Thoughts & Arts
Image

സ്നേഹക്കൂടുകളാവട്ടെ, വീടുകൾ

2025-02-14

Web Design

15 Comments

വെള്ളിത്തെളിച്ചം
ടിഎച്ച് ദാരിമി







നാലു കാര്യങ്ങൾ ഒരു മനുഷ്യൻ്റെ സൗഭാഗ്യങ്ങളിൽ പെട്ടതാണ്. സച്ചരിതയായ പങ്കാളി, വിശാലമായ വീട്, സച്ചരിതനായ അയൽവാസി, സംതൃപ്തമായ വാഹനം എന്നിവയാണ് അവ എന്ന് നബി തിരുമേനി (സ്വ) പറഞ്ഞതായി സഅ്ദ് ബിൻ അബീ വഖാസ്(റ)യെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഒരു തിരുവചനത്തിൽ കാണാം. ഒരു മനുഷ്യൻ്റെ ജീവിതത്തോടും മനസ്സിനോടും ഏറെ അടുത്തു നിൽക്കുന്ന കാര്യങ്ങളാണ് ഇവ നാലും. നിരന്തരമായി അവൻ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന നാലു ബന്ധങ്ങൾ. നാലു കാര്യങ്ങളും നിരത്തിവെച്ച് നോക്കിയാൽ തെളിയുക അവയ്ക്ക് ഒരു വ്യക്തിയോടുള്ള അടുപ്പം തന്നെയാണ്. നാലിൽ ഏറ്റവും ഒന്നാമതായി പറയുന്നത് ജീവിത പങ്കാളിയെ കുറിച്ചാണ്. മനസ്സും ജീവിതവും പങ്കുവെക്കുന്ന ബന്ധമാണ് പങ്കാളിയോട് ഒരു വ്യക്തിക്ക് ഉണ്ടാവുക. അത് കഴിഞ്ഞാൽ പിന്നെ വീടാണ്. പങ്കാളികൾ രണ്ടുപേരുടെയും ജീവിത പരിസരമാണ് അത്. അവരുടെ ജീവിത പശ്ചാത്തലം എന്ന നിലക്ക് അത് എപ്പോഴും വ്യക്തിയുടെ ജീവിതത്തോട് ചേർന്ന് കിടക്കുന്നു. ഇണയിൽ നിന്നും വീട്ടിൽ നിന്നും ഇറങ്ങിയാൽ പിന്നെ അടുത്ത് ഉള്ളത് അയൽവാസിയാണ്. സ്വയം താങ്ങാനും ഉൾക്കൊള്ളാനും കഴിയാത്ത വിഷയങ്ങൾ പുറം ലോകത്ത് ആദ്യം എത്തിച്ചേരുന്നതും ചേരേണ്ടുന്നതും അയൽവാസിയിലേക്കാണ്. ആ ബന്ധം അയൽവാസിയുടെയും അതിരുകൾ കടക്കുവാൻ പിന്നെ കൂട്ടായി വേണ്ടത് വാഹനമാണ് ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യതയോടെ എത്തിച്ചേരുവാൻ മനസ്സിനിണങ്ങിയ വാഹനം വേണ്ടതുണ്ട്. എപ്പോഴും വ്യക്തിയുടെ ജീവിതവുമായി ഉരസിക്കിടക്കുന്ന ഈ നാലിലും ഉണ്ടാകുന്ന അസംതൃപ്തി മൊത്തം ജീവിതത്തിൻ്റെ താളത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് ഈ നാല് കാര്യത്തിലും സംതൃപ്തിയുണ്ടെങ്കിൽ അത് ജീവിതത്തിൻ്റെ മൊത്തത്തിലുള്ള സംതൃപ്തിയായി മാറുന്നത്. ഈ സൗഭാഗ്യങ്ങൾ നാലിന്റെയും അടിസ്ഥാനം ഇണകളും അവരുടെ സംഗമ കേന്ദ്രം വീടുമാണ് എന്ന് പറയാം. അതിനാൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് വീട്. സൗഭാഗ്യങ്ങൾ നിറയുന്നതും നിറയേണ്ടതും വീട്ടിലാണ്. വീടിനുള്ളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെങ്കിൽ അത് ജീവിതത്തിൻറെ തന്നെ സംതൃപ്തിയും സന്തോഷവുമായി മാറുന്നു. അതിലേക്ക് സൂചന നൽകാനാണ് മേൽപ്പറഞ്ഞ തിരുവചനത്തിൽ നബി തങ്ങൾ വീടിനെക്കുറിച്ച് വിശാലമായ വീട് എന്ന് വിവരിച്ചത്.



വിശാലമായ വീട് എന്ന പ്രയോഗത്തിന്റെ അർത്ഥം വീടിൻ്റെ വ്യാസത്തെയും വ്യാപ്തിയെയും അല്ല കുറിക്കുന്നത്. മറിച്ച് വീടിനുള്ളിൽ കഴിയുന്നവരുടെ മനസ്സിൻ്റെ വലുപ്പത്തേയും വ്യാസത്തേയുമാണ്. ഇതു മനസ്സിലാക്കാൻ ഒരു എളുപ്പ വഴിയാണ് ഇസ്ലാമിക ദർശനത്തിൽ ഇതിനുവേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുള്ള അറബി വാക്കുകളുടെ അർത്ഥങ്ങൾ. ബൈത്ത് എന്നാണ് അവയിൽ ഒന്ന്. ബാത്ത എന്ന ക്രിയയിൽ നിന്നാണ് ബൈത്ത് എന്ന നാമം നിഷ്പതിച്ചിരിക്കുന്നത്. അന്തിയുറങ്ങുക എന്നതാണ് അതിൻ്റെ അർത്ഥം. സുഖത്തോടെയും സുഷുപ്തിയോടെയും സന്തോഷത്തോടെയും അന്തിയുറങ്ങാൻ കഴിയുന്ന ഇടം എന്നാകും അപ്പോൾ ഈ വാക്കിൻ്റെ ആശയം. ജീവിതത്തിനും തദ്വാര മനസ്സിനും സുഖം അനുഭവപ്പെടുമ്പോൾ മാത്രമാണ് ഈ ഉറക്കത്തിന് കഴിയുക. മറ്റൊരു വാക്ക് ദാർ എന്നതാണ്. ദാറ - വലയം ചെയ്യുക - എന്നതിൽ നിന്നാണ് ഈ വാക്ക് വന്നിരിക്കുന്നത്. സന്തോഷവും സംതൃപ്തിയും സ്നേഹവും എല്ലാം സദാ വലയം ചെയ്തു നിൽക്കുന്ന ഇടം എന്നാകും അപ്പോൾ ഇതിൻ്റെ ആശയം. മസ്കൻ, മൻസിൽ തുടങ്ങിയ വാക്കുകളും വീട് എന്ന അർത്ഥത്തിൽ അറബിയിൽ ഉപയോഗിക്കുന്നവയാണ്. സമാധാനത്തിന്റെ വാസസ്ഥാനം, സമാധാനത്തിന്റെ വിരുന്ന് സ്ഥാനം എന്നിവയൊക്കെയാണ് ഈ വാക്കിൻ്റെ അർത്ഥം. അപ്പോൾ ഇവയും വീടിനുള്ളിൽ കൂടുന്നവരുടെ മനസ്സിൻ്റെ സുഖവും സന്തോഷവും തന്നെയാണ് അർത്ഥമാക്കുന്നത്. സന്തോഷം കളിയാടുന്ന ഇത്തരം വീടുകൾ അല്ലാഹുവിൻറെ ഐശ്വര്യത്തിന്റെ താവളങ്ങൾ ആയിരിക്കുന്നു എന്ന് തിരുവചനങ്ങൾ പഠിപ്പിക്കുന്നു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും സന്തോഷവും തന്നെയാണ് അതിൻ്റെ അടിസ്ഥാനം. വീട്ടിൽ നിന്ന് ഒരാൾ പുറത്തുപോകുമ്പോൾ അയാൾ വീണ്ടും തിരിച്ചു വരണം എന്ന് വീട്ടിലുള്ളവരോ അല്ലെങ്കിൽ പുറത്തു പോകുന്ന അതേ വ്യക്തി തന്നെയോ കൊതിച്ചുപോകുന്ന സാഹചര്യമെന്നാണ് ചിലർ ഈ അവസ്ഥയെ വിവരിച്ചത്. മനസ്സിൻ്റെ വേദനകൾ ഇറക്കിവെക്കാൻ ഓരോ വ്യക്തിയും സ്വന്തം ഭവനത്തെ ആശ്രയിക്കുന്നു എങ്കിൽ അവിടെയെല്ലാം ഈ ഐശ്വര്യം ഉണ്ട് എന്നാണ് കരുതേണ്ടത്.



വീടിൻ്റെ ഐശ്വര്യവും മൂല്യവും അതിൽ കഴിയുന്ന ജനങ്ങൾക്ക് അതൊരു വിശ്രമകേന്ദ്രമായി മാറുക എന്നത് തന്നെയാണ്. അല്ലാഹു ആ കാര്യം ഇങ്ങനെ എടുത്തു പറഞ്ഞിരിക്കുന്നു: 'അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് ഒരു അവധിവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന്‍ നല്‍കിയിരിക്കുന്നു)' (അന്നഹ്ൽ :80). വീട് അല്ലാഹുവിൻ്റെ അനുഗ്രഹമാണ് എന്ന പ്രസ്താവനയിൽ നിന്നാണ് ഭവനങ്ങൾ സമാധാനത്തിന്റെ ഗേഹമാകുവാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിൻ്റെ ഉത്തരം ആരംഭിക്കുന്നത്. വീടിനുള്ളിൽ സദാ ദൈവസ്മരണ നിലനിർത്തുക എന്നതാണ് മൊത്തത്തിൽ ചെയ്യേണ്ടത്. സൃഷ്ടാവ് നൽകുന്ന ഏത് അനുഗ്രഹത്തിനും നന്ദി ചെയ്യേണ്ടത് അവനെ സ്മരിച്ചുകൊണ്ടാണ്. വീട്ടിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും എല്ലാം അല്ലാഹുവിൻ്റെ നാമം സ്മരിച്ചും ഉരുവിട്ടും മാത്രമായിരിക്കുക, വീട്ടിലുള്ളിലെ എല്ലാവരേയും സലാം പറഞ്ഞു കൊണ്ടു മാത്രം അഭിമുഖീകരിക്കുക, എല്ലാ അംഗങ്ങളോടും സദാ പ്രസന്നതയും സന്തോഷവും കാത്തുസൂക്ഷിക്കുക, നിസ്കാരങ്ങൾ പ്രത്യേകിച്ചും സുന്നത്ത് നിസ്കാരങ്ങൾ വീടുകളിൽ വച്ചായിരിക്കുക, വീട്ടിലെ ഓരോ അംഗങ്ങളുടെയും ദിവസങ്ങൾ തുടങ്ങുന്നത് വിശുദ്ധ ഖുർആൻ പാരായണം കൊണ്ടായിരിക്കുക തുടങ്ങിയ മര്യാദകൾ പുലർത്തുമ്പോൾ വീടകത്ത് ദൈവസ്മരണ നിറയും. അബൂമൂസ(റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസിൽ നബി (സ്വ) പറഞ്ഞു: 'അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുള്ള വീട് ജീവനുള്ള വീടും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയില്ലാത്ത വീടും നിർജീവമായ വീടുമാണ്'. (മുസ്‌ലിം)



അംഗങ്ങൾ തമ്മിലുള്ള സ്നേഹമാണ് വീടിനെ ശാന്തിയുടെ പ്രതീക്ഷാലയമാക്കുന്ന മറ്റൊരു ഘടകം. മനുഷ്യകുലത്തിലെ ഏത് ഘടകത്തെയും മറ്റൊരു ഘടകവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ ഒരു മധ്യമമാണ് സ്നേഹം. ഒരു വീടിനുള്ളിലെ കാര്യമാകുമ്പോൾ അത് തുടങ്ങേണ്ടതും വീഴ്ചവരാതെ കാത്തുസൂക്ഷിക്കേണ്ടതും ഭാര്യയും ഭർത്താവും തന്നെയാണ്. വീട്ടിലെ മുതിർന്ന അംഗങ്ങളായ അവർ തങ്ങളുടെ ആശ്രിതർ കൂടിയായ മറ്റു അംഗങ്ങളുടെ അധ്യാപകരും മാതൃകകളും കൂടിയാണ്. അതിനാൽ അവർ തമ്മിലുള്ള ബന്ധം സ്നേഹോഷ്മളമായിരിക്കേണ്ടതുണ്ട്. അതിന് എക്കാലത്തെയും മികച്ച ഉദാഹരണമായിരുന്നു നബി(സ്വ)യുടെ ജീവിതം. സന്തോഷിച്ചും സന്തോഷിപ്പിച്ചും ആനന്ദിച്ചും ആസ്വദിച്ചും ആനന്ദകരമായ ഒരു കുടുംബ ജീവിതമാണ് നബി(സ്വ) പുലർത്തിയത്. പ്രവാചകനും പത്നിമാരും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധം ഹദീസുകില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അവര്‍ പരസ്പരം തമാശ പറഞ്ഞതും പന്തയംവെച്ചും അഭിപ്രായങ്ങൾ പങ്കിട്ടുമെല്ലാം നിറഞ്ഞ സന്തോഷത്തോടെ ജീവിച്ചു. ആ സന്തോഷം കൊണ്ടായിരുന്നു തിരുകുടുംബം ദാരിദ്രം, ഭീഷണി, കുടുംബ മുറുമുറുപ്പുകൾ തുടങ്ങിയവകളെയെല്ലാം മറികടന്നത്. അതേ പ്രകൃതം തന്റെ സമുദായത്തിലെ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കണമെന്ന് നബി തിരുമേനി(സ്വ) ആഗ്രഹിച്ചു. അതിനുവേണ്ട ഉപദേശ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. 'ഭാര്യമാരോട് ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍' എന്നാണ് നബി പറഞ്ഞത് (തിര്‍മുദി). കൂട്ടത്തിൽ സ്ത്രീ എന്ന പ്രത്യേകത വെച്ച് കൂടുതൽ പരിഗണന അർഹിക്കുന്നതിനാൽ സ്ത്രീ പങ്കാളിയെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന് നബിക്ക് ശാഠ്യം ഉണ്ടായിരുന്നു. 'നിങ്ങളിലാരെങ്കിലും തന്റെ പത്നിയുമായി രതിയില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പക്ഷികളെപ്പോലെയാവരുത്, സാവകാശവും ക്ഷമ യുംകാണിക്കുക' എന്ന അർത്ഥത്തിൽ ഒരു ഹദീസ് കാണാം കിടപ്പറയിൽ പോലും അവൾ അസംതൃപ്തയായിരിക്കരുത് എന്നാണ് നബിയുടെ താല്പര്യം. ഭര്‍ത്താവ് ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണം പുണ്യകരമായ ദാനമാണെന്ന ഹദീസിന്റെ ധ്വനിയിലും ഭര്‍ത്താവ് തന്നില്‍ സംതൃപ്തനായിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുന്ന ഏതു സ്ത്രീയും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് എന്ന ഹദീസിൻറെ മൂല്യവും എല്ലാം വീടിനെ സ്നേഹക്കൂടാക്കി മാറ്റാനുള്ള നബിയുടെ നിർദ്ദേശങ്ങളാണ്.



നല്ല ഭാര്യാഭര്‍ത്താക്കന്മാര്‍, നല്ല സന്താനങ്ങള്‍, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കള്‍, മാ താപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കള്‍, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങള്‍, സഹ ഉദരരെ പോലെ കരുതുന്ന അയൽവാസികൾ... ഇത്തരം ഒരു ശ്രേണിയിൽ ജീവിക്കുമ്പോൾ ജീവിതം തന്നെ സ്നേഹക്കൂടായി മാറും.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso