Thoughts & Arts
Image

ഖുർആനിലെ ഹാമാൻ

2025-02-14

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







വിശുദ്ധ ഖുർആനിൻ്റെ ആധികാരികതയെ ചോദ്യം ചെയ്യുവാൻ പണ്ടുകാലത്തെ ഓറിയന്റലിസ്റ്റുകൾ പാടി നടക്കുമായിരുന്നു ഒരു വർത്തമാനമാണ് ഹാമാൻ കഥ. അവർ പറയുന്നതിന്റെ രത്ന ചുരുക്കം ഇതാണ്. മുഹമ്മദിൻ്റെ ഖുർആനിൽ ഹമാൻ എന്ന കഥാപാത്രം ഈജിപ്ഷ്യൻ ഭരണാധികാരി ആയരുന്ന ഫറോവയുടെ മന്ത്രിയോ അടുത്ത ആജ്ഞാനുവർത്തിയോ ഒക്കെയാണ്. സത്യത്തിൽ ഈജിപ്ഷ്യൻ പുരാതന കഥകളിലോ ഫറോവ, മോശെ പ്രവാചകൻ, ഇസ്രയേൽ സന്തതികൾ തുടങ്ങിയവരുടെ വിശദമായ കഥകൾ പ്രതിപാദിക്കപ്പെടുന്ന വേദപുസ്തകത്തിലോ അങ്ങനെ ഒരാളെ കുറിച്ചുള്ള പരാമർശം ഇല്ല. അതേസമയം ഹാമാൻ എന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള പരാമർശം ഉള്ളത് അഹശ്വേറോശ് രാജാവിന്റെ കീഴിലുള്ള ഒരു പ്രഭുവായ ഹാമാനെക്കുറിച്ചാണ്. ഈ രാജാവിനെ ബൈബിൾ പഴയനിയമത്തിലെ പതിനേഴാമത്തെ പുസ്തകവും ബൈബിളിലെ ചരിത്ര പുസ്തകങ്ങളിൽ ഒടുവിലത്തെതുമായ എസ്ഥേറിൻ്റെ പുസ്തക(Book of Esther)വും ബൈബിൾ അനുബന്ധ പഠനങ്ങളും പരിചയപ്പെടുത്തുന്നത് പേർഷ്യയിലെ ഒരു ഭരണാധികാരി ആയിട്ടാണ്. എസ്രാ 4:6-ൽ പറയുന്ന ഈ രാജാവ് ഹിന്ദുദേശം മുതൽ കൂശ്ദേശം വരെ (ഇന്ത്യ മുതൽ എത്യോപ്യവരെ) വിസ്തൃതമായ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭരണാധിപനും (486-465 ബി.സി.) ദാര്യാവേശിന്റെ മകനും അർത്ഥഹ്ശഷ്ടാവിന്റെ പിതാവുമായിരുന്നു എന്ന് ബൈബിൾ പഠനങ്ങളിൽ പറയുന്നു. (https://roy7.cw.center). ഗ്രീക്ക് ചരിത്രകാരനായ സെനോഫോൺ പട്ടികപ്പെടുത്തിയതിൽ അഹശ്വേരോശ് (Ahasuerus) അധികാരിക രേഖകൾ അനുസരിച്ച് അദ്ദേഹം മേദ്യരുടെ (ആധുനിക ഇറാൻ) രാജാവായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഏതായിരുന്നാലും ഈ രാജാവിൻ്റെ കഥ പറയുന്നേടത്താണ് ബൈബിളിൽ ഹാമാനിനെ കുറിച്ചുള്ള പരാമർശം ഉള്ളത് എന്ന് പറയുന്ന ഓറിയന്റലിസ്റ്റുകൾ വാദിക്കുന്നത് മുഹമ്മദ് തൻ്റെ നാട്ടിലും ജീവിത പരിസരത്തും ലഭ്യമായിരുന്ന യഹൂദ-ക്രൈസ്തവ കഥനങ്ങൾ കേട്ട് ആണ് ഖുർആനിലെ കഥകൾ എല്ലാം എഴുതിയത് എന്നും അതിനിടയിൽ ആളുമാറി പോയതാണ് എന്നുമാണ്.



വിശുദ്ധ ഖുർആൻ പക്ഷേ ഹാമാനിനെ കുറിച്ച് പരാമർശിക്കുന്നത് ഒരു സ്ഥലത്തു മാത്രമല്ല എന്നയിടത്തു നിന്നാണ് ഈ പഠനം ആരംഭിക്കുന്നു. ഒരിടത്ത് ഒരിക്കൽ മാത്രം പറയപ്പെട്ട ഒരു പേരാണ് ഹാമാൻ എങ്കിൽ അവിടെ അങ്ങനെ ഒരു തെറ്റു പറ്റാനുള്ള സാധ്യത ആരോപിക്കാൻ വഴി ഉണ്ടായേക്കാം. എന്നാൽ സംഗതി അങ്ങനെയല്ല. ഖുര്‍ആനില്‍ ആറ് ആയത്തുകളില്‍ ഹാമാനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (28: 6, 28: 38, 29: 39, 40: 24, 40: 36-37) ഇവയെല്ലാം മൂസാനബി(അ)യുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സൂക്തങ്ങള്‍ തന്നെയാണ്. ഈ പരാമർശിക്കുന്നിടത്തെല്ലാം അതിൻ്റെ പശ്ചാത്തലം ഈജിപ്റ്റും ഫറോവയുടെ കൊട്ടാരവുമാണ് എന്നത് വ്യക്തമാണ്. ഹാമാനിനെ പറയുന്ന കാര്യത്തിൽ ഒരു അബദ്ധം പിണഞ്ഞു എന്ന് വാദിക്കാൻ ഒരു ന്യായവും ഇല്ല എന്നതിന് മറ്റൊരു തെളിവ് കൂടിയുണ്ട്. അതെന്തെന്നാൽ വിശുദ്ധ ഖുർആൻ കേവലം ഹാമാൻ എന്ന ഒരാളെ കുറിച്ച് പറഞ്ഞുപോവുക മാത്രമല്ല, മറിച്ച് അദ്ദേഹത്തെ അദ്ദേഹത്തിന്റെ പ്രത്യേകതയും ദൗത്യവും എല്ലാം വെച്ചുകൊണ്ടുതന്നെ വേർതിരിച്ചെടുക്കാനുള്ള വിവരണങ്ങൾ കൂടി നൽകുന്നുണ്ട്. ഉദാഹരണമായി അവയിൽ ചില ആയത്തുകൾ എടുക്കാം. അല്ലാഹു പറയുന്നു: 'ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണ് കൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നതസൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്' (ഖസ്വസ്:38). മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു: 'ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ, എനിക്ക് ആകാശ മാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തി നോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീ ഒരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസാ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയാകുന്നു' (ഗാഫിർ: 36, 37).



ഈ സൂക്തങ്ങളിൽ നിന്ന് ഒരുപാട് വിവരങ്ങളും വിവരണങ്ങളും ഹാമാനെ കുറിച്ച് ലഭിക്കുന്നുണ്ട് അവയിൽ ഒന്ന് ഹാമാന്‍ ഫിര്‍ഔനിന്റെ കീഴിലുള്ള ഒരു പ്രധാന ഉദ്യോഗസ്ഥനോ മന്ത്രിയോ ആയിരിക്കാം എന്നതാണ്. മേൽപ്പറഞ്ഞ ആയത്തുകളിൽ നിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യം, മൂസാ(അ) പറയുന്ന ദൈവം ആകാശത്തെവിടെയെങ്കിലും ആയിരിക്കാം എന്ന് ഫറോവ നിഗമനം ചെയ്തു എന്നും അവിടെ കയറിയാൽ കയ്യോടെ പിടികൂടാൻ പറ്റുന്ന ഒരു സത്തയാണ് ആ ദൈവത്തിനുള്ളത് എന്ന് തെറ്റിദ്ധരിച്ചു എന്നും അതിനുവേണ്ടിയാണ് ഗോപുരം ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് എന്നുമാണ്. മറ്റൊരു കാര്യം ഏറ്റവും ബലിഷ്ഠമായ ഒരു ഗോപുരം തന്നെയാണ് ഉണ്ടാക്കുവാൻ ഫറോവ ആവശ്യപ്പെടുന്നത് എന്നതാണ്. സാധാരണഗതിയിലുള്ള ഒരു ഗോപുരം ഒരു സാധാരണക്കാരനോട് ഉണ്ടാക്കാൻ പറയുന്ന ലാഘവത്വമല്ല ആ വിഷയത്തിലുള്ളത്. ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് കൊണ്ടാണ് സൗഹൃദം ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും ആള് മാറിപ്പോവാൻ സാധ്യതയുള്ള ഒരു ചെറിയ ചരിത്രമോ സംഗതിയോ വ്യക്തിത്വമോ അല്ല ഖുർആനിൽ പറയുന്ന ഹാമാന്‍ എന്നത് സുതരാം വ്യക്തമാണ്.



ഈ പറഞ്ഞതെല്ലാം ഓറിയൻറലിസ്റ്റുകളുടെ വാദത്തിന്റെ മുനയൊടിക്കാൻ പറ്റുന്ന വിധത്തിലുള്ള ന്യായങ്ങൾ തന്നെയാണ് എങ്കിലും ആ ന്യായങ്ങൾ ലോകത്തിനു മുമ്പിൽ സമർപ്പിക്കുവാൻ മുസ്ലിം ലോകത്തിനും വിശുദ്ധ ഖുർആനിന്റെ ജനതക്കും അതിൻ്റേതായ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു എന്നത് ഒരു സങ്കടമാണ്. അതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതായി ഈജിപ്ഷ്യൻ പുരാതന ഈജിപ്ഷ്യൻ ലിപിയായ ഹൈറോഗ്ലിഫിക്സ് വായിച്ചെടുക്കുന്നതിൽ വന്ന കാലതാമസമാണ് അതിസങ്കീർണമായ ഒരു ഭാഷയാണ് ഹൈറോഗ്ലിഫിക്സ്. ഈ ഭാഷയുടെ സങ്കീർണ്ണതയുടെ പ്രധാനപ്പെട്ട ഒരു കാരണം അത് ലിപി വഴി വികസിച്ചതല്ല എന്നതാണ്. ചിത്രങ്ങളുടെ രൂപത്തിൽ കഥാപാത്രങ്ങളെ ഉപയോഗിക്കുന്ന രീതിയാണ് ഹൈറോഗ്ലിഫിക് എഴുത്ത് സംവിധാനം. രണ്ടാമത്തെ കാരണം, ഓറിയന്റലിസത്തിന്റെ പ്രചുര പ്രചാരമാണ്. താത്വികമായും ആശയപരമായും ചിന്താപരമായും ഏതു മനുഷ്യനെയും സ്വാധീനിക്കാനുള്ള ശക്തി വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നുണ്ട് എന്നു മനസ്സിലാക്കിയ ഖുർആൻ വിരുദ്ധർ ഈ ഗ്രന്ഥം ഒരിക്കലും ലോകത്തെ കീഴടക്കരുത് എന്ന് ശഠിക്കുകയും വിശുദ്ധ ഖുർആനിനെതിരെ ചെറുതും വലുതുമായ അപവാദങ്ങൾ മെനയുകയായിരുന്നു. പൊതുവേ ഇസ്ലാമിനോടുള്ള വിരോധം പ്രചരിപ്പിക്കപ്പെട്ടതിനാൽ ഈ അപവാദങ്ങളെയും ആരോപണങ്ങളെയും മൊത്തം ഇസ്ലാമേതരലോകം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതിനു മേമ്പൊടിയായി ശാസ്ത്രത്തെയും സാങ്കേതികവിദ്യയും എല്ലാം ആവശ്യാനുസരണം അവർ ഉപയോഗിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ ആ തെളിവുകളെ നേരിടാനുള്ള ന്യായം ഇല്ലാതെയും അങ്ങനെ നേരിടുന്ന മിടുക്കരായ പ്രബോധകർ ഇല്ലാതെയും മുസ്ലിം ലോകത്തിന് പലപ്പോഴും ചെറിയ മൗനങ്ങളിൽ ഒതുങ്ങിയിരിക്കേണ്ടി വന്നു. അതിനാലെല്ലാം ഇതിനെല്ലാം മറുപടി പറയുന്ന ഒരു സാഹചര്യം വരുംവരെ മുസ്ലിം ലോകത്തിന് കാത്തുനിൽക്കേണ്ടിവന്നു.



പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സിന്റെ ഡീകോഡിംഗ് സാധിച്ചത്. അതുവരെ ഈജിപ്ഷ്യൻ സംസ്കാരത്തിൽ 'ഹാമാൻ' എന്ന പേര് അറിയപ്പെട്ടിരുന്നില്ല. ഹൈറോഗ്ലിഫിക്സിന്റെ ഡീകോഡിംഗ് നടത്തിയപ്പോൾ, ഹാമാൻ ഫറവോന്റെ അടുത്ത സഹായിയാണെന്നും 'കല്ല് ക്വാറികളുടെ തലവൻ' ആണെന്നും മനസ്സിലാക്കി. ഈ കണ്ടെത്തലുകൾക്ക് മുമ്പ്, പുരാതന ഈജിപ്തിലെ ലിഖിതങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പുരാതന ഈജിപ്തിൽ യുഗങ്ങളോളം നിലനിന്ന ഭാഷ ഹൈറോഗ്ലിഫിക് ആയിരുന്നു. എ.ഡി. 2 , 3 നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന്റെയും മറ്റ് സാംസ്കാരിക സ്വാധീനങ്ങളുടെയും വ്യാപനത്തോടെ ഈജിപ്ത് അതിന്റെ പുരാതന വിശ്വാസങ്ങളും ഹൈറോഗ്ലിഫിക് എഴുത്തും ഉപേക്ഷിക്കുകയായിരുന്നു. ഹൈറോഗ്ലിഫിക് എഴുത്തിന്റെ ഉപയോഗത്തിന്റെ അവസാനത്തെ അറിയപ്പെടുന്ന ഉദാഹരണം എ.ഡി. 394-ലെ ഒരു ലിഖിതമായിരുന്നു. പിന്നീട് ആ ഭാഷ ക്രമേണ കൈവിട്ടുപോയി. കാലക്രമത്തിൽ അത് വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന ആരും അവശേഷിപ്പിച്ചില്ല. 1799-ൽ ബിസി 196 മുതലുള്ള "റോസെറ്റ സ്റ്റോൺ" എന്ന ഒരു ടാബ്‌ലെറ്റ് കണ്ടെത്തിയതോടെ പുരാതന ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്‌സിന്റെ നിഗൂഢതകൾ പരിഹരിക്കപ്പെട്ടു. ഈ ലിഖിതത്തിന്റെ പ്രാധാന്യം, അത് ഹൈറോഗ്ലിഫിക്‌സ്, ഡെമോട്ടിക് (പുരാതന ഈജിപ്ഷ്യൻ ഹൈറാറ്റിക് എഴുത്തിന്റെ ലളിതമായ രൂപം), ഗ്രീക്ക് എന്നീ മൂന്ന് വ്യത്യസ്ത എഴുത്തുരൂപങ്ങളിലാണ് എഴുതിയിരിക്കുന്നത് എന്നതാണ്. ഇവയിലെ ഗ്രീക്ക് ലിപി ചരിത്ര ഗവേഷകർക്ക് പരിചിതമായിരുന്നു. ഗ്രീക്ക് ലിപിയുടെ സഹായത്തോടെ, പുരാതന ഈജിപ്ഷ്യൻ രചനകൾ ശാസ്ത്രജ്ഞർ ഡീകോഡ് ചെയ്തു. ജീൻ-ഫ്രാങ്കോയിസ് ചാംപോളിയൻ എന്ന ഫ്രഞ്ചുകാരനാണ് ലിഖിതത്തിന്റെ വിവർത്തനം പൂർത്തിയാക്കിയത്. അങ്ങനെ മറന്നുപോയ ഒരു ഭാഷയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും വെളിച്ചത്തുവന്നു. ഈ രീതിയിൽ, പുരാതന ഈജിപ്തിന്റെ നാഗരികത, മതം, സാമൂഹിക ജീവിതം എന്നിവയെക്കുറിച്ചുള്ള ധാരാളം അറിവ് ലഭ്യമായി.



ഹൈറോഗ്ലിഫിന്റെ ഡീകോഡിംഗ് വഴി, നിരവധി അറിവുകൾ വെളിപ്പെട്ടു: 'ഹാമാൻ' എന്ന പേര് ഈജിപ്ഷ്യൻ ലിഖിതങ്ങളിൽ തീർച്ചയായും പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അവയിൽ ഒന്ന്. വിയന്നയിലെ ഹോഫ് മ്യൂസിയത്തിലെ ഒരു ഈജിപ്ഷ്യൻ സ്മാരകത്തിൽ ഈ പേര് പരാമർശിക്കപ്പെട്ടിരുന്നു. ഇതുവഴി ഹാമാൻ എന്ന വ്യക്തി മാത്രമല്ല അദ്ദേഹത്തെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ വരെ അനാവരണം ചെയ്യപ്പെട്ടു എന്നതാണ് അൽഭുതം. അത് ഫറോവയുടെ കൽപ്പനപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായി ഹാമാനെ ഖുർആനിൽ പരാമർശിച്ചിരിക്കുന്നു എന്നതാണ്. അതായത്, ആ സമയത്ത് മറ്റാർക്കും അറിയാൻ കഴിയാത്ത വിവരങ്ങൾ ഖുർആൻ നൽകി. ലിഖിതങ്ങളുടെ മുഴുവൻ ശേഖരത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പീപ്പിൾ ഇൻ ദി ന്യൂ കിംഗ്ഡം എന്ന നിഘണ്ടുവിൽ, ഹാമാൻ 'കല്ലു തൊഴിലാളികളുടെ തലവൻ' ആണെന്ന് പറയപ്പെടുന്നുണ്ട്. ഗോപുരമടക്കമുള്ള നിർമ്മിതികൾക്ക് നേതൃത്വം വഹിച്ചിരുന്ന, അതിന് കഴിയുമായിരുന്ന ഒരു വ്യക്തിത്വമായിരുന്നു കൂടി ഇത് സൂചിപ്പിക്കുന്നു. അതേസമയം ഇതേ പേരിൽ മെസപ്പെട്ടേമിയയിൽ വേറെ ഒരു ഹാമാൻ ഉണ്ടായിരിക്കാനുള്ള സാധ്യതയെ ഇതൊന്നും നിരാകരിക്കുന്നില്ല. വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് അവതരിച്ചതാണ് എന്നും അതിൽ ഒരു മനുഷ്യന്റെയും ഇടപെടൽ നടന്നിട്ടില്ല എന്നും അത് സാധ്യമല്ല എന്നും തെളിയിക്കുകയും തെളിയുകയും മാത്രമാണ് ഇവിടെ ഉണ്ടായത്. മറ്റൊരു കാര്യം, ആരോപണങ്ങൾ ആരിൽ നിന്നാണെങ്കിലും അതിനുള്ള മറുപടി കാലം വികസിക്കുന്ന തോടൊപ്പം ഏറ്റവും അനിവാര്യമായ സമയത്തും സ്ഥലത്തും ഉണ്ടാവുക തന്നെ ചെയ്യും എന്നതാണ്. വിശുദ്ധ ഖുർആനിൻ്റെ അമാനുഷിതകൾക്ക് സാക്ഷിയായ നിരവധി ചരിത്ര അധ്യായങ്ങൾ ഉണ്ട്. അവയെല്ലാം ഇതുപോലെ തന്നെയാണ്.



വായന: https://www.missionislam.com/science/book.htm



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso