റാബിഅത്തുൽ അദവിയ്യ(റ)
2025-01-15
Web Design
15 Comments
ഹസനുല്‍ ബസ്വ്‌രി(റ)വും സംഘവുമാണ് മഹതിയുടെ മുമ്പിൽ നിൽക്കുന്നത്. അവരിൽ ഒരാൾ തങ്ങളുടെ ആശയവും ആവശ്യവും അവതരിപ്പിച്ചു. 'നിങ്ങളുടെ ഭര്‍ത്താവ് മരണപ്പെട്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ ഒരു പുതിയ ഭര്‍ത്താവ് നിങ്ങള്‍ക്ക് ആവശ്യമാണ്. ഞങ്ങളിതാ മൂന്ന് പേർ, ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇഷ്ടമുള്ളവരെ നിങ്ങള്‍ ഭർത്താവായി തിരഞ്ഞെടുക്കുക'.
ഒന്നു ചിന്തിച്ചിട്ട് മഹതി തലയുയർത്തി. പിന്നെ ആരാഞ്ഞു: 'നിങ്ങളിൽ ഏറ്റവും അറിവുള്ള ആൾ ആരാണ്?'. എല്ലാ കണ്ണുകളും ആ മുഖത്തേക്ക് തന്നെയായിരുന്നു നീണ്ടത്. വേറെ ഒരാൾ ഇല്ലല്ലോ. അവിടെ അപ്പോൾ എന്നല്ല, എവിടെയും. താബിഉകളിൽ ഒന്നാമത്തെ ആൾ അദ്ദേഹമാണല്ലോ. അദ്ദേഹത്തിൻ്റെ കാലത്തെ അതികായൻ. 'എങ്കിൽ താങ്കളോട് എനിക്ക് ഏതാനും ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്, താങ്കൾ അവക്ക് കൃത്യവും സംതൃപ്തവുമായ മറുപടി നൽകുന്ന പക്ഷം നിങ്ങൾ പറയുന്നതിനെ കുറിച്ച് ഞാൻ ആലോചിക്കാം'
അതു കേട്ടതും ആഗതർക്ക് സമാധാനമായി. എത്ര പ്രയാസമുള്ള ചോദ്യമായാലും അതിനു മറുപടി നൽകാൻ മഹാനവർകൾക്ക് കഴിയുമെന്നതിൽ ആർക്കും സന്ദേഹമില്ല. അദ്ദേഹവും പറഞ്ഞു: 'അല്ലാഹു അനുഗ്രഹിച്ചാല്‍ ഞാന്‍ മറുപടി പറയാം..' പിന്നെ താമസിച്ചില്ല, മഹതി ഒന്നാം ചോദ്യത്തിലേക്ക് കടന്നു. 'ഞാന്‍ മരിക്കുമ്പോള്‍ മുഅ്മിനായാണോ കാഫിറായാണോ മരിക്കുക?' ; ഒന്നാമത്തെ ചോദ്യം ചോദിക്കപ്പെട്ടു. ഇമാമവർകൾ പറഞ്ഞു: 'അതു മറഞ്ഞ കാര്യമാണ്; അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ'. ഉടനെ വന്നു രണ്ടാമത്തെ ചോദ്യം: 'ഞാന്‍ ഖബ്‌റില്‍ എത്തിയാൽ മുന്‍കര്‍, നകീര്‍ എന്നീ മലക്കുകളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് കഴിയുമോ?' ഒന്നാമത്തെ ചോദ്യം എന്ന പോലെ രണ്ടാമത്തെ ചോദ്യവും നിരാശയാണ് പകർന്നത്. അദ്ദേഹം പറഞ്ഞു: 'അതും മറഞ്ഞ കാര്യമാണ്.'.
മൂന്നാമത്തെ ചോദ്യം ഇതായിരുന്നു: 'അന്ത്യ നാളില്‍ ഏടുകള്‍ നല്‍കപ്പെടുമ്പോള്‍ എന്റെ വലതു കൈയിലാണോ ഇടതു കൈയിലാണോ ഏടുകള്‍ നല്‍കപ്പെടുക?' അതും മറുപടി പറയാൻ കഴിയാത്ത ചോദ്യമായിരുന്നു. അദ്ദേഹം സത്യസന്ധമായി മറുപടി നൽകി: 'അതും മറഞ്ഞ കാര്യമാണ്'. ഓരോ ചോദ്യവും ഇങ്ങനെ അവസാനിക്കുമ്പോൾ പക്ഷെ, ആ മഹതിയുടെ മുഖത്ത് അഹങ്കാരം ഒട്ടുമുണ്ടായിരുന്നില്ല. നാലാമത്തെ ചോദ്യം ഇതായിരുന്നു: 'ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും എന്ന് പറയപ്പെടുമ്പോള്‍ ഏതു വിഭാഗത്തിലാണ് ഞാന്‍ ഉള്‍പ്പെടുക?'. അതിനും മറുപടി 'അതും മറഞ്ഞ കാര്യമാണ്' എന്നു തന്നെയായിരുന്നു.
അപ്പോൾ മഹതി പറഞ്ഞു: 'ഈ നാലു കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് പേടിച്ചാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. എപ്പോഴും ഈ ആശങ്കയും ഭയവും എന്നെ വേട്ടയാടുമ്പോൾ എനിക്ക് എങ്ങനെ ഒരു വരനെ സ്വീകരിക്കാന്‍ കഴിയും?!' (ശുഐബ് ബിൻ അബ്ദില്ലാ - റൗളുല്‍ ഫാഇഖ്: പേജ്: 117, 118).
സ്വൂഫീ വനിതാരത്നം റാബിഅത്തുൽ അദവിയ്യ(റ) ആണ് ഈ മഹതി. എ ഡി എട്ടാം നൂറ്റാണ്ടിൽ ഹിജ്റ ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ രണ്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയോളം ജീവിച്ച റാബിഅത്തുൽ അദവിയ്യ(റ)യുടെ ജീവിതത്തിൽ ഇത്തരം ഒരു പാട് ആത്മീയ മുഹൂർത്തങ്ങളുണ്ട്. അതുകൊണ്ടാണ് മേൽ പറഞ്ഞ സംഭവത്തിൽ പോലുമുള്ള നിരൂപണങ്ങൾ പഠിതാക്കൾ ഒരു വിഷയമാക്കാത്തത്. കൃത്യമായി ചരിത്രം രേഖപ്പെടുത്തിത്തുടങ്ങിയ കാലമായിരുന്നില്ല അത്. അതുകൊണ്ട് തന്നെയാണ് മഹതിയുടെ ജീവചരിത്രത്തിൽ ഉറപ്പുള്ളതും ഉറപ്പില്ലാത്തതും വരുന്നത്. വിവാഹത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തികച്ചും ശരിയായിരുന്നു. കാരണം സമാനമായ പല രംഗങ്ങളും വേറെയുമുണ്ട്. ഉദാഹരണമായി സ്വൂഫി വര്യനായ അബ്ദുല്‍ വാഹിദ് ബിന്‍ സൈദ്(റ) മഹതിയെ വിവാഹാലോചന നടത്തിയിരുന്നു. വൈകാരിക ചിന്ത തൊട്ടു തീണ്ടാത്ത തന്നെ വിവാഹാലോചന നടത്തേണ്ടെന്നും അത്തരം ചിന്തയുള്ള മറ്റാരെയെങ്കിലും തിരഞ്ഞാല്‍ മതിയെന്നുമായിരുന്നു മഹതിയുടെ മറുപടി.
ബസ്വറയിലെ അമീറായിരുന്ന മുഹമ്മദുബ്‌നു സുലൈമാന്‍ അല്‍ ഹാശിമി പ്രതിമാസം പതിനായിരം രൂപ ജീവിത ചെലവിനായി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു മഹതിയെ വിവാഹാലോചന നടത്തിയത്. അതിനുള്ള മറുപടി അവര്‍ ഇങ്ങനെ എഴുതി അറിയിച്ചു: 'പരിത്യാഗമാണ് മനസ്സിനു സമാധാനം നല്‍കുന്നത്. ഭൗതിക ചിന്ത ദുഃഖവും സന്താപവും വര്‍ധിപ്പിക്കും. നിങ്ങളുടെ കൈയിലുള്ളതും അതിന്റെ ഇരട്ടിയും സമ്പത്തുക്കള്‍ എനിക്ക് ലഭിച്ചാലും ഒരു നിമിഷം പോലും അല്ലാഹുവിനെ തൊട്ട് അശ്രദ്ധയാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'.
ജീവിത രേഖ
ലഭ്യമായതിൽ വെച്ച് ഏറ്റവും ആധികാരികമായ രേഖകളിൽ നിന്നും റാബി അത്തുൽ അദവിയ്യ(റ) ഹിജ്റ 95 ൽ (എ. ഡി. 717) ഇറാഖിലെ ബസ്വറയിലാണ് ജനിക്കുന്നത്. ഇസ്മായിൽ എന്ന ഒരു പാവപ്പെട്ട വ്യക്തിയുടെ ദരിദ്ര കുടുംബത്തിലെ നാലാമത്തെ പെൺകുട്ടിയായിരുന്നു അവർ. നാലാമത്തെ പെണ്‍കുട്ടിയെന്ന നിലക്ക് വീട്ടുകാര്‍ അവരെ റാബിഅ എന്ന പേരില്‍ വിളിച്ചു. അങ്ങനെയാണ് ഈ പേര് അവർക്ക് ലഭിക്കുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ റാബിഅത്തുല്‍ അദവിയ്യ എന്നും റാബിഅത്തുല്‍ ബസ്വരിയ്യ എന്നുമാണ് മഹതി അറിയപ്പെടുന്നത്. വളരെ ദരിദ്രമായിരുന്നു അവരുടെ കുട്ടിക്കാലവും കുടുംബ പാരമ്പര്യവും. മാതാവും പിതാവും മരണപ്പെട്ട ശേഷം സഹോദരികള്‍ക്കൊപ്പം ജീവിതം നയിക്കുന്നതിനിടയില്‍ ബസറയെ ശക്തമായ വരള്‍ച്ച ബാധിച്ചു. ഭക്ഷണം തേടി റാബിഅയും സഹോദരിമാരും പല ഭാഗങ്ങളിലേക്കു പോയി. അതോടെ അവര്‍ തമ്മിലുള്ള ബന്ധം അതോടെ അവസാനിച്ചു. റാബിഅ തനിച്ചായി. സഞ്ചാരത്തിനിടയില്‍ അക്രമിയായ ഒരാള്‍ അവളെ പിടികൂടി ബന്ധിയാക്കുകയും ആറു ദിര്‍ഹമിനു മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. റാബിഅ അങ്ങനെ അടിമസ്ത്രീയായി മാറി. അടിമത്വം നിലനിന്നിരുന്ന കാലമായിരുന്നതിനാൽ അവർ പിന്നീട് പല കരങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടുക വരെയുണ്ടായി എന്നാണ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. താരുണ്യത്തിലേക്കെത്തുമ്പോൾ അന്നത്തെ അവിടത്തെ സാമൂഹ്യ സാഹചര്യത്തിൽ അവർ നൃത്ത-വിനോദ കേന്ദ്രങ്ങളിൽ മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വയം ജീവിതം ഹോമിക്കേണ്ടി വന്നു അവർക്ക്. വിവാഹച്ചടങ്ങുകളിലെ നര്‍ത്തകിയായും ഗായികയായും അവര്‍ ജീവിതം കഴിച്ചുകൂട്ടിയിട്ടുണ്ട്.
പക്ഷേ ആ മനസ്സ് തികച്ചും അസ്വസ്ഥമായിരുന്നു. കലകളോ വിനോദങ്ങളോ ആനന്തങ്ങളോ ആ മനസ്സിന് ശാന്തി പകരുന്നുണ്ടായിരുന്നില്ല. അതിനാൽ മനസ്സ് നിരന്തരമായ അന്വേഷണത്തിൽ തന്നെയായിരുന്നു. ഒരു സ്ത്രീ എന്ന പരിമിതി ഉണ്ടായിരുന്നുവെങ്കിലും ആ അന്വേഷണം അവർ തുടർന്നു. അക്കാലത്ത് ബസ്വറയിൽ സൂഫികളുടെ സംഗീത അർച്ചനകൾ നടക്കുമായിരുന്നു. അത്തരം ഒരു സദസ്സിൽ ഒരിക്കൽ പോകാൻ അവർക്ക് ഭാഗ്യം ലഭിച്ചു. ആ ഭാഗ്യം അവരുടെ മനസ്സിനെ ഉണർത്തി. വീണ്ടും വീണ്ടും അത്തരം സദസ്സുകളിൽ പോകാനുള്ള ഉൽക്കടമായ ഒരു അഭിനിവേശം അവരറിയാതെ അവരുടെ മനസ്സിൽ ജനിക്കുകയും വളരുകയും ചെയ്തു. സൂഫികളുടെ കാവ്യങ്ങൾ അധികം വൈകാതെ ആ മനസ്സിനെ കീഴ്പെടുത്തി. സൂഫികൾ അനുരാഗമാണ് പറയാറുള്ളതും പാടാറുള്ളതും. അനുരാഗം പൂത്തുലയുന്ന പ്രായത്തിൽ ഭൗതികമോ ലൈംഗികമോ ആയ ചിന്തകൾ പൂക്കുകയും പുഷ്പിക്കുകയും ചെയ്യേണ്ട കാലത്ത് ആ മനസ്സിൽ ഇലാഹിയായ അനുരാഗമായിരുന്നു വളർന്നുവന്നത്.
രാത്രികാലങ്ങളില്‍ വല്ലപ്പോഴായി പോവാറുണ്ടായിരുന്ന സൂഫീ സദസ്സുകളില്‍ നിന്നും ലഭിച്ച ആത്മീയജ്ഞാനത്തിന്‍റെ ഇത്തിരിവെട്ടം മഹതിയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം പരമാത്മാവിനെ തേടിപ്പിടിക്കലാണെന്ന് ഈ വചനങ്ങളിൽ നിന്ന് അവർ തിരിച്ചറിഞ്ഞു. റാബിഅത്തുൽ അദവിയ്യ(റ)യുടെ ജീവിതം ആത്മീയമായ വഴിത്തിരിവിലെത്തുന്നത് ഇങ്ങനെയാണ് എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് മഹതി സൃഷ്ടാവിനെ പ്രാപിക്കാനുള്ള ആത്മ സഞ്ചാരത്തിന്‍റെ വീചികള്‍ തേടിപുറപ്പെടുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
മനുഷ്യരുടെ മനസ്സുകൾ അല്ലാഹുവിൻ്റെ വിരലുകൾക്കിടയിലാണ് എന്ന് ആലങ്കാരികമായി നബി തിരുമേനി(സ്വ) പറഞ്ഞതു കാണാം. അത് അങ്ങനെയാണ്. അല്ലാഹു ചിലരെ ചില നിമിത്തങ്ങൾ നൽകി കടാക്ഷിക്കുന്നു. ആ നിമിത്തങ്ങളിലൂടെ അവർ തിരിഞ്ഞു നടക്കുന്നു. നടന്ന് നടന്ന് അവർ ആത്മീയമായ ഉത്തുംഗതയിലേക്ക് കയറിപ്പോകുന്നു. ഇത്തരം ഒരു നിമിത്തം കൈ വന്നാൽ തന്നെയും പിന്നീട് വേണ്ടതെല്ലാം ചെയ്യേണ്ടത് വിശ്വാസിയുടെ കടമയാണ്. അതായത്, ഒന്നാമതായി ശക്തമായ പശ്ചാത്താപത്തിന് വിധേയമാവുക. പശ്ചാത്താപം എന്നതിനെ നിമിഷ നേരം കൊണ്ട് നടക്കുന്ന ഒരു കാര്യമായിട്ടായിരുന്നില്ല അവർ കരുതിയിരുന്നതും കണ്ടതും. അവരുടെ അഭിപ്രായത്തിൽ ജീവിതത്തില്‍ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന, കൊണ്ടിരിക്കേണ്ടുന്ന ഒന്നായിരുന്നു പശ്ചാതാപം. ‘അസ്തഗ്ഫിറുല്ലാഹ്’ എന്നു പറയല്‍ കൊണ്ട് മാത്രം പശ്ചാത്താപം നടക്കുമെന്ന് റാബിഅ(റ) വിശ്വസിക്കുന്നില്ല. ഇമാം ഖുശൈരി(റ) ഉദ്ധരിക്കുന്നു: 'ഒരാള്‍ റാബിഅത്തുല്‍ അദവിയ്യയോട് ചോദിച്ചു: ‘ഞാന്‍ പശ്ചാത്തപിച്ചാല്‍ അല്ലാഹു സ്വീകരിക്കുമോ?’. റാബിഅ(റ) പറഞ്ഞു: അങ്ങനെയല്ല പറയേണ്ടത്; അല്ലാഹു നിന്നെ സ്വീകരിച്ചാല്‍ നീ പശ്ചാത്തപിക്കുമോ എന്നാണ് '. തൗബ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള തൗഫീഖാണെന്ന് ചുരുക്കം. തന്റെ പ്രവര്‍ത്തനങ്ങളൊക്കെ സ്വീകരിക്കപ്പെടുമോ എന്ന ഭയമായിരുന്നു റാബിഅ(റ)യെ ഭരിച്ചിരുന്നത്. അവര്‍ പറയുന്നു: ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറഞ്ഞാല്‍ ആ പറഞ്ഞതിനെത്തൊട്ട് ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടും. കാരണം, ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറയുന്നതില്‍ ഞാന്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ലല്ലോ!. തൗബയുടെ പ്രസക്തിയും പ്രാധാന്യവും ഈ രൂപത്തിൽ ഉൾക്കൊണ്ടതിനാൽ റാബിഅ(റ)യുടെ ജീവിതം മുഴുവനും തൗബയായിരുന്നു. ഏതൊരാള്‍ക്കും അവന്റെ സ്ഥാനത്തിനനുസരിച്ചുള്ള തൗബയുണ്ടെന്നാണ് സ്വൂഫികള്‍ പറയുന്നത്. അത് അല്ലാഹുവിലേക്കുള്ള മടക്കമാണ്. കാഫിറുകള്‍ കുഫ്‌റില്‍നിന്ന് മടങ്ങുന്നു, പാപികള്‍ പാപത്തില്‍നിന്ന് മടങ്ങുന്നു, നന്മ ചെയ്യുന്നവര്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് ഉയര്‍ന്ന പദവികളിലേക്ക് മടങ്ങുന്നു, സ്വൂഫികള്‍ സ്വശരീരത്തില്‍ നിന്നും ഭൗതിക ലോകത്തുനിന്നും അനന്തവും അനിര്‍വചനീയവുമായ ഇലാഹീ അനുഭൂതിയിലേക്കു മടങ്ങി ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ അലിഞ്ഞില്ലാതാകുന്നു. ഇതെല്ലാം ഒരേ തീവ്രതയിലും വലുപ്പത്തിലും ആഴത്തിലും ഉള്ളതാണ് എന്ന് കരുതുക ശരിയല്ല. ആരാണ് തൗബ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് നിൽക്കുന്നത്.
ആത്മീയ തെളിച്ചം സ്വായത്തമാക്കുവാൻ ഇങ്ങനെ തൗബ ചെയ്ത് കഴിഞ്ഞുപോയ ജീവിതത്തിൽ ഉണ്ടായ കറകളും പാടുകളും എല്ലാം കഴുകിയെടുക്കണം. പിന്നെ വിശുദ്ധമായ ആ മനസ്സിൽ ഇലാഹിയായ അനുരാഗം നിറക്കണം. ആ അനുരാഗമാണ് ആരാധനകൾക്കുള്ള പ്രചോദനം. ആ പ്രചോദനത്തിലൂടെ ധാരാളമായ സൽകർമ്മങ്ങൾ ചെയ്തു മനസ്സിനെ സകലമാന വികാരങ്ങളിൽ നിന്നും പിൻവലിച്ച് ദൈവീക ചിന്തയിൽ സമർപ്പിക്കുക. ഇതെല്ലാം ചെയ്യാനുള്ള ഒരു പ്രത്യേക ശക്തി റാബിഅ(റ)ക്ക്ലഭിച്ചു. അങ്ങനെയാണ് അവർ വിലായത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നത്. ഭ്രാന്തമായ ആ അനുരാഗം തലക്കും മനസ്സിനും പിടിച്ചപ്പോൾ അവർ അല്ലാഹുവിനോട് ചേർന്ന് നിന്ന് പറഞ്ഞു: 'ഏകാന്തതയിലാണ് എന്റെ സമാധാനം.
ഞാന്‍ സ്‌നേഹിക്കുന്നവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട്. ആ സ്‌നേഹത്തിനു മുമ്പില്‍ ഭൗതികസ്‌നേഹങ്ങളത്രയും നിഷ് പ്രഭമാണ്. എങ്ങും അവന്റെ പ്രഭ മാത്രം ഞാൻ ദര്‍ശിക്കുന്നു, അവനിലേക്ക് മാത്രം ഞാന്‍ തിരിയുന്നു. അവന്റെ തൃപ്തിയില്ലെങ്കില്‍ ഞാന്‍ തന്നെയാണ് പരാജിത. എന്റെ സര്‍വസ്വമേ, നിന്നിലൂടെയാണ് എന്റെ വളര്‍ച്ച. നിന്നെ പുല്‍കാനാണ് സഹജീവികളെ മുഴുവനും
ഞാന്‍ ഉപേക്ഷിച്ചത്'.
അനുരാഗത്തിൽ അലിഞ്ഞ്
വിരക്തിയാണ് ആത്മത്യാഗത്തിന്റെ പ്രഭവ കേന്ദ്രം. ആത്മീയമായ വളർച്ച നേടുവാൻ ബൗദ്ധികതയോടും അതിലെ എല്ലാ സൗഖ്യങ്ങളോടും മനസ്സിൽ വിരക്തി തോന്നുകയും അവയോട് എല്ലാമുള്ള ഇച്ഛകൾ മുറിച്ചു കളയുകയും ചെയ്യണം. വികാരങ്ങളും ഇച്ഛകളും ആണ് മനുഷ്യനെ കുണുക്കിട്ടു വലിക്കുന്ന പിശാചുക്കൾ. നിൻ്റെ സ്വന്തം ശരീരത്തോട് തന്നെ നീ യുദ്ധം ചെയ്യുക എന്ന് മഹാന്മാരായ സൂഫികൾ പറയുന്നത് അതുകൊണ്ടാണ്. അവരുടെ ഈ പ്രയോഗത്തിൽ ഇച്ഛകളും ആഗ്രഹങ്ങളും ഒരു വ്യക്തിയുടെ സ്വന്തം ശരീരമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ആത്മീയമായ ചിന്തകളിലേക്ക് കടന്ന റാബിഅ(റ) ആദ്യം മനസ്സിനെയും ശരീരത്തെയും വികാരങ്ങളെയും വിചാരങ്ങളെയും തന്റെ ചൊൽപിടിയിൽ പിടിച്ചൊതുക്കുവാനുള്ള പരിശീലനങ്ങൾ ആണ് ആരംഭിച്ചത്. അതിന്നായി ഏഴു ദിവസം തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുകയും രാവ് മുഴുവന്‍ ഒരു നിമിഷം പോലും ഉറങ്ങാതെ നിസ്‌കരിക്കുകയും ചെയ്തു. വിശപ്പും ദാഹവും കഠിനമായപ്പോള്‍ ഒരാള്‍ വെള്ളം നിറച്ച പാത്രം കൊടുത്തു. ഇരുട്ടായിരുന്നത് കാരണം വെള്ളപ്പാത്രം അവിടെ വച്ച് വിളക്ക് കത്തിച്ചുകൊണ്ട് വരാനായി അകത്തേക്ക് പോയി. വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും പൂച്ച വെള്ളം തട്ടിമറിച്ചിരുന്നു. വിളക്ക് അവിടെവച്ച് പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ട് വരാന്‍ പോയി. മടങ്ങി വന്നപ്പോഴേക്കും വിളക്ക് കെട്ടുപോയിരുന്നു. അവസാനം ഇരുട്ടത്ത് വെള്ളം കുടിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കുടിക്കാന്‍ വേണ്ടി പാത്രം ഉയര്‍ത്തിയപ്പോഴേക്കും അതു കൈയില്‍നിന്ന് വീണ് പൊട്ടിപ്പോവുകയും ചെയ്തു. ആരോ ഒരാൾ അല്ലെങ്കിൽ ഏതോ ഒരു ശക്തി ആ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു.
ഒരു ചെറിയ വിഷയത്തില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ മഹതി ഇരു കരങ്ങളും ആകാശത്തേക്ക് ഉയര്‍ത്തി പരിഭവപ്പെട്ടു: 'അല്ലാഹുവേ, ഈ സാധുവായ എന്നെക്കൊണ്ട് എന്തെല്ലാമാണ് നീ ചെയ്യിക്കുന്നത്?!' ഉടന്‍ തന്നെ ഒരു അശരീരി തന്നോട് എങ്ങനെ പറയുന്നതായി അവർക്ക് തോന്നി: 'റാബിആ, ഒന്നുകില്‍ നിന്റെ തീരുമാനം, അല്ലെങ്കില്‍ എന്റെ തീരുമാനം. രണ്ടും ഒപ്പം അനുഭവിക്കാന്‍ സാധ്യമല്ല'. ഈ വിളിയാളം ആ മഹതിയുടെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചു. അതിനെ തുടർന്ന് അവർ ഭൗതികഭ്രമം പാടെ ഒഴിവാക്കി. ഇലാഹീ അനുരാഗത്തിന്റെ പടവുകള്‍ കയറിത്തുടങ്ങി. ആത്മാവും ശരീരവും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ചു. ആത്മസുഖമാണ് മറ്റെല്ലാ സുഖത്തേക്കാളും വലുതെന്ന് തിരിച്ചറിയുകയും സമൂഹത്തോട് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തു. 'ഞങ്ങള്‍ അനുഭവിക്കുന്ന സുഖം രാജാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍ അതു ലഭിക്കാന്‍ അവര്‍ ഞങ്ങളോട് യുദ്ധം ചെയ്യുമായിരുന്നു' എന്ന സ്വൂഫി വചനം അന്വര്‍ത്ഥമാക്കിയുള്ള ജീവിതം. അങ്ങനെ ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ ആ ജീവിതം ഉരുകിത്തീര്‍ന്നു. ഫരീദുദ്ദീന്‍ അത്ത്വാര്‍ രചിച്ച ‘തദ്കിറത്തുല്‍ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിലാണ് റാബിഅത്തുല്‍ അദവിയ്യ(റ)യെക്കുറിച്ചുള്ള ഏറെക്കുറെ വിശദമായ പരാമര്‍ശമുള്ളത്.
മാലികു ബ്‌നു ദീനാര്‍(റ) (ഹി. 131), റബാഹുബ്‌നു അംറില്‍ ഖൈസി(റ) (ഹി.150) തുടങ്ങിയ ത്യാഗിവര്യന്മാര്‍ റാബിഅ(റ)യുടെ കാലക്കാരായിരുന്നു. ഇമാം ഹസനുല്‍ ബസരി(റ) റാബിഅ(റ)യുടെ ജീവിതത്തിന്റെ തുടക്കത്തില്‍ വഫാത്തായ പണ്ഡിതനാണ്. ഇവരുടെ ഉപദേശങ്ങളില്‍നിന്നും ജീവിത രീതികളില്‍ നിന്നും റാബിഅ(റ) പാഠമുള്‍കൊണ്ടിട്ടുണ്ടാകുമെന്നാണ് ചരിത്രനിഗമനം. റബാഹ് ബിന്‍ അംറ്(റ) ബസറയിലെ അറിയപ്പെട്ട ഭക്തനും റാബിഅ(റ)യെ കൂടുതല്‍ സ്വാധീനിച്ച മഹല്‍വ്യക്തിയുമാണ്. ഹയ്യൂന എന്നവര്‍ റാബിഅ(റ)യെ സ്വാധീനിച്ച സ്ത്രീരത്‌നമാണ്. ആ കാലത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ സൂഫി വനിതയായിരുന്നു ഹയ്യൂന. അവരുടെ അടുക്കൽ റാബിഅ(റ) ഇടയ്ക്കിടെ പോവുകയും ചിലപ്പോൾ അവിടെ കൂടെ താമസിക്കുകയും ചെയ്യുമായിരുന്നു. റാബിഅ(റ)യെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ഇവരായിരിക്കും എന്നാണ് ചരിത്രത്തിലെ അഭിപ്രായം. റബാഹും ഹയ്യൂനയും അബ്ദുല്‍ വാഹിദ് ബിന്‍ സൈദ് എന്ന സ്വൂഫിവര്യന്റെ ശിഷ്യന്മാരായിരുന്നു. 'ബസ്വറയിലുള്ള മുഴുവന്‍ വസ്തുക്കളും രണ്ടു ദിർഹമിന് ലഭിച്ചാല്‍ പോലും ഞാന്‍ വാങ്ങുകയില്ല' എന്ന് അത്ര ദൗതിക വിരക്തനായിരുന്നു വരാണ് അബ്ദുല്‍ വാഹിദ് എന്നവർ. (സിയറു അഅ്‌ലാമിന്നുബലാഅ്). ഈ ഗുരുശ്രേഷ്ഠരുടെ സ്വഭാവഗുണങ്ങളത്രയും റാബിഅ(റ)യില്‍ സമ്മേളിച്ചിരുന്നു.
സർവ്വവും മറന്ന ആരാധനകൾ
ഇബാദത്തുകളിലെ എല്ലാം മറന്ന സമർപ്പണമാണ് റാബിഅ(റ)യുടെ ഏറ്റവും വലിയ സവിശേഷത. ആരാധനകളിൽ നിന്ന് ആരാധനകളിലേക്ക് കടക്കുന്നതായിരുന്നു അവരുടെ ജീവിതതാളം. ദീര്‍ഘ നേരം നിസ്‌കരിക്കലും മരണസ്മരണ വര്‍ധിപ്പിക്കലുമാണ് റാബിഅ(റ)യുടെ ജീവിതത്തിലെ എടുത്തു പറയേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍. അവരുടെ സേവകയായിരുന്ന അബ്ദ ബിന്‍ത് അബീ ശവ്വാല്‍ എന്നവര്‍ പറയുന്നു: 'റാബിഅ(റ) രാത്രി പുലരുവോളം നിസ്‌കരിക്കുമായിരുന്നു. പുലര്‍ന്നാല്‍ ചെറുതായൊന്ന് മയങ്ങും. അല്‍പം കഴിയുമ്പോഴേക്കും മയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് സ്വന്തം ശരീരത്തോട് പറയും: 'ശരീരമേ, നീ എത്രയാണ് ഉറങ്ങുന്നത്. അന്ത്യ നാളില്‍ മാത്രം ഉണരുന്ന അവസാനത്തെ ഉറക്കായിപ്പോകും ഇതെന്നു നീ ഭയക്കുന്നില്ലേ?!. മരിക്കുവോളം ഇങ്ങനെ തന്നെയായിരുന്നു അവരുടെ അവസ്ഥ'. ഓരോ നിസ്കാരത്തിലും അവർ തന്നെത്തന്നെ അല്ലാഹുവിന് സമർപ്പിക്കുകയായിരുന്നു. ഇശാഅ് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഏകാന്തയായി ഒരു സ്ഥലത്ത് നിന്നു കൊണ്ട് മഹതി പറയുമായിരുന്നു: 'അല്ലാഹുവേ, നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു, കണ്ണുകള്‍ ഉറങ്ങിക്കഴിഞ്ഞു. രാജാക്കള്‍ പോലും വാതിലുകളടച്ച് സുഖനിദ്രയില്‍ ആണ്ട് കഴിഞ്ഞു. ഓരോ പ്രണയിതാവും പ്രണയിയുമായി സന്ധിക്കുന്ന നേരമാണിത്. ഞാനിതാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു'. അവരുടെ ഓരോ പ്രഭാതവും ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു: 'അല്ലാഹുവേ, രാത്രി അവസാനിച്ചു. പകല്‍ വരാനിരിക്കുന്നു. എന്റെ ഈ രാത്രി നീ എന്നില്‍നിന്ന് സ്വീകരിച്ചെങ്കില്‍ എനിക്ക് സന്തോഷിക്കാം. അല്ലെങ്കില്‍ എന്റെ കഷ്ടം. നിന്റെ മഹത്വമാണ് സത്യം, നീ എന്നെ ജീവിപ്പിക്കുന്ന കാലത്തോളം ഇതുതന്നെയായിരിക്കും എന്റെ പതിവ്. നിന്നെയാണ് സത്യം, നിന്റെ ദര്‍ബാറില്‍നിന്ന് എന്നെ ആട്ടിയോടിച്ചാലും ഞാന്‍ പോവുകയില്ല. കാരണം, നിന്നോടുള്ള സ്‌നേഹം എന്റെ മനസ്സില്‍ രൂഢ മൂലമായിരിക്കുന്നു'.
റാബിഅത്തുല്‍ അദവിയ്യ(റ) ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. അവയിൽ ആദ്യ കാലങ്ങളിൽ നിർവ്വഹിച്ചതൊക്കെ സാധാരണ യാത്രകളായിരുന്നു. ആത്മീയ വളർച്ച പുരോഗതി കൈവരിക്കുന്നതിനനുസരിച്ച് ഹജ്ജിന്റെ അന്തസത്ത അവർ ഉള്‍ക്കൊണ്ടുതുടങ്ങി. ഒരിക്കൽ ഒരു ഹജ്ജ് യാത്ര കഴുതപ്പുറത്തായിരുന്നു. വഴിയില്‍ വച്ച് കഴുത തളർന്നു വീണുപോയി. ഇനി അത് എഴുനേൽക്കില്ല എന്ന് ആരും പറഞ്ഞു പോകുന്ന ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. സഹയാത്രികരിൽ പലരും മഹതിയുടെ ഭാണ്ഡം ചുമക്കാനും മറ്റും തയാറായി. പക്ഷേ, മഹതി പറഞ്ഞു: 'നിങ്ങളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ടല്ല ഞാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. അല്ലാഹുവില്‍ മാത്രമാണ് എന്റെ പ്രതീക്ഷ'. ശേഷം അവർ ഇങ്ങനെ കരളുരുകി ദുആ ചെയ്തു: 'അല്ലാഹുവേ, ബലഹീനയായ ഒരു അടിമയെ രാജാവ് ഇങ്ങനെ ഉപേക്ഷിക്കില്ലല്ലോ. ഈ മരുഭൂമിയില്‍ ഞാന്‍ ഏകാന്തയാണ്, എന്നെ നീ സഹായിക്കണമേ..' ഇതു പറയേണ്ട താമസം, അല്ലാഹു കഴുതയെ വീണ്ടും സജ്ജമാക്കിക്കൊടുത്തു. അങ്ങനെ ഹജ്ജ് നിര്‍വഹിച്ചു മടങ്ങി വന്നു. അല്ലാഹുവിനെ അന്വേഷിച്ചുള്ളവയായിരുന്നു പിന്നീടങ്ങോട്ടുള്ള ഹജ്ജ് യാത്രകള്‍. മറ്റൊരു യാത്രയ്ക്കിടയില്‍ യാത്രാ ക്ഷീണത്താൽ തളര്‍ന്നിരിക്കുകയായിരുന്ന റാബിഅ(റ) പറഞ്ഞു: 'അല്ലാഹുവേ, കഅ്ബ കേവലം കല്ല് കൊണ്ടുള്ള ഒരു ഗേഹമാണ്. അത് കാണുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ സ്രഷ്ടാവായ നിന്റെ തിരുവദനം കാണുവാനാണ് ഞാന്‍ കൊതിക്കുന്നത്'. ഉടനെ ഒരു വിളിയാളം അവർക്കനുഭവപ്പെട്ടു. അവർ കേട്ടു: 'റാബിആ, എളുപ്പമുള്ള കാര്യമല്ല നീ ആഗ്രഹിക്കുന്നത്. മൂസാ നബി എന്റെ പ്രകാശത്തിന്റെ ചെറു അംശം കാണുമ്പോഴേക്കും ബോധരഹിതനായി വീണു പോയിട്ടുണ്ട്..'. ഹജ്ജ് ഇസ്ലാമിൽ വെറും ശരീരത്തിൻ്റെ യാത്രയും ആരാധനയുമല്ല. അത് ആത്മാവിൻ്റെ മഹാ സഞ്ചാരവും സമർപ്പണവും കൂടിയാണ്.
ഹജ്ജ് കഴിഞ്ഞ് ഒരാള്‍ ജുനൈദുല്‍ ബഗ്ദാദി(റ)യുടെ അടുക്കല്‍ വന്നു. അദ്ദേഹം ആഗതതന്നോട് ചോദിച്ചു:
'താങ്കള്‍ എവിടെനിന്നു വരുന്നു?'
'ഞാന്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങിവരികയാണ്' എന്ന് മറുപടി നൽകി ആഗതൻ. 'ഇതോടെ നിങ്ങള്‍ വീടു വിട്ട് മക്കയിലേക്ക് യാത്ര തിരിച്ചതു പോലെ പാപങ്ങള്‍ ഒഴിവാക്കി നന്മയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടോ?' എന്നായിരുന്നു ശൈഖ് അവർകളുടെ അടുത്ത ചോദ്യം. ഇല്ല എന്നയാൾ പറഞ്ഞു. സാധാരണയിലുള്ള ഒരു യാത്രയുടെ അനുഭവവും വികാരവും മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതു കേട്ടതും ജുനൈദ്(റ) പറഞ്ഞു:
'എങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഹജ്ജിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല'. 'താങ്കള്‍ അറഫയില്‍ നിന്നപ്പോള്‍ ഒരു നിമിഷമെങ്കിലും അല്ലാഹുവിനെ ഓര്‍ത്തിട്ടുണ്ടോ?' എന്നായിരുന്നു അടുത്ത ചോദ്യം. ആഗതന്‍ ഇല്ല എന്നു പറഞ്ഞതും അദ്ദേഹം പറഞ്ഞു: 'എങ്കില്‍ നിങ്ങള്‍ അറഫയില്‍ നിന്നിട്ടില്ല'. ശൈഖ് തുടർന്നു ചോദിച്ചു: 'നിങ്ങള്‍ മുസ്ദലിഫയില്‍ പോയപ്പോള്‍ സ്വന്തം ശരീരത്തിന്റെ ഇഛകൾ വലിച്ചെറിഞ്ഞിട്ടുണ്ടോ?'
ആഗതന്‍ പറഞ്ഞു: 'ഇല്ല'. 'എങ്കില്‍ നിങ്ങള്‍ മുസ്ദലിഫയില്‍ പോയിട്ടില്ല'. 'നിങ്ങള്‍ കഅ്ബ ത്വവാഫ് ചെയ്തപ്പോള്‍ ഇലാഹീപ്രകാശം ദര്‍ശിച്ചിട്ടുണ്ടോ?, ഇലാഹിയായ ഒരു വെളിച്ചം താങ്കളുടെ മനസ്സിൽ നിറഞ്ഞതായി തോന്നിയിട്ടുണ്ടോ' എന്ന ചോദ്യം ചോദിച്ചപ്പോൾ ആഗതന്‍ വീണ്ടും ഇല്ല എന്ന് പറഞ്ഞു. 'എങ്കില്‍ നിങ്ങള്‍ ത്വവാഫ് ചെയ്തിട്ടില്ല' എന്ന് ശൈഖ് പറഞ്ഞു. 'മിനാ താഴ്വരയിൽ അലിഞ്ഞുചേരുമ്പോൾ നിങ്ങള്‍ എല്ലാ ആഗ്രഹങ്ങളും ഇഛകളും വലിച്ചെറിഞ്ഞിട്ടുണ്ടോ, ഇല്ലെങ്കിൽ താങ്കൾ മിനായിൽ നിൽക്കുക എന്ന കർമ്മം തന്നെ ചെയ്തിട്ടില്ല എന്നും നിങ്ങള്‍ ബലിയറുക്കുന്നതോടൊപ്പം ശരീരേച്ഛകളെ മുഴുവന്‍ ബലിയറുത്തിട്ടില്ലെങ്കിൽ നിങ്ങള്‍ ബലിയറുത്തിട്ടില്ല എന്നും
നിങ്ങള്‍ ജംറയിലേക്ക് കല്ലെറിഞ്ഞപ്പോള്‍ ഭൗതിക താല്‍പര്യങ്ങളെ മുഴുവന്‍ എറിഞ്ഞുകളഞ്ഞിട്ടില്ലെങ്കിൽ നിങ്ങള്‍ കല്ലേറു കർമ്മം തന്നെ ചെയ്തിട്ടില്ല എന്നും ജുനൈദുൽ ബഗ്ദാദി(റ) പറഞ്ഞു. 'ഈ പറഞ്ഞ രീതിയില്‍ ഹജ്ജ് ചെയ്താലേ ഇബ്‌റാഹീമീ മഖാമിലേക്ക് എത്താന്‍ സാധിക്കൂ' എന്നു പറഞ്ഞു കൊണ്ടായിരുന്നു മഹാനവർകൾ തൻ്റെ ഉപദേശം ഉപസംഹരിച്ചത്. സ്വാലിഹുകളുടെയും ഔലിയാക്കളുടെയും ഹജ്ജ് ഈ അർത്ഥത്തിലുള്ളത് തന്നെയായിരുന്നു.
ഒരിക്കൽ..
ഒരിക്കല്‍ വീട്ടില്‍ കള്ളന്‍ കയറി. മഹതിയുടെ പുതപ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചു. പുതപ്പുമായി പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ വാതില്‍ കാണുന്നില്ല. പുതപ്പ് യഥാസ്ഥാനത്തുവച്ച് മടങ്ങി വന്നപ്പോള്‍ വാതില്‍ ദൃശ്യമായി. വീണ്ടും പുതപ്പെടുത്തു. പക്ഷേ, അപ്പോഴേക്ക് വാതില്‍ അപ്രത്യക്ഷമായി. ഇങ്ങനെ ഏഴു പ്രാവശ്യം ചെയ്തു. പുതപ്പെടുക്കുമ്പോഴൊക്കെ വാതില്‍ അപ്രത്യക്ഷമാകുന്നു. യഥാസ്ഥാനത്ത് വെക്കുമ്പോള്‍ വാതില്‍ ദൃശ്യമാവുന്നു. അതിനിടയില്‍ ഒരു വിളിയാളം: ”മനുഷ്യാ, അവളെ പിഴപ്പിക്കാന്‍ നോക്കണ്ട; കാലങ്ങളായി അവള്‍ സ്വന്തം കാര്യം എന്നെ ഏല്‍പിച്ചിരിക്കുകയാണ്. അതു കൊണ്ട് ഇബ്‌ലീസിനു പോലും അവളെ പിഴപ്പിക്കാന്‍ സാധ്യമല്ല. പിന്നെങ്ങനെയാണ് നിനക്ക് സാധിക്കുന്നത്?! അറിയുക, ഒരു സുഹൃത്ത് ഉറങ്ങുമ്പോള്‍ മറ്റൊരു സുഹൃത്ത് ഉണര്‍ന്നിരുന്ന് എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.”
മറ്റൊരിക്കല്‍ റാബിഅ(റ)യുടെ പരിചാരക ഭക്ഷണം പാകംചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിയുണ്ടായിരുന്നില്ല. തൽക്കാലം അയല്‍വാസിയുടെ അടുത്തുനിന്ന് ഉള്ളി കടം വാങ്ങാം എന്ന് കരുതി അതിന് സമ്മതം ചോദിച്ചപ്പോള്‍ മഹതി പറഞ്ഞു: '40 വര്‍ഷമായി അല്ലാഹുവല്ലാത്ത മറ്റാരോടും ഒരു കാര്യവും ചോദിക്കില്ലെന്നു ഞാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അതിനാൽ ഉള്ളി ഇല്ലെങ്കിൽ വേണ്ട ആരോടും ചോദിക്കാൻ പോകേണ്ട..' അല്‍പം കഴിഞ്ഞപ്പോള്‍ മുകളില്‍നിന്ന് ഒരു പക്ഷി തോൽ കളഞ്ഞ ഒരു ഉള്ളി താഴേക്കിട്ടു കൊടുത്തു. പക്ഷേ, അത് ഭക്ഷിക്കാനും മഹതി കൂട്ടാക്കിയില്ല. കാരണം, അതു പിശാചിന്റെ ഭാഗത്തു നിന്നുള്ളതാകാനും സാധ്യതയുണ്ടല്ലോ!. പരിത്യാഗം എന്ന മഹാഗുണം സ്വൂഫികൾ ഇങ്ങനെയാണ് ജീവിതത്തിൽ പുലർത്തുന്നത്.
മറ്റൊരിക്കല്‍ അവർ മലമുകളില്‍ കയറി ആരാധനാനിമഗ്നയായി. മാന്‍കൂട്ടങ്ങള്‍ മഹതിക്ക് ചുറ്റുമുണ്ട്. മഹതിയെ കണ്ടിട്ടും അവ പേടിച്ചോടുന്നില്ല. അതിനിടയില്‍ ഒരു വലിയ സൂഫി സന്യാസി അവിടേക്ക് കയറിവന്നു. അദ്ദേഹത്തെ കണ്ടതും മാന്‍കൂട്ടങ്ങള്‍ പേടിച്ചോടി. ആഗതന് ആശ്ചര്യമായി. അദ്ദേഹം ചോദിച്ചു: 'റാബിആ, മാന്‍കൂട്ടങ്ങള്‍ എന്നെ കാണുമ്പോള്‍ പേടിച്ചോടുന്നല്ലോ?!; നിങ്ങളെ കാണുമ്പോള്‍ ഓടുന്നുമില്ല!' റാബിഅ(റ) ചോദിച്ചു: 'നിങ്ങള്‍ ഇന്ന് എന്താണ് ഭക്ഷിച്ചത്?' അദ്ദേഹം പറഞ്ഞു: 'എണ്ണയിൽ തയ്യാറാക്കിയ ഭക്ഷണമാണ് കഴിച്ചത്' റാബിഅ(റ) പറഞ്ഞു: 'അവയുടെ എണ്ണ ഭക്ഷിക്കുന്ന നിങ്ങളെ കാണുമ്പോള്‍ അവ എങ്ങനെ ഓടാതിരിക്കും?!' ഇവിടെ റാബി റാബിഅത്തുൽ അദവിയ്യ(റ) ഒരു തത്വജ്ഞാനിയായി മാറുകയായിരുന്നു.
അവർ പറയുമായിരുന്നു: 'മനുഷ്യരിൽ അധികപേരും നരകത്തെ ഭയന്നാണ് അല്ലാഹുവിനെ ആരാധിക്കുന്നത്. നരകത്തിൽ നിന്നു രക്ഷനേടി സ്വർഗത്തിൽ പ്രവേശിക്കുന്നതിനെ വലിയ ഭാഗ്യമായി അവർ കരുതുന്നു. എന്നാൽ എനിക്ക് സ്വർഗത്തിലോ നരകത്തിലോ ഒരു സ്ഥാനവും വേണ്ട. നാഥാ..ഞാൻ നിന്നെ മാത്രമാണ് ആഗ്രഹിക്കുന്നത്'. മറ്റൊരിക്കൽ അവർ ഇതേ ആശയം ഇങ്ങനെ പറയുകയുണ്ടായി: 'ഞാൻ നിന്റെ സ്വർഗം ആഗ്രഹിച്ചാണ് ഇബാദത്തെടുക്കുന്നതെങ്കിൽ ആ സ്വർഗം എനിക്കു വിലക്കണം. നരകത്തെ ഭയന്നാണ് ചെയ്യുന്നതെങ്കിൽ ആ നരകത്തിൽ എന്നെ പ്രവേശിപ്പിക്കണം. പക്ഷേ, നാഥാ..ഞാൻ നിനക്കു വേണ്ടിയാണ് ആരാധിക്കുന്നത്. സ്വർഗത്തിനോ നരകത്തിനോ അല്ല, കാരണം ആരാധിക്കപ്പെടാൻ അർഹൻ നീ മാത്രമാണ്'.
ധന്യമായ ആ ജീവിതത്തിന്റെ അന്ത്യം ഹിജ്‌റ 185നായിരുന്നു.
അവൾക്കും സാധ്യമാണ്
പൊതുവെ മഹാന്മാരെ കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം മേൽ കൈ പുരുഷന്മാർക്കായിരിക്കും. അവരെക്കുറിച്ചാണ് അധികം കേൾക്കുകയും പറയുകയും ചെയ്യുക. അത് കാണുമ്പോഴാണ്, പുരുഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ജീവിച്ചു തീരുവാൻ മാത്രമുള്ളതാണ് ഇസ്ലാമിക ദൃഷ്ട്യാ പെൺ ജീവിതം എന്ന ഒരു തെറ്റിദ്ധാരണയിലേക്ക് പലരും വഴുതി വീഴുന്നത്. ലിംഗ വൈജാത്യം ഒരു അനിവാര്യമായ സംഗതിയാണ്. അതില്ലെങ്കിൽ മനുഷ്യകുലത്തിന്റെ ചലനം നിലച്ചു പോകും. ഒപ്പം ജീവിതം വിരസമാവുകയും ചെയ്യും. അതിനാൽ ആണ് ആണായും പെണ്ണ് പെണ്ണായും ഇവിടെയുണ്ടാവേണ്ടതുണ്ട്. സൂക്ഷ്മമായി പഠിച്ചാൽ അതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഇല്ല. പ്രശ്നങ്ങൾ ഉണ്ട് എന്ന് കരുതുന്നതും പ്രചരിപ്പിക്കുന്നതും പൊതുവേ സ്ത്രീകൾ തന്നെയാണ്. അവർക്ക് അവരുടെ മുമ്പിലുള്ള പുരുഷന്മാരെ പോലെയുള്ള ജീവിതം അനുഭവിക്കാൻ കഴിയുന്നില്ല എന്ന തെറ്റിദ്ധാരണയാണ്. സത്യത്തിൽ സുഖവും ആനന്ദവും ആസ്വാദനവും തലോടലും പരിഗണനയും പരിലാളനെയും എല്ലാം പുരുഷന് മുമ്പേ അവൾക്കാണ് ലഭിക്കുന്നത്. ആ ലഭിക്കുന്നതെല്ലാം ഇസ്ലാം മാന്യമായി നിലനിർത്തിക്കൊടുത്തിട്ടുമുണ്ട്.
ഇവിടെ നമ്മുടെ ചർച്ച ഇസ്ലാമിലെ ആത്മീയതയെ കുറിച്ചാണ്. ആത്മീയതയുടെ കാര്യത്തിൽ ഇസ്ലാമിക സംസ്കാരത്തിൽ ആണും പെണ്ണും തമ്മിൽ വിവേചനം ഉണ്ടോ എന്ന അന്വേഷണമാണ് നമുക്കു മുമ്പിൽ. റാബിഅത്തുൽ അദവിയ്യ(റ)യുടെ ജീവിതം കണ്ടതോടെ അങ്ങനെ ഒരു വ്യത്യാസം ഒട്ടുമില്ല എന്ന് നമുക്ക് തീർത്തു പറയാം. ആത്മീയതയുടെ ഔന്നത്യത്തിലേക്കും ഒരു സ്ത്രീക്ക് ഏത് പുരുഷനെയും പോലെ അനായാസം കയറിപ്പോകാം. ആണും പെണ്ണും അവരവരുടെ ജീവിതത്തിൻ്റെ ഉത്തരവാദിത്വങ്ങൾ, സവിശേഷതകൾ, ബാധ്യതകൾ തുടങ്ങിയവയുടെ പേരിൽ മാത്രമാണ് വ്യത്യാസപ്പെട്ടു നിൽക്കുന്നത്. അതേസമയം ആത്മീയമായ മാനദണ്ഡങ്ങളിൽ രണ്ടുപേരും അല്ലാഹുവിൻ്റെ ദാസന്മാരാണ്. രണ്ടുപേർക്കും തങ്ങളുടെ റബ്ബിലേക്കുള്ള ദൂരം ഒന്നുതന്നെയാണ്.
അല്ലാഹുവിൻ്റെ സാമീപ്യം നേടിയ വനിതാരത്നങ്ങൾ നിരവധിയാണ്. സ്വഹാബിമാരിൽ നിന്ന് അത് ആരംഭിക്കുന്നു. താബിഉകളിലും പിന്നീട് വന്നവരിലുമെല്ലാം ഇത്തരം ഉന്നത സ്ഥാനമലങ്കരിച്ചവർ നിരവധിയാണ്. ഭാര്യ എന്ന നിലക്കുള്ള ജീവിതമോ കുട്ടികളെ പോറ്റുക എന്ന ദൗത്യമോ ഒന്നും സ്വർഗ്ഗത്തിൽ എത്തുന്നതിനും സ്വാലിഹത്താകുന്നതിനും വിഘാതമല്ല. പ്രവാചകൻ(സ) പറഞ്ഞു: 'ഒരു സ്ത്രീ അവളുടെ നിസ്കാരത്തിൽ കൃത്യത കാട്ടുകയും വ്രതമനുഷ്ഠിക്കുകയും ഗുഹ്യസ്ഥാനം സംരക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവൾക്ക് അവളുടെ റബ്ബിന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം' മറ്റൊരിക്കൽ പ്രവാചകൻ(സ) പറഞ്ഞു: 'ഐഹികത മുഴുവൻ സമ്പത്തുകളാണ്. അതിൽ നല്ല സമ്പത്ത് സന്മാർഗിയായ ഭാര്യയാണ്.' (മുസ്‌ലിം). മനസ്സിലെത്തി കിട്ടിയ വിശ്വാസം വളർത്തിയെടുക്കുവാനും ഇസ്ലാമിക ജീവിതത്തെ സ്വന്തം ജീവിതത്തിലേക്ക് ആവാഹിക്കുവാനും പലപ്പോഴും പുരുഷനെക്കാൾ ശക്തി സ്ത്രീക്കാണ്. വൈകാരികത അവർക്ക് ഒരല്പം കൂടുതലാണ്. അതിനാൽ തന്നെ ആ വൈകാരികത വഴി പിശാച് അവരിലേക്ക് കയറിയേക്കാം. അപ്പോൾ ആ പിശാചിനെ തിരിച്ചറിയാനും അവനെ ആട്ടിയിറക്കുവാനും അവൾക്ക് പുരുഷൻ്റെ അത്ര മനക്കരുത്ത് ഉണ്ടാവുകയാണെങ്കിൽ അവൾക്ക് ആത്മീയ ഔന്നത്യങ്ങളിലേക്ക് കയറി പോവുക തന്നെ ചെയ്യാം. ലോകത്ത് ആത്മീയ ഔന്നത്യം നേടിയ എല്ലാ മഹിളകളുടെയും പ്രത്യേകത അതുതന്നെയായിരുന്നു. അതുവഴി അവർക്ക് മനക്കരുത്തും സഹന ശക്തിയും എല്ലാം കൈവരുന്നു. അത് വെറുതെ പറയുന്നതല്ല. അതിന് ഉദാഹരണങ്ങളുണ്ട്.
അല്ലാഹു മൊത്തം വിശ്വാസികള്‍ക്കും മാതൃകയായി വിശുദ്ധ ഖുർആനിൽ എടുത്തു കാണിച്ചത് ഫറോവയുടെ പത്‌നി ആസ്യാ ബീവിയേയും ഇംറാന്റെ പുത്രി മര്‍യം ബീവിയേയുമാണ്. ആസ്യാ ബീവി തന്റെ ഭര്‍ത്താവായ ഫറോവയോട് ചരിത്രത്തില്‍ തുല്യതയില്ലാത്ത ആദര്‍ശ പോരാട്ടം തന്നെ നടത്തുകയും അയാളുടെയും കൂട്ടാളികളുടെയും എല്ലാ ക്രൂരതകളെയും ക്ഷമയോടെ നേരിടുകയും ചെയ്തു. അവരുടെ ക്രൂരമായ പീഡനങ്ങളേറ്റ് തളർന്നു പോകുമ്പോഴും അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു: 'നാഥാ, എനിക്ക് നിന്റെയടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഗേഹം പണിതു തരേണമേ... ഫറോവയുടെ പീഡനത്തില്‍ നിന്നും എന്നെ രക്ഷിക്കേണമേ...' എന്നിട്ടും അവർ തോറ്റു കൊടുത്തില്ല തോറ്റു കൊടുക്കേണ്ട സാഹചര്യങ്ങളിൽ ഈ ജീവിതത്തെ മാറ്റിവെച്ച് അടുത്ത ജീവിതത്തിലെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു അവർ.
ലോകത്ത് ഒരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത കഠിനമായ മാനസിക പീഡനമാണ് മര്‍യം ബീവി നേരിട്ടത്. കന്യകയായിരിക്കെ അല്ലാഹുവിന്റെ ദിവ്യാത്ഭുതത്താല്‍ അവര്‍ ഗര്‍ഭിണിയായി. അവിവാഹിതയായ പെണ്ണ് ഗര്‍ഭിണിയായപ്പോള്‍ സമൂഹത്തില്‍ നിന്നുയര്‍ന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും നമുക്ക് ഊഹിക്കാൻ കഴിയുന്നതാണ്. ശാരീരികമായ വേദനയേക്കാൾ എത്രയോ വലുതാണ് മാനസികമായ വേദന. പ്രത്യേകിച്ചും പ്രത്യക്ഷത്തിൽ ഉത്തരം നൽകുവാനോ ന്യായീകരിക്കുവാനോ കഴിയാത്ത ആ ഒരു സാഹചര്യത്തിൽ. പക്ഷേ അവരുടെ മനസ്സ് ശക്തമായിരുന്നു. അതിനാൽ അവർ എല്ലാം ക്ഷമയോടെ നേരിട്ടു. അവരുടെ പ്രാർത്ഥന സ്വീകരിക്കുന്ന അള്ളാഹു അവരെ സ്വര്‍ഗീയ വനിതകളുടെ നേതൃപദവി നൽകി ആദരിച്ചു.
മാതാവാകുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ഗര്‍ഭിണിയായിരിക്കെ മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ഓര്‍മയായി തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ റബ്ബിന് സമർപ്പിക്കുന്ന ഒരു മാതാവിനെ വിശുദ്ധ ഖുർആൻ അവതരിപ്പിക്കുന്നുണ്ട്. അത് ഇമ്രാന്റെ പത്നിയാണ്. ഇസ്രയേൽ സന്തതികളിലെ ഒരു വലിയ പുരോഹിതനായിരുന്നു ഇമ്രാൻ. ഇമ്രാന്റെ ഭാര്യ ഹന്ന ആണ് ആ സ്ത്രീ രത്നം. ഈ മഹാത്യാഗത്തിന്റെ ഫലമായി ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് മാതൃകയായ ഇംറാന്റെ ഭാര്യ. അവർ പറഞ്ഞു: 'നാഥാ, എന്റെ വയറ്റില്‍ വളരുന്ന ശിശുവിനെ ഞാന്‍ നിനക്ക് നേര്‍ന്നിരിക്കുന്നു. അത് നിന്റെ മാത്രം ജോലി ചെയ്യാന്‍ ഉഴിഞ്ഞുവെക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുല്‍ക്കാഴ്ച നീ സ്വീകരിക്കേണമേ.' പരിശുദ്ധ ഖുര്‍ആന്‍ മൂന്നാം അധ്യായം ഇവരുടെ കഥ വ്യക്തമായിത്തന്നെ വിവരിക്കുന്നുണ്ട്. അതേ കാലഘട്ടത്തിലെ മറ്റൊരു ഉദാഹരണമാണ് മൂസാ നബിയുടെ മാതാവ്. അവരെയും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്.
ബനീ ഇസ്രായീല്യരിൽ തനിക്കൊരു പ്രതിയോഗി ജനിക്കുമെന്ന ജോത്സ്യന്റെ പ്രവചനത്താല്‍ ഭയവിഹ്വലനായ ഫിര്‍ഔന്‍ അവരില്‍നിന്ന് ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നൊടുക്കാന്‍ ആജ്ഞാപിച്ചിരുന്ന കാലത്താണ് മൂസാ(അ)യുടെ ജനനം. തന്റെ കുഞ്ഞിനെയും ഫിര്‍ഔന്റെ കിങ്കരന്മാര്‍ കൊല്ലുമോ എന്ന് ഭയപ്പെട്ട് കണ്ണീര്‍ വാര്‍ക്കുന്ന ആ മാതാവ് അല്ലാഹുവിന്റെ കല്‍പനപ്രകാരം ആ പിഞ്ചുപൈതലിനെ നദിയിലൊഴുക്കുവാൻ മാത്രം ധൈര്യവും വിശ്വാസ ദൃഢതയും നേടി. ഖുര്‍ആന്‍ പറയുന്നു: 'മൂസായുടെ മാതാവിന് നാം ബോധനം നല്‍കി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനില്‍ ആശങ്കയുണ്ടായാല്‍ അവനെ പുഴയിലെറിഞ്ഞുകൊള്ളുക. ഒന്നും ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. അവനെ നിന്റെയടുക്കലേക്കു തന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.' അല്ലാഹുവിൽ നിന്നുള്ള ഒരു തോന്നിപ്പിക്കൽ മാത്രമായിരുന്നു മൂസാ നബിയുടെ മാതാവിന് ഉണ്ടായത്. പക്ഷേ അതിൽ മനസ്സുറപ്പിക്കുവാനും വിശ്വാസം നിക്ഷേപിക്കുവാനും ആ സ്ത്രീരത്നത്തിന് കഴിയുന്നു എന്നതാണ് ഇവിടെ നാം കാണേണ്ടത്. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ആരും പ്രതീക്ഷിക്കാത്ത മാർഗ്ഗത്തിലൂടെ കുഞ്ഞ് മാതാവിൻ്റെ കൈയിൽ തിരിച്ചെത്തുന്ന കാഴ്ച ഖുർആൻ തുടർന്ന് പറയുന്നുണ്ട്. സ്വന്തം ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഒരു ജനതയെ ഒന്നടങ്കം സത്യത്തിലേക്ക് നയിക്കുന്നു സബഇലെ രാജ്ഞിയുടെ കഥയും ഖുർആൻ പറഞ്ഞുതരുന്നുണ്ട്. സുലൈമാന്‍ നബി(അ)യുടെ കത്ത് കിട്ടിയ ഉടനെ തന്റെ സഭയുമായി ആലോചിച്ച് നയപൂര്‍വം പ്രതികരിക്കുകയും അവസാനം ആ സമൂഹത്തെ ഒന്നടങ്കം സത്യദീനിലേക്ക് നയിക്കുകയും ചെയ്ത അവരുടെ കഥ അധ്യായം നംലില്‍ അല്ലാഹു വ്യക്തമാക്കുന്നു.
അപവാദത്തിന്റെ കൊടുങ്കാറ്റ് ചുറ്റും ആഞ്ഞുവീശിയപ്പോഴും ആരോടും പരിഭവമില്ലാതെ എല്ലാം ക്ഷമയോടെ അല്ലാഹുവില്‍ അര്‍പ്പിച്ച വിശ്വാസികളുടെ മാതാവ് ആയിശ(റ) മാതൃകാ വനിതകൾക്ക് പോലും മാതൃകയാണ്. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു, 'ഈ അപവാദം കെട്ടിച്ചമച്ചവര്‍ നിങ്ങളില്‍ തന്നെയുളള ചിലരാകുന്നു. ഇതുകേട്ടപാടെ ഇത്തരം സംഗതികള്‍ സംസാരിക്കുന്നത് നമുക്ക് ഭൂഷണമല്ല. സുബ്ഹാനല്ലാ, ഇത് ഗുരുതരമായ ദുരാരോപണം തന്നെയാകുന്നു എന്ന് നിങ്ങള്‍ പറയാതിരുന്നതെന്ത്?' (സൂറ: അന്നൂര്‍ 11-6). അല്ലാഹു ആയിഷ ബീവിയുടെ മനസ്സ് കാണുകയും വായിക്കുകയും നിഷ്കളങ്കയായ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് ഇവിടെ നാം കാണുന്നത്. ഇതിന് സമാനമായ മറ്റൊരു സംഭവം സ്വഹാബി വനിതകൾക്കിടയിൽ തന്നെ ഉണ്ടായി. അത് ഖൗല ബിന്ത് സഅ്ലബ(റ) എന്നവരുടേതായിരുന്നു. അന്നത്തെ ആ ജാഹിലിയ്യാ കാലത്ത് ദമ്പതികള്‍ തമ്മില്‍ ശണ്ഠ കൂടുമ്പോള്‍ കോപിഷ്ഠരായ ഭര്‍ത്താക്കന്മാര്‍ അനുവര്‍ത്തിച്ചിരുന്ന ഒരു ദുരാചാരമായിരുന്നു ളിഹാര്‍. നീ എനിക്ക് എൻ്റെ മാതാവിനെ പോലെയാണ് എന്ന് പറഞ്ഞ് അവളെ ഭാര്യാപദത്തിൽ നിന്ന് തള്ളി അകറ്റുന്ന ഒരു സമ്പ്രദായമായിരുന്നു ഇത്. തൻ്റെ ഭർത്താവ് ഔസ് അങ്ങനെ ചെയ്തപ്പോൾ അതിനെതിരെ പ്രവാചക സന്നിധിയില്‍ പരാതിപ്പെടുകയും തന്റെ കുടുംബം തകരുന്നതിനെക്കുറിച്ച് അല്ലാഹുവിനോട് പ്രവാചകനിലൂടെ വിധി തേടുകയും ചെയ്യുന്ന ഖൗല ബിന്‍ത് തഅ്‌ലബിൻ്റെ ആവലാതി അല്ലാഹു ഈ വിധം തന്നെ കേൾക്കുകയുണ്ടായി. ആ വിഷയത്തിൽ മാത്രം പ്രത്യേക ഖുർആൻ സൂക്തം അന്ത്യനാൾ വരെ പാരായണം ചെയ്യപ്പെടാൻ അവതരിക്കുകയുണ്ടായി. തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തത്തിലൂടെ ആ ദുരാചാരം തന്നെ നിര്‍ത്തലാക്കുകയുണ്ടായി. ഖുർആൻ പറയുന്നു: 'ഭര്‍ത്താവിനെക്കുറിച്ച് താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ സംസാരം അല്ലാഹു ശ്രവിച്ചിരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കുന്നുണ്ട്.' തുടര്‍ന്നുള്ള ആയത്തുകളില്‍ അത് നിരോധിക്കുകയും ആ ദുരാചാരം അനുവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രായശ്ചിത്തം വിവരിക്കുകയും ചെയ്തു.
ഉമ്മുകുല്‍സൂം ബിന്‍ത് ഉഖ്ബ(റ) എന്ന സ്ത്രീരത്നം ആദ്യം തന്നെ വിശ്വാസത്തെ നെഞ്ചിലേറ്റുവാൻ സൗഭാഗ്യം ലഭിച്ച ഒരു മഹൽ വനിതയായിരുന്നു. അവർക്ക് പക്ഷേ നബിയോടൊപ്പം വിശ്വാസികളോടും വിശ്വാസത്തോടുമൊപ്പം ഹിജ്റ പോകുവാൻ കഴിഞ്ഞില്ല. അവരുടെ കുടുംബം അവരെ മക്കയിൽ തടഞ്ഞുവച്ചു. പക്ഷേ, അവസാനം അവർ ഒരുപാട് ശ്രമിച്ചു നിരാശപ്പെട്ടിരിക്കുമ്പോഴാണ് ഹിജ്റ ആറാം വർഷം ഹുദൈബിയ സന്ധി നിലവിൽ വരുന്നത്. അടുത്ത പത്തു വർഷത്തേക്ക് ഇനി തമ്മിൽ യുദ്ധങ്ങൾ ഇല്ല എന്നത് സന്ധിയിലെ ഒരു പ്രധാന വ്യവസ്ഥ ആയിരുന്നു. ആ വ്യവസ്ഥ ഉപയോഗപ്പെടുത്തി അവർ വളരെ സാഹസപ്പെട്ട് മദീനയിൽ എത്തിച്ചേർന്നു. പക്ഷേ, നീതിമാനായ നബി (സ്വ) പറഞ്ഞു: 'ഇത് നാം അവരോട് ചെയ്ത കരാറിന് എതിരാണ്' അതുകൊണ്ട് അവരോട് മക്കയിലേക്ക് തന്നെ മടങ്ങണമെന്ന് നബി(സ്വ) നിർദ്ദേശിക്കുകയും ചെയ്തു. ആ സഹാബി വനിതയുടെ മനസ്സ് അപ്പോൾ അനുഭവിച്ച സങ്കടവും സങ്കോചവും ചെറുതായിരുന്നില്ല. ആ മനസ്സിൻ്റെ വേദനയും അല്ലാഹു കണ്ടു. അല്ലാഹു നബിയെ തിരുത്തി ഇങ്ങനെ പറഞ്ഞു: 'ഓ, വിശ്വസിച്ചവരേ, വിശ്വാസിനികളായ സ്ത്രീകള്‍ നിങ്ങളുടെ അടുക്കല്‍ പലായനം ചെയ്‌തെത്തിയാല്‍ (അവര്‍ വിശ്വാസികള്‍ തന്നെയോ എന്ന്) പരീക്ഷിക്കേണ്ടതാകുന്നു. അവരുടെ വിശ്വാസത്തെപറ്റി അല്ലാഹു നന്നായറിയുന്നുണ്ട്. അവര്‍ വിശ്വാസിനികള്‍ തന്നെ എന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നീടവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്.'
ആത്മീയമായ ഔന്നത്യങ്ങൾ കീഴടക്കുവാൻ സ്ത്രീകൾക്കും സാധ്യമാണ്, സാധ്യമായിട്ടുണ്ട് എന്നെല്ലാം പറഞ്ഞു തരികയാണ് ഈ അനുഭവങ്ങൾ.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso