Thoughts & Arts
Image

ബറാഅത്ത്: ആചാരവും വിചാരവും

2025-02-14

Web Design

15 Comments

മുഹമ്മദ് തയ്യിൽ







മുസ്ലിം ലോകത്ത് പ്രത്യേകമായി പ്രാധാന്യം കൽപ്പിക്കപ്പെട്ട് ആചരിച്ചുവരുന്ന രാവും പകലുമാണ് ബറാഅത്ത് രാവും പകലും. രാവിൽ പ്രത്യേകിച്ചും രാവ് തുടങ്ങുന്ന മഗ്‌രിബിനും ഏറ്റവും ശ്രേഷ്ഠത നീണ്ടുകിടക്കുന്ന ഇശാക്കും ഇടയിൽ വിശുദ്ധ ഖുർആൻ പ്രത്യേകിച്ചും -ഖുർആനിൻ്റെ ഹൃദയമായ യാസീൻ സൂറത്ത്- പാരായണം ചെയ്തും ദീർഘമായി ദുആ ചെയ്തും കഴിച്ചുകൂട്ടുകയും ആ രാവ് പുലരുന്ന പകലിൽ ഏറ്റവും ആത്മ ആരാധനയായ നോമ്പ് അനുഷ്ഠിച്ചും വിശ്വാസികൾ പണ്ടു മുതലേ ബറാഅത്ത് ആചരിച്ചു വരുന്നു. ഇത് ചിലർ കരുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതുപോലെ ഈയടുത്ത കാലം കാലത്ത് മാത്രമോ കേരളത്തിൽ സുന്നികൾക്കിടയിൽ മാത്രമോ കണ്ടുവരുന്നതല്ല. ഈജിപ്തിലും ഡമാസ്കസിലും ഇറാഖിലും ഫലസ്തീനിലും ഇന്ത്യയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം ഇത് അന്നും ഇന്നും നിലനിൽക്കുന്നതായി ചരിത്രവും അനുഭവവും പറയുന്നുണ്ട്. ഇറാൻ, ബഹറൈൻ, സൗദിയിലെ കിഴക്കൻ പ്രവിശ്യകളിലും ഈ ദിനം ബഹുമാനിക്കപ്പെട്ടു വരുന്നുണ്ട്. ഇവയിൽ ആദ്യത്തെ ഗണത്തിൽ പെടുന്ന രാഷ്ട്രങ്ങളും അവിടങ്ങളിലെ ഇസ്ലാമിക സമൂഹവും സച്ചരിത നൂറ്റാണ്ട് മുതൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയത്തിൽ അടിയുറച്ച് നിന്ന് പോരുന്ന സ്ഥലങ്ങളാണ്. രണ്ടാമത്തെ ഗണത്തിൽ ഉള്ളത് ഷിയാ വിശ്വാസികളാണ്. രണ്ടിടത്തും ഇങ്ങനെ ഒരു ആചാരം പണ്ടുമുതലേ കാണപ്പെടുന്നു എന്ന് പറയുമ്പോൾ അതിൽ നിന്ന് രണ്ടു കാര്യങ്ങൾ ആർക്കും വായിച്ചെടുക്കാൻ കഴിയും. ഒന്നാമതായി, ബറാഅത്ത് രാവിനോടുള്ള ആദരവ് സച്ചരിതരായ സ്വഹാബികളുടെ കാലം മുതലേ ഉള്ളതാണ്. രണ്ടാമതായി, മുസ്ലിം സമൂഹം പിൻകാലത്ത് സുന്നി-ഷിയാ എന്നിങ്ങനെ രണ്ടായി പിരിഞ്ഞുവെങ്കിലും ഈ വിഷയത്തിൽ അവർ വേർപ്പെട്ടിട്ടില്ല. രണ്ടു വിഭാഗവും ഈ രാവിൻ്റെ ആശയത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലോക മുസ്ലിംങ്ങൾ മുഴുവനും ആചരിച്ചുവരുന്ന ഈ വികാരത്തിൽ വെള്ളം ചേർന്നതും ചേർത്തതും വളരെ സമീപകാലത്ത് മാത്രമാണ്. അത് മതം ചില കാര്യങ്ങൾ, കാലങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ തുടങ്ങിയവക്ക് കൽപ്പിക്കുന്ന ശ്രേഷ്ഠത, പ്രത്യേകത തുടങ്ങിയവയുടെ സാംഗത്യങ്ങൾ എന്താണ് എന്ന് മനസ്സിലാകാത്തതിന്റെ പേരിൽ ഉണ്ടായതാണ്.



ശ്രേഷ്ഠത, പ്രത്യേകത എന്നതൊന്നും ഒറ്റയടിക്ക് ഒറ്റ കാരണത്താൽ ഉണ്ടാകുന്നതല്ല. അത് ഒരു വികാരത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിത്തീരുന്നതാണ്. ഇവിടെയും അങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ശഅ്ബാൻ മാസം നബി തിരുമേനി(സ്വ) കൂടുതലായി നോമ്പ് എടുക്കാറുള്ള മാസമാണ് എന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് എന്നതാണ് അവയിൽ ഒന്ന്. ആയിശ(റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസിൽ ഒരു രാത്രി നബി തിരുമേനി കാണാതെയായി എന്നും അന്വേഷിച്ചിറങ്ങിയപ്പോൾ നബി മഖ്ബറയിൽ നിന്ന് മടങ്ങി വരുന്നതായി കണ്ടു എന്നും പറയുന്നുണ്ട്. അപ്പോള്‍ നബി(സ്വ) അവരോട് പറഞ്ഞു: 'നിശ്ചയം ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു (അവന്‍റെ അനുഗ്രഹം) ഒന്നാം ആകാശത്തേക്കിറങ്ങി വരും. പിന്നീട് കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അധികം പേര്‍ക്ക് അല്ലാഹു തൻ്റെ അടിമകൾക്ക് അവരുടെ പാപം പൊറുത്തു കൊടുക്കുകയും ചെയ്യും' എന്ന ഇമാം തുര്‍മുദി നിവേദനം ചെയ്യുന്ന ഈ ഹദീസാണ് മറ്റൊന്ന്. ഈ രണ്ട് തെളിവുകളുടെയും ആശയത്തെ പിന്തുണക്കുന്ന ധാരാളം പ്രമാണങ്ങൾ വേറെയുമുണ്ട്. ഇവയിൽ നിന്ന് ശഅ്ബാൻ എന്ന മാസവും അതിലെ പതിനഞ്ചിന്റെ രാവും ശ്രേഷ്ഠങ്ങളാണ് എന്ന് വരുന്നു. ഈ തിരിച്ചറിവിൻ്റെ സ്വാധീനത്തിലാണ് മതത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത പണ്ഡിതരും ഇമാമുകളും ബറാഅത്തുമായി ബന്ധപ്പെട്ട പുണ്യങ്ങളെല്ലാം ശരിവെച്ചത്. ഇമാം ഇക്‌രിമ അടക്കമുള്ള ഖുർആൻ വ്യാഖ്യാതാക്കൾ അദ്ദുഖാൻ സൂറയിലെ 3-4 സൂക്തങ്ങളിൽ അല്ലാഹു പറയുന്ന: 'നിശ്ചയം, ഒരു അനുഗൃഹീത രാവിലാണ് നാം അതവതരിപ്പിച്ചിരിക്കുന്നത്' എന്ന ആയത്തിൽ പറയുന്ന രാവ് ബറാഅത്ത് രാവാണ് എന്ന് അഭിപ്രായപ്പെട്ടത് അതു കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് പ്രാർത്ഥന സീകരിക്കുന്ന 5 രാവുകളിൽ
ഇമാം ശാഫിഈ(റ) ബറാഅത്ത് രാവിനെ എണ്ണിയത് (ഉമ്മ് 1/204). അല്ലാമാ ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റായിൽ ഈ രാവിന് ശ്രേഷ്ഠതയുണ്ടെന്നത് തീര്‍ച്ചയാണ് എന്നു പറഞ്ഞതും അതുകൊണ്ടു തന്നെ. (2/80). തൻ്റെ ഇഖ്തിളാഉ സ്വിറാതുല്‍ മുസ്തഖീമിൽ സാക്ഷാൽ ഇബ്നു തൈമിയ്യ വരെ ഇതംഗീകരിക്കുന്നുണ്ട് എങ്കിൽ പിന്നെ ആ വിഷയത്തെ കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ.



ശ്രേഷ്ഠമായ രാവുകൾ നോമ്പ് കൊണ്ട് അവസാനിക്കുക എന്നത് ഇസ്ലാമിക സംസ്കൃതിയിലെ പൊതു കീഴ്വഴക്കങ്ങളിൽ പെട്ടതാണ്. റമളാൻ അല്ലാത്ത ശ്രേഷ്ഠമായ രാവുകളെല്ലാം പുലരുന്നത് സമർപ്പണത്തിന്റെ പാരമ്യമായ വൃതത്തിലേക്കാണ്. അതിനെ രാവിനോടുള്ള ബഹുമാനത്തിന്റെ ഒരു പൂർത്തീകരണമായി മാത്രം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇസ്ലാമിക കണക്കിൽ ദിവസം ആരംഭിക്കുന്നത് രാവുകൊണ്ടും അവസാനിക്കുന്നത് പകൽ കൊണ്ടുമാണ്. അതിനുപുറമേ, 'ശഅ്ബാൻ പതിനഞ്ചിൻ്റെ രാവ് പ്രാർത്ഥനകളാൽ സജീവമാക്കുകയും അതിൻ്റെ പകലുകളിൽ നോമ്പനുഷ്ടിക്കുകയും ചെയ്യുക' എന്ന അർത്ഥത്തിൽ പല ഹദീസുകളും വന്നിട്ടുണ്ട്. ഈ ഹദീസുകളെ കുറിച്ചുള്ള ചർച്ചകളിൽ അവയുടെ നിവേദക ശൃംഖലകളിൽ ചില പോരായ്മകളോ ന്യൂനതകളോ ഉണ്ട് എന്ന് വാദം ഉണ്ട്. അത് അംഗീകരിച്ചാൽ തന്നെയും ഈ ഹദീസുകളുടെ സനദുകളുടെ ബലം, സ്വീകാര്യത എന്നിവയെ അത് ബാധിക്കുന്നു എങ്കിലും ഈ ആശയം നിവേദക ശൃംഖലയിലെ അന്യൂനരായ പലരുടെയും സമക്ഷം സ്വീകാര്യമായി നിലനിൽക്കുന്നുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ശ്രേഷ്ഠതകൾ, പ്രാധാന്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പലപ്പോഴും ഈ സമീപനം സ്വീകരിക്കപ്പെടാറുണ്ട്. ഇങ്ങനെയെല്ലാം പറഞ്ഞു എല്ലാ കാര്യങ്ങളെയും ന്യായീകരിക്കാനുള്ള ഒരു ശ്രമമല്ല ഇതൊന്നും. അതിൻ്റെ ആവശ്യം ഇവിടെ ഒട്ടും വരുന്നില്ല. കാരണം റജബ് മുതൽ റമളാൻ വരെയുള്ള ദിനങ്ങൾ, യാമങ്ങൾ തുടങ്ങിയവയുടെ ശ്രേഷ്ഠതയും പ്രാധാന്യവും സത്യവിശ്വാസി അവയോട് പുലർത്തേണ്ട സമീപനവും എല്ലാം ഒറ്റക്കൊറ്റക്കായി എടുത്തു പറയേണ്ടതല്ല. മറിച്ച് അത് ഒരു ശ്രേണിയാണ്. അല്ലാഹു ഈ ലോകത്തോട് കാണിക്കുന്ന ഏറ്റവും വലിയ ഔദാര്യമായ അനുഗ്രഹീത റമളാൻ മാസവുമായി ബന്ധപ്പെട്ടതാണ് അവയെല്ലാം. റമളാൻ എന്ന അനുഗ്രഹത്തെ ശരിക്കും അതിൻ്റെ മൂല്യത്തോടെ വിലയിരുത്തുന്ന ഒരു വിശ്വാസിക്ക് ആ അനുഗ്രഹത്തിന് വിധേയനാകുവാൻ വേണ്ടി തൻ്റെ മനസ്സിലും ശരീരത്തിലും ജീവിത പരിസരത്തിലും നടത്തേണ്ട ഒരുക്കങ്ങളുടെ ശ്രേണിയാണ് ഇതെല്ലാം എന്ന് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല. മഹാന്മാർ അങ്ങനെയാണ് ഈ കാര്യങ്ങളെല്ലാം കണ്ടിട്ടുള്ളത്.



റജബ് ഒന്നു മുതലാണ് റമദാനിനു വേണ്ടിയുള്ള ഒരുക്കങ്ങൾ വിശ്വാസി തുടങ്ങേണ്ടത് എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്. തൗബ ചെയ്തും സഹനശീലം പഠിപ്പിച്ചും സ്വന്തം മനസ്സിനെ വിമലീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയാണ് അതിൽ ഏറ്റവും പ്രധാനം. കാരണം റമദാനിനെ ശരീരം കൊണ്ട് സ്വീകരിക്കുന്നതിലേറെ സ്വീകരിക്കേണ്ടത് മനസ്സ് കൊണ്ടാണ്. അതിനാൽ റജബിലേക്ക് കടക്കുമ്പോൾ തീവ്രമായ ആത്മീയതയിലേക്ക് വിശ്വാസി അവൻ്റെ ചിന്തയെ തിരിച്ചു വിടുന്നു. അതിനിടയിൽ അവൻ ധാരാളമായി സുന്നത്തായ നോമ്പുകൾ അനുഷ്ഠിക്കുന്നു. ഇസ്രാഉം മിഅ്റാജും തുടങ്ങിയ ചരിത്രങ്ങളും ബറാഅത്ത് രാവിലെ അല്ലാഹുവിൻ്റെ അനുഗ്രഹത്തിൻ്റെ തിളക്കങ്ങളും എല്ലാം അവനെ റമദാനിനു വേണ്ടി ഊതിക്കാച്ചി എടുക്കുന്നു. ഒരുക്കങ്ങളുടെ കൃത്യതയിലേക്ക് കടന്നാൽ ആദ്യം വേണ്ടത് തൗബയാണ്. നിലവിലുള്ള എല്ലാ കറകളും കഴുകിക്കളഞ്ഞ് മനസ്സിനെ വിശ്വാസി തൗബയിലൂടെ ശുദ്ധീകരിക്കുകയാണ്. പിന്നെ വേണ്ടത് റമദാൻ കർമ്മങ്ങളുടെ പരിശീലനമാണ്. ആ അർത്ഥത്തിലാണ് ശഅ്ബാൻ മാസത്തിൽ അധികമായി നബി തങ്ങൾ നോമ്പ് നോൽക്കാറുണ്ടായിരുന്നത്. റമദാനിൽ ഏറ്റവും പ്രധാനമായി ചെയ്യാനുള്ള കർമ്മം നോമ്പാണ്. അത് ഈ മാസത്തിൽ തന്നെ ചെയ്തുചെയ്തു ശീലിക്കണം. അതോടൊപ്പം ഈ മാസത്തിൽ ശീലിക്കാനുള്ള മറ്റൊരു കാര്യം താളഭംഗം വന്നുപോയ ആരാധന കൃത്യതകളെ വീണ്ടും താളാത്മകമാക്കുക എന്നതാണ്. നിസ്കാരങ്ങളെ അതിൻെറ ആദ്യ സമയത്തു തന്നെ കഴിയുമെങ്കിൽ ജമാഅത്തായി തന്നെ നിസ്കരിച്ചു ശീലിക്കണം. ഫർള് നിസ്കാരത്തിൻ്റെ മുമ്പും ശേഷവും ഉള്ള സുന്നത്തുകൾ, രാപകലുകളിൽ പ്രത്യേകമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള മറ്റു സുന്നത്തുകൾ എന്നിവ താല്പര്യപൂർവ്വം ശീലമാക്കണം. റമദാനിൽ ഇവയൊക്കെ ചെയ്യുമ്പോൾ മടിയോ ക്ഷീണമോ മറ്റോ അനുഭവപ്പെടാതിരിക്കുവാൻ വേണ്ടി കൂടിയാണിത്. ജീവിതത്തിൻ്റെ ആത്മീയതയെ പരിചരിക്കുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണ് ദിക്റുകളും ദുആകളും. അവ ജീവിത തിരക്കുകൾക്കിടയിൽ പലപ്പോഴും നിലച്ചു പോയിട്ടുണ്ടാകും. അതൊക്കെ വീണ്ടും തുടങ്ങി ജീവിതത്തിന് ആത്മീയതയുടെ പച്ചപ്പ് നൽകുവാൻ ഈ ഒരുക്കത്തിൽ ശ്രമിക്കണം.



പിന്നെ ഏറ്റവും പ്രധാനമായി ചെയ്യേണ്ട ഒരുക്കം വിശുദ്ധ ഖുർആനുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്. ഒരു അർത്ഥത്തിൽ പറഞ്ഞാൽ വിശുദ്ധ റമദാൻ വിശുദ്ധ ഖുർആനിനു വേണ്ടിയുള്ള ആചരണമാണ്. ഈ റമദാനിൽ ഖുർആനിനെ ജീവിതത്തിലേക്ക് ആവാഹിച്ചെടുക്കണമെങ്കിൽ അതിനും ചില ആമുഖ ഒരുക്കങ്ങൾ വേണ്ടതുണ്ട്. ഖുർആൻ പാരായണം ശീലമാക്കുക, കഴിയുന്ന അത്ര അർത്ഥങ്ങളിലേക്കും ആശയങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പഠിക്കാൻ ശ്രമിക്കുക, മറ്റുള്ളവരെ അതിൽ പങ്കാളികളാക്കുക, സർവോപരി വിശുദ്ധ ഖുർആനിൻ്റെ പ്രചാരകരായി മാറുക തുടങ്ങിയതെല്ലാം ഇതിൻെറ ഭാഗമായി ചെയ്യാനുള്ളതാണ്. ഇതെല്ലാം ചേർത്ത് ശഅ്ബാനിനെയും ബറാഅത്തിനെയും വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുമ്പോൾ തെറ്റ് പറ്റുകയില്ല. മുൻഗാമികളായ മഹാന്മാർ ഇങ്ങനെ വായിച്ചത് കൊണ്ടാണ് അവർക്ക് ഈ തെറ്റുകൾ പറ്റാതിരുന്നത്. ഇപ്പോൾ പറ്റുന്നവർക്ക് എല്ലാം അത് പറ്റുന്നത് വായനയുടെ രീതി ഇതല്ലാത്തതു കൊണ്ടാണ്. ബറാഅത്ത് രാവിൽ പുലരുവോളം അല്ലാഹുവിൻ്റെ ഇരന്നും തേടിയും സജീവമാക്കുകയും അതിൻ്റെ പകൽ നോമ്പനുഷ്ഠിച്ച് ആ വികാരത്തെ സാർത്ഥകമാക്കുകയും ചെയ്തു നമുക്ക് ഇനിയൊന്നും കൈമോശം വരാതെ വരുത്താതെ വിശുദ്ധ റമളാനിലേക്ക് നടക്കാം.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso