

അനുഗ്രഹമായി ഋതുക്കളും പഞ്ചഭൂതങ്ങളും
2025-03-21
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
മനുഷ്യൻ്റെ ജൈവികമായ സവിശേഷതയാണ് നിരന്തരമായ ചലനവും മാറ്റവും. കുറേ സമയം ഒരേപോലെ ഒരേ സ്ഥലത്ത് ഇരിക്കുവാനോ നിൽക്കുവാനോ അവനു കഴിയില്ല. കുറച്ചു കഴിഞ്ഞാൽ ചെറുതായെങ്കിലും ഇളകുവാനോ എഴുന്നേൽക്കുവാനോ നടക്കുവാനോ അവൻ ശ്രമിക്കും. അവനെ വലയം ചെയ്ത് നിൽക്കുന്ന അന്തരീക്ഷത്തോടുള്ള ബന്ധവും അങ്ങനെ തന്നെയാണ്. കുറച്ചുനേരം തണുപ്പിൽ ഇരിക്കുമ്പോൾ ഒന്ന് ചൂടാവണം എന്നവന് തോന്നും. ചൂടിൽ ഇരിക്കുമ്പോൾ ഒരല്പം തണുക്കണമെന്നും. വെറുമൊരു ശീലം, സ്വഭാവം എന്നൊന്നും വിളിക്കാവുന്ന കാര്യമല്ല ഇതൊന്നും. ഒരേ ഇരുപ്പിൽ ഇരിക്കുകയോ ഒരേ അവസ്ഥയിൽ നീണ്ടകാലം തുടരുകയോ ചെയ്താൽ അവൻ്റെ ശരീരത്തിന് രോഗം വരുന്നത് അതുകൊണ്ടാണ്. വെറും തണുപ്പിൽ ഇരിക്കുന്നവരെ വാതരോഗം പെട്ടെന്ന് പിടികൂടും. വെറും ചൂടിൽ ഇരിക്കുന്നവർക്ക് കിഡ്നി രോഗം മുതലായവ ഉണ്ടായി ആരോഗ്യക്ഷയം സംഭവിക്കുന്നു. ഈ ചൂടും തണുപ്പും അന്തരീക്ഷവുമെല്ലാം മനുഷ്യൻ്റെ സ്വഭാവത്തെയും മനോനിലയെയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ചൂടും തണുപ്പുമെല്ലാം വെറും ബാഹ്യമായ തൊലിപ്പുറത്തെ വിഷയങ്ങളും പ്രശ്നങ്ങളും അല്ല. മറിച്ച്, അവക്കെല്ലാം മനസ്സുമായും ബുദ്ധിയുമായുമെല്ലാം മുറിച്ചുമാറ്റാൻ ആവാത്ത ബന്ധമുണ്ട്. മനുഷ്യൻ്റെ സ്വഭാവം, പ്രകൃതം തുടങ്ങിയവയിൽ അവൻ ജീവിക്കുന്ന കാലാവസ്ഥയുടെ സ്വാധീനമുണ്ട് എന്നാണ്. വരണ്ട മരുഭൂമികളിൽ താമസിക്കുന്ന ജനങ്ങൾ പൊതുവേ പരുക്കൻ സ്വാഭാവികളായിരിക്കും. തിങ്ങിയ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ സ്വാർത്ഥരായിരിക്കും. മിത ശീതോഷ്ണ മേഖലകളിലൊന്നിൽ, തെല്ല് വിശാലമായ, നന്നായി കാറ്റും വെളിച്ചവും എല്ലാം ലഭിക്കുന്ന ഒരിടത്ത് താമസിക്കുന്നവർ അൽപ്പം മാനസിക വിശാലത ഉള്ളവരായിരിക്കും. അപവാദങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവേ കാണപ്പെടുന്ന പ്രകൃതങ്ങളാണ് ഇവയെല്ലാം.
മനുഷ്യനിലെ ഈ സ്ഥലകാല മാറ്റം ഉണ്ടാകുന്നത് വിവിധ കാലാവസ്ഥകളെ പ്രദാനം ചെയ്യുന്ന ഋതുക്കളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ശാസ്ത്രം. ഇതിനുവേണ്ടി അല്ലാഹു ചെയ്തുവെച്ചിരിക്കുന്ന കാര്യം കാണുമ്പോൾ ആ അത്ഭുതപ്പെടും. തൻ്റെ പ്രതിനിധിയായ മനുഷ്യൻ്റെ ശാരീരികവും മാനസികവുമായ സൗഖ്യത്തിനും സംതൃപ്തിക്കും വേണ്ടിയെന്നോണം അല്ലാഹു അവനുവേണ്ടി ഒരുക്കിയ ഭൂമിയെ ഒരല്പം ചെരിച്ചു വച്ചിരിക്കുന്നു എന്നതാണ് ആ വലിയ അത്ഭുതം. ഇത്തരം ഒരു ചരിവ് പ്രപഞ്ചത്തിൽ ഭൂമിയല്ലാത്ത മറ്റു ഒരു ഗ്രഹത്തിനും ഇല്ല എന്നാണ്. മറ്റു ഗ്രഹങ്ങളിലൊന്നും ഒന്നും മനുഷ്യ സ്ഥിരവാസവും ഇല്ല. അപ്പോൾ അതിൽനിന്ന് ഭൂമിക്കു മാത്രം ഇങ്ങനെ ഒരു ചരിവ് വെച്ചപ്പോൾ മനുഷ്യ ജീവിതവുമായി അതിനെന്തോ ബന്ധമുണ്ട് എന്ന് മനസ്സിലാക്കാം. മറ്റൊരു ഗ്രഹത്തിനും ഇല്ലാത്ത വിധം ഈ ചെരിവ് ഭൂമിക്കു മാത്രം എങ്ങനെ കൈവന്നു എന്നതിൻ്റെ ഉത്തരം കണ്ടെത്തുവാൻ ഈ ചരിവ് കാരണത്താൽ മനുഷ്യന് ഉണ്ടാകുന്ന ഗുണങ്ങളും നേട്ടങ്ങളും വിലയിരുത്തിയാൽ മതി. പ്രപഞ്ചത്തിന് വ്യത്യസ്ത ഋതുക്കൾ, കാലാവസ്ഥകൾ തുടങ്ങിയവ അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ് എന്നത് വളരെ പ്രാഥമികമായ ശാസ്ത്രീയ അറിവിൽ പെട്ടതാണ്. ഈ വസ്തുത ഒന്നുകൂടി അടുത്ത് നിന്നു കാണുവാനും ഗ്രഹിക്കുവാനും മൂന്നു കാര്യങ്ങൾ നാം കാണേണ്ടതുണ്ട്. ഒന്ന്, മനുഷ്യൻ ജീവിക്കുന്ന ഭൂമി നിരന്തരമായി കറങ്ങിക്കൊണ്ടേയിരിക്കുകയും അതോടൊപ്പം കറങ്ങിക്കൊണ്ടു തന്നെ അത് സൂര്യനെ വലം വെക്കുകയും ചെയ്യുന്നു. രണ്ട്, അത് ഈ രണ്ടു കറക്കങ്ങൾക്ക് വിധേയമായി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ സൂര്യനിൽ നിന്നുള്ള അനുഭവം വ്യത്യസ്തമായ നാലായി വിഭജിക്കപ്പെടുന്നു. ഈ വിഭജനത്തെയാണ് ഋതുക്കൾ എന്ന് വ്യവഹരിക്കപ്പെടുന്നത്. മൂന്ന്, ഇത് മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കാൻ നാം ആ പ്രക്രിയയെ ചെറുതായെങ്കിലും ശാസ്ത്രീയമായി ഗ്രഹിക്കേണ്ടതുണ്ട്. ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു. ഭൂമിയില്‍ പകലും രാത്രിയും അനുഭവപ്പെടുന്നത് ഈ ഭ്രമണം മൂലമാണ്. ഭ്രമണ ഫലമായി രാത്രിയും പകലും, ഉദയവും അസ്തമയവും അനുഭവപ്പെടുന്നു. ഭൂമിക്കു ഒരു ഭ്രമണം പൂർത്തിയാക്കുവാൻ 23 മണിക്കൂറും 56 മിനിറ്റും 4 സെക്കന്റും സമയം വേണം. അഥവാ ഏകദേശം ഒരു ദിവസം. ഭൂമി ഇങ്ങനെ സാങ്കല്‍പിക അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം കറങ്ങിക്കൊണ്ടു തന്നെ സൂര്യനെ വലം വെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് പരിക്രമണം എന്നു പറയുന്നത്. ഈ പരിക്രമണ ഭ്രമണം ഫലമായിട്ടാണ് ഋതുക്കളും കാലാവസ്ഥ വ്യതിയാനങ്ങളും അനുഭവപ്പെടുന്നത്. ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് 365 ദിവസവും 6 മണിക്കൂറും 9 മിനിറ്റും 9 സെക്കന്റും സമയം വേണം. അതായത് ഏകദേശം ഒരു വർഷം സമയം. ശാസ്ത്രത്തിൻ്റെ വിശദീകരണമനുസരിച്ച് ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ് ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ് പതിക്കുന്നത്. ഇതാണ് മാറ്റത്തിന്റെ ചിത്രം. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടാവട്ടെ എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടി നിൽക്കുകയായിരിക്കും. ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ് വരിക. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് അതുണ്ടാവുക. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില ഉണ്ടാവുക. ഇതിനെ തുടർന്ന് വസന്തം (Spring), ഗ്രീഷ്മം (Summer), ശരദ് (Autumn),
ശിശിരം (Winter) എന്നിങ്ങനെ പ്രധാന നാലു കാല അനുഭവങ്ങൾ ഉണ്ടാകുന്നു.
ഇവിടെ ഏറ്റവും ചിന്തനീയമായിട്ടുള്ളത് ഭൂമിക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഒരു ചെരിവ് ഉള്ളത് എന്നതാണ്. ബുധന്റെ അക്ഷം പരിക്രമണ അക്ഷത്തിന് സമാന്തരമാണ്. അതായത് ചരിവേ ഇല്ല. ശുക്രന്റെ ചരിവ് -2 ഡിഗ്രിയാണ്. വ്യാഴത്തിന്റേത് 3 ഡിഗ്രിയാണ്. അതിനാൽ അവിടെയൊന്നും ഋതുക്കൾ അനുഭവപ്പെടുകയേ ഇല്ല. എല്ലാ ദിവസവും ഒരുപോലെയായിരിക്കും. ചൂടും തണുപ്പും മഞ്ഞും കുളിരും എല്ലാം ഒരേ അവനുഭവം ആയിരിക്കും അവിടങ്ങളിൽ ഉണ്ടാവുക. ഗൃഹത്തിന്റെ കറക്കം ചുറ്റെത്തി ഒരു വർഷം പൂർത്തിയായോ എന്നറിയാൻ പോലും അവിടങ്ങളിൽ കഴിയില്ല. അതിന് നക്ഷത്രങ്ങളെയോ മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളെയോ നോക്കുകല്ലാതെ യാതൊരു വഴിയുമില്ല. ഭൂമിയും അങ്ങനെ ആയിരുന്നെങ്കിലോ? മാറിമാറി വരുന്ന വസന്തവും ഗ്രീഷ്മവും വർഷവും ശരത്തും ഹേമന്തവും ശിശിരവുമില്ല. ഭൂമിയുടെ ഒരു ഭാഗത്ത് എപ്പോഴും മഞ്ഞു വീഴുന്ന അവസ്ഥയായിരിക്കും. അവിടെ അതുകൊണ്ടുതന്നെ ഉൽപാദനകരമായ കൃഷിയോ മറ്റോ നടക്കുകയില്ല. മറ്റൊരു ഭാഗത്ത് എന്നും കടുത്ത വേനൽ തന്നെയായിരിക്കും. സസ്യങ്ങൾക്ക് വളരാൻ പറ്റിയ മിതശീതോഷ്ണ മേഖലയും കൂട്ടത്തിൽ ഉണ്ടാകും. പക്ഷേ, സസ്യങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വസന്തവും ഫലം തരുന്ന ഗ്രീഷ്മവും ഒന്നും വേറെവേറെ കാണില്ല. ഇതെല്ലാം ഒരു തരത്തിലുള്ള മുരടിപ്പും നിശ്ചലതയുമാണ് ഉണ്ടാക്കുക അപ്പോൾ മനുഷ്യൻ്റെ ജീവിതത്തിലും ആ നിശ്ചലതയും മുരടിപ്പും അനുഭവപ്പെടും. ഫലമോ പ്രപഞ്ചത്തിൽ പ്രതിനിധിക്ക് ചെയ്യാനുള്ള ദൗത്യങ്ങൾ വേണ്ടവിധത്തിൽ ചെയ്തുതീർക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അതുണ്ടാവാതിരിക്കുവാൻ സൃഷ്ടാവ് ചെയ്തു വെച്ചിരിക്കുന്ന മറ്റൊരു സൗകര്യമാണ് ഭൂമിയുടെ ചരിവും ഋതുക്കളും. ഋതുക്കൾ ഇല്ലാതെ വന്നാൽ മനുഷ്യൻറെ മാത്രമല്ല പ്രപഞ്ചത്തിന്റെ ഓരോ അണുവിലും ഈ മുരടിപ്പും നിശ്ചലതയും അനുഭവപ്പെടും. അങ്ങനെ വന്നാൽ പിന്നെ ജീവികൾ ഒന്നിനുവേണ്ടിയും മുൻകൂട്ടി ഒരുക്കം നടത്തി ജാഗരൂകരാകില്ല. മഴക്കാലത്തിനു മുമ്പ് ഭക്ഷണം ശേഖരിക്കേണ്ട ത്വര അവയിൽ ഉണ്ടാവില്ല. കൊടും തണുപ്പിനു മുമ്പു ദേശാടനത്തിന് ഇറങ്ങിത്തിരിക്കേണ്ട മുൻകരുതൽ ഉണ്ടാവില്ല. പ്രകൃതിയുടെ മുമ്പിൽ ഒരു വെല്ലുവിളിയും ഉയരില്ല. ഋതുക്കളോട് ബന്ധപ്പെട്ടുള്ള കാർഷികം, സാമൂഹികം, പ്രകൃതിപരം, ശാരീരികം തുടങ്ങിയ അനിവാര്യതകൾക്ക് വേണ്ടി സദാപ്രവർത്തിക്കേണ്ടതോ ആശങ്കപ്പെട്ട് നെട്ടോട്ടമോടേണ്ടതോ ആയ അവസ്ഥയൊന്നും ബുദ്ധിക്കും തലച്ചോറിനും നേരിടേണ്ടി വരില്ല. തലച്ചോറിന്റെ പ്രവർത്തനം മിനിമം മതിയാകും. ഫലമോ, വികാസം വളർച്ച വികസനം വ്യാപനം തുടങ്ങിയവ ഒന്നും ജന്തുലോകത്തിൽ ഉണ്ടാവുകയേ ചെയ്യാത്ത ഒരു സാഹചര്യമായിരിക്കും ഉണ്ടായിത്തീരുക. (പ്രൊഫ.കെ.പാപ്പൂട്ടി / 2023 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം / https://luca.co.in).
ഈ ചെരിവിന്റെയും ഇതിനാൽ ഉണ്ടായിത്തീരുന്ന ഋതുക്കളുടെയും ഏറ്റവും വലിയ പ്രയോജനങ്ങളിൽ ഒന്നാണ് കാലഗണന. കാലം എന്നത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ്. ആ സത്യത്തെ വലം വെച്ചുകൊണ്ടാണ് എല്ലാ ആദർശങ്ങളും സ്ഥാപിക്കപ്പെടുകയും മുന്നോട്ടുപോവുകയും ചെയ്യുക. അതിനാൽ കാലഗണന അസാധ്യമാകുന്ന ഒരു സാഹചര്യം മനുഷ്യന് അചിന്തനീയമാണ്. സൃഷ്ടാവായ അല്ലാഹു അവൻ്റെ മഹാകാരുണ്യം കൊണ്ട് അതിനുള്ള വഴി കൂടി മനുഷ്യനു മുമ്പിൽ ഇവിടെ ഒരുക്കി വെച്ചിരിക്കുകയാണ് ഈ ചെരിവ് വഴി. അല്ലാഹു പറയുന്നു: 'സൂര്യനെ ജ്വലിക്കുന്ന വെളിച്ചവും ചന്ദ്രനെ പ്രഭയുമാക്കിയത് അവനാണ്. വര്‍ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കു ഗ്രഹിക്കാനായി അതിനവന്‍ വിവിധ സഞ്ചാര പഥങ്ങള്‍ അവൻ നിര്‍ണയിച്ചു. ന്യായമായ ആവശ്യാര്‍ത്ഥം മാത്രമേ അല്ലാഹു അവ സൃഷ്ടിച്ചിട്ടുള്ളൂ. വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്കായി അവന്‍ ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നു. രാപ്പകലുകള്‍ മാറി വരുന്നതിലും ഭുവന-വാനങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്' (യൂനുസ്: 5) ഇവിടെ ചന്ദ്രനെ എടുത്തു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ചന്ദ്രൻറെ ചലനം പ്രധാനമായും കാലഗണനയുടെ അടിസ്ഥാനമാണ്. മനുഷ്യജീവിതത്തിനുവേണ്ടിയുള്ള അല്ലാഹുവിന്റെ സംവിധാനം എന്ന നിലക്ക് ഖുര്‍ആന്‍ അവ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'ചന്ദ്രന്‍, അതിനു നാം പല മണ്ഡലങ്ങളും നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട് ഒടുവില്‍ ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ലപോലെ ആയിത്തീരുന്നു'. (യാസീന്‍: 29) മറ്റൊരു സൂക്തത്തിൽ ഇതേ ആശയം അല്ലാഹു ഇങ്ങനെ ആവർത്തിക്കുന്നു: 'പ്രവാചകരേ, ജനം താങ്കളോട് ചന്ദ്രന്റെ വൃദ്ധിക്ഷയത്തെ കുറിച്ച് ചോദിക്കുന്നു. പറയുക - അത് മനുഷ്യര്‍ക്ക് തിയ്യതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജജിന്റെ അടയാളങ്ങളുമാകുന്നു'. (അല്‍ബഖറ: 189) കാലഗണനയെ ഈ ആയത്തിൽ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു.
ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഭൂമിയോട് ഏറെ അടുത്തുകിടക്കുന്നത് ചന്ദ്രനാണ്. 3,82,168 കിലോമീറ്ററാണ് ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. ഭൂമിയുടെ നാലില്‍ ഒന്ന് വ്യാസമാണ് ചന്ദ്രനുള്ളത്; ഭാരമാകട്ടെ എണ്‍പതില്‍ ഒന്നും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ ആറില്‍ ഒന്നു മാത്രമേ ചന്ദ്രനുള്ളൂ. ഭൂമിയില്‍നിന്നും ഏറെ അകലെയല്ലാത്ത അവ രണ്ടിന്റെയും ഗുരുത്വ കേന്ദ്രത്തെ കേന്ദ്രീകരിച്ചാണ് അതിന്റെ സഞ്ചാരം. അതു ഭൂമിക്കും സൂര്യനുമിടയില്‍ വരുമ്പോഴാണ് കറുത്തവാവ് ഉണ്ടാകുന്നത്. ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ എന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. സ്വന്തം അക്ഷത്തിലുള്ള കറക്കവും ഭൂമിക്ക് ചുറ്റുമുള്ള കറക്കവും 29 ദിവസം കൊണ്ടാണ് അതു പൂര്‍ത്തിയാക്കുന്നത്. ഈ കറക്കം കാരണം ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയില്‍ ദൃശ്യമാവുകയുള്ളൂ. സൂര്യനെപ്പോലെയല്ല ചന്ദ്രന്‍ ഭൂമിയിലുള്ളവര്‍ക്ക് ദൃശ്യമാകുന്നത്. അതിന്റെ രൂപം എന്നും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആദ്യം ചന്ദ്രക്കലയായി ഉദയംചെയ്യുന്നു; പിന്നീട് ഓരോ ദിവസവും അതു വലുതായിവരുന്നു. പതിമൂന്ന് ദിവസംകൊണ്ട് അതു പൂര്‍ണചന്ദ്രനായി പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ അതു ചെറുതായിവരുന്നു. അവസാനം ഏതുരൂപത്തിലാണോ പ്രഥമനാളില്‍ ഉദയംചെയ്തത് അതേ രൂപത്തില്‍തന്നെ ആവുകയും ചെയ്യുന്നു. ഇതു ചന്ദ്രന് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാകുന്നു. ആ കൃത്യത തെറ്റുക സാധ്യമല്ല. ചുരുക്കത്തിൽ ചന്ദ്രൻ മുഖേനയാണ് ഭൂമിയിലുള്ളവര്‍ കാലഗണന കണക്കാക്കുന്നത്. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറബികള്‍ ചന്ദ്രനെ മാത്രമായിരുന്നല്ലോ കാലഗണനക്ക് അടിസ്ഥാനമാക്കിയിരുന്നത്. ലൂണാര്‍ കലണ്ടര്‍ പ്രകാരം ഇന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് കാലഗണനക്കാധാരം. ചന്ദ്രന്‍ അതിന്റെ വ്യവസ്ഥ തെറ്റിക്കുന്നതോടെ ഈ ഗണനയും തെറ്റുന്നു. ഇതത്രെ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്: 'സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിനു ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യഥാര്‍ഥ പ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അല്ലാഹു തെളിവുകള്‍ വിശിദീകരിക്കുന്നു'. (സൂറത്തുയൂനുസ്: 5). ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ സ്വയംതന്നെ ചൂടും വെളിച്ചവുമുള്ള ഒരു വിളക്കിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. ചന്ദ്രനാകട്ടെ സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ച് അതു ഭൂമിക്ക് നല്‍കുന്ന ശോഭയുടെ സ്ഥാനത്തും നില്‍ക്കുന്നു. അതാണ് ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത്.
തന്റെ ഖലീഫയായ മനുഷ്യനെ അവൻ്റെ ദൗത്യ ഭൗമികയായ ഭൂമിയുമായും അതിൻ്റെ പ്രകൃതിയുമായും സൃഷ്ടാവ് നന്നായി ഇണക്കിയും വിളക്കിയും ചേർത്തു എന്നത് അല്ലാഹുവിൻ്റെ സൃഷ്ടി മഹാത്മങ്ങളിൽ പെടുന്ന വലിയൊരു കാര്യമാണ്. ഭൂമിയെയും മനുഷ്യനെയും സൃഷ്ടാവ് പരസ്പരം ചേർത്ത് ഇണക്കിത്തുടങ്ങുന്നത് രണ്ടിലെയും മൂലകങ്ങളെ പരസ്പരം ഇണക്കിക്കൊണ്ടാണ്. ഈ ചിന്ത നാം തുടങ്ങേണ്ടത് പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് പഞ്ചഭൂതങ്ങളിൽ നിന്നാണ്. വായു, വെള്ളം, തീ, മണ്ണ്, പ്രകാശം (ആകാശം) എന്നിവയാണ് പഞ്ചഭൂതങ്ങൾ. പ്രകൃതിയിൽ നിറഞ്ഞു കിടക്കുന്ന ഈ പഞ്ചഭൂതങ്ങൾ ഓരോന്നും മനുഷ്യൻ്റെ ശരീരത്തിലും ഉണ്ട് എന്നതാണ് കൗതുകം. അങ്ങനെയാണ് ആ ഇണക്കി ചേർക്കൽ ഉണ്ടാക്കിയിരിക്കുന്നത്. ഇവയിലെ വായു നമ്മുടെ ശ്വസന ഓക്സിജൻ ആണ്. നമ്മുടെ ശരീരത്തിന്റെ സജീവത നിലനിർത്തുന്നത് ഓക്സിജനാണ്. വായുവിന്റെ അളവ് കൃത്യമാകുമ്പോഴാണ് നമ്മുടെ ആരോഗ്യം കൃത്യതയോടെ നിലനിൽക്കുന്നത്. മാത്രമല്ല, വായുവാണ് മനുഷ്യനെ ചലിപ്പിക്കുന്നതും അവന്റെ ശരീരത്തിന്റെ പ്രവർത്തനത്തിനുള്ള ഊർജ്ജം പോലെ പ്രവർത്തിക്കുന്നതും. വായുവിന്റെ ബലത്തിലാണ് മനുഷ്യൻ ഭാരങ്ങൾ ചുമക്കുന്നതും സമാനമായ പ്രവർത്തികൾ ചെയ്യുന്നതും. രണ്ടാമത്തേതായ വെള്ളം നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ശരീര ഭാരത്തിന്റെ പകുതിയിലധികവും രക്തങ്ങളും സ്രവങ്ങളും എല്ലാം അടങ്ങുന്ന ജലാംശമാണ്. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ മുഴുവൻ നിലനിൽപ്പ് തന്നെ അതിനെ വകഞ്ഞു നിൽക്കുന്ന ജലാംശത്തിന്റെ സ്വാധീനത്തിലാണ് എന്നത് ഒരു സത്യമാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് ഒരുപാട് തരം രോഗങ്ങളുടെ കാരണമാണ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മൂന്നാമത്തേത് അഗ്നിയാണ്. അത് ഒന്നാമതായി നമ്മുടെ ശരീരത്തിന് താപനില ഉറപ്പുവരുത്തുന്നു. നമ്മുടെ ശരീരത്തിന്റെ സജീവത നിലനിർത്തുവാൻ ആവശ്യമായ ചൂട് പ്രദാനം ചെയ്യുന്നത് അഗ്നിയാണ്. നമ്മുടെ ശരീരം ഒരു പ്രത്യേക താപനില നിലനിർത്തുന്നത് കൊണ്ടാണ് അതിനുള്ളിലുള്ള സ്രവങ്ങൾ കേടുവരാത്തതും മാംസം അഴുകാത്തതും. ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉടനെ ശരീരം തണുത്തുറഞ്ഞു പോകുന്നതും അധികം വൈകാതെ ശരീരം അഴുകുവാൻ തുടങ്ങുന്നതും ആ താപനില ഇല്ലാത്തതു കാരണത്താലാണ്. അപ്രകാരം തന്നെ അഗ്നി എന്ന ഈ മൂലകമാണ് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് സഹായകമാകുന്നത്. ദഹനം എന്നു പറഞ്ഞാൽ തന്നെ കത്തിക്കൽ എന്നാണ് അർത്ഥം. നമ്മുടെ ശരീരം സ്വീകരിക്കുന്ന ആഹാരങ്ങളെ ദഹിപ്പിച്ച് അഥവാ കത്തിച്ച് ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നത് ശരീരത്തിൽ അഗ്നിയുടെ സ്വാധീനം ഉണ്ടായതുകൊണ്ടാണ്.
നാലാമത്തേത് ഭൂമിയാണ്. മണ്ണ് എന്നാണ് ഇതിൻ്റെ വിവക്ഷ. നമ്മുടെ ശരീരത്തെ പ്രത്യേക ആകൃതിയിൽ നിലനിർത്തുന്നത് ശരീരത്തിലെ എല്ലുകളും പല്ലുകളും തുടങ്ങി ബലമുള്ള ഘടകങ്ങളാണ്. അവ ഓരോന്നും ഈ മൂലകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതില്ലാതെ വന്നാൽ ശരീരത്തിലെ മാംസപേശികൾക്ക് മാത്രം ആരോഗ്യത്തെ സംഭരിച്ചുവെക്കാനോ ഉപയോഗിക്കുവാനോ കഴിയാതെ വരും. മാത്രമല്ല അപ്പോൾ നമ്മുടെ ശരീരത്തിന്റെ ആകാരം, ആകൃതി, അവ വഴി ഉണ്ടാകുന്ന ഭംഗി തുടങ്ങിയവയെല്ലാം മാറുകയും തകരാറിലാകുകയും ചെയ്യും. പഞ്ചഭൂതങ്ങളിൽ അഞ്ചാമത്തെതായ ആകാശമാകട്ടെ മനുഷ്യന്റെ മനസ്സ്, ബുദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. അവയാണ് മനുഷ്യന്റെ ജീവിതത്തിന് വെളിച്ചവും വെളിവും നൽകുന്നത്. അതുകൊണ്ടുതന്നെ അവ അനന്തമാണ്. ഇതോടൊപ്പം തന്നെ മനസ്സിലാക്കേണ്ടുന്ന മറ്റൊരു കാര്യമാണ് ഓരോ ഭൂതത്തെയും പ്രതിനിധാനം ചെയ്യുന്ന അവയവങ്ങൾ കൂടി ഉണ്ട് എന്നത്. ചില ആത്മീയ ശാസ്ത്രങ്ങൾ അങ്ങനെ പറയുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നുണ്ട്. കാത് ആകാശത്തിന്റെ പ്രതിരൂപമാകുന്നു. കാരണം ആകാശം പ്രപഞ്ച ശബ്ദങ്ങളുടെ മാധ്യമം ആകുന്നു. പ്രപഞ്ചത്തിലെ തരംഗങ്ങളെ ശരീരത്തിൽ സന്നിവേശിപ്പിക്കാൻ കാതു കൂടാതെ പറ്റില്ല. തൊലി വായുവിന്റെ പ്രതിരൂപമാകുന്നു. മന്ദമാരുതന്റെ സ്പർശം അറിയാൻ തൊലി തന്നെ വേണമല്ലോ. അന്തരീക്ഷത്തിലെ ചൂടും തണുപ്പും അറിയാനുള്ള മാധ്യമം തൊലിയാണ്. അന്തരീക്ഷവുമായി ശരീരം സംവദിക്കുന്നത് തൊലിയിലൂടെയാണ്. കണ്ണ് അഗ്നിയുടെ പ്രതിരൂപമാകുന്നു. കണ്ണിലൂടെ മാത്രമേ പ്രകാശത്തെ കാണാനാവൂ. കണ്ണിലൂടെ നമ്മുടെ ഉള്ളിലുള്ള പ്രകാശത്തെ നമുക്ക് മറ്റുള്ളവരിലേക്ക് പല രീതിയിൽ പ്രതിഫലിപ്പിക്കാനും സാദ്ധ്യമാകുന്നു. നാക്ക് ജലത്തിന്റെ പ്രതിരൂപമാണ്. ഉമിനീരില്ലാതെ നമുക്ക് രുചിച്ചു നോക്കാൻ പറ്റില്ല. മൂക്ക് ഭൂമി യുടെ പ്രതിരൂപമാകുന്നു. ഭൂമിയെ അഥവാ മണ്ണിനെ മണത്തു നമുക്ക് അറിയാൻ പറ്റുന്നു. മണ്ണിലെ പ്രതലത്തെ മൂക്കിന്റെ കിടപ്പിനെയും രൂപത്തെയും വളരെ അർത്ഥവത്തായ രീതിയിൽ താരതമ്യം ചെയ്യാം. വാസന നമ്മിൽ ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന പോലെ താമസിക്കുന്ന ഭൂമിയും നമ്മിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. (ഇ ടി മുഹമ്മദ് ബാഖവി / പ്രപഞ്ചവും മനുഷ്യനും / മിഡ്ഹിൽ ബുക്സ്), (കെ വേണുഗോപാലൻ /https://e-naaraayam.blogspot.com)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso