അഗ്നിച്ചുഴലി: ചൂടുള്ള ചിന്തകൾ
2025-01-15
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
പ്രപഞ്ചത്തിൻ്റെ തുടക്കത്തിൽ തീ ഉണ്ടായിരുന്നില്ല. അന്നു മനുഷ്യനും ഉണ്ടായിരുന്നില്ല. പക്ഷെ ഭൂമി ഉണ്ടായിരുന്നു. മനുഷ്യൻ വരുന്നതിനു മുമ്പെ അവനു താമസിക്കാനുള്ള ഭൂമി അല്ലാഹു ഒരുക്കി വെച്ചിരുന്നു. ആദം നബി എന്ന ആദ്യത്തെ മനുഷ്യനെ പടയ്ക്കുവാൻ പദ്ധതിയിട്ടപ്പോൾ 'ഞാൻ ഭൂമിയിൽ എൻ്റെ ഒരു പ്രതിനിധിയെ നിയോഗിക്കുവാൻ പോകുന്നു' എന്ന് അല്ലാഹു പറഞ്ഞതിൽ നിന്നും ഇതു മനസ്സിലാക്കാം. അന്നു തീ ഇല്ലാതിരുന്നത് ഓക്സിജന്റെ കുറവ് കാരണമായിരുന്നു. മനുഷ്യന് ശ്വസിക്കാനുള്ള ജീവവായു ആണല്ലോ ഓക്സിജൻ. മനുഷ്യനില്ലെങ്കിൽ പിന്നെ കാര്യമായി ഓക്സിജന്റെ ആവശ്യമില്ല. അതുകൊണ്ടാണ് അന്ന് അത് ഇല്ലാതിരുന്നത്. പരിണാമത്തിന്റെ ആദ്യ അവസ്ഥയിലുള്ള ഭൗമാന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കേവലം 2% മാത്രമായിരുന്നു എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. പിന്നീട് അല്ലാഹു തൻ്റെ പ്രതിനിധിയായ മനുഷ്യനുവേണ്ടി ഈ പ്രപഞ്ചത്തെ ഒരുക്കിയപ്പോൾ ആദ്യം അവന് ആവശ്യമായ ഓക്സിജൻ മെല്ലെ മെല്ലെ അന്തരീക്ഷത്തിൽ നിറക്കുകയായിരുന്നു. അതിനായി അല്ലാഹു ആദ്യം ഭൂമിയിൽ ഹരിതസസ്യങ്ങളെ പടച്ചു. അവ പ്രകാശസംശ്ലേഷണം (Photosynthesis) നടത്തിയാണ് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഇന്നത്തെ 21 ശതമാനത്തിൽ എത്തിയത്. അതോടെ ഭൂമി മനുഷ്യന് വാസയോഗ്യമായി മാറി. മനുഷ്യൻ്റെ ജീവിതത്തിൻ്റെ ആധാരമായി ഓക്സിജൻ കൽപ്പിക്കപ്പെട്ടതോടെ അത് ഒരു അനുഗ്രഹമായി മാറി. അനുഗ്രഹങ്ങളെ മനുഷ്യൻ അവഗണിക്കുന്ന സാഹചര്യം വരുമ്പോൾ അതേ നാണയത്തിൽ തന്നെ അവനെ ശിക്ഷിക്കുക എന്നതും സർവ്വാധികാരിയായ അല്ലാഹുവിൻ്റെ തീരുമാനമാണ്. മനുഷ്യന് ലഭിച്ചിട്ടുള്ള ഏതു അനുഗ്രഹങ്ങളിലും ഈ രസതന്ത്രം കാണാം. സമ്പത്ത്, സന്താനം, ആരോഗ്യം തുടങ്ങിയവയെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളാണ്. അവയെ പക്ഷേ, അല്ലാഹു അംഗീകരിക്കാത്ത മാർഗ്ഗേണ ഉപയോഗിക്കുകയോ അനുഭവിക്കുകയോ ചെയ്താൽ അതുതന്നെ അവന് ശിക്ഷയായി ഭവിക്കുന്നത് ഒരു ഉദാഹരണം. ഭക്ഷണം വേവിക്കാനും മറ്റും മനുഷ്യന് തീ അനുപേക്ഷണീയമാണ്. അതിന് അന്തരീക്ഷ ഓക്സിജന്റെ അളവ് ഏറ്റവും കുറഞ്ഞത് 16 ശതമാനമെങ്കിലും ഉണ്ടായിരിക്കണം എന്നാണ്. ആ അളവിലേക്കും പിന്നെയും ഉയർന്ന് 21 ശതമാനത്തിലേക്ക് എത്തിയപ്പോഴായിരുന്നു മനുഷ്യൻ്റെ ഭൂമിയിലേക്കുള്ള ആഗമനം.
ഭൂമിയിലുള്ള പദാർഥങ്ങളിൽ പലതും ചൂടുപിടിക്കുമ്പോൾ ഓക്സിജനുമായി അതിവേഗം രാസപ്രവർത്തനം നടക്കാറുണ്ട്. ഈ രാസപ്രവർത്തനം തുടർന്നുകൊണ്ടുപോകുന്നതിനോ വർദ്ധിപ്പിക്കുന്നതിനോ പര്യാപ്തമായ ചൂട് ഉളവാക്കുന്ന പ്രക്രിയയെയാണ് തീ എന്നു പറയുന്നത്. അപ്പോൾ അതിന് സംഹാര ശക്തിയും കൈവരുന്നു. ഈ സംഹാരശക്തി ഉണ്ടായതുകൊണ്ടാണ് അല്ലാഹു പരമമായി മനുഷ്യനെ തീ കൊണ്ട് ശിക്ഷിക്കുമെന്ന് പറയുന്നത്. നരകത്തെ അവതരിപ്പിക്കുന്നത് തീ കൊണ്ടുള്ള ശിക്ഷയായിട്ടാണ്. മനുഷ്യൻ്റെ മുമ്പിലെ ഏറ്റവും പ്രകടമായ വിനാശകാരി ആയതുകൊണ്ടാണ് നരക ശിക്ഷയിൽ തീ എന്ന ആശയത്തെ ഉപയോഗിക്കുന്നത്. തീ കൊണ്ടുള്ളതല്ലാത്ത ശിക്ഷകൾ നരക ശിക്ഷയുടെ ഭാഗമായി ഉണ്ട് എന്നത് പ്രമാണങ്ങളിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല മനുഷ്യൻറെ ചിന്തയെ എക്കാലത്തും അന്തിപ്പിച്ച ഒരു വസ്തുതയാണ് തീ. ശാസ്ത്രം ഏറെ വികാസം പ്രാപിച്ച കാലത്ത് ഇതിനെക്കുറിച്ച് പല ധാരണകളും നമ്മുടെ മനസ്സുകളിൽ രൂപപ്പെട്ടതുകൊണ്ടാണ് നമുക്ക് ഇപ്പോൾ തീ ഒരു ചിന്താവിഷയം ആവാത്തത്. മനുഷ്യന് ശാസ്ത്ര ബോധം ഒട്ടും ഉണ്ടായിരുന്നില്ലാത്ത കാലത്ത് അവൻ അഗ്നി എന്ന പ്രതിഭാസത്തെ കണ്ട് അദ്ഭുതസ്തബ്ധനായി നിന്നു പോയിട്ടുണ്ട്. സംഹാരമൂർത്തി ആയ അതിനെ ഭയപ്പാടോടു കൂടി കാണുകയും ദൈവമായി കണ്ട് ആരാധിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ വികാസങ്ങൾ വഴി ചില നിഗമനങ്ങൾ ശാസ്ത്രം നേടിയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷേ അഗ്നിയെ തൻ്റെ നിയന്ത്രണത്തിൽ പരിപൂർണ്ണമായും പിടിച്ചൊതുക്കി എന്ന് അഹങ്കരിക്കാൻ ഒരിക്കലും കഴിയില്ല. തീയിനെ നിയന്ത്രിക്കുവാനും കെടുത്തുവാനും മനുഷ്യൻ നേടിയിട്ടുള്ള കഴിവുകൾ അവൻ്റെ സങ്കല്പത്തെക്കാൾ അല്ലെങ്കിൽ സാധാരണ യെക്കാൾ വലിയ ഒരു അഗ്നിബാധയുടെ മുമ്പിൽ എത്തുമ്പോൾ കെട്ടുപോകുന്നത് നമുക്ക് ഇപ്പോഴും അനുഭവമുള്ള കാര്യമാണ്. കെടുത്താനുള്ള വിദ്യ കണ്ടുപിടിച്ചു എന്നതുകൊണ്ട് തീയിനെ കയ്യിൽ ഒതുക്കി എന്ന് കരുതാൻ കഴിയില്ല എന്ന് ചുരുക്കം.
ഇസ്ലാമും അതിൻ്റെ മൂലപ്രമാണമായ വിശുദ്ധ ഖുർആനും തീയിനെ ഒരു ചിന്തയായിട്ടുകൂടിയാണ് അവതരിപ്പിക്കുന്നത്. ആ ചിന്തകൾ ആരംഭിക്കുന്നത് തീ അല്ലാഹുവിൻ്റെ സൃഷ്ടിയാണ് എന്ന ആശയം സ്ഥാപിച്ചുകൊണ്ടാണ്. മനുഷ്യന്മാർ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി അതിനെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍, അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു. (36/80). ഈ ഉടമാവകാശം അതിന്റേതായ അർത്ഥത്തിൽ തന്നെ സ്ഥാപിക്കപ്പെടാൻ വേണ്ടിയായിരിക്കണം, പച്ചമരത്തിൽ നിന്ന് തീ ഉണ്ടാക്കി എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നത്. പച്ചമരവും തീയും ആശയപരമായി വിരുദ്ധ അകലങ്ങൾ പുലർത്തുന്നവയാണ്. അത്തരം സാഹചര്യത്തെ തന്നെ ഇണക്കിയെടുത്താണ് അല്ലാഹു തീയിനെ പടച്ചിരിക്കുന്നത്. അതിനാൽ ആ അവകാശം സമ്പൂർണ്ണമാണ്. അല്ല എന്ന് ചിന്തിക്കുവാൻ പോലും ഒരാളുടെ മുമ്പിലും ഒരു ന്യായവുമില്ല. പച്ച മരത്തിൽ നിന്ന് തീ ഉണ്ടാക്കുന്ന വിദ്യ സാധാരണക്കാർക്ക് കഴിയുന്നതല്ല. ഈ അർത്ഥത്തിലുള്ള ഉടമാവകാശം സ്ഥാപിക്കപ്പെടുന്ന തോടുകൂടി അതെങ്ങാനും പിണങ്ങിയാൽ അതിനെ നിയന്ത്രിക്കാനും അതിൻ്റെ ഉടമയായ സൃഷ്ടാവിന് മാത്രമേ കഴിയൂ എന്ന ആശയം സ്ഥാപിക്കപ്പെടും.
സൃഷ്ടാവിന്റെ ഏകത്വവും ദൈവത്വവും സ്ഥാപിക്കുക എന്നത് ആണ് ഇത്തരം ചിന്തകളുടെ അടിസ്ഥാനപരമായ ലക്ഷ്യം. അതിനുവേണ്ടിയുള്ള ചിന്താവിഷയങ്ങളുടെ കൂട്ടത്തിൽ തീയേയും അല്ലാഹു ഉൾപ്പെടുത്തിയതായി കാണാം. അല്ലാഹു പറയുന്നു: 'നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍? നാം അതിനെ ഒരു ചിന്താവിഷയമാക്കി യിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിത സൗകര്യവും'. (56/71-73). മരത്തിൽ നിന്ന് തീ ഉണ്ടാക്കി എന്നത് ഖുർആൻ ആവർത്തിക്കുമ്പോൾ തീ ഉണ്ടാക്കുന്ന മരം ഏതാണ് എന്ന ഒരു ചോദ്യം സാധാരണക്കാരുടെ മനസ്സുകളിൽ ഉയരാം. തീയുണ്ടാക്കുവാന്‍ തീപ്പെട്ടി മുതലായ പരിഷ്കൃത മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പ് ചില പ്രത്യേക മരത്തുണ്ടുകളെയായിരുന്നു മനുഷ്യന്‍ ആശ്രയിച്ചിരുന്നത്. ഉരമുള്ള പുറം തോടുള്ള മരങ്ങൾ തമ്മിൽ കൂട്ടി ഉരസി ആണ് പ്രാചീനകാലത്തെ മനുഷ്യന്മാർ തീ കത്തിച്ചെടുത്തിരുന്നത്. മരത്തിനു പകരം കല്ലും ലോഹവും എല്ലാം ഉരസിയും തീ ഉണ്ടാക്കുമായിരുന്നു. നാടോടികളും മരുഭൂവാസികളുമായിരുന്ന പ്രാചീന അറബികൾക്കിടയിൽ ഇത് വ്യാപകമായിരുന്നു. അവർ ഇതിനായി ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും അഫാറും’. ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും ചില അനാഗരിക കേന്ദ്രങ്ങളിൽ നടപ്പുള്ളതാണ്. ഇതേ ആശയത്തിന് വേണ്ടി തന്നെ മറ്റൊരു രൂപത്തിലും അല്ലാഹു തീയിനെ ഉപയോഗിച്ചതായി കാണാം. അത് ഉദാഹരണങ്ങളിലാണ്. വിശുദ്ധ ഖുർആനിൻ്റെ ആശയ സമർത്ഥന രീതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉദാഹരണങ്ങൾ. സംബോധിതരായ മനുഷ്യർക്ക് ചിരപരിചിതമായ സംഭവങ്ങളെയാണ് ഉദാഹരണങ്ങളായി പറയുക. ഉദാഹരണത്തിൻ്റെ സഹായത്താൽ വളരെ കൃത്യമായി വേഗത്തിൽ ആശയത്തിന്റെ കാണ്ഡത്തിൽ എത്തിച്ചേരുവാൻ ജനങ്ങൾക്ക് കഴിയും. പുനർജന്മത്തിനും മരണാനന്തര ജീവിതത്തിനും ഉദാഹരിച്ചിരിക്കുന്ന ഒരു ആയത്ത് ഇപ്രകാരമാണ്: 'പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍. അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു (36/80). സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത സാഹചര്യത്തിൽ നിന്ന് അഥവാ, അത്യധികം ഈർപ്പമുള്ള പച്ചമരങ്ങളിൽ നിന്ന് തീ പുറത്ത് വരുന്നതുപോലെ, മരിച്ചവരെ അവരുടെ കുഴിമാടങ്ങളിൽ നിന്ന് അതേ രീതിയിൽ അല്ലാഹു പുറത്തു കൊണ്ടുവരുന്നു എന്നാണ് ഈ ആയത്തിന്റെ വ്യാഖ്യാനംനമെന്ന് പ്രമുഖ മുഫസ്സിറുകൾ പറയുന്നു.
രാത്രി ഉറങ്ങുമ്പോൾ തീ അണച്ചു കിടക്കുക, തീ കൊണ്ട് ആരെയും ഒന്നിനെയും ശിക്ഷിക്കാതിരിക്കുക, തീ ചോദിച്ചു വന്നവർക്ക് അത് നിഷേധിക്കാതിരിക്കുക തുടങ്ങി കുറേ തത്വങ്ങൾ നബി(സ്വ)യുടെ തിരുവരുളുകളിൽ വന്നിട്ടുണ്ട്. തീയിൻ്റെ ഭൗതിക സംഹാരത്തിൽ നിന്ന് സുരക്ഷിതരായിരിക്കുവാൻ തിരുനബി(സ്വ) നടത്തുന്ന കരുതലാണ് ഇവ. ഇതിനെല്ലാം പുറമെ എല്ലാം ചുഴലിത്തീക്കാറ്റ് എല്ലാം നക്കിത്തുടച്ച് കവർന്നെടുക്കുന്ന ഒരു ഉദാഹരണം കൂടി അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്. അത് ഭൗതികമായ എല്ലാ നേട്ടങ്ങളും നേടിയ ഒരു ജനതയുടേതാണ്. പക്ഷെ, സാംസ്കാരികമായി അവർ ദുർബലരായി. അതിനെ തുടർന്ന് അവരുടെ എല്ലാമെല്ലാം അഗ്നിച്ചുഴലിക്കാറ്റ് നക്കിയെടുത്തു. അങ്ങനെ ഒരു ദുർഗ്ഗതി നിങ്ങൾക്ക് വരുന്നത് നിങ്ങൾക്ക് താങ്ങാനാവുമോ എന്ന് ചോദിച്ചാണ് ഈ സൂക്തം മനുഷ്യനെ ചിന്തിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: 'നിങ്ങളിലൊരാള്‍ക്ക് ഈത്തപ്പനകളും മുന്തിരിച്ചെടികളുമുള്ള ഒരു തോട്ടമുണ്ടായിരിക്കുക; അതിനിടയിലൂടെ അരുവികളൊഴുകുന്നുണ്ട്; സകലവിധ കായ്കനികളുമുണ്ട് അതില്‍; അയാളാകട്ടെ വൃദ്ധനായി, ദുര്‍ബലരായ സന്തതികളുമുണ്ട്. ഇങ്ങനെയിരിക്കെ ഒരഗ്നിച്ചുഴലിയേറ്റ് അതു കരിഞ്ഞുപോയി-ഈയവസ്ഥ നിങ്ങളാരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ചിന്തിക്കുവാന്‍ വേണ്ടിയാണ് അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നത് (02/266). തീയും തീക്കാറ്റുമൊക്കെ ഒരു ചിന്തയാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso