ന് ഹദീസ് പഠിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ചു. എല്ലാ ബഹുമാനങ്ങളും ആദരവുകളും കാത്തുകൊണ്ടുതന്നെ ഖലീഫ ഇമാം അവർകളെ വിളിക്കുവാൻ ദൂതനെ പറഞ്ഞയച്ചു. ദൂതൻ വന്ന് വിവരം പറഞ്ഞപ്പോൾ ഇമാം മാലിക്(റ) അൽപ്പം തലയുയർത്തി അവരോട് ഇങ്ങനെ പറഞ്ഞു: 'നിങ്ങൾ തിരിച്ചു പോയി ഖലീഫയോട് ഇങ്ങനെ പറയുക. വിജ്ഞാനം ആരെയും തേടി വരികയില്ല. വിജ്ഞാനം തേടി അങ്ങോട്ട് പോകുകയാണ് വേണ്ടത് എന്ന്'.



ഇമാം അവർകളുടെ മറുപടി ഹാറൂൻ റഷീദിന്റെ മുമ്പിലെത്തി. അദ്ദേഹമല്ലാത്ത ഒരു ഭരണാധികാരിയായിരുന്നെങ്കിൽ തീർച്ചയായും ആ പ്രതികരണത്തിൽ അഹങ്കാരത്തിന്റെ ലാഞ്ചന കാണുമായിരുന്നു. ഖലീഫയുടെ പേശികൾ വലിഞ്ഞുമുറുകുമായിരുന്നു. പക്ഷേ അറിവും അറിവിനോടുള്ള ആദരവും എമ്പാടും ഉണ്ടായിരുന്ന ഹാറൂൻ അങ്ങനെ പ്രതികരിക്കുകയില്ല. അദ്ദേഹം പറഞ്ഞു: 'ഇമാം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ഞാൻ അങ്ങോട്ട് ചെല്ലുക തന്നെയാണ് വേണ്ടത്. ഞാനിപ്പോൾ തന്നെ അങ്ങോട്ട് പുറപ്പെടുകയാണ്'. ഖലീഫ ഇമാമിൻ്റെ സന്നിധിയിലെത്തി അറിവ് സ്വീകരിക്കാനിരുന്നു. അടുത്തുള്ള ചുമരിലേക്ക് അൽപം ചാരിയാണ് അദ്ദേഹം ഇരിക്കുന്നത്. അത് അഹങ്കാരം കൊണ്ടല്ല മറിച്ച്, ഭരണകുടുംബത്തിലെ അംഗം എന്ന നിലക്ക് സിംഹാസനങ്ങളിലും ചാരു മഞ്ചങ്ങളിലും ചാരികിടന്ന് വളർന്നതാണ് അദ്ദേഹം. ആ സ്വഭാവം അറിയാതെ വന്നുപോയി എന്ന് മാത്രം. ഉടനെ ഗുരു പറഞ്ഞു: 'അമീറുൽ മുഅ്മിനീൻ, അറിവിനെ ബഹുമാനിക്കുന്നത് റസൂൽ(സ്വ)യെ ബഹുമാനിക്കുന്നത് പോലെ പ്രധാനമാണ്'. വിനയാന്വിതനായ ഖലീഫ സന്തോഷപൂർവ്വം ഇമാം അവർകളുടെ മുൻപിൽ അദബോടെ ചമ്രം പടിഞ്ഞിരുന്നു. ഒരുപാട് ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട് ഈ രംഗങ്ങൾ. ഇമാം അവർകളുടെ വിലയും നിലയും ആണ് അവയിലൊന്ന്. ഭരണാധികാരിയോട് പോലും പറയേണ്ടത് പറയാനുള്ള പണ്ഡിതന്മാരുടെ ആർജ്ജവമാണ് മറ്റൊന്ന്. ഏതു ഉപദേശവും അനുസരിക്കാനും വിധേയപ്പെട്ട് നേടിയെടുക്കാനും മാത്രം വലിയ വിജ്ഞാനത്തിന്റെ ഭണ്ഡാകാരമായിരുന്നു മഹാനായ ഇമാം മാലിക് തങ്ങൾ എന്നത് മറ്റൊന്ന്. രാഷ്ട്രവും പണ്ഡിത സമൂഹവും സമുദായത്തിന്റെ രണ്ടു ചക്രങ്ങളാണ്, അവ രണ്ടും പരസ്പരം സഹകരിച്ചും അംഗീകരിച്ചും മുന്നോട്ടു പോകുന്നില്ലെങ്കിൽ അത് വലിയ ക്രമരാഹിത്യം ഉണ്ടാക്കുമെന്ന് മറ്റൊന്ന്.



ജനനം ശൈശവം



ഇമാം മാലിക് ബ്നു അനസ്(റ) എന്ന
ഇമാമു ദാരില്‍ ഹിജ്‌റ എന്ന പേരില്‍ വിഖ്യാതനായ അബൂ അബ്ദില്ല മാലിക്ബ്‌നു അനസ് ബ്‌നു മാലിക് ബ്‌നു അബീ ആമിറില്‍ ഹാരിസ്(റ) ജനിക്കുന്നത് ഹിജ്റ 93 ൽ (എ ഡി 711) മദീന മുനവ്വറയിലാണ്. പിതാവ് വലിയ സൂക്ഷ്മതയുള്ള ഒരു പണ്ഡിതനായിരുന്നു. ആലിയ ബിന്‍തു ശരീകില്‍ അസ്ദിയ്യഎന്ന മഹതിയാണ് അവരുടെ മാതാവ്. തികഞ്ഞ ആത്മീയത നിറഞ്ഞുനിൽക്കുന്നതായിരുന്നു അവരുടെ ഗ്രഹാന്തരീക്ഷം അതിനാൽ തന്നെ ജീവിത ആരംഭം മുതൽ ഇസ്ലാമിക സംസ്കൃതിയും ആയി ഇണങ്ങിചേർന്നു കൊണ്ടായിരുന്നു അദ്ദേഹം വളർന്നത്. വളരെ ചെറുപ്പത്തിലെ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി കൊണ്ടായിരുന്നു ആ ജ്ഞാന വിസ്മയത്തിന്റെ പ്രയാണത്തുടക്കം. മിക്ക ഇമാമുകളുടെയും പൂർവ്വകാല പണ്ഡിതരുടെയും ജീവിതത്തിൽ പ്രത്യേകമായി കാണുന്ന ഒരു കൗതുകം ആണ് ഇത്. അവരുടെ വൈജ്ഞാനിക ലോകത്തേക്കുള്ള പ്രയാണം വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി കൊണ്ടായിരുന്നു. ഖുർആൻ ഈ പ്രായത്തിൽ എന്നല്ല ഏതു പ്രായത്തിലും മനപാഠമാകുവാൻ സൂക്ഷ്മവും ജാഗ്രവുമായ ബുദ്ധികൂർമ്മത അനിവാര്യമാണ്. കാരണം സമാനമായ പ്രയോഗങ്ങളും ആശയങ്ങളുടെ ആവർത്തനങ്ങളും എല്ലാം വിശുദ്ധ ഖുർആനിൽ അനവധിയാണ്. അതിനാൽ മറ്റേതെങ്കിലും യുക്തി വെച്ച് അതിനെ മനപ്പാഠമാക്കാൻ കഴിയില്ല. ഉദാഹരണമായി കഥയുടെ പുരോഗതി മനസ്സിൽ സങ്കൽപ്പിച്ച് ഖുർആനിലെ ഒരു ചരിത്ര ഭാഗത്തിന്റെ ആയത്തുകൾ മനപ്പാഠമാക്കാൻ കഴിയില്ല. കാരണം, അതെ ചരിത്രം വേറെ ക്രമണികയിലും വേറെ രീതിയിലും മറ്റു പലയിടത്തും ആവർത്തിക്കുന്നുണ്ടായിരിക്കും. അപ്പോൾ ഓരോ ആയത്തുകളും അത് അതായി തന്നെ പഠിക്കേണ്ട സാഹചര്യമാണ്. ഇങ്ങനെ പഠിക്കാൻ കഴിയുന്നതോടുകൂടി ഭാവിയിൽ വലിയ വിജ്ഞാനീയങ്ങൾ കീഴ്പ്പെടുത്തുവാൻ ഈ കുട്ടിക്ക് കഴിയും എന്നത് സ്ഥാപിക്കപ്പെടും.



അറിവിൻ്റെ കുന്തിരിക്കം പുകയുന്ന വീടായിരുന്നു മാലിക്(റ)യുടേത്. പിതാവിനെക്കാൾ പിതാമഹൻ മാലിക് ബിനു അബീ അമീർ ആയിരുന്നു വൈജ്ഞാനിക പ്രസിദ്ധി നേടിയ ആൾ. അദ്ദേഹം താബിഉകളിലെ പ്രധാനികളുടെ കൂട്ടത്തിലാണ് എണ്ണപ്പെടുന്നത്. സഹാബിമാരിൽ പലരെ തൊട്ടും അദ്ദേഹം ഹദീസ് രിവായത്ത് ചെയ്തിട്ടുണ്ട്. പിതാവായിരുന്ന അനസ് എന്നവർ പക്ഷെ അത്രതന്നെ വൈജ്ഞാനികതയിൽ പ്രശസ്തനായിരുന്നില്ല. എങ്കിലും പിതാവും അതേ മേഖലയിൽ സജീവമായിരുന്നു. സ്വന്തം പിതാവിന് തൊട്ട് ഇമാം മാലിക്(റ) ഒരു ഹദീസ് രിവായത്ത് ചെയ്തിട്ടുണ്ട് എന്നു വരെ ചരിത്രങ്ങളിൽ കാണാം. അദ്ദേഹത്തിൻ്റെ സഹോദരൻ നള്റ് ബിൻ അനസും അറിവിനെയും അറിവുള്ളവരെയും പിന്തുടർന്ന് ജീവിച്ച ആളായിരുന്നു. വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി കഴിഞ്ഞതിനു ശേഷം ഹദീസുകൾ മനപാഠമാക്കാനും അദബുകൾ പഠിക്കുവാനും ഉള്ള താല്പര്യം കുഞ്ഞിൻ്റെ മനസ്സിൽ തന്നെ ജനിക്കുകയും വളരുകയും ചെയ്തു. അത് അറിഞ്ഞ മാതാവ് ഏറെ സന്തുഷ്ടയായി. ആത്മീയതയുടെ തണലിൽ തന്നെ സമുദാത്തിലെ ഓരോ അംഗങ്ങളും ജീവിക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ട് കൂടിയാണ് ഈ പുളകം ഉണ്ടാകുന്നത്. അവർ മകനെ നല്ല വസ്ത്രങ്ങളും മനോഹരമായ തലപ്പാവും അണിയിച്ച് മസ്ജിദുന്നബവിയിലുള്ള താബിഉകളായ പ്രധാനികളായ പണ്ഡിതന്മാരുടെ അടുക്കലേക്ക് അറിവ് നേടുവാൻ പറഞ്ഞയച്ചു. ആദ്യം പറഞ്ഞയച്ചത് ഇമാം റബീഅത്തു ബ്നു അബീ അബ്ദിറഹ്മാൻ തൈമിയുടെ അടുത്തേക്കായിരുന്നു. അക്കാലത്തെ ഏറ്റവും പ്രധാനിയായ പണ്ഡിതനായിരുന്നു അദ്ദേഹം. പഠിക്കുന്നതെല്ലാം എഴുതിവെക്കാനുള്ള ശ്രമം ഇമാം മാലിക്കി(റ)ന്റെ ഒരു പ്രത്യേകതയായിരുന്നു. വെറുതെ എഴുതിവെക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച് ആദ്യം എഴുതിവെക്കാനുള്ള കാര്യം ആദ്യം മനപ്പാഠമാക്കുന്ന ശൈലിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇങ്ങനെ മനപ്പാഠമാക്കാൻ പലപ്പോഴും വിജനമായ സ്ഥലങ്ങളിലോ വൃക്ഷ ചുവടുകളിലോ ഏകാന്തനായി പോയി ഇരുന്ന് പഠിച്ച കാര്യങ്ങൾ ഓർത്തെടുത്ത് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പഠനത്തിലുള്ള അദ്ദേഹത്തിൻ്റെ താൽപര്യമാണ്. തീവ്രമായ അത്തരം ഒരു ത്വരയും താൽപര്യവും തന്നെയാണ് അദ്ദേഹത്തെ ലോകപ്രശസ്തനായ ഇമാമാക്കി മാറ്റിയത്.



അതുകഴിഞ്ഞ് മാലിക്(റ) ഇൽമു തേടി ഇബ്നു ഹുർമുസ് എന്ന പണ്ഡിതന്റെ അടുത്തെത്തി. അബൂബക്കർ ബിൻ അബ്ദുല്ല ബിൻ യസീദ് എന്ന അദ്ദേഹം മദീനയിലെ ഫിഖ്ഹ് മുഹദ്ദിസുകളിൽ ഒരാളായിരുന്നു. ഫത്വാ കൊടുക്കുന്നതിൽ വളരെ ശ്രദ്ധിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. നീണ്ട 13 വർഷത്തോളം അദ്ദേഹത്തിൻ്റെ ശിഷ്യത്വത്തിൽ ആയിരുന്നു ഇമാം മാലിക്(റ). ഇതേ സമയം തന്നെ മറ്റൊരു പ്രധാനിയായ താബിഈ പണ്ഡിതന്റെ ശിഷ്യത്വം കൂടി നേടാൻ ഇമാം മാലിക്കിന് ഭാഗ്യമുണ്ടായി. അത് മഹാനായ നാഫിഅ് മൗലാ ഇബ്നു ഉമർ(റ)വിൻ്റെ ശിഷ്യത്വം ആയിരുന്നു. സ്വഹാബിമാരിലെ ഏറ്റവും വലിയ ജ്ഞാനികളിൽ ഒരാളായിരുന്ന ഇബ്നു ഉമർ(റ)യുടെ അടിമയും സഹചാരിയും ആയിരുന്നതിനാൽ താബിഉകളിലെ ഏറ്റവും ശ്രേഷ്ഠവാനായ പണ്ഡിതനായി നാഫിഉം മാറി. താബിഉകളിലെ ഏറ്റവും ആധികാരികനായ ഒരു പണ്ഡിതനായിട്ടാണ് നാഫിഅ് മൗലാ ഇബ്ൻ ഉമർ(റ) പരിഗണിക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ശിഷ്യന്മാരിൽ ഏറ്റവും പ്രധാനി ഇമാം മാലിക് (റ) തന്നെയാണ് തൻ്റെ ഗുരുവിനെക്കുറിച്ച് ശിഷ്യൻ പറയുന്നത് 'നാഫിഅ് എന്തെങ്കിലുമൊന്നു പറഞ്ഞു എന്ന് വ്യക്തമായാൽ അത് ഉറപ്പിച്ചേക്കുക' എന്നാണ്. പിന്നീട് ഇമാം മാലിക് തങ്ങളുടെ ഗുരു ഇബ്നു ശിഹാബ് അസ്സുഹ് രി (റ) ആയിരുന്നു. അദ്ദേഹം ശാമിൽ ആണ് ജീവിച്ചിരുന്നത്. നിരവധി ഹദീസുകൾ രിവായത്ത് ചെയ്തിട്ടുള്ള ഒരു താബിഈ പണ്ഡിതനാണ് അദ്ദേഹം. ഹദീസുകളോട് വല്ലാത്ത ഒരു അനുരാഗം ഇമാം മാലിക് (റ) പ്രകടിപ്പിച്ചിരുന്നതായി കാണാൻ കഴിയും. മഹാനായ നബി തിരുമേനി(സ്വ)യോടുള്ള അദമ്യമായ സ്നേഹം അദ്ദേഹത്തിൽ അങ്കുരിച്ചത് ഇങ്ങനെയാണ് എന്ന് മനസ്സിലാക്കാം. ഹദീസുകളുടെ ലോകത്തെത്തുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസിക അവസ്ഥ അദ്ദേഹത്തെ പിടികൂടുമായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ജീവചരിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ അനുരാഗമാണ് സ്വന്തം ജീവിതം ഹദീസുകൾക്കും അതിൽ നിന്ന് നിഷ്പന്നമാകുന്ന വിജ്ഞാനീയങ്ങൾക്കും വേണ്ടി ത്യാഗം ചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതേസമയം വളരെ പ്രയാസകരമായിരുന്നു മഹാനവർകളുടെ ജീവിത പരിസരം. ജീവിത മാർഗങ്ങൾ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന ഏതാനും ദിനാർ കച്ചവടത്തിൽ ഇറക്കി അതിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു അദ്ദേഹത്തിൻറെ ജീവിത ആശ്രയം എന്ന് ചില ചരിത്രങ്ങൾ പറയുന്നുണ്ട് ഖലീഫമാരിൽ നിന്നുള്ള സന്തോഷമുള്ള സഹായങ്ങളും സമ്മാനങ്ങളും അദ്ദേഹം സ്വീകരിക്കുമായിരുന്നു.



പഠനം പൂർത്തിയായതിനു ശേഷം മഹാനവർകൾ മറ്റുള്ളവരെ പഠിപ്പിക്കുവാനും തന്റെ അറിവ് പകർന്നു നൽകുവാനും സന്ദേഹവും സംശയവുമായി വരുന്നവരെ പരിഹാരം നൽകി ആശ്വസിപ്പിക്കുവാനും വേണ്ടി മസ്ജിദുന്നബവിയിൽ ഒരിടത്ത് ഇരിക്കാൻ തുടങ്ങി. അന്നത്തെ പതിവും സമ്പ്രദായവും അങ്ങനെയായിരുന്നു. അറിവുള്ളവർ പള്ളിയിൽ വന്ന് ഒരു സ്ഥലത്ത് സൗകര്യപൂർവ്വം ഇരിക്കും. അറിവ് തേടിയും ഫത്‌വ തേടിയും വരുന്നവർ അദ്ദേഹത്തിൻ്റെ സമീപത്ത് വരികയും കാര്യം സാധിക്കുകയും ചെയ്യും. ഇമാം മാലിക്(റ) മസ്ജിദുന്നബവിയിൽ തന്റെ വൈജ്ഞാനിക സേവനങ്ങൾക്ക് വേണ്ടി ഇരിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഉമർ (റ) കൂടിയാലോചനകൾക്കും വിധി പറയുവാൻ വേണ്ടിയും ഇരിക്കുന്ന സ്ഥലം ആയിരുന്നു. ഇതുതന്നെയായിരുന്നു ഇഅ്തികാഫിന് വേണ്ടി നബി തിരുമേനി(സ്വ) ഉപയോഗിച്ചിരുന്ന സ്ഥലവും. ഉമർ(റ)വോട് അദ്ദേഹത്തിന് വലിയ മാനസികമായ ബന്ധവും ബഹുമാനവും ഉണ്ടായിരുന്നു. ഉമർ(റ) നൽകിയിട്ടുള്ള വിധികളും ഉത്തരങ്ങളും ഇമാം മാലിക് (റ) വിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. മദീനയിലെ തൻ്റെ താമസസ്ഥലത്തിന്റെ കാര്യത്തിലും അദ്ദേഹം ഇത്തരത്തിലുള്ള ഒരു ബറക്കത്തിനെ പിന്തുടർന്നിരുന്നതായി കാണാം. അദ്ദേഹം മദീനയിൽ താമസിച്ചിരുന്നത് പ്രമുഖ സഹാബി വര്യൻ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിൻ്റെ വീട്ടിലായിരുന്നു. ബറക്കത്തുകൾക്ക് അവർ നൽകിയിരുന്നു പ്രാധാന്യം കൂടി ഇതിൽനിന്ന് വായിച്ചെടുക്കാം.



കരളിലലിഞ്ഞ പ്രവാചകപ്രേമം



ഇമാം മാലിക് (റ)ന്റെ ചരിത്രം ഉദ്ധരിക്കപ്പെടുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ നബിയോടുള്ള അനുരാഗത്തെക്കുറിച്ചും സ്‌നേഹാദരങ്ങളെ കുറിച്ചും പണ്ഡിതര്‍വിശദമായി സംസാരിക്കുന്നത് കേള്‍ക്കാം. തിരുമേനി (സ)യുടെ ഹദീസുകള്‍ നിദവേദനം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ കുളിച്ചു വൃത്തിയാകുകയും നല്ല വസ്ത്രങ്ങള്‍ ധരിക്കുകയും സുഗന്ധവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. മാലിക് (റ) തന്റെ വാര്‍ധക്യകാലത്ത് പോലും മദീനയുടെ മണ്ണിലൂടെ വാഹനം കയറാതെ നഗ്നപാദനായിട്ടാണ് നടക്കാറുണ്ടായിരുന്നത്. നബി തിരുമേനി(സ്വ)യുടെ തിരുശരീരം അടക്കം ചെയ്യപ്പെട്ട മദീനയുടെ മണ്ണിലൂടെ ഞാനൊരിക്കലും വാഹനം കയറി സഞ്ചരിക്കുകയില്ല എന്നദ്ദേഹം പറയാറുണ്ടായിരുന്നു. (ശദറാത്ത്, അല്‍ ബിദായത്തു വന്നിഹായ) അധികരാത്രിയിലും തിരുമേനിയെ സ്വപ്നം കാണാതിരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നബി(സ)യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവര്‍ണമാകുമായിരുന്നു. നബിയോടുള്ള ഈ ആത്മാർത്ഥമായ മുഹബ്ബത്ത് അവരുടെ ജീവിതത്തിൻറെ സകല ചലനങ്ങളിലും സ്വഭാവങ്ങളിലും പ്രതിഫലിച്ചു. ഒരു വലിയ ഫിഖ്ഹ് പണ്ഡിതനായിരുന്നിട്ടും ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിൻ്റെ സ്വഭാവമുദ്ര. നബി(സ്വ)യോടും അവിടുത്തെ തിരുവചനങ്ങളോടുമുള്ള ആദരം മൂലം നടക്കുമ്പോള്‍ ഇമാം ഹദീസ് ഉദ്ധരിക്കാറുണ്ടായിരുന്നില്ല. ഇരുന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ഹദീസ് വിശദീകരണങ്ങൾ പറയാറുണ്ടായിരുന്നത്. പ്രവാചകന്‍(സ്വ) നടന്ന മണ്ണിലൂടെ വാഹനപ്പുറത്ത് കയറിയോ ആദരക്ഷ ധരിച്ചോ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇതെല്ലാം പ്രവാചകന്‍(സ്വ)ക്ക് തന്റെ ജീവിതത്തില്‍ എത്ര വലിയ സ്ഥാനമാണ് അദ്ദേഹം നല്‍കിയിരുന്നത് എന്നാണ് കാണിക്കുന്നത്. തിരുനബി(സ്വ)യോടുള്ള അടങ്ങാത്ത സ്നേഹം കാരണം ഇമാം മാലിക്(റ) ഹജ്ജിനു വേണ്ടിയല്ലാതെ മദീനക്ക് പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ല. മഹാനവർകൾ പറയുമായിരുന്നു: ‘സുന്നത്ത് (പ്രവാചകചര്യ) നൂഹ് നബിയുടെ കപ്പലാണ്. അതില്‍ അതില്‍ കയറിയവന്‍ സുരക്ഷിതനായി, അതിനോട് പിന്തിരിഞ്ഞവന്‍ നശിക്കുകയും ചെയ്തു.' മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: ‘അറിവ് എന്നത് രിവായത്തുകളുടെ ആധിക്യമല്ല, മറിച്ച് അല്ലാഹു ഹൃദയത്തില്‍ നിക്ഷേപിക്കുന്ന പ്രകാശമാണത്.’ ഇൽമു തേടി പുറപ്പെട്ട സമയത്ത് മഹാനവർകൾക്ക് സ്വന്തം മാതാവ് മാതാവ് നല്‍കിയ ഉപദേശം ഇതായിരുന്നു: ‘ഗുരുവില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുക’. അബ്ദുല്ലാഹി ഇബ്‌നുൽ മുബാറക്(റ) പറഞ്ഞു: 'ഞങ്ങൾ മാലിക്(റ) ഞങ്ങളോട് ഹദീസ് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, ഒരു തേൾ അദ്ദേഹത്തെ പത്ത് തവണ കുത്തുകയുണ്ടായി. അദ്ദേഹത്തിൻറെ ഭാവവും നിറവും എല്ലാം മാറി എങ്കിലും അദ്ദേഹം അല്ലാഹുവിൻ്റെ റസൂലിൻ്റെ ഹദീസ് വായനയും വിശദീകരണവും നിറുത്തിയില്ല.



മുവത്വ



ഇമാം മാലികുബ്നു അനസ്(റ)വിന്‍റെ മുവത്വയാണ് ഹദീസിലെ ആദ്യരചന. ഹദീസുകളടക്കം വിവിധ വിഷയങ്ങളില്‍ മുവത്വക്ക് മുമ്പും രചനകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയൊന്നും പൂര്‍ണമായിരുന്നില്ല. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ഒതുങ്ങുന്നതായിരുന്നു അവയുടെ പ്രതിപാദ്യം. ഹദീസുകളടക്കം വിവിധ വിഷയങ്ങളില്‍ മുവത്വക്ക് മുമ്പും രചനകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയൊന്നും പൂര്‍ണമായിരുന്നില്ല. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ഒതുങ്ങുന്നതായിരുന്നു അവയുടെ പ്രതിപാദ്യം. കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട ഹദീസുകളുടെ സമാഹാരം അല്ലാമാ ശഅ്ബിക്കുണ്ട് (മരണം ഹി: 103). ഇസ്ലാമിലെ പോരാട്ടങ്ങളുടെ ഹദീസുകളും ശഅ്ബി ക്രോഡീകരിച്ചിട്ടുണ്ട്. എന്നാൽ മുവത്വ വിവിധ വിഷയങ്ങളിലായി ഇമാം മാലികി(റ)വിന് ലഭിച്ച ഹദീസുകളുടെ സമാഹാരമാണ്. ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂറിന്‍റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം മുവത്വ രചിക്കുന്നത്. ആയിരക്കണക്കിന് ഹദീസുകൾ ശേഖരിച്ചതിൽ നിന്ന് പ്രബലമായ ഏതാനും ഹദീസുകൾ മാത്രമാണ് മുവത്വയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സഹീഹുൽ ബുഖാരിയും സഹീഹു മുസ്‌ലിമും വിരചിതമാകുന്നതിന് മുമ്പ് ഈ ഗ്രന്ഥത്തിനാണ് പണ്ഡിതർ പ്രാമാണികത കൽപ്പിച്ചിരുന്നത്. അതിലെ മിക്ക ഹദീസുകളും ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതരില്‍ നിന്ന് മാത്രമേ മാലിക്(റ) ഹദീസുകള്‍ ഉദ്ധരിച്ചിരുന്നുള്ളൂ. ഇമാമിന്‍റെ സമകാലികരായ പണ്ഡിതന്‍മാര്‍ ഈ സൂക്ഷ്മതയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാമിന്‍റെ ഈ സ്വഭാവം പരിഗണിച്ചാണ് സ്വഹീഹ് ബുഖാരിക്കും മുസ്ലിമിനും മീതെയാണ് മുവത്വയുടെ സ്ഥാനമെന്ന് വരെ ചിലര്‍ അഭിപ്രായപ്പെട്ടത്. ഇമാം ശാഫിഈ(റ) പറഞ്ഞു: ‘ഇമാം മാലികിന്‍റെ മുവത്വയെക്കാള്‍ പ്രബലമായ മറ്റൊന്ന് ഈ ഭൂമിയിലില്ല.’ ഇമാമിന്‍റെ ശിഷ്യന്‍മാരില്‍ പ്രമുഖനായ അബ്ദുറഹ്മാനുബ്നു മഹ്ദി കുറിച്ചു: ‘അല്ലാഹുവിന്‍റെ കലാമായ ഖുര്‍ആനിന് ശേഷം ജ്ഞാനോപകാരപ്രദമായ മറ്റൊരു ഗ്രന്ഥം മുവത്വയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.’ പ്രമുഖ ഹദീസ് പണ്ഡിതനായ അബ്ദുല്ലാഹിബ്നു വഹബ് എഴുതി: ‘മുവത്വ കൈവശമുള്ളവന് ഹറാമും ഹലാലും വേറെ രേഖപ്പെടുത്തേണ്ടതില്ല. ഹറാമും ഹലാലും ഇത്ര കൃത്യമായി രേഖപ്പെടുത്തിയ മറ്റൊരു ഗ്രന്ഥം കാണാനാകില്ല.’ സുഫ്യാനുബ്നു ഉയൈന(റ) പറഞ്ഞു: ‘നിവേദകരുടെ കാര്യത്തില്‍ കണിശമായ സൂക്ഷ്മതയാണ് ഇമാം മാലിക്(റ) സ്വീകരിച്ചത്. വിശ്വസ്തരില്‍ നിന്ന് മാത്രമേ അദ്ദേഹം ഹദീസുകള്‍ സ്വീകരിച്ചുള്ളൂ. അതിനാല്‍ പ്രബല ഹദീസുകള്‍ മാത്രമേ മുവത്വയിലുള്ളൂ.’



ഈ സമാഹാരത്തിന്റെ സൂക്ഷ്മത ഇമാം മാലിക്(റ) തന്നെ പറയുന്നത് ഇങ്ങനെ: 'ഞാനെന്‍റെ ഗ്രന്ഥം മദീനയിലെ എഴുപത് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് സമര്‍പ്പിച്ചു. എല്ലാവരും എന്നോട് യോജിക്കുകയായിരുന്നു. അങ്ങനെയാണ് ‘യോജിപ്പ്’ എന്ന അര്‍ത്ഥത്തില്‍ മുഅത്വ എന്ന് എന്‍റെ ഗ്രന്ഥത്തിന് പേര് വച്ചത്.’ ഇമാം മാലിക്(റ)യുടെ സനദുകൾ കരുത്തുറ്റത്താണ്. അദ്ദേഹത്തിൻറെ പരമ്പരയിൽ നാഫിഅ് മൗലാ അബ്ദുല്ലാഹിബ്നു ഉമര്‍ ഏറ്റവും പ്രധാനിയാണ്. മാലിക്(റ)വിനോട് വലിയ താല്‍പര്യവും പരിഗണനയുമായിരുന്നു നാഫിഅ്(റ)വിന്. അതേ കുറിച്ച് ഇമാം പറയുന്നു: ‘ഞാന്‍ ചെറുപ്രായത്തില്‍ തന്നെ നാഫിഅ്(റ)വിന്‍റെ അടുത്തെത്തുമായിരുന്നു. അദ്ദേഹം എന്‍റെയടുത്തേക്കിറങ്ങി വന്ന് എനിക്ക് ഹദീസുകള്‍ പറഞ്ഞ് തരും.’ നാഫിഅ്(റ) ഉള്‍പ്പെട്ടതാണ് ഏറ്റവും പ്രാമാണികമായ ഹദീസ് നിവേദക പരമ്പര. ഇബ്നു ഉമര്‍(റ)വില്‍ നിന്ന് നാഫിഅ്, അദ്ദേഹത്തില്‍ നിന്ന് മാലിക്(റ) എന്നിങ്ങനെ നിവേദനം ചെയ്യപ്പെടുന്ന ഹദീസ് പരമ്പര ‘സില്‍സിലതുദ്ദഹബ്’ (സ്വര്‍ണ ശ്രേണി) എന്നാണ് ഹദീസ് ലോകത്ത് അറിയപ്പെടുന്നത്. ഹദീസിനും കർമശാസ്ത്രത്തിനും അപ്പുറത്ത് നിരവധി രചനകൾ മഹാനവർകൾ ഉണ്ടായിട്ടുണ്ട്.
ഖദ്‌റ്-ഖളാഅ്, നക്ഷത്രങ്ങളും ചന്ദ്രന്റെ സഞ്ചാരപഥങ്ങൾ, തഫ്‌സീര്‍ എന്നീ വിഷയങ്ങളിലും മഹാനവർകൾക്ക് രചനകൾ ഉണ്ട്.



പരീക്ഷണങ്ങള്‍



പൗരാണിക പണ്ഡിതന്മാരുടെ ജീവിതങ്ങളിലെല്ലാം പൊതുവായി കാണുന്ന ഒരു വിഷയമാണ് രാഷ്ട്രീയപരമായ പരീക്ഷണങ്ങൾ. ഭരണാധികാരികൾക്ക് പലപ്പോഴും അവരുടെതായ താല്പര്യങ്ങൾ ഉണ്ടാകും. ആ താൽപര്യങ്ങൾക്കൊപ്പം മതപണ്ഡിതന്മാർ നിന്നു കൊടുക്കണം എന്ന് അവർ ആഗ്രഹിക്കുകയും ചെയ്യും. പക്ഷേ അത് ധർമ്മനിഷ്ഠയുള്ള എല്ലാ പണ്ഡിതന്മാരും ചെയ്തുകൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോൾ അവരുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകും. സുൽത്താന്മാരുടെയും ഖലീഫമാരുടെയും പീഡനങ്ങൾ ഇങ്ങനെ ഏൽക്കേണ്ടിവന്ന പണ്ഡിതന്മാർ നിരവധിയാണ്. ആ പട്ടികയിൽ ഇമാം ഇബ്നു ഹമ്പൽ(റ) മുതൽ ഇമാം അബു ഹനീഫ(റ) വരെയുള്ളവർ ഉണ്ട്. മഹനായ ഇമാം മാലിക്(റ)വിനും അത്തരം ഒരു ദുരന്ത സാഹചര്യം ഉണ്ടായി.
ചില സത്യങ്ങള്‍ പുറത്തുപറഞ്ഞത് കൊണ്ട് ഖലീഫമാരില്‍ നിന്ന് ചില പരീക്ഷണങ്ങളൊക്കെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്‌നു സഅദ് തന്റെ ത്വബഖാതുല്‍ കുബ്‌റയില്‍ പറയുന്നു: മാലിക് (റ) നോട് ഖലീഫമാര്‍ സംശയങ്ങള്‍ ചോദിക്കുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തപ്പോള്‍ ചില അസൂയാലുക്കള്‍ അദ്ദേഹത്തെക്കുറിച്ച് ജഅ്ഫര്‍ ബ്‌നു സുലൈമാന്‍ മദീനയിലെ ഗവര്‍ണ്ണറായപ്പോള്‍ ഇങ്ങനെ ചെന്നുപറഞ്ഞു: 'നിങ്ങളുടെ ബൈഅത്ത് മാലിക്(റ) അംഗീകരിക്കുന്നില്ല. കാരണം, അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടവന്റെ ത്വലാഖ് അംഗീകരിക്കുന്നവനല്ല'. ഇത് കേട്ട ജഅ്ഫര്‍ കോപിതനാവുകയും മാലിക്(റ)വിനെ വിളിച്ചുവരുത്തി കാര്യമന്വേഷിക്കുകയും ചെയ്തു. തന്റെ നിലപാടില്‍ ഉറച്ചു നിന്ന അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിക്കുവാനും ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കുവാനും ഗവർണ്ണർ കല്‍പ്പിച്ചു. ഖലീഫ ഈ വാർത്ത അറിഞ്ഞപ്പോൾ ഗവർണറെ പിരിച്ചുവിടുകയും ഇമാമിനോട് മാപ്പപേക്ഷിക്കുകയും ചെയ്തു. മുവത്വ കഅ്ബാലയത്തിൽ സൂക്ഷിക്കാനും അതിലെ ആജ്ഞകൾ മുസ്‌ലിം ലോകത്തോട് പിൻപറ്റാനും ഖലീഫ മൻസൂർ ഉത്തരവിറക്കിയിരുന്നതായി ചരിത്ര രേഖകൾ പരാമർശിക്കുന്നുണ്ട്. പക്ഷേ, ആ ആവശ്യം നിരാകരിക്കുകയായിരുന്നു ഇമാം മാലിക്(റ) ചെയ്തത്. പൊതുവെ ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് ഇമാമിനുണ്ടായിരുന്നത്. മദീന സന്ദർശന വേളകളിൽ ഖലീഫമാർ നൽകുന്ന ഉപഹാരങ്ങൾ ഇമാം സ്വീകരിക്കാറുണ്ടായിരുന്നു. എന്നാൽ, ഏതെങ്കിലും സർക്കാർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനോ അധികാരികൾക്ക് അനുകൂലമായി മാത്രം മതവിധികൾ നൽകാനോ മഹാനവർകൾ തയ്യാറായില്ല. സദ്ഭരണം കാഴ്ചവെക്കാൻ അദ്ദേഹം എപ്പോഴും ഭരണാധികാരികളെ ഉപദേശിച്ചു.



വിയോഗം



ഹിജ്‌റ 179 (795 AD)ല്‍ റബീഉല്‍ അവ്വല്‍ 14നു രാവിലെയാണ് മാലിക് (റ) വഫാത്തായത്. ഇബ്‌നു അബീ സന്‍ബര്‍, ഇബ്‌നു കിനാന എന്നിവര്‍ മയ്യിത്ത് കുളിപ്പിക്കുകയും മകനായ യഹ്‌യ, എഴുത്തുകാരനായ ഹബീബും മയ്യിത്ത് കുളിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. മദീനയിലെ ജന്നത്തുൽ ബഖീഇല്‍ അദ്ദേഹം മറമാടപ്പെട്ടു. ഇന്നും ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ മഖ്ബറ സിയാറത്തുചെയ്യുന്നു. നിരവധി അനുശോചന കവിതകള്‍ അതദദ്ദേഹത്തെ ക്കുറിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള നിരവധി ജീവചരിത്രങ്ങൾ പുതിയതും പഴയതുമായ രചനകളിൽ ഉണ്ട്.
അബൂ അബ്ദില്ലാഹിത്തുസ്തരി, അബുല്‍ ഹസനുബ്‌നു ഫിഹ്‌രില്‍ മിസ്‌റി, ജഅ്ഫര്‍ ബ്‌നു മുഹമ്മദുല്‍ ഫിര്‍യാബി, അബൂ ബിശ്‌റു ദൂലാബി, അബു മുഹമ്മദ്ബ്‌നുല്‍ ജാറൂദ്, അബു ഇസ്ഹാഖ് ബ്‌നു ശൈബാന്‍, ഖാളി അബൂബക്കറുല്‍ അബ്ഹരി, ഖാളി അബ്ദുല്‍ ഫള്‌ലുല്‍ ഖുശൈരി, ഹാഫിള് അബൂ അബ്ദില്ലാഹില്‍ ഹാകിം തുടങ്ങിയവർ ഇമാം മാലിക് (റ)നെ കുറിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സമാഹാരമായ മുവത്വയുടെ വ്യാഖ്യാനങ്ങളും ഇതേപോലെ നിരവധിയാണ്. നാല് സന്താനങ്ങളായിരുന്നു ഇമാമിനുണ്ടായിത്. മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയും. ആൺകുട്ടികൾ പണ്ഡിതന്മാരായില്ലെങ്കിലും മകൾ ഫാത്വിമ പിതാവിന്റെ പാത പിൻപറ്റി ഹദീസിലും കർമശാസ്ത്രത്തിലും പ്രാഗല്ഭ്യം കരഗതമാക്കി. മൂവത്വ അവർക്ക് മനപ്പാഠമായിരുന്നു. വാതിലിന്റെ പിറകുവശത്തിരുന്ന് അവർ ഇമാമിന്റെ ക്ലാസുകൾ സാകൂതം ശ്രവിച്ചു പഠിക്കുകയായിരുന്നു. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചാൽ ഉടനെ അവർ വാതിലിൽ മുട്ടുകയും അത് ഇമാമിനെ അറിയിക്കുകയും ചെയ്യുമായിരുന്നു.



മാലികീ മദ്ഹബ്



സമ്പൂര്‍ണ്ണവും സമഗ്രവുമായ മതമാണ് ഇസ്‌ലാം. ഇതര മതങ്ങളില്‍ നിന്ന് അത് വ്യതിരിക്തമാകുന്നത് അതിൻ്റെ സമഗ്രത കൊണ്ടാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളേയും അത് സ്പര്‍ശിക്കുന്നു. അതിൻ്റെയെല്ലാം അടിസ്ഥാന സ്രോത്രസ്സ് വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ്. ആറായിരത്തില്‍പ്പരം വരുന്ന ഖുര്‍ആന്‍ വചനങ്ങളിലും ലക്ഷക്കണക്കിന് ഹദീസുകളിലുമാണ് ഈ ജീവിത പദ്ധതി കുടികൊള്ളുന്നത്. വിശുദ്ധ ഖുർആൻ ലോകാവസാനം വരേക്കും മനുഷ്യന് ആധാരമാക്കുവാൻ വേണ്ടി അല്ലാഹു നൽകിയ അവൻ്റെ കലാമാണ്. അതിന്റെ വ്യാഖ്യാനവും വിശദീകരണവും ആണ് ഹദീസുകൾ. വിശുദ്ധ ഖുർആനിൽ എല്ലാ കാര്യങ്ങളും അല്ലാഹു ഉൾക്കൊള്ളിച്ചിട്ടുണ്ട്. അള്ളാഹു ഖുര്‍ആനില്‍ പറയുന്നത്, ഈ ഗ്രന്ഥം താങ്കള്‍ക്കു നാം അവതരിപ്പിച്ചത് സര്‍വ്വ കാര്യങ്ങള്‍ക്കുമുള്ള പ്രതിപാദനമായിട്ടാണ് എന്നാണ് (നഹ്‌ല്: 89).
ഇതില്‍ നിന്ന് മനസ്സിലാകുന്നത് പരിശുദ്ധ ഖുര്‍ആന്‍ വേണ്ട വിധം മനസിലാക്കാനായാല്‍ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള പ്രതിവിധി കണ്ടെത്താന്‍ സാധിക്കും എന്നാണ്. പക്ഷേ വിശുദ്ധ ഖുർആൻ അങ്ങനെ തുറന്നു വെച്ച് നേരിട്ട് എല്ലാം വായിച്ചെടുക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു ഗ്രന്ഥമല്ല. ലോകാവസാനം വരേക്കും വരുന്ന മനുഷ്യന്മാർക്ക് അവരുടേതായ കാര്യം കാലങ്ങളിൽ ഉണ്ടാകുന്ന പ്രത്യേകം പ്രത്യേകം വിഷയങ്ങൾ ഓരോന്നും അതിൽ സമർഥമായി ഒതുക്കിവെച്ചിരിക്കുകയാണ്. അതിൽ നിന്ന് വേണ്ടത് വേർതിരിച്ചെടുക്കുക വളരെ പ്രയാസമാണ്. എന്നാൽ അത് അസാധ്യമല്ല താനും. അതിന് പ്രത്യേക വൈദ്യം ലഭിച്ച പണ്ഡിതന്മാർക്ക് മാത്രമേ അത് സാധ്യമാകൂ. പണ്ഡിതന്മാർ എന്ന് പറഞ്ഞാൽ സാധാരണ പണ്ഡിതന്മാർ അല്ല മറിച്ച് ഒന്നിൽ നിന്ന് അതിൻ്റെ ആഴങ്ങൾ ഏതു സാഹചര്യത്തിലും കണ്ടെത്താൻ മാത്രം കഴിവുള്ള പണ്ഡിതന്മാർ. അവരെ കർമ്മ ശാസ്ത്രത്തിൻ്റെ സാങ്കേതികതയിൽ മുജ്തഹിദുകൾ എന്നു പറയുന്നു. സ്വഹാബിമാർ എല്ലാം ഇങ്ങനെ കണ്ടെത്താൻ കഴിയുന്ന മുജ്തഹിദുകൾ ആയിരുന്നു. കാരണം അവർ നബി തിരുമേനി(സ്വ)യുടെ കൂടെ ജീവിച്ചവരാണ്.



സഹാബിമാർക്ക് അതിനുള്ള കഴിവും അനുവാദവും ഉണ്ടായിരുന്നു. മുആദ്ബ്‌നു ജബല്‍(റ)വിനെ യമനിലെ ഗവര്‍ണ്ണറായി നിയമിച്ചപ്പോള്‍ പ്രവാചകര്‍(സ്വ) ചോദിച്ചു: 'നിങ്ങളുടെ മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ എങ്ങനെയാണ് വിധി കല്‍പ്പിക്കുക?'. മുആദ്(റ) പറഞ്ഞു: 'ഞാന്‍ അള്ളാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധി കല്‍പ്പിക്കും'. അപ്പോൾ പ്രവാചകര്‍ തിരിച്ച് ചോദിച്ചു; 'അതില്‍ കണ്ടെത്തിയില്ലെങ്കിലോ?' മുആദ്(റ) മറുപടി നല്കി; 'ഞാന്‍ അങ്ങയുടെ ചര്യയനുസരിച്ച് വിധി കല്‍പ്പിക്കും'. ഉടനെ പ്രവാചകര്‍ ചോദിച്ചു: 'അതിലും കണ്ടെത്തിയില്ലെങ്കിലോ ?' മുആദ്(റ) പറഞ്ഞു; 'ഞാനെന്റെ ബുദ്ധിയുപയോഗിച്ച് ഗവേഷണം നടത്തി വിധി പറയും'. ഈ അനുമതിയിലൂടെ പ്രവാചകര്‍(സ)യുടെ അസാനിധ്യത്തില്‍ ഉടലെടുക്കുന്ന വിഷയങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് എങ്ങനെയാണെന്ന് അനുയായികളെ നബി (സ്വ) തര്യപ്പെടുത്തുകയായിരുന്നു. സ്വഹാബികൾ ആരും പക്ഷേ തങ്ങളുടെ മദ്ഹബുകൾ ക്രോഡീകരിച്ച് രേഖപ്പെടുത്തി വെച്ചില്ല.



സ്വഹാബിമാരുടെ കാലത്തിനു ശേഷം കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ ധാരാളം മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശറഹീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ), സുഫ്യാനുസ്സൌരി (റ), അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയവര്‍ സ്വതന്ത്ര മുജ്തഹിദുകളും ഫുഖഹാഉമായിരുന്നു. അവര്‍ ക്കെല്ലാം സ്വന്തം മദ്ഹബുകളുണ്ടായിരുന്നു. ഇവരില്‍ ആരുടെയും മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാമായിരുന്നു. പക്ഷേ, മറ്റു നാലു മദ്ഹബുകളെ പോലെ അവ ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പിന്‍തലമുറക്ക് പ്രസ്തുത ചിന്താസരണികള്‍ നഷ്ടപ്പെട്ടു പോവുകയാണ് ഉണ്ടായത്. എന്നാൽ അവയിൽ നാല് മദ്ഹബുകൾ കൃത്യമായി ക്രോഡീകരിക്കപ്പെട്ടു. ക്രോഡീകരിക്കപ്പെടുമ്പോഴാണ് അത് പിന്തുടരുവാൻ കഴിയുക. അതുകൊണ്ട് ഈ നാലിൽ ഒരു മദ്ഹബിനെ പിന്തുടരുകയാണ് ഇജ്തിഹാദ് ചെയ്യാൻ കഴിവില്ലാത്ത വിശ്വാസികൾക്ക് കരണീയവും ഭൂഷണവും എന്നാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ പറയുന്നത്. അവയിൽ ഏതെങ്കിലും ഒന്നിനെ പിന്തുടരുക എന്നു പറയുന്നത് അവ നാലും തമ്മിൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടാണ്. അഭിപ്രായവ്യത്യാസങ്ങളിൽ ആരും അസ്വസ്ഥരാകേണ്ട ആവശ്യമില്ല. കാരണം അത് മതത്തിൻ്റെ കർമ്മ ശാസ്ത്രത്തെ വിഭജിക്കുകയല്ല, മറിച്ച്, വിശാലമാക്കുകയാണ് ചെയ്യുന്നത്. ഒരു കർമ്മത്തിൽ ഏതു മദ്ഹബിനെയും അനുധാവനം ചെയ്യാനുള്ള അനുമതി പണ്ഡിതന്മാർ നൽകുന്നുണ്ട്. അതേസമയം അവർക്കിടയിലെ ഭിന്ന വീക്ഷണത്തെ ഒരിക്കലും ഒരു കലാപമായി കാണേണ്ട ആവശ്യമില്ല. അവർക്കിടയിൽ ഭിന്ന വീക്ഷണങ്ങൾ ഉണ്ടായതും അത് അതുപോലെതന്നെ ഉദ്ധരിക്കപ്പെട്ടതും ആ പണ്ഡിതന്മാരുടെ ആത്മ വിശുദ്ധിയുടെ തെളിവാണ്. അവർ ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തെ നിരാകരിക്കാതെ വിശ്വാസികൾക്ക് വേണ്ടതെടുക്കാൻ വേണ്ടി എല്ലാം പറഞ്ഞു വെക്കുകയായിരുന്നു. അങ്ങനെയാണ് ഇമാമന്മാരുടെ ഭിന്നത ഉമ്മത്തിന് അനുഗ്രഹമാണ് എന്ന് പറയുന്നത്.



ഭിന്ന വീക്ഷണങ്ങള്‍ ഇമാമുമാർക്കിടയിൽ മാത്രമല്ല അവരുടെ മുൻഗാമികൾ ആയിരുന്ന സ്വഹാബിമാരുടെ കാലത്തും ഉണ്ടായിട്ടുണ്ട്. അന്നൊന്നും അതിനെ മതത്തിൻ്റെ ഉള്ളിലെ വിഭജനമായി ആരും കുറ്റപ്പെടുത്തിയിട്ടില്ല. അവയെ ഇമാമുമാർക്കിടയിൽ ഉള്ള അസ്വാരസ്യമായി ആരും കണ്ടിട്ടുമില്ല. ഒരിക്കല്‍ അഹ്സാബ് യുദ്ധം കഴിഞ്ഞ് എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. അ പ്പോള്‍ നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ ഉടനെ പുറപ്പെടുക. ബനൂഖുറൈളയില്‍ എത്തിയേ നിങ്ങള്‍ അസ്വര്‍ നിസ്കരിക്കാവൂ'. കൽപ്പന കേട്ട സ്വഹാബികള്‍ ഉടനെ പുറപ്പെട്ടു. വഴിമദ്ധ്യേ അസ്വര്‍ നിസ്കാരത്തിന് സമയമായി. ചിലര്‍ വഴിക്ക് വച്ച് അസ്വര്‍ നിസ്കരിച്ചു. മറ്റുള്ളവര്‍ ബനൂഖുറൈളയില്‍ എത്തിയ ശേഷമാണ് നിസ്കരിച്ചത്. അപ്പോഴേക്കും അസ്വര്‍ ഖളാആയിരുന്നു. ആദ്യ വിഭാഗത്തിന്റെ ന്യായം ഇപ്രകാരമായിരുന്നു, വേഗം ബനൂഖുറൈളയില്‍ എത്തണമെന്നല്ലാതെ അസ്വര്‍ നിസ്കാരം ഖളാ ആക്കണമെന്ന് നബി(സ്വ) ഉദ്ദേശിച്ചു കാണില്ല. രണ്ടാം വിഭാഗം നബിയുടെ നിര്‍ദ്ദേശം അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പിലാക്കുകയാണ് ചെയ്തത്. നബി(സ്വ) ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇരു വിഭാഗത്തെയും ശരിവെക്കുകയാണ് ചെയ്തത്. ഗവേഷണത്തിന് സാദ്ധ്യതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ള ഗവേഷണങ്ങളും അത് വഴി എത്തിച്ചേരുന്ന നിഗമനങ്ങ ളും ഇസ്ലാം ശരിവയ്ക്കുന്നുവെന്നതിന് തെളിവാണ് മുകളിലുദ്ധരിച്ച സംഭവം.



ഈ മദ്ഹബുകളിൽ ഒന്നാണ് മാലിക്കി മദ്ഹബ്. കാലത്തെ മാനദണ്ഡമാക്കുമ്പോൾ രണ്ടാമത്തെ മദ്ഹബ് മാലികി മദ്ഹബായിരുന്നു. പല മസ്അലകളിലും ഇമാം മാലിക്കിന് വേറിട്ട അഭിപ്രായങ്ങളാണ് ഉള്ളത്. ഈ വ്യത്യാസം രൂപപ്പെടുന്നത് ഓരോ ഇമാമിന്റെയും നിദാനങ്ങൾക്കു വിധേയമായിട്ടാണ്. നിദാനങ്ങളുടെ കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഈ ഇമാമുമാർക്കിടയിൽ ഉണ്ട്. എല്ലാ മദ്ഹബുകൾക്കും നിദാനങ്ങൾ ഉണ്ടായിരിക്കും. ഇവ അറബി സാങ്കേതിക പ്രയോഗത്തിൽ ഉസ്വൂലുകൾ എന്നും വ്യവഹരിക്കപ്പെടുന്നു. ഈ നിദാനങ്ങളെ മാനദണ്ഡപ്പെടുത്തിയാണ് കർമ്മ ശാസ്ത്ര വിധികൾ ഇമാമുകൾ കണ്ടെത്തുന്നത്. നിദാനങ്ങൾ ഉണ്ടാകുമ്പോൾ അതുവച്ച് ആർക്കും മസ്അലകളിൽ അന്തിമ വിധി കണ്ടുപിടിക്കാം. അബൂ ഹനീഫ(റ) ആണ് ആദ്യത്തെ ഇമാം എന്ന് നാം നേരത്തെ പറഞ്ഞു. അദ്ദേഹം പക്ഷേ അത്തരം നിദാനങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല. ഓരോ വിഷയത്തിലും തൻ്റെ നിലപാട് സലക്ഷ്യം സ്ഥാപിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. രണ്ടാമത്തെ ഇമാമായ ഇമാം മാലിക്(റ)യും ഇതേ വഴിയാണ് പോയത്. അദ്ദേഹവും തൻറെ മദ്ഹബിന്റെ ഉസൂലുകൾ നിശ്ചയിച്ചില്ല. ഉസൂലുകൾ ആദ്യമായി ആവിഷ്കരിച്ചത് ഇമാം ശാഫി (റ) ആയിരുന്നു. പക്ഷേ പിൽക്കാലത്ത് ഇമാം മാലിക്കിന്റെ അഭിപ്രായങ്ങളിൽ ഗവേഷണം ചെയ്ത ഇമാം ഖറാഫി തൻ്റെ തൻഖീഹുൽ ഉസ്വൂൽ എന്ന ഗ്രന്ഥത്തിൽ മാലികി മദ്ഹബിന്റെ ഉസൂലുകൾ 11 എണ്ണമാണ് എന്ന് കണ്ടെത്തുകയുണ്ടായി. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, മദീനക്കാരുടെ പ്രവർത്തികൾ, ഖിയാസ്, സ്വഹാബികളുടെ വാക്കുകൾ, മസ്വാലിഹ് മുർസല, അൽ ഇസ്തിഹ്സാൻ, ഉർഫ്, സദ്ദുദ്ദറാഇദ്, അൽ ഇസ്തിസ്വ്ഹാബ് എന്നിവയാണ് അവ.



അല്‍ മദ്ഹബുല്‍ മുദവ്വന, (ഇതില്‍ ഇമാം മാലിക്കിന്റെ വാക്കുകള്‍ അബ്ദുറഹ്മാന്‍ ബിന്‍ കാസിം മുഖേന വിവരിക്കുന്നു) മുഖ്തസര്‍ ഖലീല്‍, (മാലികി മദ്ഹബിലെ പ്രധാന ഗ്രന്ഥമാണിത്. ഇതിന് നിരവധി വിശദാംശങ്ങളും സംഗ്രഹങ്ങളുമുണ്ട്),
ഇബ്നുല്‍ ബറകാത്തിൻ്റെ അശ്ശറഹുല്‍ കബീര്‍, ഇബനു അറഫ അദ്ദസൂഖിയുടെ അദ്ദുറര്‍, മുഹമ്മദ് ബിന്‍ യൂസുഫുല്‍ അബ്ദി അല്‍ മവാഖ് രചിച്ച അത്താജു വല്‍ ഇഖ്‌ലീല്‍, ഹാശിയതു മവാഹിബുല്‍ ജലീല്‍ ഫീ ശറഹു മുഖ്തസറു ഖലീല് മുതലായവയാണ് മാലികി മദ്ഹബിലെ പ്രധാന കിതാബുകൾ.



ഏതാണ്ട് ശാഫീ മദ്ഹബിന്റെ അനുയായികളോളം എണ്ണം വിശ്വാസികൾ മാലിക്കീ മദ്ഹബിനെ പിന്തുടരുന്നുണ്ട് എന്നാണ് കരുതേണ്ടത്. എന്നാൽ ഏറ്റവും വലിയ മദ്ഹബിന്റെ സ്ഥാനത്ത് നിൽക്കുന്നത് ഹനഫീ മദ്ഹബ് തന്നെയാണ്. മാലികി മദ്ഹബിന്റെ സ്വാധീനം പ്രധാനമായും ഇപ്പോൾ ഉള്ളത് ആഫ്രിക്കൻ പ്രദേശങ്ങളിലാണ്. വടക്കൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, ചാഡ്, സുഡാൻ, തുടങ്ങിയ സ്ഥലങ്ങളിലും കുവൈറ്റ്, ബഹറൈൻ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലും സൗദി അറേബ്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിലും മാലിക്കി മദ്ഹബിന്റെ സ്വാധീനമുണ്ട്.



0
പ്രധാന അവലംബ വായനകൾ:
-ഇബ്നു ഇമാദ് അൽ ഹൻബലി: ശദാറാത്തുദ്ദഹബ്
-ഇബ്നു സഅ്ദ്: ത്വബഖാത്ത്
-ആദിൽ നുവൈഹിദ്: മുഅ്ജമുൽ മുഫസ്സിരീൻ
-ഇമാം ദഹബി: സിയറു അഅ്ലാമിന്നുബലാഅ്
-അബ്ദുൽ ഗനി ദഖർ: മാലിക് ബിൻ അനസ്
-മുഹമ്മദ് അബൂ സഹ്റ: ഇമാം മാലിക്



thdarimi.in



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso