Thoughts & Arts
Image

ആത്മവിശ്വാസമേകുന്ന നാല് ഉറപ്പുകൾ

2025-02-14

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







സുലൈമാൻ നബി ഒരു ഉറുമ്പുമായി സംസാരിക്കുന്ന ഒരു രംഗം ആത്മീയ ചരിത്ര കോശങ്ങളിൽ ഇടം പിടിച്ചത് കാണാം. നിനക്ക് ഒരു വർഷത്തേക്ക് ഇനി ഞാനാണ് അന്നം തരുന്നത്, അതിനാൽ ഒരു വർഷത്തേക്ക് നിനക്ക് എത്ര ധാന്യമാണ് വേണ്ടത് എന്നായിരുന്നു ഭൂലോക അധിപതിയുടെ ചോദ്യം. ഉറുമ്പ് കണക്ക് പറഞ്ഞു. പറഞ്ഞതനുസരിച്ച് സുലൈമാൻ നബി ധാന്യം നൽകുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ് പരിശോധിച്ചപ്പോൾ കൊടുത്തതിന്റെ പകുതി ഉറുമ്പിന്റെ കയ്യിൽ മിച്ചമാണ് എന്ന് കണ്ടു സുലൈമാൻ നബി. അതെന്തു കൊണ്ടാണ് അങ്ങനെ വന്നത് എന്നായി അദ്ദേഹം. അല്ലാഹുവാണ് അന്നം തരുന്നത് എങ്കിൽ കണക്കിന്റെ കാര്യത്തിൽ ഒരു ആശങ്കയും ഒരു ഉദ്വേഗവും കാണിക്കേണ്ടതില്ല. അതേസമയം അത് താങ്കളാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് വേണ്ടത് വേണ്ട സമയത്ത് വേണ്ട അളവിൽ അന്നം കിട്ടാതെ വരുമോ എന്ന ഉൾഭയം സ്വാഭാവികമായും ഉണ്ടായി. അതുകൊണ്ട് ഞാൻ അധികം ചോദിച്ചതായിരുന്നു എന്ന് ഉറുമ്പ് ന്യായീകരിച്ചു. അല്ലാഹു തരും, തരാതിരിക്കില്ല എന്ന ഉള്ളുറപ്പും വിശ്വാസവും വിശ്വാസിക്ക് കൈമോശം വരരുത് എന്ന് പറയാൻ വേണ്ടിയാണ് ഈ കഥ പ്രചരിപ്പിച്ചുവരുന്നത്. സംഗതി ഒരു കഥ മാത്രമാണെങ്കിലും വിശ്വാസികൾക്ക് അതിലൊരു സന്ദേശമുണ്ട്. സൃഷ്ടാവിൽ അടിയുറച്ച് വിശ്വസിക്കുകയും അവൻ്റെ വാഗ്ദാനങ്ങളിൽ പ്രതീക്ഷ പുലർത്തുകയും ചെയ്യുമ്പോൾ വിശ്വാസികളുടെ അന്തരംഗം സ്വസ്ഥമാകും. ഭയം, ഭീതി, ആശങ്ക, ഉദ്വേഗം തുടങ്ങിയവയൊന്നും അവന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയില്ല. വിശ്വാസിക്ക് ഈ ആത്മവിശ്വാസം വലിയ കൈമുതലാണ്. എല്ലാം താൻ തന്നെ തനിക്കുവേണ്ടി കണ്ടെത്തുന്നതും ഉണ്ടാകുന്നതും നേടുന്നതുമാണ് എന്ന അഹങ്കാരം മനസ്സിൽ വന്നു കഴിഞ്ഞാൽ പിന്നെ അവൻ്റെ സ്വസ്ഥത നഷ്ടപ്പെടുകയായി. വേണ്ടതൊക്കെ വേണ്ടതിലധികം അളവിൽ കണ്ടെത്താനും നേടിയെടുക്കാനും ഉള്ള ത്വരയായി. പിന്നെ ജീവിതം തന്നെ ഒരു നെട്ടോട്ടമാണ്. അതിൽ കുറെയൊക്കെ കിട്ടും. പക്ഷേ അതിൽ അധികം കുറേ കിട്ടാതെ പോകും. മാത്രമല്ല, കിട്ടിയതിന് വലിയ വില നൽകേണ്ടിവരികയും ചെയ്യും.



ഇത്തരം കഥകൾ മാത്രമല്ല നമ്മുടെ ജീവിതരേഖ തന്നെ അത് പറയുന്നുണ്ട്. പണ്ട് നാം ഇത്രയൊന്നും പരിഷ്കരിച്ചിട്ടും പുരോഗമിച്ചിട്ടും ഇല്ലായിരുന്നു. വളരെ ചെറിയ വീടുകൾ. അതിനുള്ളിൽ പരിമിതമായ സൗകര്യങ്ങൾ. ഉണ്ടെന്ന് പറയാൻ മാത്രം കഴിയുന്ന സംവിധാനങ്ങൾ. അവ ഓരോന്നുമാവട്ടെ അപരിഷ്കൃതങ്ങളും. വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, ജീവിത സംവിധാനങ്ങൾ എന്നിവയൊന്നും ഒട്ടും വികസിച്ചിട്ടും പുരോഗതി പ്രാപിച്ചിട്ടും ഇല്ലായിരുന്നു. പക്ഷെ, ഉള്ളതിൽ സംതൃപ്തിയും ആനന്ദവും സന്തോഷവും കണ്ടെത്തുന്ന ഒരു നിഷ്കളങ്കമായ ജീവിതമായിരുന്നു അന്നെല്ലാം നമ്മുടേത്. അപ്പോൾ നാം സ്വസ്ഥരായിരുന്നു. നമ്മുടെ കാര്യങ്ങളൊക്കെ നമ്മുടെ മുകളിൽ മറ്റൊരാളുടെ നിയന്ത്രണത്തിലാണ് എന്ന ഉത്തമ ബോധ്യം ഉള്ള മട്ടും മാതിരിയുമായിരുന്നു ജീവിതവിവഹാരങ്ങളിൽ മുഴുവനും. പിന്നെ നാം വികസിച്ചു. കുറേ സൗഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേർന്നു. പ്രപഞ്ചത്തിന് ഒരു പ്രത്യേക ഒഴുക്കുണ്ട്, അത് ഇങ്ങനെയാണ്, എന്ന് മനസ്സിലാവാതെ എല്ലാമെല്ലാം നാം വെട്ടിപ്പിടിച്ച് ഉണ്ടാക്കിയതാണ്, ഉണ്ടാക്കുന്നതാണ് എന്ന അഹങ്കാരം ഒപ്പം വന്നുകയറി. അതോടെ ഉണ്ടായിരുന്ന സമാധാനം, സ്വാസ്ഥ്യം എന്നിവയല്ലാം നഷ്ടപ്പെട്ടു. അവിടെയെല്ലാം വെല്ലുവിളികളും രോഗങ്ങളും മാന്ദ്യങ്ങളും മഹാമാരികളും കയറി വിലസി. അതോടെ പൊതു മനുഷ്യന്റെ ശ്രദ്ധ രണ്ടിടങ്ങളിലേക്ക് ഒരേ സമയം തിരിയണ്ടി വന്നു. ഒന്ന്, തൻ്റെ ആർത്തി യാഥാർത്ഥ്യവൽക്കരിക്കാനുള്ള നെട്ടോട്ടങ്ങളിലേക്ക്. രണ്ട്, വെല്ലുവിളികളെ മറികടക്കാൻ ചെയ്യേണ്ട പരിഹാരങ്ങളിലേക്ക്. അവിടെ രണ്ടിടത്തേക്കായി മനസ്സ് ചിതറുകയായിരുന്നു. അതോടെ പ്രശ്നങ്ങൾ മനുഷ്യൻ്റെ ജീവിതത്തിൽ കുടികെട്ടി. യഥാർത്ഥ കാരണം തിരിച്ചറിയാതെ മനുഷ്യൻ ഇപ്പോഴും പലതും ചെയ്തുകൊണ്ടേയിരിക്കുകയാണ്. അവൻ അനുഭവിക്കുന്ന നിരാശയും ഉത്കണ്ഠയും ചെറുതല്ല. ഇതിൽനിന്ന് ഒരു മോചനം സത്യത്തിൽ വിശ്വസിക്കു മാത്രമേ ഉള്ളൂ. കാരണം, വിശ്വാസം എന്നത് ഏതാനും കർമ്മങ്ങളും അഭിനയവുമല്ല. അത് മനുഷ്യനെ ശരിക്കും നയിക്കുന്ന ശക്തിയാണ്.



വിശ്വാസിയുടെ ഉള്ളകം ശാന്തമാകുന്നത് സൃഷ്ടാവായ അല്ലാഹു നൽകുന്ന ഉറപ്പുകളുടെ സഹായത്തിലാണ്. ഇത്തരത്തിലുള്ള നാല് ഉറപ്പുകൾ വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നൽകുന്നത് കാണാം. ഒന്നാമത്തേത്, 'നിങ്ങൾ നന്ദി കാണിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് നാം അനുഗ്രഹങ്ങൾ വീണ്ടും വീണ്ടും തന്നുകൊണ്ടിരിക്കും' എന്ന ഉറപ്പാണ് (ഇബ്റാഹിം: 7). മനുഷ്യന് കിട്ടിയിട്ടുള്ളത് എല്ലാം സൃഷ്ടാവിൽ നിന്ന് ഔദാര്യമായി കിട്ടിയതാണ്. ഒരു ചെറിയ കാര്യം പോലും അവന് സ്വയം ഉണ്ടാക്കാൻ കഴിയില്ല. അവൻ്റെ പ്രവർത്തനങ്ങളുടെയൊക്കെ അർത്ഥം പരമമായി സൃഷ്ടാവ് സൃഷ്ടിച്ചുവെച്ച കാര്യങ്ങളെ അങ്ങോട്ടുമിങ്ങോട്ടും വെക്കുക എന്നത് മാത്രമാണ്. കയ്യുകൊണ്ടും കാലുകൊണ്ടും അഭ്യാസം കാണിക്കുന്ന ഒരു അഭ്യാസിക്ക് അതിന് കഴിയുന്നത് പരിശീലനം വഴി കീഴ്പ്പെടുത്തി ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലുള്ള അവയവങ്ങൾ കിട്ടിയത് കൊണ്ടാണ്. ആ അവയവങ്ങളാകട്ടെ, അഭ്യാസി സ്വയം ഉണ്ടാക്കി എടുത്തതല്ല. ഇങ്ങനെ മനുഷ്യൻറെ ജീവിതത്തിൻറെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശേഷികളും സൃഷ്ടാവിൽ നിന്ന് ലഭിച്ചതാണ് എന്ന തിരിച്ചറിവാണ് ഈ നന്ദിയുടെ പ്രചോദനം. അങ്ങനെ തിരിച്ചറിഞ്ഞു കൊണ്ട് അല്ലാഹുവോട് നന്ദി കാണിക്കുമ്പോഴാണ് അല്ലാഹു അവന്റെ കാര്യത്തിൽ സംപ്രീതനാവുകയും വീണ്ടും വീണ്ടും അവനെ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. അൽഹംദുലില്ലാ എന്ന ആത്മാർത്ഥമായ പ്രാർത്ഥന ഈ നന്ദിയുടെ ഒരു പ്രകടനമാണ്. ഇങ്ങനെ ഒരു പ്രാർത്ഥന ഏതു കാര്യങ്ങൾ ശ്രദ്ധിക്കുമ്പോഴും ചെയ്യുവാൻ ഇസ്ലാം പഠിപ്പിക്കുന്നത് അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞു നന്ദി ചെയ്യുന്നവനാകുവാൻ അവനെ ശീലിപ്പിക്കുവാനാണ്. വാക്കുകൾ, പ്രവർത്തികൾ, സമീപനങ്ങൾ, സ്വഭാവങ്ങൾ തുടങ്ങിയവയിലൂടെ എല്ലാം ഈ നന്ദി പ്രകാശിപ്പിക്കാൻ കഴിയുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.



രണ്ടാമത്തെ ഉറപ്പ്, 'നിങ്ങൾ എന്നെ ഓർക്കുന്നുവെങ്കിൽ ഞാൻ നിങ്ങളെയും ഓർക്കും' എന്നതാണ് (അൽ ബഖറ: 152). നേരത്തെ പറഞ്ഞ അതേ ബോധ്യത്തിൻ്റെ മറ്റൊരു രീതിയാണ് ഇത്. ജീവിതത്തിലെ ഏത് നേട്ടങ്ങളുടെയും സമ്പാദ്യങ്ങളുടെയും ഐശ്വര്യങ്ങളുടെയും മുമ്പിലും അല്ലാഹു എന്ന വിചാരം കൈവിടാതിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതെല്ലാം അവൻ്റെ ഔദാര്യമാണ് എന്ന് തിരിച്ചറിയുമ്പോൾ അവനെക്കുറിച്ചുള്ള വിനയാന്വിതമായ സ്മരണ മനസ്സിൽ അങ്കുരിക്കുകയും നിറയുകയും ചെയ്യുന്നു. അപ്പോൾ അവൻ തന്റെ ദാസന്റെ ഏതു വിഷമ സന്ധിയിലും അവനെ ഓർക്കുകയും അതിൽ നിന്ന് അവനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അപ്രകാരം തന്നെ അവൻ്റെ സന്തോഷ മുഹൂർത്തങ്ങളെയെല്ലാം അവൻ മംഗളമാക്കി കൊടുക്കുകയും ചെയ്യുന്നു. ഇത്രയും വിശാലമായ ഒരു അർത്ഥതലം ഉൾക്കൊള്ളുന്നത് കൊണ്ടാണ് ദിക്റ് എന്നതിന് ഇസ്ലാമിൽ ഇത്രമേൽ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്നത്. 'ദൈവ സ്മരണ കൊണ്ട് ഹൃദയങ്ങൾ ശാന്തമാകും' എന്ന് വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട് (റഅദ്: 28). 'നിങ്ങളുടെ കർമ്മങ്ങളിൽ ഏറ്റവും വിശുദ്ധവും ഉന്നതവും ദൈവ സാമീപ്യത്തിന് ഉപയുക്തവുമായത് ദൈവസ്മരണയാണ്' എന്ന് നബി തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ഉറപ്പ്, 'എന്നോട് നിങ്ങൾ ചോദിക്കുക ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും' എന്നതാണ് (ഗാഫിർ: 60). ഈ ഉറപ്പിന്റെയും അടിസ്ഥാനം മേൽപ്പറഞ്ഞ ബോധ്യം തന്നെയാണ്. അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും എന്ന ശക്തമായ ബോധ്യം ഉണ്ടാകുമ്പോൾ ആണ് മനുഷ്യൻ തന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും അവൻ്റെ മുൻപിൽ കൈ നീട്ടാൻ തയ്യാറാകുന്നത്. അവനാണ് എല്ലാം നൽകുന്നത്, അവൻ നൽകിയാലേ കിട്ടൂ എന്നതെല്ലാം വസ്തുത തന്നെയാണ്. പക്ഷേ അവൻ എന്തു തരുന്നതും രണ്ട് നിലക്കാണ്. ഒന്ന് തൻ്റെ സൃഷ്ടിക്ക് നൽകുന്നത് എന്ന നിലക്ക്. അത് എല്ലാവർക്കും നൽകുന്നു. എല്ലാവർക്കും ലഭിക്കുന്നു. ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും കഴിക്കാനുള്ള അന്നവും എല്ലാം ഈ ഗണത്തിൽ പെടുന്നതാണ്. അതിനു മുമ്പിൽ അവരുടെ ആരാധനയോ വിശ്വാസമോ ഒന്നും മാനദണ്ഡമാകുന്നില്ല. രണ്ടാമത്തേത് തന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള തൻ്റെ അടിമയ്ക്ക് നൽകുന്നത് എന്ന നിലക്ക്. അതിൽ കൂടുതൽ കനിവും കരുണയും കരുതലും എല്ലാം ഉണ്ടായിരിക്കും. ആ രൂപത്തിൽ ലഭിക്കുന്നതിനും നൽകുന്നതിനുമെല്ലാം നല്ല ഐശ്വര്യം ഉണ്ടായിരിക്കും. ഇങ്ങനെ വന്നുചേരുന്ന കാര്യങ്ങൾക്കെല്ലാം നിലനിൽപ്പ് ഉണ്ടായിരിക്കും. ഇതാണ് വിശ്വാസത്തോടും വിധേയത്വത്തോടും കൂടിയുള്ള പ്രാർത്ഥനയുടെ പ്രത്യേകതയും പരിഗണനയും. ഈ അർത്ഥത്തിൽ പ്രാർത്ഥനയെ സമീപിക്കാൻ കഴിയാത്തവൻ സൃഷ്ടാവിൽ സമ്പൂർണ്ണമായ വിശ്വാസം ഇല്ലാത്തവനും അതുകൊണ്ടുതന്നെ അഹങ്കാരിയും ആയിരിക്കും.



നാലാമത്തേത്, 'നിങ്ങൾ അല്ലാഹുവിനെ സഹായിച്ചാൽ അല്ലാഹു നിങ്ങളെയും സഹായിക്കും' എന്ന ഉറപ്പാണ് (മുഹമ്മദ്: 7). അല്ലാഹുവിനെ സഹായിക്കുക എന്ന ആശയത്തിന് വ്യാപ്തമായ തലമുണ്ട്. ഒരു അടിമ എന്ന നിലക്ക് തന്നിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന എല്ലാ കഴിവുകളെയും അല്ലാഹുവിൻ്റെ താല്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്. ഇതിന് മനുഷ്യനെ പ്രാപ്തനാക്കുക താൻ അല്ലാഹുവിൻ്റെ ഖലീഫ ആണ് എന്ന തിരിച്ചറിവാണ്. അല്ലാഹുവിൻ്റെ ഖലീഫ അഥവാ പ്രതിനിധി ആവുക എന്നാൽ അവനിലേക്ക് മനുഷ്യനെ തിരിച്ചുവിടുന്ന ആശയങ്ങളുടെ നിലനിൽപ്പിന് സഹായകമായി വർത്തിക്കുക എന്നതാണ്. അല്ലാഹുവിന്റെ താൽപര്യങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി മാത്രം ജീവിക്കുക, അങ്ങനെ ജീവിക്കാൻ ഉപദേശിക്കുക, അങ്ങനെ ജീവിക്കാൻ പഠിപ്പിക്കുക, ജീവിതത്തിലെ ഓരോ രംഗത്തിലും ആ താല്പര്യവും നിയമവും പരിഗണിക്കുക, അത്തരം ഒരു അവബോധം ശാസ്ത്രീയമായി മറ്റുള്ളവരിൽ ചെലുത്താൻ കഴിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയതെല്ലാം ഇതിൻ്റെ വിശദാംശങ്ങളിൽ കടന്നുവരുന്ന കാര്യങ്ങളാണ്. ലോകത്ത് മതപ്രബോധന പ്രവർത്തനങ്ങളുടെ എല്ലാം വിജയം ഇതിനുദാഹരണമാണ്. കൃത്യമായ ഫണ്ടോ ഭരണകൂടത്തിന്റെ പിൻബലമോ ഒന്നും ഇല്ലാതിരുന്നിട്ടും പ്രബോധന പ്രവർത്തനങ്ങൾ ഇതെല്ലാം ഉള്ള സംവിധാനങ്ങളേക്കാൾ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നത് നമ്മുടെ നാട്ടിലെ തന്നെ അനുഭവമാണ്. ചരിത്രകാലം മുതൽ ഇസ്ലാമിക ജീവിത വഴിയും സംസ്കാരവും സ്ഥാപനങ്ങളും എല്ലാ തരം വൈതരണികളെയും മറികടന്നത് മറ്റൊരു ഉദാഹരണമാണ്. ഒരു തലമുറ മുഴുവനും പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപ്പിക്കാൻ ശ്രമിച്ചിട്ടും അവയെയെല്ലാം മറികടന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് ഐതിഹാസികമായ വിജയങ്ങൾ സ്വന്തമാക്കിയ നബി തിരുമേനി(സ്വ)യുടെ പ്രബോധനം ആർക്കും അവഗണിക്കാനാവാത്തതാണ്. അല്ലാഹുവിൻ്റെ ആശയ പ്രചരണത്തിനു വേണ്ട സഹായം എന്ന ഒരൊറ്റ ചിന്തയും ഉദ്ദേശവും മാത്രമായിരുന്നു നബി തിരുമേനിക്കും സച്ചരിതരായ അനുയായികൾക്കും ഉണ്ടായിരുന്നത് എന്നതു മാത്രമാണ് ഐതിഹാസികമായ ആ വിജയത്തിൻ്റെ ഏക ന്യായം.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso