നഫീസത്തുൽ മിസ്വ്രിയ്യ(റ)
2025-01-15
Web Design
15 Comments
ഇമാം ശാഫിഈ(റ)ക്ക് നല്ല സുഖമില്ല. ഉടനെ മഹാനവർകൾ ഒരു ദൂതനെ പറഞ്ഞയച്ചു. നഫീസാ ഹസ്സൻ(റ)യുടെ അടുത്തേക്ക്. പ്രത്യേകം പ്രാർത്ഥന തേടി. ഇമാമവർകൾ മഹതിയുടെ വിജ്ഞാനത്തിലുള്ള ആഴവും മഹത്വങ്ങളും നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇറാഖിൽനിന്ന് ഈജിപ്തിലെത്തിയ ശാഫി(റ) അവരുമായി ആത്മീയബന്ധം സ്ഥാപിച്ചിരുന്നു. അറിവിലും ആത്മീയതയിലും തല്പരയായിരുന്ന ബീവിയുമായി മഹാനവർകൾ ആഴമുള്ള ചർച്ചകൾ നടത്തുമായിരുന്നു. നഫീസത്തുൽ മിസിരിയയുടെ ആത്മീയ ഔന്നത്യം ആ കാലം കണ്ട എല്ലാ പണ്ഡിതന്മാരും ഇങ്ങനെ അംഗീകരിച്ചതായിരുന്നു. 'ഇമാം ശാഫിഇയെ അള്ളാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം നന്നായി വുദു ചെയ്യുന്ന ആളായിരുന്നു' എന്നായിരുന്നു ദൂതന് മറുപടിയായി ലഭിച്ചത്. ദൂതന് കാര്യമൊന്നും മനസ്സിലായില്ല. പക്ഷേ വിശദീകരണം ചോദിക്കാനുള്ള സാഹചര്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് ദൂതൻ ഇമാം അവർകളുടെ മുമ്പിൽ എത്തി ഇങ്ങനെയാണ് മഹതി പറഞ്ഞത് എന്ന് അറിയിച്ചു. അത് കേട്ടതും ബുദ്ധിമാനായ ഇമാം ശാഫിഈ തങ്ങൾക്ക് മനസ്സിലായി തൻ്റെ അന്ത്യ യാത്ര അടുത്തിരിക്കുന്നു എന്ന്. ഇത് തൻ്റെ അവസാനത്തെ രോഗമാണ് എന്നും. ഉടനെ അദ്ദേഹം ദൂതനെ അങ്ങോട്ട് തന്നെ പറഞ്ഞയച്ചു. ഞാൻ മരണപ്പെട്ടാൽ എനിക്ക് മേൽ മയ്യത്ത് നിസ്കരിക്കണം എന്ന് മഹതിയെ അറിയിക്കുവാൻ വേണ്ടി. ആ രോഗത്തിൽ തന്നെ മഹാൻ വഫാത്താവുകയും ചെയ്തു. അവസാനശ്വാസം വലിക്കുന്നതിന് മുമ്പ് ഇമാം ശാഫി തൻ്റെ ഈ വസിയ്യത്ത് വേണ്ടപ്പെട്ടവരെ പറഞ്ഞറിയിച്ചിരുന്നു. അതുകൊണ്ട് തൊട്ടടുത്ത പള്ളിയിലേക്ക് ജനാസ കൊണ്ടുപോകുന്നതിന് മുമ്പ് നഫീസത്തുൽ മിസിരിയ്യയുടെ വീട്ടിൽ കൊണ്ടുപോവുകയും അവിടെ വെച്ച് മഹതി നിസ്കരിക്കുകയും ചെയ്തു.
ആഴമുള്ള അറിവും ആത്മീയ ഔന്നത്യവും കാരണം മുസ്‌ലിംലോകം ആദരിച്ചുപോരുന്ന നഫീസത്തുൽ മിസ്രിയ(റ) ഹിജ്‌റ 145 റബീഉൽ അവ്വൽ 11ന് വ്യാഴാഴ്ച മക്കയിലായിരുന്നു ജനിച്ചത്. അലി(റ)ന്റെ പൗത്രന്മാരിൽപെട്ട സയ്യിദ് ഹസനുൽ അൻവറാണ് പിതാവ്. മാതാവ് ഉമ്മുസൽമയും. മകളെ ആത്മീയ ശിക്ഷണത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾ ചെറുപ്പത്തിലേ പ്രത്യേകം ശ്രദ്ധിച്ചു. ചെറുപ്പം മുതലേ വിജ്ഞാനത്തോട് അടങ്ങാത്ത അഭിനിവേശം കാണിച്ച നഫീസാ ഹസൻ(റ) അതീവ ബുദ്ധിമതിയായിരുന്നു. എട്ട് വയസ്സായപ്പോഴേക്കും അവർ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. അതിനു മുമ്പേ എഴുത്തും വായനയും പ്രാഥമിക വിജ്ഞാനങ്ങളും സ്വായത്തമാക്കി.
പതിനഞ്ചാം വയസ്സിൽ ഹി. 161 റജബ് അഞ്ചിനായിരുന്നു ബീവിയുടെ വിവാഹം. പ്രവാചക കുടുംബാംഗവും പണ്ഡിതനുമായ ഇസ്ഹാഖ് എന്ന വരായിരുന്നു ഭർത്താവ്. ഖാസിം, ഉമ്മുകുൽസൂം എന്നീ സന്താനങ്ങൾ ആ കുടുംബത്തിൽ പിറന്നു. പക്ഷേ അവരൊന്നും ദീർഘകാലം ജീവിച്ചില്ല. അവരെല്ലാം ഏറെ വൈകാതെ നാഥനിലേക്ക് യാത്രയായി. പിന്നീട് ഭർത്താവിനോടൊപ്പം അവർ പരിശുദ്ധ മദീനയിലേക്ക് പുറപ്പെടുകയാണ്. ആ കാലഘട്ടത്തെ ഏറെ സവിശേഷമാക്കിയ മഹാനായ ഇമാം മാലിക്(റ) തങ്ങൾ ജീവിച്ചിരിക്കുന്ന കാലമായിരുന്നു. ഇമാമു ദാരിൽ ഹിജ്റ ഇമാം മാലിക് തങ്ങൾ എന്ന വിജ്ഞാന സാഗരത്തിൽ നിന്ന് അല്പം നുകരുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. മഹതി മുവത്വ പഠിക്കുന്നത് ഈ കാലത്താണ്. ഒരു ഭാഗത്ത് അധ്യയനം നടക്കുമ്പോൾ ആ പരിശുദ്ധ ജീവിതത്തിൽ മറുഭാഗത്ത് അധ്യാപനവും നടക്കുന്നുണ്ടായിരുന്നു ഹജ്ജിനും സിയാറത്തിനുമായി വരുന്ന വിജ്ഞാന കുതുകികളായ പലരും മഹതിയുടെ ശിഷ്യത്വം അവിടെനിന്ന് അനുഭവിക്കുകയുണ്ടായി. മുപ്പതു വര്‍ഷങ്ങള്‍ മദീനയിലായിരുന്നു മഹതിയുടെ ജീവിതം. ആത്മീയതയുടെ കൈലാസങ്ങള്‍ താണ്ടി ഇശ്ഖില്‍ ലയിച്ച് മഹതി അവിടെ കഴിഞ്ഞു. ഈ കാലയളവില്‍ മുപ്പതു തവണ ഹജ്ജ് നിര്‍വഹിച്ചു. മുപ്പതും കാല്‍ നടയായിട്ടാണ് ചെയ്തിരുന്നത്. പലരും മഹതിക്കു വാഹനങ്ങള്‍ വെച്ചുനീട്ടി. പക്ഷെ, മഹതി അത് സ്വീകരിക്കാന്‍ തയ്യാറായില്ല. എന്റെ ഉപ്പാപ്പ ഹസന്‍(റ) വാഹനങ്ങള്‍ ഉണ്ടായിട്ടും കാല്‍നടയായിട്ടാണ് ഹജ്ജ് നിര്‍വഹിച്ചിരുന്നത് എന്നായിരുന്നു മഹതിയുടെ പ്രതികരണം.
മദീനയിലെ ജീവിതത്തിനിടയിൽ മൂന്നാം ഹറമിൽ എത്തുവാൻ ആ മനസ്സിൽ മോഹം മൊട്ടിട്ടു. പിന്നെ ഒട്ടും താമസിച്ചില്ല അവർ ഭർത്താവിനോടൊപ്പം ബൈത്തുൽ മുഖദ്ദസിലേക്ക് പോയി. ബൈത്തുൽ മുഖദ്ദസിന്റെ പരിസരം വിശുദ്ധ ഖുർആനിൽ പറഞ്ഞതുപോലെ അനുഗ്രഹീതമാണ്. നിരവധി പ്രവാചകന്മാരും സച്ചരിതരായ ശ്രേഷ്ഠന്മാരും അവിടെ അന്തിയുറങ്ങുന്നു. അവിടെ ഏതാനും ദിവസങ്ങൾ അവർ സിയാറത്തുമായി കഴിഞ്ഞു. അപ്പോഴാണ് അവരുടെ മനസ്സ് ഈജിപ്തിലേക്ക് തിരിയുന്നത്. അല്ലാഹുവിൻറെ നിയോഗം ആവാം അവർ ഫലസ്തീനിൽനിന്ന് നേരെ ഈജിപ്തിലേക്ക് പുറപ്പെട്ടു. അല്ലാഹു തനിക്ക് ഇഷ്ടപ്പെട്ട തൻ്റെ അടിമകളുടെ ജീവിതത്തെ അങ്ങനെയാണ് നയിക്കുക. ഓരോ സമയത്ത് ഏറ്റവും ആവശ്യമായ സ്ഥലത്തേക്ക് അവൻ സ്വാലിഹീങ്ങളെ തിരിച്ചുവിടുന്നു. ഈജിപ്തുകാർക്ക് അഹ്‌ലുബൈത്തിനോട് അളവറ്റ പ്രിയമായിരുന്നു. നഫീസബീവി(റ) അഹ്‌ലുബൈത്തും പണ്ഡിതയുമാണല്ലോ. മഹതിക്ക് ഈജിപ്തുകാർ രാജകീയ വരവേൽപ്പ് തന്നെ നൽകി. ഹിജ്‌റ 103 റമളാനിലായിരുന്നു ഇത്. ഈജിപ്തിലെ ധനികരും ദീനീസ്‌നേഹികളും മഹതിക്ക് താമസ സൗകര്യമൊരുക്കാൻ മത്സരിച്ചു. ആദ്യം കഴിഞ്ഞത് ജമാലുദ്ദീൻ അബ്ദുല്ല എന്ന ഒരു ഉദാരമതിയുടെ വീട്ടിലാണ്.
നഫീസ ബീവി(റ) കടന്നുവന്നതോടെ ഈജിപ്ത് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി. വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ മഹതിയെ തേടിവന്നു. നിരന്തരമായ ജനപ്രവാഹം മുസ്‌ലിംകളുടെ ഒരു സാംസ്‌കാരിക കേന്ദ്രമായി ഈജിപ്തിനെ ഉയര്‍ത്തി. ഇതോടെ അനവധി പണ്ഡിതന്മാര്‍ മഹതിയുടെ ശിഷ്യത്വം തേടി അവിടെയെത്തി. വിശ്വപ്രസിദ്ധ പണ്ഡിതനും ശാഫിഈ മദ്ഹബിന്റെ ആചാര്യനും കര്‍മശാസ്ത്രത്തിലെ അനവധി പ്രഗല്‍ഭ രചനകളുടെ കര്‍ത്താവുമായ ഇമാം ശാഫിഈ(റ) ഇതില്‍ ഒരാളായിരുന്നു. നഫീസ ബീവി ഈജിപ്തിലെത്തി അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇമാം ശാഫിഈ (റ) ഈജിപ്തിലെത്തുന്നത്. അദ്ദേഹം ജീവിതത്തിന്റെ അവസാന കാലം ഈജിപ്തിലേക്കു കടന്നുവരാന്‍ സുപ്രധാനകാരണം നഫീസ ബീവിയുടെ വരവാണെന്ന് വരെ ചരിത്രത്തിൽ സംസാരിക്കുന്നു. ഈജിപ്തില്‍ ജനിക്കുകയും വിശ്വപ്രസിദ്ധനായി മാറുകയും ചെയ്ത ദുന്നൂനുല്‍ മിസ്‌രി(റ) യാണ് ബീവിയുമായി ആത്മീയ ബന്ധം സ്ഥാപിച്ച മറ്റൊരു പ്രമുഖന്‍. കൂടാതെ, മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ സഹ്‌നൂന്‍ ബിന്‍ സഈദ്(റ), ഉസ്മാന്‍ ബിന്‍ സഈദ് അല്‍ മിസ്‌രി, അല്‍ ഇസ്തിഫ്താഹ് ഫീ ഉലൂമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇമാം അബൂ ബക്ര്‍ അല്‍ അദ്ഫാവി തുടങ്ങി അനവധി പണ്ഡിതന്മാർ നിരന്തരം അവിടെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
അധികനാൾ കഴിയുന്നതിനു മുമ്പ് മഹതിയുടെ ജീവിത പരിമളം പ്രദേശത്തേക്ക് വിഴിഞ്ഞൊഴുകാൻ തുടങ്ങി. സ്വാലിഹീങ്ങൾക്ക് അല്ലാഹു നൽകുന്ന ഒരു പ്രത്യേകമായ അനുഗ്രഹമാണ് ഇങ്ങനെ ജനങ്ങളെ ആകർഷിക്കുവാൻ ഉള്ള കഴിവ്. നന്മ ആഗ്രഹിക്കുന്നവരെ അല്ലാഹു അവരുടെ മുമ്പിലേക്ക് എത്തിച്ചു കൊടുക്കുന്നത് അങ്ങനെയാണ്. ആരും ക്ഷണിക്കാതെ, ആരും വിളിക്കാതെ ഓരോ കാരണങ്ങളാൽ ഓരോരുത്തർക്ക് മഹതിയെ വന്നുകാണേണ്ട ആവശ്യങ്ങൾ ഉണ്ടായി. വന്നവർക്ക് അനുഭവപ്പെട്ട ആത്മീയമായ അത്ഭുതങ്ങൾ വളരെ പെട്ടെന്ന് നാടാകെ പരന്നു. അധികം വൈകാതെ ഏറെ തിരക്കുകൊണ്ട് മുഖരിതമായി, അവരുടെ വീടും പരിസരവും. ഈജിപ്തിലെ വിശ്വാസികൾ ആത്മീയ ശാന്തി തേടി കൈറോയിലെ അഹ്ലു ബൈത്ത് സ്ട്രീറ്റിലെ അവരുടെ വീട്ടിലേക്ക് രാവും പകലുമില്ലാതെ ഒഴുകാൻ തുടങ്ങി.
സന്ദർശകബാഹുല്യം കാരണം കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. അപ്പോഴേക്കും നാട് ഭരിക്കുന്ന സുൽത്താൻ വരെ ആ പരിമളം തേടി എത്തിയിരുന്നു. അവർക്ക് സൗകര്യപ്രദമായ ഒരു താമസസ്ഥലം ഒരുക്കുക എന്നത് ഭരണാധികാരിയുടെ കൂടി താല്പര്യം ആയി മാറി. ഭരണാധികാരി സലിയ്യിബ്‌നുൽ ഹകം നൽകിയ സ്ഥലത്താണ് പിന്നീട് അവർ താമസിച്ചത്. ഇവിടെയും ധാരാളം പേർ ദിനംപ്രതി ആശ്വാസം തേടിയെത്തി.
വന്നവരൊക്കെ സന്തോഷപൂർവം മടങ്ങിപ്പോയി. ജനങ്ങളുടെ ആധിക്യത്തിൽ സത്യത്തിൽ അവർ വീർപ്പുമുട്ടുകയായിരുന്നു. കാരണം അവരുടെ ആഗ്രഹവും താൽപര്യവും ആത്മീയതയിലും ആരാധനകളിലും അലിഞ്ഞുചേർന്ന് ജീവിക്കുക എന്നതായിരുന്നു. അവരുടെ മനസ്സ് അതാണ് ആഗ്രഹിച്ചിരുന്നത്. അതിന് വേണ്ടത് ഏകാന്തതയാണ്. ലോകം കണ്ട ആത്മീയ നായകന്മാരെല്ലാം ഇത്തരം ഏകാന്തത തേടി പോയവരാണ്. അത്തരമൊരു ഏകാന്തത ലഭിച്ചില്ല എങ്കിൽ എല്ലാ തിരക്കുകൾക്കുമിടയിൽ അവർ സ്വന്തം മനസ്സുകൊണ്ട് ആൾക്കൂട്ടത്തിൽ തനിയെ എന്ന ഏകാന്തത പടച്ചെടക്കുമായിരുന്നു. ആൾക്കൂട്ടം തന്റെ ആത്മീയതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ മഹതി അവസാനം ഈജിപ്ത് വിടാൻ തീരുമാനിച്ചു. 'നിങ്ങളുടെ ഇടയിൽ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഞാൻ വലിയ യോഗ്യതയുള്ള ഒരു സ്ത്രീ അല്ല. ജനങ്ങളുടെ നിരന്തരമായ വരവ് എന്നെ ദിക്റുകളിൽ നിന്നും പ്രാർത്ഥനകളിൽ നിന്നും പരലോകത്തേക്കുള്ള വിഭവം കണ്ടെത്തുന്നതിൽ നിന്നും അകറ്റിയിരിക്കുന്നു. പിതാമഹനായ മുത്ത് നബിയുടെ അടുക്കലേക്ക് എത്താൻ ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്' എന്നായിരുന്നു അവർ പറഞ്ഞത്. അത് നാട്ടുകാരെ ധർമ്മസങ്കടത്തിലാക്കി. എങ്ങനെയെങ്കിലും ബീവിയെ ഈജിപ്തിൽ തന്നെ പിടിച്ചുനിർത്താൻ അവർ കഠിന ശ്രമം നടത്തി. വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. സന്ദർശകസമയം ആഴ്ചയിൽ രണ്ടു ദിവസമായി ചുരുക്കി ക്രമീകരിച്ചു. ഈജിപ്തുകാരുടെ സ്‌നേഹവായ്പുകൾക്കു മുന്നിൽ കീഴടങ്ങിയ ബീവി അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ദിവസം സന്ദർശകരെ സന്ദർശകരെ പരിഗണിക്കുന്ന മഹതി ബാക്കിയുള്ള സമയം മുഴുവനും തൻ്റെ സ്വന്തം ലോകത്ത് ആരാധനകളും ആയി കഴിഞ്ഞു കൂടുകയായിരുന്നു.
മഹോന്നതമായ ജീവിത വഴികൾ
ഏകാന്തതയും പരിത്യാഗവും മഹതി ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ട് ഗുണങ്ങളായിരുന്നു. ഒറ്റക്കിരുന്ന് ദൈവസ്മരണയില്‍ മുഴുകാന്‍ മഹതി കൊതിച്ചു. ജീവിതം ഭൗതിക ആഡംബരങ്ങള്‍കൊണ്ട് മോടി പിടിപ്പിക്കുന്നതിനു പകരം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട്, എളിയ ജീവിതം നയിക്കാനാണ് മഹതി ശ്രമിച്ചത്. കുടുംബ ജീവിതത്തോടൊപ്പം തന്റെ ആത്മീയതയും ഒന്ന് ഒന്നിനെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോവാന്‍ മഹതിക്കു കഴിഞ്ഞു. ബീവിയുടെ ദാമ്പത്യജീവിതം പുതുതലമുറകള്‍ക്കും മാതൃകയക്കാവുന്ന സന്ദേശങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. സൂഫിയും പണ്ഡിത കുടുംബാംഗവുമായ ഇസ്ഹാക്കുൽ മുഅ്തമിൻ(റ) ഏറ്റവും നല്ല സ്വഭാവത്തിന്റെയും സമീപനത്തിന്റെയും ഒരു രൂപമായിരുന്നു. പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും ആവശ്യമായ എല്ലാ വൈകാരികതകളും കൊണ്ട് രണ്ടുപേരും സമ്പന്നരായിരുന്നു. പരസ്പരം പൊരുത്തപ്പെടാനുള്ള ശക്തിയാണ് സത്യത്തിൽ ദമ്പതികളുടെ ശക്തി. ലോകം കണ്ട എല്ലാ വിജയിച്ച ദാമ്പത്യങ്ങളിലും ഈ ശക്തി കുടികൊള്ളുന്നതായി കാണാൻ കഴിയും. അല്ലാഹുവിനെ മാത്രം ഭയന്നു കൊണ്ടുള്ള അവരുടെ ദാമ്പത്യ ജീവിതം പരസ്പര ധാരണയുടെയും കുടുംബ ജീവിതത്തിന്‍റെയും മികച്ച മാതൃകകളാണ്. കലഹങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. രണ്ടുപേരും ഭക്ഷണം കഴിക്കുന്നത് പോലും ഒരു പാത്രത്തില്‍ നിന്നു തന്നെയായിരുന്നു. വളരെ ലളിതമായ അവരുടെ ദാമ്പത്യജീവിതം എന്നും മാധുര്യം നിറഞ്ഞതായിരുന്നു .ഖാസിമും ഉമ്മുകുല്‍സുവുമാണ് ബീവി ജന്മം നല്‍കിയ പൊന്നോമനകൾ എന്ന് ചരിത്രങ്ങൾ പറയുന്നു.
ജീവിതത്തിലുടനീളം മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ വളരെ സൂക്ഷ്മതയോടുകൂടിയാണ് മഹതി കൈകാര്യം ചെയ്തിരുന്നത്. ഒരാൾ ആത്മീയമായി അല്ലാഹുവിൽ ലയിക്കുമ്പോൾ അതിന്റെ പ്രതിഫലനം നിർബന്ധമായും തൻ്റെ ചുറ്റുവട്ടങ്ങളിൽ ഉണ്ടായിരിക്കണം എന്ന് ഇസ്ലാമിന് താല്പര്യം ഉണ്ട്. അപ്പോൾ മാത്രമാണ് ഒരാളിൽ ദീൻ പൂർണ്ണമാകുന്നത്. ആരാധനകളെല്ലാം കൃത്യമായി നിർവഹിക്കുന്നു, എന്നാൽ തൻ്റെ വീട്ടുകാർ, മാതാപിതാക്കൾ, അയൽവാസികൾ തുടങ്ങിയവരുമായി നല്ല ബന്ധങ്ങൾ പുലർത്തുന്നില്ലെങ്കിൽ അയാളിൽ ദീൻ ഉണ്ടെന്ന് പറയുക പ്രയാസമാണ്. ബീവി ജീവിതത്തിൽ ആരെയും വേദനിപ്പിക്കുകയോ ആരുടെയും അവകാശങ്ങളില്‍ വീഴ്ച വരുത്തുകയോ ചെയ്തില്ല. സംസാരം അവർ പ്രത്യേകം ശ്രദ്ധിക്കുകയും നാവിനെ സൂക്ഷിക്കുകയും ചെയ്തു. മനുഷ്യൻ്റെ മനസ്സിനെയും ജീവിതത്തെയും നയിക്കുന്നത് ഒരർത്ഥത്തിൽ പറഞ്ഞാൽ നാവാണ്. എല്ലാ അവയവങ്ങളെയും കേടുവരുത്തുന്നതും നാവാണ്. അതുകൊണ്ടുതന്നെ ഉപദേശം തേടി വന്ന ഒരാളോട് നബി(സ്വ) തങ്ങൾ നാവു കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു 'ഇത് നീ സൂക്ഷിക്കുക' എന്ന്. ഒരാൾ തന്റെ നാവിനെ സൂക്ഷിച്ചാൽ ബാക്കിയുള്ളതെല്ലാം സംരക്ഷിതമായിരിക്കും എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നുണ്ട്. കൂട്ടുകാരികളോടും അയല്‍വാസികളോടും നല്ലത് മാത്രം ബീവി സംസാരിച്ചു. ഇതിന് സഹായിക്കുന്ന മഹാ ഗുണമാണ് സ്നേഹം. എല്ലാവരെയും സ്നേഹിക്കാനുള്ള മാനസിക വികാസം ഉണ്ടെങ്കിൽ ഒരു തരത്തിലുള്ള തെറ്റുകളും സംഭവിക്കുകയില്ല. പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചും രാത്രി മുഴുവന്‍ സുന്നത്തു നമസ്‌കരിച്ചുമായിരുന്നു മഹതിയുടെ ദിനരാത്രങ്ങള്‍. പിന്നെ, നിരന്തരമായ ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും. ഇതിനെല്ലാം ഇടക്ക് പരിശുദ്ധ റൗളാ ശരീഫിൽ നബി തിരുമേനി(സ്വ)യുടെ അടുത്തെത്തുന്നതിൽ അവർ പ്രത്യേക താൽപര്യവും ശ്രദ്ധയും കാണിക്കുമായിരുന്നു. ഇത്തരം സിയാറത്തുകളും ആത്മീയ യാത്രകളും അവരുടെ മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കി. മുപ്പതു തവണ ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിലധികവും മക്കയിലേക്ക് നടന്നുപോയാണ് നിർവഹിച്ചത്. ഈ ഗുണങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ നഫീസ(റ)യുടെ ജീവിതം തന്നെ അതിമനോഹരമായി മാറി.
കറാമത്തുകൾ
ജീവിതത്തിലും മരണാനന്തരവും ബീവിയിൽ നിന്ന് ദൃശ്യമായ നിരവധി കറാമത്തുകൾ കാരണം ധാരാളം പേർ ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. താനൊരു പ്രവാചകനാണ് എന്ന അവകാശവാദമില്ലാത്ത ഒരു വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത്. ബഹുമാനം, ആദരവ് എന്നൊക്കെയാണ് ഈ അറബി ശബ്ദത്തിൻ്റെ അര്‍ത്ഥം. പ്രവാചകനാണ് എന്ന് തെളിയിക്കുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ അതിനു തെളിവായി അല്ലാഹു അമ്പിയാക്കള്‍ക്ക് നൽകുന്ന അമാനുഷിക-അസാധാരണ പ്രവർത്തനങ്ങളാണ് മുഅ്ജിസത്ത്. ഇതുപോലെ ഔലിയാക്കള്‍ക്ക് അവരോടുള്ള ആദരവായി നല്‍കപ്പെടുന്ന പ്രത്യേക ശക്തികളും സംഭവങ്ങളുമാണ് കറാമത്ത്. കറാമത്തുകളുടെ സാംഗത്യം വിശുദ്ധ ഖുര്‍ആനില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
പരിശുദ്ധ ഖുര്‍ആനില്‍ ഔലിയാക്കളുടെ കറാമത്ത് സ്ഥിരീകരിക്കുന്ന നിരവധി സൂക്തങ്ങളുണ്ട്. ഗുഹാവാസികളുടെ (അസ് ഹാബുല്‍ കഹ്ഫ്) കഥ അതില്‍ പെട്ടതാണ്. വിപത്തുകളില്‍ നിന്നൊക്കെ സുരക്ഷിതരായി മുന്നൂറ്റി ഒമ്പത് കൊല്ലക്കാലം അവർ ഒരു ഗുഹയിൽ ജീവനോടെ ഉറങ്ങിക്കഴിഞ്ഞു. വെയിലിന്റെ ചൂടില്‍ നിന്ന് അല്ലാഹു അവര്‍ക്ക് അൽഭുതകരമായി പല വിധത്തിലും സംരക്ഷണം നല്‍കുന്നുണ്ടായിരുന്നു. ദീർഘമായ ഉറക്കത്തിൽ അവരുടെ ശരീരത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കുവാൻ അല്ലാഹുവിൻ്റെ പ്രത്യേക കരുതലും കാവലും ഉണ്ടായിരുന്നു. അതെല്ലാം പരിശുദ്ധ ഖുർആൻ ഈ സൂറത്തിൽ സൂചിപ്പിക്കുന്നുണ്ട്.
മര്‍യം ബീവി(റ) ഈത്തപ്പന കുലുക്കിയതും കറാമത്തിനുള്ള ഖുര്‍ആനിക പ്രമാണമാണ്. ഉണങ്ങിയ ഈന്തത്തടിയാണവര്‍ കുലുക്കിയത്. തല്‍ക്ഷണമത് പച്ച പിടിച്ചതാവുകയും പഴുത്ത് പാകമായ പഴം വീഴ്ത്തിക്കൊടുക്കുകയും ചെയ്തു എന്നാണ് ചരിത്രം. സകരിയ്യാ നബി(അ)യുടെ അനുഭവം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മര്‍യം ബീവി(അ) ധ്യാനനിമഗ്നയായിരിക്കുന്ന മുറിയിലേക്ക് സകരിയ്യാ നബി കടന്നുചെല്ലുമ്പോഴെല്ലാം അവിടെ അപൂര്‍വ ഭക്ഷ്യ വസ്തുക്കളുണ്ടായിരുന്നു. സകരിയ്യാ നബിയല്ലാതെ മറ്റാരും അങ്ങോട്ട് കടന്നുചെല്ലാറില്ലതാനും. സ്വാഭാവികമായും അദ്ദേഹം ചോദിക്കും, മര്‍യമേ, ഇതെവിടന്നാണ് കിട്ടിയത്? ബീവിയുടെ പ്രതികരണം 'അല്ലാഹുവിങ്കല്‍ നിന്ന്' എന്നായിരുന്നു. സുലൈമാന്‍ നബി(അ)ക്ക് കണ്ണിമ വെടിമിഴിക്കുന്നതിന് മുമ്പ് അങ്ങകലെ യമൻ നാട്ടിലുണ്ടായിരുന്ന ബീസിന്റെ സിംഹാസനം കൊണ്ടുവന്ന് കൊടുത്ത ആസ്വഫുബ്‌നു ബര്‍ഖിയായെ കുറിച്ച് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പക്ഷം ആസ്വഫ് വലിയ്യായിരുന്നു എന്നാണ്. ഇങ്ങനെ നിരവധി കറാമത്തുകളെ കുറിച്ച് വിശുദ്ധ ഖുർആൻ വ്യക്തമായ സൂചന നൽകുന്നുണ്ട്.
ഹദീസുകളിലും ധാരാളം കറാമത്തുകള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. ആരാധനാ നിമഗ്നനായിക്കഴിഞ്ഞിരുന്ന ജുറൈജിന്റെ കഥ അവയില്‍ സുപ്രധാനമാണ്. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞ് അദ്ദേഹത്തോട് സംസാരിച്ചതാണ് സംഭവം. ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസാണ് അത്. യാത്രാമധ്യേ ഒരു ഗുഹയില്‍ അഭയം തേടിയ മൂന്നു പേരുടെ കഥയും സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അവരതില്‍ പ്രവേശിച്ച ശേഷം വലിയൊരു പാറക്കല്ല് ഉരുണ്ടുവന്നുവീണ് ഗുഹാമുഖം അടച്ചുകളയുകയുണ്ടായി. പിന്നീട് ആ പാറ നീങ്ങി ഗുഹ തുറന്നു. അത് അവരോടുള്ള അല്ലാഹുവിൻറെ കറാമത്ത് അല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഈ സംഭവം ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതാണ്. സ്വഹാബത്തിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ അതിലും ധാരാളം കറാമത്ത് സംഭവങ്ങള്‍ കാണാന്‍ കഴിയും. അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെയടുത്ത് അതിഥികള്‍ വന്നപ്പോഴുണ്ടായ സംഭവം അതില്‍ പെട്ടതാണ്. വിരുന്നുകാരെത്തിയപ്പോള്‍ സ്വിദ്ദീഖ്(റ)വിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ഭക്ഷണം വര്‍ധിച്ചുവരികയാണുണ്ടായത്. ആഹരിച്ചു കഴിഞ്ഞ ശേഷം, നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഭക്ഷണം കൂടുതല്‍ കാണപ്പെടുകയായിരുന്നു. ഈ സംഭവം സ്വഹീഹായ ഹദീസിലുള്ളതും ഇമാം ബുഖാരി(റ) ഉദ്ധരിച്ചതുമാകുന്നു. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) മദീനയിലെ മിമ്പറില്‍ കയറി നിന്ന് സേനാനായകനെ വിളിച്ച്, ഹേ സാരിയ, പര്‍വതത്തില്‍ കയറി രക്ഷപ്പെടുക എന്നാഹ്വാനം ചെയ്തതും കറാമത്തുതന്നെ. അത് ഹസന്‍ ആയ ഹദീസിലുള്ളതാണ്. തന്റെ സമീപത്തേക്കുവന്ന ഒരു വ്യക്തിയോട് അന്യസ്ത്രീയെ നോക്കിയത് ഉസ്മാനു ബ്‌നു അഫ്ഫാന്‍(റ) തുറന്നുപറഞ്ഞ ഹദീസും കറാമത്തിന് തെളിവു തന്നെ. അലിയ്യുബ്‌നു അബീഥാലിബ്(റ) മരിച്ചവരുടെ സംസാരം കേട്ട സംഭവമുണ്ട്. ഇമാം ബൈഹഖി(റ) അതുദ്ധരിച്ചിരിക്കുന്നു.
ഖുബൈബി(റ)ന്റെ അത്ഭുതസിദ്ധി പ്രസിദ്ധമാണ്. ബന്ധനസ്ഥനായിരുന്ന അദ്ദേഹത്തിന്റെ കൈയില്‍ അസമയത്ത് മുന്തിരിക്കുല കാണപ്പെടുകയായിരുന്നു. കുറ്റമറ്റ ഹദീസാണ് ഇതും. പ്രാമാണികവും ആധികാരികവുമായ രേഖകളാൽ സ്ഥിരപ്പെട്ട കറാമത്തുകളാണ് ഇവയെല്ലാം.
നഫീസത്തുൽ മിസ്രിയ(റ) എന്നവരിൽ നിന്ന് പ്രകടമായിട്ടുള്ള കറാമത്തുകൾ നിരവധിയാണ്. അവയിൽ ഒന്നാണ് ഒരു വൃദ്ധയുടെ ചരിത്രം. അക്കാലത്ത് ഈജിപ്തിൽ നഫീസത്തുൽ മിസ്രിയ(റ)യുടെ വീടിനടുത്തായി ഒരു ദരിദ്രയായ വൃദ്ധ ജീവിച്ചിരുന്നു. അവർക്ക് നാലു പെൺമക്കളാണ് ഉണ്ടായിരുന്നത്. പെൺമക്കളും അവരും ചേർന്ന് നൂൽ നൂറ്റ് അത് വിറ്റ് അതിലൂടെ ലഭിക്കുന്ന വരുമാനം ആധാരമാക്കിയായിരുന്നു ജീവിച്ചിരുന്നത്. പെൺമക്കൾ നൂറ്റെടുക്കുന്ന നൂല് അങ്ങാടിയിൽ കൊണ്ടുപോയി വിറ്റിരുന്നതും പിന്നീട് നൂൽക്കാൻ വേണ്ട പരുത്തി വാങ്ങിക്കൊണ്ടുവന്നിരുന്നതും വൃദ്ധയായ അവരുടെ ഉമ്മയായിരുന്നു. അങ്ങനെ ആ കുടുംബം സന്തോഷത്തോടുകൂടി ജീവിച്ചു പോകുന്നതിനിടയിൽ ഒരു ദിവസം ഒരു സംഭവമുണ്ടായി. അന്ന് ചുവന്ന തുണിയിൽ പൊതിഞ്ഞ് നൂലുമായി മാതാവ് അങ്ങാടിയിലേക്ക് പോകുകയായിരുന്നു. തലയിൽ ഒരു ചെറിയ കെട്ടാക്കി വെച്ചുകൊണ്ടായിരുന്നു അവരുടെ നടത്തം. അവർ അങ്ങനെ നടന്നുപോകുന്നതിനിടയിൽ ഒരു പക്ഷി വരികയും വൃദ്ധയുടെ തലയിൽ നിന്ന് നൂൽ കൊത്തി എടുത്ത് പറന്നുപോവുകയും ചെയ്തു.
ആ സംഭവത്തിന്റെ ആഘാതം താങ്ങുവാൻ ആ വൃദ്ധയായ മാതാവിന് കഴിയുമായിരുന്നില്ല. കാരണം, അത് അവരുടെ ജീവിതമായിരുന്നു. അതുകൊണ്ട് തന്റെ നൂൽ നഷ്ടപ്പെട്ടതും ദുഃഖം താങ്ങാൻ ആവാതെ ആ മാതാവ് ബോധരഹിതയായി നിലത്തടിച്ചു വീണതും ഒപ്പമായിരുന്നു. ജനങ്ങളെല്ലാം ഓടിക്കൂടുകയും കാര്യം തിരക്കുകയും ചെയ്തു. അവർക്കൊന്നും മനസ്സിലായില്ല. പക്ഷെ, കുറച്ചു കഴിഞ്ഞ് വൃദ്ധയായ മാതാവ് കണ്ണു തുറന്നു. അപ്പോൾ അവർ ഉണ്ടായതെല്ലാം പറഞ്ഞു. ഈ നൂൽ നഷ്ടപ്പെട്ടതിനാൽ താനിനി എങ്ങനെയാണ് കുടുംബത്തിനു വേണ്ട ഭക്ഷണം വാങ്ങിക്കുക?, എങ്ങനെയാണ് വീണ്ടും നോൽക്കുവാനുള്ള പരുത്തി വാങ്ങിക്കുക? എന്നതൊക്കെയായിരുന്നു അവരുടെ സങ്കടം. തടിച്ചുകൂടിയവർ വൃദ്ധയെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. അവസാനം അവരിൽ ഒരാൾ പറഞ്ഞു: 'നിങ്ങൾ നഫീസത്തുൽ മിസിരിയയുടെ അടുത്ത് പോയി അവരോട് സങ്കടം പറയുകയും ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്യുക. എന്നാൽ അല്ലാഹു എന്തെങ്കിലും ഒരു പരിഹാരം നിങ്ങൾക്ക് ഉണ്ടാക്കി തരാതിരിക്കില്ല'. അത് കേട്ടപ്പോൾ അത് ശരിയാണ് എന്ന് വൃദ്ധക്കും തോന്നി. കാരണം അത്രയും ആ കാര്യത്തിൽ പ്രസിദ്ധയായിരുന്നു നഫീസത്തുൽ മിസ്രിയ(റ). വൃദ്ധ നേരെ നഫീസത്തുൽ മിസിരിയ(റ)യുടെ അടുക്കൽ എത്തി ഉണ്ടായതെല്ലാം സങ്കടത്തോടെ പറഞ്ഞ് ബോധിപ്പിച്ചു.
നഫീസത്തുൽ മിസ്രിയ(റ) ആ പാവപ്പെട്ട വൃദ്ധയ്ക്ക് വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്തു. എന്നിട്ട് അവരോട് പറഞ്ഞു: 'നിങ്ങൾ ക്ഷമിക്കുക, ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ക്ഷമിക്കുകയാണ് വേണ്ടത്. അപ്പോൾ അള്ളാഹു നമ്മോടൊപ്പം നിൽക്കും. അല്ലാഹു നമുക്ക് ഒരു വഴി കാണിച്ചു തരികയും ചെയ്യും. ആ വഴി ഏറെ മധുരവും സന്തോഷവും ഉള്ളതായിരിക്കും. മാത്രമല്ല, നമുക്കുണ്ടായ എല്ലാ നഷ്ടവും അവൻ നികത്തുകയും ചെയ്യും. ഒരു സമയത്തും അല്ലാഹുവിൻ്റെ മഹാദാനത്തെക്കുറിച്ചും ഔദാര്യത്തെ കുറിച്ചും ഒന്നും നാം നിരാശരാവാൻ പാടില്ല' എന്നു പറഞ്ഞ് വൃദ്ധയെ അവർ സമാധാനിപ്പിക്കുകയും ചെയ്തു. വൃദ്ധ അതെല്ലാം കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. അവർ നന്നെ പരിക്ഷീണിയായിരുന്നു. അവിടെത്തന്നെ ഒരിടത്തായി അവർ ഇരുന്നു. ആ സമയത്താണ് നഫീസത്തുൽ മിസ്രിയ(റ)യെ കാണാൻ ഒരു സംഘം ആൾക്കാർ ആ ഭവനത്തിലേക്ക് കടന്നുവന്നത്.
ആഗതരോട് ബീവി ആഗമന ഉദ്ദേശം തിരക്കി. അവർക്ക് പറയാനുള്ളത് തികച്ചും ആശ്ചര്യകരമായ ഒരു കഥയായിരുന്നു. അവർ ഒരു വിദേശരാജ്യത്തിലെ കച്ചവടക്കാരാണ്. അവർ കപ്പലിൽ പോയിക്കൊണ്ടിരിക്കെ അവരുടെ കപ്പൽ ഈജിപ്തിന്റെ പരിസരത്ത് എത്തിയതോടെ കടലിൽ വലിയ കാറ്റും കോളും രൂപപ്പെട്ടു. കപ്പലിന്റെ നിയന്ത്രണം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനിടയിൽ കപ്പൽ ഒരു പാറക്കെട്ടിൽ ഇടിച്ച് നിന്നു. പക്ഷേ ശക്തമായ ഇടിയുടെ ആഘാതത്തിൽ കപ്പലിന്റെ പ്രധാന ഭാഗത്തിൽ നിന്നുള്ള ഒരു പലക ഇളകിപ്പോയി. അവർ ആകെ പരിഭ്രമിച്ചു. ആ പലക യഥാസ്ഥാനത്ത് വെക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ട് പലകയുണ്ടാക്കിയ വിടവുകൾ അടക്കുകയോ ചെയ്തില്ലെങ്കിൽ അവരുടെ കപ്പൽ മുങ്ങിപ്പോകും എന്നതായിരുന്നു അവസ്ഥ. ഈ സമയത്ത് അവർ നഫീസ(റ)യെ ധ്യാനിച്ചുകൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്തു. അത്ഭുതമെന്നു പറയട്ടെ, അപ്പോൾ എവിടെനിന്നോ ഒരു പക്ഷി ഒരു കെട്ട് നൂൽ ഞങ്ങളുടെ മുമ്പിൽ കൊണ്ടുവന്ന് ഇട്ടു. ആ നൂൽ കെട്ടു കൊണ്ട് തൽക്കാലം ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ അപകടത്തെ മറികടക്കാൻ കഴിയുമായിരുന്നു. അവർ അങ്ങനെ അപകടത്തെ മറികടക്കുകയും ചെയ്തു. അതിനുള്ള സന്തോഷം രേഖപ്പെടുത്തുവാനും അവരോട് പ്രാർത്ഥന തേടുവാനും വേണ്ടിയാണ് അവർ വന്നിരിക്കുന്നത് എന്ന് അവർ പറഞ്ഞു. കഥയെല്ലാം കേട്ടപ്പോൾ നഫീസത്തുൽ മിസ്രിയ(റ) മനസ്സാ പറഞ്ഞു: 'അൽഹംദുലില്ലാഹ്' . ഒപ്പം അല്ലാഹുവിൻ്റെ തൻറെ ദാസന്മാരോടുള്ള കൃപയെ കുറിച്ച് അവർ നന്ദിയോടെ മനസ്സിൽ ഓർമ്മിക്കുകയും ചെയ്തു.
അവർ ബീവിക്ക് വെച്ച് നീട്ടിയത് 500 ദിർഹം ആയിരുന്നു. അത് കഴിഞ്ഞ് സന്തോഷത്തോടെ അവർ പോയി. ഉടനെ ബീവി വൃദ്ധയെ വിളിച്ചു. വൃദ്ധയോട് ചോദിച്ചു: 'നിങ്ങൾ ഒരാഴ്ചയിൽ എത്ര തുകയ്ക്കാണ് നൂല് വിൽക്കാറുള്ളത്?' അവർ പറഞ്ഞു: '20 ദിർഹമിനാണ്' അപ്പോൾ ബീവി പറഞ്ഞു: 'എന്നാൽ നിങ്ങളുടെ ഒരാഴ്ചയിലെ ഈ 20 ദിർഹമിന് പകരമായി അല്ലാഹു നിങ്ങൾക്ക് 25 മടങ്ങ് പ്രതിഫലം തന്നിരിക്കുന്നു, ഇതാ നിങ്ങളുടെ നൂൽ കൊണ്ട് രക്ഷപ്പെട്ട ആൾക്കാർ അതിന് പ്രത്യുപകാരമായി തന്ന പണമാണ് ഈ 500 ദിർഹം, ഇത് സ്വീകരിക്കുക, ഇതുകൊണ്ടുപോയി വീട്ടിലെ കാര്യങ്ങൾ എല്ലാം നിവർത്തി ചെയ്യുകയും ചെയ്യുക'. ആ വൃദ്ധയുടെ സന്തോഷം അതിരറ്റതായിരുന്നു. അവർ അത് സ്വീകരിച്ചു. നേരെ വീട്ടിലെത്തി ഉണ്ടായതെല്ലാം മക്കളോട് പറഞ്ഞു. മക്കൾക്ക് വലിയ അത്ഭുതം തോന്നി. അപ്പോഴേക്കും ഉമ്മയും മക്കളും വലിയ തിരിച്ചറിവിൻ്റെ മറ്റൊരു ലോകത്ത് എത്തിച്ചേർന്നിരുന്നു. അല്ലാഹുവിൽ അലിഞ്ഞുചേർന്നാൽ അല്ലാഹു എപ്പോഴും എപ്പോഴും ഒപ്പം ഉണ്ടായിരിക്കും എന്ന തിരിച്ചറിവിൻ്റെ. പിന്നീട് ആ ഉമ്മയും മക്കളും നഫീസത്തുൽ മിസ്രിയ(റ)യുടെ കൂടെ ശിഷ്ടകാലം ആരാധനയിലും ആത്മീയതയിലുമായി കഴിഞ്ഞു കൂടുകയായിരുന്നു.
നഫീസത്തുൽ മിസ്രിയയുടെ വീടിനടുത്തായി ഒരു ജൂത കുടുംബം താമസിക്കുന്നുണ്ടായിരുന്നു. പിള്ളവാതം പിടിച്ച് കാലുകൾ നിശ്ചലാവസ്ഥയിലായ ഒരു മകൾ ആയിരുന്നു ആ കുടുംബത്തിൻ്റെ ഏറ്റവും വലിയ സങ്കടം. ആ കുടുംബത്തിലെ ഏകസന്തതിയായിരുന്നു ആ മകൾ. എങ്ങനെയെങ്കിലും മകളുടെ കാലുകൾക്ക് ചലനശേഷി കിട്ടുവാൻ അവർ ചെയ്യാത്ത ചികിത്സകളും പ്രാർത്ഥനകളും ഒന്നുമുണ്ടായിരുന്നില്ല. ഏക മകളുടെ ദുരിതമോർത്ത് ആ കുടുംബം സദാ കണ്ണുനീരിൽ തന്നെയായിരുന്നു. നഫീസത്തുൽ മിസ്രിയ(റ) ഈജിപ്തിൽ എത്തിയ ഉടനെ ആയിരുന്നു ഈ സംഭവം. അവരെ കുറിച്ചുള്ള വാർത്തകളൊക്കെ പുറത്തു വരുന്നേ ഉണ്ടായിരുന്നുള്ളൂ. വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിൽ തന്നെയും ജൂതർ ആയതുകൊണ്ട് അയൽക്കാർക്ക് അതിൽ ഒരു മതിപ്പും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു നാൾ ആ പെൺകുട്ടിയുടെ മാതാവിന് അത്യാവശ്യമായി എങ്ങോട്ടോ പോകേണ്ടിവന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ കുട്ടിയെ അയൽവക്കത്ത് കൊണ്ടുവന്നിരുത്തി. വീട്ടുകാരിയായ നഫീസ(റ) നിസ്‌കാരത്തിനായി വുളൂഅ് ചെയ്യുന്നതിനിടെ അൽപം വെള്ളം അടുത്തിരുന്ന കുട്ടിയുടെ ദേഹത്തേക്ക് തെറിച്ചു. അത്ഭുതം. പിള്ളവാതം പിടിച്ച കുട്ടിയുടെ കാലുകൾ ചലനശേഷി ലഭിച്ച് സാധാരണ ഗതിയിലായി മാറുകയും ചെയ്തു. കുട്ടി സ്വയം എഴുന്നേറ്റുനിന്നു. അവളുടെ ഉമ്മ തിരിച്ചെത്തിയപ്പോഴേക്കും അവർ കണ്ട കാഴ്ച ആരോഗ്യവതിയായി അവൾ സ്വയം വീട്ടിലേക്ക് നടന്നുവരുന്നതായിരുന്നു. അതോടെ തൻ്റെ മനസ്സിലെ വെളിച്ചം ഒരു ജൂത കുടുംബത്തിൻ്റെ മനസ്സിലേക്ക് പകരുകയായിരുന്നു നഫീസത്തുൽ മിസ്രിയ (റ).
വിയോഗം
തന്റെ ജീവിതത്തിന്റെ അവസാന ഭാഗങ്ങളിലാണ് നഫീസത്ത് ബീവി (റ) ഈജിപ്തിലെത്തുന്നത്. അവർക്കന്ന് പ്രായം നാല്‍പത്തിയെട്ടിനോടടുത്തിരിക്കും. അപ്പോഴേക്കും മഹതിയുടെ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു. നിരന്തരമായ ആരാധനകളും പരിത്യാഗങ്ങളും മഹതിയെത്തന്നെ ആകെ മാറ്റിമറിച്ചു കഴിഞ്ഞിരുന്നു. പിന്നീട്, വഫാത്തകുന്നതുവരെ 15 വര്‍ഷങ്ങള്‍ അവിടെ തന്നെയായിരുന്നു മഹതിയുടെ ജീവിതം. ആരാധനകളില്‍ ലയിച്ച് അലിഞ്ഞു ചേർന്ന ബീവി ജീവിതാന്ത്യത്തിൽ കൂടുതൽ ഏകാകിയായി. സദാസമയവും രാധനങ്ങളിൽ തന്നെ കഴിഞ്ഞു കൂടി. അറുപത് വയസ്സ് കഴിഞ്ഞതിനു ശേഷം വീടിനുള്ളിൽ തന്നെ സ്വയം ഒരു ഖബർ കുഴിക്കുകയും രാത്രിയിലെ ആരാധനയും നിസ്കാരവുമെല്ലാം അതിൻ്റെ സമീപത്തേക്ക് മാറ്റുകയും ചെയ്തു. പകല്‍ മുഴുവന്‍ നോമ്പും രാത്രി മുഴുവന്‍ ആരാധനയുമായിരുന്നു ബീവിയുടെ ശൈലി. സ്വന്തം കരങ്ങൾകൊണ്ട് ഖബർ തീർത്ത മഹതി ആ ഖബറിലിരുന്ന് തൊണ്ണൂറോളം തവണ വിശുദ്ധ ഖുർആൻ പൂർണമായി ഓതിത്തീർത്തു. തന്റെ വിശ്രമസ്ഥലം ഖുർആൻ പാരായണം, ആരാധനകൾ, പ്രാർത്ഥനകൾ, തുടങ്ങിയവ കൊണ്ട് പരിമളപൂരിതമായിരിക്കണമെന്ന് ബീവി ആഗ്രഹിച്ചു. മരണം മുൻകൂട്ടി അറിഞ്ഞ് അതിനുവേണ്ടി ഒരുങ്ങുന്ന രീതിയിലായിരുന്നു ബീവിയുടെ അവസാന നാളുകൾ.
മരണരോഗത്തിലിരിക്കുമ്പോൾ മദീനയിലായിരുന്ന ഭർത്താവിനെ കത്തയച്ചുവരുത്തി. അപ്പോഴേക്കും അവർ കിടപ്പിലായി കഴിഞ്ഞിരുന്നു. അപ്പോഴും തന്‍റെ പതിവ് ആരധനകൾക്കൊന്നും ഒരു വീഴ്ചയും അവർ വരുത്തിയിരുന്നില്ല. റജബ് മാസത്തിൽ തുടങ്ങിയ രോഗം റംസാൻ പകുതിയായിട്ടും മാറ്റമില്ലാതെ തുടർന്നു. അതേസമയം അവരുടെ രോഗവും ജീവിത ചിട്ടകളും തമ്മിൽ കടുത്ത മത്സരത്തിൽ ആയിരുന്നു. രോഗത്തിന് തന്റെ ജീവിത ചിട്ടയിൽ ഇടപെടാൻ നിമിഷം വരെ അനുവദിച്ചില്ല. റംസാൻ മാസം ആയപ്പോൾ മഹതി പതിവുപോലെ ഫറള് നോമ്പുകൾ നോക്കാൻ തുടങ്ങി. പൊതുവേ ഭക്ഷണം, ഉറക്കം, വിശ്രമം എന്നിവയുടെ കുറവ് കാരണത്താൽ പോഷകക്കുറവ് നന്നായി അനുഭവിക്കുന്ന മഹതിയോട് വൈദ്യന്മാർ നോമ്പ് മുറിക്കാൻ ആവശ്യപ്പെട്ടു എങ്കിലും ബീവിയുടെ ആത്മവീര്യത്തിനു മുന്നിൽ അവർ പരാജയപ്പെടുകയായിരുന്നു. ആരാധനാ കര്‍മ്മങ്ങളിൽ അത്ര മാത്രം കണിശത പുലര്‍ത്തിയിരുന്ന ചുരുക്കം ചില വ്യക്തികളിലെ മഹിളാ സാന്നിദ്ധ്യമാകുവാൻ ബീവിക്ക് സാധിച്ചുവെന്നത് ഈ സംഭവം തെളിയിക്കുന്നു.
ഹിജ്റ 208 ൽ തന്‍റെ 63 മത്തെ വയസ്സിൽ ശാരീരിക അവശതകൾ മൂലം മഹതി കിടപ്പിലായ ബീവിയുടെ ആരോഗ്യം വല്ലാതെ ക്ഷയിച്ചു. പരിശുദ്ധ റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച നഫീസത്തുൽ മിസ്രിയ്യ(റ)ഈ ലോകത്തോട് വിട പറഞ്ഞു. ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെയായിരുന്നു വിയോഗം. ‘അവരുടെ നാഥന്റെ സന്നിധിയിൽ അവർക്ക് ശാന്തിയുടെ സൗധങ്ങളുണ്ട്. അവരുടെ നാഥനാണവൻ. അവർ ചെയ്ത കർമങ്ങളുടെ ഫലമാണിത്’ എന്നർത്ഥം വരുന്ന ഖുർആൻ സൂക്തം (7: 127) പാരായണം ചെയ്തുകൊണ്ടിരിക്കെയാണ് ആ വഫാത്ത് സംഭവിച്ചത്. അവിടുത്തെ ദൗതിക ശരീരം മദീനയിൽ കൊണ്ടുപോയി മറവു ചെയ്യണമെന്നായിരുന്നു ഭർത്താവിൻ്റെ ആഗ്രഹം. അത് ഈജിപ്തുകാർ അനുവദിക്കില്ല എന്നത് ഉറപ്പായിരുന്നു. അവർ അത്രമാത്രം അവരെ സ്നേഹിക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല തൻ്റെ പ്രിയപ്പെട്ട പത്നിയുടെ ആഗ്രഹവും ഇവിടെ തന്നെ മറവ് ചെയ്യുക എന്നതായിരിക്കണമല്ലോ എന്ന് അദ്ദേഹം ഊഹിക്കുകയും ചെയ്തു. അതുകൊണ്ടായിരിക്കുമല്ലോ മഹതി വീട്ടിനകത്ത് തന്നെ ഖബർ തയ്യാറാക്കിയത്.
------------
നഫീസത്ത് മാല
സാധാരണ മുസ്ലിം സമാജത്തിനിടയിൽ നഫീസത്തുൽ മിസിരിയ(റ)യെ സുപരിചിതയാക്കിയത് നഫീസത്തു മാല തന്നെയായിരിക്കും. മഹതിയെ കുറിച്ച് നാലകത്ത് കുഞ്ഞിമൊയ്തീൻ രചിച്ച നഫീസത്ത് മാല പ്രത്യേക സന്ദർഭങ്ങളിൽ വിശേഷിച്ചും പ്രസവ രംഗങ്ങളിൽ പാരായണം ചെയ്യുന്നത് പണ്ടേ കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ നടപ്പുള്ളതാണ്.
‘ബിസ്മിയും ഹംദും സ്വലാത്തും നൽസലാമും മുന്നെ/
ബിള്ളി നഫീസത്ത് മാല ഞാൻ തുടങ്ങിടുന്നേ…’
എന്ന ഈരടികളോടെ ആരംഭിക്കുന്ന നഫീസത്ത് മാല ഹൃദിസ്ഥമാക്കിയവരായിരുന്നു പഴയ തലമുറയിലെ സ്ത്രീകൾ പലരും.
--------------
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso